അനന്തിക: ഭാഗം 22

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

ഒന്ന് ഞെട്ടിയെങ്കിലും അമ്മയെ ഒന്ന് നോക്കി ഫോണെടുത്തു... ""ഹലോ...."" ""ഹലോ.... അടൂർ എസ്. ഐ ദ്രുവിക് നാഥാണ് ണ് സംസാരിക്കുന്നത്. അർച്ചനയും പ്രിയയും വന്നിട്ടുണ്ടോ വീട്ടിൽ...."" മുഴക്കമുള്ള ശബ്ദം കാതിൽ പതിഞ്ഞതും അറിയാതെ ഫോൺ കൈയിലിരുന്നു വിറച്ചു പോയി.... ""ഇവിടുണ്ട്....എ.. എന്താ സർ കാര്യം ..."" ചോദിക്കുമ്പോഴേക്ക് ഭയം കാരണം ശബ്ദം ചിലമ്പിച്ചിരുന്നു. മറുവശത്തു നിന്നും അമർത്തിയൊരു മൂളൽ കേട്ടു. ""അലോഷ്യസ് കോളേജിൽ നിന്നും പരാതി കിട്ടിയിട്ടുണ്ട് രണ്ടു പേർക്കും എതിരെ.. ഒന്നാം വർഷത്തിലെ രണ്ടു വിദ്യാർത്ഥിനികളെ റാഗിംഗ് എന്ന പേരിൽ മാനസികമായി പീഡിപ്പിച്ചതിന്. നാളെ രാവിലെ പത്തരയ്ക്ക് മുൻപ് രണ്ടാളും എന്റെ മുൻപിൽ ഉണ്ടാകണം.

അല്ലെങ്കിൽ വീട്ടിൽ വന്നു കസ്റ്റഡിയിൽ എടുക്കേണ്ടി വരും പിന്നീട്."" കാൽചുവട്ടിലെ മണ്ണ് ഒലിച്ചു പോകും പോലെ തോന്നി നന്ദുവിന്. ജാമ്യം പോലും കിട്ടാത്ത വകുപ്പാണ്..... പക്ഷെ ഇവരെങ്ങനെ...... തന്നോട് മാത്രമേ ഈ ദേഷ്യവും വെറുപ്പും ഉണ്ടാകുള്ളൂ എന്നാണ് വിചാരിച്ചത്... പിന്നീട് മറുവശത്തു നിന്നും പറഞ്ഞതോ കാൾ കട്ട്‌ ആയതോ ഒന്നും അറിഞ്ഞില്ല..... ""എന്താ അനൂ.... ആരാ വിളിച്ചേ...."" വെപ്രാളത്തോടെ ചോദിക്കുന്ന അമ്മയെ ഒരു നിമിഷം നോക്കി നിന്നു... പിന്നേ നോട്ടം ലച്ചുവിന്റെ നേർക്ക് ആയതും സംശയം മുഖത്തുണ്ടെങ്കിലും അവളൊരു പുഞ്ചിരിയോടെ കണ്ണ് ചിമ്മി ധൈര്യം തന്നു... ""പോലീസ് സ്റ്റേഷനിൽ നിന്നാണ്...""

""എന്താ.... എന്താ കാര്യം....'" വെപ്രാളത്തോടെ ഇരിക്കുന്നിടത്തുനിന്നും നന്ദുവിന്റെ അടുത്തേക്ക് എത്തിയിരുന്നു ആശ. ""റാഗിംഗ് നടത്തിയെന്ന് പറഞ്ഞു കോളേജുകാർ പരാതി കൊടുത്തു എന്ന്..."" പറയുന്നതിനിടയിൽ തന്നെ അച്ചുവിന്റെയും പ്രിയയുടെയും മുറിയുടെ നേർക്ക് നടന്നിരുന്നു നന്ദു... ""അച്ചൂ.... പ്രിയേ... വാതില് തുറക്ക്..."" ശക്തിയായി കതകിൽ തട്ടി വിളിച്ചിട്ടും മറുപടി കിട്ടാതിരുന്നപ്പോൾ വീണ്ടും തട്ടി... ""പ്രിയേ... ""ദേഷ്യം നിറഞ്ഞിരുന്നു സ്വരത്തിൽ... നിമിഷങ്ങൾക്കകം വാതിലിന്റെ കുറ്റി എടുക്കുന്ന ശബ്ദം കേട്ടു... പ്രിയയാണ് വാതിൽ തുറന്നത്. അച്ചുവിനെ നോക്കിയപ്പോൾ ബെഡിൽ തല താഴ്ത്തി ഇരിക്കുന്നത് കണ്ടു..

