അനന്തിക: ഭാഗം 38

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

നന്ദു അപ്പോഴും ഇതുവരെ നടന്നതൊന്നും വിശ്വസിക്കാൻ കഴിയാതെ നിത്യയെ തന്നെ പകച്ചു നോക്കി നിൽക്കുകയായിരുന്നു... സന്തോഷം കാരണം.ചെറുതായ് കണ്ണ് നിറഞ്ഞു തുടങ്ങിയിരുന്നു... ""ക്ഷമിച്ചിട്ടൊന്നും അല്ല.... എന്റെ ഏട്ടന്റെ ഭാര്യ ആയതുകൊണ്ട...."" നന്ദുവിന്റെ കലങ്ങിയ കണ്ണിൽ നോക്കി അത്രയും മാത്രം പറഞ്ഞുകൊണ്ട് അവൾ വീണ്ടും മുൻപിലേക്ക് തന്നെ നോട്ടമെറിഞ്ഞു.... അവൾ പിന്നീട് പറഞ്ഞതൊന്നും ആ നിമിഷത്തേക്ക് നന്ദു ശ്രദ്ധിച്ചിരുന്നില്ല... വെറുതെ അവളെ നോക്കി നിന്നു... ഒരു ചിരിയങ്ങനെ പുറത്തേക്ക് വരാനായി മടിച്ചു ചുണ്ടിൽ തന്നെ തടഞ്ഞിരുന്നു.. രണ്ടാളും ഒന്നും പറയാതെ വീണ്ടും പഴയ സ്ഥാനത്തു തന്നെ ഇരുന്നെങ്കിലും ഇടയ്ക്കിടെ വെറുതെ നിത്യയെ ഒന്ന് നോക്കി...

മഹി വരുന്നത് കണ്ടപ്പോഴാണ് ആലോചനകൾ മാറ്റിയത്.. മഹിയെ കണ്ടതും നിത്യ വേഗം എഴുന്നേറ്റു... ""ഏട്ടാ... കീ താ ഞാൻ കാറിൽ ഇരിക്കാം... കടൽകാറ്റ് കൊണ്ടിട്ടു തലവേദനിക്കുന്നു..."" നെറ്റിയുടെ രണ്ടു വശത്തും കൈ അമർത്തി അവൾ പറഞ്ഞതും മഹി പെട്ടെന്ന് അവളുടെ നെറ്റിയിൽ തൊട്ട് നോക്കി.. ""കൂടുതലുണ്ടോ മോളെ.... വീട്ടിൽ പോണോ..."" ""വേണ്ട ഏട്ടാ.... ഞാൻ കാറിൽ ഇരുന്നോളാം... നിങ്ങള് പതുക്കെ വന്നേരെ.. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്റെ കൈയിൽ ഫോൺ ഉണ്ടല്ലോ... ഞാൻ വിളിച്ചോളാം.."" ""ഹ്മ്മ്... ലോക്ക് ആക്കിയിട്ട് ഇരുന്നാൽ മതി കേട്ടോ..."" താക്കോൽ അവൾക്ക് നേരെ നീട്ടുമ്പോൾ ഗൗരവത്തോടെ പറഞ്ഞു...

""ഓ... അറിയാമേ...."" മുഖമൊന്നു ചുളിച്ചു കാട്ടി അവൾ നടന്നു കാറിന്റെ അടുത്തേക്ക് പോകുന്നത് നോക്കി... ഡോർ തുറന്നു അകത്ത് കയറി ഇരിക്കുന്നതായി കണ്ടതും നന്ദുവിന്റെ അടുത്തേക്ക് വന്നിരുന്നു... ഈ നേരമത്രയും മഹിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവൾ.. ""എന്താണ് ഭാര്യേ.... കണ്ണെടുക്കാതെ നോക്കുന്നുണ്ടല്ലോ... ""ചിരിയോടെ അവൻ ചോദിച്ചതും വെപ്രാളത്തോടെ മുഖം താഴ്ത്തി.. ""അത് ഞാൻ വെറുതെ....."" മഹിയുറക്കെ ചിരിക്കുന്നത് കേട്ടപ്പോൾ വീണ്ടും ചമ്മൽ തോന്നി.. ""ഇപ്പോ കുശുമ്പ് തോന്നുന്നുണ്ടോ..."" ഒരു കണ്ണൊന്ന് ചിമ്മിയടച്ചു അവൻ ചോദിച്ചതും ഇല്ലെന്ന് വേഗത്തിൽ തലയാട്ടി... ""വാ.... നടക്കാം കുറച്ചു...""

