അഗ്‌നിസാക്ഷി: ഭാഗം 9

agnisakshi

എഴുത്തുകാരി: അഭിരാമി അഭി

ഉച്ചകഴിഞ്ഞ് പൂമുഖത്തെ സോപാനത്തിണ്ണയിലിരുന്ന് ദീപ്തിക്കെന്തോ ഡൗട്ട് ക്ലിയർ ചെയ്തുകൊണ്ടുക്കുകയായിരുന്നു അല്ലി. അപ്പോഴാണ് മുറ്റത്തൊരു കാറ്‌ വന്നുനിന്നത്. അവർ നോക്കിയിരിക്കേതന്നെ അതിൽ നിന്നുമൊരു സ്ത്രീയിറങ്ങി. സാരി ധരിച്ച് അത്യാവശ്യം വലിയ രണ്ടുമാലയും വലിയ ജിമിക്കികളുമൊക്കെ ഇട്ട് നന്നായിത്തന്നെ മേക്കപ്പുമിട്ടിരുന്നു അവർ. " ഓഹ് ഇതിന്റെയൊരു കുറവേയുണ്ടായിരുന്നുള്ളു. ഇപ്പൊ ഏതായാലും അതുമായി.... " തല ഉയർത്തിയങ്ങോട്ട് നോക്കി അവരെ കണ്ടതും പിറുപിറുത്തുകൊണ്ട് ദീപ്തി വീണ്ടും ബുക്കിലേക്ക് തന്നെ മുഖം പൂഴ്ത്തി. " എന്താടി.... ആരാത് ??? " " ഡീ ദീപു നീയെന്താടി എന്നേ കണ്ടിട്ടും കാണാത്തപോലെയിരിക്കുന്നത് ???

" അല്ലി ചോദിച്ചത്തിന് മറുപടി കിട്ടും മുന്നേ ദീപ്തിയോടായി ചോദിച്ചുകൊണ്ട് ആ സ്ത്രീ പൂമുഖത്തേക്ക് വന്നുകയറിയിരുന്നു. പിന്നാലെ തന്നെ ബാഗുകളും മറ്റുമൊക്കെ എടുത്തുകൊണ്ട് അവരുടെ ഭർത്താവെന്ന് തോന്നിക്കുന്നൊരാളും ഉണ്ടായിരുന്നു. അവരിരുവരും അടുത്തെത്തിയതും ആളറിയില്ലെങ്കിൽ പോലും അല്ലി ഇരുന്നിടത്ത് നിന്നുമെണീറ്റു. " അതിന് അപ്പച്ചി ഇങ്ങോട്ട് തന്നല്ലേ വരുന്നേ പിന്നെ ഞാനങ്ങ് റോഡിന്നേ മൈൻഡ് ചെയ്യണോ. അല്ലേ അങ്കിളേ..." " പിന്നല്ലാതെ..... " പറഞ്ഞുകൊണ്ട് അയാളെ ചെന്ന് കെട്ടിപ്പിടിച്ചൊരു ചിരിയോടെ ചോദിച്ച അവളെ ചേർത്തുപിടിച്ച് നെറുകയിൽ തലോടിക്കൊണ്ട്‌ അയാളും പറഞ്ഞു. " ഓഹ് ഒരങ്കിളും മോളും...... "

