അഗ്‌നിസാക്ഷി: ഭാഗം 6

agnisakshi

എഴുത്തുകാരി: അഭിരാമി അഭി

" എന്റെ കുഞ്ഞിന് ക്ഷീണം വല്ലതുമുണ്ടോഡാ ??? അവൾക്ക് വിഷമമൊന്നുല്ലല്ലോ ??? " " ഓഹ് ഇവിടുന്ന് പോയിട്ടിപ്പോ മൂന്ന് ദിവസമല്ലേ ആയുള്ളെന്റമ്മച്ചി അതിനിടയ്ക്കവക്കെന്നാ ക്ഷീണമുണ്ടാകാനാ ??? പിന്നെ നമ്മളൊക്കെ ഇല്ലെന്നൊഴിച്ചാൽ ഒരു വിഷമങ്ങളുമില്ലവൾക്ക്..... " തന്റെ മടിയിൽ തല വച്ച് കിടന്നിരുന്ന ആൽവിയുടെ തലമുടിയിലൂടെ വിരലോടിച്ചുകൊണ്ടുള്ള റോസമ്മയുടെ ചോദ്യം കേട്ട് ഒരു ചിരിയോടെ അവൻ പറഞ്ഞു. " അല്ലേലും ആ കൊച്ചൻ നല്ലവനാടാ അവനൊരിക്കലും നമ്മടെ മോളെ കരയിക്കില്ല...... " " ഏഹ്.... അത് അമ്മാമ്മച്ചിക്കെങ്ങനെയറിയാം ???? അമ്മാമ്മച്ചി കണ്ടിട്ടുണ്ടോ ശിവേ ???? " തല ഉയർത്തി റോസമ്മയുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു.

" നിനക്കെന്നതാഡാ ചെറുക്കാ ഞാനെങ്ങനെ കാണാനാ ??? പിന്നെ നമ്മടെ അല്ലിമോളവനെ മാത്രം മതിയെന്നും പറഞ്ഞൊറ്റക്കാലിൽ നിക്കണോങ്കിൽ അങ്ങനെ ഒരുത്തനായിരിക്കണമല്ലോന്നോർത്തങ്ങ് പറഞ്ഞതാ ഞാൻ.... " " മ്മ്ഹ്.... മ്മ്ഹ്..... " ഒന്നമർത്തി മൂളി വീണ്ടും തല ചായ്ച്ചവൻ കിടക്കുമ്പോൾ നാളുകൾക്ക് മുൻപ് അല്ലിക്കൊപ്പം ശിവയേ കണ്ടദിവസമോർത്ത് ഊറിച്ചിരിക്കുകയായിരുന്നു റോസമ്മ. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 രാത്രി ശിവ വരുമ്പോൾ ബാൽക്കണിയിൽ നിൽക്കുന്ന അല്ലിയേയാണ് കണ്ടത്. ഒരു ചെറുചിരിയോടെ ഡ്രസ്സൊക്കെ മാറ്റി അവനും അങ്ങോട്ട് ചെന്നു. " ആ ശിവേട്ടനെപ്പോ വന്നു ??? "

അവനരികിലേക്ക് ചെന്നതും അവന്റെ നേർക്ക് തിരിഞ്ഞുകൊണ്ട് അവൾ ചോദിച്ചു. " ഞാനിപ്പോ വന്നേയുള്ളൂ.... എന്തുപറ്റി പരിസരം മറന്നൊരാലോചന ??? " " അതൊക്കെയുണ്ട് ഞാനിന്ന് ഭയങ്കര സന്തോഷത്തിലാ.... " ഓടിവന്നവനെ കെട്ടിപിടിച്ചുകൊണ്ട് നിറചിരിയാലേ അവൾ പറഞ്ഞു. കാര്യമൊന്നും മനസ്സിലായില്ല എങ്കിൽ പോലും ശിവയും അവളെ ചേർത്തുപിടിച്ചു. " ഞാനിന്ന് പള്ളിയിൽ വച്ച് ഇച്ചാച്ചനെ കണ്ടു..... " " എന്നിട്ടെന്നാ കുടുംബപ്പേര് കളഞ്ഞ് എന്റെ കൂടെ ചാടിപ്പോന്നെന്നും പറഞ്ഞ് പരസ്യമായവൻ പുളിച്ചതെറി വിളിച്ചുകാണും.... " അവളുടെ പറച്ചിൽ കേട്ട് കളിയാക്കിച്ചിരിച്ചുകൊണ്ട് അവൻ പറഞ്ഞത് കേട്ട് അല്ലിയവനെ കൂർപ്പിച്ചുനോക്കി.

