അഗ്‌നിസാക്ഷി: ഭാഗം 18

agnisakshi

എഴുത്തുകാരി: അഭിരാമി അഭി

" സ്റ്റെഫിൻ മോഹിച്ചതാഗ്രഹിച്ചതിന് നിനക്കുള്ള ശിക്ഷ ഇതാടാ ....... മോനേ....." പറഞ്ഞിട്ട് അവൻ ധൃതിയിൽ പുറത്തേക്ക് പോകുമ്പോഴേക്കും തളർന്നുപോയ ട്രീസ ആൽവിന്റെ ശരീരത്തിലൂടൂർന്ന് നിലത്തേക്ക് വീണിരുന്നു. അത് നോക്കി ഒരിക്കൽ കൂടി അട്ടഹസിച്ച് ചിരിച്ചുകൊണ്ട് സ്റ്റെഫിനാ മുറിയുടെ വാതിൽ കടന്നതും പുറത്തുനിന്നും ശക്തമായൊരു തൊഴികിട്ടിയ അവൻ പിന്നിലേക്ക് തെറിച്ചുവീണു. വീണകിടപ്പിൽ കിടന്നുകൊണ്ട് അവൻ തല പൊക്കി നോക്കുമ്പോൾ ആ ആൾ അകത്തേക്ക് കയറി വന്നിരുന്നു. " ശിവ...... " നിലത്ത് കിടന്നുകൊണ്ട് തന്നെ അവനാപേര് ഉച്ഛരിച്ചതും ശിവയുടെ കാലവന്റെ ഇടതുനെഞ്ചിലൊരു പ്രകംമ്പനം സൃഷ്ടിച്ചുകഴിഞ്ഞിരുന്നു.

" നീ പെട്ടന്ന് ട്രീസയെ ഹോസ്പിറ്റലിൽ എത്തിക്ക്.... ഇവന്റെ കാര്യം ഞാൻ നോക്കിക്കോളാം..... " പിന്നിലേക്ക് മലർന്നുവീണ അവന്റെ നെഞ്ചിൽ കാൽ ചവിട്ടി നിന്നുകൊണ്ട് ആൽവിയോടായി അവൻ പറഞ്ഞു. അപ്പോഴേക്കും ബോധം മറഞ്ഞിരുന്ന ട്രീസയെ വാരിയെടുത്തുകൊണ്ട് ആൽവിൻ അവരുടെ അടുത്തേക്ക് വന്നിരുന്നു. " ശിവാ എന്റെ ട്രീസ..... " അരികിലെത്തിയതും ദയനീയതയോടെ ശിവയുടെ മുഖത്തേക്ക് നോക്കി ആൽവി വിതുമ്പി. അപ്പോഴേക്കും അവന്റെ മിഴികൾ നനവാർന്നിരുന്നു. " ഒന്നുല്ലെടാ അവൾക്ക്.... നീ സമയം കളയാതെ വേഗം പോകാൻ നോക്ക്. "

അവനേ ആശ്വസിപ്പിക്കാനെന്ന പോലെ തോളിൽ തട്ടി പറയുമ്പോഴും ശിവയുടെ കാൽക്കീഴിൽ ഞെരിഞ്ഞമരുകയായിരുന്നു സ്റ്റെഫിൻ. പിന്നീടവിടെ നിൽക്കാതെ ബോധം മറഞ്ഞ ആ പെണ്ണിനെയും മാറോടടുക്കിപ്പിടിച്ചുകൊണ്ട് ആൽവി പുറത്തേക്ക് ഓടി. " എന്നേയങ്ങ്‌ കൊന്നേക്കടാ ..... മോനേ..... " സംഹാരരുദ്രനെപ്പോലെ നിന്നിരുന്ന ശിവയുടെ കാലുകളെ തട്ടിമാറ്റാൻ ശ്രമിച്ചുകൊണ്ട് പറയുമ്പോൾ നെഞ്ചുലഞ്ഞ് ചുമച്ചുപോയിരുന്നു സ്റ്റെഫിൻ. " ഇല്ലെടാ നായെ നിന്നേയങ്ങനെ വെറുതേ കൊല്ലില്ല ഞാൻ...... ഒരു ശവത്തിന് സമമായി കിടന്ന് ജീവിതത്തേ ശപിക്കുന്ന അവസ്ഥയിലാക്കും നിന്നേ ഞാൻ. ഈ ആയുസെന്തിന് നീണ്ടുവെന്നോർത്ത് സ്വയമില്ലാതാവാൻ പോലും കഴിയാതെ നീറിയോടുങ്ങണം നീ.

