അനന്തിക: ഭാഗം 27

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

ഐഡി കാർഡ് പഞ്ച് ചെയ്തു തിരികെ നടക്കുന്നതിനിടയ്ക്കാണ് പടികൾ കയറി വരുന്ന ആളിൽ കണ്ണുടക്കിയത്... അവിടെ തന്നെ തറഞ്ഞു നിന്നു.... ഇമ ചിമ്മാൻ പോലും മടിച്ചുകൊണ്ട്... ശ്വാസം നെഞ്ചിൽ തന്നെ തടഞ്ഞു നിൽക്കുന്നു.... ""മഹിയേട്ടൻ......"" വിറയ്ക്കുന്ന ശബ്ദത്തോടെ പതിയെ പറഞ്ഞു... എന്ത് ചെയ്യുമെന്നറിയാതെ അവനിലേക്ക് തന്നെ മിഴിയുറപ്പിച്ചു ചലിക്കാതെ നിന്നു... ഇതുവരെ തന്നെ കണ്ടിട്ടില്ല.. എങ്ങനെയാകും കാണുമ്പോൾ പ്രതികരിക്കുക.... അറപ്പോടെ മുഖം തിരിക്കുമോ.... അതോ... ചോദ്യങ്ങൾ അനവധി സ്വയം ചോദിച്ചുകൊണ്ടിരുന്നു... കോടതി വരാന്തയിൽ നിന്ന് വെറുപ്പോടെ തന്നെ നോക്കി അകന്ന് പോയ രൂപമാണ് ഉള്ളിൽ നിറഞ്ഞു നിന്നത്..

നേരെ മുൻപിൽ വന്നു നിന്നിട്ടാണ് മഹി അവളെ കാണുന്നത്..... പ്രതീക്ഷിക്കാതെ കണ്ടതിന്റെ ഒരു ഞെട്ടൽ ആ മുഖത്ത് നിറയുന്നത് കണ്ടു.. അവന്റെ ഭാവങ്ങൾ ഓരോന്നായി ഒപ്പിയെടുക്കുകയായിരുന്നു നന്ദു.... തനിക്കായി ഒരു ചെറിയ പുഞ്ചിരി എങ്കിലും ആ മുഖത്ത് വിരിയുന്നുണ്ടോ എന്ന് വെറുതെ തിരഞ്ഞു... ആദ്യത്തെ ഞെട്ടലിന് ശേഷം ആ മിഴികളിലെ ഭാവം ശൂന്യമാകുന്നതും അപരിചിത്വത്തോടെ തന്നെ കടന്നു അകത്തേക്ക് കയറുന്നതും നോക്കി നിൽക്കെ നെഞ്ചിലാകേ ഒരു നോവ് പടരും പോലെ.... എത്രയൊക്കെ തടുത്തു നിർത്താൻ ശ്രമിച്ചിട്ടും മിഴികൾ ചതിച്ചിരുന്നു.... കൈയിലിരുന്ന ഫോൺ മെസ്സേജ് വന്നിട്ട് ഒന്ന് വിറച്ചപ്പോളാണ് ഞെട്ടി കണ്ണ് തുടയ്ക്കുന്നത്...

