അനന്തിക: ഭാഗം 28

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

""ആദ്യം തന്റെ ഈ നിരാശ കാമുകൻ ലുക്ക്‌ ഒക്കെ ഒന്ന് മാറ്റിയെ... ഒന്ന് കുളിച്ചു കുട്ടപ്പൻ ആയിട്ട് വന്നാൽ എന്തൊരു ഗ്ലാമർ ആയിരിക്കും.... ഇതിപ്പോ ഒരുമാതിരി കഞ്ചാവടിച്ചത് പോലുള്ള ഇരിപ്പ്.... ഇനിയിപ്പോ ഈ ലുക്ക്‌ കണ്ടാൽ ഞാൻ വരെ വെറുതെ ഒന്ന് തേക്കും...."" കഴിഞ്ഞ ആഴ്ച കൂടി വെട്ടി ഒതുക്കിയ മുടിയിലേക്കും.... ദിവസവും ഷേവ് ചെയ്തു വൃത്തിയാക്കുന്ന താടിയിലും അവനൊന്നു ദയനീയമായി വിരലോടിച്ചു... ""ഹ്മ്മ്.... എന്താ നോക്കുന്നെ... കാര്യമായിട്ട് പറഞ്ഞതാ.... അടുത്ത തവണ വരുമ്പോഴേക്കും മിടുക്കൻ ആയിരിക്കണം കേട്ടോ...."" ദ്രുവിക്കിന്റെ നോട്ടം വാതിലിന്റെ അടുത്തേക്ക് നീളുന്നത് കണ്ടിട്ടാണ് തിരിഞ്ഞു നോക്കിയത്.

നിറഞ്ഞ ചിരിയോടെ അകത്തേക്ക് വരുന്ന സഞ്ജീവ് ഡോക്ടറേ കണ്ടതും അവന്റെ അടുത്തു നിന്നും എഴുന്നേറ്റു... ദ്രുവിക്കിനെ കണ്ടതും ഡോക്ടർ ഒന്ന് ചിരിച്ചു.... ""ആഹാ ആരാ ഇരിക്കുന്നെ..... രണ്ടു മൂന്നു ദിവസമായല്ലോ കണ്ടിട്ട്.... ദ്രുവ് എവിടെ...."" ഡോക്ടറുടെ ചോദ്യം കേട്ടതും ഞെട്ടലോടെ കൈയിലിരുന്ന ഫയലിലേക്ക് ഒരിക്കൽ കൂടി നോക്കി.... ഇല്ല.... ദ്രുവ് നാഥ്‌ തന്നെ......ദ്രുവ് എവിടെയെന്നല്ലേ ഇപ്പോൾ ഡോക്ടർ ചോദിച്ചത്..... ആള് മാറി പോയെന്ന് മനസ്സിലായതും ദയനീയമായി ഫയലിൽ നിന്നും മുഖമുയർത്തി... അയാളെ നോക്കിയപ്പോൾ ചുണ്ട് കൂട്ടിപ്പിടിച്ചു ചിരി അടക്കുന്നുണ്ട്.... ""ശേ.... നാണം കെട്ടല്ലോ എന്റെ കൃഷ്ണാ.... ""ഫയലൊന്ന് ചെറുതായി തലയിൽ തട്ടി...

