അഗ്‌നിസാക്ഷി: ഭാഗം 22

agnisakshi

എഴുത്തുകാരി: അഭിരാമി അഭി

ചാടിയപാടെ ജലാന്തർഭാഗത്തേക്ക്‌ ആണ്ടുപോകുന്ന അല്ലിയെ ആണവൻ കണ്ടത്. ശ്വാസം കിട്ടാതെ പിടഞ്ഞുകൊണ്ട് തനിക്ക് നേരെ കൈകൾ നീട്ടുന്ന അവളെ കാണെ നെഞ്ച് പിടഞ്ഞവന്റെ. പക്ഷേ ആലോചിച്ച് കളയാൻ സമയമില്ല.... അവളിലേക്ക് പാഞ്ഞടുക്കുമ്പോഴാണ് അവളുടെ വലംകാലിൽ പിടി മുറുക്കിയിരുന്ന ആ രൂപത്തെ അവന്റെ കണ്ണിൽ പെട്ടത്. ആളെ വ്യക്തമായില്ലെങ്കിലും പിടയുന്ന തന്റെ പ്രാണന് മുന്നിൽ മറ്റൊന്നും അവനൊരു വിഷയമായിരുന്നില്ല. കാലുകൾ ചുഴറ്റി ആ രൂപത്തിന്റെ നെഞ്ചിൽ തന്നെ ഒരു തൊഴികൊടുത്തു. ശിവയുടെ കാലുകൾ സൃഷ്ടിച്ച പ്രകമ്പനമവനിൽ സാരമായി തന്നെ ഏറ്റുഎന്നതിന്റെ തെളിവായി അല്ലിയുടെ കാലിൽ നിന്നും ആ കൈകൾ അടർന്നുമാറി.

നിമിഷനേരം കൊണ്ട് തന്നെ ജലാന്തർഭാഗത്തേക്ക് തന്നെ ആഴ്ന്നുപോയി അയാൾ. പക്ഷേ അതൊന്നും ശ്രദ്ധിക്കാൻ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ല ശിവയപ്പോൾ. തന്റെ ജീവനെ ഉദരത്തിൽ പേറുന്ന തന്റെ പ്രാണനായവളുടെ മുഖം മാത്രമായിരുന്നു അവനിലപ്പോൾ. ബോധം അവളിലേക്ക് പാഞ്ഞടുത്ത് അവളെ നെഞ്ചോട് ചേർത്തുകൊണ്ട് മുകളിലേക്ക് ഉയർന്നു അവൻ. വെള്ളത്തിന് മുകളിൽ എത്തുമ്പോഴേക്കും അല്ലി തീർത്തും ബോധരഹിതയായിരുന്നു. " അല്ലു...... മോളേ കണ്ണ് തുറക്കെടീ...... " അവളെ വാരിയെടുത്ത് കുളപ്പടവിൽ കിടത്തി ആ കവിളിൽ തട്ടി വിളിച്ചുകൊണ്ട് അവൻ വിളിച്ചു. പക്ഷേ അവളിൽ നിന്നും പ്രതികരണമേതുമുണ്ടായില്ല. മിഴികൾ അടഞ്ഞുതന്നെയിരുന്നു.

പിന്നീട് ഒന്നുമാലോചിക്കാതെ നനഞ്ഞൊട്ടിയ അവളെയും വാരിയെടുത്തുകൊണ്ട് അവൻ കുളപ്പുരക്ക് പുറത്തേക്ക് ഓടി. അവളെ വണ്ടിയിലേക്ക് കയറ്റി ആരോടും ഒന്നും പറയാൻ നിൽക്കാതെ പുറത്തേക്ക് കുതിച്ചു. പക്ഷേ ശബ്ദം കേട്ട് പുറത്തേക്ക് വന്ന മഹേശ്വരിയമ്മ അത് കണ്ടിരുന്നു. " അയ്യോ ദേവാ..... കൃഷ്ണേ... ഒന്നോടിവാ അല്ലിമോൾക്കെന്തോ പറ്റി..... " ഭയം കൊണ്ട് വേച്ചുപോയ ആ സാധുസ്ത്രീ അരികിലുണ്ടായിരുന്ന തൂണിൽ മുറുകെപ്പിടിച്ചുകൊണ്ട് ഉച്ചത്തിൽ വിളിച്ചു. " എന്താമ്മേ എന്തുപറ്റി..... മോൾക്കെന്താ ???? "

