അഗ്‌നിസാക്ഷി: ഭാഗം 23

agnisakshi

എഴുത്തുകാരി: അഭിരാമി അഭി

" വെള്ളത്തിനടിയിൽ വച്ചാണെങ്കിലും ഞാൻ തന്നത് ഇരുപ്പതാ..... നീ കരുതിയോ എന്റെ ജീവിതം ചവിട്ടിയരക്കാനൊരുങ്ങിയ നിന്നെപ്പോലൊരു പിശാചിനെ ഞാൻ കണ്ടില്ലെന്ന് ??? " അവിടെ നിന്നിരുന്ന ഒരാളുടെ അരികിലേക്ക് ചെന്നുകൊണ്ട് ശിവ ചോദിച്ചതും അനന്തനൊഴികെ എല്ലാവരും ഞെട്ടി വിറച്ചു. രുദ്രനും ആദ്യം കാണുന്നത് പോലെ ആ ആളിനെ നോക്കി. ആ നോട്ടത്തിൽ നിന്നും വ്യക്തമായിരുന്നു തന്നേ നിയന്ത്രിച്ചുകൊണ്ടിരുന്ന ആ ശക്തിയെ അയാൾ ആദ്യം കാണുകയായിരുന്നുവെന്ന്... " ശിവാ.... അച്ഛൻ ???? " അതുവരെ തന്റെ കുടുംബത്തിലെ ശത്രുവിനെ തിരിച്ചറിയാൻ കഴിയാതെ തളർന്നിരിക്കുകയായിരുന്ന ദേവൻ ഒരു ഞെട്ടലോടെ ചാടിയെണീറ്റുകൊണ്ട് ശിവയേയും അവന്റെ മുന്നിൽ കുറ്റവാളിയുടെ രൂപത്തിൽ നിന്നിരുന്ന ഈശ്വരവർമയേയും നോക്കി.

പ്രേതത്തേ കണ്ടത് പോലെ വിളറി വെളുത്തിരുന്നു അപ്പോൾ ആ മനുഷ്യന്റെ മുഖം. " അതേ അച്ഛാ..... ഇയാൾ.... ഇയാളാ.... " ഇടർച്ചയോടെ ശിവയത് പറയുമ്പോൾ അവിടെയുണ്ടായിരുന്നവരൊക്കെ ഞെട്ടിത്തരിച്ചിരുന്നു. ഈശ്വരവർമയിൽ മാത്രം ഊന്നി നിന്നിരുന്ന മഹേശ്വരിയമ്മയുടെ വാർദ്ധക്യം ബാധിച്ച മിഴികൾ നനഞ്ഞിരുന്നു. " കുളത്തിന്റെ അടിത്തട്ടിൽ വച്ച് ഞാൻ കണ്ടതാ ഇയാളെ.... ഇയാളുടെ കഴുത്തിലെ ഗരുഡരൂപം. ഇനിയും വിശ്വാസമാകാത്തവർ ദാ നോക്ക്.... " പറഞ്ഞതും വർമയുടെ ഇടതുതോളിൽ കിടന്നിരുന്ന തോർത്തവൻ വലിച്ചെടുത്തു. ആകാംഷയോടെ അങ്ങോട്ട് നോക്കിയവരെല്ലാം കണ്ടു അയാളുടെ മാറിലെ ചവിട്ടേറ്റ് നീരുവന്ന പാട്.

അതിനപ്പുറമൊരു വിശദീകരണമവിടെ നിന്നിരുന്ന ആർക്കും ആവശ്യമുണ്ടായിരുന്നില്ല. ഈശ്വരവർമയെ നോക്കി നിന്നിരുന്ന അലക്സിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. കാരണം അപ്പോഴൊക്കെയും വെള്ളത്തിൽ കിടന്ന് പ്രാണനുവേണ്ടി കേഴുന്ന തന്റെ മകളുടെ മുഖമായിരുന്നു അയാളുടെ ഉള്ളിൽ നിറയെ. ആൽവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. പക്ഷേ അരുതേയെന്ന അപേക്ഷയോടെ ട്രീസയവന്റെ കൈകളിൽ ബലമായി പിടിച്ചിരുന്നു. അതുകൊണ്ട് മാത്രം അവനും വെറും കാഴ്ചക്കാരൻ മാത്രമായി നിന്നു.