""രണ്ടു ദിവസം മാർച്ചും ധർണ്ണയും കാരണം നിന്ന് തിരിയാൻ പറ്റിയിട്ടില്ല.... ഇന്ന് പിന്നെ ലീവ് എടുത്തു ഇങ്ങ് പോന്നു.... അവനും അമ്മയും ക്യാനുല റിമോവ് ചെയ്യാൻ പോയതാ നഴ്സിംഗ് റൂമിൽ.... ഇന്ന് ഉച്ചയ്ക്ക് ഡിസ്ചാർജ് പറഞ്ഞിട്ടുണ്ടല്ലോ...."" ""തനിക്ക് ആളെ മനസ്സിലായോ ലക്ഷ്മി.... ദ്രുവിന്റെ ബ്രദർ ആണ്... പോലീസ് ഡിപ്പാർട്മെന്റിലാ വർക്ക്‌ ചെയ്യുന്നത്... രണ്ടാളെയും എനിക്ക് നേരത്തെ അറിയാം... വേണേൽ അയൽക്കാർ ആയിരുന്നു എന്നും പറയാം...."" ഡോക്ടർ പറഞ്ഞപ്പോൾ ഒന്ന് ചിരിച്ചെന്ന് വരുത്തി..... അപ്പോഴേക്കും ദ്രുവും അമ്മയും അകത്തേക്ക് വന്നിരുന്നു.... ലക്ഷ്മി ദ്രുവിനെ സൂക്ഷ്മമായി നോക്കി.... ഇരുപതോ ഇരുപത്തിരണ്ടോ വയസ്സ് പറയുന്ന ഒരു ചെറുപ്പക്കാരൻ....

നീണ്ട ആശുപത്രി വാസത്തിന്റേതാകണം താടിയും മുടിയുമൊക്കെ അലസമായി വളർന്നു കിടപ്പുണ്ട്.... കണ്ണുകൾ കുറച്ചു കുഴിഞ്ഞിട്ടാണ് എങ്കിലും മുഖത്തുള്ള വിഷാദ ഭാവത്തിന് മാറ്റം വന്നിട്ടുണ്ട്... ""ആഹാ ആളെത്തിയല്ലോ.... ""ഡോക്ടർ പറഞ്ഞതും അവനൊന്നു സൗമ്യമായി പുഞ്ചിരിച്ചു.... ഡോക്ടർ പറയുന്നതൊക്കെ ശ്രദ്ധയോടെ കേട്ട് നിൽക്കുന്നുണ്ട്... ആരോ ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നിയപ്പോഴാണ് ലച്ചു മുഖം ചെരിച്ചു നോക്കുന്നത്.... കുസൃതി കലർന്ന ചിരിയോടെ ഇങ്ങോട്ട് തന്നെ നോക്കി നിൽക്കുന്ന ദ്രുവിക്കിനെ കണ്ടതും ചമ്മിയ ഭാവത്തിൽ ഒന്ന് ചിരിച്ചു... ""ആഹ് ലക്ഷ്മി താൻ എന്റെ ക്യാബിനിലേക്ക് ഇരുന്നോളൂ... ഒരു മണിക്കൂർ കൂടി കഴിഞ്ഞു op തുടങ്ങും. ടേബിളും ചെയറും സെറ്റ് ചെയ്തിട്ടുണ്ട്...""

എത്രയും വേഗം അവിടെ നിന്ന് രക്ഷപ്പെട്ടാൽ മതി എന്നേ ഉള്ളായിരുന്നു.. ""ശേ..."". പുറത്തേക്ക് ഇറങ്ങിയതും ഭിത്തിയിലേക്ക് തല മുട്ടിച്ചു നിന്നു.... കുറച്ചു നേരമെടുത്തു ചമ്മലും ജാള്യതയും ഒക്കെ മാറാൻ... അടുത്താരോ നിൽക്കുന്നത് പോലെ തോന്നിയപ്പോഴാണ് കണ്ണ് തുറന്നു നേരെ നിൽക്കുന്നത്... കൈ രണ്ടും കെട്ടി ചിരിയോടെ നിൽക്കുന്ന ദ്രുവിക്കിനെ കണ്ടതും ചമ്മിയ ഒരു ചിരി ചിരിച്ചു... ""സോറി..... ഞാൻ പെട്ടെന്ന് മുറിവ് കൂടി കണ്ടപ്പോൾ.... ആള് മാറി പോയി...."" ചമ്മലോടെ പറഞ്ഞിട്ടും അവന്റെ മുഖത്തെ കളിയാക്കിയുള്ള ചിരി കണ്ടപ്പോൾ ദേഷ്യം വന്നു തുടങ്ങിയിരുന്നു... ""ഹും...... ആരാന്നാ അവന്റെ വിചാരം...."" കളിയാക്കാൻ വന്നിരിക്കുന്നു....