" ഒന്ന് പോ ശിവേട്ടാ...... ഇതതൊന്നുമല്ല. ഇച്ചനാകെ വിഷമത്തിലായിരുന്നു. എന്നോട് മാപ്പൊക്കെ പറഞ്ഞു. എന്നേ കെട്ടിപിടിച്ചുകരഞ്ഞു. എന്നിട്ട് ഷോപ്പിങ്ങിനും കൊണ്ടുപോയിട്ടാ ഇവിടെ കൊണ്ടാക്കിയേ " സന്തോഷത്തോടെയുള്ള അവളുടെ വാക്കുകൾ കേട്ട് തെല്ലൊരമ്പരപ്പ് തോന്നാതിരുന്നില്ല ശിവയ്ക്ക്. " എടി നീയിതെന്റളിയനെപ്പറ്റി തന്നാണോ പറയുന്നേ ???? അതോ നീയിനി വല്ല സ്വപ്നോം കണ്ടോ ???? " " ഓഹ് ഞാൻ സത്യാ പറഞ്ഞതേട്ടാ.... സംശയമുണ്ടേൽ ദാ നോക്ക് ഇതൊക്കെ ഇച്ചാച്ചൻ വാങ്ങിത്തന്നതാ....

" പിന്നെയും സംശയം മാറാതെ നിൽക്കുന്ന ശിവയുടെ മുന്നിലേക്ക് ആൽവി വാങ്ങികൊടുത്ത സാധനങ്ങളൊക്കെ എടുത്തിട്ടുകൊണ്ട് അവൾ പറഞ്ഞു. " അയ്യേ ഇത്രേയുള്ളൊ നിന്റെ ആങ്ങള??? അവനെന്നാ ആങ്ങളയാടി ???? കെട്ടിന്റന്ന് കാമുകന്റെ കൂടെ ഇറങ്ങിപ്പോയ പെങ്ങളേം കൊണ്ട് മൂന്നിന്റന്ന് ഷോപ്പിങ്ങിന് പോയേക്കുന്നു. ഛേ..... ആങ്ങളമാരുടെ വിലയവൻ കളഞ്ഞില്ലേ.... " " പിന്നെ പൊന്നുമോനെന്നതാ വിചാരിച്ചത് എന്നുമെന്റെ വീട്ടുകാരെന്നേയങ്ങ് തള്ളിക്കളഞ്ഞേക്കുമെന്നോ ??? ഞാനെ ആരാമത്ത് അലക്സ്‌ ജോസഫിന്റെ ഓമനപുത്രിയാ. എന്തിനും പോന്ന എന്റെ ഇച്ചായന്റെ ഒരേയൊരു പെങ്ങൾ. അതുകൊണ്ട് എന്നോട് കളിക്കുന്നത് സൂക്ഷിച്ചുമതി.