" എന്നോടുള്ള പക കൊണ്ടാകാം ഇയാളിതൊക്കെ ചെയ്തതെന്ന് വേണമെങ്കിൽ കരുതാം. പക്ഷേ നിങ്ങൾ..... " രുദ്രനെ ചൂണ്ടി വർമയോടായി പറഞ്ഞ ശിവയുടെ കണ്ഠമൊന്നിടറി. നിങ്ങളുടെ പകയെന്തായിരുന്നു ??? എന്റെ കൈ പിടിച്ചിവിടെ കേറി വന്നത് മുതൽ മുത്തശ്ശാന്നും വിളിച്ച് തന്റെ പിന്നാലെ നടക്കുമായിരുന്നില്ലേ ഇവൾ ??? പറയെടോ എന്തിനായിരുന്നു ആട്ടിൻ തോലണിഞ്ഞൊരു ചെന്നായയെ പോലെ താനിവളെ വേട്ടയാടിയത് ???? " അല്ലിക്ക് നേരെ വിരൽ ചൂണ്ടി അയാളെ പിടിച്ചുകുലുക്കിക്കൊണ്ട്‌ അവൻ ചോദിച്ചു. " നിന്റെ ചോദ്യങ്ങളൊന്നും ഈ ചിറ്റേഴത്ത് ഈശ്വരവർമയുടെ നേർക്ക് വേണ്ട. എന്റെ ശരി ഇതായിരുന്നു.

പിന്നെ ഇതൊക്കെ എന്തിനായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയേണ്ട കാര്യവും എനിക്കില്ല. പിന്നെ എന്റെ നേർക്ക് വിരൽ ചൂണ്ടാനുള്ള നെഞ്ചുറപ്പ് നിനക്ക് വന്നിട്ടില്ല. എന്തിനെയും ചിരിയോടെ നേരിടുന്ന.... സമാധാനപ്രിയനായ മുത്തശനേയെ നീ കണ്ടിട്ടുള്ളു. അതിനുമപ്പുറം എതിര് നിൽക്കുന്നതിനെയൊക്കെ തച്ചുടയ്ക്കുന്ന മറ്റൊരു ഈശ്വരവർമയുണ്ട്. അയാളെ നീയൊന്നും ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ട് മേലിൽ എന്റെ നേർക്ക് നീളരുത് ഇവിടെയാരുടേയും വിരലുകൾ. അരിഞ്ഞുവീഴ്ത്തിയിരിക്കും. അതിനി കൊച്ചുമകനല്ല മക്കളായാലും.... " ജ്വലിക്കുന്ന മുഖഭാവത്തോടെ പറഞ്ഞ അയാളുടെ പുതിയ ഭാവം എല്ലാവർക്കുമൊരത്ഭുതമായിരുന്നു.

പക്ഷേ തോറ്റുകൊടുക്കാൻ ശിവയും ഒരുക്കമായിരുന്നില്ല. അവൻ മുന്നോട്ട് നീങ്ങിയതും രുദ്രന്റെയും അനന്തന്റെയും മുഖത്ത് മാറിമാറിയടിച്ചു. " മര്യാദക്ക് പറഞ്ഞോ എന്തിനായിരുന്നു ഇതൊക്കെ ??? പറഞ്ഞില്ലെങ്കിൽ എന്റല്ലിയെ കൊല്ലാൻ നീയൊക്കെ തീരുമാനിച്ച അതേ കുളത്തിൽ തന്നെ നിന്നെയൊക്കെയും ഞാൻ ചവിട്ടി താഴ്ത്തും. അറിയാല്ലോ ശിവയെ..... " " മോനേ ചെറിയച്ഛനോട്‌ പൊറുക്കെടാ.... സത്യമായും ഇതിന്റെയൊന്നും യഥാർത്ഥ കാരണം എനിക്കറിയില്ലായിരുന്നു. ഞങ്ങൾക്ക് മുകളിൽ ഞങ്ങളുടെ ചലനങ്ങൾ പോലും നിയന്ത്രിക്കുന്ന ഒരാളുണ്ടെന്ന് അറിയാമായിരുന്നെങ്കിലും അതൊരിക്കലും അച്ഛനായിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു.