ചുണ്ട് കോട്ടി പറഞ്ഞുകൊണ്ട് അതുവരെയൊന്നും മിണ്ടാതെ അവരെത്തന്നെ നോക്കി നിൽക്കുകയായിരുന്ന അല്ലിയ്ക്ക് നേരെ തിരിഞ്ഞവർ. " ശിവേടെ പെണ്ണാ അല്ലേ..... എന്താ മോൾടെ പേര് ??? " " അലംകൃത.... " നേർത്തൊരു പുഞ്ചിരിയോടെ പറഞ്ഞവളെ നോക്കി അവരുമൊന്ന് ചിരിച്ചു. " മ്മ്ഹ്.... അറിഞ്ഞാരുന്നു ശിവയൊരു സുന്ദരിക്കുട്ടിയെ കൊണ്ടുവന്നെന്ന്. പക്ഷേ ഇത്രേം സുന്ദരിയാണെന്ന് വിചാരിച്ചില്ല. " അല്ലിയെ ആകെമൊത്തമൊന്നുഴിഞ്ഞുനോക്കി ഒരു പ്രത്യേകഭാവത്തിലൊന്ന് ചിരിച്ചുകൊണ്ട് അവർ പറഞ്ഞത് കേട്ട് ഒരു വല്ലായ്മ തോന്നിയെങ്കിലും അത് പുറത്തുകാണിക്കാതെ അവളൊന്ന് ചിരിക്കുക മാത്രം ചെയ്തു. " ഹാ മോൾക്കെന്നെ അറിയില്ലായിരിക്കുമല്ലേ.....

ഞാൻ ലേഖ ശിവേടപ്പച്ചിയാ. ഇതെന്റെ ഭർത്താവ് ശ്രീദേവ്. " അവർ പറഞ്ഞതും അല്ലിയിരുവരെയും നോക്കി മൃദുവായി പുഞ്ചിരിച്ചു. " ക്രിസ്ത്യാനിയാ അല്ലേ.... " " ലേഖേ..... " " ഈ മനുഷ്യൻ..... ഞാനൊരു കുശലം ചോദിച്ചതല്ലേ ശ്രീയേട്ടാ.... " ശ്രീദേവ് സ്വരമല്പം ദൃഡപ്പെടുത്തി വിളിച്ചതും മുഖം വീർപ്പിച്ചുകൊണ്ട് ലേഖ ചോദിച്ചു. " ആഹ് മതിമതി.... നീ പോയി ഡ്രസ്സൊക്കെ മാറ്റാൻ നോക്ക്. അവൾടെയൊരു കുശലം.... " " ഈ മനുഷ്യനൊരു മൂരാച്ചിയാ മോളെ.... നമുക്ക് പിന്നെ സംസാരിക്കാം.... " ശ്രീദേവിനെ നോക്കിയൊന്ന് കണ്ണുരുട്ടി അല്ലിയോടായി പറഞ്ഞിട്ട് ലേഖ ചവിട്ടിക്കുലുക്കി അകത്തേക് കയറിപ്പോയി. ആ പോക്ക് നോക്കി നിന്ന് ദീപ്തിയും ശ്രീദേവും ചിരിച്ചു. "

അവളെ മൈൻഡ് ചെയ്യണ്ട കേട്ടൊ മോളെ.... ഒരു വിവരദോഷിയാ.... " ലേഖ പോയതും അല്ലിയുടെ തലയിലൊന്ന് തലോടിക്കൊണ്ട് വാത്സല്യം നിറഞ്ഞ പുഞ്ചിരിയോടെ ശ്രീദേവ് പറഞ്ഞു. " പക്ഷേ അങ്കിളാ സത്യം മനസ്സിലാക്കാൻ ഒരുപാട് വൈകിപ്പോയി കേട്ടൊ ഏട്ടത്തി. കൊടികെട്ടിയ പ്രേമമായിരുന്നു ഇവര് തമ്മിൽ. പക്ഷേ ഒരുപാട് കഷ്ടപ്പെട്ട് അതിനെ കെട്ടി കൂടെക്കൂട്ടിക്കഴിഞ്ഞപ്പോഴാ പാവം അങ്കിളറിഞ്ഞത് ആകാശത്തൂടെ പോയത് ഏണിവച്ച് പിടിച്ചതാണെന്ന്... " " ഡീ ഡീ കാന്താരി..... അവള് കേൾക്കണ്ട കിട്ടും നിനക്ക്.... " പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞ ദീപ്തിയുടെ തലയിലൊന്ന് കൊട്ടി അതെ ചിരിയോടെ തന്നെ ശ്രീദേവും പറഞ്ഞു. എല്ലാം കണ്ട് അല്ലി വെറുതെയൊന്ന് ചിരിക്കുക മാത്രം ചെയ്തു. 🔥🔥🔥🔥🔥🔥🔥🔥

