അനന്തിക: ഭാഗം 2

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

 തലകുനിച്ചു കൈകളിലേക്ക് മാത്രം നോക്കി നിൽക്കുന്ന അവളെ മഹി നോക്കി നിന്നു. ഏത് വിധത്തിലുള്ള ഓർമ്മകളാണ് അവളെ വരിഞ്ഞു മുറുക്കുന്നത് എന്നറിഞ്ഞിട്ടും ഒരു നോട്ടം മാത്രം നൽകി തിരിഞ്ഞു നടന്നവൻ.... തന്നിൽ നിന്നും ഒരു പൊട്ട് പോലെ അകലേക്ക്‌ നടന്നകലുന്നവനെ കണ്ണുനീരാൽ കാഴ്ച മങ്ങിയ മിഴികളാൽ വെറുതെ നോക്കി നിന്നു.... അവനിലെ ഒരോ അണുവിനെയും വീണ്ടും ഹൃദയത്തിലേക്ക് ആവാഹിക്കാൻ കൊതിച്ചു..... ""എന്റെ ശെരികളെന്നും നിനക്ക് വേണ്ടി മാത്രമുള്ളതായിരുന്നു...."" അത്രമേൽ നേർത്ത സ്വരത്തിൽ മൗനമായി മന്ത്രിച്ചു.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഓട്ടോയിൽ കയറിയിട്ടും ഒന്നും സംസാരിക്കാതെ തോളിലേക്ക് തല ചായ്ച്ചു കിടക്കുന്നവളെ നോക്കി വിനോദിനി. """ഈശ്വരൻ എന്തെങ്കിലും ഒരു വഴി കാട്ടി തരും. അമ്മമ്മേടെ മോള്‌ വിഷമിക്കാതിരിക്ക്... മഹിയെ നിനക്കറിയില്ലേ... അവന്റെ വിഷമം കൊണ്ട് പെട്ടെന്നെടുത്ത തീരുമാനമാകും...ഇനിയും എത്രയോ മാസം കൂടി ബാക്കിയുണ്ട്....""" അച്ഛമ്മ പറയുന്നതൊന്നും മനസ്സിലേക്ക് എത്തിയില്ല... മഹിയേട്ടൻ തട്ടിയെറിഞ്ഞ കൈകൾ മാത്രം ഉള്ളിൽ നിറഞ്ഞു.... അപ്പോളാ കണ്ണുകളിൽ മിന്നിയ അവജ്ഞ.... രണ്ടു കൈപ്പത്തിയിലേക്കും വെറുതെ നോക്കി.... ""മഹിയേട്ടനും വെറുപ്പായോ ഈ കൈകളോട്...."" എന്ന ചോദ്യം മാത്രം അവശേഷിച്ചു... പിന്നെ വെറുതെ കണ്ണടച്ചിരുന്നു. വീടിന്റെ മുൻപിൽ ഓട്ടോ നിർത്തി ഇറങ്ങുമ്പോൾ തന്നെ അമ്മയും അച്ചുവും ഒക്കെ വാതിലിൽ എത്തിയിരുന്നു. """എന്തായി.... മഹിയെന്താ പറഞ്ഞത്....""" അകത്തേക്ക് അനന്തികയേ ഒരു കൈയിലൊതുക്കി ചേർത്ത് പിടിച്ചുകൊണ്ട് വരുന്ന വിനോദിനിയുടെ അടുത്തേക്ക് വേഗത്തിൽ നടന്നു ആശ.