""എന്തായിരുന്നു കോളേജിൽ പ്രശ്നം..."" അത്രയും ഗൗരവത്തിൽ നന്ദുവിനെ ആദ്യമായി കാണുന്നതുകൊണ്ടാകാം ഭയം തോന്നി പ്രിയയ്ക്ക്... അച്ചുവിനെ നോക്കിയപ്പോൾ ഇങ്ങോട്ടേക്കു ശ്രദ്ധിക്കുക പോലും ചെയ്യാതെ അതേ ഇരിപ്പ് ഇരിക്കുന്നത് കണ്ടു.. ""ചോദിച്ചത് കേട്ടില്ല എന്നുണ്ടോ...."" കോളേജിൽ എന്തായിരുന്നു പ്രശ്നം എന്ന്.. നന്ദുവിന്റെ സ്വരം വീണ്ടും ഉയർന്നപ്പോൾ പ്രിയ ഞെട്ടി അച്ചുവിനെ നോക്കി. ""വേണ്ടാ.... പറയണ്ട... പോലീസ് സ്റ്റേഷനിൽ നിന്ന് വിളിപ്പിച്ചിട്ടുണ്ട്. നാളെ രാവിലെ പത്തു മണിക്ക് സ്റ്റേഷനിൽ എത്താൻ... സ്വന്തമായി ഒപ്പിച്ചതല്ലേ... സ്വയം നോക്കിക്കോ..."" ""ചേച്ചി പോകല്ലേ...... പ്ലീസ് പ്ലീസ്...."".

പ്രിയ കണ്ണും നിറച്ചു മുന്നിൽ വന്നു നിന്നിട്ടും നോക്കാതിരുന്ന നന്ദുവിനെ ലച്ചു പതിയെ തോളിൽ തട്ടി. ""അ.... അറിയാതെ ചെയ്തതാ ചേച്ചി.... തമാശ പോലെ ചെയ്തുന്നേ ഉള്ളൂ..... അവര് പരാതി കൊടുക്കുമെന്ന് വിചാരിച്ചില്ല....."" കണ്ണ് രണ്ടും തുടച്ചു പറയുന്നവളെ ശ്രദ്ധിക്കാതെ നന്ദുവിന്റെ നോട്ടം അപ്പോഴും അച്ചുവിൽ തറഞ്ഞിരുന്നു... എന്തായിരുന്നു ചെയ്തത്. ഗൗരവത്തിൽ ചോദിച്ചതും പ്രിയ തല താഴ്ത്തി.. ""പറയ് പ്രിയ..."" ""അത്..... തീപ്പെട്ടിക്കമ്പ് കൊണ്ട് ഗ്രൗണ്ടിന്റെ അളവെടുക്കാൻ...."" ""ചെറിയ കുട്ടികളൊന്നും അല്ലല്ലോ.... റാഗിംഗ് ചെയ്താൽ ഉണ്ടാകുന്ന ശിക്ഷയൊക്കെ അറിയാവുന്നതല്ലേ.... ഇനി ജയിലിൽ പോയി കിടന്നോ.... ആര് വിചാരിച്ചാൽ രക്ഷപ്പെടുമെന്ന....

വീട്ടിൽ കാണിക്കുന്നതൊന്നും പോരാഞ്ഞിട്ടാണോ കോളേജിൽ കൂടി..."" സമനില നഷ്ടപ്പെടും പോലെ തോന്നി നന്ദുവിന്... ""അനൂ...."". ലച്ചു തോളിൽ കൈ വച്ചു വിളിച്ചതും കണ്ണൊന്നടച്ചു ശ്വാസം എടുത്തു.... ""ഇപ്പൊ ഒന്നും പറയുന്നില്ല ഞാൻ... നാളെ സ്റ്റേഷനിൽ പോയിട്ട് വരട്ടെ..."". ഇപ്പോഴും വിരലുകൾ കൊരുത്തു കട്ടിലിൽ ഇരിക്കുന്ന അച്ചുവിനെ ഒന്ന് തറപ്പിച്ചു നോക്കി പുറത്തേക്ക് നടന്നു... ""മക്കള് രണ്ടും നാളെ സ്റ്റേഷനിൽ എന്ത് പറയുമെന്ന് ആലോചിക്ക്..... കുറേ വെള്ളം കുടിക്കേണ്ടതല്ലേ.... പിന്നേ കടുംകൈ ചെയ്യും എന്നുള്ള പേടിയൊന്നും എനിക്കില്ല... അതിനൊക്കെ ഒരു മിനിമം മനസാക്ഷി വേണം....""