ആദ്യമങ്ങോട്ട് വന്ന ദേവൻ ചോധിച്ചു. " എനിക്കൊന്നുമറിയില്ല മോനേ ശിവ മോളെയും വണ്ടിയിൽ കയറ്റി പോണത് കണ്ടു. അവരാകെ നനഞ്ഞിരുന്നു. ഈശ്വരാ എന്റെ കുഞ്ഞ്....... " പറഞ്ഞ കൂട്ടത്തിൽ തന്നെ അവർ വിതുമ്പിക്കരഞ്ഞു. അപ്പോഴേക്കും കൃഷ്ണയും മായയും എല്ലാം അങ്ങോട്ട് വന്നിരുന്നു. അവരും കരച്ചിൽ തുടങ്ങി. " നിങ്ങളൊന്നടങ്ങ് ഞാനൊന്ന് പോയി നോക്കാം.... " പറഞ്ഞിട്ട് നിന്ന വേഷത്തിൽ തന്നെ ദേവൻ പുറത്തേക്ക് പോയി. പോകും വഴിയെല്ലാം ശിവയുടെ ഫോണിലേക്ക് വിളിച്ചുകൊണ്ടിരുന്നുവെങ്കിലും മറുപടിയൊന്നും ലഭിക്കാതെ അയാളെകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിൽ എത്തിയിരുന്നു.

എന്തായാലും ഹോസ്പിറ്റലിൽ ഒന്ന് പോയി നോക്കാമെന്ന് കരുതി കാർ അങ്ങോട്ട് വിട്ടു. ഹോസ്പിറ്റൽ ഗേറ്റ് കടക്കുമ്പോഴായിരുന്നു അരികിലിരുന്നിരുന്ന ഫോൺ ചിലക്കാൻ തുടങ്ങിയത്. ഡിസ്പ്ലേയിൽ തെളിഞ്ഞത് ശിവയുടെ പേരായിരുന്നു. " മോനേ ശിവാ നിങ്ങളെവിടാ ???? അല്ലിമോളെവിടേ ???? " ഫോൺ കയ്യിലെടുത്തതും വെപ്രാളത്തോടെ അയാൾ ചോദിച്ചു. " അത്.... അച്ഛാ.... " " എന്താടാ നീ കാര്യം പറ..... " വേവലാതിയോടെ അയാൾ ചോദിച്ചു. " അതൊക്കെ നേരിട്ട് പറയാം അച്ഛാ ..... അച്ഛൻ സിറ്റി ഹോസ്പിറ്റലിലോട്ട് വാ..." അവൻ പറഞ്ഞത് കേട്ട് ദേവന്റെ നെഞ്ചിലൊരു ഭാരം പോലെ തോന്നി. എങ്കിലും പിന്നീടൊന്നും ചോദിക്കാൻ നിൽക്കാതെ വണ്ടി പാർക്ക്‌ ചെയ്ത് വേഗത്തിൽ അകത്തേക്ക് നടന്നു

