അനന്തിക: ഭാഗം 24

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

അടുക്കളയിലെ തട്ടലും മുട്ടലും കേട്ട് ലച്ചു ചിരിയോടെ നന്ദുവിനെ ഒന്ന് കൂടി ചേർത്ത് പിടിച്ചു കിടന്നു.... ""നാളെ ഇനി മിസ്റ്റർ. മഹിത്.... ""അവളൊരു ചിരിയോടെ ഓർത്തു... പെട്ടെന്ന് ദ്രുവിക്കിന്റെ മുഖം മനസ്സിൽ വന്നതും ദേഷ്യത്തോടെ കണ്ണ് ഇറുക്കി അടച്ചു... ""പണ്ടാരക്കാലൻ.... മനുഷ്യനെ ഒരു തരത്തിൽ ജീവിക്കാൻ സമ്മതിക്കില്ല..."" തലവഴി പുതപ്പ് മൂടി പിറുപിറുക്കുമ്പോഴും അവനോടുള്ള ദേഷ്യം പല്ല് ഞെരിച്ചു തീർക്കുന്നുണ്ടായിരുന്നു അവൾ.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""അച്ചൂ..... ""വയറ്റിൽ കൈയും വച്ച് കട്ടിലിൽ മലർന്ന് കിടക്കുന്ന അച്ചുവിന്റെ അടുത്തേക്ക് പ്രിയ നീങ്ങി ഇരുന്നു... അവൾ മറുപടി പറഞ്ഞില്ല... വിശന്നിട്ടു വയറു കാളി തുടങ്ങിയിരുന്നു രണ്ടാൾക്കും.

""നമുക്ക് ചേച്ചിയോട് ചെന്ന് സോറി പറയാം.... അപ്പോൾ ചേച്ചി ഫ്രിഡ്ജിന്റെ കീ തരും...."" മടിച്ചു മടിച്ചു പറഞ്ഞൊപ്പിച്ചു... ""നിനക്ക് വേണമെങ്കിൽ നീ പോയി ചോദിക്ക് പ്രിയ.... എന്നേ അതിന് കിട്ടില്ല.. രാവിലെ അമ്മയൊന്നു വരട്ടെ... ആരോടു ചോദിച്ചിട്ട ഫ്രിഡ്ജ് പൂട്ടി താക്കോൽ എടുത്തു വച്ചത് എന്നെനിക്കൊന്ന് അറിയണം..."" ദേഷ്യത്തോടെ തിരിഞ്ഞു കിടക്കുന്നവളെ ഒരു നിമിഷം നോക്കി ഇരുന്നു. വീണ്ടും വയറു കാളുന്നു.... രണ്ടു കുപ്പി വെള്ളം ഇതുവരെ കുടിച്ചു കഴിഞ്ഞു വിശപ്പ് മാറ്റാൻ... ഇനിയും എങ്ങനാ.... നേരം വെളുക്കാൻ ഇനിയും ഉണ്ട് മൂന്നാല് മണിക്കൂർ കൂടി...

സങ്കടത്തോടെ ക്ലോക്കിൽ നോക്കി അച്ചുവിന്റെ അടുത്ത് കിടക്കുമ്പോഴും നന്ദുവിനോട് സോറി പറയാൻ പോകണോ വേണ്ടയോ എന്നുള്ള കൺഫ്യൂഷനിൽ ആയിരുന്നു മനസ്സ്... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""അനൂ...... എഴുന്നേറ്റെ....."" ലച്ചു വിളിക്കുന്നത് കേട്ടാണ് കണ്ണ് തുറക്കുന്നത്.... ഏഴു കഴിഞ്ഞു സമയം... ""എന്തിനാ ലച്ചു ഇപ്പോഴേ എഴുന്നേൽക്കുന്നത്.... "" വീണ്ടും പുതപ്പിന്റെ ഉള്ളിലേക്ക് ചുരുണ്ടു കൂടാൻ ശ്രമിച്ചെങ്കിലും ലച്ചു ബലമായി പുതപ്പ് വലിച്ചെടുത്തു... ""ആഹാ.... ഈ ശീലമൊക്കെ മാറ്റിയെരെ... നാളെ മുതൽ ഓഫീസിൽ പോകാനുള്ളതാ... എടുത്ത ലീവ് ന്റെ കാലാവധി ഇന്ന് തീരില്ലേ...."" ഓഫീസിൽ പോകണം എന്ന് മാത്രമേ കേട്ടുള്ളൂ.... ദേഹമൊക്കെ പുകയും പോലെ... കഴിയുമോ തനിക്ക്...