ത്രിസന്ധ്യക്ക് തുളസിത്തറയിലും കാവിലും വിളക്ക് വച്ചിട്ട് അല്ലിയും പ്രിയയും തിരികെ വരുമ്പോഴായിരുന്നു പുറത്തെവിടെയോ പോയിരുന്ന രുദ്രനും തിരികെയെത്തിയത്. അയാളുടെ ഒപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നു. കാവിമുണ്ട് ധരിച്ച് നെറ്റിയിൽ ഭസ്മക്കുറിയുമിട്ട അയാളുടെ കണ്ണുകളിലെന്തൊക്കെയോ നിഗൂഢതകളൊളിച്ചുകിടന്നിരുന്നു. " കയറിയിരിക്കനന്താ..... മോളെ പ്രിയേ കുടിക്കാനെന്തെങ്കിലുമെടുക്ക്..... " അനന്തനോടും പ്രിയയോടുമായി പറഞ്ഞിട്ട് ഷർട്ടിന്റെ ബട്ടനഴിച്ചുകൊണ്ട് രുദ്രനകത്തേക്ക് പോയി. അയാൾ വേഷം മാറ്റി തിരികെ വരുമ്പോഴേക്കും അവർക്കുള്ള ചായയുമായി അല്ലിയുമങ്ങോട്ട് വന്നിരുന്നു.

അവളെക്കണ്ടതും അയാളുടെ മുഖം വലിഞ്ഞുമുറുകിയെങ്കിലും ഒന്നും മിണ്ടാതെ അനന്തനരികിലേക്ക് വന്നിരുന്നുകൊണ്ട് അവളെയൊന്ന് തുറിച്ചുനോക്കി ട്രേയിൽ നിന്നുമൊരു ചായ കയ്യിലെടുത്തു. " നല്ല ലക്ഷണമൊത്ത കുട്ടി..... " ചായ നൽകി അല്ലിയകത്തേക്ക് തിരിഞ്ഞതും അവളെത്തന്നെ ഉഴിഞ്ഞുനോക്കിക്കോണ്ടിരുന്ന് അനന്തൻ പറഞ്ഞു. അത് കേട്ട് രുദ്രനാകെപ്പാടെ ദേഷ്യമാണ് വന്നത്. " എന്താ അവളുടെ നാള് ??? " ചായയൊന്ന് മൊത്തിക്കൊണ്ടാണ് രുദ്രനെ നോക്കി അയാളത് ചോദിച്ചത്. " ഓ പിന്നേ കണ്ട നസ്രാണിച്ചികളുടെ നാളും ജാതകോം നോക്കി നടപ്പല്ലേ എനിക്ക് ജോലി. " പുച്ഛത്തോടെ പറഞ്ഞിട്ടെങ്ങോട്ടൊ നോക്കിയിരിക്കുന്ന രുദ്രനെ കണ്ട് അനന്തനൊന്നൂറിച്ചിരിച്ചു.

" നിനക്ക് തെറ്റി രുദ്രാ.... അവൾ വെറുമൊരു നസ്രാണിപ്പെണ്ണല്ല. നീയിതുവരെ തേടി നടന്നിരുന്ന കാളിക്ക് പ്രിയങ്കരിയായ ആ നാരി അത് മറ്റാരുമല്ല ഇവളാണ്...... " " നീയെന്തൊക്കെയാ അനന്താ ഈ പറയുന്നത് ???? ഞാൻ പറഞ്ഞില്ലേ അവളൊരു ക്രിസ്ത്യാനിപ്പെണ്ണാ.... " പറയുമ്പോൾ രുദ്രനിൽ വല്ലാത്തൊരു ആകാംഷ നിറഞ്ഞിരുന്നു. " അതുകൊണ്ട് ??? അതുകൊണ്ടെന്താ അവൾ ദൈവത്തിന് പ്രിയങ്കരിയായിക്കൂടെ ???? നമ്മളിതുവരെ തേടി നടന്ന സർവ്വലക്ഷണങ്ങളുമൊത്തിണങ്ങിയവളാണവൾ. " നേർത്തൊരു പുഞ്ചിരിയോടെയുള്ള അനന്തന്റെ വാക്കുകളോരോന്നും അമ്പരപ്പോടെയായിരുന്നു രുദ്രൻ ശ്രവിച്ചത്. " പക്......പക്ഷേ അനന്താ അവൾ..... "

