അനന്തിക: ഭാഗം 33

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

""എപ്പോഴാ എന്നേ വിളിച്ചിട്ട് കിട്ടാതിരുന്നത്...."" അകത്തേക്ക് കയറിയപ്പോഴേ കനത്ത സ്വരത്തിൽ ചോദ്യം എത്തി... തല കുനിഞ്ഞു പോയിരുന്നു.... മറുപടി ഇല്ലാതെ കൈകൾ ഒന്നുകൂടി ബാഗിലേക്ക് കൂട്ടിപ്പിടിച്ചു... ""ചോദിച്ചത് കേട്ടില്ലെന്നുണ്ടോ... എപ്പോഴാ വിളിച്ചതെന്ന്..."" ശബ്ദം ഇത്തിരി കൂടി ഉയർന്നിരുന്നു.. ""വി.... വിളിച്ചില്ല.... ""ഒറ്റ ശ്വാസത്തിൽ തല കുനിച്ചു പറഞ്ഞവൾ.. ""എന്നിട്ടെന്തിനാ അമ്മയോട് കള്ളം പറഞ്ഞത്... എന്നേ എന്തുകൊണ്ട് വിളിച്ചില്ല... അവിടെ നിന്നും ഇറങ്ങുന്നതിനു മുൻപും ഞാൻ മെസ്സേജ് ഇട്ടതല്ലേ.... തിരിച്ചൊരു റിപ്ലൈ പോലും ഇടാൻ തോന്നിയില്ലേ... അതോ ആവശ്യമില്ലെന്ന് തോന്നിയോ...""

ഒന്നിന് പിറകെ ഒന്നായി ചോദ്യങ്ങൾ എത്തിയതും ബാഗിലെ പിടുത്തം ഒന്നുകൂടി മുറുക്കിയവൾ... അവളൊന്നും പറയുന്നില്ലെന്ന് കണ്ടതും മഹി കണ്ണടച്ചിരുന്നു. ശ്വാസമൊന്ന് നീട്ടിയെടുത്തു വീണ്ടും അവൾക്ക് നേരെ തിരിഞ്ഞു... ""കാരണം പറയെടോ... പറഞ്ഞാലല്ലേ അറിയൂ...."" അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു നന്ദു.... എന്താണ് പറയേണ്ടത്.... ഇനിയും തനിക്ക് അറിയാത്ത ഒരു കാര്യം അവനോടെങ്ങനെ പറയാനാണ്... ""ഞാൻ...... "" പറയാൻ മടിച്ചു വീണ്ടും അവനെ തന്നെ നോക്കി.... തന്റെ മുഖത്തേക്ക് തന്നെ മിഴിനട്ട് ഇരിക്കുകയാണ്... പറയുന്ന ഒരോ വാക്കും വിട്ട് പോകാതെ ശ്രദ്ധയോടെ കേൾക്കാനെന്നത് പോലെ... ഒരു സൂചിയിൽ നൂല് കോർക്കുന്ന അതേ സൂക്ഷ്മതയോടെ...

""ഇഷ്ടമായില്ലെങ്കിലോ എന്ന് വിചാരിച്ചു..."" പതിഞ്ഞ സ്വരത്തിൽ നിലത്തേക്ക് മിഴിയൂന്നി പറഞ്ഞൊപ്പിച്ചു.. ""ആർക്ക്..."" സ്വരത്തിൽ വീണ്ടും ഗൗരവം.. ""മ.. മഹിയേട്ടന്....."" അവനാ പെണ്ണിനെ അതിശയത്തോടെ നോക്കി... ""ഞാൻ പറഞ്ഞോ എനിക്കിഷ്ടമല്ലെന്ന്...."" ഇല്ലെന്ന് തലയാട്ടുമ്പോഴും അവളിൽ അനിശ്ചിതത്ത്വം നിറഞ്ഞിരുന്നു.. ""എന്നോട് വീണ്ടും ദേഷ്യം തോന്നിയാലോ.... ശല്യമാണെന്ന്...."" ശ്വാസമെടുക്കുന്നതിലും നേർത്തതായിരുന്നു ആ സ്വരം.... അവനൊന്നു കൂടി കേട്ടത് ഓർത്തെടുക്കാൻ ശ്രമിച്ചു....

