അനന്തിക: ഭാഗം 1

ananthika

എഴുത്തുകാരി: അമ്മു അമ്മൂസ്

 ""ഒരു തവണ.....ഈ ഒരൊറ്റ തവണ കൂടി എന്നെയൊന്നു സ്നേഹത്തോടെ നോക്കുമോ മഹിയേട്ടാ.... ഒരിക്കൽ മാത്രം മതി.... പിന്നെ നന്ദൂന് ഒന്നും വേണ്ട...."" വിറയാർന്ന കൈകൾ അത്രയും മൃദുവായി തന്റെ കൂട്ടിപ്പിടിച്ചിരിക്കുന്ന കൈകളിൽ ചേർത്ത് അപേക്ഷ പോലെ പറയുന്ന ആ പെണ്ണിന്റ മുഖത്തേക്ക് ഒരു നിമിഷം നോക്കി നിന്നു പോയി മഹി.. അടുത്ത നിമിഷം തന്നെ ആ കണ്ണുകളിൽ നിർവികാരത നിറയുന്നതവൾ ഭയത്തോടെ നോക്കി നിന്നു... മറ്റൊരു ചിന്തയ്ക്കും ഇടം കൊടുക്കാതെ ശക്തിയോടെ ആ കൈകൾ കുടഞ്ഞെറിഞ്ഞവൻ പിന്നിലേക്ക് നീങ്ങി നിൽക്കുമ്പോൾ എന്നും അവൾക്കായി പ്രണയം നിറഞ്ഞിരുന്ന മിഴികൾ ശൂന്യമായിരുന്നു. ""മതിയായി അനന്തിക എനിക്ക്..... എല്ലാം മതിയായി... ഇനിയുമീ വിഡ്ഢിവേഷം കെട്ടിയാടാൻ വയ്യെനിക്ക്.... വല്ലാണ്ട് ശ്വാസം മുട്ടിക്കുന്നു നീ എന്നെ. ഞാനൊരു പാവയല്ല.. മനുഷ്യനാ... വേദനകളും വിഷമങ്ങളും ഒക്കെ അനുഭവിക്കുന്ന വെറും മനുഷ്യൻ... എനിക്കും വേദനിക്കും.... നിന്റെ ഒരോ വാശിക്കും കൂട്ട് നിന്നിട്ടേയുള്ളൂ ഈ നിമിഷം വരെയും.... ഒരിക്കലെങ്കിലും നീ മാറുമെന്ന് കരുതി......... പക്ഷേ....."" പാതി മുറിഞ്ഞു പോയ ഓർമ്മകളിൽ നിന്നും ആരോ തിരികെ വിളിക്കും പോലെ തോന്നി.. ""മോളെ.... അനൂട്ട..... എഴുന്നേറ്റെ......""" അമ്മമ്മ തോളിൽ തട്ടി വിളിച്ചപ്പോഴാണ് ഞെട്ടിയുണർന്നത്. പകപ്പോടെ ചുറ്റും നോക്കി.