അവരുടെ മുഖത്തെ നിരാശയിൽ നിന്നും കാര്യങ്ങളൊക്കെ മനസ്സിലായിരുന്നു . ഞൊടിയിടകൊണ്ട് ആ മുഖത്ത് ദേഷ്യം നിറഞ്ഞു... """അന്നേ ഞാൻ പറഞ്ഞതാ ആ ചെക്കന് ഇത്തിരി സമാധാനം കൊടുക്കാൻ. മടുത്തിട്ടുണ്ടാകും അവന്... എത്രയാന്ന് വച്ച മനുഷ്യൻ സഹിക്കുന്നത്... ഒരൊറ്റ ആലോചന പോലും ശെരിയാകാതെ ഇവിടെ നിന്ന നിന്നെ അഞ്ച് പൈസ പോലും സ്ത്രീധനം വാങ്ങാതെ ഈ വിവാഹത്തിന് തയ്യാറായതെ അവന്റെ നല്ല മനസ്സ്.....എന്നിട്ടും അവന്റെ ജീവിതം ഇല്ലാണ്ടാക്കിയില്ലേ.....ഇനിയിപ്പോ ഇവളുടെ കല്യാണം കൂടി മുടക്കാനാകും കൃത്യ സമയത്തു ഡിവോഴ്സ് നും കൊടുത്തു വന്നത്....""" """മതി ആശേ... നിർത്ത്.... വന്ന വഴി തന്നെ തുടങ്ങാതെ... മോളൊന്ന് അകത്തേക്ക് കയറട്ടെ..""" വിനോദിനി ഗൗരവത്തിൽ പറഞ്ഞതും അവരുടെ മുഖത്ത് വീണ്ടും ദേഷ്യം നിറഞ്ഞു.. """അമ്മയാണ് ഇവളെ വഷളാക്കിയത്.... അന്നേ ഞാൻ പറഞ്ഞതാ..... ഒടുവിൽ അവനോടുള്ള ഭ്രാന്ത്‌ കാരണം സ്വന്തം കുഞ്ഞിനെ വരെ കൊന്നു.... പിന്നെങ്ങനെ അവനിവളെ വീണ്ടും സ്വീകരിക്കണം എന്നാ അമ്മ പറയുന്നത്....""" """ആശേ.... """വിനോദിനിയുടെ സ്വരം ഉയർന്നു.... കാൽചുവട്ടിലെ അവസാനത്തെ മണൽ തരിയും ഊർന്ന് പോകുന്നത് പോലെ തോന്നി അനന്തികയ്ക്ക്.... കൈകൾ രണ്ടും മൃദുവായി വയറിനെ പൊതിഞ്ഞു പിടിച്ചു..... ""ഞാൻ..... ഞാനാണോ കൊന്നത്..... എന്റെ കുഞ്ഞല്ലേ...... ഞാൻ.....""" മനസ്സ് അലമുറയിട്ട് വിളിച്ചു പറയുന്നുണ്ടെങ്കിലും നേർത്തൊരു സ്വരം പോലും പുറത്തേക്ക് വന്നില്ല.... ശില പോലെ മുറിയിലേക്ക് നടന്നു.

അപ്പോഴും അമ്മ എന്തൊക്കെയോ പതം പറയുന്നുണ്ടായിരുന്നു. കട്ടിലിൽ ഇരുന്ന് കൈ പതിയെ വയറിലേക്ക് തൊട്ടു.... """അമ്മയല്ലെടാ വാവേ..... അമ്മേടെ കുഞ്ഞനല്ലേ....""" വിറച്ചുകൊണ്ട് ബലം നഷ്ടപ്പെട്ടു ഊർന്ന് പോകുന്ന കൈ വീണ്ടും വയറ്റിലേക്ക് ചേർത്ത് പിടിച്ചു.... """അമ്മയല്ലെടാ......""",അലറി കരഞ്ഞുകൊണ്ട് മുഖം പൊത്തി നിലത്തേക്ക് ചടഞ്ഞിരുന്നു... """അനൂട്ടാ...... എന്താ മോളെ.....മോളെ....""" """"ഞാൻ..... ഞാൻ അറിഞ്ഞോണ്ടല്ല അമ്മമ്മേ... എന്റെ വാവയല്ലേ.....ഞാനങ്ങനെ മനപ്പൂർവം ചെയ്വോ...... എന്റെ.... എന്റെ....""""