അല്ലിയാമ്പൽ: ഭാഗം 24

alliyambal anvy new

എഴുത്തുകാരി: ആൻവി

"പിന്നേ.. ചുമ്മാ നോക്കെന്നേ..... " അവന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് അവൾ പറഞ്ഞു.... അവളുടെ വാക്കുകൾ അവന് ഒരു ഊർജമായിരുന്നു..... പ്രതീക്ഷിയോടെ അവനെ നോക്കിയിരിക്കുന്ന അവളെ ഒരു പുഞ്ചിരിയോടെ അവൻ ചേർത്ത് പിടിച്ചു.... ആ നെറ്റിയിൽ ഒരു നേർത്ത ചുംബനം നൽകി... പതിയെ ചുണ്ടുകൾ അവളുടെ ചുണ്ടിലേക്ക് സഞ്ചരിച്ചു... "ഇച്ചാ ചായ എടുത്തു വെച്ചിട്ടുണ്ട്.... " അവളുടെ അധരങ്ങളിൽ ചുംബിക്കാൻ ആഞ്ഞതും... അവളുടെ പറച്ചിൽ കേട്ട് അവൻ ആ തുടുത്ത കവിളിൽ ഒന്ന് നുള്ളി... "പോടീ... നിന്റെ ഒരു ചായ....നീ ഒട്ടും റൊമാന്റിക് അല്ല...." അവൻ അതും പറഞ്ഞു അവളെ വിട്ടു... "അയ്യടാ രാവിലെ തന്നെ റൊമാൻസിന് വന്നേക്കുന്നു..."

അവൾ അതും പറഞ്ഞു എണീറ്റ് നിന്നതും ജെറി അവളെ പിടിച്ചു മടിയിൽ ഇരുത്തി.... "രാവിലത്തെ റൊമാൻസിന് എന്താ കുഴപ്പം....മ്മ്..ഇന്ന് നിനക്ക് ക്ലാസ്സ്‌ ഇല്ലല്ലോ...." കഴുത്തിൽ ചുണ്ട് അമർത്തി കൊണ്ട് അവൻ ചോദിച്ചു... "ചുമ്മാതെ ഇരി ഇച്ചാ... പോയി ഫ്രഷ് ആയി വന്നേ...എന്നിട്ട് പോയി ആ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ നോക്ക്... " അവനെ കുത്തി എണീപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു.... അവൻ ചിണുങ്ങി കൊണ്ട് ബാത്‌റൂമിലേക്ക് കയറി... "തങ്കിമോളേ ഓടല്ലേ വീഴും.....ദേ ഈ പാല് കുടിക്ക്.... " രാവിലെ തന്നെ കുറുമ്പിയുടെ പിന്നാലെ ഓടുകയാണ് നന്ദ... "വാവേ പാല് കുടിക്ക്...." "മേന്ത ആമ്പലേ.... " പല്ല് കാട്ടി ചിരിച്ചു കൊണ്ട് മണ്ണിൽ കളിക്കാൻ തുടങ്ങി.... "പോന്നൂസേ.. "

നന്ദ സ്നേഹത്തോടെ വിളിച്ചതും അവളൊരു കള്ള ചിരിയോടെ മേൽ മണ്ണ് പറ്റിയ കൈ തുടച്ചു കൊണ്ട് ഉമ്മറത്തേക്ക് ഓടി.... "പിടിച്ചേ..... " അങ്ങോട്ട് വന്ന ജെറി അവളെ വാരി എടുത്തു... ഉണ്ട കവിളിൽ പതിയെ കടിച്ചു... "ആഹ് പോകാൻ റെഡി ആയോ... " തുറന്നു കിടന്ന അവന്റെ ഷിർട്ടിന്റെ ബട്ടൺസ് ഇട്ടു കൊടുത്തു കൊണ്ട് നന്ദ ചോദിച്ചു... "മോളേ ഇങ്ങ് തന്നേക്ക് ഇച്ചാ അവളുടെ മേല് അപ്പിടി മണ്ണാ.... " നന്ദ അത് പറഞ്ഞതും മോള് തന്നെ അവളുടെ മേലേക്ക് ചാഞ്ഞു... നന്ദ മോളേ എടുത്തു.... "വാ ഞാൻ ബ്രേക്ക്‌ഫാസ്റ്റ് എടുത്തു വെച്ചിട്ടുണ്ട്...." നന്ദ മോളെയും കൊണ്ട് അകത്തേക്കു കയറി..... പിന്നാലെ അവനും.... "എനിക്ക് തോന്നുന്നില്ല അല്ലി ഈ ജോലി കിട്ടും എന്ന്...