അയാൾ. അയാൾ ചെല്ലുമ്പോൾ icu വിന് മുന്നിൽ ശിവയുണ്ടായിരുന്നു. നനഞ്ഞൊട്ടിയ വേഷത്തിൽ ചുമരിൽ ചാരി കണ്ണ് നിറച്ചുനിൽക്കുകയായിരുന്ന മകനെ കണ്ട് ആ മനുഷ്യന്റെ ഉള്ള് പൊള്ളി. " മോനേ.... " അരികിൽ ചെന്ന് വിളിച്ചതും ശിവ അയാളെ ചുറ്റിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. " അച്ഛാ എന്റെ.... എന്റല്ലി.... " " ഒന്നുല്ലഡാ അവളിങ്ങ് വരില്ലേ എന്റെ മോനിങ്ങനെ വിഷമിക്കാതെ.... " അവന്റെ തലയിൽ തലോടി ആശ്വസിപ്പിച്ചുകൊണ്ട് അയാൾ പറഞ്ഞു. " എങ്ങനെയുണ്ട് മോൾക്കിപ്പോ ??? " കുറച്ചുസമയത്തിന് ശേഷം ശിവയൊന്നടങ്ങിയെന്ന് തോന്നിയപ്പോൾ അയാൾ ചോദിച്ചു. " ഇനി പേടിക്കാനൊന്നുമില്ലെന്ന് പറഞ്ഞു. വയറ്റിൽ ഉണ്ടായിരുന്ന വെള്ളമൊക്കെ പുറത്തുകളഞ്ഞു.....

ബോധം വരുമ്പോ കൊണ്ടുപോകാം.... " അവൻ പറഞ്ഞതൊക്കെ ഞെട്ടലോടെയായിരുന്നു ദേവൻ കേട്ടുനിന്നത്. " എന്താഡാ സംഭവിച്ചത് മോളെങ്ങനാ വെള്ളത്തിൽ വീണത് ??? " " വീണതാണെന്ന് തന്നെയാ അച്ഛാ ഞാനും കരുതിയത് പക്ഷേ..... അവൾ വീണതല്ലച്ഛാ...... " " വീണതല്ലെന്നോ എന്താ ശിവാ നീയീ പറയുന്നത് ??? " ചോദിക്കുമ്പോൾ ദേവന്റെ സ്വരം വിറച്ചിരുന്നു. " അതേയച്ഛാ...... വെള്ളത്തിൽ മുങ്ങിത്താഴുന്ന അവളെക്കണ്ടാ ഞാൻ കുളത്തിലേക്ക് ചാടിയത്. പക്ഷേ കുളത്തിന്റെ അടിത്തട്ടിലേക്ക് താഴ്ന്ന് പോയ്‌ക്കോണ്ടിരുന്ന അവളുടെ അരികിലേക്ക് ഞാൻ ചെല്ലുമ്പോൾ അവളുടെ കാലിലൊരുത്തൻ പിടിച്ചിരുന്നു. "

പല്ല് ഞെരിച്ചുകൊണ്ട് ശിവ പറഞ്ഞു. എല്ലാം കേട്ട് ഒരു തളർച്ചയോടെ ദേവൻ കസേരയിലേക്ക് ഇരുന്നു. താൻ ജനിച്ചുവളർന്ന തറവാട്ടിൽ തന്റെ മകന്റെ പെണ്ണിന്റെ ജീവനെടുക്കാൻ ഒരാൾ എന്നത് അയാൾക്ക് ഉൾക്കൊള്ളാനെ കഴിയുന്നുണ്ടായിരുന്നില്ല. അതിന്റെ തളർച്ച അയാളിൽ നന്നേ പ്രകടമായിരുന്നു. അപ്പോഴാണ് ശിവ പറഞ്ഞറിഞ്ഞ് ആൽവിയും ട്രീസയും അലക്സും എൽസയും കൂടി അങ്ങോട്ട് വന്നത്. " ശിവാ എന്റെ മോൾക്കെന്താ ??? " വന്നപാടെ ശിവയുടെ അരികിലേക്ക് ചെന്ന് അലക്സ്‌ ചോദിച്ചു. " അത് ഡാഡി അവൾ.... കുളത്തിലൊന്ന് വീണു.... " " കർത്താവേ ഈ സമയത്ത് കുളത്തിൽ വീണെന്നോ ??? " വിക്കി വിക്കി അവൻ പറഞ്ഞതും എൽസയൊരു നിലവിളിയോടെ കസേരയിലേക്ക് ഇരുന്നു.