എഴുന്നേറ്റു നിന്ന് കൈ നീട്ടുന്നത് കണ്ടപ്പോൾ പിന്നൊന്നും ആലോചിക്കാതെ ആ കൈയിലേക്ക് വിരൽ കോർത്തു... മണലിൽ ഇരുന്നത് കാരണം ഇരു കൈകളിലും ചെറുതായി മണൽ പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു.. ""രണ്ടാളും സംസാരിച്ചോ.... ""കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു അവൻ.. ""മ്മ്ഹ്ഹ്..... അച്ചു വന്നിരുന്നു...."" ""ഏഹ്.... എന്നിട്ടെവിടെ... കണ്ടില്ലല്ലോ..."" അവൾക്ക് വല്ലാതെ ദേഷ്യവും നാണക്കേടുമൊക്കെ തോന്നി.... എങ്ങനെ പറയും കൂടപ്പിറപ്പ് വന്നിട്ട് പരസ്യമായി പൈസ ചോദിച്ചു വഴക്കുണ്ടാക്കിയെന്ന്.... അറിയാതെ മുഖം കുനിഞ്ഞു... ""ചിലവിന് കാശ് ചോദിച്ചു കാണും അല്ലേ..."". ഏറെ നേരം കഴിഞ്ഞിട്ടും അവളൊന്നും പറഞ്ഞില്ലായെന്ന് കണ്ടപ്പോൾ അവനായി തന്നെ അങ്ങോട്ട്‌ പറഞ്ഞു..

""ഹ്മ്മ്.... ""മൂളിയതേ ഉള്ളൂ.. ""എന്നിട്ട് എന്ത് പറഞ്ഞു.... പറ്റില്ലെന്ന് പറഞ്ഞു കാണില്ലല്ലോ... ""പകുതി കളിയായും പകുതി ഗൗരവത്തോടെയും അവനത് പറഞ്ഞതും ചുണ്ട് കൂട്ടിപ്പിടിച്ചു വീണ്ടും നിന്നു... ""അത്..... ഞാൻ പറയാൻ തുടങ്ങുവായിരുന്നു.... അപ്പോഴേക്ക് നിത്യ പറഞ്ഞു..... അതിന് വീണ്ടും എന്തൊക്കെയോ ചൂടായി.... മിക്കവാറും ഇന്ന് വീട്ടിൽ ചെന്നിട്ട് അമ്മയോടും പ്രിയയോടും ആകും ഈ ദേഷ്യം മുഴുവൻ തീർക്കുക..."" ""തീർക്കട്ടെ..... കുഞ്ഞിലേ മുതലേ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ ഇല്ലെന്ന് പഠിപ്പിച്ചു വളർത്തിയിരുന്നെങ്കിൽ ഇങ്ങനെയൊന്നും വരില്ലായിരുന്നല്ലോ...."" ഗൗരവത്തോടെ അവൻ പറഞ്ഞതും മറുപടി ഇല്ലാതെ അലയടിച്ചുയരുന്ന കടലിലേക്ക് നോട്ടം മാറ്റി...