ചുറ്റുമുള്ള പലരും ഇപ്പോഴും തുറിച്ചു നോക്കുന്നു... ലച്ചുവിന്റെ മെസ്സേജ് ആണ്... ഓൾ ദി ബെസ്റ്റ് അയച്ചിരിക്കുന്നു.... എന്തോ അത് കണ്ടപ്പോൾ ചെറിയൊരു ആശ്വാസം തോന്നുന്നു.... മഹി തലയ്ക്കു കൈ കൊടുത്തു മേശയിലേക്ക് ചാഞ്ഞിരുന്നു.... തീരെ പ്രതീക്ഷിച്ചില്ല ഇന്നവൾ ഇവിടെ ഉണ്ടാകുമെന്ന്... മനസ്സുകൊണ്ട് നേരിടാൻ സജ്ജമായിരുന്നില്ല.... ഇപ്പോഴും ഇന്നലെ ലക്ഷ്മി പറഞ്ഞ കാര്യങ്ങളൊക്കെക്കൂടി വരിഞ്ഞു മുറുക്കി വീർപ്പു മുട്ടിക്കുന്നുണ്ട്... തനിക്ക് അറിയാത്ത പലതും ഇനിയും അവളിൽ അവശേഷിക്കുന്നുണ്ടോ.... എന്തേ പറഞ്ഞില്ല തന്നോട്.... കൂടെയുണ്ടായിരുന്ന നിമിഷങ്ങളിൽ ഒരായിരം വട്ടം അവളെ അറിയാൻ ശ്രമിച്ചതല്ലേ.... ചോദിച്ചതല്ലേ ഓരോന്നും... എന്തേ പറഞ്ഞില്ല.....

വിശ്വാസം ഇല്ലാഞ്ഞിട്ടാണോ.... അതോ താൻ ആരും അല്ലാഞ്ഞിട്ടോ..... വണ്ട് മൂളുന്നത് പോലെ ചോദ്യങ്ങൾ തലയ്ക്കുള്ളിൽ നിറഞ്ഞപ്പോൾ രണ്ടു കൈകൾ കൊണ്ടും മുടിയിലൊന്ന് അമർത്തി കൊരുത്തു വലിച്ചു... നേരെ എതിർവശത്തായുള്ള സീറ്റിൽ നന്ദു വന്നിരിക്കുന്നത് അറിഞ്ഞിട്ടും നോക്കിയില്ല.... ലാപ്ടോപ്പിലേക്കും ഫയലുകളിലേക്കും മുഖം പൂഴ്ത്തുമ്പോൾ ചുറ്റുമുള്ളവരൊക്കെ രണ്ടു പേരെയും ഒളിക്കണ്ണിട്ട് നോക്കുന്നത് അറിയുന്നുണ്ടായിരുന്നു... ഇത്രയും നാളും അവൾ നോക്കേണ്ടിയിരുന്ന ചില പരസ്യങ്ങൾ ഒക്കെ താനായിരുന്നു കൈകാര്യം ചെയ്തത്.... ഇനി അതെല്ലാം തിരികെ ഏൽപ്പിച്ചേ മതിയാകൂ.... മഹിയൊന്ന് കണ്ണടച്ചു സീറ്റിലേക്ക് ഇരുന്നു....

മടിച്ചു നിന്നിട്ടോ ഒഴിഞ്ഞു മാറിയിട്ടോ കാര്യമില്ല.... തന്റെ ജോലിയാണ് ഇത്... ചെയ്തേ മതിയാകൂ.... ഇവിടെ അനന്തിക തന്റെ കൊളീഗാണ്.... അവളോട് സംസാരിച്ചാൽ മാത്രമേ ജോലി മുന്നോട്ട് പോകൂ..... സ്വയം മനസ്സിനെ പറഞ്ഞു പാകപ്പെടുത്തി.... കഴിഞ്ഞ രണ്ടു മാസമായി അധികമായി ചെയ്തതൊക്കെ പെൻഡ്രൈവിലേക്ക് കോപ്പി ചെയ്തു.... ""അനന്തിക..."" തൊട്ടരികിൽ മഹിയുടെ ശബ്ദം കേട്ടതും ഞെട്ടലോടെ മുഖം ഉയർത്തി.... ആഴ്ചകൾക്ക് ശേഷമാണ് ആ സ്വരം കേൾക്കുന്നത്.... അവനെന്താ പറയുന്നതെന്ന് പോലും കേൾക്കാതെ ആ മുഖത്തേക്ക് ഉറ്റു നോക്കി ഇരുന്നു.... ""താൻ ചെയ്യേണ്ടിയിരുന്ന പ്രൊജക്റ്റ്‌സ് ആണ്.... ഡീറ്റെയിൽസ് ഒക്കെ ഇതിലുണ്ട്... സംശയം ഉണ്ടെങ്കിൽ ചോദിച്ചാൽ മതി....

