അനന്തിക: ഭാഗം 13

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

വെപ്രാളത്തോടെ നോട്ടം മാറ്റി... അറിയില്ല എന്താണ് സംഭവിക്കുന്നത് എന്ന്.... പക്ഷേ ആ മുഖത്തേക്ക് നോക്കി നിൽക്കാൻ കഴിയുന്നില്ല.... പൊട്ടിയ പട്ടം പോലെ ദിശയില്ലാതെ പായുന്ന മനസ്സിനെ ശാസനയോടെ പിടിച്ചു നിർത്തി.... "മഹിത് "എന്നെഴുതിയ ഒരു മോതിരമാണ് ബോക്സ്‌ തുറന്നുയുടനെ കണ്ടത്... എന്താണ് നടക്കുന്നത് എന്ന് ഉൾക്കൊള്ളാൻ കഴിയാതെ മിഴിച്ചു നോക്കുന്ന നന്ദുവിന്റെ കൈയിൽ നിന്നുമാ ബോക്സ്‌ വാങ്ങി അപ്പോഴേക്കും മോതിരം കൈലെടുത്തിരുന്നു മഹി.... ""എന്തേ.....സർപ്രൈസ് ഇഷ്ടപ്പെട്ടോ.."" അവന്റെ ചോദ്യത്തിന് ഉത്തരമൊന്നും ഉണ്ടായിരുന്നില്ല കൈയിൽ... ചലിക്കാതെ നിന്നു...

""ആക്ച്വലി തന്നോട് ഒരു കാര്യം പറയാൻ വേണ്ടിയാ ഓഫീസിൽ വച്ചൊന്നും പറയാതെ ഇങ്ങോട്ടേക്കു കൂട്ടിയത്..."" അവളപ്പോഴും അവനെത്തന്നെ ഉറ്റുനോക്കി നിൽക്കുകയായിരുന്നു.. ""ഞാനീ ഓഫീസിലേക്ക് ട്രാൻസ്ഫർ വാങ്ങി വരുമ്പോൾ ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ മനസ്സിൽ... അമ്മയുടെ പരാതി പരിഹരിക്കൽ... അച്ഛൻ സൗദിയിൽ നിന്നും എല്ലാം നിർത്തി വരുന്നത് വരെ അവരെ രണ്ടാളെയും ഇനിയും തനിച്ചു നിർത്താതെ ഒരു കൂട്ട്.... പക്ഷേ...""

അവന്റെ മുഖത്തൊരു ചിരി വിടർന്നു... ""ഓഫീസിൽ വന്നിട്ട് ആദ്യമായിട്ട് കണ്ടൊരു മുഖമുണ്ട്.... എല്ലാവരിൽ നിന്നും വ്യത്യസ്തമായി ഗൗരവം മാത്രം അണിഞ്ഞൊരു മുഖം... ആ മുഖംമൂടിയ്ക്കുള്ളിൽ ഒരായിരം കനവുകൾ ഒളിപ്പിച്ചൊരു പെണ്ണും.... അങ്ങോട്ട്‌ കയറി ചിരിച്ചു സംസാരിച്ചിട്ടും പലപ്പോഴും ഒരു നോട്ടം പോലും തരാതെ വഴുതി മാറി പോയവൾ.... ആദ്യം അവളൊരു കൗതുകമായിരുന്നു... പിന്നെയെപ്പോഴൊ ഒരതിശയമായി മാറി.."". മഹിയെ തന്നെ കണ്ണിമയ്ക്കാതെ നോക്കി നിൽക്കുകയായിരുന്നു നന്ദു..... അവൻ പറയുന്ന ഒരോ വാക്കും തന്നെക്കുറിച്ചാണ് എന്ന് നന്നായി അറിയാമായിരുന്നു...