രണ്ടാളെയും നോക്കി പറഞ്ഞിട്ട് പുറത്തേക്ക് നടക്കുമ്പോൾ ലച്ചുവിന്റെ മുഖത്ത് നിറഞ്ഞു നിന്നത് പുച്ഛം മാത്രമായിരുന്നു... മുറിയിലേക്ക് ചെന്നപ്പോൾ കണ്ടു കണ്ണും നിറച്ചു നിൽക്കുന്ന നന്ദുവിനെ... ""എന്റെ അനുകുട്ടി.... താനിങ്ങനെ തുടങ്ങിയാലോ.... ഇത് ദൈവം ആയിട്ട് തന്ന ഒരു അവസരം ആകും.... അച്ചുനെ നമുക്ക് നന്നാക്കി എടുക്കണ്ടേ...... ഹ്മ്മ്... ദേ ഫുൾ ഉത്തരവാദിത്തം ഞാൻ ഏറ്റു.... ചുമ്മാ കൂടെ നിന്നാൽ മതി..."" ലച്ചുവിന്റെ സാമീപ്യം മനസ്സിന്റെ ഭാരം കുറയ്ക്കുന്നുണ്ടായിരുന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""അവിടേക്ക് ഇരുന്നോ... സാറ് വിളിപ്പിച്ചോളും...."" ഒന്ന് മൂളിക്കൊണ്ട് സന്ദർശകർക്കായുള്ള കസേരയിൽ ഇരുന്നു. പലരും വരികയും പോകുകയും ഒക്കെ ചെയ്യുന്നുണ്ട്...

ഇന്നലെ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും പേടി തോന്നുന്നുണ്ടായിരുന്നു.. അനിയത്തിമാരാണ്... ജയിലിൽ പോകുന്നത് കണ്ടു നിൽക്കാൻ കഴിയുമോ... ""വാ... വിളിക്കുന്നുണ്ട് അകത്തേക്ക്."" കോൺസ്റ്റബിൾ വന്നു പറഞ്ഞതും നന്ദു പിടച്ചിലോടെ എഴുന്നേറ്റു.... ലച്ചുവിനെ നോക്കിയപ്പോൾ പോയിട്ട് വാ എന്ന് കണ്ണുകൊണ്ടു കാണിച്ചു... ആദ്യം അകത്തേക്ക് കയറിയത് അച്ചുവാണ്.....മുറിയിൽ അതിനകം തന്നെ വേറെ രണ്ടു കുട്ടികളും അവരുടെ പേരെന്റ്സ് എന്ന് തോന്നിപ്പിക്കുന്നവരും ഉണ്ടായിരുന്നു....പ്രിയ പേടിച്ചു തന്നോട് ചേർന്ന് നിന്നു ... ""ഇരിക്കൂ...."" ഗൗരവം നിറഞ്ഞ സ്വരം കേട്ടപ്പോഴാണ് മുഖം ഉയർത്തി നോക്കുന്നത്. ചെറുപ്പക്കാരനായ ഒരാളാണ്... മുഖത്ത് ഗൗരവം നിറഞ്ഞു നിൽക്കുന്നു...

""നിങ്ങൾ..... ""ചോദ്യ രൂപത്തിൽ നന്ദുവിന്റെ നേർക്ക് നോക്കി... ""ചേച്ചിയാണ്.... ""മടിയോടെ പറഞ്ഞൊപ്പിച്ചു. അമർത്തിയൊരു മൂളൽ കേട്ടു... ""പരാതിക്കാര് വന്നിട്ടില്ലേ... അവരെയും വിളിക്ക്...."" അല്പം കഴിഞ്ഞതും ഒരു പെൺകുട്ടിയും അച്ഛനെന്ന് തോന്നിക്കുന്ന ഒരാളും കൂടി അകത്തേക്ക് വന്നു. അച്ചുവിന്റെയും പ്രിയയുടെയും നേർക്ക് ഒന്ന് നോക്കി അവൾ വീണ്ടും അച്ഛനോട് പറ്റിച്ചേർന്നു നിൽക്കുന്നുണ്ടായിരുന്നു. ""ഇവർ തന്നെയല്ലേ..."" ചോദിച്ചതും അവൾ തലയാട്ടി. ""മോളിരിക്ക്....എന്താ ഇന്നലെ ഉണ്ടായത്...."" ""ഇ.... ഇന്നലെ കോളേജിൽ വെൽക്കം ഡേ ആയിരുന്നു..... എല്ലാർക്കും പാട്ടും ഡാൻസും ഒക്കെ കൊടുത്തു..... എനിക്ക് കിട്ടിയത് പാവയ്ക്ക ജ്യൂസ്‌ കുടിക്കാനാ...

