അഗ്‌നിസാക്ഷി: ഭാഗം 19

agnisakshi

എഴുത്തുകാരി: അഭിരാമി അഭി

കുറച്ചുസമയത്തിനുള്ളിൽ പോലീസ് വരുമ്പോഴും ആ മുറിയിൽ വെറും തറയിൽ തല കുമ്പിട്ടിരിക്കുകയായിരുന്നു ഐസക്ക്. കൂടി നിന്ന ആളുകളെ വകഞ്ഞുമാറ്റി പോലീസുകാർ അടുത്തെത്തിയതും പ്രത്യേകിച്ച് ഭാവഭേദമൊന്നും കൂടാതെ എണീറ്റ് തോക്കൊരു പോലീസുകാരന്റെ കയ്യിലേക്ക് കൊടുത്തു അയാൾ. " എനിക്ക്..... എനിക്കെന്റെ മോളെയൊന്ന് കാണണം സാർ..... പ്ലീസ്..... ഒരുതവണ..... ഒരൊറ്റത്തവണ ഞാനൊന്ന് കണ്ടോട്ടെ..... " പുറത്തേക്ക് നടക്കുന്നതിനിടയിൽ si യുടെ മുഖത്തേക്ക് നോക്കി യാചനാഭാവത്തിൽ ഐസക്ക് പറഞ്ഞു. അല്പമൊന്ന് ചിന്തിച്ചശേഷം Si സമ്മതമറിയിച്ചതും രണ്ട് പോലീസുകാർ അയാളെയും കൂട്ടി icu വിലേക്ക് കയറി.

ഒപ്പം തന്നെ ശിവയും ആൽവിയും ഉണ്ടായിരുന്നു. അവരകത്തേക്ക് ചെല്ലുമ്പോൾ സെഡേഷന്റെ മയക്കത്തിലായിരുന്നു ട്രീസ. അവളുടെ അരികിലേക്ക് ചെല്ലുമ്പോൾ ഐസക്കിന്റെ മിഴികൾ നനഞ്ഞിരുന്നു. " പപ്പ..... പപ്പയോട് പൊറുക്ക് മോളെ.... എന്റെ പൊന്നുമോൾടെ സങ്കടത്തിലും മുകളിലായിരുന്നു എനിക്കാ ചെറ്റകളോടുള്ള വിധേയത്വം. പക്ഷേ ഇന്ന് നിനക്ക് വേണ്ടി പപ്പയൊരു നല്ല കാര്യം ചെയ്തു മോളെ. ഇനി നിന്റെ ജീവിതത്തിലൊരു കരിനിഴലായി ആരുമുണ്ടാവില്ല. അത് ഈ പപ്പയെന്റെ മോളോട് ചെയ്യുന്ന പ്രായശ്ചിതമാണ്..... " പറഞ്ഞിട്ട് അയാൾ കുനിഞ്ഞവളുടെ നെറ്റിയിൽ വാത്സല്യത്തോടെ മുകർന്നു.

അവളുടെ കവിളിൽ തലോടി തിരിയുമ്പോഴാണ് തൊട്ടരികിൽ നിന്നിരുന്ന ആൽവിനിലേക്ക് അയാളുടെ നോട്ടമെത്തിയത്. " പറയേണ്ടകാര്യമില്ലെന്നറിയാം. എന്റെ കയ്യിലെക്കാൾ സുരക്ഷിതയും സന്തോഷവതിയുമായിരിക്കും അവൾ നിന്റെയൊപ്പമെന്നറിയാം. എങ്കിലും പറയുവാ കൈ വിടരുതെന്റെ മോളെ..... ചെയ്തുപോയതിനെല്ലാം മാപ്പ്. മകൾക്ക് നല്ലൊരു ജീവിതമുണ്ടായിക്കാണാനുള്ള ഒരച്ഛന്റെ അത്യാർത്തിയായി കരുതി ചെയ്തുപോയതെല്ലാം മറക്കണം..... " തന്റെ ഇരുകൈകളും കൂട്ടിപ്പിടിച്ച് നിറഞ്ഞ മിഴികളോടെ പറഞ്ഞ ഐസക്കിനെ നോക്കി പറയാനൊരു മറുപടി പോലുമില്ലാതെ ആൽവിൻ നിന്നു.