"ഞാൻ കാര്യമായിട്ട് പറഞ്ഞതാണ് നന്ദു.... ചെയ്തു കൊടുക്കാൻ പറ്റില്ലെന്നുള്ള കാര്യങ്ങൾക്ക് നോ തന്നെ പറയണം... ആരുടേയും ശുപാർശയിൽ ആ തീരുമാനം മാറ്റേണ്ട കാര്യമില്ല... ഇവിടെ അച്ചുവിനോട് താൻ എന്തെങ്കിലും ഇല്ലെന്ന് പറഞ്ഞാൽ അമ്മ വഴി സ്വാധീനിച്ചു ആ തീരുമാനം മാറ്റും.... ആഗ്രഹിച്ചതെല്ലാം കൈപ്പിടിയിൽ കിട്ടിയതിന്റെ വാശിയാണ്..... താൻ അധ്വാനിച്ചുണ്ടാക്കുന്ന പണമാണ്.... അനാവശ്യമായി ദൂർത്തടിക്കാൻ ആർക്കും കൊടുക്കേണ്ട ആവശ്യം ഇല്ല... പ്രത്യേകിച്ച് ഇത്രയും വേദനിപ്പിച്ച അച്ചുവിന്..... ബാല്യം മുതൽ അറപ്പോടെ മാറ്റി നിർത്തിയിട്ട് ജോലി കിട്ടിയപ്പോഴല്ലേ ചേച്ചിയാണെന്നുള്ള ബന്ധം ഓർമ്മ വന്നത്..."" പുച്ഛത്തോടെ മഹിയത് പറഞ്ഞതും കണ്ണ് നിറഞ്ഞു..

""വിഷമിപ്പിക്കാൻ പറഞ്ഞതല്ല..."". അവൾ മുഖം കുനിക്കുന്നത് കണ്ടതും തോളിലൂടെ കൈ ചുറ്റി നെഞ്ചിലേക്ക് ചേർത്തു പിടിച്ചു... ""ചെറിയ പ്രായത്തിൽ അവളാദ്യം അകലം കാണിച്ചതിനെ അറിവില്ലായ്മ എന്ന് പറയാം.... അന്നത് തിരുത്തി കൊടുക്കേണ്ടുന്നവരൊന്നും അത് ചെയ്തില്ലല്ലോ.... എത്ര പറഞ്ഞു മനസ്സിലാക്കിയിട്ടും അനുസരിച്ചില്ലെങ്കിൽ വഴക്ക് പറഞ്ഞു ചെയ്യിക്കണം.... സ്വന്തം കൂടപ്പിറപ്പാണ്.... സ്കൂളിലും കോളേജിലും ഒക്കെ പഠിച്ച കുട്ടി തന്നെയല്ലേ.... അപ്പോൾ അറിവില്ലാഞ്ഞിട്ടല്ല.... തന്റെ ജീവിതമാണ്.. അങ്ങനെ ത്യാഗം സഹിച്ചു ജീവിച്ചു തീർക്കുകയൊന്നും വേണ്ടാ.... ആർക്ക് വേണ്ടിയും സ്വന്തം ഇഷ്ടങ്ങൾ വേണ്ടെന്ന് വയ്ക്കുകയും വേണ്ടാ... ഹ്മ്മ്..."""

