അനന്തിക: ഭാഗം 43

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

തളർച്ചയോടെ കസേരയിലേക്ക് ഇരുന്ന് പോയി ആശ.... അവരുടെ കണ്ണ് രണ്ടും നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.... ഒരക്ഷരം ഉരിയാടാതെ ചുണ്ടുകൾ വിതുമ്പി തുടങ്ങി.... കണ്ണുകളച്ചു പിടിച്ചു തലയ്ക്കു കൈ കൊടുത്തു അങ്ങനെ തന്നെയിരുന്നു പോയി.. ""തെറ്റായിപ്പോയി..... വലിയ തെറ്റ്....."" 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 അത്താഴം കഴിക്കാൻ വിളിച്ചിട്ടും അച്ചു ചെന്നില്ല.... ""അമ്മ കഴിക്കാൻ നോക്കമ്മേ.... മരുന്നുള്ളതാ... വെറും വയറ്റിൽ കിടന്നുറങ്ങി ബാക്കി അസുഖം വരുത്താൻ നിൽക്കാതെ.... ചെറിയ കുട്ടിയൊന്നുമല്ലല്ലോ... അവൾക്ക് വേണ്ടപ്പോൾ അവള് വന്നെടുത്തു കഴിച്ചോളും....""

ഇപ്പോഴും തലയ്ക്ക് കൈ കൊടുത്തു ഹാളിൽ തന്നെയിരിക്കുന്ന ആശയുടെ അടുത്തേക്ക് ചെന്ന് പ്രിയ ഇത്തിരി ദേഷ്യത്തിൽ പറഞ്ഞതും അവർ മനസ്സില്ലാ മനസ്സോടെ ഇത്തിരി കഴിച്ചെന്നു വരുത്തി.. . അമ്മയെ മുറിയിൽ കൊണ്ട് കിടത്തിയിട്ടാണ് പ്രിയ അച്ചുവിന്റെ അടുത്തേക്ക് ചെല്ലുന്നത്.. എന്തൊക്കെയോ ആലോചിച്ചു ചിരിച്ചുകൊണ്ട് കട്ടിലിൽ കിടക്കുന്ന അച്ചുവിനെ കണ്ടതും അവൾക്ക് ദേഷ്യം വന്നു... ""നിനക്കെങ്ങനെയാ അച്ചു ഇങ്ങനൊക്കെ പറയാൻ തോന്നുന്നത് അമ്മയോട്.... നീ പറഞ്ഞതൊക്കെ ഇന്ന് വരെ നടത്തി തന്നിട്ടല്ലേ ഉള്ളൂ... അനു ചേച്ചിയോട് പോലും പറയാതെ എത്രയോ തവണ നീ ചോദിക്കുമ്പോഴൊക്കെ പൈസ തന്നിട്ടുണ്ട്.....""

ചുമലിൽ പിടിച്ചു തള്ളിക്കൊണ്ട് പറഞ്ഞതും അച്ചു രൂക്ഷമായി നോക്കി... പിന്നെ പുച്ഛത്തോടെ ചിരിച്ചു.... ""എത്രയാ തന്നിട്ടുള്ളതെന്ന് പറഞ്ഞാൽ മതി തിരിച്ചു തന്നോളാം ഞാൻ..."" ""അച്ചു നീ അമ്മ പറയുന്നത് കേൾക്ക്... സപ്ലി ഒക്കെ എഴുതി എടുക്കാൻ ഇനിയും സമയം ഉണ്ടല്ലോ.... അതൊക്കെ pass ആയാൽ പിന്നെ അമ്മ കല്യാണം ഉടനെ വേണമെന്ന് പറയില്ല... എന്റെ കൈയിൽ നോട്ട് ഉണ്ടല്ലോ... അത് നോക്കി പഠിച്ചാൽ പോരെ.... ഹ്മ്മ്..."" അവൾ പറഞ്ഞത് കേട്ടില്ലെന്ന് നടിച്ചു പ്രിയ പതിയെ സമാധാനത്തോടെ പറഞ്ഞു നോക്കി... ""നീ വേണമെങ്കിൽ അതുപോലുള്ള ഒരിടത്തേക്ക് കെട്ടി പൊയ്ക്കോ.... എന്നേ കിട്ടില്ല അയാളെ കല്യാണം കഴിക്കാൻ...