മനസ്സിൽ പിറുപിറുത്തുകൊണ്ട് അവനെ മറികടന്നു മുന്നോട്ട് നടന്നതും പിന്നിൽ നിന്നും വിളി എത്തിയിരുന്നു... ""അതേ.... ഇനി തേക്കാൻ വേറെ ആളെ നോക്കി നടക്കണ്ടാട്ടോ.... ഞാൻ ഫ്രീയാണ്...."". കണ്ണൊന്നിറുക്കി പറയുന്നവനെ നോക്കി ഒരു നിമിഷം അന്തിച്ചു നിന്നു..... തിരിച്ചു പറയാൻ തുടങ്ങും മുൻപേ അതേ ചിരി നൽകി അവൻ തിരികെ വാർഡിന്റെ ഉള്ളിലേക്ക് കയറിയിരുന്നു.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഒന്ന് നേരെ കിടന്നു ദീർഘമായി ശ്വാസമെടുത്തു ലച്ചു.... നന്ദു എപ്പോഴേ ഉറക്കത്തിലായി എന്ന് കണ്ടതും നേരെ നോക്കി കിടന്നു.... അന്ന് മുതൽ തുടങ്ങിയ ശല്യമാണ്... എപ്പോൾ കണ്ടാലും വെറുതെ ഒന്ന് കളിയാക്കി ചിരിക്കും....

അടുത്തോട്ടു വരികയോ നേരിട്ട് കളിയാക്കുകയോ ഒന്നും ചെയ്യുന്നില്ല.... എന്നാലും ഇൻഡയറക്റ്റ് ആയിട്ട് ഈ ജ്യോതിഷി വിളി അന്ന് മുതൽ ഉള്ളതാണ്. ""ലോകത്തിൽ ആദ്യമായിട്ട് ആള് മാറിപോകുന്ന വ്യക്തി ഒന്നുമല്ലല്ലോ ഞാൻ.... ഇത്രയ്ക്കും കളിയാക്കാൻ വേണ്ടി എന്താ ഇരിക്കുന്നെ.... ഇനി കാണട്ടെ...."" ഓരോന്ന് പറഞ്ഞു പിറുപിറുക്കുമ്പോഴും ദേഷ്യം മാറുന്നുണ്ടായിരുന്നില്ല... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""ലഞ്ച് ബ്രേക്ക്‌ ആയല്ലോ കഴിക്കുന്നില്ലേ...."" ശ്യാമ വന്നു ചോദിച്ചതും നന്ദു വേഗം ലാപ്ടോപ് അടച്ചു വച്ചു എഴുന്നേറ്റു... ലഞ്ച് ബ്രേക്ക്‌ തുടങ്ങിയിട്ട് കുറച്ചു നേരം കഴിഞ്ഞിരിക്കുന്നു..... പത്തു മിനിറ്റ് മുൻപ് നോക്കിയപ്പോഴും മഹിയേട്ടൻ കഴിക്കാൻ പോകാതെ വെറുതെ ചാരി കിടക്കുന്നതാണ് കണ്ടത്...