ലക്ഷ്മിയേ കണ്ടപ്പോൾ പറഞ്ഞതാണ് ഓർമ്മ വന്നത്..... ഇനിയും മനസ്സിലാക്കാത്ത.... അല്ലെങ്കിൽ താൻ അറിയാത്ത ഒരനന്തിക ഉണ്ടെന്ന വാക്കുകൾ.... കുറച്ചു നിമിഷം കൂടി അവളെയൊന്ന് സൂക്ഷിച്ചു നോക്കി കാർ സ്റ്റാർട്ട്‌ ചെയ്തു... വഴിയിലുടനീളം രണ്ടാളും നിശബ്ദരായിരുന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 വീട്ടിൽ എത്തിയപ്പോഴേക്കും എട്ടര കഴിഞ്ഞിരുന്നു..മഹി ഇറങ്ങിയതിന്റെ പിന്നാലെ തന്നെ അവളും ഇറങ്ങി... അവനെയൊന്ന് പാളി നോക്കിയപ്പോൾ ഈ ലോകത്തിലൊന്നും അല്ലെന്നത് പോലെ എന്തോ ആലോചിച്ചാണ് നടക്കുന്നത്... ""ആഹ് വന്നോ രണ്ടാളും.... ഞാനങ്ങോട്ട് വിളിക്കാൻ തുടങ്ങുവായിരുന്നു....""

അകത്തേക്ക് കയറിയപ്പോഴേ അമ്മ പറഞ്ഞു.... ഏതോ കോമഡി പ്രോഗ്രാം കണ്ടുകൊണ്ട് ഇരിക്കുകയാണ്.... ടീവിയൊന്നു മ്യൂട്ട് ആക്കി വിദ്യ.... ""ചെല്ല് മഹി.... രണ്ടാളും പോയി വേഷമൊക്കെ മാറ്റി ഫ്രഷ് ആയിട്ട് വാ..."" അത്താഴം കഴിക്കാനിരിക്കുമ്പോഴും നിശബ്ദനായിരിക്കുന്ന മഹിയെ ഇടയ്ക്കിടെ പാളി നോക്കുന്നുണ്ടായിരുന്നു നന്ദു.... കാര്യമെന്താണെന്ന് തിരക്കണമെന്നുണ്ട്.... പക്ഷേ കഴിയുന്നില്ല... ഇതുവരെ ഇല്ലാതിരുന്ന ചങ്ങല കണ്ണികൾ ഇടയിലായി തടസ്സം തീർത്തു പിന്നിലേക്ക് കൊരുത്തു വലിക്കുന്നു... ""എന്താ മഹി.... വയ്യേ നിനക്ക്...."" അമ്മയുടെ ചോദ്യം കേട്ടപ്പോൾ വീണ്ടും ആ മുഖത്തേക്ക് നോക്കി.... നിത്യയും മഹിയെ തന്നെ നോക്കുന്നുണ്ട്....

ഇടയ്ക്ക് ഇത്തിരി ഗൗരവത്തോടെ തന്നെയും നോക്കി... ""ഒന്നുമില്ലമ്മേ.... ഓഫീസിലെ പുതിയൊരു പ്രൊജക്റ്റ്‌.... അതിന്റെ തിരക്ക്...."" അവനൊരു ചിരി വരുത്തി പതിയെ പറഞ്ഞു... എല്ലാവരും എഴുന്നേൽക്കുന്നതിന് മുൻപേ മഹി മുറിയിലേക്ക് പോയിരുന്നു.... അവൾക്ക് വല്ലാത്ത ടെൻഷൻ തോന്നി.... എന്താണാവോ ഈ ഭാവമാറ്റത്തിനു കാരണം... താൻ തെറ്റായി ഒന്നും പറഞ്ഞില്ലല്ലോ... കാറിൽ വച്ചുണ്ടായ സംസാരങ്ങളൊക്കെ ഒന്നുകൂടി ഓർത്തെടുത്തു.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 മുറിയിലേക്ക് നടക്കുമ്പോൾ നെഞ്ചിടിക്കുന്നുണ്ടായിരുന്നു.... ഉറങ്ങിയിട്ട് പോകാമെന്നു കരുതി വീണ്ടും കുറച്ചു നേരം കൂടി അമ്മയുടെ അടുത്ത് സഹായിച്ചു നിന്നിട്ടാണ് വന്നത്...