" ഒരു പക്ഷേയുമില്ല നമ്മുടെ നേട്ടങ്ങൾക്ക് മൂലകാരണമാകേണ്ടവൾ അവൾ തന്നെയാണ്. " പറഞ്ഞുനിർത്തി അനന്തൻ ചായ കുടിക്കാൻ തുടങ്ങിയിട്ടും രുദ്രന്റെ ചിന്തകളിൽ മുഴുവൻ അല്ലിയെന്ന ആ പെണ്ണ് മാത്രമായിരുന്നു. 🔥🔥🔥🔥🔥🔥🔥🔥 " ഇച്ചായനിറങ്ങിയോ ??? " ഫോൺ ചെവിക്കും തോളിനുമിടയിൽ അമർത്തി വച്ചുകൊണ്ട് കാറിലേക്ക് കയറുന്നതിനിടയിൽ തന്നെ ആൽവി പറഞ്ഞു. " എനിക്കെന്തോ പേടി തോന്നുന്നു ഇച്ചായാ..... പപ്പക്കെന്തോ സംശയമുള്ളത് പോലെ...... ഇനി പപ്പ കണ്ടുകാണുമോ ഇച്ചായനെ..... " വെപ്രാളത്തോടെയുള്ള ട്രീസയുടെ ചോദ്യം കേട്ട് അവനൊന്ന് ചിരിച്ചു. " എന്നാപ്പിന്നെ കാര്യങ്ങളെളുപ്പമായില്ലേടി പെണ്ണേ.....

നിന്റപ്പൻ ഐസക്ക് വേറെ വഴിയില്ലാതെങ്കിലും നിന്നേപ്പിടിച്ചെന്റെ കയ്യിൽ വച്ചുതരുമെടീ.... " " ദേ ഇച്ചായാ കാര്യം പറയുമ്പോ ഊള കോമഡിയടിക്കല്ലേ..... ഇച്ചായനല്ലെങ്കിലും എല്ലാം തമാശയാ..... ബാക്കിയുള്ളോരടെ നെഞ്ചിൽ തീയാ.... " അവന്റെ സംസാരം കൂടിയായപ്പോ ദേഷ്യവും സങ്കടവുമെല്ലാം കൊണ്ട് അവളുടെ സ്വരമാകെ ഇടറിയിരുന്നു. " ആഹ് നീ വച്ചേ.... എനിക്കൊരാളെ കാണാനുണ്ട് ഞാൻ രാത്രി വിളിക്കാം. " " വേണ്ട.....ആരെയാ കാണാനുള്ളതെന്നറിയില്ലെങ്കിലും എവിടെയാ കാണാനുള്ളതെന്നറിയാം. ബാറിലും കേറി കുടിച്ച് കൂത്താടി നടന്നോ...... ഇങ്ങനെ ഒറ്റയ്ക്ക് ചെറുത്തുനിന്ന് തളരുമ്പോ വഴി ഞാൻ കണ്ടുവച്ചിട്ടുണ്ട്. അപ്പോ എല്ലാവരും പഠിക്കും. പൊക്കോ എങ്ങോട്ടാണെന്ന് വച്ചാൽ.....