കുടുംബ കോടതി എന്ന ബോർഡ്‌ കണ്ടതും അറിയാതെ കണ്ണ് നിറഞ്ഞു. ""മോളെ.. "" വിനോദിനി വീണ്ടും അവളെ തട്ടി വിളിച്ചു.. ""കണ്ണ് തുടച്ചേ......വാ.. അകത്തേക്ക് വിളിച്ചിട്ടുണ്ട്."" ""മ.. മഹിയേട്ടൻ വന്നോ അമ്മമ്മേ..""" മിണ്ടാതെ നോക്കി നിൽക്കുന്ന അമ്മമ്മയുടെ മുഖത്തേക്കൊരു നിമിഷം ഉറ്റ് നോക്കി നിന്നു... എന്തിനോ വേണ്ടിയൊരു വിമുഖത നിറഞ്ഞിരുന്നു ആ മുഖത്ത്... ""എന്നേ...... എന്നെ നോക്കിയോ വന്നപ്പോൾ.... കണ്ടു കാണില്ല അല്ലെ....""" അകത്തേക്കുള്ള വാതിലിലേക്ക് എത്തി നോക്കുന്ന കണ്ണുകൾ പിൻവലിക്കാതെ പതിഞ്ഞ സ്വരത്തിൽ പറയുന്ന ആ പെണ്ണിനെ അവർ നോക്കി നിന്നു. ""മ്മ്മ്..""' അവരൊന്ന് മൂളി. ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു...... മുഖത്തേക്ക് വീണു കിടന്നിരുന്ന മുടിയൊക്കെ മാടിയൊതുക്കി ചെവിയുടെ പിന്നിലേക്കാക്കി വച്ചു. ""മോള്‌ വാ അകത്തേക്ക് വിളിച്ചിട്ടുണ്ട്...."". അമ്മമ്മേടെ കൈ പിടിച്ചു പതുക്കെ എണീറ്റു... വക്കീലിന്റെ മുൻപിലുള്ള കസേരയിലായി ഇരിക്കുന്നുണ്ട് മഹിയേട്ടൻ. പെണ്ണിന്റെ കണ്ണൊന്നു നിറഞ്ഞു. പുതിയതായി വളർന്നു തുടങ്ങിയ താടി രോമങ്ങളിൽ തടവി അലസമായ മുഖത്തോടെയിരിക്കുന്ന അവനെ കണ്ണ് നിറയെ കണ്ടു.. ഉറങ്ങിയിട്ടില്ല എന്ന് തോന്നുന്നു... കണ്ണിന് താഴെ ചെറുങ്ങനെ കറുപ്പ് പടർന്നിട്ടുണ്ട്.. അറിയാതെ പോലും ആ മിഴികൾ തനിക്ക് നേരെ നീളുന്നില്ല എന്നോർത്തതും ഒരു മരവിപ്പ് മേലാകെ പടർന്നു തുടങ്ങി.. ""ഇരിക്കൂ.."" മഹിയേട്ടന്റ അടുത്ത് തന്നെ ഇരുന്നു. അപ്പോൾ പൊലും ഇങ്ങോട്ടേക്ക് ഒരു നോട്ടം പോലും കിട്ടിയില്ല...

വിരലുകൾ കോർത്തു പിടിച്ചു മുന്നിലേക്ക് മാത്രം ദൃഷ്ടിയുറപ്പിച്ചിരിക്കുന്നവനെ കൊതിയോടെ നോക്കി നിന്നു.... ദിവസങ്ങൾക്കു ശേഷമുള്ള കൂടിക്കാഴ്ച... അടുത്തുള്ള മറ്റാരെയും കണ്ടില്ല. """ബാക്കി എല്ലാവരും ഒന്ന് പുറത്തേക്ക് നിൽക്കൂ. ഇവരോട് രണ്ടാളോടും മാത്രമായി സംസാരിക്കാനുണ്ട്. """ കൈയിൽ ചേർത്ത് വച്ച അമ്മമ്മേടെ കൈപ്പത്തി ഒന്നൂടെ മുറുക്കെ പിടിച്ചു.. പോകല്ലേ എന്ന് പറയും പോലെ. ""'അമ്മമ്മ പുറത്ത് ഉണ്ടെടാ. എങ്ങും പോകില്ല....""" വിനോദിനി ആ പെണ്ണിന്റെ കവിളിൽ രണ്ടു കൈയും ചേർത്ത് പറഞ്ഞു. അപ്പോഴും മുന്നിലൊരു ആശ്രയം ഇല്ലെന്നത് പോലെ അവളാ കൈവിരലുകളിൽ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു. അമ്മമ്മ തന്നെ ബലമായി വിരലുകൾ അടർത്തി മാറ്റി പുറത്തേക്ക് നടന്നു... കനത്ത മുഖത്തോടെ അമ്മമ്മേടെ ഒപ്പം പുറത്തേക്കിറങ്ങുന്ന മഹിയേട്ടന്റെ അമ്മയെയും അനിയത്തിയെയും ഒരു മിന്നായം പോലെ കണ്ടു... """സീ മിസ്റ്റർ മഹിത് .. നിങ്ങൾ രണ്ടാളും ചെറുപ്പമാണ്... ഒരു വർഷം പോലുമായിട്ടില്ല വിവാഹം കഴിഞ്ഞിട്ട്.. അതിനുള്ളിൽ തന്നെ ഇങ്ങനെയൊരു തീരുമാനമെടുക്കുക എന്ന് വച്ചാൽ... രണ്ടാളും ഒരിക്കൽ കൂടിയൊന്നു ആലോചിക്ക്.....തെറ്റുകൾ തിരുത്താനുള്ള അവസരം എല്ലാവർക്കും എല്ലായിപ്പോളും കിട്ടണമെന്നില്ല... ലവ് മാര്യേജ് അല്ലായിരുന്നോ... പരസ്പരം ഇഷ്ടപ്പെട്ടു വിവാഹിതരായവർ... നന്നായി ഒന്നു കൂടി ആലോചിക്ക്...