പക്ഷേ അപ്പോഴും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.... ""ഒരിക്കൽ അവളോടൊത്ത് ബസ്സിൽ പോയപ്പോൾ അന്നാദ്യമായി ഇതുവരെ അണിഞ്ഞ മൂടുപടം മാറ്റി ആ പെണ്ണൊന്ന് ചിരിച്ചു..... അന്നത്തെ ദിവസവും പിന്നീടങ്ങോട്ടും അവളെ അറിയാനുള്ള ശ്രമമായിരുന്നു..... ഒടുവിലറിഞ്ഞു പത്താമത്തെ വയസ്സ് മുതൽ പലവട്ടം തനിച്ചായിപ്പോയൊരു പെണ്ണിനെ.... അതുവരെ മിടുക്കിയായി നിന്നിട്ട് സ്വയം ഉൾവലിഞ്ഞവൾ..... അച്ഛനുപേക്ഷിച്ചു പോയിട്ടും പട്ടിണി കിടക്കാതിരിക്കാൻ അമ്മയോടൊപ്പം വാശിക്ക് ജോലി ചെയ്തവൾ.....ഒരിക്കലും ചിരിക്കാത്ത ഒരു ഗൗരവക്കാരി..."" മഹി പറയുന്നത് കേട്ട് ചമ്മലോടെ മുഖം താഴ്ത്തിയെങ്കിലും കഴിഞ്ഞു പോയ ദിവസങ്ങളുടെ ഓർമ്മയിൽ മിഴികൾ ഈറനണിയുന്നുണ്ടായിരുന്നു...

""പക്ഷേ സ്വന്തം പിറന്നാൾ പോലും ആരോടും പറയാത്തൊരു ബുദൂസാണെന്ന് ഇന്നാ മനസ്സിലായത്..."" അവളവനെ മുഖം കൂർപ്പിച്ചു നോക്കി.... അടുത്ത നിമിഷം തന്നെ അരയിലൂടെ ചുറ്റിപ്പിടിച്ചവൻ ചേർത്തു നിർത്തിയിരുന്നു... തരിച്ചു നിന്ന് പോയി നന്ദു.... ശ്വാസം പോലും ഒരു നിമിഷം തടഞ്ഞു നിന്നു നെഞ്ചിൽ... അവൻ ചുറ്റിപ്പിടിച്ച കൈയിലേക്കും അവനെയും മാറി മാറി നോക്കി.... കുതറി മാറണമെന്നുണ്ട്..... അകന്ന് നിൽക്കണമെന്നുണ്ട്.... പക്ഷേ കഴിയുന്നില്ല.... ആദ്യമായി മനസ്സ് പറഞ്ഞത് കേൾക്കാൻ ഹൃദയം മടി കാണിക്കുന്നു....

പേടികൊണ്ട് വിയർപ്പ് പൊടിഞ്ഞു തുടങ്ങിയ മുഖവുമായി അവനിൽനിന്നും നോട്ടം മാറ്റി നിലത്തേക്ക് മിഴിയൂന്നി നിൽക്കുന്നവളെ നോക്കിയൊന്ന് ചിരിച്ചു മഹി.... അവളെ ഒന്നുകൂടി തന്നോട് ചേർത്തു നിർത്തി... ""Happy Birthday Ananthika Mahith....."" പറയുന്നതിനോടൊപ്പം തന്നെ അവളുടെ വലം കൈയിലെ മോതിരവിരലിലേക്ക് അവനാ മോതിരം അണിയിച്ചിരുന്നു.... ഹൃദയം പോലും ഒരു നിമിഷത്തേക്ക് നിലച്ചതായി തോന്നി നന്ദുവിന്..... ശ്വാസമെടുക്കാൻ കഴിയുന്നില്ല.... ചുറ്റുമുള്ളതെല്ലാം മറന്ന് പോയിരിക്കുന്നു.... അവനെ തന്നെ തറഞ്ഞു നോക്കി നിന്നു പോയി.... ഒരു സ്വപ്നം പോലെ തോന്നുന്നു എല്ലാം.....

ഇതുവരെ കണ്ടതിലേക്ക് വച്ചു ഏറ്റവും മനോഹരമായ സ്വപ്നം..... പ്രണയം കൊണ്ട് മാത്രം നിറങ്ങൾ ചാലിച്ച സ്വപ്നം.... ഇനിയും സ്വപ്നലോകത്തിലെന്നത് പോലെ നോക്കി നിൽക്കുന്ന പെണ്ണിന്റെ തലയിലൊന്ന് കൊട്ടി മഹി... വേദനകൊണ്ട് തല തടവി അടുത്ത നിമിഷം തന്നെയവൾ കുതറിമാറി നിന്നു....അപ്പോഴും വിശ്വാസം വരാതെ കൈയിലെ മോതിരത്തിലേക്ക് നോക്കി.. ""ഈ ചേട്ടനിതുവരെ പറഞ്ഞു കഴിഞ്ഞില്ലേ..."". നിത്യയുടെ ഉച്ചത്തിലുള്ള ബഹളം കേട്ടാണ് ഞെട്ടി നോക്കുന്നത്... അതേ കുസൃതി നിറഞ്ഞ ചിരിയോടെ നിൽക്കുന്ന മഹിയെ ഒന്ന് നോക്കി പുഞ്ചിരിയോടെ വരുന്ന അമ്മയെ നോക്കി നിന്നു അവൾ.... പേടിയായിരുന്നു....