പാതിരാത്രി കള്ളുംകുടിച്ചേച്ചുവന്നെന്നെ വിളിച്ചേക്കരുത്....." പറഞ്ഞത് ദേഷ്യത്തിലാണെങ്കിലും ഫോൺ കട്ട്‌ ചെയ്തശേഷം പൊട്ടിക്കരഞ്ഞുപോയിരുന്നു ട്രീസ. അവളുടെ വാക്കുകൾ നെഞ്ചിലെവിടെയോ കൊളുത്തിവലിക്കുന്നതറിഞ്ഞതും ആൽവി വണ്ടി മുന്നോട്ടെടുത്തു. 🔥🔥🔥🔥🔥🔥🔥🔥 അടുക്കളയിലെ ജോലിയൊക്കെ ഒതുക്കി മായ മുറിയിലേക്ക് വരുമ്പോൾ കിടക്കയിൽ ചമ്രം പടഞ്ഞിരുന്നെന്തോ ആലോചിക്കുകയായിരുന്നു രുദ്രൻ. അവന്റെ ഇരുപ്പും ഭാവവും കണ്ടെങ്കിലും അതോന്നും ശ്രദ്ധിക്കാതെ വാതിലടച്ചു മായ വന്ന് ബെഡിലേക്ക് കിടന്നു. " എന്താടി എന്നേ കണ്ടിട്ട് നിനക്കൊരു പുച്ഛം ???? " " ഞാനെന്ത് ചെയ്തെന്നാ രുദ്രേട്ടാ ഈ പറയുന്നത്. നല്ല നടുവേദന അതാ ഒന്നുകിടക്കാമെന്ന് വച്ചത്. "

കിടന്നകിടപ്പിൽ തന്നെ തല പിന്നിലേക്കാക്കി അയാളെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു. അത് കേട്ടതും ക്രൂരത നിറഞ്ഞൊരു ചിരി വിടർന്നു രുദ്രന്റെ ചൊടികളിൽ. " ഓഹോ നടുവേദനയാണോ.... " ചോദിച്ചതും ഇടംകാൽ നിവർത്തി ഒരു ചവിട്ടായിരുന്നു അയാൾ. ആ ചവിട്ടിന്റെ ആഘാതത്തിൽ ഒരു നിലവിളിയോടെ മായ തെറിച്ച് നിലത്തേക്ക് വീണു. അവിടെകിടന്ന് പുഴു ഞവിക്കും പോലെപിടയുന്നവളെ നോക്കി ഭ്രാന്തമായ ഭാവത്തിലയാൾ പൊട്ടിച്ചിരിച്ചു. " എന്തിനാ രുദ്രേട്ടാ എന്നോടിങ്ങനെ ??? എന്ത് തെറ്റാ ഇതിനും വേണ്ടി ഞാൻ ചെയ്തത് ???? " പ്രാണവേദനക്കിടയിലും ദയനീയസ്വരത്തിൽ നിലത്തുകിടന്നവൾ ചോദിച്ചു. " പ്ഫാ നിർത്തേടി മൂധേവീ...... നിനക്കൊന്നുമറിയില്ല അല്ലെടീ.....

ഇങ്ങനെയൊന്നുമല്ലായിരുന്ന നീയും മക്കളും മാത്രമാണ് ലോകമെന്ന് കരുതി ജീവിച്ചിരുന്ന ഒരു രുദ്രനെ നീയങ്ങ് മറന്നുപോയൊ???? ആരാടി എന്നേ ഇങ്ങനൊക്കെ ആക്കിയത് ??? പറയെടി ഒരുമ്പട്ടവളെ....ആരാ ഇതിനൊക്കെ കാരണം..... " " ഞ്.....ഞാനാ.... " അവളുടെ മുടിയിൽ കുത്തിപ്പിടിച്ച് കവിളിൽ ആഞ്ഞടിച്ചൊരു ഭ്രാന്തനെപ്പോലെ അട്ടഹസിച്ച് ചോദിക്കുന്നവനെനോക്കി നേർത്ത സ്വരത്തിൽ ഞരങ്ങുമ്പോൾ ആ കണ്ണുകളെ നേരിടാനുള്ള ശക്തിയില്ലെന്ന് തോന്നിയവൾക്ക്. " നീ എന്നോട് ചെയ്ത തെറ്റിന് അന്നേ നിന്നേയെന്റെ ജീവിതത്തിൽ നിന്നും പിഴുതെറിയേണ്ടതായിരുന്നു. എന്നിട്ടും ഞാനത് ചെയ്യാതിരുന്നതെന്താണെന്നറിയൊ നിനക്ക് ????

