അനന്തിക: ഭാഗം 25

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

""മഹിയ്ക്ക് വെറുപ്പാണോ അനുവിനോട്..."". പെട്ടെന്നായിരുന്നു ചോദ്യം.. അതേ നിമിഷം തന്നെ ഇല്ലെന്ന് തലയാട്ടി.... അവളൊന്ന് ചിരിച്ചു.. ""അനുവാണ് കുഞ്ഞിനെ കൊന്നത് എന്നാണോ ഇപ്പോഴും മഹി വിശ്വസിക്കുന്നത്....."" ഉറച്ച സ്വരത്തോടെയുള്ള ചോദ്യത്തോടൊപ്പം അവന്റെ മറുപടി അറിയാനായി ആ മുഖത്തെ ഒരോ ഭാവങ്ങളും ഒപ്പി എടുത്തു... അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു മഹി.... ഒന്നും പറയാതെ... ഇമകൾ പോലും ചിമ്മാൻ മറന്നു... ""മഹി സ്നേഹിച്ച നന്ദുവിന് അങ്ങനെ കഴിയുമെന്ന് തോന്നുന്നുണ്ടോ..."" വീണ്ടും ചോദിച്ചപ്പോൾ ഇല്ലെന്ന് തലയാട്ടി.. കൂടുതലൊന്നും പറയാതെ അവൻ കസേരയിലേക്ക് ചാഞ്ഞിരുന്നു...

""അനു എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്... ഇഷ്ടമായിരുന്നു അല്ലെ ഒരുപാട്...""ചെറിയൊരു പുഞ്ചിരിയോടെ അവനെ നോക്കി ലച്ചു.. ""ജീവനായിരുന്നു.... ""പതിഞ്ഞ സ്വരം.. ""അമ്മയെയും അനിയത്തിയെയും അനു മഹിത്തിൽ നിന്നും അകറ്റാൻ ശ്രമിച്ചത് സഹിച്ചില്ല... അല്ലെ..."" അവനൊന്ന് മെല്ലെ തലയാട്ടി...."" ഭ്രാന്ത്‌ പിടിച്ചത് പോലെയായിരുന്നു എനിക്ക്... ജയിലിൽ ഇട്ടത് പോലെ... ഒറ്റയ്ക്ക്.. ആരെയും കാണാൻ പറ്റാതെ... ആരോടും കൂട്ട് കൂടാൻ പറ്റാതെ...."" ചെറിയൊരു കിതപ്പോടെ പറയുന്നവനെ ലച്ചു അലിവോടെ നോക്കി.. ""ലക്ഷ്മിയ്ക്ക് അറിയുവോ എന്റെ നിത്യ.... ഞാനെങ്ങനാ അവളെ വളർത്തിയത് എന്ന്.... ജനിച്ച അന്ന് മുതൽ എന്റെ കൈയിൽ കിടന്ന് വളർന്ന കുഞ്ഞാ അത്...

അമ്മയേക്കാൾ കൂടുതൽ ഞാനായിരുന്നു അവളെ നോക്കിയത്.... ഇന്ന് വരെ മനപ്പൂർവം വിഷമിപ്പിച്ചിട്ടില്ല ഞാൻ... അവളും ഒന്നിനും വാശി പിടിക്കാറില്ല... ഞാൻ ജനിക്കും മുൻപേ പോയതാ അച്ഛൻ ഗൾഫിലേക്ക്... രണ്ടു വർഷം കൂടുമ്പോഴാ വരുന്നത്.. അതും രണ്ടു മാസത്തെ ലീവ്.... അതുകൊണ്ട് തന്നെ അവളുടെ ആഗ്രഹങ്ങൾ എല്ലാം ഞാനായിരുന്നു നടത്തി കൊടുക്കുന്നത്... മുൻപൊക്കെ വെറുതെ അവളെ മനഃപൂർവം ദേഷ്യം പിടിപ്പിക്കാനായി തല്ല് കൂടും..... കൂടുതലും അമ്മേടെ അടുത്ത് ഇരിക്കാനോ മടിയിൽ കിടക്കാനോ ഒക്കെ ആകും.... അവൾക്ക് ദേഷ്യം വന്നു പൊട്ടും എന്നാകുമ്പോൾ തോറ്റു കൊടുക്കും....