അനന്തൻ വഴിയായിരുന്നു ഞാൻ പലതും അറിഞ്ഞിരുന്നത്. പിന്നെ എന്നോട് പറഞ്ഞത് കാളിപ്രീതിക്ക് വേണ്ടി അല്ലിയെ ബലി കൊടുക്കുന്നു എന്നാ. അതിന് മുൻപ് അവളൊരിക്കലും നിന്റെ കുഞ്ഞിനെ ഗർഭം ധരിക്കാൻ പാടില്ലെന്നും പറഞ്ഞിരുന്നു. അതിന് വേണ്ടിയാ ലേഖയെ കൊണ്ട് പാലിൽ ഗുളിക ചേർത്ത് തന്നിരുന്നത്. പക്ഷേ ശിവാ എന്റെ മക്കൾ സത്യം ഇന്നത്തേ ഈ സംഭവത്തിൽ എനിക്ക് പങ്കില്ല. ഞാനൊന്നുമറിഞ്ഞിട്ടില്ല. " ശിവയുടെ കാൽചുവട്ടിലേക്ക് ഊർന്നിരുന്ന് ആ കാലുകളിൽ ചുറ്റിപ്പിടികൊണ്ട് രുദ്രൻ കരഞ്ഞുപറഞ്ഞു. എല്ലാം കേട്ട് ശിവ പോലും സ്തംഭിച്ച് നിൽക്കുകയായിരുന്നു. " സ്വന്തം മകനെപ്പോലും ചട്ടുകമാക്കി മാറ്റിയ താനൊക്കെയൊരു മനുഷ്യനാണോഡോ ??? "

രുദ്രനെ തട്ടി മാറ്റി ഈശ്വരവർമയുടെ മുന്നിലേക്ക് ചെന്ന് നിന്നുകൊണ്ട് ശിവ ചോദിച്ചു. " അതിനാരാഡാ എന്റെ മകൻ ??? ഇവനോ ??? അതിന് ഇവന് ജന്മം കൊടുത്തത് ഞാനാണോ ??? ഇവനേ പ്രസവിച്ചത് എന്റെ ഭാര്യയാണോ ??? " വികൃതമായി ചിരിച്ചുകൊണ്ടുള്ള വർമയുടെ ചോദ്യങ്ങൾക്ക് മുന്നിൽ തങ്ങളുടെ ചുറ്റുമുള്ള ലോകം തന്നെ കലങ്ങിമറിയുന്നത് പോലെ തോന്നി അവിടെയുണ്ടായിരുന്നവർക്ക്. അത്രമേൽ ഓരോരുത്തരിലും ആഘാതം സൃഷ്ടിച്ചിരുന്നു ആ വാക്കുകൾ. മഹേശ്വരിയമ്മ മാത്രമൊരു തളർച്ചയോടെ കസേരയിലേക്ക് ഇരുന്നു. " അ..... അച്ഛാ..... " രുദ്രൻ അറിയാതെ വിളിച്ചുപോയി. പക്ഷേ ഈശ്വരവർമയതൊന്ന് ശ്രദ്ധിക്കുക കൂടി ചെയ്തില്ല. " ഞാൻ പറഞ്ഞത് സത്യമാണ്....

