അനന്തിക: ഭാഗം 39

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

""നിങ്ങൾക്കിത് എന്തിന്റെ കുഴപ്പമാ.... വീണ്ടും വീണ്ടും എന്തിനാ ആ മെസ്സേജ് ന്റെ കാര്യം തന്നെ പറയുന്നത്.... ഏഹ്..."" വിരലും ചൂണ്ടി ചുവന്ന മുഖത്തോടെ ദേഷ്യത്തിൽ നിൽക്കുന്ന പെണ്ണിനെ കണ്ടിട്ടും ദ്രുവിക്കിന് ചിരിയാണ് വന്നത്... ""അമ്മ പറഞ്ഞത് കേട്ടില്ലേ.... വീട്ടുകാരെ കൂട്ടി വരാൻ.... പെട്ടെന്ന് അങ്ങ് വന്നാലോ..."" അങ്ങോട്ട്‌ ചൂടായത് ശ്രദ്ധിക്കാതെ പെട്ടെന്നവൻ പറഞ്ഞതും ആ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി നിന്നു ലച്ചു... ""പറയെഡോ....."" മറുപടിയില്ലെന്ന് കണ്ടതും വീണ്ടും അവനായി തന്നെ പറഞ്ഞു.. പിടച്ചിലോടെ നോട്ടം മാറ്റി.... അടുത്ത നിമിഷം തന്നെ വീണ്ടും മുഖം കൂർത്തു... ""എന്നോടെന്തിനാ ചോദിക്കുന്നത്.... കല്യാണം കഴിക്കേണ്ടവര് താല്പര്യം ഉണ്ടെങ്കിൽ വന്നാൽ മതി...."" മിഴിച്ചു നോക്കുന്ന അവനെയൊന്ന് കണ്ണ് ചിമ്മി കാട്ടി ചിരിയൊളിപ്പിച്ചു തിരിഞ്ഞു നടന്നു...

അമ്മയുടെ കൈയും പിടിച്ചു അവൾ നടന്നു പോകുന്നത് കണ്ണിൽ നിന്ന് മറയുവോളം നോക്കി നിന്നു ദ്രുവിക്... ഒടുവിൽ പൂർണ്ണമായും കാഴ്ചയിൽ നിന്ന് മറയും മുൻപ് തിരിഞ്ഞൊന്ന് നോക്കിയതും അടക്കി നിർത്താനാകാതെ ചിരി പൊട്ടി പോയി.... പല്ല് മുഴുവനും കാട്ടി തലയൊന്ന് കുടഞ്ഞു ചിരിക്കുന്നവനിൽ തന്നെ മിഴിനട്ട് അവളും. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""അച്ചൂ....."". രാത്രി പ്രിയ കതകിൽ തട്ടി വിളിച്ചിട്ടും വാതിൽ തുറന്നില്ല.. ""അച്ചൂ.... വാതില് തുറക്കാനാ പറഞ്ഞത്...."" എത്ര വിളിച്ചിട്ടും വാതിൽ തുറക്കാതെ വന്നപ്പോൾ അവൾക്ക് ചെറിയ പേടി തോന്നി.... സാധാരണ ഇല്ലെന്നുള്ള മറുപടി എങ്കിലും കിട്ടുന്നതാണ്.. അമ്മയെ നോക്കിയപ്പോൾ ഇവിടെയില്ല...