"" പെൻഡ്രൈവ് ടേബിളിലേക്ക് വച്ചു പറയുമ്പോഴും അവനിലെ ഗൗരവത്തിന് മാറ്റം ഒന്നും ഉണ്ടായിരുന്നില്ല... ചെറുതായി കണ്ണ് മിഴിച്ചു തന്നെ നോക്കിയിരിക്കുന്ന നന്ദുവിനു ആദ്യം കണ്ടതിൽ നിന്നും മാറ്റങ്ങളൊന്നും വന്നിട്ടില്ല എന്ന് തോന്നി മഹിക്ക്.... ആദ്യമായി കണ്ട ദിവസം അവൾ ഇങ്ങനെ ആയിരുന്നു.... അതിശയത്തോടെ കണ്ണ് മിഴിച്ചു നോക്കിക്കൊണ്ട്.... അന്ന് കോടതി വരാന്തയിൽ നിന്നപ്പോഴായിരുന്നു അവൾക്ക് മാറ്റം വന്നത്... കണ്ണുകൾ കുഴിഞ്ഞൊരു രൂപം.... ഓർക്കാനിഷ്ടപ്പെടാത്ത ഓർമ്മകൾ എന്നത് പോലെ അവനൊന്നു തല കുടഞ്ഞു... തിരികെ സീറ്റിലേക്ക് നടക്കുമ്പോഴും അവളുടെ മിഴികൾ അവനിൽ തന്നെ കൊരുത്തിട്ടിരുന്നു... അനന്തിക.......

ആ ശബ്ദം ഒരോ തവണയും തന്നെ ശ്വാസം മുട്ടിക്കുന്നു..... വീണ്ടും ഒരിക്കൽ കൂടി അവനിൽ നിന്നും നന്ദു എന്ന് കേൾക്കാൻ കൊതി തോന്നുന്നുണ്ട്.... അത്രമേൽ പ്രിയപ്പെട്ടത്.... അവന് മാത്രം അവകാശപ്പെട്ടത്.... ഇനിയും എത്ര നാൾ..... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 വൈകുന്നേരം വീട്ടിൽ എത്തിയപ്പോഴേ കണ്ടത് മുറ്റമടിക്കുന്ന പ്രിയയെയാണ്.... അങ്ങനെയൊരു കാഴ്ച പതിവില്ലാത്തതുകൊണ്ട് ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറി... ലച്ചുവിനെ തിരക്കി മുറിയിൽ ചെന്നപ്പോൾ ആള് നല്ല ഉറക്കമാണ്.... ഉണർത്താതെ ഇരിക്കാൻ വേണ്ടി ശ്രദ്ധിച്ചാണ് ബാഗ് വച്ചതെങ്കിലും അപ്പോഴേക്കും ആള് ഉണർന്നിരുന്നു... ""ആഹാ വന്നോ....സോറി ഞാനൊന്ന് മയങ്ങിപോയി..... പപ്പേം മമ്മേം വിളിക്കുവായിരുന്നു....