" പറഞ്ഞതും അവന്റെ കോളറിൽ പിടിച്ചുപൊക്കിയെണീപ്പിച്ച് ഇരുകവിളിലും ആഞ്ഞടിച്ചു ശിവ. കുറേയായപ്പോഴേക്കും സ്റ്റെഫിന്റെ വായമുഴുവൻ പൊട്ടി കൊഴുത്ത ചോര വരാൻ തുടങ്ങി. എന്നിട്ടും കലി തീരാതെ അവനെ പിന്നിലെ ഭിത്തിയിലേക്ക് തള്ളി കൈമുട്ട് കഴുത്തടിയിലമർത്തി കാൽമുട്ട് കൊണ്ട് അവന്റെ അടിവയറ്റിലും ആഞ്ഞു പ്രഹരിച്ചു. ഓരോന്ന് കിട്ടുമ്പോഴും കൈകൾ കൂപ്പി ദീനമായി കരയുന്നുണ്ടായിരുന്നു സ്റ്റെഫിൻ. പക്ഷേ അതൊന്നും ശിവയിലെ അസുരനിൽ ദയയുടെ ഒരു വിത്ത് പോലും മുളപ്പിക്കാൻ ഉതകുന്നതായിരുന്നില്ല. കാരണം അപ്പോഴൊക്കെയും സ്റ്റെഫിന്റെ വണ്ടിയിടിച്ച് വായുവിലൂടെ തെറിച്ചുപോകുന്ന അല്ലിയെന്ന തന്റെ പ്രാണന്റെ മുഖമായിരുന്നു അവന്റെ കണ്ണിൽ. "

നീ ചെയ്തതെല്ലാം ഞാൻ ക്ഷമിച്ചേനെ സ്റ്റെഫിനെ..... പക്ഷേ നീയെന്റെ അല്ലിയെ.... അവൾക്ക് ഭീഷണിയായി ഉയർന്ന നിന്റെയീ കൈകൾ ഇനിയൊരിക്കലും ചലിക്കാൻ സമ്മതിക്കില്ലെടാ ഞാൻ.... " അടികൊണ്ട് തളർന്ന് ഭിത്തിയിലൂടെ ഊർന്ന് നിലത്തേക്ക് വീണിരുന്ന സ്റ്റെഫിൻ അവൻ പറഞ്ഞത് കേട്ട് ആ കണ്ണുകളിലേക്ക് നോക്കി ഭയന്ന് വിറച്ചിരിക്കുകയായിരുന്നു അപ്പോൾ. അത്രമേൽ രൗദ്രഭാവമായിരുന്നു അവനിൽ അപ്പോൾ. " ശി.... ശിവാ..... ആഹ്ഹ്ഹ്ഹ്ഹ് !!!!!!!!!!!!!!!" വിക്കി വിക്കി വിളിച്ചുകൊണ്ട് അവനെന്തോ പറയാൻ വന്നത് പൂർത്തിയാക്കാൻ കഴിയും മുൻപേ അവന്റെ കഴുത്തിലൂടെ കാലിട്ട് കുരുക്കി മുന്നോട്ട് മറിച്ചിട്ടതും മുതുകിൽ ചവിട്ടിക്കൊണ്ട് രണ്ട് കയ്യും പിന്നിലേക്ക് പിടിച്ചുവളച്ചിരുന്നു ശിവ.

കൈകൾ വളയുന്നതിനൊപ്പം തന്നെ സ്റ്റെഫിന്റെ അലർച്ചയും അവിടെ മുഴങ്ങി. എന്നിട്ടും ശിവ തന്റെ പ്രവർത്തി തുടർന്നുകൊണ്ടെയിരുന്നു. ഒടുവിൽ എന്തോ പൊട്ടുന്നത് പോലൊരു ശബ്ദം കേട്ടതും ശിവയാ കൈകൾ സ്വാതന്ത്രമാക്കിയെങ്കിലും വെറുമൊരു പഴന്തുണി പോലെ അവ അവന്റെ പുറത്തേക്ക് തന്നെ വീണു. നിലത്ത് കമിഴ്ന്നുകിടന്ന് അലറിക്കരയുന്ന അവനെ നോക്കി അല്പം മാറി നിന്ന് യാതൊരു ദാക്ഷിണ്യവും കൂടാതെ ശിവയൊന്ന് ചിരിച്ചു. പിന്നെ പതിയെ ഒരു സിഗരറ്റെടുത്ത് കത്തിച്ച് ചുണ്ടിൽ വച്ചുകൊണ്ട് പതിയെ അവന്റെ മുന്നിലേക്ക് വന്ന് മുട്ടുകുത്തിയിരുന്നു. " വേദനിക്കുന്നുണ്ടോ നിനക്ക് ???? "

