അനന്തിക: ഭാഗം 15

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

രണ്ടു കൈകളും ചുണ്ടോട് ചേർത്ത് അമർത്തി ചുംബിച്ചു... ""മഹി ജീവനോടുള്ളത്രയും കാലം ഇനിയീ തല കുനിയരുത് ആർക്ക് മുൻപിലും...."" ഉറച്ച ശബ്ദത്തോടെ ചുവന്നു കലങ്ങിയ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.... ഒരുവേള ആ കണ്ണുകളിൽ കൊരുത്തുനിന്നെങ്കിലും ചുറ്റുമുയരുന്ന കരഘോഷം കേട്ടതും അവൾക്ക് ചമ്മൽ തോന്നി. ""അതേ നാണിക്കാനൊക്കെ ഇനിയും സമയമുണ്ട് രണ്ടാളും വേഗം വലം വച്ചേ... മനുഷ്യനിവിടെ വിശന്നു തുടങ്ങി..."" നിത്യയുടെ ഉച്ചത്തിലുള്ള പറച്ചിൽ കേട്ടതും മഹിയവളെ നോക്കിയൊന്ന് കണ്ണുരുട്ടി... തിരിച്ചും അതേ കണ്ണ് കൂർപ്പിച്ചുള്ള നോട്ടം കിട്ടി... അമ്മമ്മയാണ് കന്യാദാനം നടത്തിയത്.... നന്ദുവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു...

മുന്നിലിട്ടിരിക്കുന്ന വലിയ വാഴയിലയിലേക്ക് നന്ദു മിഴിച്ചു നോക്കി... ""എന്തേ... രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും വാരികൊടുത്തേ.... അതിന് ഒരില മതി.... ഹോ ഇലയ്ക്കൊക്കെ എന്താ ഭാരം..."" നെറ്റിയിൽ നിന്ന് വിയർപ്പ് തുടച്ചു കളയും പോലെ ഭാവിച്ചു കുസൃതി ചിരിയോടെ നിൽക്കുന്ന നിത്യയെ നോക്കി മഹി കണ്ണുരുട്ടി.. ചുറ്റുമുള്ള എല്ലാവരും ഇങ്ങോട്ട് തന്നെയാണ് നോക്കി നിൽക്കുന്നത്.... അതൊന്നും കൂടാതെ വീഡിയോഗ്രാഫർമാർ ക്യാമറയുമായി മുന്നിൽ തന്നെയുണ്ട്... മഹി ദയനീയമായി അച്ഛനെയും അമ്മയെയും നോക്കിയെങ്കിലും രണ്ടാളും വാരി കൊടുക്കുന്നത് കാണാനെന്ന പോലെ ചിരിയോടെ നിൽപ്പുണ്ട്... നന്ദുവിനെ നോക്കിയപ്പോൾ തലകുനിച്ചു ഇരിക്കുകയാണ്...

അനുഭവിക്കുന്ന ടെൻഷന്റെ ബാക്കി എന്നത് പോലെ വിരലുകൾ പരസ്പരം കോർത്തു ഞെരിക്കുന്നു... മുന്നിലേക്ക് കൈ നീണ്ടു വന്നപ്പോൾ അവൾ മുഖമുയർത്തി നോക്കി.... ചിരിയോടെ കൈയിലേക്ക് കണ്ണ് കാണിച്ച മഹിയെ കാൺകെ ചെറിയൊരു ആശ്വാസം തോന്നി. മഹിയുടെ കൈയിൽ നിന്നും ആ ഉരുള വാങ്ങി കഴിച്ചതും നിത്യ കൈയ്യടിച്ചു... ""ഇനി ഏട്ടത്തി...."" ഒരു നിമിഷം.... ഇതുവരെ കടന്നു പോയ ഓർമ്മകളൊക്കെ ഉള്ളിലേക്ക് ഇരച്ചെത്തി... അറിയാതെ നോട്ടം കുറച്ചകലെയിരുന്നു ചോറുണ്ണുന്ന അച്ചുവിന്റെ അടുത്തേക്ക് നീണ്ടു.... ഇവിടെ നടക്കുന്നതൊന്നും ശ്രദ്ധിക്കുന്നതേ ഇല്ല... അമ്മയും പ്രിയയും ഇങ്ങോട്ടേക്കു നോക്കി ചിരിയോടെ ഇരിക്കുന്നുണ്ട്...