ഒന്ന് മൂളി അവന്റെ നെഞ്ചോരം ചേർന്നു നടന്നു.. സൂര്യൻ അസ്തമനത്തിന് തയ്യാറെടുക്കുന്നുണ്ടായിരുന്നു..... ചുവപ്പ് പടർന്ന ആകാശത്തേക്കും കടലിലേക്കും നോക്കിയങ്ങനെ വെറുതെ നിന്നു.... ചിലരൊക്കെ അപ്പോഴും കടലിൽ ഇറങ്ങി കളിക്കുന്നുണ്ട്... ""എന്തേ കടലിൽ ഇറങ്ങണോ..."". അവൾ നോക്കുന്നത് കണ്ടതും മഹി പതിയെ ചോദിച്ചു... ""മ്മ്ഹ്ഹ്.... ഇവിടിങ്ങനെ നിന്നാൽ മതി..."" ഒന്നുകൂടി അവനിലേക്ക് ഒതുങ്ങി നിന്നു കൈകൾ കൊണ്ട് വട്ടം ചുറ്റിപ്പിടിച്ചു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 തിരിച്ചു കാറിന്റെ അടുത്തേക്ക് എത്തിയപ്പോഴേക്കും നിത്യ നല്ല ഉറക്കം പിടിച്ചിരുന്നു... ലോക്ക് ആയിട്ടില്ല കാറെന്ന് കണ്ടതും മഹിയുടെ നെറ്റി ചുളിഞ്ഞു... ""ഈ പെണ്ണ്.... ഡോർ ലോക്ക് ഇടാതെ ഉറങ്ങുന്നത് കണ്ടില്ലേ...."" ""നിത്യേ..."". അവനിത്തിരി ദേഷ്യത്തോടെ വിളിച്ചപ്പോഴാണ് ഞെട്ടി കണ്ണ് തുറക്കുന്നത്...

""ഡോർ ലോക്ക് ആക്കണം എന്ന് പറഞ്ഞിരുന്നതല്ലേ നിത്യേ...."" അവൻ ദേഷ്യത്തോടെ ചോദിച്ചതും അവൾ തല താഴ്ത്തി.. ""അത്.... തലവേദന കൂടുതൽ ആയിരുന്നു... ഞാൻ മറന്നു പോയി..."" നേർത്ത സ്വരത്തിൽ പതിയെ പറയുന്നവളെ നോക്കിയൊന്നു മൂളിയവൻ.. ""ഹോസ് .... ഹോസ്പിറ്റലിൽ പോണോ...."" നന്ദു മടിച്ചു മടിച്ചു പതിയെ ചോദിച്ചു.. നിത്യ ഒരു നിമിഷം അവളെ നോക്കി.. ""വേണ്ടാ... സ്ഥിരം വരുന്നതാ കുറച്ചു നേരം ഇവിടുത്തെ കാറ്റ് കൊള്ളുമ്പോൾ... ഒന്ന് ഉറങ്ങി കഴിഞ്ഞാൽ മാറും...."" അത് മാത്രം പറഞ്ഞു വീണ്ടും സീറ്റിലേക്ക് ചാരിയിരുന്നു കണ്ണടച്ചു... നന്ദു മഹിയെ നോക്കിയപ്പോൾ രണ്ടാളെയും മാറി മാറി നോക്കി ചെറിയൊരു ചിരിയോടെ ഇരിപ്പുണ്ട്...

""മഞ്ഞുരുകി തുടങ്ങിയോ.... ""കാർ മുന്നോട്ട് നീങ്ങിയപ്പോൾ നിത്യ കേൾക്കാത്തത് പോലെ പതിയെ ചോദിച്ചു... മറുപടിയായി അവന്റെ തോളിലേക്ക് തല ചായ്ച്ചു കിടന്നതേയുള്ളു നന്ദു.... നിറഞ്ഞ ചിരിയോടെ... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""നീയെവിടെ പോയതാ അച്ചു.... ക്ലാസ്സ്‌ കഴിഞ്ഞിട്ട് പ്രിയ എപ്പോഴേ വന്നല്ലോ...."" സന്ധ്യ കഴിഞ്ഞു ദേഷ്യത്തിൽ നടന്നു വരുന്ന അച്ചുവിനെ നോക്കി ആശ... ""ഞാനെന്റെ ഫ്രണ്ട്സ് ന്റെ കൂടെ ഒന്ന് പുറത്തു പോയതാ..."" മുഖത്ത് നോക്കാതെ പറഞ്ഞിട്ട് അകത്തേക്ക് നടക്കാൻ തുടങ്ങിയെങ്കിലും ആശ കൈയിൽ പിടിച്ചു നിർത്തി.. ""ഏത് ഫ്രണ്ട്.... പറഞ്ഞിട്ട് പോയാൽ മതി... പ്രിയക്ക് അറിയാത്ത ഏത് ഫ്രണ്ട്സ് ആ നിനക്കുള്ളത്.... ഇത്രേം മണലെവിടുന്നാ നിന്റെ പാന്റിൽ....