നശിച്ച ജന്മം ആണ് എന്റേത് നിന്നെയും കൂടെ ഞാൻ... " ഭക്ഷണത്തിനു മുന്നിൽ ഇരുന്ന് അവൻ അവളോട് പറഞ്ഞു ...വാക്കുകൾ പൂർത്തിയാക്കാതെ അവളെ നോക്കിയ അവനെ ശകാരത്തോടെ അവൾ നോക്കി.... വാടിയ അവന്റെ മുഖം കയ്യിൽ എടുത്തു മാറോട് ചേർത്ത് പിടിച്ചു... "വെറുതെ ഓരോന്ന് പറഞ്ഞാൽ ഉണ്ടല്ലോ..രാവിലെ തന്നെ പറയുന്നത് കേട്ടില്ലേ...ഇനി എന്തൊക്കെ വന്നാലും ഞാൻ നിങ്ങളെ രണ്ട് പേരെയും വിട്ടു പോവില്ല..അങ്ങനെ നശിച്ച ജന്മം ആണേലേ എനിക്ക് ഇങ്ങനെ ഉള്ള ജന്മങ്ങളെ ഒക്കെ നല്ല ഇഷ്ടാ..അത് കൊണ്ടാണല്ലോ ദൈവം ഇങ്ങനെ ഒരു ജന്മത്തെ എനിക്കായ് കരുതി വെച്ചത്..അതിന് എന്റെ കണ്ണനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല..

" ഇടറി വീണ അവളുടെ വാക്കുകൾ...ഇന്നേ വരെ കേട്ടതിൽ ഏറ്റവും മനോഹരവും മനസിനെ കുളിരണിയിക്കുന്നതുമായതാണെന്ന് അവന് തോന്നി...എന്ത് കൊണ്ടോ കണ്ണുകൾ നിറഞ്ഞു...അടർന്നു വീണ കണ്ണീർ അവളുടെ മാറിടം നനച്ചു....അവന്റെ മുഖം കയ്യിൽ എടുത്തു... നിറഞ്ഞു വന്നു ആ കണ്ണുകളെ തുടങ്ങി കൊടുത്തു... അത് മതിയായിരുന്നു അവന് മുന്നോട്ട് പോകാൻ... "കിട്ടുന്നെങ്കി കിട്ടട്ടെ ഇച്ചാ നമ്മൾ ശ്രമിക്കാഞ്ഞിട്ട് കിട്ടാതെ ആവണ്ടല്ലോ...... " അവന്റെ കവിളിൽ സ്നേഹത്തോടെ ചുംബിച്ചു... "പോട്ടേ....." പോകും മുന്നേ അമ്മയ്ക്കും മോൾക്കും ഓരോ ഉമ്മ കൊടുക്കാൻ അവൻ മറന്നില്ല..... അവൻ കണ്മുന്നിൽ നിന്ന് മായുന്നത് വരെ നന്ദ നോക്കി നിന്നു.... 

"ചക്കരകുട്ടി വിശക്കുന്നുണ്ടോടാ..." ഹാളിൽ നിലത്ത് കിടന്നു വിരൽ നുണയുന്ന തങ്കിമോളേ എടുത്തു കൊണ്ട് ചോദിച്ചു... അവൾ ഇല്ലെന്ന് തലയാട്ടി കൊണ്ട് നന്ദയുടെ കഴുത്തിൽ മുഖം ഉരസി കൊണ്ട് കിടന്നു.... "പിന്നെ എന്താ ഉറക്കം വരുന്നുണ്ടോ..... " അതിന് മറുപടിയായി ഒരു കൈകൊണ്ട് അവൾ നന്ദയുടെ കഴുത്തിൽ ചുറ്റി പിടിച്ചു.... "വാവേ ഉറങ്ങല്ലേ ട്ടോ... ജെറി ഇപ്പോ വരും... എന്നിട്ട് കളിച്ചണ്ടെ നമുക്ക്... " നന്ദ അവളുടെ പുറത്തു തലോടി കൊണ്ട് പറഞ്ഞതും അവൾ മുഖം ഉയർത്തി അവളെ നോക്കി... വായിൽ നിന്ന് വിരൽ എടുത്തു. "കച്ചോ... " കൈ മലർത്തി കൊണ്ട് കുറുമ്പി ചോദിച്ചു .. "ആന്നേ.. കളിക്കാലോ... " വായിൽ നിന്ന് തേൻ പോലെ ഒഴുകി വന്ന ഉമി നീര് തുടച്ചു കൊടുത്തു കൊണ്ട് നന്ദ പറഞ്ഞു...