"""" അഡ്വക്കേറ്റ് ചന്ദ്രന്റെ വാക്കുകൾ കേട്ടതും അവളുടെ മിഴികൾ ഒരിക്കൽ കൂടി ആ മുഖത്തേക്ക് നീണ്ടു..... അവസാന പ്രതീക്ഷയെന്നത് പോലെ... ഇല്ല...... അവ ശൂന്യമായിരുന്നു..... നിസംഗമായ മുഖത്തോടെ തന്നെ മുൻപിലേക്കുള്ള നോട്ടം മാറ്റാതെ മുഖം തിരിച്ചിരിക്കുന്നവനെ കാൺകെ കാരമുള്ള് കൊണ്ടാരോ ഹൃദയത്തെ വരഞ്ഞു മുറിവേല്പിക്കും പോലെ നോവുന്നുണ്ടായിരുന്നു. ഒരു നിമിഷം ഒന്ന് ശ്വാസമെടുക്കുന്നത് കണ്ടു.... """എനിക്ക് ആലോചിക്കാനൊന്നുമില്ല സർ....ഇനിയും വയ്യ....""'" നേർത്ത സ്വരത്തിലാണെങ്കിലും ഉറച്ച വാക്കുകൾ.... കഴുത്തിലെ താലിയിലേക്ക് അറിയാതെ വിരലുകൾ സഞ്ചരിച്ചു... ചന്ദ്രന്റെ മുഖമൊന്നു മ്ലാനമായി. ഇനിയൊരു ലോകമില്ലെന്നത് പോലെ മുന്നിൽ തലകുനിച്ചിരിക്കുന്ന പെൺകുട്ടിയിലേക്ക് അയാളുടെ നോട്ടം ചെന്നു. കഴുത്തിലെ താലിയിൽ അപ്പോഴും ബലമായി മുറുക്കെ പിടിച്ചിരിക്കുകയായിരുന്നു അവൾ. ""ഹ്മ്മ്..""". അയാളൊരു മൂളലിൽ മറുപടി ഒതുക്കി. """എന്തായാലും ഒരു വർഷം കഴിയാതെ വിവാഹമോചനത്തിനുള്ള അപേക്ഷ സമർപ്പിക്കാൻ പറ്റില്ല. എന്നിരുന്നാൽ തന്നെ ആറു മാസത്തേക്ക് തീരുമാനത്തിൽ മാറ്റമുണ്ടോ എന്ന് സ്വയം ചിന്തിക്കാനുള്ള സമയം നിങ്ങൾക്ക് തരും. Mutual ഡിവോഴ്സ് പെറ്റീഷൻ ആണെങ്കിൽ വേഗം ലഭിക്കും. അല്ലെങ്കിൽ ഡിവോഴ്സിനുള്ള കാരണങ്ങൾ അനുസരിച്ചു കാലതാമസം ഉണ്ടാകാം..."""