ഇനിയും ഒരിക്കൽ കൂടി എല്ലാവരേം ആഭിമുഖീകരിക്കാൻ.... മഹിയുടെ മുഖം മനസ്സിൽ തെളിഞ്ഞതും അറിയാതെ കൈ വയറിനു നേരെ നീണ്ടു.... രണ്ടു മാസത്തെ ലീവിന്റെ കാലാവധി അവസാനിച്ചിരിക്കുന്നു.... രണ്ടു മാസം കഴിഞ്ഞിരിക്കുന്നു എല്ലാം നഷ്ടപ്പെട്ടിട്ട്.. വയറ്റിൽ കൈ ചേർത്ത് ഒന്നും മിണ്ടാതെ കിടക്കുന്ന നന്ദുവിനെ കണ്ടതും അവൾ പഴയതൊക്കെ വീണ്ടും ഓർത്തിരിക്കുകയാണെന്ന് തോന്നി ലച്ചുവിന്. തടയാൻ പോയില്ല.... ഒരിക്കലും ഒരു ഒളിച്ചോട്ടം രക്ഷ നൽകില്ല... കൂടുതൽ ധൈര്യത്തോടെ അവൾക്കെല്ലാം നേരിടാൻ കഴിയണം. ""ഞാൻ പോകുന്നില്ല ലച്ചു.... റിസൈൻ ചെയ്യാം...."" ഏറെ നേരത്തിനൊടുവിൽ കാറ്റ് പോലെ നേർത്ത സ്വരം എത്തി... ""എന്നിട്ട്....""

കൂർപ്പിച്ചു ചോദിച്ചതും ഒന്നും പറഞ്ഞില്ല.. ""ദേ മര്യാദക്ക് നാളെ മുതൽ ജോലിക്ക് പൊയ്ക്കോ... കഷ്ടപ്പെട്ട് പഠിച്ചു വാങ്ങിച്ച ജോലിയല്ലേ.... അതങ്ങനെ ആർക്കും വേണ്ടി കളയാൻ നിൽക്കണ്ട...."' ലച്ചു ഗൗരവത്തിൽ പറഞ്ഞതും മടിയോടെ എഴുന്നേറ്റു.. ""ഞാൻ പറഞ്ഞതൊക്കെ മറന്നോ അനൂ... ഇങ്ങനെ ഒളിച്ചോടാൻ തുടങ്ങിയാൽ നീയെന്നും ആ വൃത്തത്തിന്റെ ഉള്ളിൽ തന്നെ കിടന്നു ഓടിക്കൊണ്ടിരിക്കും..."" ഒടുവിൽ ലച്ചുവിന്റെ വാശിക്ക് മുൻപിൽ തല കുനിച്ചു സമ്മതം മൂളി... ""ഹ്മ്മ്.... ഇനി എന്റെ അനുക്കുട്ടി എഴുന്നേറ്റെ.... ഇന്നലത്തെന്റെ ബാക്കി പണികൾ കിടക്കുന്നതെ ഉള്ളൂ...."" രണ്ടു കവിളിലും പിടിച്ചു വലിച്ചു പറഞ്ഞിട്ട് ചിരിയോടെ പോകുന്നവളെ കാൺകെ അറിയാതെ ചിരിച്ചു പോയി...

ലച്ചു അടുക്കളയിലേക്ക് ചെന്നപ്പോൾ ആശ അരി കഴുകി പാത്രത്തിലേക്ക് ഇടുകയായിരുന്നു. അവളെ കണ്ടതും ഒന്ന് ചിരിച്ചു... ""ആഹാ... എഴുന്നേറ്റോ... ചായ ഇട്ട് വച്ചതേ ഉള്ളൂ... ചൂട് കാണും.. ഗ്ലാസ്‌ ദാ ആ ഷെൽഫിൽ കമിഴ്ത്തി വച്ചിട്ടുണ്ട്.."" ""അച്ചുവൊന്നും എഴുന്നേറ്റില്ലേ അമ്മേ..."" ""ഇപ്പൊ വരും... ഞാൻ തൊഴുത്തിൽ ആയിരുന്നു രണ്ടാളും എഴുന്നേറ്റു വന്നപ്പോൾ... പല്ല് തേയ്ക്കാൻ പറഞ്ഞു വിട്ടിരിക്കുവാ...."" അടുക്കളയിലെ സ്ലാബിൽ ഇരുന്ന് ചായ ഊതി കുടിക്കുന്ന ലച്ചുവിനെ കണ്ടതും അച്ചുവിന്റെ മുഖം ഇരുണ്ടു... ''"അമ്മേ..."" അവൾ ഉച്ചത്തിൽ ദേഷ്യത്തോടെ വിളിച്ചു... ""ഹോ... എന്താ അച്ചു ഇത്... കൈയിലിപ്പോ തിളച്ച വെള്ളം വീണേനെ അല്ലോ.... ""