അത് അലര്ജി ആയതുകൊണ്ട് പറ്റില്ല... വേറെ എന്തെങ്കിലും ചെയ്യാമെന്ന് പറഞ്ഞു... അത് അർച്ചന ചേച്ചിക്ക് ഇഷ്ടായില്ല.... ഞാൻ കളിയാക്കുവാണോ എന്നൊക്കെ പറഞ്ഞു ദേഷ്യപ്പെട്ടു.... പണിഷ്മെന്റ് ആയിട്ട് കൈയിൽ ഒരു തീപ്പെട്ടിക്കമ്പ് തന്ന് അളവെടുക്കാൻ പറഞ്ഞു ഗ്രൗണ്ട് ന്റെ.... പറ്റില്ലാന്ന് പറഞ്ഞപ്പോൾ എന്നേ ബലമായി ചെയ്യിക്കാൻ നോക്കി..... പ്രിയ ചേച്ചിയും ഷഹാന ചേച്ചിയും ചെയ്യാതെ പോകാൻ പറ്റില്ലാന്നു പറഞ്ഞു. സഞ്ജയ്‌ എന്ന ചേട്ടനും ഉണ്ടായിരുന്നു കൂടെ...."" ശ്രേയ പറഞ്ഞു നിർത്തിയതും നന്ദു അച്ചുവിനെ രൂക്ഷമായി നോക്കി.... ""അപ്പോൾ അർച്ചന... പ്രിയ... ഷഹാന... സഞ്ജയ്‌... വകുപ്പ് ഏതാണെന്നു നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ.... റാഗിംഗ് ആണ് കുറ്റം.....

മിനിമം ഒരു മൂന്ന് വർഷം പോകും.... ദ്രുവിക് ടേബിളിൽ ഇരുന്ന പേപ്പർ ഹോൾഡർ ഒന്നുകൂടി തിരിച്ചു പിടിച്ചു... ""പ്ലീസ് സർ.... ഇനി ഒന്നും ഉണ്ടാകില്ല.... ഉപ്പ ഗൾഫില അറിഞ്ഞിട്ടില്ല ഇതൊന്നും.... അറിഞ്ഞ എന്നേ കൊല്ലും...."".പൊട്ടിക്കരഞ്ഞു തലകുനിച്ചു നിൽക്കുന്ന ഷഹാനയുടെ മുഖത്തേക്ക് അവൻ നിസ്സാംഗതയോടെ നോക്കി... സഞ്ജയും ഇപ്പോൾ കരയുമെന്ന അവസ്ഥ ആയിരുന്നു... ""ഈ കരച്ചിലൊന്നും ആ സമയത്ത് ഇല്ലായിരുന്നല്ലോ. നിന്നെയൊക്കെ വീട്ടുകാർ എന്തിനാ പഠിപ്പിക്കാൻ വിടുന്നത്... പൈസ ടെ നെഹളിപ്പും അഹങ്കാരവും കാണിക്കേണ്ടത് ബാക്കിയുള്ള പിള്ളേരുടെ മേൽ കുതിര കേറിയല്ല..... """അവന്റെ ശബ്ദം ഉയർന്നതും പ്രിയ കരഞ്ഞുകൊണ്ട് കൈകൾ കൂപ്പി..