അമ്മയെന്ത് പറയുമെന്ന്... അമ്മയുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി നിന്നു.... ഇഷ്ടക്കേടോടെ ഒരു തവണയെങ്കിലും ആ നെറ്റിയൊന്ന് ചുളിയുന്നുണ്ടോ എന്ന് നോക്കി.... ആ മുഖത്തെ ചിരി മങ്ങുന്നുണ്ടോ..... അതോ തോന്നലാണോ..... അറിയില്ല.... മുന്നിൽ കാണുന്ന കാഴ്ചകളൊന്നും സത്യമാണോ എന്നറിയില്ല.... ""ഇങ്ങനെ സൂക്ഷിച്ചു നോക്കണ്ടാട്ടൊ.... എന്നോട് പറഞ്ഞു സമ്മതമൊക്കെ വാങ്ങിയിട്ടാണ് അവനിതൊക്കെ പ്ലാൻ ചെയ്തത്..."" അമ്മ ചിരിയോടെ പറഞ്ഞതും ജാള്യതയോടെ നോട്ടം മാറ്റി.... വിദ്യ അവളുടെ അടുത്തേക്ക് ചെന്നു മെല്ലെ ചേർത്തു പിടിച്ചു....

"" ഏഴെട്ട് മാസം മുൻപ് ഈ ചെക്കനെന്റെ മടിയിൽ കിടന്ന് പറഞ്ഞൊരു കാര്യമുണ്ട്.... എന്റെ നന്ദു ഇന്ന് ചിരിച്ചമ്മേന്ന്... ആദ്യം ആരാണെന്ന് മനസ്സിലായില്ലെങ്കിലും പിന്നീടങ്ങോട്ട് മോൾടെ വിശേഷങ്ങൾ മാത്രേ ഉണ്ടായിരുന്നുള്ളൂ..... പിന്നെയൊരു ദിവസം പറഞ്ഞു മോൾക്കും ഇഷ്ടമാണ് പക്ഷേ ഒരിക്കലും സമ്മതിച്ചു തരാൻ പോകുന്നില്ലെന്ന്..... അന്ന് ഞാനിവനോട് പറഞ്ഞു മോളെയൊന്ന് കാണണമെന്ന്... അതിന്റെ ഇടയിൽ ഈ കള്ള ചെക്കൻ മോതിരം വാങ്ങാനും പ്രൊപ്പോസ് ചെയ്യാനുമൊക്കെ പ്ലാൻ ഇട്ടിട്ടാ നിൽക്കുന്നതെന്ന് ഞാനറിഞ്ഞോ....""

മഹിയുടെ കൈയിലൊന്ന് കളിയായി തല്ലിയവർ പറഞ്ഞതും അവൻ ചിരിയോടെ അമ്മയുടെ തോളിലേക്ക് തല ചായ്ച്ചു നിന്നു.. ""അതേ ഡ്രാമ ഒക്കെ കഴിഞ്ഞെങ്കിൽ ഈ പായസം കുടിക്ക്..."" നിത്യയുടെ തലയിലൊന്ന് തട്ടി മഹി... ""കുശുമ്പ് അല്ലേടി നിനക്ക്...."" ""അമ്മേ..... ഈ ഏട്ടൻ....."" വിദ്യ കണ്ണുരുട്ടിയതും നിത്യ ചുണ്ട് കോട്ടി മഹിയെ ഒന്ന് നോക്കി പേടിപ്പിച്ചു ഹാളിലേക്ക് പോയി... ""രണ്ടെണ്ണോം എപ്പൊ നോക്കിയാലും ഇതേ ഉള്ളൂ പണി....."" അമ്മ പറയുന്നതൊക്കെ കേട്ട് ചമ്മിയ ചിരിയോടെ നിൽക്കുന്ന മഹിയെ നോക്കിയപ്പോൾ അറിയാതെ ചിരി വന്നു പോയി....