അടുക്കളയിലാണ്... ചോറ് വിളമ്പുമ്പോൾ തന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടതാണ് അവളെ വിളിച്ചിട്ട് വരാൻ.. അടുക്കള വാതിലിന്റെ അടുത്തായിട്ടാണ് മുറിയുടെ ജനൽ... പക്ഷേ ഇപ്പോൾ അതുവഴി മുറ്റത്തു ഇറങ്ങിയാൽ അമ്മയുടെ ചോദ്യമെത്തും... വെറുതെ പേടിപ്പിക്കേണ്ട... അമ്മയുടെ മുറിയിൽ നിന്നും ടോർച് എടുത്തു ഉമ്മറ വാതിൽ വഴി മുറ്റത്തേക്ക് ഇറങ്ങി... ജനലടച്ചു കുറ്റി ഇടാതിരുന്നാൽ മതിയായിരുന്നു... സാധാരണ സന്ധ്യ ആകുമ്പോൾ താനാണ് കൊതുക് കയറാതിരിക്കാൻ ജനലൊക്കെ അടച്ചു പൂട്ടുന്നത്.... ഇന്നിപ്പോൾ അതിനൊക്കെ മുൻപേ അച്ചു കയറി കതകടച്ചതുകൊണ്ട് അതൊന്നും ചെയ്തു കാണില്ല എന്ന ആശ്വാസമുണ്ട്.. പ്രതീക്ഷിച്ചത് പോലെ തന്നെ ജനല് രണ്ടും തുറന്നിട്ടിട്ടുണ്ട്...

സമാധാനത്തോടെ ഒന്ന് ശ്വാസമെടുത്തു... അകത്തോട്ടു നോക്കിയപ്പോൾ ദേഷ്യം വന്നു.... ഹെഡ്സെറ്റും ചെവിയിൽ വച്ചു കട്ടിലിൽ ചാരി ഇരിപ്പുണ്ട്.... കണ്ണടച്ചാണ് ഇരിപ്പ്... അപ്പോൾ മനപ്പൂർവം മൈൻഡ് ചെയ്യാതിരുന്നതാണ് കേട്ടിട്ടും.. ടോർച് എടുത്തു മുഖത്തിന്‌ നേരെ വെട്ടമടിച്ചതും ദേഷ്യത്തോടെ മുഖം ചുളിച്ചു.... വെളിച്ചം കണ്ണിലടിക്കാതിരിക്കാൻ കൈ കൊണ്ട് മറച്ചു പിടിക്കുന്നുണ്ട്... ""വാതില് തുറക്ക് അച്ചു..... ഇല്ലെങ്കിൽ അമ്മേടെ മുറിയിൽ ഇനിയും ഒരു താക്കോല് കൂടി ഉണ്ടെന്ന് അറിയാലോ.... പുറത്തൂന്ന് പൂട്ടി ഇടും ഞാൻ... രണ്ടാളുടെയും കൂടി മുറിയാ...."" ഇത്തിരി കടുപ്പത്തോടെ പറഞ്ഞതും ദേഷ്യത്തിൽ ഒന്ന് നോക്കിയിട്ട് പിറുപിറുത്തു എഴുന്നേൽക്കുന്നത് കണ്ടു...

ആദ്യമായിട്ടാണ് അവളോടിങ്ങനെ ദേഷ്യത്തിൽ സംസാരിക്കുന്നത്.... അമ്മ ഇത്ര നേരം കരഞ്ഞിട്ടും തിരിഞ്ഞു പോലും നോക്കാതിരുന്നപ്പോൾ വന്ന ദേഷ്യമാണ്.... അനുവേച്ചിയെ എന്തൊക്കെയോ പറഞ്ഞെന്നൊക്കെ അമ്മ കരച്ചിലിന്റെ ഇടയ്ക്ക് പറയുന്നുണ്ടായിരുന്നു... അതൊക്കെ കേൾക്കുമ്പോൾ ഉള്ളിൽ കുറ്റബോധം നിറയും... ഒരിക്കൽ താനും വേദനിപ്പിച്ചതാണ് ആ മനസ്സ്... ഒരുപക്ഷേ അന്ന് ലച്ചുവേച്ചിയോട് സംസാരിച്ചില്ലായിരുന്നുവെങ്കിൽ ഇപ്പോഴും താൻ.... അകത്തേക്ക് കയറി ചെന്നപ്പോഴേക്ക് വാതിൽ തുറന്നിട്ടിരുന്നു... ""കഴിക്കാൻ വരുന്നില്ലേ നീയ്..."" അകത്തു ചെന്ന് ചോദിച്ചതും അലസമായി ഒന്ന് നോക്കി വീണ്ടും കട്ടിലിൽ തന്നെ ചാരി കിടന്നു...