അരി ഇടുന്നതിന്റെ ഇടയ്ക്ക് കൈയൊന്ന് പാളിയതും ആശ അവളെ ദേഷ്യത്തോടെ നോക്കി.. ""ഇവർക്ക് ആരാ നമ്മുടെ വീട്ടിലെ ഫ്രിഡ്ജ് പൂട്ടാനും സാധനങ്ങൾ എടുത്തു വയ്ക്കാനും അധികാരം കൊടുത്തത്.... ഞാനും പ്രിയയും ഇന്നലെ പട്ടിണി ആയിരുന്നു... അമ്മ ഇത് വല്ലതും അറിഞ്ഞോ.... ""ലച്ചുവിനെ ചിറഞ്ഞു നോക്കി പറയുന്നതിന്റെ ഇടയ്ക്ക് ദേഷ്യം അടക്കാനായി വിരലുകൾ കൂട്ടി ഞെരിച്ചു പിടിക്കുന്നുണ്ടായിരുന്നു അച്ചു... ""അച്ചു..... വീട്ടിൽ വരുന്നവരോട് ഇങ്ങനെയാണോ സംസാരിക്കുന്നത്.... ഇനി മേലിൽ ഞാനിത് കണ്ടാൽ..."" അച്ചു വിശ്വാസം വരാതെ അമ്മയെ നോക്കി.... ""അപ്പോൾ.... ഞങ്ങളെ രണ്ടാളെയും പട്ടിണിക്ക് ഇട്ടതിനു അമ്മയ്ക്ക് ഒന്നും പറയാനില്ലേ....""

""ഞാൻ കേട്ടിരുന്നു അനു നിങ്ങളെ വന്നു വിളിക്കുന്നത്. അത് കഴിഞ്ഞു ഒരു മണിക്കൂർ കഴിഞ്ഞല്ലേ ഇവര് പൂട്ടിയത്... അതുവരെ എവിടെ ആയിരുന്നു..."" ആശ കനപ്പിച്ചു ചോദിച്ചതും മറുപടി ഇല്ലാതെ നിന്നു. ആദ്യമായിട്ടാണ് അമ്മയുടെ ഭാഗത്തുനിന്നും ഇങ്ങനെയൊരു ചോദ്യം ചെയ്യൽ... തല കുനിച്ചു നിൽക്കുന്ന അച്ചുവിനെ നോക്കി ലച്ചു ചൂട് ചായ ഒന്നുകൂടി മൊത്തികുടിച്ചു... ""ഞാനെന്ന റെഡി ആകട്ടെ.... പാല് കൊടുത്തിട്ട് വരുന്ന വഴിക്ക് തയ്യലിന്റെ അവിടൊന്നു കേറണം... ഒരു ചുരിദാർ ഇന്ന് ഉച്ചയ്ക്ക് മുൻപ് കൊടുക്കേണ്ടതാ.. അടുപ്പിലെ തീ നോക്കിക്കോണം കേട്ടല്ലോ... പിന്നെ തോരൻ വച്ചു വച്ചേക്കണം... മോര് ഇരിപ്പുണ്ട്... അപ്പത്തിന്റെ മാവ് ഫ്രിഡ്ജിൽ നിന്ന് എടുത്ത് വച്ചിട്ടുണ്ട് .