നന്ദുവിനെ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ വീട്ടിൽ വച്ചു പ്രൊപ്പോസ് ചെയ്താൽ മതി ഏട്ടത്തിയേ അവൾക്കും കാണണം എന്ന് വാശി പിടിച്ചതും അവളായിരുന്നു... പക്ഷേ ആദ്യമായിട്ടാ എന്റെ കുഞ്ഞ് അന്നെന്റെ മുന്നിൽ നിന്ന് കരഞ്ഞോണ്ട് ഇറങ്ങി പോയത്.... ഞങ്ങളുടെ കല്യാണം കഴിഞ്ഞു ഒരു ദിവസം പോലും പഴയത് പോലെ തല്ല് കൂടിയിട്ടില്ല... അവളായി എന്നോട് ഒന്നും വാശി പിടിക്കാറില്ല.... അവളുടെ അടുത്ത് ചെന്ന് പത്തു മിനിറ്റ് ഇരിക്കുമ്പോഴേക്കും നന്ദു വന്നു വിളിക്കും... ചിലപ്പോൾ ഒരു കാര്യവും കാണില്ല...

ചിലപ്പോൾ ഓഫീസിലെ എന്തെങ്കിലും ചോദിക്കും.... ആദ്യമാദ്യം ഒന്നും മനസ്സിലായില്ല.... പിന്നെ പിന്നെ കാര്യങ്ങൾ മനസ്സിലായി തുടങ്ങിയപ്പോൾ അവളോട്‌ തന്നെ പ്രശ്നം ചോദിക്കാൻ ശ്രമിച്ചു.... ഒന്നും ഇല്ലെന്ന് പറഞ്ഞൊഴിഞ്ഞു.... ഞാൻ എന്തെങ്കിലും പറഞ്ഞിട്ട് നിത്യയോടും അമ്മയോടും വീണ്ടും ദേഷ്യം തോന്നേണ്ട എന്ന് വിചാരിച്ചു ഒന്നും പറഞ്ഞില്ല.. ആദ്യമൊക്കെ എന്നോട് ദിവസവും വിശേഷങ്ങൾ പറയാതെ ഉറങ്ങാതിരുന്ന നിത്യ പിന്നെ പിന്നെ ഞാൻ ചോദിക്കുമ്പോഴും ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു....

എന്റെയും നന്ദുവിന്റെയും ഇടയിലൊരു പ്രശ്നം വേണ്ടെന്ന് സ്വയം വിചാരിച്ചു ഒഴിഞ്ഞു മാറിയതാ അവൾ.... ലക്ഷ്മിക്ക് സഹിക്കാൻ പറ്റുമോ...."" അവന്റെ ആ ചോദ്യത്തിന് സഹിക്കാൻ പറ്റില്ല എന്നതുപോലെ ലച്ചു തല ചലിപ്പിച്ചു.... അറിയാം... ഭൂമിയോളം ക്ഷമ അവന് ഉണ്ടായിരുന്നു എന്ന്... അനുവിന്റെ ഒരോ വാക്കുകളിലും അതുണ്ടായിരുന്നു... ""ഒരു ഡോക്ടറിന്റെ സഹായം തേടിക്കൂടായിരുന്നോ മഹി.... ഒരുപക്ഷേ നന്ദുവിന് മാറ്റം വന്നിരുന്നെങ്കിലോ... ഞാൻ മനസ്സിലാക്കിയത് വച്ചു അനു തന്റെ കാര്യത്തിൽ വളരെ സ്വാർത്ഥയായിരുന്നു.... ഇപ്പോഴും തന്നോട് അവൾക്ക് അടങ്ങാത്ത പ്രണയമുണ്ട്.... ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചപ്പോൾ...