""ഒരു നേരം കഴിച്ചില്ല എന്ന് വിചാരിച്ചു ആരും ചത്തൊന്നും പോകില്ല...."" പിന്നെ വിളിക്കാൻ നിന്നില്ല.... കഴിക്കാൻ ഇരിക്കുന്നതിന്റെ ഇടയ്ക്ക് അമ്മ ചോദിച്ചപ്പോൾ വന്നില്ലെന്ന് പറഞ്ഞു.... കുറച്ചു മുൻപ് നടന്നതിന്റെ ദേഷ്യം കാരണമാകണം അമ്മയും വിളിക്കാൻ ചെന്നില്ല... ബാക്കിയിരിക്കുന്നത് കാടിപാത്രത്തിലേക്ക് ഒഴിക്കുന്നത് കണ്ടു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""ഹോ....."" നന്ദു ആശ്വാസത്തോടെ ബക്കറ്റിൽ മുക്കി പിഴിഞ്ഞു വച്ച ഡ്രസ്സിലേക്ക് നോക്കി... മണല് കളഞ്ഞു... കളഞ്ഞു ഒരു വഴിയായി... വീട്ടിൽ വന്നപ്പോഴേക്കും ഡ്രെസ്സൊക്കെ ഉണങ്ങിയതുകൊണ്ട് മുറ്റത്തു നിന്ന് തന്നെ തട്ടിക്കുടഞ്ഞു കാലും കഴുകിയിട്ടാണ് കയറിയത്...

എന്നിട്ടും കുളിക്കാൻ കയറിയപ്പോൾ വീണ്ടും ഡ്രസ്സിൽ നിറയെ മണ്ണ്.... മണലിൽ ഇരുന്നതിന്റെ ആകും... തട്ടി കളഞ്ഞിട്ടും മുഴുവൻ പോകാതെ വന്നപ്പോൾ ബക്കറ്റിൽ വെള്ളം പിടിച്ചു പിഴിഞ്ഞെടുത്തു... എല്ലാം കഴിഞ്ഞു കുളിച്ചിട്ട് ഇറങ്ങിയപ്പോഴേക്കും നേരം കുറേ ആയി.... മഹിയേട്ടന് പിന്നെ മണലിലൊന്നും ഇരിക്കാതെ പാന്റ് മുട്ട് വരെയാക്കി നടന്നതുകൊണ്ട് കാലിൽ മാത്രമുള്ള മണലെ ഉള്ളൂ.... അടുക്കളയിൽ മേളം കേൾക്കുന്നുണ്ട്.... രാത്രിയിലെ പാചകം മൂന്നാളും കൂടി ചെയ്തോളമെന്ന് വന്നപ്പോഴേ മഹിയേട്ടൻ അമ്മയോട് പറഞ്ഞിരുന്നു.. പാചകം തുടങ്ങുന്നതിനു മുൻപേ ഓടി പോയി കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ താനാണ്.... ഇപ്പോൾ എന്തായോ എന്തോ..

