അഗ്‌നിസാക്ഷി: ഭാഗം 4

agnisakshi

എഴുത്തുകാരി: അഭിരാമി അഭി

സകല നൊമ്പരവും പെയ്തൊഴിക്കാനെന്ന പോലെ ഒഴുകിയിറങ്ങിക്കൊണ്ടിരുന്ന മിഴികളെ അമർത്തിത്തുടച്ചുകൊണ്ട് എന്തോ തീരുമാനിച്ചുറച്ചത് പോലെ മായ പതിയെ നിലത്തുനിന്നെണീറ്റു. അവൾ നേരെ ചെന്ന് അലമാര തുറന്ന് അതിൽ നിന്നും മരുന്നുകൾ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കേയ്സ് കയ്യിലെടുത്തു. ധൃതിയിൽ അതിലുണ്ടായിരുന്ന മരുന്ന് സ്ട്രിപ്പുകളും മറ്റും വാരി ടേബിളിന്റെ മുകളിലേക്കവളിട്ടു. ഒടുവിൽ ഏറ്റവും അടിയിൽ ഉണ്ടായിരുന്ന ഒരു ബോട്ടിൽ കണ്ടതും അന്വേഷിച്ചത് കണ്ടെത്തിയ ആവേശത്തിൽ കണ്ണീരിനിടയിലും മായയുടെ മിഴികൾ തിളങ്ങി.

ആ ബോട്ടിൽ കയ്യിലെടുത്തിട്ട് ബാക്കി മരുന്നുകളൊക്കെയും തിരികെ വച്ചിട്ട്‌ കയ്യിലിരുന്ന സ്ലീപ്പിംഗ് പിൽസൊന്നാകെ കയ്യിലേക്ക് കുടഞ്ഞിട്ട് ഒരു നിമിഷം മായ അതിലേക്ക് തന്നെ നോക്കിയിരുന്നു. ആ ഒരു നിമിഷം കൊണ്ട് തന്നെ ഇരുപത്തിയഞ്ച് കൊല്ലം കൊണ്ട് അനുഭവിച്ചുതീർത്ത ദുരിതം മുഴുവൻ അവരുടെ ഓർമ്മകളിലേക്കെത്തി. ഒപ്പം വിവാഹശേഷം രുദ്രന്റെ കയ്യും പിടിച്ച് ആദ്യമായി ഈ തറവാട്ടിലേക്ക് വലതുകാൽ വച്ച് കയറിയതും ദീപക്കിനും ദീപ്തിക്കും ജന്മം നൽകിയതുമൊക്കെ അവളിലൊരു നേർത്ത പുഞ്ചിരി വിടർത്തി. മക്കളുടെ മുഖം ഓർമ്മയിലേക്കോടിയെത്തിയതും നെഞ്ച് വിങ്ങുന്നത് പോലെ തോന്നി മായക്ക്. " അമ്മയോട് പൊറുക്ക് മക്കളേ....

ഇതുവരെ എന്റെ ഹൃദയത്തിന്റെ തന്നെ ഭാഗമായ നിങ്ങളെ മാത്രമോർത്തിട്ടാ അമ്മയീ ജീവിതമിങ്ങനെ വലിച്ചുനീട്ടിയത്. പക്ഷേ..... പക്ഷേയിനി വയ്യ.... സഹിച്ചുമതിയായി...... " ചുവരിൽ തൂക്കിയിരുന്ന ദീപക്കിനും ദീപ്തിക്കുമൊപ്പമുള്ള തന്റെ ചിത്രത്തിലേക്ക് നോക്കി നേർത്ത സ്വരത്തിൽ പറയുമ്പോൾ കരഞ്ഞുപോയിരുന്നു അവൾ. ഇനിയും വൈകിയാൽ തന്റെ തീരുമാനം മാറിപ്പോയാലോ എന്ന് തോന്നിയ നിമിഷം കൈക്കുമ്പിളിലിരുന്നിരുന്ന ഗുളികകളൊന്നാകെ വായിലേക്കടുപ്പിച്ചു. അതേ നിമിഷം തന്നെയായിരുന്നു പുറത്ത് ആരുടെയോ കാൽപ്പെരുമാറ്റം കേട്ടത്. " ചെറിയമ്മേ..... "