മേലിൽ എന്നോട് ഈ കാര്യം സംസാരിക്കുവേം വേണ്ടാ...."" ദേഷ്യത്തോടെ പ്രിയയെ നോക്കി വിരൽ ചൂണ്ടി പറഞ്ഞിട്ട് തിരിഞ്ഞു കിടന്നു... അവളെ തന്നെ പകച്ചു നോക്കി നിൽക്കുകയായിരുന്നു പ്രിയ... വല്ലാത്ത ഒരു മാറ്റം പോലെ... പക്ഷേ എത്ര ആലോചിച്ചിട്ടും അതിനുള്ള കാരണം മാത്രം മനസ്സിലാകുന്നില്ല... ചോദിച്ചാൽ അവൾ പറയുകയും ഇല്ല... ആലോചനയോടെ അവളെ തന്നെ നോക്കി കിടന്നു..... എന്തൊക്കെയോ തെറ്റായി സംഭവിക്കാൻ പോകുന്നത് പോലെ ഒരു പേടി മനസ്സിൽ നിറയുന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""അച്ചു പ്ലീസ് ഡി.... ആ ഷൂസ് ഒരു ദിവസത്തേക്ക് എനിക്കൊന്ന് ഇടാൻ താ.... പ്ലീസ്....."

അച്ചുവിന്റെ കാലിൽ കിടക്കുന്ന പുതിയ ഷൂവിലേക്ക് നോക്കി പ്രിയ കൊതിയോടെ നിന്നു... ""സൗകര്യമില്ല..... ഇതേ എന്റെ ഷൂവാണ്....""അവളെ നോക്കി പുച്ഛത്തോടെ ചിരിച്ചു ഷൂവിന്റെ ലേസ് ഒന്ന് കൂടി മുറുക്കി കെട്ടി... പ്രിയ അപ്പോഴും അച്ചുവിന്റെ ഷൂവിലേക്കും ബാഗിലെക്കും ഫോണിലേക്കുമൊക്കെ നോക്കി നിരാശയോടെ നിൽക്കുന്നുണ്ടായിരുന്നു... ""അച്ചു മോളെ......""അമ്മ വിളിച്ചപ്പോൾ മുടിയൊന്ന് കൂടി കണ്ണാടിയിൽ നോക്കി ഒതുക്കി വച്ചു പുറത്തേക്ക് ഇറങ്ങി... "'"നിന്റെ കൈയിൽ പൈസ ഇരിപ്പുണ്ടോ.... ഈ മാസത്തെ ചിലവിനുള്ളതൊക്കെ തീർന്നു.....'"" കഴിച്ചു തീർന്നപ്പോഴാണ് അമ്മ പറഞ്ഞത്... ബാഗിൽ നിന്നും കുറച്ചു രൂപ എടുത്തു ടേബിളിലേക്ക് വച്ചു...

""ഇത്രേമോ... ഇതുകൊണ്ട് എന്താകാനാ അച്ചു.... കറന്റ്‌ ബിൽ അടക്കാനും പലചരക്കു കടയിൽ കൊടുക്കാനും പോലും തികയില്ല...."" ""ഇത്രയേ തരാൻ ഉള്ളൂ.....എനിക്ക് എന്റെ ആവശ്യങ്ങളുണ്ട്.... ഇനിയും വേണമെങ്കിൽ മൂത്ത മോളോട് ചോദിക്ക്... ഇപ്പോ വീണ്ടും ഒറ്റയ്ക്കല്ലേ താമസം.... വലിയ ചിലവൊന്നും ഇല്ലല്ലോ....""" ആശ കൈയിൽ ചുരുട്ടിപ്പിടിച്ച പൈസയിലേക്ക് നോക്കി തറഞ്ഞു നിന്നു... 🌸🌸🌸🌸 ഫോണിലെ റിങ് ടോണിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടതും അച്ചു ഞെട്ടി കണ്ണ് തുറന്നു.... മുറിയിൽ തന്നെ കിടക്കുകയാണ്... വേഗം കാലിലേക്ക് നോക്കി ഷൂസ് കാണുന്നില്ല... മുറിയൊക്കെ പഴയത് പോലെ.... ജനലിൽ നിന്നും വെയിൽ വന്നു തുടങ്ങുന്നുണ്ട്.... പ്രിയയെ മുറിയിൽ കാണുന്നില്ല...