ചമ്മലോടെ പമ്മി പമ്മി അടുക്കള വാതിലിലേക്ക് നടന്നു... മഹിയേട്ടനും നിത്യയും മാത്രേ ഉള്ളൂ അടുക്കളയിൽ.... ആദ്യത്തെ ആള് ഉള്ളി അരിഞ്ഞു കണ്ണ് തുടയ്ക്കുന്നുണ്ട്.... നിത്യ ചപ്പാത്തി പരത്തുന്ന തിരക്കിലും... കട്ടിളപ്പടിയുടെ മറവിൽ പമ്മി നിന്ന് എത്തി നോക്കി.... ജോലിയൊക്കെ മിക്കവാറും തീർന്നു.... ഒരുമിച്ചു ചെയ്യാമെന്ന് പറഞ്ഞതാണ്... രണ്ടാളും കൂടിയിന്ന് കളിയാക്കുമോ എന്തോ... ""നമുക്കിവിടെ ഒരു പൂച്ചയുണ്ട് അല്ലേ നിത്യേ...."" മഹി ചോദിക്കുന്നത് കേട്ടതും രണ്ടാളുടെയും നെറ്റി ചുളിഞ്ഞു.... അവനെ സംശയത്തോടെ നോക്കി... ""ഹാ നീ മറന്നോ..... നമ്മുടെ കള്ളിപ്പൂച്ച.... പണിയെടുക്കാതെ കറങ്ങി നടന്നിട്ട് വാതിലിന്റെ പിന്നിൽ നിന്നൊരു ഒളിഞ്ഞു നോട്ടമുണ്ട്...."

" മഹി ആരെയാ ഉദ്ദേശിച്ചത് എന്ന് മനസ്സിലായതും നിത്യ ചിരിയോടെ വീണ്ടും ജോലിയിലേക്ക് തിരിഞ്ഞു.... നന്ദു തലയിലൊന്ന് കൊട്ടി അകത്തേക്ക് നടന്നു... ""ഞാനൂടെ വന്നിട്ട് തുടങ്ങിയാൽ മതിയായിരുന്നല്ലോ..."" ""ഹാ.... എങ്കിൽ നല്ല കഥയായേനെ... ഇപ്പോൾ തന്നെ മണി ഒൻപതു കഴിഞ്ഞു.... ഇത് നാളെ കഴിക്കാനല്ല...."" ""ഡ്രെസ്സിലൊക്കെ മുഴുവൻ മണലായിരുന്നു..... അതാ.... പിന്നെ...."" ""ഹ്മ്മ്.... മതി... മതി.... ദാ ഈ ഉള്ളി അരിയാൻ വേണ്ടിയാ പെട്ടെന്ന് കുളിച്ചിട്ട് വരാൻ പറഞ്ഞത്.... ഞങ്ങള് രണ്ടാളും നല്ല ശത്രുക്കള..... ഇനിയിപ്പോ അത് കഴിഞ്ഞു... വഴറ്റി എടുത്തോ ഇനി കറിക്ക്...."" അരിഞ്ഞു വച്ചത് അത്രയും അവൾക്ക് നേരെ നീട്ടി വീണ്ടും അടുക്കള സ്ലാബിന്റെ മുകളിലേക്ക് കയറി ചാരി ഇരുന്നു മഹി...

ബഹളങ്ങളോടെയായിരുന്നു പാചകം..... നിത്യ നേരിട്ടൊന്നും പറഞ്ഞില്ലെങ്കിലും പറയുന്നതിനൊക്കെ ചിരിക്കുന്നുണ്ട്.... അമ്മ വന്നപ്പോഴേക്കും പണിയൊക്കെ കഴിഞ്ഞു അടുക്കള ഒതുക്കിയിരുന്നു... അമ്മ നേരത്തെ കഴിച്ചിരുന്നു.... മരുന്ന് കഴിക്കാനുള്ളതുകൊണ്ട് ആൾക്ക് വിശന്നിരിക്കാനൊന്നും പറ്റില്ല.... ഇനിയിപ്പോ ഞങ്ങള് മൂന്നാളെ ഉള്ളൂ കഴിക്കാൻ.. മഹിയേട്ടനാണ് എല്ലാം ഡൈനിങ്ങ് ടേബിളിലേക്ക് കൊണ്ട് വച്ചത്.... പ്ളേറ്റ് എടുക്കാൻ പോയപ്പോഴേക്കും ആള് മൂന്നാൾക്കുമുള്ള ചപ്പാത്തിയും കറിയും ഒന്നിലേക്ക് വിളമ്പിയിരുന്നു... നിത്യയുടെ മുഖത്ത് അതിശയം ഒന്നുമില്ല... മഹി വിളമ്പിയപ്പോഴേ അവന്റെ ഒരു വശത്തായുള്ള കസേരയിലേക്ക്‌ ഇരുന്നിരുന്നു... ""എന്തേ.... ഇനി പ്രത്യേകം പറയണോ..... ഹ്മ്മ്....""