അത് ചുട്ട് കറിയും ആക്കണം..."" ""ഞാനോ....."". അച്ചു അതിശയത്തോടെ നോക്കി.... ഇതുവരെ ആയിട്ടും അടുക്കളയിൽ കയറി ഒന്നും ഉണ്ടാക്കിയിട്ടില്ല.... പാത്രം കഴുകാനോ നിലം തുടയ്ക്കാനോ സഹായിക്കും എന്നല്ലാതെ.... ""പിന്നല്ലാതെ വേറാരാ..... ലച്ചു മോള്‌ ഗസ്റ്റ് അല്ലെ... അനു ഉണ്ടാക്കുന്നത് ഒന്നും നിനക്ക് വേണ്ടല്ലോ..... """ അവസാന വാചകം പറയുമ്പോൾ ആശയുടെ കണ്ണ് നിറഞ്ഞിരുന്നു.... ഇത്രയും നാൾ ഒപ്പം ഉണ്ടായിരുന്നിട്ടും ഒരിക്കലും മനസ്സിലാക്കാതെ ഇരുന്ന സത്യം... ഇന്നലത്തെ ലച്ചുവിന്റെ വാക്കുകൾ കേട്ട് മനസ്സാകെ അസ്വസ്ഥമായിരുന്നു.... അനുവിനോട് കാട്ടിയ ഒരോ അവഗണയും മുന്നിൽ വന്നു പല്ലിളിച്ചു കാട്ടിയപ്പോൾ മാത്രമാണ് തിരിച്ചറിഞ്ഞത് എത്ര വലിയ തെറ്റായിരുന്നു താനെന്ന്.....

ഇനിയെങ്കിലും തിരുത്തണം തനിക്ക്... ഇല്ലെങ്കിൽ ഈശ്വരൻ പോലും ക്ഷമിക്കില്ല തന്നോട്.... മറുപടിയില്ലാതെ നിൽക്കുന്ന അച്ചുവിനെ ഒന്ന് നോക്കി ആശ വേഗം ഒരുങ്ങാനായി പോയി... ""ചായ കുടിച്ചോ.... ഇനിയിപ്പോ സ്വന്തമായി ഉണ്ടാക്കി കഴിച്ചു വരുമ്പോഴേക്കും നല്ല ലേറ്റ് ആകും..."" പുച്ഛം കലർന്ന ചിരിയോടെ ലച്ചു പുറത്തേക്ക് നടക്കുമ്പോഴും അച്ചു അമ്മ തന്നിട്ട് പോയ ലിസ്റ്റ് ആലോചിച്ചു വാതിൽക്കൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 മഹി നെറ്റിയൊന്ന് ഉഴിഞ്ഞു കസേരയിലേക്ക് ചാരി കിടന്നു.

ഈ തലവേദന ഈയിടെയായി സ്ഥിരമാണ്... മുറിയിലേക്ക് കയറുമ്പോൾ തന്നെ നന്ദുവിന്റെ ഓർമ്മകൾ ശ്വാസം മുട്ടിക്കുന്നതിനാൽ മയക്കം വരുന്നത് വരെ ജോലി ചെയ്തിരിക്കും.. ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് കണ്ണ് തുറന്നു നോക്കുന്നത്. പരിചയം ഇല്ലാത്ത നമ്പർ ആണ്... ആദ്യം ആരാണെന്ന് സംശയിച്ചെങ്കിലും വേഗം അറ്റൻഡ് ചെയ്തു... ""ഹലോ..."" ""ഹലോ.. മഹിത് അല്ലെ.... ഞാൻ ലക്ഷ്മി.."" അവന്റെ നെറ്റിയൊന്ന് ചുളിഞ്ഞു... ഓർമ്മയിൽ ആ പേര് തിരഞ്ഞെങ്കിലും ആരെയും ഓർമ്മ വന്നില്ല... ""ആലോചിച്ചു ബുദ്ധിമുട്ടണ്ടാ.... നമ്മള് തമ്മിൽ കണ്ടിട്ടില്ല.... ഞാനൊരു സൈക്കോളജിസ്റ്റ് ആണ്.... G. M ഹോസ്പിറ്റലിൽ ഡോക്ടർ. സഞ്ജീവിന്റെ കീഴിലാണ് ഇപ്പോൾ പ്രാക്ടീസ്....""

അവനൊന്നു മൂളി അപ്പോഴും കാര്യം മനസ്സിലായിരുന്നില്ല... ""എനിക്ക് മഹിയെ ഒന്ന് കാണണം. അനുവിന്റെ... സോറി അനന്തികയുടെ കാര്യം സംസാരിക്കാനാ... ആ കുട്ടിയെ ഇപ്പോൾ ട്രീറ്റ്‌ ചെയ്യുന്നത് ഞാനാണ്... സോ മഹിയുടെ ഹെല്പ് വേണ്ടി വരും... ഒഴിവ് പറയരുത് പ്ലീസ്...."" ""ഞാൻ.... ഞാൻ വരാം.... വൈകുന്നേരം നാലിന് സിറ്റി കഫെയിൽ വന്നാൽ മതി...."" ഫോൺ കട്ട്‌ ചെയ്യുമ്പോൾ കണ്ടു ആകാംഷയോടെ ഇങ്ങോട്ടേക്കു നോക്കി നിൽക്കുന്ന മുഖങ്ങൾ... പലർക്കും താനൊരു കൌതുകമാണ് ഇപ്പോൾ... ചിലരൊക്കെ സഹതാപത്തോട് കൂടിയാണ് നോക്കാറ്... ആരെയും ശ്രദ്ധിക്കാതെ വീണ്ടും ലാപ്ടോപ്പിലേക്ക് മുഖം പൂഴ്ത്തി... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