അവർ പറഞ്ഞതിന്റെ അർഥം മനസ്സിലാവാതേ ദേവൻ അവരെ എല്ലാവരെയും ഒന്ന് നോക്കി. പക്ഷേ ആരോടും ഒന്നും ചോദിച്ചില്ല. സമയം വീണ്ടും കടന്നുപോയി. മണിക്കൂറുകൾക്ക് ശേഷമാണ് അല്ലിക്ക് ബോധം വന്നത്. ഹോസ്പിറ്റലിൽ നിന്നും തിരികെ പോകുമ്പോൾ അലക്സിന്റെ കുടുംബവും ഉണ്ടായിരുന്നു അവരുടെ ഒപ്പം ചിറ്റഴത്തേക്ക് പോകാൻ. ദേവൻ കാർ ഡ്രൈവ് ചെയ്യുമ്പോൾ പിൻസീറ്റിൽ ശിവയുടെ നെഞ്ചിലേക്ക് ചേർന്ന് തളര്ന്നു കിടക്കുകയായിരുന്നു അല്ലി. " മോളെ എന്തെങ്കിലും വയ്യായ്ക തോന്നുന്നുണ്ടോ ഇപ്പൊ ??? " ഡ്രൈവിംഗിനിടയിലും പിന്നിലേക്ക് നോക്കി അല്ലിയോടായി ഇടയ്ക്കിടെ ദേവൻ ചോദിച്ചുകൊണ്ടിരുന്നു. " ഇല്ലച്ഛാ..... "

വാടിയ പുഞ്ചിരിയോടെ അവൾ മറുപടി നൽകി. അപ്പോഴും ശിവയുടെ ചിന്തയവിടൊന്നുമായിരുന്നില്ല. അവന്റെ മനസ് കെട്ടുപൊട്ടിയ പട്ടം പോലെ പാറിക്കളിച്ചുകൊണ്ടിരുന്നു. " എന്നാലും ആരാ ശിവേട്ടാ എന്നോടിങ്ങനൊക്കെ ??? " ചോദിക്കുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരുന്നു. " ഒന്നുല്ലെടാ..... ഇന്ന് എല്ലാത്തിനും ഒരവസാനമായിരിക്കും. ഇനിയൊരിക്കൽ കൂടി ഒന്നുമാവർത്തിക്കാൻ നിന്റെ ശിവേട്ടനനുവദിക്കില്ല. " അവളെ ചേർത്തുപിടിച്ചാശ്വസിപ്പിച്ച് കൊണ്ട് അവൻ പറഞ്ഞു. എല്ലാം കേൾക്കുന്നുണ്ടായിരുന്നെങ്കിലും അവർക്കിടയിലേക്ക് കടന്നുകയറേണ്ടെന്ന് കരുതിയാകാം ദേവൻ മൗനമായി തന്നെ ഇരുന്നു. അവർ ചിറ്റേഴത്ത് എത്തുമ്പോൾ എല്ലാവരും പൂമുഖത്ത് തന്നെ ഉണ്ടായിരുന്നു.

" എന്താ മോളെ എന്താ എന്റെ കുട്ടിക്ക് പറ്റിയത് ???? " അല്ലിയെ ശിവ താങ്ങിപ്പിടിച്ച് അകത്തേക്ക് കയറ്റുമ്പോൾ ഓടിവന്നുകൊണ്ട് മുത്തശ്ശിയും മറ്റുള്ളവരും ചോദിച്ചു. " കേറി വാ അലക്സെ.... '' വണ്ടിയിൽ നിന്നിറങ്ങിയ അലക്സിനോടും മറ്റുമായി ദേവൻ പറഞ്ഞു. അവരും അകത്തേക്ക് കയറി. അല്ലിയെ അകത്ത് കൊണ്ടുവന്ന് സോഫയിൽ ഇരുത്തിയിട്ട് ശിവ നേരെ മുകളിലേക്ക് പോയി. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 " അവൾ ചത്തുകാണുമോ ??? " താഴെ നടന്നതൊന്നുമറിയാതെ മുകളിലെ ബാൽക്കണിയിലിരുന്ന് സംസാരിക്കുമ്പോൾ അനന്തനോടായി രുദ്രൻ ചോദിച്ചു. " ചത്തേനെ.... പക്ഷേ അപ്പോഴേക്കും ആ ശിവ വന്നെല്ലാം നശിപ്പിച്ചില്ലേ.