അതാണ് ഇല്ലാത്ത ഫയലും നോക്കി വെറുതെ ചടഞ്ഞിരുന്നത്..... എന്നാലിപ്പോൾ കാണുന്നില്ല.... എവിടെയാണോ എന്തോ... കാന്റീനിലേക്ക് നടക്കുമ്പോൾ തന്നെ പതിവ് ബഹളങ്ങൾ കേട്ടിരുന്നു.... ഒന്നിനും ശ്രദ്ധ കൊടുക്കാതെ കണ്ണുകൾ ചുറ്റും തിരഞ്ഞു.... വലതു വശത്തായി ആളുകളുടെ ഇടയിൽ ഇരിക്കുന്ന മഹിയെ കണ്ടതും ഉള്ളിൽ പരിഭവം നിറഞ്ഞു... ഞാൻ ഒപ്പമിരിക്കും എന്ന് വിചാരിച്ചു ആകില്ലേ തന്റെ ശ്രദ്ധ മാറിയ സമയത്തു മറ്റുള്ളവരുടെ ഒപ്പം പോയിരുന്നത്... മുന്നോട്ട് നടക്കുന്ന ചുവടുകൾക്ക് ഭാരം കൂടുതലായി തോന്നി... പതിവായി ഇരിക്കുന്ന മേശയുടെ അടുത്ത് എത്തിയപ്പോൾ അന്നാദ്യമായി ഇറങ്ങി ഓടാൻ തോന്നി..... എല്ലാത്തിൽ നിന്നും രക്ഷപ്പെടാൻ....

ആരുടേയും കൂട്ടില്ലാതെ ഏകാന്തതയിലേക്ക് ഒരിക്കൽ കൂടി അലിഞ്ഞു ചേരാൻ... കഴിക്കാൻ തോന്നിയില്ല.... പാത്രത്തിന്റെ മുകളിലേക്ക് വെറുതെ തല വച്ചു കണ്ണടച്ചു കിടന്നു.... ചുറ്റുമുള്ളവരുടെ നോട്ടങ്ങളോ മുറുമുറുപ്പുകളോ അപ്പോൾ വിഷയമല്ലായിരുന്നു... കഴിക്കാതെ തല ചായ്ച്ചു കിടക്കുന്ന നന്ദുവിനെ തന്നെ നോക്കിയിരിക്കുകയായിരുന്നു മഹി..... ഇതുവരെ തുറന്നിട്ടില്ലാത്ത തന്റെ പാത്രത്തിലേക്കും അവനൊന്നു നോക്കി.... വിശപ്പൊക്കെ എപ്പോഴോ കെട്ട് പോയിരുന്നു... ""ഇന്നും കഴിക്കുന്നില്ലേ മഹീ നീ...."" പതിവ് പോലെ എഴുന്നേൽക്കാൻ തുടങ്ങുന്ന മഹിയോട് ജിതിൻ വിളിച്ചു ചോദിച്ചെങ്കിലും മങ്ങിയ ഒരു ചിരി മാത്രം നൽകി അവൻ.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ദിവസങ്ങൾക്കു കാറ്റിന്റെ വേഗമാണെന്ന് തോന്നി നന്ദുവിന്.... നാളെയാണ് രണ്ടാളും ഒരുമിച്ചുള്ള ആദ്യത്തെ ഹിയറിങ്... ഇതിനകം തന്നെ മൂന്ന് കൗൺസിലിംഗ് കഴിഞ്ഞിരുന്നു.... എത്രയൊക്കെ ധൈര്യം സംഭരിച്ചു പോയാലും മുൻപിൽ നിൽക്കുമ്പോൾ മൂകയായി നിൽക്കാനേ കഴിയുന്നുള്ളൂ.... ചെയ്തു കൂട്ടിയ തെറ്റുകൾ ഇന്ന് അത്രത്തോളം വേദനിപ്പിക്കുന്നു... ""ആഹാ ഉറങ്ങിയില്ലേ.."".. ലച്ചു മുറിയിലേക്ക് വന്നു ലൈറ്റ് ഇട്ടതും എഴുന്നേറ്റിരുന്നു.... ""എനിക്ക് പേടിയാകുന്നു ലച്ചു...... നാളെ.... നാളെ മഹിയേട്ടൻ എന്നേ വേണ്ടെന്ന് പറഞ്ഞാൽ....."" തല കുനിച്ചിരുന്നു പതം പറയുന്നവളുടെ മുഖം ബലമായി പിടിച്ചുയർത്തി ലച്ചു... ""എന്തിനാ എന്റെ അനൂ ഇങ്ങനെ പേടിക്കുന്നത്.... ഹ്മ്മ്....