അവൻ പിരികമൊന്നുയർത്തിയതും മറുവശത്തുള്ള കസേരയിലേക്ക് ഇരുന്നു... ആദ്യത്തെ പീസ് മുറിച്ചെടുത്തു കറിയിൽ മുക്കി സ്വന്തമായി കഴിക്കുന്നത് കണ്ടതും ചിരി പൊട്ടി.... നിത്യയുടെ മുഖത്തും ചിരിയുണ്ട്... അടുത്തത് ശ്രദ്ധയോടെ മുറിച്ചെടുത്തു കറിയിൽ മുക്കി വായ്ക്ക് നേരെ നീട്ടിയതും അറിയാതെ വായ തുറന്നു... ഇമകൾ പോലും ചിമ്മാതെ അവനെ തന്നെ നോക്കിയിരുന്നു... രണ്ടാൾക്കും വാരി തന്നു സ്വയമേ കഴിക്കുന്നുണ്ട്.. കണ്ണ് നിറയുന്നുണ്ട്.... ഇതുവരെ തോന്നാത്ത സ്വാദ് തോന്നുന്നുണ്ട് ഒരോ തവണ തരുന്നതിനും... ""എന്താടാ എരിവുണ്ടോ....."" കഴിച്ചു തീരാറായതിന്റെ ഇടയിലെപ്പോഴോ പെയ്യാൻ തുളുമ്പി വന്നൊരു നീർതുള്ളി കൈയിലേക്ക് വീണതും മഹി പെട്ടെന്ന് ചോദിച്ചു....

ഇല്ലെന്ന രീതിയിൽ തലയാട്ടിയെങ്കിലും വീണ്ടും വീണ്ടും വാശിയോടെ കണ്ണ് നിറഞ്ഞൊഴുകി.... ""നന്ദൂ....."" അത് മാത്രം മതിയായിരുന്നു കഴുത്തിൽ ചുറ്റിപ്പിടിച്ചു അവനെ ചുറ്റി വരിയാൻ... മഹി ചിരിയോടെ അവളെ ഒന്നുകൂടി അണച്ചു പിടിച്ചു.... ചെറുതായി ഏങ്ങലടിക്കുന്ന ശബ്ദം അപ്പോഴും കേൾക്കുന്നുണ്ട്.... ""ദേ പെണ്ണെ.... വേണമെങ്കിൽ നേരെയിരുന്നു കഴിച്ചോ.... ഇല്ലെങ്കിൽ ദാ ഇത് ഫുൾ എന്റെ കൊച്ച് കഴിക്കും....പിന്നെ അര വയറും കൊണ്ട് കിടന്നുറങ്ങേണ്ടി വരും....വെറുതെ പറയുവല്ല....."" പറഞ്ഞു നിർത്തിയതും നിത്യ കൈ ചുരുട്ടി ഒരെണ്ണം കൊടുത്തിരുന്നു വയറ്റിൽ... ""ഓ.... ""മഹിയൊന്നു കുനിഞ്ഞു... ""ഒരു വശത്തു ഒരാള് കഴുത്തിൽ ഞെക്കി കൊല്ലുന്നു....