ആ സ്ഥിതിക്ക് ഇപ്പൊ എന്ത് സംഭവിച്ചുകാണുമെന്നത് പ്രവചിക്കൻ കഴിയില്ല. " ആലോചനയോടെ അനന്തൻ മറുപടി കൊടുത്തു. " എന്നാലും അമാവാസിക്ക് മുൻപ് ഇങ്ങനൊരു നീക്കത്തിന്റെ കാരണമെന്തായിരിക്കും ??? " " എല്ലാം അവിടുത്തെ തീരുമാനമല്ലേ അതിൽ നമ്മളെന്ത് പറയാൻ??? " രുദ്രനെ നോക്കാതെ ഇരുന്നുകൊണ്ട് അനന്തൻ പറഞ്ഞു. " ഇതിപ്പോ ആ പെണ്ണ് എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ പിന്നവൻ നമ്മളെയാരേം വച്ചേക്കില്ല. അവന്റെ കലിയിൽ എരിഞ്ഞടങ്ങും എല്ലാവരും. നിനക്കറിയോ ഒരുദിവസം ഞാനും മായയും കൂടി വഴക്ക് ആയപ്പോൾ ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ ഞാനവളെ തൊഴിച്ച് മുറ്റത്തേക്ക് ഇട്ടു. അത് കണ്ടുവന്ന അവൻ എന്നേ കൊന്നില്ലന്നേയുള്ളൂ.

അന്നവന്റെ കാൽ പതിഞ്ഞയിടമൊക്കെയും ഇപ്പോഴും നോവുന്നുണ്ടെന്ന് തോന്നും ചിലപ്പോൾ. അതാണ് ശിവ. അപ്പോൾ അവന്റെ പെണ്ണിന്റെ നേർക്ക് നമ്മുടെ കയ്യുയർന്നെന്നറിഞ്ഞാൽ...... " " ബാക്കി വെക്കില്ല നിന്നെയൊന്നും " രുദ്രൻ പറഞ്ഞുവന്ന ആ വാചകം പൂർത്തിയാക്കിയത് ഘനഗംഭീരമായ മറ്റൊരു സ്വരമായിരുന്നു. ഒരു ഞെട്ടലോടെ അവരുവരും വാതിലിന് നേർക്ക് നോക്കുമ്പോൾ കണ്ടത് ജ്വലിക്കുന്ന മിഴികളുമായി നിൽക്കുന്ന ശിവയെ ആയിരുന്നു. " ശിവ....." പറഞ്ഞുകൊണ്ട് രുദ്രനറിയാതെ എണീറ്റ് പോയിരുന്നു. സ്‌റ്റെയ്ർകേസിന് താഴേക്ക് ഒരു നിലവിളിയോടെ എന്തോ വന്നു വീണത് കേട്ടുകൊണ്ടാണ് ഹാളിൽ ഇരുന്നിരുന്നവരൊക്കെ ഞെട്ടിയങ്ങോട്ട് നോക്കിയത്.