എഴുന്നേറ്റു പോയെന്ന് തോന്നുന്നു... ""സ്വപ്നം ആയിരുന്നോ...."" കഴിഞ്ഞു പോയതൊക്കെ ആലോചിച്ചു രണ്ടു കൈ കൊണ്ടും മുഖമൊന്നു അമർത്തി തുടച്ചു.... രാവിലെ കാണുന്ന സ്വപ്നം നടക്കുമെന്നല്ലേ പറയുന്നത്...ചിരിയോടെ ആലോചിച്ചു... വീണ്ടും ഫോൺ ബെല്ലടിച്ചപ്പോൾ എടുത്തു നോക്കി... ശ്രുതി കൃഷ്ണ എന്ന പേര് ഡിസ്പ്ലേയിൽ തെളിഞ്ഞു.. ""ഹലോ...... ശ്രുതി...."" സന്തോഷത്തോടെ വേഗം ഫോൺ എടുത്തു... ""ആഹ്.... അർച്ചന.... തന്ന കാര്യം മറക്കരുത് എന്ന് പറയാൻ വിളിച്ചതാ... മറക്കാതെ കൊടുക്കണെ ഇന്ന് മുതൽ..."" ""ഏയ്.... മറക്കില്ല.... ബാഗിലുണ്ട്...."" ഫോൺ വച്ചിട്ടും കുറച്ചു മുൻപ് കണ്ട സ്വപ്നത്തിന്റെ ലഹരി വിട്ട് മാറിയിട്ടുണ്ടായിരുന്നില്ല...

കുളിച്ചൊരുങ്ങി വന്നപ്പോഴാണ് അമ്മയെയും പ്രിയയെയും കാണുന്നത്... രണ്ടാളുടെയും മുഖത്ത് ഗൗരവം നിറഞ്ഞിരിക്കുന്നു... അങ്ങോട്ടും നോക്കാൻ പോയില്ല.... രാവിലത്തെ സ്വപ്നത്തിൽ തന്നെ തളച്ചിട്ടിരിക്കുകയായിരുന്നു മനസ്സ്... പ്രിയ വരാൻ കാത്തു നിൽക്കാതെ എന്തൊക്കെയോ കഴിച്ചെന്നു വരുത്തി ഇറങ്ങി.... ഇന്നലെ അങ്ങനെയൊക്കെ വഴക്കായത് കാരണം അമ്മ ഒന്നും പറയാൻ വന്നില്ല... ദേഷ്യത്തിൽ ഒന്ന് നോക്കി അടുക്കളയിലേക്ക് പോകുന്നത് കണ്ടു... കോളേജിൽ എത്തിയപ്പോഴേ ഗേറ്റ് ന്റെ അടുത്ത് കാത്തു നിൽക്കുന്ന ശ്രുതിയെ കണ്ടു... ""പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ.... പേടിക്കാതെ കൊടുക്കണം... നീ കഴിക്കാൻ എടുത്തിട്ട് ഷെയർ ചെയ്യുന്നു എന്ന രീതിയിൽ കൊടുത്താൽ മതി...