""എന്റെ ഏട്ടത്തി നാണിക്കുവൊന്നും വേണ്ടാ.... ഇത് കൊടുക്കാതെ ഇന്നിവിടുന്ന് വിടില്ലാട്ടോ.... ""കപട ഗൗരവത്തിൽ അരയ്ക്ക് കൈ കൊടുത്തു നിൽക്കുന്ന നിത്യയെ നോക്കി ഒരു ചിരി വരുത്തി... വിറയ്ക്കുന്ന കൈകളാൽ പതിയെ ചോറുരുട്ടി.... മഹിയുടെ മുഖത്തേക്ക് നോക്കാൻ കഴിയുന്നില്ല... പക്ഷേ അതൊരിക്കലും പേടികൊണ്ടല്ല എന്ന് ഉറപ്പായിരുന്നു... ചമ്മലാണ് തോന്നുന്നത്... ""എന്റെ ഏട്ടത്തി ഏട്ടന് കൊടുക്കാനാ പറഞ്ഞെ.... ഏട്ടന്റെ ഷർട്ടിനല്ല...."" ഞെട്ടി നോക്കിയപ്പോ കണ്ടു നോക്കാതെ കൊടുത്തത് കാരണം മുഖം കടന്ന് തോളിനു നേരെയാണ് ഉരുള വച്ചു നീട്ടിയിട്ടിക്കുന്നത്... ചുറ്റുമുള്ള എല്ലാവരിലും ചിരി ഉയർന്നപ്പോൾ വല്ലാത്ത നാണക്കേട് തോന്നി...."". ശേ....""

വെപ്രാളത്തോടെ ആ ഉരുള അവന്റെ വായിലേക്ക് വച്ചു കൊടുത്തു ആരെയും നോക്കാതെ നേരെ തിരിഞ്ഞിരുന്നു... വീണ്ടും നീണ്ട കരഘോഷം കേട്ടപ്പോൾ നാണത്തോടെ മുഖമൊളിപ്പിച്ചു. ഇറങ്ങാൻ നേരം പതിവുള്ള കരച്ചിലൊന്നും ഉണ്ടായിരുന്നില്ല.. അമ്മയും അമ്മമ്മയും മാത്രം ചേർത്ത് നിർത്തി ഉമ്മ തന്നു. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""വാ മോളെ..."". വിദ്യ നിലവിളക്ക് നീട്ടി പറഞ്ഞതും അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു..... ശ്രദ്ധിച്ചു പടി കയറി... മഹിയേട്ടനായിരുന്നു സാരി ഒതുക്കി തന്നത്. പൂജാ മുറിയായി ഉണ്ടായിരുന്നില്ല... ഹാളിൽ തന്നെ തടി കൊണ്ട് വിളക്ക് വയ്ക്കാനായി ഒരിടം പണിത് വച്ചിട്ടുണ്ട്. ചുറ്റുമുള്ള പലരുടെയും മുഖത്ത് വലിയ സംതൃപ്തി ഒന്നും ഉണ്ടായിരുന്നില്ല...