അപ്പോഴേക്കും നിലത്ത് കിടന്നുപിടയുകയായിരുന്നു രുദ്രനും അനന്തനും. " ശിവാ എന്തായിതൊക്കെ ??? " ഷർട്ടിന്റെ സ്ലീവ് മുകളിലേക്ക് തെറുത്തു കയറ്റിക്കൊണ്ട് അവരെത്തന്നെ നോക്കി മുകളിൽ നിന്നിരുന്ന ശിവയെ കണ്ട് ഒരലർച്ച പോലെയായിരുന്നു ഈശ്വരവർമ ചോദിച്ചത്. പക്ഷേ അതിനൊരു മറുപടിയും പറയാതേ അവൻ പതിയെ താഴേക്ക് ഇറങ്ങിവന്നു. അപ്പോഴത്തെ അവന്റെ ഭാവം അവിടെ ഉണ്ടായിരുന്ന എല്ലാവരിലും ഭയം തോന്നിപ്പിച്ചിരുന്നു. " പറയെടാ നീയൊക്കെ എന്തിനാ എന്റെ പെണ്ണിനെ കൊല്ലാൻ നടക്കുന്നത് ??? " അവന്റെയാ ചോദ്യത്തിൽ ചിറ്റഴമൊന്നുലഞ്ഞു. എൽസയുടെ കൈകൾ അലക്സിന്റെ കൈത്തണ്ടയിൽ മുറുകി. ട്രീസ അല്ലിയെ ചേർത്തുപിടിച്ചു.

" ശി.....ശിവാ നീ..... നീയെന്തൊക്കെയാ..... " ആ ചോദ്യം പൂർത്തിയാകും മുൻപ് അവന്റെ കൈകൾ അനന്തന്റെ കവിളിൽ പതിഞ്ഞിരുന്നു. " വിശദീകരണം വേണ്ട..... എന്റെ ചോദ്യത്തിനുള്ള മറുപടി മാത്രം മതി. പറയെടോ എന്ത് തെറ്റാ ഞങ്ങൾ തന്നോടൊക്കെ ചെയ്തത്..... '' ചോദിച്ചുകൊണ്ട് രുദ്രന്റെ കഴുത്തിൽ പിടുത്തമിട്ടവൻ. എല്ലാം കാണുന്നുണ്ടായിരുന്നെങ്കിലും ഒരു വാക്ക് കൊണ്ട് പോലും അവനെ തടയാൻ ത്രാണിയുണ്ടായിരുന്നില്ല അവിടെയാർക്കും അപ്പോൾ.

" കാളി.... ബ്ബ്.... ബലി..... " അങ്ങനെ ഏതൊക്കെയോ വാക്കുകൾ അയാളുടെ വായിൽ നിന്നും ചതഞ്ഞരഞ്ഞത് പോലെ പുറത്തുവന്നു. എല്ലാവരും അമ്പരപ്പോടെയായിരുന്നു അതൊക്കെ കേട്ട് നിന്നത്. " ശിവ എന്താ ഇവിടെ നടക്കുന്നത്..... കാര്യം പറ... " കൃഷ്ണയുടെ ചോദ്യം കേട്ടു കൊണ്ടാണ് അവരെ വിട്ട് ശിവ എണീറ്റത്. " അല്ലിയീ വീടിന്റെ മരുമകളായത് മുതൽ തുടങ്ങിയതാ ഇവന്മാർ അവളുടെ ജീവനെടുക്കാനുള്ള ശ്രമം. ഈ വീട്ടിൽ വച്ച് അവൾക്ക് സംഭവിച്ച പല അപകടങ്ങളും ഇവന്മാർ പ്ലാൻ ചെയ്തതാ. കാരണമാറിയില്ലെങ്കിലും പലതിന്റെയും തെളിവുകൾ എന്റെ കയ്യിലുണ്ട്. ആദ്യമായി ഇവിടെ അവൾക്കൊരു ശത്രു ഉണ്ടെന്ന് ഞാനറിഞ്ഞത് മാസങ്ങൾക്ക് മുൻപാണ്‌.