ഞാൻ പറഞ്ഞില്ലേ ഇതൊക്കെ ജീവിതത്തിന്റെ ഭാഗമായിട്ട് കണ്ടാൽ മതി... നാളത്തേക്കുള്ള ഒരോ പാഠങ്ങൾ മാത്രം. മഹിത് ഇന്നും നിന്നെ സ്നേഹിക്കുന്നുണ്ട്..... പക്ഷേ അയാൾക്കതു നിന്നോട് തുറന്നു സമ്മതിക്കാൻ മടിയാണ്... ഇനിയുമൊരിക്കൽ കൂടി പഴയതൊക്കെ ആവർത്തിക്കുമോ എന്നുള്ള പേടി.... നാളെ എന്താകും അവിടെ ഉണ്ടാകാൻ പോകുന്നത് എന്ന് ഞാൻ പറഞ്ഞതല്ലേ.... നിങ്ങൾക്ക് രണ്ടാൾക്കും ഇനിയും ഒത്തു പോകാൻ കഴിയുമോ എന്നതിന്റെ ഉത്തരം.... രണ്ടു പേരുടെയും മറുപടി നോ എന്നാണെങ്കിൽ കേസ് കോടതിയുടെ പരിഗണയിലേക്ക് പോകും.... ഒരാളെങ്കിലും യെസ് പറഞ്ഞാൽ ഒരിക്കൽ കൂടി ചിന്തിക്കാനായി അവസരം തരും....

രണ്ടു പേർക്കും ഒരിക്കൽ കൂടി ശ്രമിച്ചു നോക്കാൻ താല്പര്യം ഉണ്ടെങ്കിൽ പെറ്റീഷൻ ഹോൾഡ് ചെയ്തു വച്ചു കുറച്ചു മാസങ്ങൾ ഒരുമിച്ചു താമസിക്കേണ്ടതായി വരും...... മഹിത്തിന്റെ മറുപടി ഇത് മൂന്നിൽ ഏതായാലും നീ ഉൾക്കൊണ്ടേ മതിയാകൂ അനൂ...."" ""മഹിയേട്ടൻ സമ്മതിക്കില്ല...."" പറയുമ്പോൾ ശബ്ദം ചിലമ്പിച്ചിരുന്നു... അവളുടെ മനസ്സിലപ്പോൾ "അനന്തിക" എന്ന വിളിയോടെ ഓഫീസിൽ ഓരോന്ന് പറയുന്ന മഹിയായിരുന്നു... ഒരിക്കൽ പോലും അബദ്ധത്തിൽ എങ്കിലും തന്നെയൊന്ന് നോക്കുന്നത് ഈ ഒരു മാസ കാലത്ത് കണ്ടിട്ടില്ല... ഓഫീസിലെ കാര്യങ്ങൾ മാത്രം സംസാരിക്കും.... അങ്ങോട്ട്‌ ചെന്ന് സംസാരിക്കാനുള്ള ധൈര്യം ഇപ്പോഴും ആയിട്ടില്ല.... മനസ്സ് നിറയെ കുറ്റബോധമാണ്...