സ്റ്റെഫിന്റെ മുടിയിഴകളിൽ വിരൽ കോർത്ത്‌ പിടിച്ച് മുഖം മുകളിലേക്കാക്കിക്കൊണ്ട്‌ ചോദിക്കുമ്പോഴും അവനിലതേ വന്യമായ ചിരി വിരിഞ്ഞിരുന്നു. പക്ഷേ ഒന്ന് മൂളാൻ പോലും ശക്തി ഇല്ലാത്ത ഒരു ജീവച്ചവമായി കഴിഞ്ഞിരുന്നു അപ്പോൾ തന്നെ സ്റ്റെഫിൻ. " എന്റെ പെണ്ണ് വേദനിക്കുന്നത്ര വേദനയൊന്നും നിനക്കില്ലല്ലോ..... അറിയോ നിനക്ക് നട്ടെല്ല് തകർന്നുപോയവളുടെ. ഒരേ കിടപ്പിൽ കിടക്കുന്ന.... ഒന്ന് ശ്വാസം വിട്ടാൽ പോലും ജീവൻ പോകുന്ന നൊമ്പരം സഹിക്കുന്ന അവൾക്ക് മുന്നിൽ ഇത് വല്ലതുമൊരു വേദനയാണോടാ ....... മോനേ ???? " ചോദിച്ചുകൊണ്ട് ചുറ്റുപാടും നോക്കിയ അവന്റെ കണ്ണുകളൊടുവിൽ മുറിയുടെ മൂലയ്ക്ക് ചാരിവച്ചിരിന്ന ഒരു തടിക്കഷണത്തിലാണ് ഉടക്കിയത്.

ഷർട്ടിന്റെ കൈകൾ മുകളിലേക്ക് തെറുത്ത് കയറ്റിക്കൊണ്ട് നടന്നുചെന്നത് കൈപിടിയിലൊതുക്കുമ്പോൾ അവന്റെ കൈയ്യിലെ ഞരമ്പുകളൊക്കെയും എഴുന്നുനിന്നിരുന്നു. കൈത്തണ്ടയിൽ പച്ചകുത്തിയിരുന്ന അല്ലിയെന്ന പേര് വിയർപ്പിൽ കുതിർന്നിരുന്നു. " ശി.... ശിവ....വേണ്ട....പ്ലീസ് ഞാൻ.... ഞാനിനി ഒന്നിനും വരില്ല.... " നിസ്സഹായതയോടെ നിലത്ത് കമിഴ്ന്ന് കിടന്നുകൊണ്ട് യാചിക്കുകയായിരുന്നു സ്റ്റെഫിൻ. പക്ഷേ അപ്പോഴേക്കും അവന്റെ ഇരുകാലുകളിലും കൂടിയായി ശിവയുടെ ആദ്യപ്രഹരമേറ്റിരുന്നു. ഹൃദയഭേദകമായ സ്റ്റെഫിന്റെ അലർച്ചയുടെ അകമ്പടിയോടെ ആ തടി വീണ്ടുമൊരുപാട് തവണ ഉയർന്നുതാഴ്ന്നു.

ഒടുവിൽ അവനത് നിലത്തേക്ക് വലിച്ചെറിയുമ്പോഴേക്കും സ്റ്റെഫിന്റെ കാലുകളിൽ ചതയാനൊരിടം പോലും ബാക്കിയുണ്ടായിരുന്നില്ല. " ഇനിയെങ്കിലും എന്റെ കുടുംബത്തിലൊരാളുടെ പോലും നേർക്ക് നീ വരരുത്. പിന്നെ ട്രീസ...... അവൾക്ക് നിന്നേ വേണ്ട. ആൽവിക്ക് വേണ്ടിയാണ് അവൾ ജീവിക്കുന്നത് പോലും. അവരങ്ങ് ജീവിച്ച് പൊക്കോട്ടെ..... ഇനി ഇതിന്റെ പേരിൽ പ്രതികാരവുമായി ഇറങ്ങാനാണ് നിന്റെ ഭാവമെങ്കിൽ ഒരിറ്റ് ജീവൻ പോലും ബാക്കിയുണ്ടാവില്ല നിന്റെ ശരീരത്തിൽ കേട്ടോടാ ചെറ്റേ..... " അവന്റെ കഴുത്ത് പിന്നിലേക്ക് പിടിച്ചുതിരിച്ചാ മുഖത്തേക്ക് മുഖമടുപ്പിച്ച് പറഞ്ഞിട്ട് നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ ഒപ്പിക്കൊണ്ട്‌ ശിവ പുറത്തേക്ക് നടന്നു.