""മോള്‌ പായസം കുടിക്ക്.... ഇനിയും വൈകിയാൽ ചിലപ്പോൾ വീട്ടിൽ പ്രശ്നം ആകും.... നാളെ അവധി ദിവസമല്ലേ... ഞങ്ങളങ്ങോട്ട് വരുന്നുണ്ട്.... കൈയോടെ എല്ലാം ഉറപ്പിച്ചേക്കാം..."" നാണമോ പരവേശമൊ ഒക്കെ തോന്നി തുടങ്ങുന്നു... ഓടി ഒളിക്കണമെന്നുണ്ട്..... പക്ഷേ കാലുകൾ അവിടെ തന്നെ തളച്ചിട്ടിരിക്കുന്നു.... ചുവന്ന മുഖത്തോടെ തല താഴ്ത്തി നിൽക്കുന്ന നന്ദുവിൽ തന്നെ കൊരുത്തിട്ടിരുന്നു അവന്റെ മിഴികൾ.... അവളെ ആ നിമിഷം ചേർത്തു നിർത്തണമെന്ന് തോന്നി മഹിക്ക്.... ഇനിയൊരിക്കലും അകന്നു പോകാത്ത വിധം തന്നോട് ചേർത്തു നിർത്താൻ... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

വീട്ടിലേക്കുള്ള യാത്രയിലുടനീളം നന്ദു നിശബ്ദയായിരുന്നു..... ഒരിളം ചിരിയോടെ കൈയിലെ മോതിരത്തിലേക്ക് തന്നെ നോക്കിയിരിക്കുന്നവളെ നിറഞ്ഞ മനസ്സോടെ ഉള്ളിലേക്ക് ആവാഹിച്ചു മഹി.... വീടെത്തിയപ്പോൾ അവളുടെ വിരലിലേക്ക് വിരൽ കോർത്തു.... മോതിരത്തിന്റെ പേരെഴുതിയ ഭാഗം ഉള്ളം കൈയിലേക്ക് തിരിച്ചു... ""നാളെ ഞങ്ങൾ വരുന്നത് വരെ ഇതിങ്ങനെ തന്നെ കിടക്കട്ടെ..... അത് കഴിഞ്ഞു പിന്നെയെപ്പോഴും ദാ ഇങ്ങനെ ഈ കൈയിൽ ഉണ്ടാകണം.... നന്ദു എന്നും മഹിയുടെ മാത്രമാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞുകൊണ്ട്....""

അവളുടെ കണ്ണ് നിറയാൻ തുടങ്ങുന്നത് കണ്ടതും മഹി പെട്ടെന്ന് ശ്രദ്ധ മാറ്റാനായി വഴിയിലേക്കും ആകാശത്തേക്കും നോക്കി... ""നല്ല മഴ വരുന്നുണ്ടെന്ന് തോന്നുന്നു.... പെയ്തു തുടങ്ങി....."" ഉണങ്ങിവരണ്ട് കിടക്കുന്ന റോഡിലേക്ക് നോക്കിയപ്പോഴേ മനസ്സിലായി അവനെന്താണ് പറഞ്ഞു വരുന്നതെന്ന്...പിണങ്ങിയതായി ഭാവിച്ചു വേഗം ബാഗും എടുത്തിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴും സന്തോഷം കൊണ്ട് ഉള്ളം തുടി കൊട്ടുന്നുണ്ടായിരുന്നു... വിരലുകൾ കൊണ്ട് മോതിരത്തിൽ ഒന്നുകൂടി അമർത്തിപ്പിടിച്ചു വീട്ടിലേക്ക് കയറി... അമ്മയെന്തോ തയ്ക്കുന്നുണ്ടായിരുന്നു... ഒന്ന് മുഖം കാണിച്ചു നേരെ മുറിയിലേക്ക് ചെന്നു....

അവന്റെ പെർഫ്യൂമിന്റെ ഗന്ധം ഇപ്പോഴും ചുറ്റും നിറയുന്നത് പോലെ....കണ്ണടച്ചു ആ ഗന്ധം ഉള്ളിലേക്ക് ആവാഹിച്ചു നിന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 അത്താഴത്തിനു അമ്മ വിളിക്കുന്നത് കേട്ടപ്പോഴാണ് സ്വപ്നങ്ങളിൽ നിന്നും തിരികെ എത്തിയത്... മോതിരം എങ്ങനെ ഒളിപ്പിക്കും എന്ന് ഒരു നിമിഷം ചിന്തിച്ചു എങ്കിലും സ്വയം പുച്ഛം തോന്നി.... ആരാണ് തന്നെ അത്രയും സൂക്ഷ്മമായി നോക്കുക.... ഒരിക്കലെങ്കിലും നോക്കിയിരുന്നെങ്കിൽ..... മഹി ഇട്ട് തന്നത് പോലെ പേര് മാത്രം ഉള്ളിലേക്കാക്കി ചെന്നിരുന്നു... അമ്മയും അച്ചുവും പ്രിയയുമൊക്കെ കഴിച്ചു തുടങ്ങിയിരുന്നു...