എല്ലാവർക്കും ഒന്നിച്ചു കൊടുക്കരുത്.... ആദ്യം ഇരിക്കുന്ന ബെഞ്ചിൽ മാത്രം കൊടുക്ക്...."" ശ്രുതി പറഞ്ഞതെല്ലാം തലയാട്ടി സമ്മതിച്ചു... മനഃപൂർവം പ്രിയയുടെ ബഞ്ചിൽ ഇരിക്കാതെ തൊട്ട് പിന്നിലുള്ള ബഞ്ചിൽ ഇരുന്നു.... ഇല്ലെങ്കിൽ പെണ്ണ് ആവശ്യം ഇല്ലാത്ത ചോദ്യങ്ങൾ ഒക്കെ ചോദിക്കും... എവിടുന്ന് കിട്ടി.... എങ്ങനെ വാങ്ങി.... ക്ലാസ്സിലൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.... ഇതെങ്ങനെ കൊടുക്കുമെന്ന ചിന്തയായിരുന്നു ഉള്ള് നിറയെ... ഇന്റർവെൽ ആയതും പതിയെ ബാഗ് തുറന്നു.... ആദ്യം മൂന്നെണ്ണം എടുത്തു കൈയിൽ പിടിച്ചതും പെട്ടെന്ന് ടീച്ചർ കയറി വന്നു.... അതുപോലെ തന്നെ വേഗം ബാഗിലെക്കിട്ടു... അവരിങ്ങോട്ടാണ് നടന്നു വരുന്നത് എന്ന് കണ്ടതും പേടി തോന്നി അവൾക്ക്....

ബാഗിൽ ബലമായി പിടിച്ചു ദേഹത്തോട് ചേർത്തു വച്ചു... """അർച്ചന വരൂ.... തന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട്... പ്രിൻസിപ്പൽ വിളിക്കുന്നു..."" പറയുന്നതിന്റെ ഒപ്പം മടിയിൽ നിന്നും ബാഗും വലിച്ചെടുത്തിരുന്നു ടീച്ചർ... ""എന്താ മിസ്സേ..... എന്താ.... വീട്ടിൽ നിന്നാണോ.....അമ്മ.... അമ്മയ്ക്ക് എന്തെങ്കിലും..."" മിസ്സ്‌ പറയുന്നത് കേട്ടതും പ്രിയയും വെപ്രാളത്തോടെ എഴുന്നേറ്റു... ""ഏയ്.... പ്രിയ ഇരുന്നോളൂ.... വീട്ടിൽ നിന്നൊന്നുമല്ല.... """അർച്ചനയെ മാത്രം വിളിക്കാനാണ് പറഞ്ഞത്.. അച്ചു പേടിയോടെ ചുറ്റും നോക്കി.... എല്ലാം അറിഞ്ഞിട്ടാകുമോ വിളിപ്പിക്കുന്നത്... നെഞ്ച് മിടിച്ചു മിടിച്ചു പൊട്ടി പോകുമെന്ന് തോന്നി അവൾക്ക്... കൈയും കാലുമൊക്കെ വിറയ്ക്കുന്നു....

വിറയ്ക്കുന്ന കൈകൾകൊണ്ട് ബഞ്ചിലോന്ന് അമർത്തി പിടിച്ചു പതിയെ എഴുന്നേറ്റു.... ക്ലാസ്സിലെ എല്ലാ കുട്ടികളും ഇങ്ങോട്ട് തന്നെ നോക്കിയിരിക്കുകയാണ്... അവൾക്ക് വല്ലാത്ത പരവേശം തോന്നി...നെറ്റിയിലൂടെ വിയർപ്പ് തുള്ളികൾ ചാലിട്ട് ഒഴുകി തുടങ്ങി.... ""വരൂ.... ""മിസ്സ്‌ കൈയിൽ പിടിച്ചു പറഞ്ഞതും കൂടെ നടന്നു.. ഇടത് വശത്തു മിസ്സും വലതു വശത്തായി വേറെ ഡിപ്പാർട്മെന്റ് ലെ ഒരു മിസ്സും നടക്കുന്നുണ്ട്.... പേടിയോടെ ചുറ്റും നോക്കി..... കുട്ടികളൊക്കെ ഇങ്ങോട്ടാണോ നോക്കുന്നത്... ഇലക്ട്രോണിക്സ് ക്ലാസ്സിന്റെ മുൻപിൽ എത്തിയതും അതിന്റെ അകത്തേക്ക് വെപ്രാളത്തിൽ നോക്കി... ആരും ഉണ്ടായിരുന്നില്ല ക്ലാസ്സിൽ... ബാഗ് ഇപ്പോഴും മിസ്സിന്റെ കൈയിലാണ്...