എന്ത് ചെയ്യണം എന്നറിയാതെ ഒരു പകപ്പ് തോന്നി... മഹിയേട്ടനെ കൂട്ടുകാര് ആരൊക്കെയോ വന്നു വിളിച്ചുകൊണ്ടു പോയിരുന്നു... ""ഇന്നിനിയിപ്പോ വേറെ ഫങ്ക്ഷന് ഒന്നും ഇല്ലല്ലോ... മോള് പോയി കുളിച്ചു വേഷം മാറിക്കോ....കുറേ നേരായില്ലേ ഇതൊക്കെ ഇട്ടിട്ട്..."" അമ്മയെ നന്ദിയോടെ നോക്കിയപ്പോഴേക്കും നിത്യ വന്നു കൈയിൽ തൂങ്ങിയിരുന്നു... മുറിയിലേക്ക് കൊണ്ട് പോയി ഓരോന്നും കാട്ടി തരുന്ന അവളെ നോക്കി ചിരിയോടെ നിന്നു... കുളിച്ചിട്ട് ഇറങ്ങിയപ്പോൾ ആരെയും കണ്ടില്ല.... തല നന്നായി തോർത്തി മുടി തുമ്പ് കെട്ടിയിട്ടു... അടുക്കളയിൽ എന്തൊക്കെയോ പറയുന്ന ബഹളം കേട്ടിട്ടാണ് അങ്ങോട്ട് ചെന്നത്...

പക്ഷേ ചെവിയിലേക്ക് തുളഞ്ഞു കയറിയ ഒരോ വാക്കുകളും കാലുകളെ അവിടെ തന്നെ തളച്ചിട്ടു... ""എന്നാലും ഇത് വേണമായിരുന്നോ വിദ്യേ.... മഹിക്ക് എത്ര നല്ല ആലോചന വന്നതാ.... ഇതിപ്പോ നിറോം ഇല്ല പൈസേം ഇല്ല...."" ""മഹിടെ ഇഷ്ടമല്ലേ ചേച്ചി... അവന് നന്ദു മോളെ ഇഷ്ടപ്പെട്ടു... ഞങ്ങൾക്കും..."" ""ഇപ്പൊ ഇതൊക്കെ തോന്നും. പ്രായത്തിന്റെയാ.... എന്തെങ്കിലും സഹതാപം തോന്നിയ പിന്നെ ജീവിതം കൊടുക്കലായി പ്രേമമായി.... ഒന്നിച്ചു ജീവിച്ചു തുടങ്ങുമ്പോഴേ അറിയൂ..... സുധർമ്മടെ മോന്റെ തന്നെ കണ്ടില്ല്യേ നീയ്.... എന്തൊക്കെ ബഹളമായിരുന്നു... അന്നേ അവനോട് പറഞ്ഞതാ ഇതൊക്കെ വേണ്ടാ ന്ന്.... അന്നേരം അവന് മനസ്സ് മാത്രം നോക്കിയ മതിയെന്ന് ഡയലോഗും....

പത്രത്തിലൊക്കെ ഫോട്ടോയും ത്യാഗവും ഒക്കെ വന്നു... രണ്ടു വർഷം തികച്ചോ എന്നിട്ട്... അപ്പോഴേക്കും അവന് മതിയായി....""" ""എനിക്കെന്റെ മഹിടെ കാര്യം നോക്കിയ പോരെ ചേച്ചി..... അവനെന്തായാലും ആ സ്വഭാവമില്ല.... ആദ്യായിട്ട അവനെന്നോട് ഒരു കുട്ടിയെ ഇഷ്ടമാണെന്നു വന്നു പറയുന്നത്...."" ""ഞാൻ പറയാനുള്ളത് പറഞ്ഞൂന്നേ ഉള്ളൂ... എനിക്കെന്തായാലും ആ പെണ്ണിനെ അത്രയും ബോധിച്ചില്ല...."" ""ഏട്ടത്തി....."" പിന്നിൽ നിന്നും നിത്യ വിളിക്കുന്നത് കേട്ടതും അറിയാതെ ഞെട്ടിപ്പോയി.... കണ്ണുകൾ രണ്ടും നിറഞ്ഞിട്ടുണ്ടായിരുന്നു.. അവളടുത്തേക്ക് വരുന്നെന്നു കണ്ടതും ധൃതിയിൽ കണ്ണ് തുടച്ചു.... ""ആഹാ കുളി കഴിഞ്ഞോ.... എങ്കിൽ വാ എന്റെ ഫ്രണ്ട്സ്നെ ഒക്കെ കാണാം....""