""ഫിനാൻസിൽ നിന്നും വിളിച്ചായിരുന്നു.... പണയത്തിന്റെ പലിശ അടയ്‌ക്കേണ്ട ദിവസം മറ്റെന്നാളാ.... കഴിഞ്ഞ മാസത്തേയും കൂടി ചേർത്തു കൊടുക്കണം... നിനക്ക് ശമ്പളം കിട്ടിയില്ലേ...."" ""കിട്ടി..... ഞാനടച്ചോളാം മറ്റെന്നാൾ ഓഫീസിലേക്ക് പോകുന്ന വഴിക്ക്...."" ""ഹാ.... പത്രത്തിന്റെയും പലചരക്കിന്റെയും കൂടി കൊടുക്കണം നാളെ..... എന്റെ കൈയിലുണ്ടായിരുന്നതിന്റെ പകുതി പിള്ളേർക്ക് കൊടുത്തു... അടുത്ത ആഴ്ച എന്തൊ ഫെസ്റ്റ് വരുന്നുണ്ടെന്ന് കോളേജിൽ...."" അമ്മ പറയുമ്പോഴൊക്കെ അച്ചു പേടിയോടെയാണ് നന്ദുവിനെ നോക്കിയത്....

സാധാരണ ഇങ്ങനെ പറയുമ്പോഴൊക്കെ ഒരോ രൂപയുടെയും ഡീറ്റെയിൽസ് ചോദിക്കാറുണ്ട്.... ഇന്ന് വെറുതെ ഒന്ന് മൂളി മറ്റൊന്നും സംഭവിക്കാത്തത് പോലെ കഴിക്കുന്ന നന്ദുവിനെ അവൾ അതിശയത്തോടെ നോക്കി... സ്ഥിരം ഉണ്ടാകാറുള്ള ഗൗരവത്തിന്റെ ലാഞ്ചന പോലുമില്ല ആ മുഖത്ത്.... അത്രയും ശാന്തമായ മുഖത്തോടെ നന്ദുവിനെ ആദ്യമായി കാണുകയായിരുന്നു.... തിടുക്കത്തിൽ കഴിച്ചിട്ട് എഴുന്നേറ്റു നന്ദു... മുറിയിൽ എത്താനായി വെമ്പൽ കൊള്ളുകയായിരുന്നു മനസ്സ്... രാത്രിയേറേ വൈകിയിട്ടും അവനണിയിച്ച മോതിരത്തിലേക്ക് തന്നെ നോക്കി നിന്നു.... വർഷങ്ങൾക്ക് ശേഷം ആദ്യമായി തന്റെ കൈകളെ സ്വയം തഴുകി....

ആദ്യമായി ചുംബനങ്ങൾ കൊണ്ട് മൂടി ആ വിരലുകളെ... സന്തോഷം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.... ചുണ്ടിലെ പുഞ്ചിരി ഒരംശം പോലും മാങ്ങാതെ നിറഞ്ഞു നിൽക്കുന്നു..... വെപ്രാളത്തോടെ ഹൃദയം പിടയ്ക്കുമ്പോഴും ഉള്ളിൽ പ്രണയത്തിന്റെ തണുപ്പ് പടരുന്നു.... വീണ്ടും വീണ്ടും ആ മോതിരത്തിലായി ചുണ്ടമർത്തി..... ഒടുവിലെപ്പോഴോ അതിലേക്ക് നോക്കി നോക്കി തളർച്ചയോടെ മിഴികളെ ഉറക്കം തഴുകുമ്പോഴും നാളെക്കായി കാത്തുവച്ച ഒരായിരം പ്രണയത്തിന്റെ ഒരായിരം വസന്തങ്ങൾ ഉള്ളിൽ നിറഞ്ഞു പൂക്കാൻ തുടങ്ങിയിരുന്നു............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story