രണ്ടാളുടേം പരാതി ഒക്കെ സോൾവ് ആക്കി കിടന്നപ്പോഴേക്കും ഉറങ്ങി പോയി...."" മൂരി നിവർന്ന് പറയുന്നവളെ നോക്കി സാരമില്ലെന്ന ഭാവത്തിൽ കണ്ണ് ചിമ്മി ചിരിച്ചു..... ""എങ്ങനെ ഉണ്ടായിരുന്നു ഓഫീസ്...."" മഹിയേട്ടന്റെ മുഖമാണ് ഓർമ്മ വന്നത്.... അതുവരെ ഉണ്ടായിരുന്ന പുഞ്ചിരി മാഞ്ഞിരുന്നു.... ""മ... മഹിയേട്ടന് ഞാൻ ചെന്നത് ഇഷ്ടായില്ല...."" മുഖം കുനിച്ചു പരാതി പറയുന്നവളെ നോക്കി താടിയ്ക്ക് കൈ വച്ചു ലച്ചു.... ""അതെന്താ മഹിത്തിന്റെ ആണോ ഓഫീസ്...."" നന്ദു അവളെയൊന്ന് പിണക്കത്തോടെ കൂർപ്പിച്ചു നോക്കിയതും പൊട്ടിച്ചിരിച്ചുകൊണ്ട് അവളെ ചേർത്ത് പിടിച്ചിരുന്നു ലച്ചു... ""എന്റെ പെണ്ണെ സമയം ഇങ്ങനെ കിടക്കുവല്ലേ.... ""

ഒരു കണ്ണിറുക്കി പറഞ്ഞതും ആ മുഖവും ഇത്തിരി തെളിഞ്ഞിട്ടുണ്ട്... വൈകുന്നേരത്തേ ഭക്ഷണം ഉണ്ടാക്കാനും വിളമ്പാനുമൊക്കെ പ്രിയയും കൂടിയിരുന്നു... മനസ്സില്ലാ മനസ്സോടെ ആണെങ്കിലും ഇടയ്ക്ക് അച്ചുവും വന്നു നോക്കി.... നന്ദുവിനോടും ലച്ചുവിനോടും സംസാരിച്ചിരിക്കുന്ന പ്രിയയെ അവളൊന്ന് ദേഷ്യത്തിൽ നോക്കും..... പിന്നെ പറഞ്ഞിട്ടും കാര്യം ഉണ്ടാകില്ല എന്ന് അറിയുന്നതുകൊണ്ട് ദഹിപ്പിച്ചുള്ള ഒരു നോട്ടം മാത്രമേ നൽകാറുള്ളൂ... ഓഫീസിൽ പോയതിനാൽ നല്ല ക്ഷീണം ഉണ്ടായിരുന്നു നന്ദുവിനു.... മാസങ്ങൾക്ക് ശേഷം പോകുന്നതുകൊണ്ട് ചെറിയ തലവേദനയും... കഴിച്ചു കഴിഞ്ഞതും ഉറങ്ങാനായി പോയി കിടന്നു.... ലച്ചു പിന്നെയും കുറച്ചുകൂടി കഴിഞ്ഞിട്ടാണ് വന്നത്...

ദ്രുവിക്കിനെ വഴിയിൽ വച്ചു കണ്ട കാര്യം അപ്പോഴാണ് ഓർത്തത്... മറന്നത് പോലെ തലയ്ക്കിട്ട് ഒന്ന് ചെറുതായി കൊട്ടി... ""ആഹ് പിന്നെ.... നമ്മളന്നു സ്റ്റേഷനിൽ വച്ചു കണ്ടില്ലേ എസ്. ഐ.... ആളെ ഞാനിന്ന് കണ്ടിരുന്നു.... നിന്റെ കാര്യം ചോദിച്ചു... എവിടെയാന്ന്.... നിങ്ങള് തമ്മിൽ അറിയുവോ...."" ചോദിച്ചു തീർന്നതും ലച്ചുവിന്റെ മുഖം ഇരുണ്ടു.... ""പിന്നെ അവനെയൊക്കെ അറിയാൻ വേറെ പണിയില്ലേ എനിക്ക്... നീയ് മിണ്ടാതെ കിടന്നു ഉറങ്ങിക്കെ അനൂ...."" മുഖം വീർപ്പിച്ചു അങ്ങേ വശത്തേക്ക് തിരിഞ്ഞു കിടക്കുന്നവളെ നോക്കി കഥയറിയാതെ പകച്ചു നിന്നു നന്ദു.. ലച്ചു അപ്പോഴും പല്ല് ഞെരിച്ചുകൊണ്ട് കഴിഞ്ഞു പോയ ഓർമ്മകളിലായിരുന്നു... ദ്രുവിക്കിനെ ആദ്യമായി കണ്ട ദിവസം... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