പുറത്തെത്തി തന്റെ വണ്ടിയിലേക്ക് കയറും മുൻപ് അവൻ ഫോണെടുത്ത് ലോറൻസിന്റെ നമ്പറിലേക്ക് വിളിച്ചു. 🔥🔥🔥🔥🔥🔥🔥🔥🔥 ശിവ തിരികെ ചിറ്റഴത്ത് വന്ന് ഫ്രഷായി ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും സമയം പതിനൊന്ന് കഴിഞ്ഞിരുന്നു. ഹോസ്പിറ്റലിൽ എത്തി അവനാദ്യം തന്നെ ആൽവിനെ ഫോൺ ചെയ്ത് അവർ നിൽക്കുന്നിടത്തേക്കാണ് പോയത്. അവനവിടെ ചെല്ലുമ്പോൾ അവിടെ ആൽവിനും എൽസയും ഉണ്ടായിരുന്നു. " എന്തായെടാ ??? " അവരെ കണ്ടതും അവൻ നേരെ ചെന്ന് ആൽവിനോട് ചോദിച്ചു. " പേടിക്കാനൊന്നുല്ലെടാ..... മുറിവ് ആഴമുള്ളതല്ല. നാളെ റൂമിലോട്ട് മാറ്റും. " അത് കേട്ട് അവൻ ആശ്വാസത്തോടെ മൂളി.

" മോനേ ശിവ ഇവിടെ ഞങ്ങളുണ്ടല്ലോ നീ അല്ലിമോൾടടുത്തോട്ട് ചെല്ല്. അവിടെ അമ്മച്ചി മാത്രേ ഉള്ളു. കൃഷ്ണ എന്തോ മരുന്ന് വാങ്ങാൻ പുറത്തോട്ട് പോയേക്കുവാ..... " " ആഹ് ഞാൻ പോവാ മമ്മീ.... '' എൽസ പറഞ്ഞതിന് മറുപടി നൽകിയിട്ട് അവൻ വേഗം അങ്ങോട്ട്‌ പോകാൻ തിരിഞ്ഞു. " ശിവാ.... " പെട്ടന്നായിരുന്നു ആൽവിൻ അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് വിളിച്ചത്. " എന്താടാ ??? " " അവന്റെ കാര്യമെന്തായി ??? " എൽസ കേൾക്കാതെ അവനെയല്പം മാറ്റി നിർത്തി ആൽവി ചോദിച്ചു. " കയ്യും കാലുമെല്ലാം തല്ലിയൊടിച്ചിനിയൊരിക്കലും നേരെ നിലക്കാത്ത പരുവത്തിൽ ആക്കിയിട്ടുണ്ട്. പിന്നെ അവിടെകിടന്ന് ചാകണ്ടാന്ന് കരുതി തന്തേ വിളിച്ചുപറഞ്ഞിട്ടുമുണ്ട്. "

പല്ല് ഞെരിച്ചുകൊണ്ട് അവൻ പറഞ്ഞത് കേട്ട് ആൽവിനും ഒരല്പം സമാധാനം തോന്നി. കാരണം അതുവരെ ശിവയുടെ കയ്യാൽ സ്റ്റെഫിൻ തീരുമെന്ന ഭയത്തിൽ ആയിരുന്നു അവൻ. " മ്മ്ഹ്ഹ് നീയെന്തായാലും അല്ലിടടുത്തോട്ട് ചെല്ല്. ഉണർന്നപ്പോൾ മുതൽ നീയെവിടെന്നും ചോദിച്ചിരുപ്പാ. നീ വന്നേ കഴിക്കൂന്ന് വാശി പിടിച്ചിതുവരെ ഒന്നും കഴിച്ചിട്ടുമില്ല. " " ആഹ് ഞാൻ നോക്കിക്കോളാടാ.... " പറഞ്ഞിട്ട് അവൻ വേഗം അല്ലിയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന ബ്ലോക്കിലേക്ക് പോയി. അവിടെയപ്പോൾ റോസമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരവളുടെ അടുത്തിരുന്നെന്തൊക്കെയോ സംസാരിച്ചിരിക്കുകയായിരുന്നു അപ്പോൾ.

" ആഹ് നീ വന്നോ..... നീ വന്നേ കഴിക്കൂന്നും പറഞ്ഞ് പട്ടിണി കിടക്കുവാ നിന്റെ കെട്ടിയോള്..... " മുറിയിലേക്ക് കയറിചെന്ന ശിവയെ കണ്ട് ചിരിയോടെ റോസമ്മ പറഞ്ഞു. " ആഹ് ഞാനൊരത്യാവശ്യത്തിന് പോയിരുന്നതാ വല്യമ്മച്ചി. വല്യമ്മച്ചി ആഹാരമെടുക്ക് ഞാൻ കൊടുക്കാം. " പറഞ്ഞുകൊണ്ട് അവൻ വേഗം ചെന്ന് അല്ലിയുടെ അടുത്തേക്കിരുന്നു. അവൾ പക്ഷേ അവനെ മൈൻഡ് ചെയ്യൂന്നേയുണ്ടായിരുന്നില്ല. " ദാ മോനേ.... ഇനിയിപ്പോ നീയിവിടെയുണ്ടല്ലോ. ഞാൻ ട്രീസമോളെയൊന്നു കണ്ടിട്ട് വരാം. " നേരത്തെ എടുത്തടച്ച് വച്ചിരുന്ന ആഹാരമവന്റെ കയ്യിലേക്ക് കൊടുത്ത് പറഞ്ഞിട്ട് റോസമ്മ പുറത്തേക്ക് പോയി.