അല്ലേലെ ചിറ്റഴത്തെ താന്തോന്നി വിവരമറിയും. " " ഓഹോ അങ്ങനെയാണോ ???? " " ആഹ് അങ്ങനെയാ.... " ഇട്ടിരുന്ന ടോപ്പിന്റെ കഴുത്തൽപ്പം ഉയർത്തി ജാഡയിൽ പറയുന്ന. അവളെയൊരു ചിരിയോടെ നോക്കിയിരുന്നുകൊണ്ട് അവൻ ചോദിച്ചു. " അപ്പോൾ ഇച്ചായനേം ഡാഡിയേമൊക്കെ കിട്ടിയാൽ ഞാൻ ഔട്ടാകുമല്ലേ ??? " പെട്ടന്നൊരു കുസൃതി തോന്നി വെറുതെ അവളെയൊന്ന് ചൊടിപ്പിക്കാമെന്ന് കരുതി മുഖത്തൊരു വാട്ടം വരുത്തി അവൻ പറഞ്ഞു. പക്ഷേ പെട്ടന്ന് അവളുടെ മുഖം മങ്ങി. ഒരു വല്ലായ്മയോടവളോടിവന്നവന്റെ മടിയിലേക്കിരുന്നവനെ കെട്ടിപിടിച്ചു. "

ആരൊക്കെയുണ്ടായാലും ഈ നെഞ്ചിൽ ദേ ഇങ്ങനെ ഈ കൈക്കുള്ളിലൊതുങ്ങിയിരിക്കുമ്പോഴത്തെ സന്തോഷം എനിക്ക് വേറെവിടെകിട്ടും ???? " അവന്റെ കണ്ണുകളിലേക്ക് നോക്കി ആർദ്രമായി ചോദിച്ച അവളുടെ ഭാവം കണ്ടതും ശിവയൊന്ന് വല്ലാതെയായി. " അല്ലു....ഡാ.... ഞാനങ്ങനെയൊന്നും... " " അച്ചോടാ എന്റെ കെട്ടിയോൻ സെന്റിയായൊ ??? ഞാൻ ഇങ്ങനൊക്കെ പറയുമെന്ന് വിചാരിച്ചോ ??? വിട് മനുഷ്യാ അങ്ങോട്ട്.... എനിക്കേ എന്റെ ഡാഡിയും ഇച്ചായനും കഴിഞ്ഞേയുള്ളു ഏത് കോന്തനായാലും.... "

പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് അവന്റെ താടിയിൽ പിടിച്ചൊന്ന് വലിച്ചിട്ട് തന്നേയടക്കിപ്പിടിച്ചിരുന്ന അവന്റെ കൈ തട്ടിമാറ്റിക്കൊണ്ട്‌ അവളെണീറ്റു. " ആരാടി കോന്തൻ ??? " " നോ ഡൗട് ഇറ്റ്സ് യൂ ബേബി.... " അവന്റെ മൂക്കിൽ തൊട്ടുകൊണ്ട് പറഞ്ഞിട്ട് ചിരിച്ചുകൊണ്ടവളകത്തേക്ക് നടന്നു. " എന്റെ കർത്താവേ ഇമ്മാതിരി ഒരെണ്ണത്തിനെ മാത്രേ നീ സൃഷ്ടിച്ചിട്ടുള്ളല്ലോ അല്ലേ??? അതിനെത്തന്നെ കൃത്യമായി എന്റെ നെഞ്ചത്തും വച്ചുതന്നു. " അവളുടെ പോക്ക് നോക്കിയിരുന്നൊരു പ്ലിങ്ങിയ ചിരിയോടെ മുകളിലേക്ക് നോക്കി അവൻ പറഞ്ഞു. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

" ഇപ്പൊ എങ്ങനെയുണ്ട് വല്യച്ചാ ഞാൻ പറഞ്ഞത് ??? " രാത്രി പുറത്തെ വലിയ മാവിൻചുവട്ടിലിരുന്ന് കേശവന്റെ കയ്യിലെ ഗ്ലാസിലേക്ക് വീണ്ടും മദ്യം നിറച്ചുകൊണ്ട് രുദ്രൻ ചോദിച്ചു. " ങും..... ഈ കേശവന്റെ മുഖത്ത് നോക്കി ഇന്നുവരെയാരും ഇമ്മാതിരി ധിക്കാരം പറഞ്ഞിട്ടില്ല. എന്നിട്ട് ഇന്നലെ കേറിവന്നൊരു നത്തോലിപ്പെണ്ണ് എന്നേ അടിച്ചിരുത്തിക്കളഞ്ഞു. പൊറുക്കില്ല ഞാനവളോട്.... പരദേവതകളും നാഗങ്ങളും കുടിയിരിക്കുന്ന ഈ തറവാടിനെ ഒരന്യജാതിക്കാരിയെ വാഴിച്ചശുദ്ധമാക്കാൻ ഞാനനുവദിക്കുമെന്ന് കരുതുന്നുണ്ടോ രുദ്രാ നീ ???? " ഗ്ലാസിലെ മദ്യം ഒരുകറക്ക് കറക്കി വായിലേക്ക് കമഴ്ത്തി നെഞ്ചൊന്ന് തടവിക്കൊണ്ട്‌ കേശവൻ ചോദിച്ചു.