പൂജാമുറിയിൽ നിന്ന് കണ്ണടച്ച് പ്രാർത്ഥിച്ചു ലച്ചു... ഇന്നാണ് ആദ്യമായി പ്രാക്ടീസിനു ജോയിൻ ചെയ്യുന്നത്... ഡോക്ടർ സഞ്ജീവിന്റെ അസിസ്റ്റന്റ് ആയിട്ട്... എല്ലാം പഠിച്ചെടുത്തിട്ട് വേണം സ്വന്തമായി ഒരു കൗൺസിലിംഗ് ക്ലിനിക്ക് തുടങ്ങാൻ... സിറ്റിയിലെ ഏറ്റവും പ്രശസ്തനായ സൈക്കോളജിസ്റ്റ് ആണ് ആള്.... വല്ലാത്തൊരു പോസിറ്റീവ് എനർജി ഉണ്ട് ഒരോ വാക്കുകളിലും.... ""ഭഗവാനേ.... കാത്തോളണേ...."" ഹോസ്പിറ്റലിന്റെ പടി കയറി ഡോക്ടറുടെ ക്യാബിനിലേക്ക് നടക്കുമ്പോൾ വെറുതെ ഒന്ന് പ്രാർത്ഥിച്ചു... വാതിലിൽ മുട്ടി അനുവാദം വാങ്ങി അകത്തേക്ക് കയറി... ""ആഹാ... കറക്റ്റ് സമയത്തു തന്നെയാണല്ലോ വരവ്.... അതെനിക്ക് ഇഷ്ടായി... എന്നും ഈ കൃത്യനിഷ്ഠ വേണം....

""ചിരിയോടെ പറഞ്ഞ ആൾക്ക് മുന്നിൽ തലയാട്ടി സമ്മതം പറഞ്ഞു... ഹോസ്പിറ്റലിന്റെ ഒരോ രീതികളെ പറ്റിയും രോഗികളോട് ഇടപെടേണ്ട വിധവുമൊക്കെ പറഞ്ഞു തന്നു... ""അപ്പോ ഇനി ഐശ്വര്യമായിട്ട് തുടങ്ങിക്കോ.... ആദ്യത്തെ കേസ് അങ്ങോട്ട്‌ തരാം..."" ഡോക്ടർ പറയുമ്പോൾ വല്ലാത്ത ആവേശം ഉണ്ടായിരുന്നു... കൈയിലുള്ള ഫയൽ ഒന്നുകൂടി തുറന്നു നോക്കി.... ദ്രുവ് നാഥ്‌ .... സൂയിസൈഡ് അറ്റെംപ്റ്റ്..... കാരണം ലവ് failure.... CU വാർഡിലെ നാലാമത്തെ ബെഡ്.... മനസ്സിൽ പറഞ്ഞു പഠിപ്പിച്ചുകൊണ്ട് അകത്തേക്ക് കയറി... ഫയൽ അടച്ചു കൈയിൽ പിടിച്ചു ഫയലിൽ നോക്കി ചോദിച്ചു കഴിഞ്ഞാൽ ഒന്നും അറിയാതെ വന്നു ചോദിക്കുവാ എന്ന് വിചാരിച്ചാലോ....