"ഹൈ......" നന്ദയുടെ കവിളിൽ കുഞ്ഞി കൈ ചേർത്ത് കൊണ്ട് അവൾ ചിരിച്ചു.... അപ്പോഴാണ് നന്ദയുടെ ഫോൺ റിംഗ് ചെയ്തത്... ഫോൺ നോക്കിയപ്പോൾ അച്ഛനാണ് വിളിക്കുന്നത്.. "ഹലോ അച്ചേ.... " "നന്ദുട്ടി.....സുഖല്ലേടി നിനക്ക്... " "ഹാ..." "ഹ്മ്മ്... നിനക്ക് ഇപ്പോ ഞങ്ങളെ വേണ്ടല്ലോ... ഒന്ന് വിളിക്കാറു പോലുമില്ലല്ലോ നീ... " സേതു പരിഭവത്തോടെ ചോദിച്ചു.. "സമയം കിട്ടണ്ടേ അച്ചേ....മോള് കൂടെ ഉള്ളപ്പോൾ ഫോണൊന്ന് നോക്കാൻ കഴിയില്ല....കുറുമ്പിക്ക് നല്ല വാശി ആണ്...പിന്നെ ഉച്ച വരെ ക്ലാസ്സ് ആണ്.. " മടിയിൽ ഇരിക്കുന്ന തങ്കിമോളേ തലോടി കൊണ്ട് അവൾ പറഞ്ഞു... സന്തോഷത്തോടെ ഉള്ള അവളുടെ സംസാരം കേട്ടപ്പോൾ തന്നെ സേതുവിന്റെ മനസ്സ് നിറഞ്ഞു.....

"മതി മതി...നീ വിളിച്ചില്ലേലും കുഴപ്പം ഇല്ല സന്തോഷമായി ഇരുന്നാൽ മതി..... " "ഞാൻ ഹാപ്പി ആണ്.. ഒരുപാട്....അവിടെയോ അമ്മ എന്ത് പറയുന്നു... " "ഇവിടെ എന്ത്.. നീ ഇല്ല്യാണ്ട് ഒരു രസോം ഇല്ല..നിന്റെ ശബ്ദം കേൾക്കണം എന്ന് തോന്നി അതാ വിളിച്ചത്...മോൻ ഇല്ലേ അവിടെ....." "ഇല്ല... പുറത്ത് പോയിരിക്കാ..." "ഹ്മ്മ് വരുമ്പോൾ പറയ്യ്.. എന്ന ശെരി നന്ദുട്ടി..." സങ്കടം നിറഞ്ഞ അച്ഛൻറെ ശബ്ദം കേട്ടപ്പോൾ അവളുടെ ഉള്ളം പിടഞ്ഞു.. "അച്ചേ...." ഒരു വിതുമ്പലോടെ അവൾ വിളിച്ചു.. "എന്താടാ..." "മിസ്സ്‌ യൂ.......ലവ് യൂ സൊ മച്ച്.." "മിസ്സ്‌ യൂ റ്റൂ.... " ഫോൺ വെച്ചപ്പോൾ അവൾക്ക് വല്ലാത്ത സങ്കടം തോന്നി.... അവളെ കണ്ണിമ വെട്ടാതെ നോക്കിയിരിക്കുന്ന തങ്കിമോളേ കണ്ടപ്പോൾ നന്ദ ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു..