ബീച്ചിൽ പോയോ നീ...."" ""അച്ചൂ നിന്നോടാ ചോദിച്ചത്...."" അവളൊന്നും മിണ്ടാതെ കൈ ചുരുട്ടിപ്പിടിച്ചു നിൽക്കുന്നത് കണ്ടതും ആശക്ക് ദേഷ്യം കയറി... ""ആഹ് പോയി.... ""പെട്ടെന്നായിരുന്നു കൈ തട്ടിയെറിഞ്ഞത് അവൾ.. """പിന്നേ.... പിന്നേ ഞാനെന്താ വേണ്ടത്..... അമ്മയോട് ഞാൻ പൈസ ചോദിച്ചതല്ലേ.... കഴിഞ്ഞ ദിവസം എല്ലാരുടേം മുൻപിൽ മനുഷ്യൻ നാണം കെട്ടു.... എനിക്ക് മാത്രം സിനിമയ്ക്ക് പോകാൻ പൈസ ഇല്ലാ..... ഇന്നിപ്പോൾ അവരെല്ലാവരും കൂടി ഷോപ്പിംഗിന് പോയിരിക്കുവാ.... പിന്നേ... ഞാൻ.. ഞാനെന്ത് വേണം... അവരൊക്കെ വാങ്ങുന്നത് നോക്കി വെള്ളമിറക്കി നടക്കണോ.... മടുത്തു മനുഷ്യന് ഈ നശിച്ച വീട്ടിൽ ജീവിച്ചിട്ട്.... ജനിച്ച അന്ന് മുതൽ തുടങ്ങിയ ദാരിദ്ര്യമാ....

. പ്രിയപ്പെട്ട മോളും ഉണ്ടായിരുന്നു ബീച്ചിൽ.... ഞാനിത്തിരി പൈസ ചോദിച്ചപ്പോൾ അവൾടെ നാത്തൂൻ പറയുവാ പറ്റില്ല പോലും.... എന്നേ പിടിച്ചു പോലീസിൽ ഏൽപ്പിക്കുമെന്ന്..... ഇനിയിപ്പോ അവരുടെ പൈസ ആണല്ലോ അത്.... ഈ ജോലി ഉള്ളതുകൊണ്ട് അല്ലേ അവളെ കെട്ടിയതും..... ഇല്ലെങ്കിൽ ഇപ്പോഴും ഈ വീട്ടിൽ കെട്ടാതെ.....""" പറഞ്ഞു തീർക്കും മുൻപേ കവിളാകെ നീറി പുകഞ്ഞത് പോലെ തോന്നി അവൾക്ക്... ഞെട്ടലോടെ മുഖമുയർത്തിയപ്പോൾ ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന ആശയെയാണ് കാണുന്നത്... ""എന്ന് മുതലാടി നീയിങ്ങനെയൊക്കെ സംസാരിക്കാൻ തുടങ്ങിയത്.... ഏഹ് എന്ന് മുതലാണെന്ന്.... ""ചോദ്യത്തോടൊപ്പം ചുമലിലായി പൊതിരെ തല്ലും വീണിരുന്നു...