കൃത്യമായി പറഞ്ഞാൽ എന്റെ പെണ്ണിനോട് സ്നേഹം മൂത്ത് ലേഖമ്മായി അവൾക്ക് ഉറങ്ങും മുൻപ് പാല് കൊടുത്തുതുടങ്ങിയതിന്റെ മൂന്നാം ദിവസം. അന്നവൾ പതിവുപോലെ പാല് കുടിച്ച് വച്ച ഗ്ലാസ്‌ ടേബിളിൽ നിന്നും ഞാനെന്തോ എടുക്കുമ്പോൾ കൈ തട്ടി മറിഞ്ഞു. ഗ്ലാസ്‌ നിവർത്തിവച്ച് നോക്കുമ്പോ അതിലെന്തോ തരി കിടക്കുന്നത് പോലെ തോന്നി.. സംശയം തോന്നിയ ഞാനത് എന്റെ ഫ്രണ്ട്നെ കൊണ്ട് ടെസ്റ്റ്‌ ചെയ്യിപ്പിച്ചു. റിസൾട്ട്‌ വന്നപ്പോൾ പാലിൽ ഉണ്ടായിരുന്നത് ഗർഭനിരോധന ഗുളികയായിരുന്നുവെന്ന് മനസ്സിലായി. പക്ഷേ ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. അല്ലിയോട് പോലും.. കാരണം എനിക്കറിയണമായിരുന്നു ഇതിന്റെയൊക്കെ കാരണം.

അത് തേടി ഞാൻ അമ്മായിയെ നിരീക്ഷിചൊടുവിൽ എത്തിയത് ഇവന്മാരിലാ. പക്ഷേ പിന്നീട് അല്ലി പാല് വാങ്ങിയതല്ലാതെ അത് കുടിക്കൻ ഞാനനുവദിച്ചിരുന്നില്ല. ഞാൻ കുടിച്ചോളാമെന്നവളോട് പറഞ്ഞ് അവൾ പോലുമറിയാതെ ഞാനത് കളഞ്ഞു. " ശിവ പറയുമ്പോൾ ആ സംഭവങ്ങളൊക്കെയും ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു അല്ലി. " ഞങ്ങടെ ജീവിതത്തിന്റെ താളം തെറ്റിക്കാൻ പോന്ന കാര്യങ്ങൾ നടന്നിട്ടും ഞാൻ ക്ഷമിച്ചു. പക്ഷേ ഇന്ന് സംഭവിച്ചത് പൊറുക്കില്ല ഞാൻ.... എന്റെ കുഞ്ഞിനെ ഉദരത്തിൽ പേറുന്ന എന്റെ പെണ്ണിന് നേരെയാ നീയൊക്കെ കളിച്ചത്.... " അവന്റെ അവസാന വാചകങ്ങൾ ഞെട്ടലോടെയായിരുന്നു

ചിറ്റേഴത്തുള്ളവർ കേട്ടത്. കാരണം അല്ലി ഗർഭിണി ആണെന്ന് അവരറിഞ്ഞത് അപ്പോൾ മാത്രമായിരുന്നു. " വെള്ളത്തിനടിയിൽ വച്ചാണെങ്കിലും ഞാൻ തന്നത് ഇരുപ്പതാ..... നീ കരുതിയോ എന്റെ ജീവിതം ചവിട്ടിയരക്കാനൊരുങ്ങിയ നിന്നെപ്പോലൊരു പിശാചിനെ ഞാൻ കണ്ടില്ലെന്ന് ??? " അവിടെ നിന്നിരുന്ന ഒരാളുടെ അരികിലേക്ക് ചെന്നുകൊണ്ട് ശിവ ചോദിച്ചതും അനന്തനൊഴികെ എല്ലാവരും ഞെട്ടി വിറച്ചു. രുദ്രനും ആദ്യം കാണുന്നത് പോലെ ആ ആളിനെ നോക്കി. ആ നോട്ടത്തിൽ നിന്നും വ്യക്തമായിരുന്നു തന്നേ നിയന്ത്രിച്ചുകൊണ്ടിരുന്ന ആ ശക്തിയെ അയാൾ ആദ്യം കാണുകയായിരുന്നുവെന്ന്.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story