ഇല്ലെങ്കിൽ ഓടി വീട്ടിലേക്ക് പോകാമായിരുന്നു.... പേടിയാകുന്നു... പ്രിൻസിപ്പൽ ന്റെ റൂമിന്റെ മുൻപിൽ എത്തിയതും ഒന്ന് മുട്ടി അനുവാദം ചോദിച്ചിട്ട് മിസ്സ്‌ അകത്തേക്ക് നടന്നു... പിന്നാലെ നടക്കുമ്പോഴും കാലുകൾക്ക് ബലം പോരായിരുന്നു.... അകത്തേക്ക് കയറിയപ്പോൾ ആദ്യം കണ്ടത് ശ്രുതിയെയാണ്.... കവിളിൽ അടി കിട്ടിയത് പോലെ വിരൽ പാട് പതിഞ്ഞു കിടക്കുന്നു....തലയുയർത്തുന്നത് പോലുമില്ല.... പ്രിൻസിയുടെ മുൻപിൽ ഇരിക്കുന്ന പോലീസ് യൂണിഫോം ധരിച്ച ചെറുപ്പക്കാരനിലേക്ക് നോട്ടം വീണതും ശരീരം തളർന്നു തുടങ്ങി.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 മഹിയെ ഇടയ്ക്കിടെ പാളി നോക്കി നന്ദു....

ആള് അതൊന്നും അറിയാതെ ചിരിയോടെ മുൻപിലിരിക്കുന്ന പെണ്ണിനോട് സംസാരിച്ചു ഇരിക്കുന്നുണ്ട്.... ""ഹും.... എന്താണാവോ ഇതിനും വേണ്ടി സംസാരിക്കാൻ.... ഓഫീസ് സമയം കഴിഞ്ഞു അര മണിക്കൂർ ആകുന്നു...."" പുതിയ വർക്കുമായി വന്ന ക്ലയന്റ്ആണ്... ഇതുവരെ പോയിട്ടില്ല.... അവൾ രണ്ടാളെയും മുഖമൊന്നു കൂർപ്പിച്ചു മാറി മാറി നോക്കിക്കൊണ്ടിരുന്നു..... കാര്യം മനസ്സിലായത് പോലെ മഹി ഇടയ്ക്കിടെ ഇങ്ങോട്ടേക്കു നോക്കി കണ്ണ് ചിമ്മി കാണിക്കും.... അത് കാണുമ്പോൾ മുഖം ഒന്ന് കൂടി വീർക്കും.... പിന്നെയും പത്ത് മിനിറ്റിൽ അധികമെടുത്തു പ്രൊജക്റ്റ്‌ ന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞു അവർ എഴുന്നേൽക്കാൻ... മഹി ചിരിയോടെ കൈ കൊടുത്തപ്പോൾ നന്ദുവും പ്രയാസപ്പെട്ട് ഒരു ചിരി വരുത്തി... ""എന്താ ഇതിനും വേണ്ടി സംസാരിക്കാൻ..."". താഴേക്കുള്ള സ്റ്റെപ്പുകൾ ഇറങ്ങുന്നതിന്റെ ഇടയിൽ അവനെ രൂക്ഷമായി നോക്കി...

""എന്തേ.... എന്റെ നന്ദൂട്ടിക്ക് കുശുമ്പ് കയറിയോ.... ""മൂക്കിലൊന്ന് പിടിച്ചു തിരിച്ചവൻ പറഞ്ഞതും കൈ തട്ടി മാറ്റി കവിൾ രണ്ടും വീർപ്പിച്ചു... ""എനിക്കിപ്പോ കുശുമ്പ് ഒന്നുമില്ല.....""" ""പിന്നേ.... അതെന്റെ നന്ദു ന്റെ വീർത്ത മുഖം കാണുമ്പോൾ അറിയാല്ലോ...."" കവിളിൽ കുത്തി ചിരി കടിച്ചുപിടിച്ചവൻ പറഞ്ഞതും കൈ തട്ടി മാറ്റി ദേഷ്യത്തിൽ മുന്നോട്ട് നടന്നു... കാറിന്റെ ഡോറിൽ പിടിച്ചു തുറന്നു കഴിഞ്ഞിട്ടാണ് മഹി വന്നില്ലെന്നും ഡോറിന്റെ ലോക്ക് മാറ്റിയില്ലെന്നും അറിഞ്ഞത്... ഉച്ചത്തിൽ അലാറമടിക്കുന്ന ശബ്ദം കേട്ട് എല്ലാവരും നോക്കുന്നുണ്ട്.... ചമ്മിയ ചിരിയോടെ എല്ലാരേം നോക്കി വാതിൽ വീണ്ടും അടച്ചു....