സമ്മതമൊരു മൂളലിലറിയിച്ചുകൊണ്ട് അല്ലിക്ക് ഭക്ഷണം കൊടുക്കുന്നതിലേക്ക് തിരിഞ്ഞു അവന്റെ ശ്രദ്ധ. " ഈ സമയത്തെന്തിനാ അല്ലു ഈ വാശി ??? " ആഹാരമവളുടെ നേർക്ക് നീട്ടിക്കൊണ്ട് അവൻ ചോദിച്ചു. പക്ഷേ വായ തുറക്കാതെ അവനെ തുറിച്ചുനോക്കി കിടക്കുകയായിരുന്നു അല്ലിയപ്പോഴും. " കഴിക്കല്ലൂ മരുന്ന് കഴിക്കേണ്ടതല്ലേ.... " അവളുടെ ഭാവം കണ്ട് കൃത്രിമ ഗൗരവം നടിച്ചുകൊണ്ട് അവൻ പറഞ്ഞു. " ശിവേട്ടനിതെവിടെപ്പോയിട്ട് വരുവാ ??? " അവന്റെ കണ്ണുകളിലേക്ക് തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ട്‌ പെട്ടന്നായിരുന്നു അവളുടെ ചോദ്യം. " ഓഫീസിൽ ഒരത്യാവശ്യമുണ്ടായിരുന്നു " അവളുടെ ചോദ്യത്തിന് മുന്നിൽ ഒന്ന് പതറിയെങ്കിലും അവൻ പതിയെ പറഞ്ഞു.

" നിങ്ങളൊക്കെ എന്നിൽ നിന്നും എന്തെങ്കിലും ഒളിക്കുന്നുണ്ടോ ??? ട്രീസക്കെന്താ പെട്ടന്നൊരാക്‌സിഡന്റ് ??? അതെങ്ങനാ ഉണ്ടായത് ??? ഇച്ചായനും മമ്മിയും അമ്മയുമെല്ലാം ഇതുവരെ വല്ലാത്ത ടെൻഷനിലായിരുന്നു. ചോദിക്കുമ്പോൾ എല്ലാരും കിടന്ന് പൊട്ടൻ കളിക്കുന്നു. എന്റെ പുന്നാര കെട്ടിയോനെയാണെങ്കിൽ നേരം വെളുത്തിട്ട് കാണുന്നത് ദാ ഇപ്പൊ. എന്താ ഇതിന്റെയൊക്കെ അർഥം ??? " അവളോരോന്നും എണ്ണിയെണ്ണി പറയുമ്പോൾ വെറുതേ പ്ളേറ്റിൽ പരതിക്കൊണ്ടിരിക്കുകയായിരുന്നു ശിവ. അവളോടെന്ത് പറയുമെന്നറിയാതെ വല്ലാത്തൊരവസ്ഥയിലായിരുന്നു അവനപ്പോൾ. " കാർ ചെറുതായി ഒന്ന് തട്ടി ട്രീസക്കും ചെറിയ പരുക്കുണ്ട് അല്ലാതൊന്നുല്ല അല്ലു.......

നീ വെറുതെ ഓരോന്നാലോചിച്ചുകൂട്ടാതെ ഇത് കഴിക്കാൻ നോക്ക്..... . " ഇനിയും മിണ്ടാതിരുന്നവളുടെ സംശയം കൂട്ടേണ്ടെന്ന് കരുതി അവൻ അലക്ഷ്യമായി പറഞ്ഞു. " പറയുന്നത് സത്യമാണെങ്കിൽ പിന്നെന്തിനാ ഈ തലയിങ്ങനെ താഴ്ന്നിരിക്കുന്നത് ??? " പെട്ടന്നുള്ള അവളുടെയാ ചോദ്യം കേട്ട് അവനൊരു ഞെട്ടലോടെ മുഖമുയർത്തി അവളെ നോക്കി. ആ മിഴികളിലപ്പോഴും സംശയത്തിന്റെ അലകൾ മാത്രമായിരുന്നു ബാക്കി. കുറച്ചുസമയം കൂടി അങ്ങനെയിരുന്നിട്ട് ഇനിയുമവളോട് ഒന്നുമൊളിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോൾ ശിവ പതിയെ പറഞ്ഞുതുടങ്ങി. " ഇത്രയുമൊക്കെ സംഭവിച്ചിട്ടും എന്നോട് മാത്രം ഒന്നും പറഞ്ഞില്ല ആരും.... എന്റെ ട്രീസ.... "