അവളോടൊപ്പം മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ കണ്ടു ആരോടൊക്കെയോ സംസാരിച്ചു ചിരിക്കുന്ന മഹിയെ... അവനിൽ തന്നെ ദൃഷ്ടി ഉറപ്പിച്ചു നിന്നു.... ഇടയിൽ എപ്പോഴോ നോട്ടമിങ്ങോട്ട് പാളി വീണപ്പോൾ തന്ന പുഞ്ചിരിയിൽ മനസ്സ് നിറഞ്ഞിരുന്നു.... ഇനിയെന്നും അതേ ചിരി കാണാൻ തോന്നി... പ്രണയത്തിന്റെ മധുരം ചാലിച്ച പുഞ്ചിരി... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""ശെടാ..... ഇതിപ്പോ വിറച്ചു വിറച്ചു റൂമിൽ എത്തുമ്പോഴേക്കും ബോധം പോകുവോ..."" നിത്യയുടെ കമന്റ്‌ കേട്ട് ഒന്ന് ചിരിച്ചെന്ന് വരുത്തി നന്ദു.... എത്രയൊക്കെ സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും വെപ്രാളം മാറുന്നുണ്ടായിരുന്നില്ല...

രണ്ടു പേർക്കും പാല് കുടിക്കുന്ന ശീലമൊന്നും ഇല്ലാത്തതുകൊണ്ട് പതിവ് കലാപരിപാടികൾ ഒന്നും ഉണ്ടായിരുന്നില്ല... മുറിയിലേക്ക് ചെന്നപ്പോൾ മഹിയെ കണ്ടില്ല.... ഫോണെടുത്തു നോക്കി കട്ടിലിലേക്ക് ഇരുന്നു.... ആശംസകളുടെ ബഹളമാണ്... എല്ലാവരുടെയും സ്റ്റാറ്റസ് ഒക്കെ നോക്കി ഇരുന്നു.... വാരി കൊടുക്കുന്നതൊക്കെ ആരൊക്കെയോ ഇട്ടിട്ടുണ്ട്.... അറിയാതെ നാണം വന്നു..... ഫോൺ മടിയിലേക്ക് വച്ചു തല താഴ്ത്തിയപ്പോഴാണ് മഹി വന്നത്.... പെട്ടെന്നുള്ള വെപ്രാളത്തിൽ പിടഞ്ഞെഴുന്നേറ്റു പോയി... മുഖത്തേക്ക് നോക്കാതെ തല താഴ്ത്തി വിരലുകൾ കൂട്ടിത്തിരുമ്മി നിൽക്കുന്നവളെ നോക്കി അവൻ കുസൃതിയോടെ ചിരിച്ചു.... ""ആഹാ..... AC ഇട്ടിട്ടും ചിലരൊക്കെ വിയർക്കുന്നല്ലോ....""

ചുണ്ടിന് മുകളിലായി പൊടിഞ്ഞ വിയർപ്പ് ചൂണ്ട് വിരലാൽ അവനൊന്നു ഒപ്പിയെടുത്തു പറഞ്ഞതും ദേഹമാകെ ഒരു തരിപ്പ് കടന്ന് പോകും പോലെ തോന്നി... മുഖമുയർത്തി നോക്കിയില്ല.... കവിളിലൊക്കെ എന്തോ ഇരച്ചു കയറും പോലെ.... തലകുനിച്ചു നിൽക്കുന്ന പെണ്ണിന്റെ നെറ്റിയിലായി വീണു കിടക്കുന്ന മുടിയിഴകൾ അവനൊന്നു മാടി ഒതുക്കി... അത്രയും മൃദുവായി സീമന്തരേഖയിലെ സിന്ദൂരത്തിന് മുകളിലായ് ചുണ്ടമർത്തി... ""നിന്നോടെനിക്ക് എത്ര ഇഷ്ടമുണ്ടെന്ന് അറിയുവോ നന്ദു...."". കാറ്റ് പോലെ നേർത്തതായിരുന്നു ആ സ്വരം.... അറിയുമെന്നോ ഇല്ലെന്നോ തലയാട്ടാൻ കഴിഞ്ഞില്ല.... അവനോട് ചേർന്നു നിൽക്കുന്ന ഒരോ നിമിഷവും ശ്വാസഗതി ഉയരുന്നുണ്ടായിരുന്നു.. ""ഇത്രേം......""