"""എന്റെ തെറ്റാ എല്ലാം..... ഇളയതുങ്ങൾ അല്ലിയോ എന്ന് വിചാരിച്ചു നിന്നെയൊക്കെ കുറച്ചു കൂടുതൽ കൊഞ്ചിച്ചു..... നീയിപ്പോ പറഞ്ഞ അവൾ തന്നെയല്ലേ ഇത്രയും നാളും ഈ വീട്ടിലെ ചിലവ് നോക്കിയത്..... എന്നിട്ടിപ്പോ അവൾ കണക്ക് പറയുന്നു... ഈശ്വരാ.. ഇങ്ങനെ ഒരെണ്ണം എന്റെ വയറ്റിൽ തന്നെ വന്നു ജനിച്ചല്ലോ....""" തലയ്ക്കടിച്ചു പതം പറഞ്ഞുകൊണ്ട് അവർ നിലത്തേക്ക് ഊർന്നിരുന്നു... അവളൊന്നും മിണ്ടാതെ തുറിച്ചു നോക്കി നിന്നതേ ഉള്ളൂ.... ""എന്താമ്മേ.... എന്തിനാ കരയുന്നെ..."" ആശയുടെ കരച്ചിൽ കണ്ടതും പ്രിയ ഓടി അടുത്തിരുന്നു... ""എന്താ അച്ചു.... അമ്മയെന്തിനാ കരയുന്നെ.... പേടിപ്പിക്കാതെ കാര്യം പറയമ്മേ....""

അച്ചു അവളെയൊന്ന് തറപ്പിച്ചു നോക്കി മുറിയിലേക്ക് കയറി പോയി കതക് വലിച്ചടച്ചു.... കട്ടിലിൽ മുഖമമർത്തി ഇരിക്കുമ്പോഴും ദേഷ്യം അടങ്ങുന്നുണ്ടായിരുന്നില്ല അവൾക്ക്.... ദാരിദ്ര്യം നിറഞ്ഞ ഈ വീട്ടിൽ നിന്നും പുറത്ത് പോകണം എന്ന് മാത്രം മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""എന്താടോ കണ്ടിട്ടും കാണാതെ പോകുന്നത്...."" പെട്ടെന്ന് പിന്നിൽ നിന്നും ദ്രുവിക്കിന്റെ ശബ്ദം കേട്ടതും ലച്ചു അവിടെ തന്നെ നിന്നു.... അവനെ നോക്കി ചമ്മലോടെ ചിരിച്ചു.... മനസ്സിലായല്ലേ എന്ന ഭാവത്തിൽ... അമ്മയുടെ കൂടെ സാരി നോക്കുന്നതിന്റെ ഇടയ്ക്കാണ് തൊട്ടടുത്തു തന്നെ സാരിയും നോക്കി നിന്ന ആളെ കാണുന്നത്... തന്നെ കണ്ടിട്ടില്ല എന്ന് തോന്നിയതും വേഗം അമ്മയുടെ കൈ പിടിച്ചു മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചു തിരിഞ്ഞു നടക്കുകയായിരുന്നു... ""ഞാനെന്തിനാ കാണാതെ പോകുന്നത്....

അപ്പുറത്തെ സൈഡിൽ കുറച്ചൂടെ നല്ല സെലെക്ഷൻ ഉണ്ട്... അങ്ങോട്ട് പോയതാ..."" തോൽവി സമ്മതിക്കാൻ മനസ്സില്ലാത്തത് പോലെ അവനെയൊന്ന് പുച്ഛത്തോടെ നോക്കി പറഞ്ഞു... ""ഓഹോ...."" ദ്രുവിക് ചിരിച്ചതേ ഉള്ളൂ... ""ആരാ ലച്ചു ഇത്....."" അമ്മ ചോദിച്ചതും ദ്രുവിക് അടുത്ത നിമിഷം അടുത്ത് എത്തിയിരുന്നു... ""അമ്മേ ഞാൻ ദ്രുവിക്. ഇവിടെ ടൌൺ സ്റ്റേഷനിൽ എസ്. ഐ ആണ്.... ലക്ഷ്മിയുടെ സുഹൃത്തും....."" ""ആഹാ.... ഈ പെണ്ണ് ഇതുവരെ പറഞ്ഞിട്ടില്ല ഇങ്ങനെ ഒരാളുടെ കാര്യം..."" ""മോന്റെ വീടെവിടെയാ.."" ""വീട് ഇവിടുന്ന് ഒന്ന് രണ്ടു മണിക്കൂർ ദൂരമുണ്ടമ്മേ.....ക്വാർട്ടേഴ്‌സ് നോക്കുന്നുണ്ട് താമസിക്കാൻ തത്കാലത്തേക്ക്....