അവളമ്മമ്മയുടെ മടിയിലേക്ക് മുഖം പൂഴ്ത്തി ഏങ്ങി കരഞ്ഞു.... """അയ്യേ.... ഇത്രേ ഉള്ളോ എന്റെ കുട്ടി... അവളെന്തോ ദേഷ്യത്തിൽ പറഞ്ഞു എന്ന് വച്ച്.... ഹ്മ്മ്.... """" മെല്ലെ മുടിയൊക്കെ മാടിയൊതുക്കി നെറ്റിയിലൊന്ന് മുത്തി അവർ പറഞ്ഞിട്ടും അതൊന്നും ശ്രദ്ധിക്കാതെ കണ്ണുകൾ അടച്ചു തന്നെ കിടക്കുകയായിരുന്നു നന്ദു. """"നമുക്ക് നാളെ രാവിലെ തേനൂർക്ക് പോകാം... ഞാൻ രാമനോട് കാറ് കൊണ്ട്വരാൻ പറഞ്ഞിട്ടുണ്ട്.... ഇവിടുന്ന് ഒന്ന് മാറി നിൽക്കുമ്പോൾ എന്റെ കുട്ടീടെ മനസ്സും ശെരിയാകും... ഇനിയിപ്പോ ഒന്നര മാസം കഴിഞ്ഞിട്ടല്ലേ അങ്ങോട്ടേക്ക് ചെല്ലേണ്ടൂ.. അതുവരെ അവിടെ നിൽക്കാം..."""" എത്രയൊക്കെ പറഞ്ഞിട്ടും അവളിൽ നിന്നും പ്രതികരണമൊന്നും ലഭിക്കാത്തതിൽ അവരുടെ കണ്ണ് നിറഞ്ഞു... മഹിയുടെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചു അവരെ നോക്കി മനോഹരമായ ചിരിച്ച നന്ദുവിന്റെ ചിത്രം തെളിഞ്ഞു ആ മനസ്സിൽ...... അത്രയും സന്തോഷത്തോടെ അവളെ അതിന് മുൻപൊരിക്കലും കണ്ടിട്ടില്ലായിരുന്നു.... ഈറനണിഞ്ഞ കണ്ണുകളോടെ എല്ലാം ശെരിയാകണേ എന്നൊരു പ്രാർത്ഥന മാത്രം അവരിൽ നിറഞ്ഞു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

"""മഹി...... ഇപ്പൊ കഴിക്കണുണ്ടോ നീയ്....""". മുറിയിലേക്ക് നടക്കുന്നതിനിടയിൽ അമ്മയുടെ ചോദ്യം കേട്ട് അവനൊന്നു നിന്നു. പിന്നെ വേണ്ടെന്ന് മെല്ലെ തലയാട്ടി. """കുറച്ചു നേരം ഒന്ന് കിടക്കട്ടെ അമ്മാ.....""" തളർന്ന ചുവടുകളോടെ മുറിയിലേക്ക് കയറി പോകുന്ന മഹിയെ കാൺകെ അവരുടെ കണ്ണ് നിറഞ്ഞു.... കഴിഞ്ഞ ഒരു മാസമായി അവനിങ്ങനെ തന്നെയാണ്.... ആഹാരം പോലും സമയത്തിന് കഴിക്കില്ല.... വീട്ടിലുള്ള സമയത്തൊക്കെ മുറിക്കുള്ളിൽ തന്നെ മിക്ക സമയവും... വാതിലടച്ചു മഹി അകത്തേക്ക് നടന്നു. ഒരു നിമിഷം ബെഡിനോട് ചേർന്നുള്ള ടേബിളിന്റെ ഓരത്തായി വച്ചിരിക്കുന്ന ഫോട്ടോയിലേക്ക് നോട്ടം ചെന്നു.... നന്ദുവിന്റെ പിറന്നാളിന് എടുത്ത ചിത്രമാണ്.... രണ്ടാളും കൂടി കടൽത്തീരത്തുനിന്നുള്ളത്.. അല്പ നേരം അവനാ ഫ്രെയിം കൈയിലേക്ക് എടുത്തു നോക്കി നിന്നു. നന്ദുവിന്റെ നിർബന്ധമായിരുന്നു അന്ന് കടൽ കാണാൻ പോകണമെന്ന്.... രാത്രി