അത് കണ്ടതും ആ കുഞ്ഞു മുഖത്തു ഒരു കള്ള ചിരി വിടർന്നു..... പുറത്ത് ബുള്ളറ്റ് വന്നു നിന്ന സൗണ്ട് കേട്ടപ്പോൾ നന്ദ മോളെയും കൊണ്ട് ധൃതിയിൽ ഉമ്മറത്തേക്ക് ചെന്നു.... മങ്ങിയ മുഖവുമായി കയറി വന്ന ജെറിയെ കണ്ടപ്പോൾ നന്ദയുടെ മുഖവും മങ്ങി... എന്നാലും അത് മറച്ചു പിടിച്ചു ഒരു പുഞ്ചിരിയോടെ അവൾ അവന്റെ അടുത്തേക്ക് ചെന്നു.... ജെറി അവളെ നോക്കാതെ അകത്തേക്ക് ചെന്നു... പുറം തിരിഞ്ഞു നിന്ന അവന്റെ തോളിൽ കൈ വെച്ചു അവൾ.... "സാരമില്ല ഇച്ചാ...നമുക്ക് വേറെ നോക്കാം..." അവനെ സമാധാനിപ്പിക്കാൻ അവൾ പറഞ്ഞു... പൊടുന്നനെ അവൾക്ക് നേരെ തിരിഞ്ഞ ജെറി ഇരു കൈകൊണ്ടും അവളെ വാരി എടുത്തു....

പെട്ടെന്ന് ഉള്ള നീക്കം ആയത് കൊണ്ട് നന്ദ ഒന്ന് ഞെട്ടി അവൾ കയ്യിൽ ഇരുന്ന തങ്കിമോളേ മുറുകെ പിടിച്ചു... ജെറി അവരെ എടുത്തു വട്ടം കറക്കി... അവൻ ഒരുപാട് സന്തോഷത്തിൽ ആയിരുന്നു.. "ഇച്ചാ താഴെ ഇറക്കന്നേ... മോളുണ്ട് .. ഇച്ചാ.... " നന്ദ അതും പറഞ്ഞ് ചീറി.. തങ്കിമോൾക്ക്‌ ജെറിയുടെ പ്രവർത്തി അങ്ങ് ഇഷ്ടായി.....അവൾ കൈ കൊട്ടി ചിരിക്കുന്നുണ്ട്... ജെറി പതിയെ അവരെ താഴെ ഇറക്കി.. അവൻ നന്നായി കിതക്കുന്നുണ്ട്... തങ്കിമോള് നന്ദയുടെ കയ്യിൽ നിന്ന് ഊർന്നിറങ്ങി... നിലത്ത് ഇരുന്ന് അവളുടെ കളിയിൽ ഏർപ്പെട്ടു.. ജെറി മുന്നോട്ട് ആഞ്ഞ് നന്ദയെ ഇറുക്കി കെട്ടിപിടിച്ചു... "നിന്റെ പ്രാർത്ഥന ദൈവം കേട്ടു..." അത്രമാത്രമേ അവൻ പറഞ്ഞോള്ളു..

അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു... അവളും അവനെ മുറുക്കി പിടിച്ചു.. "ഞാൻ പറഞ്ഞില്ലേ കിട്ടുമെന്ന്... " അവൾ അവന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു.... അവൻ ആ കൈകൾ ചുണ്ടോട് ചേർത്തു...  "I am സോറി ഗയ്‌സ്... ഇത്തവണയും റിസൾട്ട്‌ നെഗറ്റീവ് ആണ്...." ഡോക്ടറുടെ വാക്കുകൾ കേട്ട് റീനയുടെ മുഖം വാടി...അവൾ ജോയ്യെ ഒന്ന് നോക്കി.. അവന്റെ അവസ്ഥയും അത് തന്നെയായിരുന്നു... അവർ ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി... "ഞാൻ പറഞ്ഞില്ലേ ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യാമെന്ന്.... " കാറിൽ വീട്ടിലേക്ക് ഉള്ള യാത്രയിൽ റീന ജോയ് യോടു പറഞ്ഞു.. "ഞാൻ പറഞ്ഞല്ലോ റീന എനിക്ക് ഒട്ടും താല്പര്യമില്ല.... സൊ.. നോ.... എനിക്ക് വേണ്ടത് എന്റെ ചോരയിൽ പിറന്ന കുഞ്ഞിനെയാണ്... "