മുൻപിലിരിക്കുന്ന മാവരച്ച പാത്രത്തിലേക്ക് നോക്കി നിന്നു അച്ചു... ""നീ ചുട്ടോ...."" പ്രിയയുടെ നേരെ ചട്ടുകം നീക്കിയെങ്കിലും അവളത് വാങ്ങാതെ പിന്നിലേക്ക് നീങ്ങി നിന്ന് ചിരിച്ചു കാട്ടി... ""എനിക്ക് അറിയില്ല ചുടാൻ..."" അവളെയൊന്ന് കൂർപ്പിച്ചു നോക്കി ഒരു തവിയിൽ മാവ് കോരി ഒഴിച്ചു.... ഇളക്കാതെ ഒഴിച്ചതിനാൽ തീരെ കാട്ടിയില്ലാത്ത മാവ് ചട്ടിയിലേക്ക് വീണു... ചട്ടുകം കൊണ്ട് എത്ര തിരിച്ചിടാൻ നോക്കിയിട്ടും ഇളകി വരുന്നില്ലായിരുന്നു... മുറിഞ്ഞു മുറിഞ്ഞു പോകുന്ന അപ്പം നോക്കി കലിയോടെ വീണ്ടും വീണ്ടും ഇളക്കാൻ ശ്രമിച്ചു.... ഒടുവിൽ തോൽവി സമ്മതിച്ചു പിന്മാറി നിന്ന് കിതയ്ക്കുമ്പോഴും പ്രിയ സങ്കടത്തോടെ മാവിലേക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു.

ഇന്നലെ വൈകുന്നേരത്തിന് ശേഷം ആകെ ഒരു ഗ്ലാസ്‌ ചായയാണ് കുടിച്ചത്.. ""അമ്മ വന്നിട്ട് ചുട്ട് തരാൻ പറയാം... എന്തായാലും ചായ കുടിച്ചില്ലേ... ഒന്നുറങ്ങി എഴുന്നേൽക്കുമ്പോളേക്കും അമ്മ വരും..."" അതും പറഞ്ഞു മുറിയിലേക്ക് പോകുന്ന വഴിക്ക് കണ്ടു വാതിലിന്റെ അടുത്ത് നിന്ന് ചിരിയടക്കാൻ ശ്രമിക്കുന്ന ലച്ചുവിനെ. അവളെയൊന്ന് ദേഷ്യത്തിൽ നോക്കി അച്ചു മുറിയിലേക്ക് നടന്നു. പ്രിയ അപ്പോഴും മുറിഞ്ഞു കിടക്കുന്ന അപ്പത്തിൽ തന്നെയായിരുന്നു നോട്ടം. ""നിനക്ക് അറിയുവോ അപ്പം ഉണ്ടാക്കാൻ..."". ലച്ചു ചോദിച്ചതും ഇല്ലെന്ന ഭാവത്തിൽ ചുമൽ കൂച്ചി... വീണ്ടും എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ നന്ദു വരുന്നത് കണ്ടപ്പോൾ രണ്ടാളും നിശബ്ദമായി.