. ""പ്ലീസ് സർ..... ഇനി ഒന്നും ചെയ്യില്ല.... കേസ് ആക്കല്ലേ.... പ്ലീസ്..... സോറി ശ്രേയ....."" നന്ദു തലകുനിച്ചു തന്നെ ഇരിക്കുകയായിരുന്നു.... ""പ്ലീസ് സർ.... ""അച്ചുവും ഇടറിയ സ്വരത്തിൽ പറഞ്ഞൊപ്പിച്ചു... ""എന്നോട് പറഞ്ഞിട്ട് കാര്യമില്ല.... പരാതി തന്നത് ശ്രേയയാണ്..... പരാതി പിൻവലിക്കുന്നതും ആ കുട്ടിയുടെ ഇഷ്ടം. എന്റെ മുൻപിൽ പരാതി ഉണ്ടെങ്കിൽ ഞാൻ നടപടി എടുത്തിരിക്കും...."" ഉറച്ച ശബ്ദത്തിൽ അവനത് പറഞ്ഞതും നാല് മുഖങ്ങളും ശ്രെയക്ക് നേരെ നീണ്ടു... ദയനീയതയോടെ നോക്കുന്ന അവരെ കണ്ടതും അവളൊന്ന് ശ്വാസം എടുത്തു... ""എനിക്ക് പരാതി ഇല്ല സർ.... ആരുടേയും ഭാവി കളയാൻ താല്പര്യമില്ല....

പക്ഷെ ഇതിന്റെ പേരിൽ ഇനിയും എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അന്ന് ഇതുപോലെ പിൻവലിക്കില്ല..... ""ഗൗരവത്തോടെ പറയുന്നവളെ നോക്കി അവനൊന്നു കണ്ണ് ചിമ്മി കാട്ടി.... ""കേട്ടല്ലോ നാല് പേരും. പിന്നേ ഇതിന്റെ പേരിൽ പ്രതികരിക്കാനും പ്രതികാരം ചെയ്യാനും ഒന്നും നിൽക്കണ്ട.... എന്റെ കസിൻ ആണ് ശ്രേയ.... സോ അത് മറക്കണ്ട....."" ഞെട്ടലോടെ ശ്രെയയെ ഒന്ന് നോക്കിയ ശേഷം നാല് പേരും തലയാട്ടി സമ്മതം അറിയിച്ചു... ""എങ്കിൽ ഇനി പ്രശ്നം ഒന്നും ഉണ്ടാക്കില്ല എന്ന് ഒരു വെള്ളപേപ്പറിൽ എഴുതി ഒപ്പിട്ട് കൊടുത്തിട്ട് പൊയ്ക്കോ....""

എല്ലാവരും പുറത്തേക്ക് ഇറങ്ങിയതും നന്ദു ശ്രേയയുടെ അടുത്തേക്ക് ചെന്നു. ബാഗിൽ നിന്നും ഒരു പേപ്പർ എടുത്തു നമ്പർ എഴുതി അവൾക്ക് നേരെ നീട്ടി. ഇനി അവരുടെ രണ്ടാളുടെയും ഭാഗത്തു നിന്ന് എന്തെങ്കിലും പ്രശ്നം മോൾക്ക് ഉണ്ടായാൽ എന്നേ വിളിച്ചാൽ മതി. പിന്നേ ഒരു ദിവസം പോലും രണ്ടു പേരും ആ കോളേജിൽ പഠിക്കില്ല..... ഉറച്ചതായിരുന്നു വാക്കുകൾ.... അതിശയത്തോടെ നോക്കുന്ന ശ്രേയക്ക് ചെറിയൊരു പുഞ്ചിരി നൽകി പുറത്തേക്ക് നടന്നു... ""എന്തായി...."" പുറത്തേക്ക് ഇറങ്ങിയതും ലച്ചു അടുത്തേക്ക് ഓടി എത്തിയിരുന്നു...

ഒന്നുമില്ലെന്ന് കണ്ണ് ചിമ്മി കാട്ടുമ്പോൾ അവളിലും ആശ്വാസത്തിന്റെ ചിരി വിടർന്നു.... നന്ദുവിന്റെ ഒപ്പം നിൽക്കുമ്പോഴാണ് ക്യാബിൻ തുറന്നു പുറത്തേക്ക് വരുന്ന ആളെ കണ്ടത്..... ശ്വാസം വിടാൻ പോലും മറന്നു നിന്നു ലച്ചു... ""ദ്രുവിക്......"" അടുത്ത നിമിഷം തന്നെ കണ്ണുകളിൽ ദേഷ്യം നിറഞ്ഞു... തന്നെ കണ്ടിട്ട് ആകണം ആ മുഖത്തും അതിശയം കലർന്നിട്ടുണ്ടായിരുന്നു... ഒരു കണ്ണിറുക്കി ചിരിയോടെ നടന്നു പോകുന്നവനെ നോക്കി പല്ല് കടിച്ചു നിന്നു...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story