വാതിലിന്റെ ഹാൻഡിൽ തിരിയുന്നതിനൊപ്പം പുറത്തുനിന്നും അല്ലിയുടെ വിളി കേട്ടതും മായ ഒന്ന് ഞെട്ടി. " അഹ്.... ആഹ് മോളെ.... " കയ്യിലിരുന്ന ടാബ്ലെറ്റ് മുഴുവൻ ബെഡിനരികിലിരുന്ന വേസ്റ്റ് ബിന്നിലേക്ക് ഇട്ട് മിഴികൾ തുടച്ചുകൊണ്ട് അവൾ വിളി കേട്ടപ്പോഴേക്കും അല്ലി വാതിലകത്തേക്ക് തുറന്നിരുന്നു. " ഞാനങ്ങോട്ട് വന്നോട്ടെ ചെറിയമ്മേ ???? " അകത്തേക്ക് തല നീട്ടി നിഷ്കളങ്കമായ പുഞ്ചിരിയോടെ ചോദിക്കുന്നവളെ കണ്ട് മായ വാത്സല്യത്തോടെ ചിരിച്ചു. " കേറിവാടീ കാന്താരി..... "

" ചെറിയമ്മയെന്താ കരയുവാരുന്നോ ??. മുഖമൊക്കെ വല്ലാതെ ??? " വിളിച്ചതും അകത്തേക്ക് വന്നവളുടെ അടുത്തിരുന്നുകൊണ്ട് അല്ലി ചോദിച്ചത് കേട്ട് മായയൊന്ന് വിളറി. ഒരുനിമിഷമവൾക്കെന്ത് മറുപടി കൊടുക്കുമെന്നറിയാതെ ഒന്ന് വിളറിയിരുന്നിട്ട് വേഗം തന്നെ അവളൊരു പുഞ്ചിരിയെടുത്തണിഞ്ഞു. " ഏയ് ഇല്ലല്ലോ..... ചെറിയൊരു തലവേദനയുണ്ട് ചിലപ്പോൾ അതിന്റെയാവും....." അല്ലിക്ക് മുഖം കൊടുക്കാതെ അവൾ പറഞ്ഞു. " എന്നാപ്പിന്നെ ചെറിയമ്മ കിടക്ക് ഞാൻ തല മസാജ് ചെയ്തുതരാം..... "

" ഓഹ് അതൊന്നും വേണ്ടെഡാ..... ഇപ്പൊ കിടക്കാനൊന്നും സമയമില്ല. ഒരുപാട് പണിയുണ്ട്..... " മായ പറഞ്ഞുവെങ്കിലും അല്ലി വിടാൻ ഭാവമില്ലായിരുന്നു. " ദേ മായക്കൊച്ചേ മര്യാദക്കിവിടെ കിടന്നോ അല്ലേ ഞാനീ ചെവി പൊന്നാക്കും..... " പറഞ്ഞുകഴിഞ്ഞതും എന്തോ അബദ്ധം പറ്റിയത് പോലെ നാക്ക് കടിച്ച് കണ്ണടച്ചുകൊണ്ട് ഇരിക്കുന്ന അല്ലിയേ കണ്ടപ്പോ മായ അറിയാതെ ചിരിച്ചുപോയിരുന്നു. " മ്മ്ഹ്ഹ് എന്തുപറ്റി ??? " " സോറി ചെറിയമ്മേ..... ഞാൻ പെട്ടന്ന്..... എന്റെ മമ്മിയുടെ അടുത്താണെന്ന് തോന്നിപ്പോയി..... "