അതും പറഞ്ഞു ജോയ് മുന്നോട്ട് നോക്കിയതും കണ്ടത്... ഒരു റെസ്റ്റോറന്റ് ന്റെ അകത്തു നിന്നും തങ്കിമോളെയും എടുത്തു നന്ദയെയും ചേർത്ത് പിടിച്ചു പാർക്കിംഗ് ഏരിയിലേക്ക് നടന്നു നീങ്ങുന്ന ജെറിയാണ്... ജോയ് പെട്ടെന്ന് ബ്രേക്ക്‌ ചവിട്ടി... എന്തൊക്കെയോ തമാശ പറഞ്ഞു കളിച്ചു ചിരിച്ചു കൊണ്ടാണ് അവർ പോകുന്നത്... തങ്കിമോള് ഇടക്ക് ചിരിക്കുന്ന ജെറിയുടെ ഓരോ ഉമ്മ കൊടുത്തു കൈകൊട്ടി ചിരിക്കുന്നുണ്ട്... ജെറി അവളുടെ ഉണ്ടകവിളിൽ ഉമ്മ വെക്കുന്നുണ്ട്... ജോയ് അവരെ തന്നെ നോക്കി നിന്നു.... "ഇച്ചാ മോളുടെ കൊലുസിന്റെ മണികൾ പൊട്ടിപോയി.. അതൊന്ന് മാറ്റി വാങ്ങാമായിരുന്നു... " ബുള്ളറ്റിൽ കയറും മുന്നേ നന്ദ പറഞ്ഞു.. "പൈസ ഉണ്ടേൽ മതി ഇല്ലേൽ പിന്നേ മാറ്റാം..." "ഹ്മ്മ് നീ കേറ്.." അവൻ പറഞ്ഞതും അവൾ ഇളിച്ചു കൊണ്ട് ബുള്ളറ്റിൽ കയറി... നേരെ പോയത് ഒരു jewellery യിലേക്ക് ആണ്... "വാ.. "

അവൻ അവളുടെ കയ്യും പിടിച്ചു അകത്തേക്ക് നടന്നു... "നിനക്ക് എന്തേലും വേണോ അല്ലി...." മോളുടെ കൊലുസ് മാറ്റിയതിനു ശേഷം അവൻ ചോദിച്ചു.. അവളുടെ കണ്ണുകൾ നിറയെ മണികൾ ഉള്ള വെള്ളികൊലുസിൽ എത്തി നിന്നു.... "ഹ്മ്മ്...ഇവിടുന്ന് വേണ്ട...ജോലിക്ക് പോയി തുടങ്ങിയിട്ട് രണ്ട് ദിവസം അല്ലേ ആയുള്ളൂ...ഇപ്പോ മോൾക്ക് വാങ്ങു...." "സാലറി കിട്ടാൻ ഇനിയും ഒരുപാട് ദിവസങ്ങൾ ഉണ്ട് ..തത്കാലം നിനക്ക് വാങ്ങാൻ ഉള്ള ക്യാഷ് ഒക്കെ എന്റെ കയ്യിൽ ഉണ്ട്... " അവൻ പറയുന്നത് കേട്ടതും നന്ദു അവന്റെ കൈക്ക് ഒരു നുള്ള് കൊടുത്തു... "അത് എനിക്ക് അറിയാം.. ബാങ്കിൽ ഉള്ള ക്യാഷ് അല്ലേ.. അത് അവിടെ ഇരുന്നോട്ടെ... ഇച്ചൻ വന്നേ....."