ശ്രദ്ധയോടെയാണ് മഹിയേട്ടൻ വക്കീലിന്റെ ഒരോ വാക്കുകളും കേട്ടിരിക്കുന്നത്. തന്നെ പറഞ്ഞു വിടാൻ അത്രയ്ക്ക് ധൃതിയായോ.... അല്ലെങ്കിൽ തന്നെ ചേർത്ത് നിർത്താനായി എന്ത് കാരണമാണ് ആ മനുഷ്യന് താൻ നൽകിയിട്ടുള്ളത്. പുച്ഛം കലർന്നൊരു ചിരി മിന്നി അവളിൽ. അടുത്താണ് ഇരിക്കുന്നതെങ്കിലും അറിയാതെ പോലും ദേഹത്ത് തട്ടാത്ത വിധം കസേരയുടെ മറു വശത്തേക്ക് നീങ്ങിയാണ് ഇരിക്കുന്നത്... """"മഹിയേട്ടാ.... ദേ കുറേ കൂടണുണ്ട് കേട്ടോ.... ഇത്തിരി അങ്ങോട്ടേക്ക് വല്ലോം മാറിയിരുന്നേ... അവരൊക്കെ ഇങ്ങോട്ട് തന്ന നോക്കുന്നെ..... ഞാനീ ഫയലൊന്ന് നോക്കട്ടെ....."""" """"മിണ്ടാതിരിക്കെന്റെ നന്ദൂ... ഞാനെ എന്റെ ഭാര്യേടെ അടുത്താ ഇരിക്കുന്നത്. അതിനി ആര് പറഞ്ഞാലും ഞാനിവിടെ തന്നെയേ ഇരിക്കൂ..."""" ഇടത് കൈയിലെ ചെറുവിരലിൽ വിരലൊന്നമർത്തി ചെറിയ നോവ് നൽകിയവനെ പരിഭവത്തോടെയൊന്ന് നോക്കി.... പിന്നെയൊരു പുഞ്ചിരി നൽകി... ഇപ്പോഴും ആ നോവ് വിരലിൽ തങ്ങി നിൽക്കും പോലെ.. പക്ഷേ ചേർത്ത് പിടിക്കാൻ അവന്റെ കൈകൾ കൂടെയില്ല എന്ന് മാത്രം.... """ഒരു വർഷമാകാൻ ഇനി എത്ര മാസം കൂടിയുണ്ട്.....""" ആ ചോദ്യമാണ് വീണ്ടും ഓർമ്മകളിൽ നിന്ന് മടക്കിക്കൊണ്ട് വന്നത്. """ഒന്നര മാസം...""". വീണ്ടും മഹിയേട്ടന്റ ശബ്ദം.... ശ്രദ്ധയോടെ കാതോർത്തിരുന്നു.... ഇനിയും കുറച്ചു ദിവസങ്ങൾ കൂടി...

അത് കഴിഞ്ഞാൽ പിന്നീടൊരിക്കലും ഇത്രമേൽ അടുത്ത് ഈ ശബ്ദം കാതിൽ മുഴങ്ങില്ല.... """നന്ദൂ....."". എന്ന് അത്രയും സ്നേഹത്തോടെ ആരും വിളിക്കില്ല... ""അനന്തിക ഒന്നും സംസാരിച്ചിട്ടില്ലല്ലോ വന്നപ്പോൾ മുതൽ.... എന്താടോ തന്റെ സമ്മതം വാങ്ങാതെയാണോ ഇങ്ങനെയൊരു തീരുമാനം...""" ഒന്ന് ഞെട്ടി മുഖമുയർത്തിയപ്പോൾ ആദ്യം നോക്കിയത് മഹിയേട്ടനെയാണ്.. ആ മുഖത്ത് അപ്പോഴും ഗൗരവം നിറഞ്ഞിരുന്നു.... എന്നും കുസൃതിയോടെ നോക്കി ചിരിച്ച കണ്ണുകളിലേക്ക് വെറുതെ നോക്കി.... ഒരിക്കൽ ഒരു കടലോളം പ്രണയം ഒളിപ്പിച്ച മിഴികളാണ് ഇന്ന് നിർവികാരതയുടെ മൂടുപടം അണിഞ്ഞിരിക്കുന്നത്... അത്രമേൽ വെറുക്കപ്പെട്ടവളായിരിക്കുന്നുവോ താൻ.... ""സർ പറഞ്ഞാൽ മതി... ഞാൻ ഒപ്പിട്ട് തന്നോളാം....""" കുറച്ചു നേരം ശ്വാസമടക്കി കരഞ്ഞിട്ടാകണം തൊണ്ട ചെറുതായി വേദനിക്കുന്നുണ്ടായിരുന്നു.... സമ്മതമാണെന്നോ അല്ലെന്നോ പറഞ്ഞില്ല.... കഴിയില്ല അതിന്... ഒരിക്കലും കഴിയില്ല..... """എന്തായാലും രണ്ടാളും പോയിട്ട് ഒന്നൂടെ ഒന്ന് ആലോചിക്ക്. വീണ്ടും തീരുമാനത്തിന് മാറ്റമില്ലെങ്കിൽ ഒന്നര മാസം കഴിഞ്ഞു വരൂ....""" 🌸🌸🌸