വിഷാദഭാവത്തിൽ അവൾ പറഞ്ഞതും അരുമയായവളുടെ നെറുകയിൽ തലോടിക്കൊണ്ട്‌ മായയവളെ ചേർത്തുപിടിച്ചു. " അതിനെന്താടാ ഞങ്ങളും നിന്റെ അമ്മമാര് തന്നല്ലേ ???? " " ചെറിയമ്മേ....." മായ പറഞ്ഞുനിർത്തിയതും അല്ലിയവളെ ഇറുകെ പുണർന്നുകൊണ്ട് ആ മാറിലേക്ക് മുഖം പൂഴ്ത്തി. വല്ലാത്തൊരു വാത്സല്യത്തോടെ മായയും അവളെ ചേർത്തുപിടിച്ച് തലോടി. ആ സമയം എല്ലാ വേദനകളും മറന്ന് ഒരമ്മമനം മാത്രമായിരുന്നു മായ. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

അന്ന് രാത്രി മായയും കൃഷ്ണയും ചേർന്ന് ഒരുക്കിയാണ് അല്ലിയേ ശിവയുടെ മുറിയിലേക്ക് കൊണ്ടുചെന്നാക്കിയത്. അകത്തേക്ക് പോകും മുന്നേ ഒരു ഗ്ലാസ്‌ പാലും അവളുടെ കയ്യിൽ വച്ചുകൊടുത്തു. " എന്തിനാ അമ്മേ ഇതൊക്കെ ?? എനിക്ക് നാണം വരുന്നു...." മുറിയിലേക്ക് കയറും മുന്നേ ചിണുങ്ങിക്കൊണ്ട്‌ അല്ലി പറഞ്ഞത് കേട്ട് കൃഷ്ണയും മായയും പരസ്പരം നോക്കി ചിരിച്ചു. " അയ്യോടാ ഒരു നാണക്കാരി വന്നേക്കുന്നു.... നിന്ന് കുണുങ്ങാതെ ചെല്ലെടി കുറുമ്പിപ്പാറൂ..... അല്ലേലെ നിന്റെയാ കുരുത്തംകെട്ട കെട്ടിയോനിങ്ങോട്ട് വരും.... " " ഒന്ന് പോ അമ്മേ കളിയാക്കാതെ..... " കൃഷ്ണയുടെ കവിളിൽ പതിയെ ഒന്ന് നുള്ളിക്കൊണ്ട്‌ പറഞ്ഞിട്ട് അല്ലിയോടി അകത്തേക്ക് കയറി വാതിലടച്ചു.

അപ്പോഴവളുടെ മുഖം വല്ലാതെ ചുവന്നുതുടുത്തിരുന്നു. അതെസമയം തന്നെയായിരുന്നു അവൾ നിന്നിരുന്നതിന് ഓപ്പോസിറ്റായുണ്ടായിരുന്ന മറ്റൊരു വാതിൽ തുറന്ന് ശിവയകത്തേക്ക് വന്നത്. അകത്തേക്ക് വന്നതും വാതിലിൽ ചാരി നിന്നിരുന്ന അല്ലിയെക്കണ്ട് അവനറിയാതെ ചിരിച്ചുപോയി. " മ്മ്ഹ്ഹ്..... എന്താ ഇത്ര ചിരിക്കാൻ ??" അവന്റെ നോട്ടവും ചിരിയും കണ്ട് ചുണ്ട് കൂർപ്പിച്ചുകൊണ്ട് അവൾ ചോദിച്ചു. പക്ഷേ അവനത് മൈൻഡ് ചെയ്യാതെ വീണ്ടും ചിരിച്ചു. അതുകൂടി കണ്ടതും അല്ലിയാകെ കലിപ്പായി അവൾ ദേഷ്യത്തിൽ ചവിട്ടിക്കുലുക്കിക്കൊണ്ടവനെ മറികടന്ന് കയ്യിലിരുന്ന പാൽ ടേബിളിലേക്ക് വച്ചു.