നീയിങ്ങനെ എന്റെ കാൽക്കീഴിൽ അരഞ്ഞുതീരുന്നത് കാണണമായിരുന്നു എനിക്ക്. അപ്പോൾ നിന്റെ കണ്ണിൽ നിന്നിറ്റുവീഴുന്ന ഒരോതുള്ളിക്കണ്ണുനീരും ഒരിക്കൽ നിന്നെ സ്നേഹിച്ചുപോയതോർത്തിന്നുമുരുകുന്ന എന്റെ ഹൃദയത്തിനുള്ള മരുന്നാഡീ..... " പറഞ്ഞിട്ടൊരിക്കൽ കൂടിയവളുടെ തല പിടിച്ച് നിലത്തേക്കടിച്ചിട്ടയാൾ പാഞ്ഞുപുറത്തേക്ക് പോയി. മായ വീണ്ടുമാ നിലത്തുതന്നെ തലതല്ലിക്കരഞ്ഞുകൊണ്ട് കിടന്നു. " എല്ലാം..... എല്ലാമെന്റെ തെറ്റാണ്..... എന്റെ പിഴവിന്റെ ഫലമാ..... " ആ കണ്ണീരിനിടയിലും അവളുടെ അധരങ്ങൾ പുലമ്പിക്കൊണ്ടിരുന്നു. 🔥🔥🔥🔥🔥🔥🔥🔥 ആൽവിനോട്‌ പിണങ്ങി ടേബിളിൽ തല ചായ്ച്ചുവച്ച് കിടക്കുകയായിരുന്നു ട്രീസ.

ഇടയ്ക്കെന്തൊക്കെയൊ പിറുപിറുത്തുകൊണ്ട് നിറഞ്ഞൊഴുകിയ മിഴികൾ അവളമർത്തിത്തുടച്ചുകൊണ്ടുമിരുന്നു. അവന്റെ പ്രവർത്തിയെന്തുകൊണ്ടൊ അവളെ അത്രയേറെ വേദനിപ്പിച്ചിരുന്നു. ഇടയ്ക്ക് സാലി വന്ന് വാതിലിൽ തട്ടി ആഹാരം കഴിക്കാൻ വിളിച്ചെങ്കിലും അവൾ വേണ്ടെന്ന് പറഞ്ഞവിടെത്തന്നിരുന്നു. പിന്നെയും സമയമൊരുപാട് കടന്നുപോയി. ഐസക്കും സാലിയുമൊക്കെ അത്താഴം കഴിച്ച് കിടന്ന് കുറച്ചുകഴിഞ്ഞതും ട്രീസയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. ആരാണ് വിളിക്കുന്നതെന്ന കാര്യത്തിൽ നല്ല ധാരണയുണ്ടായിരുന്നത് കൊണ്ടുതന്നെ അവളിരുന്നിടത്ത് നിന്നെണീക്കാനോ ഫോണെടുക്കാനോ പോയില്ല.

പക്ഷേ പിന്മാറാൻ തയാറല്ലാത്തത് പോലെ വീണ്ടും വീണ്ടും ബെഡിൽ കിടന്നത് ചിലപ്പ് തുടർന്നതും അവൾ ദേഷ്യത്തിൽ ചെന്ന് കാൾ അറ്റൻഡ് ചെയ്തു. " എന്താടി ഫോണെടുക്കാനിത്ര താമസം ??? " മറുവശത്ത് നിന്നും ആൽവിന്റെ സ്വരം കേട്ടതും അവൾക്ക് ദേഷ്യമിരച്ചുകയറി. " ഞാനുറങ്ങുവാരുന്നു..... പാതിരാത്രി വരെ കുടിച്ചുകൂത്താടി നടക്കുന്നവർ വിളിക്കും വരെ ഉറങ്ങാതെ കാത്തിരുപ്പല്ലെന്റെ പണി.... " ഉള്ളിലെ ദേഷ്യം മുഴുവൻ അവളുടെ സ്വരത്തിൽ പ്രതിഫലിച്ചിരുന്നു. അത് കേട്ടതും ആൽവിന്റെ ചൊടികളിലൊരു ചിരി വിടർന്നു. " ഓഹോ അപ്പോ നീ ഉറങ്ങുവാരുന്നല്ലേ.... അല്ല നീ ഉറക്കത്തിലും കരയാറുണ്ടോ.... "