എപ്പോഴോ ആണ് തിരിച്ചു വന്നത്.... കൈയുയർത്തി മെല്ലെ നന്ദുവിന്റെ മുഖത്തേക്ക് ഒന്ന് തൊടാനാഞ്ഞു..... വിരലുകൾ അവളുടെ മുഖത്തെ തൊടും മുൻപേ ഓർമ്മകളൊരുരിമ്പലോടെ തലയ്ക്കു ചുറ്റും മൂളി തുടങ്ങിയിരുന്നു.... """മഹിയേട്ടൻ എന്റെയാ..... എന്റെ മാത്രാ.... വേറാരും വേണ്ട...... വേണ്ട......""" ഭ്രാന്തമായി തന്നെ ഇറുക്കെ പുണർന്നു നെഞ്ചിൽ മുഖമമർത്തി നിൽക്കുന്നൊരു പെണ്ണിന്റ ഓർമ്മ ഉള്ളിൽ തെളിഞ്ഞതും അവന്റെ കണ്ണുകളിൽ വെറുപ്പ് നിറഞ്ഞു... പിന്നീടൊന്ന് നോക്കുക പോലും ചെയ്യാതെ ഡ്രോ തുറന്നു അതിനകത്തേക്കിട്ടു.... """"തോല്പിച്ചു കളഞ്ഞു നീയെന്നെ നന്ദു....""" കൈമുട്ട് കൊണ്ട് മുഖം മറച്ചു കട്ടിലിലേക്ക് ചാഞ്ഞു കിടക്കുമ്പോൾ അടഞ്ഞു കിടക്കുന്ന കൺപോളകൾക്കിടയിലൂടെ കണ്ണുനീർ ചാലിട്ട് ഒഴുകി തുടങ്ങിയിരുന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""ഞാനും അനുമോളും നാളെ രാവിലെ തേനൂർക്ക് പോവാ...""" അത്താഴത്തിനിരിക്കുമ്പോൾ എല്ലാവരെയും ഒന്ന് നോക്കി വിനോദിനി പറഞ്ഞു. പ്രിയയുടെയും അച്ചുവിന്റെയും മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റം ഒന്നുമുണ്ടായിരുന്നില്ല. രണ്ടാളും ഒരു നിമിഷം ആഹാരം കഴിക്കുന്നത് നിർത്തി നോക്കിയെങ്കിലും വീണ്ടും പ്ലേറ്റിലേക്ക് തന്നെ നോക്കിയിരുന്നു കഴിക്കാൻ തുടങ്ങി.... ആശയുടെ മുഖത്ത് മാത്രം പുച്ഛം കലർന്നൊരു ചിരി വിടർന്നു... """എന്നിട്ടെന്തിനാ.....അമ്മയേക്കൂടി അവള് ഭ്രാന്ത്‌ കാട്ടി ബുദ്ധിമുട്ടിക്കും. അന്നേ ഞാൻ പറഞ്ഞതല്ലേ... അപ്പൊ അവളുടെ ഒരോ ആഗ്രഹത്തിനും കൂട്ട് നിന്നു.... എന്നിട്ടിപ്പോൾ നഷ്ടം ആർക്കാ.... ഇനി ആയാലും അവളങ്ങനെയൊക്കെ തന്നെ ചെയ്യില്ല എന്ന് എന്താ ഉറപ്പ്.... എന്ത് വിശ്വസിച്ച അമ്മ അവളുടെ കൂടെ ഒറ്റയ്ക്ക് പോകാൻ പോകുന്നത്....""" ആശയുടെ ശബ്ദം പതിവിലും അധികം ഉയർന്നതും വിനോദിനി അവരെ തറപ്പിച്ചു നോക്കി... """അനുമോളുടെ ജീവിതത്തിലെ ഒരോ അവസ്ഥയ്ക്കും കാരണം ആരൊക്കെയാണെന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാലോ ആശേ... പത്തിരുപതു വർഷമായി അതിനുള്ള കാരണങ്ങൾ ഞാനിവിടെ തന്നെ കാണുന്നുണ്ട്.... അന്നെനിക്ക് ഒന്നും കഴിഞ്ഞില്ല.... എന്നാലിന്ന് എന്റെ കുഞ്ഞിനെക്കാൾ വലുതായി എനിക്കൊന്നുമില്ല.....""" വിനോദിനിയുടെ ഉറച്ച ശബ്ദം കേട്ടതും ആശ ഇഷ്ടപ്പെടാത്തത് പോലെ മുഖം ചുളിച്ചു... എങ്കിലും എതിർത്തു ഒന്നും പറയാൻ നിന്നില്ല.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