കതക് തുറന്നപ്പോഴേ കണ്ടു കട്ടിലിൽ ചാരി കണ്ണടച്ചിരിക്കുന്ന മഹിയെ... വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ആള് കണ്ണ് തുറന്നു.. വാതിലിന്റെ അടുത്ത് തന്നെ വിരൽ കൊരുത്തു മടിച്ചു നിൽക്കുന്ന നന്ദുവിനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു മഹി... അവളുടെ മുഖമാകെ പേടിയും വെപ്രാളവും കലർന്നിരുന്നു... പിന്നെ അവനെ നോക്കാതെ വാതിലടച്ചു കട്ടിലിന്റെ മറുവശത്തേക്ക് നടന്നു... കിടക്കും മുൻപ് തന്നെ കൈയിലായി പിടുത്തം വീണിരുന്നു... ""ഇവിടെ ഇരിക്ക്.... ""ശാന്തമെങ്കിലും ഗൗരവം നിറഞ്ഞ സ്വരം.. എതിർക്കാൻ കഴിഞ്ഞില്ല...കട്ടിലിൽ ചാരി അവന്റെ അടുത്തേക്ക് ഇരുന്നു... ""ഞാൻ വെറുതെ തമാശക്കാണ് വീണ്ടും കൂടെ കൂട്ടിയത് എന്ന് തോന്നുന്നുണ്ടോ..

."" കുറച്ചേറെ നേരത്തിനു ശേഷം ചോദ്യമെത്തി... ഇല്ലെന്ന് വേഗത്തിൽ തലയാട്ടി.... "തമാശ കളിച്ചതൊക്കെ ഞാൻ തന്നെയല്ലേ" എന്ന ചോദ്യം നാവിന്റെ തുമ്പിലെത്തി തടഞ്ഞു നിന്നു... ""പിന്നെന്തായിരുന്നു എന്നോട് നേരിട്ട് പറഞ്ഞാൽ.... അമ്മയെ വിളിച്ചു പറയേണ്ട കാര്യം എന്തായിരുന്നു..."" വിടാൻ ഭാവമില്ലാത്തത് പോലെ ചോദ്യമെത്തി... ""പേടിയാണോ എന്നേ.... ""അവളിൽ നിന്നും മറുപടി ഇല്ലാതെ വന്നപ്പോൾ നേർത്ത സ്വരത്തിൽ ചോദിച്ചു... ആദ്യമൊന്ന് മടിച്ചെങ്കിലും അനുകൂല ഭാവത്തിൽ മെല്ലെയവൾ ശിരസ്സ് ചലിപ്പിക്കുന്നത് കണ്ടതും അത്രയും ഭാരം നിറഞ്ഞതെന്തോ നെഞ്ചിലിരുന്ന് വിങ്ങും പോലെ തോന്നി അവന്....

വിശ്വാസം വരാത്തത് പോലെ കണ്ണുകൾ അപ്പോഴും അവളിൽ തന്നെ തറഞ്ഞിരുന്നു... ""എന്തിന്..."". ഇടറി പോയിരുന്നു ചോദിച്ചപ്പോഴേക്ക്... ""വീണ്ടും വെറുപ്പ് തോന്നിയാലോ..... ഇനിയൊന്നു കൂടി സഹിക്കാൻ പറ്റില്ല...."" അടക്കിപ്പിടിച്ച തേങ്ങലോട് കൂടിയ മറുപടി... പറഞ്ഞവസാനിപ്പിക്കും മുൻപേ അവനാ പെണ്ണിനെ നെഞ്ചോട് അടുക്കിപ്പിടിച്ചിരുന്നു..... ""വെറുക്കാനോ......"" ചോദ്യമെന്നത് പോലെ മെല്ലെ പറഞ്ഞു ആ നെറുകയിൽ ചുണ്ട് ചേർത്തു... ""ലക്ഷ്മി എന്നേ കാണാൻ വന്നിരുന്നു.... ഞാനറിയാത്തതായി ഇനിയും ഒരുപാടുണ്ടല്ലേ...."" അവളൊന്നും മിണ്ടിയില്ല..... അവനിലേക്ക് കൂടുതൽ ചേർന്നിരുന്നു... ""എനിക്കറിയണം നന്ദു..... ഇനിയും വയ്യാ ഇങ്ങനെ....