പക്ഷേ പെട്ടന്നായിരുന്നു ശിവയവളുടെ അരികിലേക്ക് വന്നതും ഇരുകൈകളുമവളുടെ അരക്കെട്ടിൽ ചുറ്റിയതും. ആദ്യമൊന്ന് പിടഞ്ഞുവെങ്കിലും അവൾ വേഗത്തിൽ ആ കൈകൾക്കുള്ളിൽ നിന്നും പുറത്തുകടന്നു. " ആ പൂതിയങ്ങ് മനസ്സിൽ വച്ചോ..... ഇതുവരെ ഇളിക്കുവല്ലാരുന്നോ ഇനീം ഇളിക്ക്.... " അവനെ പിന്നിലേക്ക് തള്ളിമാറ്റി ബെഡിൽ കയറി ചമ്രം പടഞ്ഞിരുന്നുകൊണ്ട് അവൾ പറഞ്ഞു. " അയ്യോടി അങ്ങനെ കടുത്തതീരുമാനങ്ങളൊന്നുമെടുത്തുകളയല്ലേഡീ അച്ചായത്തീ......

ഫസ്റ്റ് നൈറ്റിന് പകരം ഫസ്റ്റ് മോർണിങ്ങാഘോഷിച്ചിട്ടിരിക്കുന്ന എന്റെ മുന്നിലോട്ട് നീയീ വന്നുകയറിയ കോലം കണ്ടിട്ട് ഞാൻ പിന്നെ ചിരിക്കാതെന്ത് ചെയ്യാൻ??? " പറഞ്ഞതും അവളുടെ ഇടുപ്പിൽ കൈചേർത്ത് ഇരുന്നയിരുപ്പിൽ തന്നവളെ എടുത്തുയർത്തിയിരുന്നു ശിവ. " ശിവേട്ടാ ഇതെങ്ങോട്ട് കൊണ്ടോകുവാ ???? " " ഇവിടുന്നങ്ങ് താഴോട്ടിടാൻ പോവാ.... " താൻ കയറിവന്ന വാതിൽ കടക്കുമ്പോൾ ഒരു കുസൃതിച്ചിരിയോടെ ശിവ പറഞ്ഞു. " എന്നാപ്പിന്നെ നമുക്കൊന്നിച്ചങ്ങ് പോകാം... "

പറഞ്ഞതും അല്ലിയവന്റെ കഴുത്തിലൂടെ ഇരുകൈകൾ കൊണ്ടും ചുറ്റിപ്പിടിച്ചിരുന്നു. റൂമിൽ നിന്നും അവർ ചെന്നിറങ്ങിയത് പഴയ മാതൃകയിലുള്ള ഒരു കുഞ്ഞ് ബാൽക്കണിയിലേക്കായിരുന്നു. തടികൊണ്ട് നിർമ്മിച്ച സോപാനവും ചിത്രപ്പണികൾ ചെയ്ത തൂണുകളുമെല്ലാം അതിന്റെ പ്രത്യേകതകളായിരുന്നു. അവിടേക്കിറങ്ങിയതും പാരിജാതമണമുള്ള കാറ്റവരെ വന്ന് പൊതിയുന്നുണ്ടായിരുന്നു. അല്ലിയുടെ മിഴികൾ അവിടമാകെ ഓടി നടക്കുന്നത് ശ്രദ്ധിച്ചുകൊണ്ട് തന്നെ അവളെയും മടിയിൽ വച്ചുകൊണ്ട് ശിവയവിടേക്കിരുന്നു.