അയാളൊരുപക്ഷേ അതാഗ്രച്ചിരുന്നുമില്ലായിരിക്കാം. ഒരിക്കൽ കൂടി ട്രീസയെ തിരിഞ്ഞൊന്ന് നോക്കി ആൽവിന്റെ അരികിൽ നിന്നിരുന്ന ശിവയുടെ തോളിലുമൊന്ന് തട്ടി വേദനനിറഞ്ഞതെങ്കിലും ഒരു പുഞ്ചിരി സമ്മാനിച്ച് പോലീസുകരോടൊപ്പം നടന്നുനീങ്ങുന്ന അയാളെ നോക്കി നിൽക്കുമ്പോൾ എല്ലാവരിലും ഒരു സഹതാപം നിറഞ്ഞിരുന്നു. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 നാല് മാസങ്ങൾക്ക് ശേഷം ഒരുദിവസം. " അതേയ്...... എന്റെ ശ്രീമതിടെയല്ല കല്യാണം നിന്റാങ്ങളേടെയാ..... അതുകൊണ്ടെന്റെ പൊന്നുമോൾ ചെന്ന് നാത്തൂൻ റെഡിയായോന്ന് നോക്കിക്കേ എന്റെ പുന്നാര അളിയനവിടെ കെട്ടാൻ മുട്ടി നിക്കുവാ..... "

കണ്ണാടിക്ക് മുന്നിൽ നിന്ന് സാരിയുടെ പ്ലീറ്റുകൾ നേരെയാക്കിക്കൊണ്ട്‌ നിന്നിരുന്ന അല്ലിയെ പിന്നിലൂടെ ചെന്ന് കെട്ടിപ്പിടിച്ചവളുടെ പിൻകഴുത്തിൽ അമർത്തി ചുംബിച്ചുകൊണ്ട് ശിവ പറഞ്ഞു. വയലറ്റ് നിറത്തിലുള്ള പട്ട് സാരിയായിരുന്നു അവളുടെ വേഷം. കഴുത്തിൽ അതിന് മാച്ചിംഗ് കല്ല് പതിച്ച നെക്ക്ലെസ്സും ഇരുകയ്യിലും ഓരോ വളകളും കാതിൽ ഭംഗിയുള്ള ജിമിക്കിയും അവളണിഞ്ഞിരുന്നു. " എന്തേ ഒരു വശപ്പിശക് നോട്ടം ???? " അതേ നിൽപ്പ് നിന്നുകൊണ്ട് തന്നെ കണ്ണാടിയിലൂടെ അവളെത്തന്നെ നോക്കിയൂറിച്ചിരിച്ചുകൊണ്ട് നിന്ന അവന്റെ താടിയിൽ പിടിച്ചുവലിച്ചുകൊണ്ട് അവൾ ചോദിച്ചു.

" ഒന്നുല്ലെന്റെ പൊന്നേ..... നീ ചെന്ന് ട്രീസ ഒരുങ്ങിയോന്ന് നോക്ക് സമയമായി. " അവളെ ചേർത്തുപിടിച്ച് കവിളിൽ അമർത്തിയൊന്ന് ചുംബിച്ച ശേഷം തോളിലൂടെ കയ്യിട്ടുകൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ അവൻ പറഞ്ഞു. പുറത്തിറങ്ങി ശിവ ആൽവിയുടെ അടുത്തേക്കും അല്ലി ട്രീസയുടെ അടുത്തേക്കും പോയി. " എന്തുവാടേയ്‌ അളിയാ ഇന്നെങ്ങാനും കഴിയുമോ ഇത് ??? " അകത്തേക്ക് കയറിചെല്ലുമ്പോൾ കണ്ണാടിക്ക് മുന്നിൽ നിന്ന് പേർഫ്യും അടിച്ചുകൊണ്ട് നിന്നിരുന്ന ആൽവിയെ കണ്ട് ചിരിയോടെ ശിവ ചോദിച്ചു. " അസൂയപ്പെട്ടിട്ട് കാര്യമില്ല അളിയോ..... എന്റെ പെങ്ങളേയുമടിച്ചോണ്ട് പോയി രജിസ്റ്റർ മാര്യേജ് കഴിച്ചോണ്ടല്ലേ ഇതൊക്കെ കണ്ട് നിർവൃതിയടയേണ്ടി വന്നത് ??? "