പിരികക്കൊടികൾക്കിടയിലായി നെറ്റിയിൽ അമർത്തി ചുംബിച്ചു... ""ഇത്രേം..."".. വലതു കൺ‌പീലിക്ക് മുകളിലായ് ചുണ്ട് ചേർത്തു... ""ഇത്രേം...."" പിന്നെയത് ഇടത് പീലിയിലേക്ക് പടർന്നു.... മൂക്കിന്റെ തുമ്പിലേക്കും കവിളുകളിലേക്കും ദിശ മാറിയപ്പോൾ അറിയാതെ ചിരി വന്നു പോയി... ""പിന്നെ...."" അരയിലായി ഒരു കൈ മുറുക്കി അടുത്ത കൈയാൽ അവൻ വിരലുകൾ കോർത്തു പിടിച്ചിരുന്നു...... മഹിത് എന്ന പേരിന് കുറച്ചു മുകളിലായ് ഏറെ നേരം മുത്തി നിന്നു. നോക്കിയില്ല നന്ദു..... കണ്ണുകൾ താഴ്ത്തി നിന്നു.... ചിരി വരുന്നുണ്ടായിരുന്നു.... നാണം തോന്നുന്നുണ്ടായിരുന്നു.... ഓടാനും ഒളിച്ചിരിക്കാനും തോന്നുന്നുണ്ടായിരുന്നു...

അരയിലുള്ള കൈകൾ പതിയെ കഴുത്തിലേക്കുള്ള സഞ്ചാരപഥങ്ങൾ തേടിയപ്പോൾ കണ്ണുകൾ ഇറുക്കെ അടച്ചു.... കൈകൾക്ക് പകരം അധരങ്ങൾ സ്ഥാനം പിടിച്ചപ്പോഴേക്കും അവന്റെ മുടിയിലായി വിരലുകൾ കോർത്തു. അപ്പോഴും കണ്ണുകൾ തുറന്നിരുന്നില്ല... ""നന്ദൂ......"" മുഖത്തോട് ചേർന്നു ശ്വാസം തട്ടിയതും ദേഹമാകെ ഒന്ന് വിറച്ചു.... ""നോക്ക് നന്ദു.... ""കവിളിലേക്ക് കൈ ചേർത്ത് പതിയെ വിളിച്ചു... ഒരു നിമിഷത്തേക്ക് അവനെ നോക്കിയെങ്കിലും അതിലും വേഗം നോട്ടം മാറ്റി.... ""നോക്ക് നന്ദു.... നിന്റെ സമ്മതം വേണമെനിക്ക്..."". ചേർത്ത് നിർത്തി അവളുടെ കണ്ണിലേക്കു മാത്രം ഉറ്റ് നോക്കി മഹി.... അപ്പോഴും പിടച്ചിലോടെ നോട്ടം മാറ്റി നിൽക്കുന്നവളെ കാൺകെ അരക്കെട്ടിൽ മുറുകിയ കൈകൾ തനിയെ അയഞ്ഞു.... അടുത്ത നിമിഷം തന്നെ ശ്വാസം മുട്ടും പോലെ അവളവനെ ഇറുക്കെ പുണർന്നിരുന്നു....