സ്വന്തം കുഞ്ഞിനെ കൊന്നവൾ എന്ന പഴി അത്രത്തോളം സ്നേഹിച്ച തന്റെ നാവിൽ നിന്ന് കേട്ടപ്പോൾ..... എനിക്കറിയില്ല ഭ്രാന്ത്‌ പിടിക്കാതെ ഒരിക്കൽ പോലും ആത്മഹത്യയെപ്പറ്റി ചിന്തിക്കാതെ ആ കുട്ടി എങ്ങനെ മുൻപോട്ട് പോയെന്ന്.... അനുവിനെ ഞാൻ ആദ്യമായി കാണുമ്പോഴുള്ള ആ കുട്ടിയുടെ അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റുന്നതായിരുന്നില്ല.... അത്രത്തോളം ഉൾവലിഞ്ഞു.... ഈ ലോകത്തുള്ള മറ്റൊന്നിനോടും ബന്ധമില്ലാതെ....."" നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു മഹിയെ നോക്കിയപ്പോൾ അവനും കണ്ണുകൾ അടച്ചു ഇരിക്കുകയായിരുന്നു.. ""മരവിപ്പായിരുന്നു ലക്ഷ്മി.... തനിക്ക് പറഞ്ഞാൽ മനസ്സിലാകില്ല.... പ്രത്യേകം ശ്രദ്ധിക്കണം എന്ന് ഡോക്ടർ എടുത്തു പറഞ്ഞതാണ്....

ലീവ് എടുക്കാൻ പിന്നാലെ നടന്നു പറഞ്ഞതല്ലേ ഞാൻ.... അപ്പോൾ ഞാൻ അടുത്തില്ലാതെ ആഹാരം പോലും കഴിക്കില്ല... ഓഫീസിൽ വരണമെന്ന് വാശി..... എന്തിനായിരുന്നു.... അത്രയും പോലും വിശ്വാസം ഇല്ലേ അവൾക്കെന്നെ.... ഞാൻ ഇട്ടിട്ട് പോകുമെന്ന് വിചാരിച്ചാണോ കൂടെ ജീവിക്കുന്നത്.... അവളോട്‌ ഒരിക്കലെങ്കിലും ഇഷ്ടക്കേട് കാട്ടിയിട്ടുണ്ടോ ഞാൻ..... എന്റെ കുഞ്ഞ്.... എന്റെ കുഞ്ഞ് പോയ അന്നും വാശി അല്ലായിരുന്നോ അവൾക്ക് വലുത്...."" മഹി വല്ലാതെ കിതച്ചിരുന്നു പറയുമ്പോൾ.... തലയ്ക്കു കൈ കൊടുത്തു ടേബിളിലേക്ക് ചാഞ്ഞു കിടക്കുന്നവന്റെ കൈയിൽ പതിയെ തട്ടിക്കൊടുത്തു ലച്ചു... ""ഹേയ്..... റിലാക്സ്...... റിലാക്സ്.....""

""ചിലർ അങ്ങനെയാടോ.... കാത്തു കാത്തിരുന്നു ഒരു കളിപ്പാട്ടം കിട്ടുമ്പോൾ അത് പിന്നെ ആർക്കും കൊടുക്കില്ല.... ഒളിപ്പിച്ചു വയ്ക്കാൻ തോന്നും... ആരെങ്കിലും അതെടുക്കുമ്പോൾ ദേഷ്യം വരും..."" മഹിയൊന്ന് ഓക്കേ ആയെന്നു കണ്ടതും അല്പം മുൻപ് കൊണ്ട് വച്ച കോഫി കപ്പ് അവന് നേരെ നീട്ടി ലച്ചു. ""എനിക്ക് മനസ്സിലാകും മഹിയെ.... ആ സമയത്തു അനുഭവിച്ച മാനസിക ബുദ്ധിമുട്ടും... തന്റെ നന്ദുവിനും അറിയാം അവൾക്ക് സംഭവിച്ച തെറ്റുകൾ... എന്നോട് എല്ലാം തുറന്നു പറയുമ്പോഴും ഇന്ന് ഈ നിമിഷം വരെ മഹിയെ കുറ്റം പറഞ്ഞിട്ടില്ല അവൾ.... വല്ലാത്തൊരു ഭ്രാന്ത്‌ നിറഞ്ഞ ഇഷ്ടമാണ് തന്നോട്... മഹിക്ക് അറിയാത്ത....