ഗൗരവം നിറഞ്ഞ മുഖത്തോടെ വരുന്ന നന്ദുവിനെ നോക്കാൻ ധൈര്യമില്ലാതെ പ്രിയ തല കുനിച്ചു നിന്നു. അവൾ ആരെയും ശ്രദ്ധിക്കാതെ എണ്ണ എടുത്തു കല്ലിൽ ചെറുതായി തൂത്തു കൊടുത്തു അപ്പം ചുട്ടെടുക്കുന്നത് നോക്കി അവിടെ തന്നെ നിന്നു. ഇടയ്ക്ക് ലച്ചു ചേച്ചിയോട് എന്തൊക്കെയോ പറയുന്നുണ്ട്... ലച്ചുവിനും തനിക്കുമായി ഒരോ പ്ളേറ്റിൽ വിളമ്പി നന്ദു.... പെട്ടെന്നാണ് മറ്റൊരു പ്ളേറ്റ് മുന്നിലേക്ക് നീണ്ടു വന്നത്... നോക്കിയപ്പോൾ കണ്ടു തല ഉയർത്തി നോക്കാതെ നിലത്തു ചവിട്ടി താളം പിടിച്ചു നിൽക്കുന്ന പ്രിയ‌യെ.... ഇടയ്ക്കിടയ്ക്ക് ഒളിക്കണ്ണിട്ട് നോക്കുന്നുണ്ട്... കണ്ണുരുട്ടി നോക്കുന്ന നന്ദുവിനെ കണ്ടതും പെട്ടെന്ന് തല താഴ്ത്തും.... വീണ്ടും കുറച്ചു കഴിഞ്ഞു നോക്കും....

""വിശക്കുന്നു ചേച്ചി...."" സങ്കടത്തോടെ വീണ്ടും പ്ളേറ്റ് നീക്കി പറഞ്ഞതും നന്ദു ചിരിയടക്കി അതിൽ കൂടി വിളമ്പി കൊടുത്തു.... കണ്ടു നിന്ന ലച്ചുവിലും ഒരു ചെറിയ ചിരി ഉണ്ടായിരുന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 സിറ്റി കഫെയിലേക്ക് നടക്കുമ്പോൾ നെഞ്ച് വല്ലാതെ ഇടിക്കുന്നത് പോലെ തോന്നി മഹിയ്ക്ക്.... അകത്തേക്ക് കയറിയപ്പോൾ നല്ല തിരക്കുണ്ടായിരുന്നു. ആളെ അറിയാതെ ചുറ്റും പകച്ചു നോക്കിയപ്പോൾ ഏറ്റവും അറ്റത്തെ ടേബിളിൽ ഇരുന്നൊരു പെൺകുട്ടി കൈ വീശി കാണിക്കുന്നത് കണ്ടു...

ഒരു ചിരി വരുത്തി അവളുടെ അടുത്തേക്ക് നടന്നു... മഹിയുടെ മാറ്റങ്ങൾ നോക്കി കാണുകയായിരുന്നു ലച്ചു. നന്ദുവിൽ നിന്ന് അറിഞ്ഞ എപ്പോഴും കുസൃതിയോടെ ചിരിച്ചു സംസാരിക്കുന്ന മഹിയുടെ നിഴൽ മാത്രമാണ് അവനെന്ന് തോന്നി. കൺതടങ്ങൾക്ക് ചുറ്റും കറുപ്പ് വീണു തുടങ്ങിയിരുന്നു... ""ഹായ്‌.... ഞാൻ ലക്ഷ്മി... ഫോൺ വിളിച്ചപ്പോൾ പറഞ്ഞില്ലേ... കോഫി പറഞ്ഞിട്ടുണ്ട് കേട്ടോ... ഉടനെ വരും..."" അവനൊന്നു മൂളി... ""നന്ദു...... നന്ദു ഇപ്പൊ..."". മടിച്ചു മടിച്ചു ചോദിക്കുന്നവനെ നോക്കിയൊന്ന് ചിരിച്ചു.. ""ഹേയ് നന്ദു മിടുക്കി അല്ലെ.... കുറച്ചു കുഞ്ഞ് കുഞ്ഞ് കുശുമ്പും പൊട്ടത്തരവും ഒക്കെ ഉണ്ടായിരുന്നു എന്നേ ഉള്ളൂ....""

കുസൃതിയോടെ പറയുന്നവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു മഹി... ""മഹിയ്ക്ക് വെറുപ്പാണോ അനുവിനോട്..."". പെട്ടെന്നായിരുന്നു ചോദ്യം.. അതേ നിമിഷം തന്നെ ഇല്ലെന്ന് തലയാട്ടി.... അവളൊന്ന് ചിരിച്ചു.. ""അനുവാണ് കുഞ്ഞിനെ കൊന്നത് എന്നാണോ ഇപ്പോഴും മഹി വിശ്വസിക്കുന്നത്....."" ഉറച്ച സ്വരത്തോടെയുള്ള ചോദ്യത്തോടൊപ്പം അവന്റെ മറുപടി അറിയാനായി ആ മുഖത്തെ ഒരോ ഭാവങ്ങളും ഒപ്പി എടുത്തു.......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story