വല്ലാത്ത കുളിര് തോന്നിയ അവളവനെ ഒന്നുകൂടി ഇറുകെ പുണർന്നുകൊണ്ട് ഷർട്ടൽപ്പം മാറ്റി ആ വിരിഞ്ഞമാറിലേക്ക് കവിൾ ചേർത്തുവച്ചു. ശിവയും അവളുടെ നഗ്നമായ വയറിന് കവചമാകാനെന്നപോൽ ആ ആ വയറിൽ തഴുകിക്കൊണ്ടിരുന്നു. അവന്റെ നെഞ്ചിന്റെയും കൈകളുടെയും ചൂടിൽ വായുവിലെ സുഗന്ധവും ശ്വസിച്ചുകൊണ്ട് അവളങ്ങനെയിരുന്നു. ഇരുവരും പരസ്പരമൊന്നും തന്നെ സംസാരിക്കുന്നുണ്ടായിരുന്നില്ല എങ്കിൽ പോലും ഹൃദയം കൊണ്ടൊരായിരം കഥകൾ കൈമാറിയിരുന്നു അപ്പോഴേക്കും. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 " എന്നാ ഇച്ചായാ ഇത് ??? ഇനിയുമിങ്ങനെ വിഷമിച്ചിരുന്നിട്ടെന്താ ?? "

പള്ളിയിൽ നിന്നിറങ്ങിവരുന്ന പടിക്കെട്ടുകളിൽ തല കുനിച്ചിരിക്കുകയായിരുന്ന ആൽവിന്റെ അരികിലേക്ക് വന്നിരുന്ന് ആ കൈത്തണ്ടയിൽ തൊട്ടുകൊണ്ട് ട്രീസ ചോദിച്ചു. " എന്റല്ലി.....എന്നാലും അവളിങ്ങനെ ചെയ്തുകളഞ്ഞല്ലോഡീ ഞങ്ങളോട്... " ആ കൈകളെ ചേർത്തുപിടിച്ചുകൊണ്ട് കലങ്ങിയ കണ്ണുകളോടവളെ നോക്കി ആൽവിൻ ചോദിക്കുന്നത് കേട്ട് ട്രീസയൊന്ന് ചിരിച്ചു. " ഇച്ചായാ ഞാനൊരു കാര്യം പറഞ്ഞാൽ പതിവ് പോലെന്നോട് ദേഷ്യപ്പെടരുത്..... "

മുഖവുരയോടെ അവൾ പറഞ്ഞുതുടങ്ങുമ്പോൾ ആ മുഖത്ത് തന്നെയായിരുന്നു ആൽവിന്റെ നോട്ടം. " ഇപ്പൊ ഇച്ചായനോഡീ ചേർന്നിരിക്കുന്ന എന്റെ കെട്ട് മറ്റൊരുത്തന്റെ കൂടെ ഉറപ്പിച്ചാൽ എന്തായിരിക്കും ഇച്ചായന്റെ അവസ്ഥ???? " " അത്.....ഞാൻ.... പിന്നെ..... " അവളുടെ ചോദ്യത്തിന്റെ ഉദ്ദേശം മനസ്സിലായതും ആൽവിയൊന്ന് പതറി. വാക്കുകൾ കിട്ടാതെ അവളിൽ നിന്നും നോട്ടം മാറ്റി മറ്റെങ്ങോട്ടൊ നോക്കിയിരുന്നവൻ. " ഓർക്കാൻ പോലും പറ്റുന്നില്ല അല്ലേ ???

അപ്പോൾ അതേയവസ്ഥയിലൂടെ ആയിരുന്നില്ലേ ഇച്ചായാ അല്ലിയും കടന്നുപോയിരുന്നത്. മൂന്നുകൊല്ലമായി അവൾ ഹൃദയത്തിൽ പേറിയിരുന്നവനെയല്ലേ നിങ്ങളപ്പനും മോനും കൂടി പിഴുതെറിയാൻ നോക്കിയത് ??? അപ്പൊ അവൾക്കെന്തോരം നൊന്തുകാണുമെന്ന് ഇച്ചായനോർത്തോ ??? ഇച്ചായന്റേം ഡാഡിടേം കാല് പിടിച്ചവൾ പറഞ്ഞതല്ലേ ശിവേ മറക്കാനവൾക്ക് പറ്റില്ലെന്ന്..... അപ്പോ നിങ്ങൾക് സ്വന്തം പെങ്ങടെ സന്തോഷത്തേക്കാൾ വലുതായി തോന്നിയത് പള്ളിയും പട്ടക്കാരുമൊക്കെയാ......