ഇവനെന്റെ മകനല്ല. എന്റെ രക്തത്തിൽ പിറന്ന മക്കളുള്ളപ്പൊ ആർക്കോ ജനിച്ചവനെ മകനായി വാഴിക്കണോ ഞാൻ ???? " പുച്ഛത്തോടെ പറഞ്ഞിട്ട് തറയിൽ കിടന്നിരുന്ന തോർത്ത്‌ എടുത്ത് കുടഞ്ഞ് തോളിൽ ഇട്ടുകൊണ്ട് അയാൾ പുറത്തേക്ക് പോകാനൊരുങ്ങി. പെട്ടന്നായിരുന്നു അതുവരെ ചലനമറ്റ് ഇരുന്നിരുന്ന ദേവൻ ചാടിയെണീറ്റ് അയാൾക്ക് കുറുകെ കയറി നിന്നത്. " അങ്ങനെയങ്ങ് പോകാൻ വരട്ടെ നിങ്ങൾക്ക് ജനിച്ചതല്ലെങ്കിൽ പിന്നെ ഇവനെങ്ങനെ എന്റെ അനിയനായെന്ന് പറഞ്ഞിട്ട് പോയാൽ മതി..... അറിയണം എനിക്കത്. എന്തിനായിരുന്നു ഇത്രകാലവും നിങ്ങളീ കളികളൊക്കെ നടത്തിയതെന്ന്..... "

അയാളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്ന് പറയുമ്പോൾ ഉള്ളിലെ നൊമ്പരമയാളുടെ നോട്ടത്തിൽ പോലും വ്യക്തമായിരുന്നു. അത് കണ്ട് വർമ പുച്ഛത്തോടെ ഒന്ന് ചിരിച്ചു. " നിന്റച്ഛന്റെ മുന്നിലിതുപോലെ ഇങ്ങനെ നിൽക്കാനുള്ള തന്റേടം എന്റെ മകൻ കാണിച്ചസ്ഥിതിക്ക് നിനക്കുള്ള മറുപടി ഞാൻ തരാം.... ചിറ്റേഴത്തെ ഈശ്വരവർമയുടെ മകനെന്ന മേൽവിലാസത്തിൽ ഇവൻ ജീവിക്കാൻ കാരണം എന്റെ ഭാര്യ ഒറ്റയൊരുത്തിയാ..... ഇവളുടെ അനിയത്തിടെ മകനാണ് ഇവൻ. കടം കേറി മുടിഞ്ഞൊരു രാത്രി ഇവനെ ബാക്കി വച്ച് അവളും കെട്ടിയവനും കൂടി പുഴയിലേക്ക് ചാടി ജീവിതം അവസാനിപ്പിച്ചു. മൂന്നിന്റന്ന് ഉമ്മറത്ത് കൊണ്ടുവച്ച ശവത്തിന്റെ അടുത്ത് നിന്നും എന്റെ ഭാര്യ ചെന്നെടുത്തതാ ഇവനേ.

അന്ന് മുതൽ ഇവന്റെ തന്ത ഞാനായി. ഒട്ടും താല്പര്യം ഇല്ലാതിരുന്നിട്ടും ഇവളൊരുത്തിയുടെ വാശിക്ക് ഞാൻ വഴങ്ങി. എന്റെ മകനായി തന്നെ ഇവനേ വളർത്തി. ദോഷം പറയരുതല്ലോ എന്റെ രക്തത്തിൽ പിറന്ന മക്കളെക്കാൾ എന്നേ വില വച്ചിരുന്നത് ഇവൻ തന്നെ ആയിരുന്നു. പക്ഷേ അതിനൊരു മാറ്റം വന്നത് എപ്പോഴാണെന്നറിയോ ??? ദാ ഇവളേ അവൻ താലി കെട്ടി ഈ തറവാട്ടിലേക്ക് കെട്ടിയെടുത്തത് മുതൽ. ഇവളുടെ തൊലിവെളുപ്പിന്റെ ലഹരിയിൽ എന്റെ നിയന്ത്രണരേഖ ഭേദിച്ചുതുടങ്ങി ഇവൻ. ക്ഷമിക്കാൻ കഴിയില്ലായിരുന്നു എനിക്ക്..... ഇല്ലാതാക്കി ആ ബന്ധവും ഞാൻ. അവൾ പോലും അറിയാതെ ഈ വിഡ്ഢിയുടെ മുന്നിൽ അവളെ ഞാൻ പിഴച്ചവളാക്കി..... "