അല്ലെങ്കിൽ ഇനിയും നന്ദു തുറന്നു പറഞ്ഞിട്ടില്ലാത്ത ഒരു ഭൂതകാലം ആ കുട്ടിക്ക് ഉണ്ട്. ഒരുപക്ഷേ മഹിയോടുള്ള പെരുമാറ്റം തന്നെ അതിന്റെ പ്രേരണയാണ്.... അത് പക്ഷേ എന്നിൽ നിന്നല്ല മഹി അറിയേണ്ടത്.. എല്ലാം പറയാനുള്ള അർഹത ഉള്ളവൾ തന്നെ മഹിയോട് എല്ലാം ഒരിക്കൽ പറയും..."" അവന്റെ നെറ്റിയൊന്ന് ചുളിഞ്ഞു.... കൂടുതൽ ചോദിച്ചെങ്കിലും ലച്ചു ഒന്നും പറയാതെ കണ്ണ് ചിമ്മി കാണിച്ചു... ""ഇനിയിപ്പോ മൂന്നാല് ദിവസം കഴിഞ്ഞാൽ ഒന്നിച്ചുള്ള ഹിയറിങ് അല്ലെ.... അപ്പോഴേക്കും കുറച്ചൂടെ ജോലി ബാക്കിയുണ്ട് എനിക്ക്..."" ""അതേ ഞാനിറങ്ങട്ടെ.... സമയം ആറാകുന്നു.... ഇവിടെ അടുത്തുള്ള ഹൈപ്പർ മാർട്ടിൽ കൂടി കയറിയിട്ട് വേണം വീട്ടിൽ പോകാൻ....

എപ്പോൾ വേണമെങ്കിലും വിളിക്കാൻ പറഞ്ഞാൽ മഹി വിളിക്കില്ല എന്നറിയാം. ഞാൻ അങ്ങോട്ട് വിളിക്കുമ്പോൾ ഫോൺ എടുത്താൽ മതി.... ആവശ്യം എന്റെ ആണല്ലോ... ഒരു വാശിക്കാരിയായ കൊച്ചു കുരുവി കുഞ്ഞിനെ ആകാശം കാണാൻ പഠിപ്പിച്ചു എടുക്കണം...."" ഒരു കണ്ണൊന്നിറുക്കി ചിരിയോടെ പറഞ്ഞു പോകുന്നവളെ നോക്കി ഇരുന്നു മഹീ. മനസ്സ് അപ്പോഴും അവൾ പറഞ്ഞ വാക്കുകളുടെ പൊരുൾ തേടുകയായിരുന്നു.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 അച്ചു ക്ലോക്കിലേക്ക് ദേഷ്യത്തോടെ നോക്കിയിരുന്നു....

സമയം ആറു കഴിഞ്ഞു... ദേഹമൊക്കെ തളർന്നു തുടങ്ങി... ഇത്രയും നേരവും വെള്ളം കൊണ്ട് പിടിച്ചു നിന്നു... ഇനിയത് പറ്റുമെന്ന് തോന്നുന്നില്ല... പ്രിയ രാവിലെയും ഉച്ചയ്ക്കും അവർ ഉണ്ടാക്കിയത് കഴിക്കാൻ വേണ്ടി ഇന്ന് ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല... ദേഷ്യവും വിശപ്പും എല്ലാം ശരീരത്തെ കീഴ്‌പ്പെടുത്തി തുടങ്ങി.... ഇനിയും പിടിച്ചു നിൽക്കാനുള്ള ആരോഗ്യം ഇല്ലാത്തതിനാൽ മുറിക്ക് പുറത്തേക്ക് നടന്നു.. പ്രിയ ടീവിയിൽ എന്തോ കാണുന്നുണ്ട്... തന്നെ കണ്ടതും വെപ്രാളം കേറിയത് പോലെ ഇരുന്നിടത്തിരുന്നു പരുങ്ങുന്നു....