കാരണം എന്തെന്ന് പോലും അറിയാതെയുള്ള പ്രശ്നങ്ങൾ..... ഞാനെങ്ങനെ പരിഹരിക്കാനാണ്..... ഒരോ തവണയും കാരണം ചികഞ്ഞു പോകുമ്പോഴൊക്കെ വീണ്ടുമൊരു നൂറു ചോദ്യങ്ങൾ തെളിഞ്ഞു വരും..... ഇനിയുമിങ്ങനെ ഇരുട്ടിലിരിക്കാൻ വയ്യാ..."" ചിലമ്പിച്ച സ്വരത്തോടെ അവൻ പറയുമ്പോഴൊക്കെ നന്ദുവെന്ന ആ ശബ്ദത്തിൽ തന്നെ കുരുങ്ങികിടക്കുകയായിരുന്നു അവൾ... നന്ദു.....നന്ദുവെന്ന് വിളിച്ചിരിക്കുന്നു.... ഒരിക്കൽ കൂടി... തന്നോട് ഇഷ്ടം ഉള്ളതുകൊണ്ടാകില്ലേ വീണ്ടും നന്ദുവെന്ന് വിളിച്ചത്.... ആലോചനകൾ കുന്ന് കൂടുമ്പോൾ അവന്റെ ചോദ്യങ്ങളൊന്നും കേട്ടിരുന്നില്ല... ""നന്ദു......"".

വീണ്ടും വിളിക്കുന്നത് കേട്ടപ്പോഴാണ് ഞെട്ടലോടെ നെഞ്ചിൽ നിന്നും മുഖമുയർത്തി നോക്കുന്നത്... ""എന്തിനായിരുന്നു നന്ദു എല്ലാം.... എന്നേ സംശയമുള്ളതുകൊണ്ടാണോ എപ്പോഴും കൂടെ വേണമെന്ന് വാശി പിടി...."" ചോദിച്ചു തീരും മുൻപേ ആ വായ മൂടിയിരുന്നു അവൾ... ""ഇല്ല..... എനിക്കറിയാലോ ചതിക്കില്ലെന്ന്.... ഞാനെന്തിനാ സംശയിക്കുന്നെ..... എനിക്ക് സംശയമില്ല..."". പകുതി വാശിയോടെയും പകുതി സങ്കടത്തോടെയും പറഞ്ഞു... ""പിന്നെ....... പിന്നെ എന്തിനായിരുന്നു...."" ഒരു നിമിഷം തലകുനിച്ചിരുന്നവൾ..... പിന്നെ അവനെ നോക്കാനുള്ള ശക്തി ഇല്ലാത്തത് പോലെ ആ നെഞ്ചിലേക്ക് തന്നെ മുഖമൊളിപ്പിച്ചു... ""എന്റെ..... എന്റെ അമ്മേടേം അച്ചുന്റേം പോലെ പിന്നെ ഇട്ടിട്ട് പോയാലോ....""