പല്ലുകൾ ഞെരിച്ചുടച്ച് അയാൾ പറയുമ്പോൾ ഒരു പിടച്ചിലോടെ മായയിലേക്ക് നോക്കിപ്പോയി രുദ്രൻ. പൊലിഞ്ഞുപോയ തങ്ങളുടെ നല്ല ജീവിതത്തിന്റെ ഓർമകളിൽ അവളുടെ മിഴികളും നിറഞ്ഞൊഴുകിയിരുന്നു. സത്യങ്ങളറിഞ്ഞപ്പോൾ അവളുടെ കാലിലൊന്ന് തൊട്ട് മാപ്പ് പറയാൻ പോലുമുള്ള അർഹത തനിക്കില്ലെന്ന തിരിച്ചറിവിൽ തല കുനിച്ചിരുന്ന് വിമ്മിക്കരഞ്ഞുപോയി അയാൾ. " പക്ഷേ അതുകൊണ്ടൊന്നും എന്റെ പ്രശ്നങ്ങളവസാനിച്ചില്ല.... " വർമ വീണ്ടും പറഞ്ഞുതുടങ്ങി. " എല്ലാം എന്റെ ആഗ്രഹം പോലെയായി വന്നപ്പോഴാണ് ഇവൻ.....

നിന്റെയീ മോൻ ഏതോ ഒരു ക്രിസ്ത്യാനി പെണ്ണിനെ താലി കെട്ടി ഇങ്ങോട്ട് കൊണ്ടുവന്നത്. ഈ തറവാടിന്റെ മേൽ വീഴാൻ പോകുന്ന ഏറ്റവും വലിയ കളങ്കമായിട്ട് കൂടി എല്ലാം ഉള്ളിലൊതുക്കി ഞാൻ ഇവളേ ഇവിടേക്ക് സ്വീകരിച്ചത് ഇവളേയിവിടുത്തെ കെട്ടിലമ്മയായി വാഴിക്കാനല്ല കൊന്ന് തള്ളാൻ തന്നെയാ. പക്ഷേ തുടർച്ചയായ പരാജയങ്ങൾ ആയപ്പോ ഒന്ന് ഞാൻ തീരുമാനിച്ചു. ഇനി നേരിട്ടൊന്നും വേണ്ട എന്നും എന്റെ നെഞ്ചിലെ കരടായിരുന്ന ഇവനേക്കൊണ്ട്‌ അത് ചെയ്യിപ്പികമെന്ന്. കാരണം എനിക്ക് വലുത് ഈ തറവാടിന്റെ അഭിമാനമായിരുന്നു. അതിലുമപ്പുറം നിന്നേ.....

ചിറ്റഴത്ത് ശിവജിത്ത് ദേവപ്രതാപെന്ന എന്റെ കൊച്ചുമകനെ എന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് എന്റെ കൂടെത്തന്നെ വേണമായിരുന്നു എനിക്ക്. അതിനെല്ലാം വേണ്ടി ഇവൾ ഇല്ലാത്തവണമായിരുന്നു. പക്ഷേ രുദ്രനെക്കൊണ്ട്‌ അത് സാധ്യമാകില്ലെന്ന് ഉറപ്പായപ്പോ ഞാൻ തന്നെ അത് നടത്താനും ആ കുറ്റം അവന്റെ തലയിൽ ചാർത്തികൊടുത്ത് അവനെ ഒഴിവാക്കാനും തീരുമാനിച്ച ഇപ്രാവശ്യം ഞാൻ ഇറങ്ങിയത്. പക്ഷേ ശിവാ നീ...... നീ വീണ്ടുമെന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് ഇവളേ രക്ഷിച്ചു..... " പറഞ്ഞവസാനിപ്പിച്ചതും ഈശ്വരവർമയുടെ കരണമൊന്ന് പുകഞ്ഞു. എല്ലാവരും ഒരുനിമിഷമൊന്ന് സ്തംഭിച്ചുപോയി.