അവൻ പറഞ്ഞതെല്ലാം കേട്ടിട്ട് പറയുമ്പോൾ വിതുമ്പിപ്പോയിരുന്നു അല്ലി. " ട്രീസക്കിപ്പോ കുഴപ്പമൊന്നുല്ല. മുറിവ് ആഴമുള്ളതൊന്നുമല്ല..... നാളത്തന്നെ റൂമിലേക്ക് മാറ്റും. " അവളെ ആശ്വസിപ്പിച്ചുകൊണ്ട് ശിവ പതിയെ പറഞ്ഞു. പക്ഷേ അല്ലിയുടെ മുഖം ഭയത്താൽ ചുവന്നുതന്നെയിരുന്നു. " എനിക്ക്.... എനിക്കവളെയൊന്ന് കാണണം ശിവേട്ടാ..... " അവന്റെ കൈത്തണ്ടയിൽ പിടിച്ച് നിറമിഴികളോടെ അവൾ കെഞ്ചി. " എന്താ അല്ലു നീയീ പറയുന്നത് ??? ഈ അവസ്ഥയിൽ നിന്നെയെങ്ങനെയാ അങ്ങോട്ട് കൊണ്ടുപോവുക. നാളെ റൂമിലേക്ക് മാറ്റിക്കഴിഞ്ഞാ അവളെയിങ്ങോട്ട് കൊണ്ട് കാണിക്കാം.... " അവളെ ആശ്വസിപ്പിച്ചുകൊണ്ട് ശിവ പറഞ്ഞു.

അത് വരെ കാത്തിരിക്കാനുള്ള ക്ഷമയുണ്ടായിരുന്നില്ല എങ്കിലും വേറെ വഴിയില്ലാത്തത് കൊണ്ട് അല്ലി പിന്നീടൊന്നും മിണ്ടിയില്ല. " ഇനിയെന്നാ ശിവേട്ടാ നമ്മുടെയീ പ്രശ്നങ്ങളൊക്കെയൊന്നവസാനിക്കുക ??? " ആഹാരം കഴിപ്പൊക്കെ കഴിഞ്ഞടുത്തിരുന്ന് തന്റെ കൈപ്പത്തിയിൽ വെറുതേ തലോടിക്കോണ്ടിരിക്കുകയായിരുന്ന ശിവയെ നോക്കി ചോദിക്കുമ്പോൾ എന്തോ ഒരു ഭയം അവളുടെ മിഴികളിൽ ഓളം വെട്ടിയിരുന്നു. " ഒന്നുമില്ലെടി പെണ്ണെ നിന്റെ കൂടെ ഞാനില്ലേ..... " ചോദിച്ചുകൊണ്ട് അവൻ പതിയെ അവളുടെ കവിൾത്തടങ്ങളിൽ ചുംബിച്ചു. 🔥🔥🔥🔥🔥🔥🔥🔥🔥🔥

ഹോസ്പിറ്റൽ ബെഡിൽ കിടന്നിരുന്ന സ്റ്റെഫിന്റെ അരികിലേക്ക് വരുമ്പോൾ ആ കിടപ്പ് കണ്ട് ലോറൻസിന്റെ നെഞ്ച് പൊട്ടുകയായിരുന്നു. കണ്ണുകൾ അടഞ്ഞിരുന്നെങ്കിലും വേദനകൊണ്ട് അവൻ ഞരങ്ങുകയും മൂളുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. അവന്റെ കൈകളും കാലുകളും കഴുത്തുമെല്ലാം പ്ലാസ്റ്റർ ചെയ്തിരുന്നു. മുഖമാകെ തല്ല് കൊണ്ട് കരിനീലിച്ചിരുന്നു. ചുണ്ടുകൾ തടിച്ച് വീർത്തിരുന്നു. " ഇതെന്നാ കോലമാടാ മോനേ.... ഞാൻ പറഞ്ഞതല്ലേ നമ്മുടെ ആളുകളെയാരെയെങ്കിലും കൂടെ വിളിച്ചവിടെ നിർത്താൻ. കേട്ടോ നീ ??? " അവന്റെ നെറ്റിയിൽ തലോടിക്കൊണ്ട്‌ ലോറൻസ് ചോദിച്ചു.