" ഓഹ്‌ അല്ലായിരുന്നെങ്കിൽ നീയുമെന്റമ്മായിയപ്പനും കൂടി അവളെ എനിക്കിങ്ങ് കെട്ടിച്ചുതന്നേനെ. അന്ന് ഞാനങ്ങനെ ചെയ്തോണ്ട് അവളിപ്പോ എന്റെ വീട്ടിലിരിക്കുന്നു. എന്നിട്ടവന്റെയൊരു ഓഞ്ഞ ഡയലോഗ്.... " പുച്ഛം വാരിയെറിഞ്ഞുകൊണ്ടുള്ള ശിവയുടെ പറച്ചിൽ കേട്ട് ആൽവി ഭംഗിയായി ഒന്നിളിച്ചുകാട്ടി. " മതി നിന്നിളിച്ചത് ഇങ്ങോട്ട് വാടാ കോപ്പേ.... നിന്നേയൊന്ന് കെട്ടിച്ചിട്ട്‌ വേണം എനിക്കെന്റെ പൊണ്ടാട്ടിയേം കൊണ്ട് വീട്ടിൽ പോകാൻ. " അവനെ മുതുകിൽ പിടിച്ചുതള്ളി പുറത്തേക്ക് നടത്തുമ്പോൾ ശിവ പറഞ്ഞു. പത്തുമണിക്കായിരുന്നു ഇടവക പള്ളിയിൽ വച്ച് തീരുമാനിച്ചിരുന്ന വിവാഹത്തിന്റെ സമയം.

അലക്സും റോസയും എൽസയും ശിവയും അല്ലിയും എല്ലാം ആൽവിയുടെ ഒപ്പം പള്ളിക്കകത്തേക്ക് വരുമ്പോൾ അവിടെ എല്ലാവരും തയാറായിരുന്നു. കുറച്ചു സമയത്തിനുള്ളിൽ തന്നെ സാലിയും സുഹൃത്തുക്കളായ കുറച്ച് പെൺകുട്ടികളും ചേർന്ന് ട്രീസയേയും അങ്ങോട്ട് കൊണ്ടുവന്നു. ആകാശനീല നിറത്തിലെ പട്ടുസാരിയുടുത്ത് മുടിയിൽ റൗണ്ടിൽ മുല്ലപ്പൂ ചൂടി ഒരു ഡയമണ്ട് നെക്‌ലസും ഇരുകയ്യിലും ഓരോ വളയും മാത്രമണിഞ്ഞ് തന്റെ അരികിൽ വന്നുനിന്ന ട്രീസയെ നോക്കുമ്പോൾ അവൾ കൂടുതൽ സുന്ദരിയായത് പോലെ തോന്നി ആൽവിന്. നിമിഷങ്ങൾക്ക് ശേഷം അച്ചൻ കൊടുത്ത മിന്നവളുടെ കഴുത്തിലണിയിക്കുമ്പോൾ അവളിലും നിറഞ്ഞ പുഞ്ചിരി തന്നെയായിരുന്നു.

സന്തോഷം കൊണ്ട് എല്ലാവരും പുഞ്ചിരിക്കുമ്പോൾ ഒരേ സമയം സന്തോഷവും ഐസക്കിന്റെ അസാന്നിധ്യത്തിൽ ഉള്ളിലെവിടെയോ തോന്നിയ വിങ്ങലും മൂലം സാലിയുടെ മിഴികൾ മാത്രം ഈറനണിഞ്ഞു. പെട്ടന്നാണ് വലം കയ്യിലൊരു പിടി മുറുകിയതവരറിഞ്ഞത്. ധൃതിയിൽ മിഴികളൊപ്പി മുഖമുയർത്തി നോക്കിയ അവരുടെ മിഴികൾ വീണ്ടും നിറഞ്ഞു. " എൽസ.... " " നമ്മുടെ മക്കളാഗ്രഹിച്ച ജീവിതമവർക്ക് കിട്ടിയപ്പോ നീ കരയാണോഡീ...... വെറുതെ കണ്ണ് നിറച്ച് പിള്ളേരെക്കൂടി വിഷമിപ്പിക്കാതെ കണ്ണ് തുടയ്ക്കെടി.... " അവരുടെ മിഴിനീരൊപ്പി ചേർത്ത് പിടിച്ചുകൊണ്ട് എൽസ പറയുമ്പോൾ അത് ശ്രദ്ധിച്ച് നിൽക്കുകയായിരുന്നു