പിന്നേ സ്റ്റേഷന്റെ ഒരു അര മണിക്കൂറിനുള്ളിൽ വീടുള്ള ഒരു പെണ്ണിനെ കെട്ടാം എന്ന് വിചാരിക്കുന്നു... അതാകുമ്പോൾ ക്വാർട്ടേഴ്‌സ് കിട്ടിയില്ലെങ്കിലും ഇവിടുന്ന് പോകുന്നത് വരെ താമസിക്കാൻ ഒരു സ്ഥലം ആയല്ലോ....""" അവൻ ചിരിയോടെ കണ്ണിറുക്കി പറഞ്ഞതും ലച്ചു കണ്ണ് തള്ളി നിന്ന് പോയി.... അവളുടെ മുഖത്തെ അമ്പരപ്പും ദ്രുവിക്കിന്റെ ചിരിയും കണ്ടപ്പോൾ അമ്മയോന്ന് അമർത്തി മൂളി.... ""ഹ്മ്മ്... എന്തായാലും ആ പെണ്ണിനെ വേറാരും കൊണ്ട് പോകാതെ ചെന്ന് ആലോചിക്കാൻ പറ വീട്ടുകാരോട്...."" രണ്ടാളും ചമ്മലോടെ മുഖം താഴ്ത്തി.... ലച്ചു അതിന്റെ ഇടയിലും അവനെ കൂർപ്പിച്ചു നോക്കുന്നുണ്ടായിരുന്നു...

""പിന്നെ അമ്മേ.... അന്നത്തെ മെസ്സേജ്...."" അവൻ പറഞ്ഞു തുടങ്ങിയതും ലച്ചു വേഗം ഇടയ്ക്ക് കയറി... ""ചേച്ചി ആ ആകാശ നീല സാരി ഇങ്ങെടുത്തെ...."" അതെടുത്തു അമ്മയുടെ ദേഹത്തേക്ക് വച്ചു നോക്കി.... """ആഹാ സൂപ്പർ.... നമ്മളിനി താഴേക്ക് പോവല്ലേ.... ഇത് ഇവിടെ നിന്ന് തന്നെ ബില്ല് ആക്കാം... ഇപ്പോഴാണെങ്കിൽ കൌണ്ടറിൽ ഒരാളെ ഉള്ളൂ.... അമ്മ വേഗം ചെല്ല്....""" അവളുടെ വെപ്രാളം നോക്കി ചിരിയോടെ നിൽക്കുകയായിരുന്നു ദ്രുവിക്. അമ്മ ബില്ലടിക്കാൻ പോയതും ലച്ചു ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു... അവനെ കൂർപ്പിച്ചു നോക്കി... ""നിങ്ങൾക്കിത് എന്തിന്റെ കുഴപ്പമാ....

വീണ്ടും വീണ്ടും എന്തിനാ ആ മെസ്സേജ് ന്റെ കാര്യം തന്നെ പറയുന്നത്.... ഏഹ്..."" വിരലും ചൂണ്ടി ചുവന്ന മുഖത്തോടെ ദേഷ്യത്തിൽ നിൽക്കുന്ന പെണ്ണിനെ കണ്ടിട്ടും ദ്രുവിക്കിന് ചിരിയാണ് വന്നത്... ""അമ്മ പറഞ്ഞത് കേട്ടില്ലേ.... വീട്ടുകാരെ കൂട്ടി വരാൻ.... പെട്ടെന്ന് അങ്ങ് വന്നാലോ..."" അങ്ങോട്ട്‌ ചൂടായത് ശ്രദ്ധിക്കാതെ പെട്ടെന്നവൻ പറഞ്ഞതും ആ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി നിന്നു ലച്ചു....................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story