അടിയുടെ ആഘാതത്തിൽ മുഖമൊരുവശത്തേക്ക് ചരിഞ്ഞുപോയ വർമ നിവർന്ന് നോക്കുമ്പോൾ കണ്ടത് സംഹാരരുദ്രനെപ്പോലെ നിൽക്കുന്ന അലക്സിനെയായിരുന്നു. " പ്രായം കൊണ്ട് തനിക്കെന്റെ അപ്പന്റെ പ്രായമുണ്ട്. പക്ഷേ ഇത് ഞാൻ തനിക്ക് തന്നില്ലെങ്കിൽ ഞാൻ ഇവളുടെ അപ്പനാണെന്ന് പറയുന്നതിൽ എന്ത് കാര്യം ??? " കരഞ്ഞുതളർന്ന് നിന്നിരുന്ന അല്ലിയെ തന്റെ മാറോട് ചേർത്ത് പിടിക്കുമ്പോൾ അലക്സിന്റെ സ്വരമെവിടെയൊക്കെയോ ഇടറിയിരുന്നു. മിഴികളിൽ നീർ പൊടിഞ്ഞിരുന്നു. അല്ലിയും കണ്ണീരോടെ അയാളോട് ചേർന്ന് നിന്നു. " താനീ ചെയ്തുകൂട്ടിയതിനൊക്കെ തന്നെ വെറുതേ വിടാൻ പാടില്ല.... പക്ഷേ തന്നേപ്പോലൊരു പാഴ്ജന്മത്തേ കൊല്ലാൻ പോലും എനിക്കറപ്പാ.

പക്ഷേ ഇനിയും ഇതുപോലെയുള്ള ചെകുത്താൻമാർക്കിടയിൽ വിട്ടിട്ട് പോകില്ല എന്റെ മോളെ ഞാൻ.... ശിവ നിന്റെ വീട്ടുകാരുടെ ദുരഭിമാനത്തിന് ബലി കൊടുക്കാനുള്ളതല്ല എന്റെ മോളെ.... അതുകൊണ്ട് ഞാനവളെ കൊണ്ടുപോകുവാ. അവളെ വേണമെങ്കിൽ നിനക്കും വരാം.... " പറഞ്ഞിട്ട് അല്ലിയുടെ കയ്യിൽ പിടിച്ചുകൊണ്ട് അയാൾ പുറത്തേക്ക് നടക്കാനൊരുങ്ങി. ശിവയാണെങ്കിൽ പതർച്ചയോടെ നിന്നിടത്ത് തന്നെ നിൽക്കുകയായിരുന്നു. എങ്കിൽ പോലും അയാളെ തടയാൻ അവനും കഴിയുമായിരുന്നില്ല. പക്ഷേ പെട്ടന്നായിരുന്നു അലക്സിന് മുന്നിലൊരു തടസ്സമായി ദേവൻ കടന്നുവന്നത്. ചോദ്യഭാവത്തിൽ അലക്സ്‌ ആ മുഖത്തേക്ക് നോക്കി.