എപ്പോഴും ചിരിച്ചു മാത്രം സംസാരിക്കുന്ന..... സന്തോഷവാനായ മഹിയുടെ നിഴൽ മാത്രമാണ് ഇപ്പോഴുള്ളതെന്ന് തോന്നി... ചിരിക്കാത്ത.... തമാശകൾ പറയാത്ത.... ആഹാരം കഴിക്കാതെ ക്ഷീണിച്ച മഹിയേട്ടനെ കാണും തോറും താനാണ് അതിന് കാരണം എന്നുള്ള കുറ്റബോധം മനസ്സിൽ നിറയുന്നു. ഒന്നും വേണ്ടിയിരുന്നില്ല.... ഒന്നും..... മറ്റാരെയും തന്റെ വേദനകളിലേക്ക് ക്ഷണിക്കേണ്ടിയിരുന്നില്ല.... ""ഓയ്..... ഇതേത് ലോകത്താ...."". ലച്ചു മുഖത്തിന്‌ നേരെ ഒന്ന് വിരൽ ഞൊടിച്ചതും മങ്ങിയ ഒരു ചിരി നൽകി... ""കുറ്റബോധമാണ് അനൂ നിനക്ക്.... മഹിത്തിന്റെ അവസ്ഥയ്ക്ക് നീ മാത്രമാണ് കാരണം എന്ന കുറ്റബോധം.... അതിന്റ ആവശ്യമില്ല..... മഹിത്തിന്റെ ജീവിതത്തിലെ കാര്യങ്ങൾക്ക് നീ മാത്രമല്ല ഉത്തരവാദി....

രണ്ടു പേരുടെയും ഭാഗത്തു നിന്നും പിഴവുകൾ സംഭവിച്ചിട്ടുണ്ട്.... സ്നേഹത്തേക്കാൾ ഏറെ മനസ്സിലാക്കലിന് ദാമ്പത്യ ജീവിതത്തിൽ ഏറേ പ്രാധാന്യമുണ്ട്.... നിങ്ങൾ രണ്ടാളും പരസ്പരം ഒരുപാട് സ്നേഹിച്ചു.... പക്ഷേ മനസ്സിലാക്കിയില്ല....അതുകൊണ്ട് സ്വയം എല്ലാത്തിന്റെയും കുറ്റം ഏറ്റെടുക്കുന്നത് ഒന്ന് നിർത്ത്... ആദ്യം ഈ നിരാശാ കാമുകി ലുക്ക്‌ ഒന്ന് മാറ്റിയെ..... നാളെ മുതൽ ഇനിയങ്ങോട്ട് മറ്റൊരു അവസരം കൂടി മുന്നിൽ എത്താൻ പോകുവാ.... ഏത് രീതിയിൽ ആയാലും പുതിയൊരു അനന്തികയിലേക്കുള്ള മാറ്റത്തിന്റെ ആദ്യത്തെ ചുവട് വയ്പ്പ്.... ഇപ്പോൾ ഇതൊന്നും ആലോചിക്കാതെ വന്നു കിടന്നുറങ്ങിക്കെ...."" വീണ്ടും എന്തോ പറയാൻ പോകുന്നവളെ സമാധാനിപ്പിച്ചു ബലമായി ഒപ്പം കിടത്തി... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""മോൾക്ക് ദേഷ്യം ഉണ്ടോ അമ്മയോട്...."" രാവിലെ കുളിച്ചിട്ട് മുറിക്ക് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് വാതിലിന്റെ അടുത്ത് തന്നെ നിൽക്കുന്ന അമ്മയെ കാണുന്നത്... ""എന്തിനാമ്മേ...."" ""നീ മുതിർന്ന കുട്ടിയല്ലേ മനസ്സിലാകും എന്ന് കരുതി എന്നും മാറ്റി നിർത്തിയിട്ടേ ഉള്ളൂ... അച്ചൂനും പ്രിയക്കും വാശി കൂടുതലായതുകൊണ്ട് എന്നും അവരുടെ താളത്തിന് നിന്നു...അതിനിടയ്ക്ക് നിനക്കും നോവുന്നുണ്ടെന്ന് മനസ്സിലാക്കാൻ വൈകിപ്പോയി...."" രണ്ടു കവിളിലും കൈ ചേർത്ത് അമ്മ പറയുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു തുടങ്ങിയിരുന്നു... ""മോള്‌ ക്ഷമിക്കണം അമ്മയോട്..... അമ്മയും കൂടിയാ ഇതിനൊക്കെ കാരണം...."" ""സാരമില്ലമ്മേ..... പോട്ടെ.... എനിക്ക് സങ്കടം ഒന്നൂല്ല...."".