നന്ദ അതും പറഞ്ഞു അവന്റെ കയ്യും പിടിച്ചു പുറത്തേക്ക് ഇറങ്ങി... അവൻ അപ്പോഴും ഒരു പുഞ്ചിരിയോടെ അവളെ നോക്കുന്നുണ്ടായിരുന്നു...  "ഇച്ചാ എന്താ ഇവിടെ നിൽക്കുന്നെ കിടക്കുന്നില്ലേ.... " രാത്രിയിൽ ബാൽകണിയിൽ നിൽക്കുന്ന ജെറിയെ പിറകിലൂടെ ചെന്നു കെട്ടിപിടിച്ചു അവൾ.... ജെറി അവളെ പിടിച്ചു മുന്നിലേക്ക് ഇട്ടു... "കുഞ്ഞി ഉറങ്ങിയോ.... " നന്ദയുടെ കവിളിലൂടെ വിരലോടിച്ചു കൊണ്ട് അവൻ ചോദിച്ചു.. "ഹ്മ്മ് നേരത്തെ ഉറങ്ങി... " "ഉച്ചക്കത്തെ കറക്കം കൊണ്ടാവും..." അവൻ അതും പറഞ്ഞു അവളെ ചേർത്ത് നിർത്തി... "നീ ആഗ്രഹിച്ച ജീവിതം ഇതുപോലെ ഒന്നായിരുന്നോ അല്ലി.. " അവന്റെ ചോദ്യം കേട്ട് അവൾ സംശയത്തോടെ അവനെ നോക്കി....

"നീ എന്റെ ജീവിതത്തിലേക്ക് വന്നിട്ട് മാസം രണ്ട് കഴിഞ്ഞു....നിനക്ക് ഇഷ്ടമുള്ളത് ഒന്നും വാങ്ങി തരാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല..നീ ആയിട്ട് ഒന്നും ചോദിച്ചതുമില്ല...ചീത്ത പേര് കാരണം വീട്ടുകാർ അടക്കം പാതി വഴിയിൽ ഉപേക്ഷിച്ചവരാണ്..അത് കൊണ്ട് ചോദിച്ചതാ... " ഒരു ചെറു ചിരിയോടെ അവൻ അവളോട് പറഞ്ഞു.... അവൾ അവന്റെ മുടിയിഴയിൽ തഴുകി കൊണ്ട് കെട്ടിപിടിച്ചു... "എനിക്ക് അറിയാലോ ഈ മനസ്സ്....മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ ഞാൻ അതൊന്നും കാര്യമാക്കില്ല...വല്ലവരും പറയുന്നത് കേട്ട് പാതി വഴിയിൽ ഇട്ടേച്ചു പോകാൻ ആണേൽ പിന്നേ എന്റെ പ്രണയത്തിന് എന്ത് അർത്ഥമാണ് ഉള്ളത്...ഒന്നും വേണ്ടെനിക്ക് എന്നും എന്റെ കൂടെ ഉണ്ടായാൽ മതി....

ഈ താലി കഴുത്തിൽ ഇട്ടു കൊണ്ട് നടക്കുന്നത് വെറുതെ ഒന്നുമല്ല..വഴി തെറ്റാതെ കാലിടറാതെ ഒരമ്മയായും ഭാര്യയായും കൂടെ ഉണ്ടാവും എന്നാ എന്റെ വാക്കാണ്... " അവളുടെ കൈകൾ അവനെ വലിഞ്ഞു മുറുക്കി... വാക്കുകൾ കൊണ്ടും സ്നേഹം കൊണ്ടും അവൾ അവനെ ചേർത്ത് പിടിച്ചു..  "സർ ഫോൺ..... " ഗ്രൗണ്ടിൽ നിൽക്കുമ്പോൾ ആണ്... ഒരാൾ ജെറിയുടെ ഫോണുമായി ഓടി വന്നത്... ജെറി അയാളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി . പൊന്നമ്മയാണല്ലോ....? ജെറി ഫോൺ എടുത്തു ചെവിയോടെ ചേർത്തു.. "ഹലോ പൊന്നമ്മേ.... " മറുവശത്ത്‌ നിന്ന് മറുപടി ഒരു കരച്ചിൽ ആയിരുന്നു... "ഹലോ... ഹലോ... പൊന്നമ്മേ എന്താ എന്ത് പറ്റി.... "