ആദ്യത്തെ ദിവസമല്ലേ എല്ലാവരെയും ഒന്ന് ഞെട്ടിച്ചേക്കാം... ആൾറെഡി ഡോക്ടർ രണ്ടു കൗൺസിലിംഗ് കൊടുത്തതുകൊണ്ട് ആള് ഏകദേശം ഓക്കേ ആണെന്ന് പറഞ്ഞിരുന്നു.... അതുകൊണ്ട് വലിയ പേടി ഇല്ല.... ചെറിയ രീതിയിൽ ഒന്ന് സംസാരിച്ചാൽ മതി... കണ്ണടച്ച് ദീർഘമായി ശ്വാസം എടുത്തു.... ഒരു ചിരിയോടെ അകത്തേക്ക് കയറി... പല മുഖങ്ങളും ഇങ്ങോട്ട് നോക്കി കിടക്കുന്നുണ്ട്....എല്ലാവരെയും നോക്കിയൊന്ന് ചിരിച്ചു.... നാലാമത്തെ ബെഡിൽ ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നുണ്ട്.... ഇടത് കൈയിലായി മുറിവ് വച്ചു കെട്ടിയ പാട്.... ഫോണിൽ നോക്കി എന്തൊക്കെയോ ടൈപ്പ് ചെയ്തു ഇരിക്കുകയാണ്... ""മ്മ്ഹ്ഹ്ഹ്..."". ഒന്ന് മുരടനക്കിയപ്പോൾ ആള് ഫോൺ മാറ്റി നേരെ നോക്കി...

""ഹെലോ...."" ചിരിയോടെ പറഞ്ഞതും തിരിച്ചും അതേ പുഞ്ചിരി കിട്ടി.... ""എത്ര ദിവസമായി...."" അവന്റെ കൈയിലെ മുറിവിലേക്ക് നോക്കി പതിയെ ചോദിച്ചു.... ""ഒരാഴ്ച ആയിട്ടുണ്ടാകും..."" സംശയത്തോടെ അവളെയൊന്ന് നോക്കി അവൻ... ""ഓഹ്....ആം ലക്ഷ്മി..."". അവന് നേരെ കൈ നീട്ടിയപ്പോൾ ആ മുഖത്ത് അതിശയം നിറഞ്ഞു... ""ദ്രുവിക്..... ""തിരികെയുള്ള മറുപടി കേട്ടപ്പോൾ ഒന്ന് നെറ്റി ചുളിഞ്ഞെങ്കിലും പേര് എഴുതിയതിലെ മിസ്റ്റേക്ക് ആകുമോ എന്ന് ഒരുവേള സംശയിച്ചു... ""ദ്രുവിക്കിന് ഏറ്റവും ഇഷ്ടം ആരെയാ....."" കുറച്ചു നേരം കാര്യം മനസ്സിലാകാതെ അവളെ നോക്കിയെങ്കിലും പിന്നെ പതിയെ പറഞ്ഞു..."" അമ്മയെ...""

""ആഹാ.... എന്നിട്ടാണോ ഇങ്ങനെയൊക്കെ കാട്ടിയെ... അമ്മയ്ക്ക് എന്ത് സങ്കടം വരും... ഹ്മ്മ്...."" ""ഹാ അതൊക്കെ പോട്ടേ..... ദ്രുവിക്ക് എപ്പോഴെങ്കിലും ജീവിതത്തെ പറ്റി ആലോചിച്ചിട്ടുണ്ടോ.... നിങ്ങളൊക്കെ നിസ്സാരമായി കരുതുന്ന ഈ ജീവിതം എത്ര പേര ആഗ്രഹിക്കുന്നത് എന്ന് അറിയാമോ.... പ്രണയം പോയാൽ പിന്നെ ജീവിതം ഇല്ലെന്ന് വിചാരിച്ചു ഇങ്ങനെയൊക്കെ ചെയ്യുവാണോ വേണ്ടത്.... ചിലപ്പോൾ ദൈവം നമുക്കായിട്ട് മറ്റെന്തെങ്കിലും കരുതി വച്ചിട്ടുണ്ടെങ്കിലോ.... ഇനി ഒന്നും ഇല്ലെങ്കിലും ആ ഓർമ്മയിൽ ജീവിക്കുന്ന എത്രയോ പേരില്ലേ....."" അവനവളെ ഒന്നും മനസ്സിലാകാതെ പകച്ചു നോക്കി.... പ്രണയമോ.... തനിക്കോ.... അതും നഷ്ട പ്രണയം...