അമ്മയുടെ നെഞ്ചോരം പതിയെ ചാഞ്ഞു കിടന്നു നന്ദു..... നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു നീക്കാൻ തോന്നിയില്ല.... അവയൊക്കെയും ഓർമ്മകളാണ്... കഴിഞ്ഞു പോയ കാലത്തിന്റെ ഇനിയും മരിച്ചിട്ടില്ലാത്ത ഓർമ്മകൾ... ""അമ്മയും കൂടി വരാം കോടതിയിലേക്ക്...."" വേണ്ടമ്മേ.... ലച്ചു വരാമെന്ന് പറഞ്ഞിട്ടുണ്ട്....അമ്മയുടെ മുഖം മാറിയത് കണ്ടിട്ടും അങ്ങനെ പറയാനാണ് തോന്നിയത്... താങ്ങാനൊരു ചുമലായിരുന്നു ആ നിമിഷം ആവശ്യം.... എല്ലാ വിഷമങ്ങളും പറയാനും കേൾക്കാനും ലച്ചുവിനെ പോലെ ഒരു കൂട്ട്.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""അനന്തിക..."" ""മഹിത്.."" ചേമ്പറിൽ നിന്നും വിളി വന്നതും നന്ദു ലച്ചുവിന്റെ കൈയിലുള്ള പിടുത്തം ഒരിക്കൽ കൂടി മുറുക്കി. ""പറ്റുന്നില്ല ലച്ചു..... പേടിയാകുന്നു....."" വിറയ്ക്കുന്ന സ്വരത്തിൽ പറയുമ്പോഴേക്ക് നെറ്റിയിൽ കൂടി വിയർപ്പ് തുള്ളികൾ ചാലിട്ട് ഒഴുകി തുടങ്ങിയിരുന്നു... ""ഹേയ്..... ഒന്നുമില്ലെടാ.... ഞാൻ പറഞ്ഞതൊക്കെ മറന്നോ.... കണ്ണടച്ചേ.... എന്നിട്ട് ഒരു ഡീപ് ബ്രീത് എടുക്ക്..... ഹ്മ്മ്..."" ലച്ചു പതിയെ അവളുടെ ചുമലിൽ തട്ടി കൊടുത്തു.... .. ഒരിക്കൽ കൂടി വിളി എത്തിയതും പതിയെ എഴുന്നേറ്റു.... മജിസ്‌ട്രേറ്റിന്റെ മുൻപിലുള്ള കസേരയിൽ ഇരിക്കുമ്പോൾ മറുഭാഗം ശൂന്യമായിരുന്നു... ""മഹിത്ത് വന്നില്ലേ...."" നിക്ഷേധാർത്ഥത്തിൽ തലയാട്ടുമ്പോഴേക്ക് വാതിലിൽ മുട്ടി അനുവാദം ചോദിക്കുന്നത് കേട്ടു...

ഓടിയാണ് വന്നതെന്ന് തോന്നുന്നു... ചെറുതായി കിതയ്ക്കുന്നുണ്ട്... ""മഹിത്ത്..... അനന്തിക.... അല്ലെ...."" രണ്ടാളും തലയാട്ടി ""പ്രണയവിവാഹം ആയിരുന്നു ല്ലേ.... എന്നിട്ടും ആറു മാസത്തിനുള്ളിൽ ഡിവോഴ്സ് പെറ്റീഷൻ... ഹ്മ്മ്... രണ്ടു പേരുടെയും കൗൺസിലിംഗ് ഒക്കെ കഴിഞ്ഞതല്ലേ.... എന്ത് തോന്നുന്നു... ഇപ്പോഴും തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നുണ്ടോ..."" നന്ദു പേടിയോടെ മഹിയുടെ മുഖത്തേക്ക് നോക്കിയെങ്കിലും അവനൊന്നും പറയുന്നില്ല എന്ന് കണ്ടപ്പോൾ വീണ്ടും മുന്നിലേക്ക് നോക്കി... ''"നിങ്ങൾക്ക് രണ്ടാൾക്കും ഇവിടെ സംഭവിച്ചിട്ടുള്ളത് പരസ്പരം മനസ്സിലാക്കുന്നതിൽ സംഭവിച്ച വീഴ്ചയാണ്... കൗൺസിലിംഗിൽ തന്നെ രണ്ടാൾക്കും അത് മനസ്സിലായി കാണുമല്ലോ...