ശിവയൊരു ചെറുചിരിയോടെ അല്ലിയുടെ ഇടുപ്പിലൂടെ കൈ ചേർത്തവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു. അവളും നിറഞ്ഞ പുഞ്ചിരിയോടെ അവനോട് ചേർന്ന് നിന്നു. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 വൈകുന്നേരം ആരാമത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ പാർടിക്ക് ശേഷം ശിവയും അല്ലിയും സാലിയുമൊഴികെ മറ്റുള്ള ബന്ധുക്കളെല്ലാം അവിടെ നിന്നുതന്നെ പിരിഞ്ഞുപോയി. ട്രീസയുടെ നിർബന്ധം കൊണ്ട് സാലിയും അല്ലിയും ശിവയും കൂടി ആരാമത്തേക്ക് പോയി. രാത്രി ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചുകഴിഞ്ഞ് അല്ലിയായിരുന്നു ട്രീസയെ റെഡിയാക്കി ആൽവിന്റെ റൂമിലേക്ക് ആക്കികൊടുത്തത്. "

നിനക്ക് വിഷമമുണ്ടോ ട്രീസാ വിവാഹത്തിന് പപ്പയില്ലാതെ പോയതിൽ ??? " ബെഡിന്റെ തലയ്ക്കൽ ചാരിയിരിക്കുകയായിരുന്ന തന്റെ മാറിലേക്ക് ചാഞ്ഞ്‌ ഏതോ ആലോചനയിൽ മുഴുകി മൗനമായി കിടന്നിരുന്ന ട്രീസയുടെ മുഖം പിടിച്ചുയർത്തിക്കൊണ്ട്‌ ആൽവിൻ ചോദിച്ചു. " വിഷമം ഇല്ലെന്ന് പറഞ്ഞാൽ അത് നുണയാകുമിച്ചായാ. എന്റെ ജീവിതത്തിൽ ഞാനേറ്റവും മോഹിച്ച ദിവസമായിരുന്നു ഇന്ന്. ആ ദിവസം എന്റെ പപ്പാ....... " " കരയല്ലേ പെണ്ണേ.... " പറഞ്ഞുവന്നപ്പോൾ വിതുമ്പിപ്പോയ അവളെ ചേർത്തുപിടിച്ച് നെറ്റിയിൽ ചുണ്ടമർത്തിക്കൊണ്ട്‌ അവൻ പറഞ്ഞു. " പപ്പയൊരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട് ഇച്ചായാ.... പക്ഷേ ഞാനെന്ന് വച്ചാൽ ജീവനായിരുന്നു.

എന്റെ വിവാഹത്തേപ്പറ്റി പപ്പക്കൊരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. എന്നിട്ട് അത് നടന്നപ്പൊ പപ്പ ജയിലിൽ..... " അവൾ വീണ്ടും വിങ്ങിപ്പൊട്ടി. " എന്റെ..... എന്റെ പപ്പയൊരു പാവാ ഇച്ചായാ.... അയാളാ പപ്പേ ഇങ്ങനൊക്കെ ആക്കിയത്. പക്ഷേ പപ്പയത് തിരിച്ചറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിപ്പോയി. " " ദേ ഇന്നിനിയിതും പറഞ്ഞിങ്ങനെ കരഞ്ഞുനേരം വെളുപ്പിക്കണ്ട. നാളെത്തന്നെ നമുക്ക് പപ്പേ പോയി കാണാം. " " സത്യം ???? " അവൻ പറഞ്ഞത് കേട്ട് വിശ്വാസം വരാത്തത് പോലെ മുഖമുയർത്തി അവനെ നോക്കിയൊരു കൊച്ചുകുഞ്ഞിന്റെ ഭാവത്തോടെ അവൾ ചോദിച്ചു. " സത്യം..... എന്റെയീ പൊട്ടിപ്പെണ്ണാണെ സത്യം....സന്തോഷായോ ???? . "