അല്ലിയുടെ നിറഞ്ഞമിഴികളപ്പോഴും ശിവയിൽ തന്നെ ആയിരുന്നു. ദേവൻ പതിയെ അലക്സിന്റെ കയ്യിൽ പിടിച്ച് ആ കൈപ്പിടിയിൽ നിന്നും അല്ലിയെ മോചിപ്പിച്ച് തന്നോട് ചേർത്ത് പിടിച്ചു. " കൊണ്ട് പോകല്ലേഡോ..... വന്നുകയറിയത് മുതൽ ജാതിയും മതവുമൊന്നും നോക്കിയിട്ടില്ല. എന്റെ മകൾ തന്നെയായിരുന്നു. ഇനിയും അതങ്ങനെ തന്നെയാ.....ഇപ്പൊ എന്റെ മോന്റെ കുഞ്ഞിനെ ഉള്ളിൽ പേറുന്നവൾ കൂടിയാ..... എന്റെ മോളേ വേണ്ടാത്തിടത്ത് ഇനി എന്റെ കുടുംബവും ഉണ്ടാവില്ല..... പേര് കേട്ട ചിറ്റേഴത്ത് തറവാടിന്റെയത്ര പ്രൗഡിയൊന്നുമില്ലെങ്കിലും എന്റെ അധ്വാനം കൊണ്ട് ഞാനുണ്ടാക്കിയ ഒരു വീട് എനിക്കുമുണ്ട്.

അത് ഉണ്ടാക്കിയിട്ടിട്ടും കുടുംബത്തിൽ നിന്നുമടർന്ന് മാറാനുള്ള വിഷമം കൊണ്ടാ പിന്നെയും ഇവിടിങ്ങനെ... പക്ഷേ എന്റെ മക്കളുടെ ജീവൻ പോലും തുലാസിലായ സ്ഥിതിക്ക് ഇനിയും ഇറങ്ങാതെ വയ്യ. ഇവളൊരാൾക്ക് വേണ്ടി എന്റെ കുടുംബമൊന്നാകെ ഇറങ്ങുവാ കൊണ്ടുപോകല്ലേഡോ..... " ദേവന്റെ വാക്കുകൾക്ക് മുന്നിൽ തർക്കിക്കാൻ വാക്കുകളൊന്നുമുണ്ടായിരുന്നില്ല അലക്സിൽ. " കൃഷ്ണേ...... മോളെ പ്രിയേ വാ ഇറങ്ങ്.... " പറഞ്ഞിട്ട് അല്ലിയേം കൂട്ടി അയാൾ പുറത്തേക്ക് നടന്നു. " മോനേ ദേവാ...... നാളെ തിരുവോണമായിട്ട് പോകല്ലേ മോനേ.... " അതുവരെ മൗനമായി നിന്നിരുന്ന മഹേശ്വരിയമ്മ വലിയവായിൽ നിലവിളിച്ചുകൊണ്ട് ദേവന്റെ നെഞ്ചിലേക്ക് വീണു.

" വേണ്ടമ്മേ..... എന്റെ മക്കളീ തറവാടിന് കളങ്കം വരുത്തിയവരാ... പക്ഷേ എനിക്കവരെ കൊന്നുകളയാൻ പറ്റില്ലല്ലോ അച്ഛനായിപ്പോയില്ലേ.... അതുകൊണ്ട് ഞങ്ങളിറങ്ങുവാ തടയരുത്..... " അവരെ തന്നിൽ നിന്നും അടർത്തി മാറ്റിക്കൊണ്ട്‌ പറഞ്ഞിട്ട് അയാൾ മുന്നോട്ട് തന്നെ നടന്നു. പിന്നാലെ തന്നെ ശിവയും അല്ലിയും കൃഷ്ണയും പ്രിയയും അലക്സും കുടുംബവും എല്ലാം ഉണ്ടായിരുന്നു. ആ കുടുംബമൊന്നാകെ അകന്ന് പോകുന്നത് നോക്കി നിൽക്കുമ്പോൾ നെഞ്ചിലെന്തോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി വർമക്ക്.