"""അച്ഛേടെ പൊന്ന് വേഗം വരണെടാ..... എന്നിട്ട് വേണം ഈ കുശുമ്പത്തി അമ്മേനെ നമുക്ക് വീണ്ടും കുശുമ്പ് കേറ്റാൻ....""" വയറ്റിലേക്ക് മുഖം ചേർത്ത് പറയുന്നവനെ നോക്കി അവൾ പരിഭവത്തോടെ മുഖം കൂർപ്പിച്ചു.... '"""എന്താടി നോക്കുന്നെ.... ""അവനവളുടെ മൂക്കിന്റെ തുമ്പിൽ പിടിച്ചു ശക്തിയായി വലിച്ചു... """നോക്കിക്കോ നീ.... എന്റെ പൊന്നൊന്നിങ്ങു വന്നോട്ടെ... ഞങ്ങള് പുതിയ ടീം ആകും....""" """അയ്യടാ.... അതിന് ഞാൻ സമ്മതിച്ചിട്ട് വേണ്ടേ.... ആര് വന്നാലും മഹിയേട്ടൻ എന്റെ ടീമിലാ...... എന്റെയാ....""" പരിഭവവും പിണക്കവും നിറഞ്ഞ മുഖത്തോടെ അവനെ നോക്കിയെങ്കിലും വയറ്റിലുള്ള കുഞ്ഞിനോട് വിശേഷങ്ങൾ പറയുന്ന തിരക്കിലായിരുന്നു അവൻ... താടി രോമങ്ങൾ കുഞ്ഞിനോട് സ്വകാര്യം പറയുന്നതിനിടയിൽ വയറ്റിൽ ഇക്കിളിയാക്കിയപ്പോൾ അവളൊരു ചിരിയോടെ ഒരു കൈ വയറ്റിലേക്ക് ചേർത്തു.... മറുകൈ മഹിയുടെ കവിളിലേക്കും... """വാവേ...... """ശൂന്യമായ വയറ്റിലേക്ക് കൈ ചേർത്തവൾ മെല്ലെ വിളിച്ചു.... """അച്ഛക്ക് അമ്മയോടിപ്പോ ദേഷ്യാ..... അമ്മേടെ പൊന്നിനും ദേഷ്യാണോ..... എല്ലാരും പറയുന്ന പോലെയൊന്നും അല്ലാട്ടോ.... അമ്മേടെ പൊന്നിനെ അമ്മ നോവിക്കുവോ.....""" ചുണ്ട് കൂട്ടിപ്പിടിച്ചു ഏങ്ങലടക്കാൻ ശ്രമിച്ചുകൊണ്ട് പതിയെ പറഞ്ഞു.... കരച്ചിലിന്റെ ശബ്ദം പുറത്തേക്ക് കേൾക്കാതിരിക്കാൻ തലയണയിലേക്ക് മുഖം പൂഴ്ത്തി.. ഇരു കൈകൾ കൊണ്ടും വയറിനെ പൊതിഞ്ഞു പിടിച്ചു.... അവന്റെ ചുംബനങ്ങളുടെ ചൂട് ഇപ്പോഴും ഉദരത്തിൽ തങ്ങി നിൽക്കുന്നത് പോലെ....... ഇനിയൊരു തിരിച്ചു വരവില്ലെന്നത് പോലെ അവനകലാൻ ശ്രമിക്കുന്നുവെന്നറിഞ്ഞിട്ടും.... ഒരോ ഓർമ്മകളും അവനിലേക്ക് മാത്രം വീണ്ടും അടുപ്പിച്ചു....അല്ലെങ്കിൽ അവൻ മാത്രമായിരുന്നു ഒരോ ചിന്തകളിലും... തുടരും.. 

അനന്തിക: ഭാഗം 1

Share this story