" പക്ഷേ അവളിവിടുത്തെ ഒരാശ്രിതയൊന്നുമല്ല എന്നത് വല്യച്ചൻ മറക്കരുത്. അവൾ ശിവയുടെ പെണ്ണാണ്. അവളുടെ നേർക്കൊരു ചെറുവിരൽ ചലിപ്പിക്കുന്നത് പോലും നന്നായി സൂക്ഷിച്ചുവേണം. കലി കയറിയാൽ അവനൊരു ചെന്നായയാ. സ്വന്തവും ബന്ധവും മറന്ന് അവൻ നമ്മളെ കടിച്ചുകുടയും...... " കയ്യിലിരുന്ന ഗ്ലാസ്‌ ഞെരിച്ചുകൊണ്ട് രുദ്രൻ പറഞ്ഞത് കേട്ട് ഇരുളിലെങ്ങോട്ടൊ നോക്കിയിരിക്കുകയായിരുന്ന കേശവൻ തിരിഞ്ഞവനെ നോക്കി. " അതെന്താടാ അവന്റെ കാര്യം വരുമ്പോൾ നിനക്കൊരു വിറയൽ ???? കുറച്ചുനാളായി ഞാൻ ശ്രദ്ധിക്കുവാ നിനക്കെന്തോ ശിവയോടൊരു ഭയം പോലെ ???? എന്താ രുദ്രാ ആ ചെന്നായ നിന്നെ കടിച്ചുകുടഞ്ഞോ ???"

കൗശലം നിറഞ്ഞൊരു ചിരിയോടെ കുടവയർ തടവിക്കൊണ്ട്‌ കേശവൻ ചോദിച്ചു. " ഏയ്.... അങ്ങനെ..... അങ്ങനൊന്നുല്ല വല്യച്ഛ..... ഞാൻ..... ഞാനെന്തിനാ അവനെ ഭയക്കുന്നെ..... അവന്റെ കലിയറിയാവുന്നോണ്ട് ഒന്നോർമ്മിച്ചെന്നേയുള്ളൂ.... '' മുഖത്തെ വിളർച്ച മറച്ചുകൊണ്ട് വിക്കിവിക്കി പറയുന്ന രുദ്രനേ നോക്കി അയാൾ വീണ്ടുമൊന്ന് ചിരിച്ചു. " അതിനവളെ കൊല്ലാനൊന്നും നമുക്ക് പ്ലാനില്ലല്ലോ രുദ്രാ ഈ കണ്ട സ്വത്തും മുതലുമൊന്നുമൊരു നസ്രാണിപ്പെണ്ണ് കൊണ്ടുപോകരുതന്നല്ലാ ഉള്ളോ...." " അത് മാത്രമെല്ലെടോ പരട്ട കെളവ എന്റെ ഉദ്ദേശം..... അവൾ ചത്തുതുലയണം അതുകണ്ട് അവൻ എന്റെ ചേട്ടന്റെയാ &&*& മോൻ നെഞ്ചുപൊട്ടിക്കരയണം.