പക്ഷേ അയാളൊന്ന് ചലിക്കുക കൂടി ചെയ്തില്ല. മഹേശ്വരിയൊരു നിലവിളിയോടെ നിലത്തേക്ക് വീണു. " മായേ ഒരുപാട് നോവിച്ചിട്ടുണ്ട്..... എന്റെ കണ്ണ് കാണേണ്ടതൊന്നും കണ്ടില്ല..... ഞാൻ വെറുമൊരു ചാവേറായിരുന്നുവെന്ന് അറിയാൻ വൈകിപ്പോയി.... പൊറുക്കാൻ കഴിയുമോ നിനക്കെന്നോട് ??? " എല്ലാം കണ്ട് നിൽക്കുകയായിരുന്ന രുദ്രൻ പതിയെ എണീറ്റ് മായയുടെ അരികിൽ വന്നുകൊണ്ട് ചോദിച്ചു. " രുദ്രേട്ടാ..... " കുറ്റബോധം കൊണ്ട് അയാളിൽ നിന്ന് ഇറ്റ് വീണ ആ മിഴിനീർ മാത്രം മതിയായിരുന്നു അവൾക്കയാൾ ചെയ്തുപോയതൊക്കെയും മറക്കാൻ. പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ നെഞ്ചിലേക്ക് വീണവളെ ചേർത്ത് പിടിക്കുമ്പോൾ രുദ്രനും കരയുകയായിരുന്നു.

" മായേ ഞാനിന്ന് ചിറ്റേഴത്തേ ഈശ്വരവർമയുടെ മകനല്ല. ആരുമില്ലാത്ത ഒരനാഥനാണ്. ഭാര്യയേം മക്കളേം കൊണ്ടിറങ്ങിയാൽ കാത്തിരിക്കാൻ തെരുവ് മാത്രമേയുള്ളൂ. പക്ഷേ ഇറങ്ങുക തന്നെ നീയുണ്ടാവില്ലെ എന്റെ കൂടെ ??? " " ഞാൻ..... ഞാനുണ്ടാകും രുദ്രേട്ടാ.... എന്നുമുണ്ടാകും..... '' അയാളുടെ ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ട് അവളയാളെ ചേർത്ത് പിടിച്ചു. " വാ മക്കളെ..... " എല്ലാം കണ്ട് നിന്നിരുന്ന ദീപക്കിനെയും ദീപ്തിയേയും ഇരുവശത്തുമായി ചേർത്തുപിടിച്ചുകൊണ്ട് പതിഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു. " മോനെ രുദ്രാ..... " അടുത്ത മകനും പടിയിറങ്ങുന്നത് നോക്കിയിരുന്ന് തേങ്ങലോടെ മഹേശ്വരി വിളിച്ചു.

പക്ഷേ ആ വിളി ശ്രദ്ധിക്കുകപോലും ചെയ്യാതെ ആ വലിയൊവീടിന്റെ പടിയിറങ്ങി എങ്ങോട്ടെന്നില്ലാതെ അയാളും നടന്നു. പിന്നാലെ തന്നെ ലേഖയും ശ്രീദേവും കയറിയ കാറും ആ പഠിപ്പുരകടന്ന് പോയി. അതുവരെ ആളും ബഹളവുമായി കിടന്നിരുന്ന ആ വലിയ തറവാടിനെയാകെ മൗനം ബന്ധിച്ചു. മഹേശ്വരിയിൽ നിന്നും ഉയരുന്ന തേങ്ങലുകൾ മാത്രം ഇടയ്ക്കിടെ അവിടെ പ്രതിധ്വനിച്ചു. എല്ലാം നഷ്ടമായെന്ന തിരിച്ചറിവിൽ തളർച്ചയോടെ സോപാനത്തിണ്ണയിലേക്ക് ഇരിക്കുമ്പോൾ എന്തിനായിരുന്നു ഇതെല്ലാമെന്ന ചോദ്യമായിരുന്നു വർമയുടെ ഉള്ള് മുഴുവൻ............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story