നെഞ്ചിലായ് ചുണ്ടമർത്തി കുസൃതി നിറഞ്ഞ നോട്ടത്തോടെ മുഖമുയർത്തി അവനെ നോക്കി... തന്നിലേക്ക് തന്നെ ദൃഷ്ടിയുറപ്പിച്ചു നിൽക്കുന്നവനിൽ നിന്നും നോട്ടം മാറ്റാൻ തോന്നിയില്ല..... അകലം കുറയുമ്പോഴും അവന്റെ ശ്വാസവുമായി കലരുമ്പോഴും അടഞ്ഞു പോകുന്ന മിഴികൾ വാശിയോടെ തുറന്നു അവനെ കൊതിയോടെ നോക്കി നിന്നു... ""ഇന്നിത് വേണ്ട നമുക്ക്.... രാവിലെ ഇട്ട് തരാട്ടോ കൊച്ചിന്.... ""കാലിലെ മുത്തുകൾ നിറഞ്ഞ കൊലുസവൻ അഴിച്ചു മാറ്റിയതും നാണത്തോടെ വീണ്ടും ആ നെഞ്ചിൽ മുഖമൊളിപ്പിച്ചു.... ഉയർന്നു താഴുന്ന ശ്വാസം കിതപ്പിലേക്ക് വഴി മാറിയപ്പോഴും ഒടുവിൽ അവന്റെ നെഞ്ചിലായ് തന്നെ തളർന്നു മയങ്ങുമ്പോഴും ആ കൈകൾ ചേർത്ത് പിടിച്ചിരുന്നു.... ഇതുവരെ ഉണ്ടായിരുന്നതിലും കൂടുതൽ കരുതലോടെ... ഉറക്കം വരുവോളം ആ മുഖത്തേക്ക് തന്നെ നോക്കി കിടന്നു...

അവനുറക്കമായി എന്ന് കണ്ടതും ഏന്തി വലിഞ്ഞു ആ നെറ്റിയിൽ പതിയെ മുത്തി... ""നന്ദൂന്റെയാ..... നന്ദൂന്റെ മാത്രം...." 🌺🌺🌺🌺 കവിളിൽ ചുവപ്പ് രാശി പടർത്തി കണ്ണുകളടച്ചൊരു ചിരിയോടെയിരിക്കുന്ന നന്ദുവിനെ നോക്കിയിരുന്നു ലച്ചു... അവളിപ്പോഴും അന്നത്തെ അതേ ഓർമ്മകളിലാണെന്ന് തോന്നി... വീണ്ടും ഒരിക്കൽ കൂടി അതേ പ്രണയത്തിൽ സ്വയം മറക്കാൻ.... ""നന്ദൂനെ ഒത്തിരി ഇഷ്ടമല്ലായിരുന്നോ മഹിക്ക്..."" ചോദിച്ചപ്പോൾ പെണ്ണിന്റ കവിൾ ഒന്ന് കൂടി ചുവന്നു... ""ഒത്തിരി......"" ""പിന്നെന്തിനാ മഹിയോട് പിണങ്ങിയത്...."" ചോദിച്ചപ്പോൾ ആ മുഖം മങ്ങി.... വീണ്ടും പഴയ ഓർമ്മകളിലേക്ക് സഞ്ചരിച്ചു.... താളപ്പിഴകളുടെ തുടക്കം.... 🌺🌺🌺🌺