കരഞ്ഞടഞ്ഞുപോയ അവളുടെ സ്വരം കേട്ട് ഒരു കുസൃതിച്ചിരിയോടെ അവൻ ചോദിച്ചു. " ആഹ് ഞാൻ ചിലപ്പോൾ കരയും ചിരിക്കും അതിന് നിങ്ങക്കെന്താ ???. " " കിടന്നുചിലക്കാതെ ഇറങ്ങി ഗേറ്റിനടുത്തോട്ട് വാടീ.... " " ഏഹ്..... ഞാനൊന്നും വരില്ല. പാതിരാത്രി കണ്ട കള്ളുകുടിയന്മാരുടടുത്തോട്ടൊന്നും ഇറങ്ങിവരാൻ പറ്റൂല.... " " ഓഹ് പാതിരാത്രി ഇറങ്ങി വരാനെ പറ്റാതുള്ളു ഒരു രാത്രി മുഴുവൻ ഈ കള്ളുകുടിയനെ കെട്ടിപ്പിടിച്ചുകിടന്നുറങ്ങന്നതിന് കുഴപ്പമില്ല.... നീയിപ്പോ ഇറങ്ങിവരുന്നോ അതോ ഞാൻ വന്ന് ബെല്ലടിക്കണോ ???? " അവസാനമൊരു ഭീഷണിയുടെ സ്വരത്തിൽ അവൻ ചോദിച്ചു. " എന്റെ മാതാവേ എന്റെ തലവിധി..... അവിടെ നിക്ക് ഞാൻ വരാം.... "

പറഞ്ഞതും ഫോൺ കട്ട് ചെയ്ത് അവളിറങ്ങി താഴേക്ക് പോയി. ഇരുളിൽ ശബ്ദമുണ്ടാക്കാതെ ചെന്ന് മെയിൻ വാതിൽ തുറക്കുമ്പോഴേ കണ്ടു ഗേറ്റിനരികിൽ നിർത്തിയിട്ടിരിക്കുന്ന ആൽവിന്റെ വണ്ടി. ഒരിക്കൽ കൂടി തിരിഞ്ഞകത്തേക്ക് നോക്കി ആരും കാണുന്നില്ലെന്നുറപ്പ് വരുത്തിയിട്ട് ട്രീസ പതിയെ അങ്ങോട്ട് ചെന്നു. '' എന്നും നിങ്ങളെയെന്നാത്തിനാ ഇങ്ങോട്ട് കെട്ടിയെടുക്കുന്നേ.... മൂക്കറ്റം വലിച്ചുകേറ്റിയിട്ട് ബാക്കിയുള്ളോർക്ക് പണി തരാൻ ഇറങ്ങിക്കോളും " " നിന്ന് ചിലക്കാതെ വന്നുകേറെഡീ.... " " കേറാനോ.... നിങ്ങക്കെന്നാ ഇച്ചായാ കള്ള് മൂത്ത് പ്രാന്തായോ ??? " അവൻ പറഞ്ഞത് കേട്ട് കണ്ണ് മിഴിച്ചുകൊണ്ട് ട്രീസ ചോദിച്ചു. " നീ കുറേ നേരമായല്ലോ എന്നേ കള്ളുകുടിയനാക്കുന്നു..... "