"അച്ചു.. നീ ഒന്ന് വീട് വരെ വാ...അപ്പച്ചൻ... " അവർ അത്രയും പറഞ്ഞു കരയാൻ തുടങ്ങി.. "അപ്പച്ചൻ.. അപ്പച്ചനെന്ത്‌ പറ്റി പൊന്നമ്മേ... " "നീ ഒന്ന് വാ അച്ചൂ അപ്പച്ചൻ വിളിച്ചിട്ട് കണ്ണ് തുറക്കുന്നില്ല ഇവിടെ ആണേൽ ആരുമില്ല..ജോയ്യെ വിളിച്ചിട്ട് എടുക്കുന്നില്ല... " "ഞാൻ ദാ വരുന്നു..." ജെറി ഫോൺ കട്ടാക്കി അവിടെന്ന് ഇറങ്ങി... വർഷങ്ങൾക്ക് ശേഷം കുരിശിങ്കൽ തറവാടിന് മുന്നിൽ ജെറിയുടെ ബുള്ളറ്റ് വന്നു നിന്നു... ഗേറ്റിന് മുന്നിൽ എത്തിയപ്പോൾ അവന്റെ മനസിലേക്ക് ആദ്യം കടന്നു വന്നത് മൂന്ന് വർഷങ്ങൾക്കു മുൻപ് അടിച്ചിറക്കിയ രംഗമാണ്... അവൻ കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് ബുള്ളറ്റ് മുന്നോട്ട് എടുത്തു.. അന്നമ്മയുടെ കരച്ചിൽ കേട്ട് അവൻ അകത്തേക്ക് ഓടി കയറി...

അവിടെ കണ്ടത് ബോധമില്ലാതെ കിടക്കുന്ന ജേക്കബിനെയാണ്... മറ്റൊന്നും ചിന്തിക്കാതെ അവൻ അയാളെ വാരി എടുത്തു . "പൊന്നമ്മേ കാറിന്റെ കീ എടുക്ക്.. " അവൻ അതും പറഞ്ഞു പുറത്തേക് ഇറങ്ങി..  "കുഴപ്പം ഒന്നുമില്ല...ബിപിയിൽ ചെറിയ ഒരു variation അതിന്റെ തളർച്ചയാണ്...ലേറ്റ് ആക്കാതെ എത്തിച്ചത് നന്നായി.. " ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ അവന്റെ ഉള്ളം തണുത്തു.. അന്നമ്മയെ ചേർത്ത് പിടിച്ചു.. "ഞാൻ പറഞ്ഞില്ലേ പൊന്നമ്മേ ഒന്നുമുണ്ടാവില്ലേന്ന്...എന്നാ ഞാൻ പൊക്കോട്ടെ... " അവരുടെ കവിളിൽ തലോടി പോകാൻ നിന്ന അവന്റെ കൈകളിൽ അന്നമ്മ പിടിച്ചു... "അപ്പച്ചനെ കണ്ടിട്ട് പോടാ... " "വേണ്ട പൊന്നമ്മേ അപ്പച്ചന് ഇഷ്ടമാവില്ല..

" ജെറി നേർത്ത ചിരിയോടെ ആ കൈകൾ വിടുവിച്ചു കൊണ്ട് മുന്നോട്ട് നടന്നു... "വാവച്ച് പാപ്പു ചിന്നന്തെ....മേം (വേഗം ) വാ.." ജെറി വീട്ടിൽ കയറി ചെല്ലുമ്പോൾ കണ്ടത് ചാരു പടിയിൽ നന്ദയുടെ മടിയിൽ കിടന്നു എന്തോക്കെയോ സംസാരിക്കുന്ന തങ്കിമോളേയാണ്... "ആഹാ എന്താണ് ഇവിടെ ഒരു സംസാരം... " നന്ദയുടെ മറുവശത്ത്‌ ചെന്നിരുന്നു കൊണ്ട് അവൻ അവളുടെ മടിയിലേക്ക് തലചായ്ച്ചു...മോളേ എടുത്തു അവന്റെ മേൽ കിടത്തി.. "തോക്ക്... വാവ... ഇവദേ...എന്തെ (എന്റെ ) ഇഞ്ഞു വാവ (കുഞ്ഞുവാവ ).... " നന്ദയുടെ വയറിൽ കുഞ്ഞികൈകൾ കൊണ്ട് തലോടി അവൾ പറഞ്ഞു... "ഹേ... " ജെറി എണീറ്റ് ഇരുന്ന് നന്ദയെ നോക്കി.. അവൾ നാണത്തോടെ തല താഴ്ത്തി...അവളുടെ മുഖത്തു നിന്ന് കണ്ണ് എടുക്കാതെ.. അവന്റെ കൈകൾ ഒരു വിറയലോടെ അവളുടെ വയറിൽ പതിഞ്ഞു..............................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story