""മഹിയേട്ടാ.....""" വേഗത്തിൽ മറികടന്നു പുറത്തേക്കിറങ്ങി പോകുന്നവന്റെ പിന്നാലെ ഓടി ചെന്നു. വരാന്ത കടന്നു മുറ്റത്തേക്ക് ഇറങ്ങും മുൻപേ കൈയിൽ പിടിച്ചു തടഞ്ഞു നിർത്തിയിരുന്നു..... അറപ്പോടെ കൈ തട്ടി മാറ്റുന്നവനെ നോക്കി തറഞ്ഞു നിന്നു... ഒരായിരം ഓർമ്മകൾ കടന്നലുകൾ പോലെ തലയ്ക്കു ചുറ്റും മൂളുന്നു.... അറപ്പോടെ അകന്ന് മാറിയ പല മുഖങ്ങളും കണ്മുന്നിൽ തെളിഞ്ഞു... അവനെ തടയാനായി വീണ്ടും ഉയർത്തിയ കൈകൾ തനിയെ താണു... ചോദിക്കാൻ വന്നതൊക്കെ തൊണ്ടക്കുഴിയിൽ തന്നെ തടഞ്ഞിരിക്കുന്നു... ""മ.... മഹി....."" പറഞ്ഞു തുടങ്ങും മുൻപേ കൈയുയർത്തി തടഞ്ഞു അവൻ. """വേണ്ട...... നന്....... അനന്തികാ.... എന്റെ തീരുമാനത്തിൽ മാറ്റമുണ്ടാകില്ല.... ഇതാണ് മഹി..... ഇങ്ങനെയേ പറ്റൂ എനിക്ക്..... ശെരിയാ .. എന്റെ മാത്രം തെറ്റാ..... കൺമുന്നിൽ കണ്ട പലതിനോടും കണ്ണടച്ചു..... നിനക്ക് വേണ്ടി മാത്രം.... എനിക്ക് വേണ്ടിയെങ്കിലും നിന്നിലൊരല്പം മാറ്റമുണ്ടാകും എന്ന് പ്രതീക്ഷിച്ചു..... ഇനിയും വയ്യാ..... എനിക്ക് എന്നേ തന്നെ നഷ്ടപ്പെട്ടു പോകും അല്ലെങ്കിൽ....""" തലയുയർത്താൻ കഴിഞ്ഞില്ല... മനസ്സപ്പോഴും അറപ്പോടെ കൈകൾ അവൻ തട്ടിയെറിഞ്ഞ ആ നിമിഷത്തിൽ തന്നെ കുരുങ്ങി കിടക്കുകയായിരുന്നു....

മങ്ങിയ ഓർമ്മകളുടെ ചങ്ങലകൾ വീണ്ടും ഒരിക്കൽ കൂടി വരിഞ്ഞു മുറുക്കി തുടങ്ങി.... കുരുക്കഴിക്കാനാകാത്ത വിധം ശ്വാസം മുട്ടിച്ചു തളച്ചിട്ടുകൊണ്ട്... അവന്റെ വാക്കുകളിൽ അലയടിച്ച വെറുപ്പിൽ സ്വയം ഉരുകിയൊലിച്ചില്ലാതാകും പോലെ തോന്നിയവൾക്ക്.... അത്രമേൽ പ്രാണനായവന്റെ വെറുപ്പ്..... ദേഷ്യം..... ""നിനക്കെന്നും നീ മാത്രമായിരുന്നു ശെരി..... നീ മാത്രം "" തലകുനിച്ചു കൈകളിലേക്ക് മാത്രം നോക്കി നിൽക്കുന്ന അവളെ മഹി നോക്കി നിന്നു. ഏത് വിധത്തിലുള്ള ഓർമ്മകളാണ് അവളെ വരിഞ്ഞു മുറുക്കുന്നത് എന്നറിഞ്ഞിട്ടും ഒരു നോട്ടം മാത്രം നൽകി തിരിഞ്ഞു നടന്നവൻ.... തന്നിൽ നിന്നും ഒരു പൊട്ട് പോലെ അകലേക്ക്‌ നടന്നകലുന്നവനെ കണ്ണുനീരാൽ കാഴ്ച മങ്ങിയ മിഴികളാൽ വെറുതെ നോക്കി നിന്നു.... അവനിലെ ഒരോ അണുവും വീണ്ടും ഹൃദയത്തിലേക്ക് ആവാഹിക്കാൻ കൊതിച്ചു..... ""എന്റെ ശെരികളെന്നും നിനക്ക് വേണ്ടി മാത്രമുള്ളതായിരുന്നു...."" അത്രമേൽ നേർത്ത സ്വരത്തിൽ മൗനമായി മന്ത്രിച്ചു.... തുടരും

Share this story