അടുത്തത് മനുഷ്യനെ ഇടിച്ചു കൊല്ലുന്നു.... മനസാക്ഷി വേണമെടി രണ്ടിനും...""" ചുണ്ട് ചുളുക്കി അവൻ പറഞ്ഞതും രണ്ടാളും ചിരിയോടെ ഒന്നുകൂടി ചേർന്നിരുന്നിരുന്നു.... രാത്രി ഉറങ്ങുവോളം രണ്ടാളും ഇരുവശത്തായി അവനോട് പറ്റിച്ചേർന്നു അങ്ങനെ തന്നെയിരുന്നു... ഇടയ്ക്കൊക്കെ വിശേഷങ്ങൾ ഓരോന്നായി പറഞ്ഞും.... ചിരിച്ചും.... കൂടുതലും സംസാരിച്ചത് മഹിയാണ്... നിത്യ അങ്ങനെ തന്നെയിരുന്നു ഉറക്കം തൂങ്ങുന്നത് കണ്ടപ്പോൾ പൊക്കിയെഴുന്നേൽപ്പിച്ചു മുറിയിൽ കൊണ്ട് കിടത്തി.... തിരിച്ചു വന്നപ്പോൾ അടുത്തയാളും സെറ്റിയിൽ ഇരുന്ന് ഉറക്കം വന്നടയുന്ന കൺപോളകളെ തുറന്നു വയ്ക്കാൻ ശ്രമിക്കുന്നുണ്ട്...

""ആഹാ.... ഒന്നിനെ കിടത്തിയിട്ട് വന്നപ്പോൾ..... ""അവൻ ഏണിനു കൈ കൊടുത്തു പറഞ്ഞതും ചമ്മലോടെ കണ്ണ് തിരുമ്മി നേരെ ഇരുന്നു... ""മതി... മതി ഇനിയിരുന്നു ഉറങ്ങി വീഴണ്ട.... വാ...."" പെട്ടെന്ന് തോന്നിയ കുസൃതിയിൽ കൊച്ചു കുട്ടികളെ പോലെ കൈ നീട്ടി കാണിച്ചു.... ""എന്നെയൊന്നു എടുക്കുമോ.... ഒരു തവണ... പ്ലീസ്...... എനിക്ക് ഓർമ്മ വന്നതിൽ പിന്നെ ആരും എടുത്തിട്ടില്ല...."" ചുണ്ട് ചുളുക്കി ഇത്തിരി സങ്കടത്തോടെയാണ് പറഞ്ഞത്... ആള് അനങ്ങാതെ നിൽക്കുന്നത് കണ്ടപ്പോൾ ചോദിച്ചത് അബദ്ധമായെന്ന് തോന്നി... ശേ.... വേണ്ടിയിരുന്നില്ല.... എന്ത് വിചാരിച്ചു കാണുമോ എന്തോ.... പെട്ടെന്ന് തോന്നിയ ഒരിതിൽ പറഞ്ഞതാണ്....

ആൾക്ക് കൈയും നടുവൊക്കെ വേദനയെടുക്കുമോ എന്തോ.... ഒന്നും ആലോചിച്ചില്ല.... ജാള്യതയോടെ തല താഴ്ത്തി നീട്ടിപ്പിടിച്ച കൈകൾ മടക്കി തുടങ്ങുമ്പോഴേക്ക് വായുവിൽ ഉയർന്നു പൊങ്ങിയിരുന്നു... രണ്ടു കൈയിലുമായി പൊക്കി എടുത്തിട്ടുണ്ട്... മിഴിച്ചു നോക്കുന്ന പെണ്ണിന്റെ നെറ്റിയിലായി പതിയെ നെറ്റി മുട്ടിച്ചു... ""ഇനിയെന്നും ഇതുപോലെ മനസ്സിൽ എന്ത് തോന്നിയാലും അപ്പോൾ തന്നെ ചോദിച്ചോണം.... ഒരാഗ്രഹവും പറയാതെ കെട്ടിപ്പൂട്ടി വയ്ക്കണ്ട..... ഹ്മ്മ്....""..............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story