രാവിലെ കണ്ണ് തുറന്നു നോക്കിയപ്പോൾ മഹിയടുത്തില്ല എന്ന് കണ്ടതും നെറ്റിയൊന്ന് ചുളിഞ്ഞു... കൈ എത്തിച്ചു ഫോണെടുത്തു സമയം നോക്കിയതും കണ്ണ് മിഴിഞ്ഞു പോയി... എട്ട് മണി കഴിഞ്ഞിരിക്കുന്നു... മഹിയേട്ടൻ ഉറങ്ങാനായി കാത്തിരുന്നു രാത്രി എപ്പോഴോ ആണ് ഉറങ്ങിയത്.. ധൃതിയിൽ കുളിച്ചിട്ടിറങ്ങി മുടിയുടെ തുമ്പൊന്ന് കെട്ടി പുറത്തേക്ക് ഇറങ്ങി... ഹാളിൽ നിന്ന് ആരുടെയൊക്കെയോ ബഹളം കേൾക്കുന്നുണ്ട്... അങ്ങോട്ടേക്ക് നടന്നപ്പോൾ കണ്ടു സോഫയുടെ നടുക്കായി ഇരിക്കുന്ന മഹിയെ.... അപ്പുറവും ഇപ്പുറവുമെല്ലാം ആളുകൾ പൊതിഞ്ഞിരിപ്പുണ്ട്... തന്നെ കണ്ടപ്പോൾ ചിരിയോടെ തലയാട്ടി അടുത്തേക്ക് വിളിച്ചു... ""ഹേയ് അനൂ.... ""

ആരോ കൈയാട്ടി വിളിച്ചപ്പോൾ നോട്ടം അങ്ങോട്ട് നീണ്ടു... ""കെട്ട്യോനെ രാവിലെ വിളിച്ചുണർത്തി കേട്ടോ.... ഉടനെ ഒന്നും പ്രതീക്ഷിക്കണ്ട... ഫുൾ ചിലവ് വാങ്ങിയിട്ടേ വിടുന്നുള്ളൂ..."" ദിയയാണ്..... മഹിയേട്ടന്റെ വല്യച്ഛന്റെ മോൾ.... ഒരു ചിരി നൽകി അടുക്കളയിലേക്ക് നടന്നു.... അപ്പോഴും ഹാളിൽ പൊട്ടി ചിരിക്കലും തമാശകളും ഉയർന്നു കേൾക്കാമായിരുന്നു. ""സോറി അമ്മേ... ലേറ്റ് ആയി...."" അടുപ്പിലെന്തോ ഇളക്കുന്ന അമ്മയെ കണ്ടതും അടുത്തേക്ക് ചെന്നു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു... ""ആഹ് മോള്‌ വന്നോ.... ഇതൊക്കെ എടുത്തു ടേബിളിലേക്ക് വച്ചേരെ.... എപ്പോഴേ കഴിക്കാൻ ചോദിക്കുന്നുണ്ട്....""

കാസറോളിൽ എടുത്തു വച്ചിരിക്കുന്ന പാലപ്പവും മുട്ടക്കറിയും കാണിച്ചു അമ്മ പറഞ്ഞതും അതൊക്കെ എടുത്തു ഹാളിലേക്ക് നടന്നു... ഭക്ഷണം എടുത്തു എന്ന് കണ്ടതും എല്ലാവരും പിന്നെ അവിടെ ഇരുന്നായി ചർച്ച..... കളിയാക്കിയതിന്റെ പേരിൽ മുഖം വീർപ്പിച്ചു വരാൻ കൂട്ടാക്കാതെ ഹാളിൽ തന്നെയിരുന്ന നിത്യയുടെ അടുത്തേക്ക് ഒരു പ്ലേറ്റിൽ കഴിക്കാൻ എടുത്തു മഹി ചെന്നു.... മുഖം വീർപ്പിച്ചു ഇരിക്കുന്നതിന്റെ ഇടയിലും മഹി കൊടുക്കുന്നത് കഴിക്കുന്ന നിത്യയെ നോക്കി ബാക്കി എല്ലാവരും ചിരിക്കുമ്പോഴും ഒരു കുഞ്ഞ് സങ്കടം ഉള്ളിൽ തോന്നി... ""തന്നോട് കഴിക്കാൻ പറഞ്ഞില്ലല്ലോ..... നോക്കിയില്ലല്ലോ..""............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story