പറഞ്ഞതും ഡോറ് തുറന്ന് പുറത്തേക്കിറങ്ങിയ ആൽവിനൊരു നിമിഷം കൊണ്ടവളെ ചുറ്റിപ്പിടിച്ച് വണ്ടിയിലേക്ക് ചാരി നിർത്തിയാ അധരങ്ങളിലേക്കാഴ്ന്നു. മിഴിഞ്ഞ കണ്ണുകളോടവനെ നോക്കിക്കൊണ്ടവനെ അള്ളിപ്പിടിച്ചവൾ. അവൻ പക്ഷേ അതൊന്നും കാര്യമാക്കാതെ . അവളെ ചേർത്തുപിടിച്ചുകൊണ്ട് അവളുടെ ചൊടികളെ മാറിമാറി നുണഞ്ഞു. അപ്പോഴൊക്കെയും മിഴികളിറുകെ പൂട്ടി അവനിലേക്കൊതുങ്ങി നിന്നുകൊണ്ട് ആ ചുംബനത്തിന്റെ ലഹരി നുണയുകയായിരുന്നു ട്രീസയും. ഒടുവിലെപ്പോഴോ ശ്വാസം വിലങ്ങിയപ്പോൾ തന്നെ തള്ളിമാറ്റിയാഞ്ഞ് ശ്വാസം വലിക്കുന്നവളെ നോക്കി ആൽവിൻ കുസൃതിയോടെ ചിരിച്ചു. " ഇനി പറ ഞാൻ കുടിച്ചിട്ടുണ്ടോ ??? "

അവളുടെ കിതപ്പൊന്നടങ്ങിയതും അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ചവളെ തന്റെ നെഞ്ചോടുചേർത്തുകൊണ്ടവൻ ചോദിച്ചു. " പോടാ ചെകുത്താനെ...... " അവന്റെ നെഞ്ചിൽ പതിയെ ഇടിച്ചൊരു നേർത്ത ചിരിയോടെ അവൾ വിളിച്ചു. ആ ചിരിയുടെ ഓളങ്ങൾ അവനിലേക്കുമെത്താൻ അധികം സമയമൊന്നും വേണ്ടായിരുന്നു. " എങ്ങോട്ടാ ഇച്ചായാ നമ്മള് പോകുന്നെ ???? " കുറച്ചുസമയത്തിന് ശേഷം ഓടിക്കൊണ്ടിരുന്ന വണ്ടിയിൽ അവന്റെ കയ്യിൽ ചുറ്റിപ്പിടിച്ചാ തോളിലേക്ക് ചാഞ്ഞിരുന്നുകൊണ്ട് ട്രീസ ചോദിച്ചു. " നിന്നേക്കൊണ്ട്‌ വല്ല ആറ്റിലും കളയാൻ.... എത്രയെന്ന് വച്ചാ ശല്യം സഹിക്കുന്നത്..... " അവളെയൊന്ന് വട്ടാക്കാനുറച്ച് ആൽവി പറഞ്ഞു. " പോടാ പട്ടി..... "

അവന്റെ തോളിലമർത്തിക്കടിച്ചുകൊണ്ട് പറഞ്ഞിട്ട് മുഖം വീർപ്പിച്ചവൾ സീറ്റിൽ നേരെയിരുന്നു. അപ്പോൾ തന്നെ വണ്ടിയും നിന്നു. " പിണങ്ങല്ലേഡീ പെണ്ണേ.... ദേ അങ്ങോട്ട് നോക്കിയേ.... " സീറ്റിലേക്ക് ചാരി കണ്ണടച്ചിരുന്നവളെ ചേർത്ത് പിടിച്ചുകൊണ്ട് അവൻ മുന്നിലേക്ക് കൈ ചൂണ്ടി. മുഖം വീർപ്പിച്ചുകൊണ്ട് തന്നെ അവൻ ചൂണ്ടിയിടത്തേക്ക് നോക്കിയതും ട്രീസയുടെ മിഴികൾ വിടർന്നു. അധരങ്ങളിലൊരു പുഞ്ചിരി വിരുന്നെത്തി. " താങ്ക്യൂ ഇച്ചായാ ഉമ്മാാാ..... " പറഞ്ഞതും അവന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചാ കവിളിൽ അമർത്തി ഉമ്മ വച്ചവൾ. തിരികെ ആൽവിനുമവളെ ചേർത്തുപിടിച്ച് നെറുകയിൽ ചുംബിച്ചു.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story