അവൾക്ക് ഇങ്ങനെ ഒരു ബന്ധം ഉണ്ടെന്ന് ആരോടും പറയാതിരുന്നിട്ട് ഇങ്ങനെയൊക്കെ ചെയ്താൽ അവളുടെ ഭാഗത്ത് തെറ്റുണ്ട്. ഇതിപ്പോ അങ്ങനെ അല്ലല്ലോ ആൽവിച്ചാ.... ഈ ഒരവസ്തയിലേക്ക് അവളെ കൊണ്ടെത്തിച്ചതല്ലേ നിങ്ങള് ???? " ട്രീസ ചോദിച്ചതിനൊന്നും ആൽവിയുടെ കയ്യിൽ മറുപടിയുണ്ടായിരുന്നില്ല. കാരണം അവൾ പറഞ്ഞതൊക്കെ സത്യമാണെന്ന ബോധ്യം അവനിലേക്കും വന്ന് തുടങ്ങിയിരുന്നു. " എനിക്ക് പറ്റാഞ്ഞിട്ടാ ഇച്ചാച്ചാ.....ശിവേട്ടനെ.... ശിവേട്ടനെ മറക്കാൻ എന്നോട് പറയല്ലേ ഇച്ചാച്ചാ....."

തന്റെ കാൽക്കീഴിലേക്ക് വീണുപൊട്ടിക്കരയുന്ന അല്ലിയുടെ മുഖം ഒരു നിമിഷമവന്റെ ഓർമ്മയിലേക്കോടിയെത്തിയതും കണ്ണടച്ച് തല കുടഞ്ഞു ആൽവി. " വിഷമിക്കല്ലേ ഇച്ചായാ.... ഞാൻ കുറ്റപ്പെടുത്തിയതല്ല. അവളുടെ ഭാഗം കൂടി ചിന്തിക്കണമെന്ന് പറഞ്ഞതാ.....അല്ലെങ്കിൽ തന്നെ ഒരു ഹിന്ദുപ്പയ്യനാണെന്നതൊഴിച്ചാൽ ശിവയ്ക്കെന്നതാ ഇച്ചായാ ഒരു കുറവ് ??? നല്ലൊരു കുടുംബമില്ലേ..... ജോലിയില്ലേ..... നമ്മുടല്ലിയേ അന്തസായി നോക്കാനുള്ള കഴിവില്ലേ ????

എല്ലാത്തിലുമുപരി അവനിലാണ് അവളുടെ സന്തോഷം അതല്ലേ ഇച്ചായാ ഏറ്റവും വലിയ കാര്യം..... " കുറ്റബോധം കൊണ്ട് നിറഞ്ഞ അവന്റെ കണ്ണിലേക്ക് നോക്കി അവൾ പറഞ്ഞു. മറുപടിയൊന്നും പറയാതെ അവനൊന്ന് മൂളുക മാത്രം ചെയ്തു. " നീ വാ നിന്നെ വീട്ടിൽ വിട്ടിട്ട് എനിക്ക് എസ്റ്റേറ്റിൽ വരെയൊന്ന് പോണം..... " ചൂണ്ടുവിരലും തള്ളവിരലും ചേർത്ത് കണ്ണുകളമർത്തിത്തുടച്ചുകൊണ്ട് എണീക്കുമ്പോൾ ആൽവിൻ പറഞ്ഞു. ഇനിയുമൊന്നും പറയേണ്ടെന്ന് കരുതി ട്രീസയും എണീറ്റ് അവനൊപ്പം ചെന്നു. കാറിൽ ഇരിക്കുമ്പോൾ പരസ്പരമൊന്നും സംസാരിച്ചിരുന്നില്ലെങ്കിലും ആൽവിന്റെ ഉള്ളിലെ തീയുടെ ചൂട് അവൾ തിരിച്ചറിഞ്ഞിരുന്നു........തുടരും………

അഗ്നിസാക്ഷി : ഭാഗം 3

Share this story