അങ്ങനെ സർവ്വതും നഷ്ടമായിരിക്കുന്ന അവനെയെനിക്ക് കൊന്ന് തള്ളണം. പിന്നെ ബാക്കിയാവുന്ന എന്റെ പുന്നാര ചേട്ടനും കുടുംബവും. അവറ്റകളും ചത്ത് മലക്കണം. " പകയോടെ ഉള്ളാലെ അലറുമ്പോഴും കുറച്ചു നാളുകൾക്ക് മുന്നേ നടന്ന ചില സംഭവങ്ങൾ രുദ്രന്റെ ഉള്ളിൽ കിടന്നിളകിമറിഞ്ഞു. ആ ഓർമ്മയിൽ അയാളുടെ കണ്ണുകളിൽ പകയെരിഞ്ഞു. " എന്താ രുദ്രാ നീ ആലോചിക്കുന്നത് ?? " ആലോചനകളിൽ മുഴുകിയിരിക്കുന്ന രുദ്രനെ തട്ടിവിളിച്ചുകൊണ്ട് കേശവൻ ചോദിച്ചു. " ഏയ്.... ഒന്നു... ഒന്നൂല്ല വല്യച്ചാ ഞാൻ വെറുതെ.... " " ആഹ് നീയതൊക്കെ വിട്..... ഒരു ചീള് പെണ്ണിന്റെ കാര്യത്തിൽ ഇത്ര തല പുകയ്ക്കാനെന്താ ??? " " തനിക്കിതൊക്കെ ചീള് കേസായിരിക്കും.

പക്ഷേ എനിക്കിതൊന്നുമൊരു ചീള് കേസല്ലഡോ..... ഈ തറവാടിന്റെ പേരിലുള്ള ഒരുതരി മണ്ണ് പോലും കൈവിട്ട് കളയാനെനിക്ക് പറ്റില്ല. അതിനി സ്വന്തം കൂടപ്പിറപ്പുകൾക്കായാൽ പോലും വിട്ടുകൊടുക്കില്ലി രുദ്രൻ. " കേശവനെ നോക്കി ചിരിക്കുമ്പോഴും അയാളുടെ ഉള്ള് മന്ത്രിച്ചു. " മഞ്ഞിറങ്ങിത്തുടങ്ങി രുദ്രാ മതി കുടിച്ചത്.....നീയിനി ചെന്ന് കിടക്കാൻ നോക്ക് ഞാനും പോവാ.... " " ആഹ് വല്യച്ചൻ പൊക്കോ ഞാനിത്തിരി നേരം കൂടിയിവിടിരിക്കട്ടെ..... " അതിന് മറുപടിയായി വെറുതെയൊന്ന് മൂളിയിട്ട് കേശവൻ തന്റെ മുറിയിലേക്ക് പോയി. കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന മദ്യം കാലിയാക്കിക്കൊണ്ട്‌ രുദ്രൻ വീണ്ടും കുറേസമയം കൂടിയവിടെത്തന്നിരുന്നു.. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

" നാഗക്കാവിലിപ്പോ തിരിവെപ്പൊന്നുമില്ല അല്ലേ ???? " കാലത്ത് എല്ലാവരുമൊരുമിച്ച് ഭക്ഷണം കഴിക്കുന്ന സമയത്തായിരുന്നു പ്ളേറ്റിൽ നിന്നും മുഖമുയർത്താതെ തന്നെ കേശവൻ ചോദിച്ചത്. പക്ഷേ കേട്ടതല്ലാതെ ആരും മറുപടിയൊന്നും പറഞ്ഞില്ല. " ഇപ്പോ ആർക്കാ ഏട്ടാ അതിനൊക്കെ നേരം. കുട്ടികളൊക്കെ പഠിക്കാൻ പോയിട്ടൊക്കെ വരുമ്പോ തന്നെ ത്രിസന്ധ്യ കഴിയും. പിന്നെപ്പോഴാ ഇതൊക്കെ.... " ഈശ്വരവർമ പറഞ്ഞത് കേട്ട് കേശവൻ അമർത്തിയൊന്ന് മൂളി. " ഞാൻ വെറുതെയല്ല ഇങ്ങോട്ട് വന്നത്. ദിവസങ്ങളായി നാഗങ്ങളുറക്കം കെടുത്താൻ തുടങ്ങിയിട്ട്. സന്ധ്യക്കൊരു തിരിപോലും വെക്കാത്തതിന്റെ കലിയുണ്ട് ഈ കുടുംബത്തോടാകെയവർക്ക്.

അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽ ഈ തറവാടിനെ ഈ പ്രൗഡിയിൽ കാത്തുരക്ഷിച്ചുപോരുന്നത് നാഗത്താന്മാരാണ്. അതിന്റേതായ ഐശ്വര്യവും ഈ തറവാടിന് ഉണ്ടായിട്ടുണ്ട്. പക്ഷേ നാഗങ്ങൾ നിസാരക്കാരല്ല അവയുടെ പക.....അതിനോട് പിടിച്ചുനിൽക്കാൻ നമുക്ക് സാധിച്ചുവെന്ന് വരില്ല. ഈ കുടുംബം തന്നെയവർ വെണ്ണീറാക്കും. " അയാളത് പറഞ്ഞുനിർത്തുമ്പോൾ ഒന്നും മനസ്സിലാവാതെ എല്ലാവരിലൂടെയും ഓടി നടക്കുകയായിരുന്നു അല്ലിയുടെ മിഴികൾ. ഒടുവിൽ അരികിലിരുന്ന് കഴിച്ചുകൊണ്ടിരുന്ന ശിവയിലെത്തിയ ആ മിഴികളെ കണ്ടതും ഒന്നുമില്ലെന്ന അർഥത്തിൽ മിഴികളടച്ചുകാണിച്ചു അവൻ. " വല്യച്ചനെന്താ പറഞ്ഞുവരുന്നത് ??? "

ദേവനായിരുന്നു അത് ചോദിച്ചത്. " കാവിൽ തിരിതെളിയിക്കണമെന്നാണ് പ്രശ്നത്തിൽ കണ്ടത്. അത് മാത്രം പോരാ എല്ലാമാസവും ആയില്യപൂജ നടത്തണം. ഇതെല്ലാം തറവാട്ടിലെ തന്നെ കന്യക ചെയ്യണം. " " പക്ഷേ ഏട്ടാ..... " " പറയുമ്പോൾ ഒരുപക്ഷേ അംഗീകരിച്ചുതരണമെന്നില്ല പക്ഷേ ഇത് നടന്നേതീരു. തറവാട്ടിലെ ഓരോ തലമുറയിലെയും ആദ്യത്തെ പെൺതരി കന്യകയായി നാഗങ്ങളെ സേവിച്ചുകഴിയുക എന്നത് തലമുറകളായി നടന്നുവന്നിരുന്നതാണ്. ഈശ്വരനോർമ കാണും ഭദ്രഓപ്പോളുടെ കാലം കഴിഞ്ഞപ്പോ ആ സ്ഥാനം വച്ചുമാറാനൊരു പെൺതരിയില്ലാതെ വന്നത് മുതലാണ് ആ കണ്ണിയറ്റത്.

പിന്നീട് ലേഖയുണ്ടായിട്ട് കൂടിയും അത് ചെയ്തില്ല. അതിന്റെ ഫലമാണ് പിന്നീട് തറവാടിനെ തേടിവന്ന ദുരന്തങ്ങളൊക്കെയും. അതുകൊണ്ട് ഇനിയെങ്കിലും നാഗത്താന്മാരോടുള്ള കടമ വീട്ടണം. അതിന് ഈ തലമുറയിലെ ആദ്യപെൺതരി ദേവന്റെ മകൾ ശിവപ്രിയ....അവളെ ....... " " ഛീ നിർത്തഡോ..... " വാക്കുകൾ മുഴുമിപ്പിക്കും മുൻപ് മുന്നിലിരുന്ന പ്ളേറ്റ് തട്ടിയെറിഞ്ഞാക്രോശിച്ചുകൊണ്ട് ശിവ ചാടിയെണീറ്റു..............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story