പക്ഷേ അപ്പോഴും ആരോടോ ഒക്കെയുള്ള പകയിൽ തിളച്ചുമറിയുകയായിരുന്നു സ്റ്റെഫിൻ. " കൊല്ലണം പപ്പാ.....അവളെയെനിക്ക് കൊല്ലണം. ആർക്ക് വേണ്ടിയാണോ അവനെന്നെ ഈ കോലത്തിലാക്കിയത് അവൾ ചാവണം. അലംകൃത ചാവണം..... അവൾ ചത്തുമലച്ച് കിടക്കുന്നത് കണ്ട് അവന്റെ നെഞ്ച് പൊട്ടണം. ആ അവസ്ഥയിൽ അവനെയും ഇല്ലാതാക്കണം...... " പാതിമാത്രം തുറന്ന കണ്ണുകളോടെ തന്നേനോക്കി സംസാരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് വികൃതമായി പറയുന്ന അവനെ നോക്കിയിരിക്കുമ്പോൾ ആ അവസ്ഥയിലും നശിക്കാത്ത അവന്റെ പകയോർത്ത് ലോറൻസ് പോലും പകച്ചിരിക്കുകയായിരുന്നു.

ഒപ്പം തന്നെ തന്റെ മകനെയീ അവസ്ഥയിലെത്തിച്ചവനോടുള്ള പകയിൽ എരിയുകയായിരുന്നു അയാളുടെ ഉള്ളും. അപ്പോഴാണ് പിന്നിൽ വാതിൽ തുറക്കുന്നത് കേട്ടത്. " ആഹ് താനോ ??? വാടോ കണ്ടില്ലേ എന്റെ മോന്റെ കിടപ്പ്..... " തിരിഞ്ഞുനോക്കുമ്പോൾ വാതിൽക്കൽ നിന്നിരുന്ന ഐസക്കിനെ കണ്ട് അയാൾ പറഞ്ഞു. അത് കേട്ട് അയാൾ അകത്തേക്ക് വന്നുവെങ്കിലും ആ മുഖം കല്ലിച്ചുതന്നെയിരുന്നു. " എന്താ ഇന്നലെയുണ്ടായത് ??? " അടുത്തേക്ക് വന്നവരെ രണ്ടാളെയും നോക്കി മൂർച്ചയോടെ തന്നെ ഐസക് ചോദിച്ചു. " എന്താ ഉണ്ടായതെന്നോ ??? തന്റെ മോളാ ഒരുമ്പെട്ടവളില്ലേ അവൾ കാരണമാ ഇന്നെന്റെ മോൻ ഈ കിടപ്പ് കിടക്കുന്നത്.

അവൾക്കിവന്റെ കൂടെ ജീവിക്കാൻ സമ്മതമാണെന്നും പറഞ്ഞ് വിളിച്ചോണ്ടുപോയി കൊല്ലാൻ നോക്കി അവളിവിനെ..... അവൾക്കാ ചെറ്റയോട് പ്രേമമാണെന്നറിഞ്ഞപ്പോഴേ ഇവനോട് ഞാൻ പറഞ്ഞതാ അവന്റെ കൂടഴിഞ്ഞാടി നടന്നയാ ഒരുമ്പെട്ടവളെ നമുക്ക് വേണ്ടെന്ന്. അപ്പോൾ ഒരുദിവസമെങ്കിലും അവൾടെ കൂടെ കിടന്നില്ലെങ്കിൽ....." പറഞ്ഞുവന്ന അബദ്ധം മനസ്സിലായപ്പോൾ ലോറൻസ് പെട്ടന്നതങ്ങ് വിഴുങ്ങി. പക്ഷേ അതൊക്കെ കേട്ട് പല്ല് ഞെരിക്കുകയായിരുന്നു ഐസക്ക്. " പറയെടാ നീയല്ലേ എന്റെ മോളെ കുത്തിയത് ?? " തന്നേ നോക്കാൻ മടിച്ച് മുഖം തിരിച്ചുനിൽക്കുകയായിരുന്ന ലോറൻസിനെയൊന്ന് നോക്കിയിട്ട് സ്റ്റെഫിന്റെ അരികിലേക്ക് കുനിഞ്ഞവന്റെ കവിളിൽ കുത്തിപിടിച്ചുകൊണ്ട് ഐസക്ക് അലറി. അത് കേട്ടുകൊണ്ട് ഓടിവന്ന ലോറൻസ് അയാളുടെ കയ്യിൽ കടന്നുപിടിച്ചു.

" വിടെടാ എന്റെ മോനേ..... നിന്റെ മോള് കാരണം ഈ അവസ്ഥയിലായി. ഇനി നീ കൂടി വന്നേക്കുവാണോ..... " " അതേടാ നിന്റെയീ മോനുണ്ടല്ലോ ഇവനേ കൊന്ന് കൊലവിളിക്കുവാ വേണ്ടത്. ഇവനെന്റെ മോളോട് സ്നേഹമാണെന്ന് വിശ്വസിച്ച ഞാനാ വിഡ്ഢി. നിന്റെയൊക്കെ നോട്ടം എന്റെ പണത്തിലായിരുന്നുവെന്ന് ഞാനറിയാൻ വൈകിപ്പോയി. " ലോറൻസിന്റെ കോളറിൽ കുത്തിപിടിച്ചുകൊണ്ട് ഐസക്ക് പറഞ്ഞു. " അതേടോ....ഞങ്ങടെ നോട്ടം തന്റെ പണത്തിൽ തന്നെയായിരുന്നു. ചുമ്മാതൊന്നുമല്ലല്ലോ. എന്റപ്പന്റെ തണല് പറ്റി നിന്ന് ഉണ്ടാക്കിയതല്ലേ എല്ലാം. അല്ലാതെ സ്വയം ഉണ്ടാക്കിയതൊന്നുമല്ലല്ലോ.