മഹിയുടെ നെറ്റിയൊന്ന് ചുളിഞ്ഞു... ഒരു കൈയാലേ അവളെ ചുറ്റിപ്പിടിച്ചു അടുത്ത കൈ കവിളിൽ ചേർത്ത് പതിയെ മുഖമുയർത്തി... ""പറയ്...."". ആർദ്രമായ നേർത്ത സ്വരത്തോടെ ആ പെണ്ണിന്റെ കലങ്ങി ചുവന്നു തുടങ്ങിയ കണ്ണിലേക്കു തന്നെ നോക്കി പറഞ്ഞു... ""എന്നേ.... എന്നേ വല്യ ഇഷ്ടായിരുന്നു.... അമ്മയ്ക്കും.... അച്ചൂനും എല്ലാർക്കും... അന്നെന്റെ കൈയില് ഇങ്ങനെയൊന്നുമില്ല...."" സങ്കടത്തോടെ അവളാ കൈകളിലേക്ക് നോക്കി.... ""അച്ചു എപ്പോഴും എന്റെ കൂടെ തന്നെയായിരുന്നു.... പ്രിയയെ പോലും എന്നോട് അടുപ്പിക്കില്ല.....പഴയ ഓർമ്മകളിൽ ചെറിയൊരു ചിരി വിടർന്നു മുഖത്ത്... ഞാൻ ആറില്...... ആറില് പഠിക്കുമ്പോഴാ... കൈയിലിങ്ങനെ.... ആദ്യം പേടിച്ചു പോയി.....

അന്ന് അമ്മേടെ കൈയിൽ പൈസ ഉണ്ടായിരുന്നില്ല.... പിന്നേം കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ടാ ആശുപത്രിയിൽ പോയത്..... അപ്പോഴേക്കും രണ്ടു കൈയിലും നിറയെ പടർന്നിരുന്നു..... ഡോക്ടർ പാണ്ടാണെന്ന് പറഞ്ഞപ്പോഴൊന്നും അതെന്താ എന്ന് മനസ്സിലായില്ലെനിക്ക്..... കുറേ മരുന്നൊക്കെ തന്നു.... കയ്പ്പുള്ള ഉറക്കം വരുന്ന കുറേ മരുന്നുകൾ..... ബാക്കി ചെറുതായി വന്നു തുടങ്ങിയ സ്ഥലങ്ങളിലെ ഒക്കെ മാറി.... പക്ഷേ കൈയിലെ..... കൈയിലെ മാത്രം മാറാതെ അങ്ങനെ തന്നെ ബാക്കിയായി... അച്ചൂന് നല്ല ദേഷ്യമായിരുന്നു പിന്നെ.... പകരും..... പകരുമെന്ന് പറഞ്ഞു ഞാൻ തൊടുന്നത് ഒന്നും എടുക്കില്ല.... അമ്മ.... അമ്മേം ഒന്നും പറയില്ല.... ആദ്യമൊക്കെ മരിക്കാൻ തോന്നുമായിരുന്നു....""

""ശ്ശ്....."". മഹിയവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു..... നെഞ്ചിലേക്ക് അടുക്കിപ്പിടിച്ചു അവളിലേക്ക് തല ചായ്ച്ചിരുന്നു.... ""പിന്നെ.... പിന്നെ എല്ലാം ശീലമായി.... ജോലിയൊക്കെ ഇഷ്ടം പോലെ ഉണ്ടായിരുന്നു.... അതിന് മാത്രം അയിത്തമില്ല...... ജോലി കിട്ടി ചിലവുകൾ ഏറ്റെടുത്ത അന്ന് മുതലാണ് ആവശ്യങ്ങൾ ചോദിക്കാൻ വേണ്ടിയിട്ടാണെങ്കിലും അച്ചു മിണ്ടുന്നത്... അന്നെന്റെ കൈയിൽ ആദ്യമായി കണ്ടപ്പോൾ ഷേക്ക്‌ ഹാൻഡ് തന്നില്ലേ.... വർഷങ്ങൾക്ക് ശേഷം ആദ്യമായിട്ടാ ഒരാളെന്റെ കൈ അതുപോലെ ചേർത്ത് പിടിക്കുന്നെ..... അന്നെന്റെ കൂടെ ആദ്യമായിട്ടിരുന്നു എന്റെ പ്ലേറ്റിൽ നിന്ന് അപ്പവും മുട്ട റോസ്റ്റും കഴിച്ചില്ലേ....