""ഒരു രഹസ്യം പറഞ്ഞു തരട്ടെ....."" അവന്റെ അടുത്തേക്ക് മുഖം അടുപ്പിച്ചു... ""ഈ ഇരിക്കുന്ന എനിക്ക് തന്നെ എത്ര തേപ്പ് കിട്ടി എന്ന് അറിയുമോ... ഇങ്ങോട്ട് തേച്ചു മടുക്കുമ്പോൾ ഞാൻ അങ്ങോട്ടും കൊടുക്കും.... Take it ഈസി.... ലൈഫ് ഇത്രേം ഒക്കെയല്ല ഉള്ളൂ..."" അവനവളെ മിഴിച്ചു നോക്കി.... ""ഈശ്വരാ..... ഇതിനി സൈക്കാട്രി വാർഡിൽ നിന്നും വല്ലോം വന്നതാണോ...."" ഇത്തിരി അകലമിട്ട് നീങ്ങി ഇരിക്കാൻ ശ്രമിക്കുമ്പോഴേക്ക് ലച്ചു ഒന്നുകൂടി അടുത്തേക്ക് ഇരുന്നു... ""ദാ ഈ മുറിവ് തന്നെ നോക്കിയേ...ഇതിങ്ങനെ മുറിച്ചപ്പോൾ എത്ര വേദന എടുത്തിട്ടുണ്ടാകും.... എനിക്കൊക്കെ ഇൻജെക്ഷൻ എടുക്കാനെ പേടിയാ... അപ്പോഴാ ഒരാള് സ്വന്തം കൈ കൊണ്ട് ഇങ്ങനെ മുറിച്ചു വയ്ക്കുന്നത്...

"" ലച്ചു വിടാനുള്ള ഭാവമില്ലാത്തത് പോലെ അവന്റെ കൈ പിടിച്ചു തുന്നിക്കെട്ടിയ മുറിവിന്റെ കെട്ടിന് മുകളിലൂടെ വിരൽ ഓടിച്ചു... ദ്രുവിക് അവളെയും തന്റെ കൈയെയും മാറി മാറി നോക്കുകയായിരുന്നു... കഴിഞ്ഞ ആഴ്ച ഒരു പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന്റെ അടിപിടിയുടെ ഇടയിൽ ഉണ്ടായ മുറിവിലേക്കും.... ലച്ചുവിനെയും അവൻ വാ തുറന്നു നോക്കി.... അവളപ്പോഴും ജീവിക്കാനുള്ള പുതിയ വഴികളെ പറ്റി അവന് നിർത്താതെ ക്ലാസ്സ്‌ എടുത്തു കൊടുത്തുകൊണ്ടിരുന്നു...

""ആദ്യം തന്റെ ഈ നിരാശ കാമുകൻ ലുക്ക്‌ ഒക്കെ ഒന്ന് മാറ്റിയെ... ഒന്ന് കുളിച്ചു കുട്ടപ്പൻ ആയിട്ട് വന്നാൽ എന്തൊരു ഗ്ലാമർ ആയിരിക്കും.... ഇതിപ്പോ ഒരുമാതിരി കഞ്ചാവടിച്ചത് പോലുള്ള ഇരിപ്പ്.... ഇനിയിപ്പോ ഈ ലുക്ക്‌ കണ്ടാൽ ഞാൻ വരെ വെറുതെ ഒന്ന് തേക്കും...."" കഴിഞ്ഞ ആഴ്ച കൂടി വെട്ടി ഒതുക്കിയ മുടിയിലേക്കും.... ദിവസവും ഷേവ് ചെയ്തു വൃത്തിയാക്കുന്ന താടിയിലും അവനൊന്നു ദയനീയമായി വിരലോടിച്ചു......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story