അപ്പോ അതിൽ ഞങ്ങക്കൊരു കണ്ണുണ്ടായിരുന്നുവെന്നുള്ളത് നേരാ. പിന്നെ തന്റെ മോൾ.... അവളോട് എനിക്ക് സ്നേഹമുണ്ടായിരുന്നു അവൾക്കാ ആൽവിനോടാ ഇഷ്ടമെന്നറിയും വരെ. പിന്നെ അവളും എനിക്കൊരു പെൺശരീരം മാത്രമായിരുന്നു. അതുകൊണ്ട എന്നേ കൊല്ലാൻ നോക്കിയവളെ ഗോഡൗണിൽ കൊണ്ടിട്ട് കൊല്ലാതെ കൊന്നത്. പക്ഷേ അവന്മാർ അവിടെയും വന്നു. അവളെ രക്ഷിച്ചു. പിന്നെ എനിക്കൊന്നും നോക്കാനില്ലായിരുന്നു . അവളുടെ പള്ളക്ക് തന്നെ കത്തി കുത്തിയിറക്കി. ഇനിയും അവളെയും ആ കുടുംബങ്ങളേയുമൊന്നും സ്വസ്ഥമായി ജീവിക്കാൻ സമ്മതിക്കില്ല ഞാൻ. ഇല്ലാതാകും എല്ലാത്തിനേം ഞാൻ......

തന്റെ മോളുണ്ടല്ലോ അവളുടെ ശരീരം തെരുവുപട്ടികൾ കടിച്ചുകുടയും..... " കിടന്നകിടപ്പിൽ തന്നെ പല്ല് കടിച്ചുകൊണ്ട് അവ്യക്‌തമായി അവൻ പറഞ്ഞതൊക്കെ കേട്ട് നിന്നിരുന്ന ഐസക്കിനെ നോക്കി ലോറൻസും ക്രൂരമായി ചിരിച്ചു. " ഇല്ലെടാ ഇതുവരെ എന്റെ കണ്ണിൽ ഇരുൾ മൂടിയിരുന്നു. പക്ഷേ ഇപ്പൊ എനിക്കെല്ലാം ബോധ്യമായി. ഇനിയെന്റെ മോൾടെയോ അവൾ ചെന്നുകയറിയ കുടുംബത്തിലാരുടെയുമോ ദേഹത്ത് ഒരുപിടി മണ്ണ് നുള്ളിയിടാൻ നീയോ നിന്റെയീ തന്തയോ ഉണ്ടാകരുത്. ഞാനിതുവരെ ചെയ്തുകൂട്ടിയ എല്ലാ പാപങ്ങൾക്കുമുള്ള പ്രാശ്ചിത്തമാകട്ടെ ഇത്.... "

പറഞ്ഞതും ഇടുപ്പിൽ കരുതിയിരുന്ന തോക്ക് വലിച്ചെടുത്ത് സ്റ്റെഫിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചിരുന്നു ഐസക്ക്. ഒരലർച്ചയോടെ ഒന്ന് പിടഞ്ഞ് അവൻ പതിയെ നിശ്ചലമായി. " ഡാ നീയെന്റെ മോനേ..... ആഹ്ഹ്ഹ് !!!!!!!! " ചോദിച്ചുകൊണ്ട് തന്റെ നേർക്ക് പാഞ്ഞടുക്കാൻ തുടങ്ങിയ ലോറൻസിന്റെ നെഞ്ച് തുളച്ചുകൊണ്ടും ഒരു ബുള്ളറ്റ് പാഞ്ഞുപോയി. കണ്ണുകൾ തുറിച്ച് ഒരു നിലവിളിയോടെ അയാളും നിലത്തേക്ക് വീണു. കുറച്ചുസമയത്തിനുള്ളിൽ ആ ശരീരത്തിന്റെ ചലനവും നിലയ്ക്കുമ്പോഴേക്കും ആ മുറിക്കുമുന്നിൽ ആളുകൾ തടിച്ചുകൂടിയിരുന്നു. ആ കൂട്ടത്തിൽ ശിവയും ആൽവിയും അലക്സും എല്ലാം ഉണ്ടായിരുന്നു........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story