രണ്ടാളും ചെറുപ്പമാണ്... ഒരു നേരത്തെ എടുത്തു ചാട്ടത്തിൽ അവസാനിപ്പിക്കാനുള്ളതല്ല ജീവിതം.... ശാരീരിക ഉപദ്രവങ്ങളോ പീഡനങ്ങളോ ഒന്നും രണ്ടാളും കാരണം ആയി പറഞ്ഞിട്ടില്ല... പ്രണയിച്ചു വിവാഹിതരായവർ അല്ലെ... പിരിയാനുള്ള ഈ തീരുമാനം നാളെ ഒരുപക്ഷേ തിരുത്താൻ കഴിയാത്ത തെറ്റായി മാറാതിരിക്കാൻ വേണ്ടിയാണ് പറയുന്നത്.... ഒരു മൂന്ന് മാസം രണ്ടു പേരും ഒരുമിച്ചു താമസിച്ചു നോക്കൂ. ഒരു ട്രയൽ പീരിഡ് ആയി എടുത്താൽ മതി... ഈ മൂന്ന് മാസങ്ങൾക്ക് ശേഷവും നിങ്ങൾക്ക് പരസ്പരം ഒത്തു പോകാൻ കഴിയുന്നില്ല എങ്കിൽ ഡിവോഴ്സ് ന്റെ ബാക്കി ഫോർമാലിറ്റീസ് മുന്നോട്ട് കൊണ്ട് പോകാം. എന്ത് പറയുന്നു. രണ്ടു പേർക്കും ഒന്ന് ശ്രമിച്ചു നോക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഒരിക്കൽ കൂടിയൊന്ന് ശ്രമിച്ചു നോക്കൂ... പരസ്പരം മനസ്സിലാക്കാൻ ദൈവം തന്ന വഴിയാണെന്ന് കണ്ടാൽ മതി...

"" ഒരോ വാക്കുകളിൽ കൂടിയും വീണ്ടും സഞ്ചരിക്കുകയായിരുന്നു നന്ദു... മൂന്ന് മാസങ്ങൾ കൂടി..... സന്തോഷവും സങ്കടവും ഒക്കെ കൂടി കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.... ""എന്ത് പറയുന്നു..... അനന്തിക... സമ്മതമാണോ..."" നിറഞ്ഞ കണ്ണുകളോടെ വേഗത്തിൽ തലയാട്ടി... ""മഹിത് എന്ത് പറയുന്നു.....ഒരു മൂന്ന് മാസം കൂടി ശ്രമിച്ചു നോക്കാൻ തയ്യാറാണോ "" ഒരു വേള അവന്റെ മുഖത്തേക്ക് തന്നെ ഉറ്റ് നോക്കി.... നിർവികാരത നിറഞ്ഞു നിൽക്കുന്ന ആ മുഖത്തേക്ക്.... വലതു കൈ അറിയാതെ താലിയിൽ മുറുക്കെ പിടിച്ചിരുന്നു.... ""തയ്യാറാണ് മാഡം...... ""ചെവിയിൽ മുഴങ്ങികേട്ട അവന്റെ വാക്കുകളോടൊപ്പം താലിയിലെ പിടുത്തം ഒന്നുകൂടി മുറുകിയിരുന്നു......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story