ഇങ്ങനെ വന്നതിന് ശേഷം ആദ്യമായിട്ടാ ഒരാളെന്റെ പ്ളേറ്റിൽ നിന്ന് ഞാൻ കഴിക്കുന്നത് എടുത്തു കഴിക്കുന്നേ.... പിന്നെ.... അന്ന്...."" ഒരോ ചെറിയ കാര്യങ്ങൾ പോലും ഓർത്തോർത്തു പറയുന്നവളെ മഹി നിറഞ്ഞ കണ്ണുകളോടെ കേട്ടിരുന്നു... ""എനിക്ക്..... എനിക്കറിയില്ല എങ്ങനാ സ്നേഹിക്കുകയെന്ന്..... എന്നേ.... എന്നേ ആരും ഇങ്ങനെ ഇഷ്ടപ്പെട്ടിട്ടില്ല..... പേടിയാ.... പേടിയാ ഇട്ടിട്ട് പോവൊന്ന്.... അതാ.... അതുകൊണ്ടാ അങ്ങനെയൊക്കെ ചെയ്തേ...... ഞാൻ.... ഞാനല്ല നമ്മുടെ വാവേ..... എന്റേം വാവയല്ലേ.....

ഞാനെങ്ങനാ...... എന്റെ..... എന്റെ കുഞ്ഞല്ലേ..... ഏഹ്.... എന്റെ...."' ആർത്തു കരഞ്ഞുകൊണ്ട് ഇരു കൈകൾ കൊണ്ടും അവനെ ചുറ്റി വരിഞ്ഞിരുന്നു..... ഇതുവരെ പറയാനാഗ്രഹിച്ചതൊക്കെ കരച്ചിലിന്റെ ഇടയിലും ശ്വാസമില്ലാതെ പറഞ്ഞുകൊണ്ട് വീണ്ടും വീണ്ടും അവനെ വരിഞ്ഞു മുറുക്കി.... സമാധാനിപ്പിക്കാൻ പോലും കഴിയാതെ അവനും കരയുകയായിരുന്നു..... നിശബ്ദമായി കണ്ണിൽ നിന്നും മിഴിനീർതുള്ളികൾ അവളുടെ നെറുകയിലേക്ക് ഇറ്റ് വീണുകൊണ്ടിരുന്നു.... ""കഴിഞ്ഞെടാ..... കഴിഞ്ഞു...... സാരമില്ല..... നന്ദൂസേ...... നോക്കിയേ......""ശ്വാസമെടുക്കാൻ അവൾ പ്രയാസപ്പെടുന്നുണ്ട് എന്ന് തോന്നിയതും മഹി ബലമായി അവളുടെ മുഖം പിടിച്ചുയർത്തി...

പശപ്പ് പോലെ മുഖമാകെ പറ്റിപ്പിടിച്ചിരുന്ന കണ്ണുനീർ തുടച്ചു കൊടുക്കുമ്പോഴും വീണ്ടും വീണ്ടും വാശിയെന്നത് പോലെ കണ്ണ് നിറയുന്നുണ്ടായിരുന്നു.... ""ഞാനല്ല മഹിയേട്ടാ...ഞാൻ...""..കരഞ്ഞു ചുവന്ന മുഖത്തോടെ ചുണ്ട് കൂട്ടിപ്പിടിച്ചു വിതുമ്പലടക്കി പറയുമ്പോൾ അറിയാതെ വീണ്ടും ഏങ്ങലടിച്ചു പോയിരുന്നു... ""നന്ദൂ...... നോക്കിയേ.... സാരമില്ല..... കഴിഞ്ഞതൊക്കെ പോട്ടെ...."" എത്ര സമാധാനിപ്പിച്ചിട്ടും വീണ്ടും നെഞ്ചോട് ചേർന്നിരുന്നു പതം പറഞ്ഞു കരയുന്നവളുടെ ചുമലിൽ പതിയെ തട്ടി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു മഹി.... ""സോറി...."". സീമന്തരേഖയുടെ മുകളിലായി ചുണ്ട് ചേർത്തുകൊണ്ട് പതിയെ പറഞ്ഞു...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story