തല താഴ്ത്തി ഇരിക്കുന്ന അവളെ ദേഷ്യത്തിൽ ഒന്ന് നോക്കി അടുക്കളയിലേക്ക് നടന്നു.. ഈ അമ്മ ഇതെവിടെ പോയി കിടക്കുന്നോ എന്തോ... പറഞ്ഞത് പോലെ പതിനൊന്നരയ്ക്ക് തന്നെ വന്നെങ്കിലും അടുക്കളയിലേക്ക് ഒന്നെത്തി പോലും നോക്കാതെ കഴിച്ചിട്ട് ഇറങ്ങി... എന്തൊക്കെയോ തയ്ച്ചു തീരാൻ ഉണ്ടത്രേ.... ഉച്ച കഴിഞ്ഞു വന്നപ്പോഴും പാലും കറന്നു അന്നേരം തന്നെ തിരിച്ചു പോയി... കാസറോളിൽ ചുട്ട് വച്ചിരിക്കുന്ന അപ്പം കണ്ടു.... പക്ഷേ എടുക്കാനൊരു മടി... ഫ്രിഡ്ജ് തുറക്കാൻ നോക്കിയപ്പോൾ ഇന്നലത്തെ പോലെ തന്നെ അത് പൂട്ടി വച്ചിരിക്കുന്നു.... വേറെയൊന്നും കാണുന്നില്ല കഴിക്കാൻ വേണ്ടി.. ദേഷ്യത്തോടെ മുഷ്ടി ഒന്ന് ചുരുട്ടി.... വിശപ്പ് സഹിക്കാൻ വയ്യാ....

ഇനിയും നിന്നാൽ ഒരുപക്ഷേ... കണ്ണടച്ചു ശ്വാസമൊന്ന് വലിച്ചെടുത്തു.... പാത്രത്തിന്റെ മൂടി തുറന്നു അപ്പം പ്ളേറ്റിലേക്ക് വിളമ്പുമ്പോൾ കൈ വിറയ്ക്കുന്നുണ്ടായിരുന്നു... ആർത്തിയോടെ ഓരോന്നായി മുറിച്ചെടുത്തു കറിയിൽ മുക്കി കഴിക്കുമ്പോൾ മറ്റൊന്നും മനസ്സിലേക്ക് വന്നില്ല... പാത്രത്തിൽ നിന്നും മുഖമുയർത്താതെ മൂന്ന് അപ്പവും കഴിച്ചു തീർത്തു.... പാത്രം കഴുകി വച്ചു തിരിഞ്ഞപ്പോഴാണ് വാതിലിൽ കൈ കെട്ടി നിൽക്കുന്ന നന്ദുവിനെ കാണുന്നത്. ആദ്യമായി അവളുടെ മുഖത്ത് പുച്ഛം നിറഞ്ഞ ചിരി കണ്ടിട്ടും അവളെ നോക്കാനുള്ള കരുത്തില്ലാതെ തല കുനിച്ചു നിന്നു.....