അവളുടെ താടിത്തുമ്പിൽ പിടിച്ചാ നനഞ്ഞ മിഴികളിലേക്ക് നോക്കി ചോദിക്കുമ്പോഴേക്കും അവളവന്റെ നെഞ്ചിലേക്ക് വീണ് ഇറുകെ പുണർന്നിരുന്നു. ആൽവിന്റെ കൈകളും വാത്സല്യത്തോടവളെ പുണർന്നുകൊണ്ട് നെറുകയിൽ ചുംബിച്ചു. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ഹാളിലിരുന്ന് വിവാഹവിശേഷങ്ങളൊക്കെ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു അല്ലി ഒഴികെ എല്ലാവരും. അപ്പോഴാണ് അടുക്കളയിലെ ജോലികളൊക്കെ ഒതുക്കി അല്ലിയും അങ്ങോട്ട് വന്നത്. പക്ഷേ അടുക്കളയ്ക്കും ഹാളിനും ഇടയിലുള്ള ഇടനാഴിയിലേക്ക് കടന്നതും തലയ്ക്കെന്തോ ഒരു മന്ദിപ്പ് പോലെ തോന്നിയവൾക്ക്. ചുറ്റുമുള്ളതെല്ലാം ചുറ്റിയടിച്ച് കറങ്ങുന്നത് പോലെ തോന്നിയതും കാഴ്ച മങ്ങുന്നത് പോലെ തോന്നിയവൾക്ക്.

" ശി.... ശിവേട്ടാ.... " തളർന്ന സ്വരത്തിലുള്ള അവളുടെ വിളി കാതിലെത്തിയതും ശിവയും മറ്റുള്ളവരുമെല്ലാം ഒരേപോലെ തിരിഞ്ഞുനോക്കി. അപ്പോഴേക്കും ശരീരം തളർന്ന അവൾ കുഴഞ്ഞ് നിലത്തേക്ക് വീണിരുന്നു. " മോളേ....... " എൽസയും റോസയുമൊരേ സ്വരത്തിൽ വിളിച്ചുപോയി. അപ്പോഴേക്കും ഓടിവന്ന ശിവയവളെ കൈകളിൽ കോരിയെടുത്തിരുന്നു. " ഇങ്ങോട്ട് കിടത്ത് മോനേ.... " ജഗ്ഗിലിരുന്ന വെള്ളമെടുത്തുകൊണ്ട് വന്ന സാലി പറഞ്ഞത് കേട്ട് അവനവളെ സോഫയിലേക്ക് കിടത്തി. അവരിൽ നിന്നും വെള്ളം വാങ്ങി പതിയെ അവളുടെ മുഖത്തേക്ക് തളിക്കുമ്പോഴൊക്കെയും പിടയുകയായിരുന്നു ശിവയുടെ നെഞ്ച്. " അല്ലി..... മോളേ.... എന്തുപറ്റി ???? "

വെള്ളം മുഖത്തേക്ക് വീണതും കണ്ണുകൾ ചിമ്മിതുറന്ന അവളെ കണ്ട് ആധിയോടെ അലക്സ്‌ ചോദിച്ചു. " എനിക്ക്..... അറിയില്ല ഡാഡി.... പെട്ടന്ന് തല ചുറ്റുന്നത് പോലെ തോന്നി. കുറച്ചുദിവസമായി ഇടയ്ക്കിടെ ഇങ്ങനെ വരാറുണ്ട്. " അവൾ പറഞ്ഞത് കേട്ട് അലക്സും ശിവയും അവളെ നോക്കി വെപ്രാളത്തോടെ തന്നെ നിൽക്കുകയായിരുന്നുവെങ്കിൽ പരസ്പരം നോക്കിയൊരു പുഞ്ചിരി കൈ മാറുകയായിരുന്നു റോസയും എൽസയും സാലിയും. " ഹോസ്പിറ്റലിൽ പോണോടാ??? " " ഹോസ്പിറ്റലിലൊന്നും പോകണ്ടാ ഇങ്ങോട്ട് മാറെടാ പൊട്ടന്മാരെ. ഇതസുഖം വേറെയാ.... " ശിവയുടെ ചോദ്യത്തിന് മറുപടിയായി അല്ലിയെന്തെങ്കിലും മിണ്ടും മുൻപ് റോസ പറഞ്ഞു.