എന്ത് പറയാനാണ്... തികട്ടി വന്ന ദേഷ്യം മുഷ്ടി ചുരുട്ടി തീർക്കുമ്പോഴും നന്ദു പോകാതെ അവിടെ തന്നെ നിൽക്കുന്നത് അറിഞ്ഞിരുന്നു... ""പേടിക്കണ്ട... കഴിക്കാൻ തന്നതിനൊന്നും കണക്ക് പറയില്ല...."" പുച്ഛത്തോടെ പറഞ്ഞിട്ട് പോകുന്നവളെ നോക്കി മറുപടി ഇല്ലാതെ തറഞ്ഞു നിന്ന് പോയി... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""എന്റെ പെണ്ണെ... ഞാൻ ദേ ഇറങ്ങി... ബില്ലടിക്കാൻ എന്തൊരു വലിയ ക്യു ആയിരുന്നു...."" ""ചെറിയ കുട്ടിയൊന്നും അല്ലല്ലോ എന്റെ അനൂ ഞാൻ..."" ""പരിചയം ഇല്ലാത്ത നാടല്ലേ ലച്ചു...." പരിഭവം നിറഞ്ഞ സ്വരം കേട്ടു... ""ഇങ്ങനെയൊക്കെയല്ലേ പരിചയം ആകുന്നത്.... ഞാനിപ്പോ ഓട്ടോ സ്റ്റാൻഡ് ലേക്ക് നടക്കുവാ... പെട്ടെന്ന് വരാം... ബൈ...""

കാൾ കട്ട്‌ ചെയ്തു ഫോൺ ബാഗിലേക്ക് ഇടുമ്പോൾ ലച്ചുവിന് ചിരി പൊട്ടുന്നുണ്ടായിരുന്നു.... നേരം ഇരുട്ടിയതിന്റെ ആധിയാണ് പെണ്ണിന്... പുറത്തു പോകുന്നുണ്ട് എന്ന് അറിഞ്ഞപ്പോഴേ കൂടെ വരാൻ ഒരുങ്ങി ഇരുന്നതാണ്... മഹിയെ കാണേണ്ടതുകൊണ്ട് ഒരു നൂറു കള്ളം പറഞ്ഞിട്ടാണ് ഒടുവിൽ ഒറ്റയ്ക്കു ഇറങ്ങാൻ പറ്റിയത്... ഓട്ടോ സ്റ്റാൻഡിലേക്ക് കവറും തൂക്കി നടക്കുന്നതിന്റെ ഇടയ്ക്ക് കണ്ടു ചെക്കിങ്ങിനു വേണ്ടി ജീപ്പിൽ ഇരിക്കുന്നവനെ... ഒറ്റ നിമിഷം കൊണ്ട് മുഖം ഇരുണ്ടു....

""നാശം... ഇനിയിപ്പോ ഇതിന്റെ മുൻപിൽ കൂടി പോകണമല്ലോ..."" അവന് മനസ്സിലാക്കാതെ ഇരിക്കാൻ കഴുത്തിലെ സ്കാർഫ് എടുത്തു തലയിൽ കൂടി ഇട്ട് മുഖം കുനിച്ചു നടക്കാൻ നോക്കി.... സംസാരിക്കാൻ നിന്നാൽ വഴക്കിലേ അവസാനിക്കൂ എന്ന് ഉറപ്പായിരുന്നു... മുഖത്തിന്റെ പകുതി വരെ സ്കാർഫ് ഉപയോഗിച്ച് മൂടി തല കുനിച്ചു വരുന്നവളെ നൊക്കെ ദ്രുവിക്കിന്റെ നെറ്റി ഒന്ന് ചുളിഞ്ഞു.... ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയപ്പോഴാണ് ലക്ഷ്മി എന്നെഴുതിയ ലോക്കറ്റുള്ള ചെയ്ൻ കാണുന്നത്....

ആളെ മനസ്സിലായ സന്തോഷത്തിൽ അവനൊന്നു ഊറി ചിരിച്ചു... ""ഡോ സന്തോഷേ.... ഈയിടെയായി കൈനോട്ടക്കാർക്കും ജ്യോത്സ്യകൾക്കുമൊക്കെ ഭയങ്കര ഡിമാൻഡ് ആണല്ലേ...."" അവൾ കടന്നു പോയതും ജീപ്പിന്റെ ഉള്ളിലേക്ക് നോക്കി ഉറക്കെ വിളിച്ചു ചോദിച്ചു.... ചിരിയോടെ തിരിഞ്ഞപ്പോഴാണ് ഇടുപ്പിൽ രണ്ടു കൈയും കുത്തി രൂക്ഷമായി നോക്കുന്ന ലച്ചുവിനെ കാണുന്നത്.........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story