പിന്നെ അവളുടെ അടുത്തേക്കിരുന്നവളെ ചേർത്ത് പിടിച്ച് കവിളിൽ മുത്തി. അത് കണ്ടപ്പോൾ എന്തൊക്കെയോ കത്തിയത് പോലെ അലക്സിലും നേർത്തൊരു പുഞ്ചിരി വിടർന്നു. അപ്പോഴും ഒന്നും മനസ്സിലാവാതെ വിരണ്ട് നിൽക്കുകയായിരുന്നു ശിവ. " എടാ ചെറുക്കാ നീയെന്നാത്തിനാ ഈ വീർപ്പിച്ച ബലൂൺ പോലെ നിക്കുന്നേ ??? എടാ പൊട്ടാ എന്റെ മോൾക്കൊന്നുല്ല നീയൊരു തന്തയാവാൻ പോകുവാ..... " റോസയിൽ നിന്നത് കേട്ടതും ശിവയുടെ മിഴികൾ വിടർന്നു. അറിയാതെ മിഴികളാ പെണ്ണിനെ തേടിച്ചെന്നു. അവളും വാടിയതെങ്കിലും നിറഞ്ഞ പുഞ്ചിരിയോടെ ഇരിക്കുകയായിരുന്നു അപ്പോൾ. " എന്റെ കർത്താവേ നീയെന്റെ പ്രാർഥന കേട്ടല്ലോ.....

" അല്ലിയെ ചേർത്തുപിടിച്ച് നെറുകയിൽ മുത്തിക്കൊണ്ട്‌ പറയുമ്പോൾ സന്തോഷം കൊണ്ട് എൽസയുടെ മിഴികളും നനഞ്ഞിരുന്നു. എല്ലാവരുടേയും സന്തോഷങ്ങൾക്ക് നാടിവിലിരിക്കുമ്പോഴും അവനിലേക്ക് ഓടിയണയാൻ വെമ്പുകയായിരുന്നു അവളുടെ ഉള്ളം. തന്റെ ജീവന്റെ തുടിപ്പിനെ ഉള്ളിൽ പേറുന്നവളെയൊന്ന് ചേർത്ത് പിടിക്കുവാൻ , ആ ഉദരത്തിലൊന്ന് ചുംബിക്കുവാൻ അവനും വല്ലാതെ കൊതിച്ചുപോയി. " നാളെയേതായാലും രണ്ടാളും കൂടി ഡോക്ടറെയൊന്ന് പോയിക്കാണ്. ഉറപ്പിച്ചിട്ട് എല്ലാരേം അറിയിച്ചാൽ മതി. " സാലി തന്റെയഭിപ്രായം പറഞ്ഞു. അത് ശരി വയ്ക്കുന്നത് പോലെ മറ്റുള്ളവരും തലയനക്കി. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

ശിവ മുകളിലെ മുറിയിലേക്ക് പോയി പിന്നെയും കുറേസമയം കഴിഞ്ഞാണ് അല്ലി മുകളിലേക്ക് ചെന്നത്. അവൾ ചെല്ലുമ്പോൾ ജനലിനരികിൽ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു അവൻ. അവൾ പതിയെ വാതിലടച്ച് അവന്റെ പിന്നിലെത്തിയതും പുറകോട്ട് തിരിഞ്ഞുനോക്കിയ ശിവയവളെ വാരിപ്പുണർന്നിരുന്നു. ഒരു നേർത്ത ചിരിയോടെ അവനെ തിരികെ കെട്ടിപിടിക്കുമ്പോൾ അല്ലിയുടെ മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. ശിവയാണെങ്കിൽ അവളെ വീണ്ടുമിറുകെ പുണർന്ന് മുഖമാകെ ചുംബനങ്ങൾക്ക് കൊണ്ട് മൂടി.

പിന്നെ പതിയെ അവൾക്ക് മുന്നിലായി മുട്ടുകുത്തി നിന്നാ ഒട്ടിയ വയറിൽ നിന്നും ടോപ് നീക്കി അവിടെയമർത്തി ചുംബിച്ചു. തന്റെ ചോരക്കുള്ള ആദ്യചുംബനം. അവന്റെ താടിരോമങ്ങൾ അണിവയറിൽ ഉരസി ഇക്കിളി തോന്നിയെങ്കിലും അവനിലേ അച്ഛനും തന്റെയുള്ളിലെ കുരുന്നിനുമിടയിലൊരു തടസ്സമാകേണ്ടെന്ന് കരുതി അവന്റെ ശിരസിലൂടെ പതിയെ തലോടിക്കൊണ്ട് അനങ്ങാതെ നിന്നു. ശിവയാണെങ്കിൽ മതിവരാതവളുടെ ഉദരത്തെ ഉമ്മകൾ കൊണ്ട് മൂടി.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story