എന്നിട്ടും സൗണ്ട് നിൽക്കുന്നില്ല എന്ന് കണ്ടപ്പോൾ ദയനീയമായി മഹിയെ നോക്കി.... അവിടെ വയറ്റിൽ കൈ വച്ചു നിന്ന് ചിരിക്കുകയാണ്... ചുണ്ട് പിളർത്തി സങ്കടത്തോടെ നോക്കിയതും അവൻ ചിരി നിർത്തി വേഗം അലാറം ഓഫ് ആക്കി.. ""മനുഷ്യനെ നാണം കെടുത്താനായി ഓരോന്നൊക്കെ കണ്ടു പിടിച്ചു വച്ചിരിക്കുവാ...."". അകത്തു കയറി ഇരിക്കുന്നതിന്റെ ഇടയിലും പിറുപിറുക്കുന്നവളെ നോക്കി മഹി ചിരിയോടെ കാർ സ്റ്റാർട്ട്‌ ചെയ്തു... വീട്ടിലേക്കുള്ള വഴിയെ തിരിയാതെ കാർ നേരെ പോകുന്നത് കണ്ടതും നന്ദു അവനെ സംശയത്തോടെ നോക്കി... ""എങ്ങോട്ടാ മഹിയേട്ടാ...."" ""എന്റെ ഭാര്യക്കെ ചെറിയൊരു പിണക്കം...

അതൊന്ന് മാറ്റാൻ വേണ്ടി ഒരു സിനിമയ്ക്ക് പോകാമെന്നു വിചാരിച്ചു..."" ""സിനിമയ്ക്കോ...."". കണ്ണിൽ അതിശയം വിടർന്നു.... ആദ്യമായിട്ടാണ് തിയേറ്റർ ഇൽ പോകുന്നത്..... ഈ നാട്ടിലാകെ ഒരു തിയേറ്റർ ഉള്ളൂ... കഴിഞ്ഞ ഒരു വർഷമായി അതിന്റെ പുതുക്കിപണിയലും മോഡിപിടിപ്പിക്കലും നടക്കുന്നത് കാരണം അടച്ചിട്ടിരിക്കുകയായിരുന്നു..... കല്യാണം കഴിഞ്ഞ സമയത്ത് മഹിയേട്ടൻ പറയുമായിരുന്നു തിയേറ്റർ ന്റെ പണി കഴിഞ്ഞാലുടൻ ആദ്യത്തെ സിനിമയ്ക്ക് തന്നെ പോകണമെന്ന്.... എപ്പൊ കഴിഞ്ഞോ ആവോ പണിയൊക്കെ..... ""ആറു മണി കഴിഞ്ഞില്ലേ മഹിയേട്ടാ... ഇനി പോയാൽ ടിക്കറ്റ് കിട്ടുമോ....""

ഓഫീസിൽ വച്ചു ആരൊക്കെയോ പറയുന്നത് കേട്ടിട്ടുണ്ട് ആറിന് മുൻപ് പോകണമെന്ന്.... ""അതൊക്കെ ഞാൻ ഉച്ചയ്‌ക്കെ ബുക്ക്‌ ആക്കി നന്ദു....."" ""അമ്മയും നിത്യയുമോ.....""അപ്പോഴാണ് വീട്ടിൽ പോയി അവരെ വിളിച്ചില്ലല്ലോ എന്ന് ഓർത്തത്... ""ഇന്ന് ഞാനെന്റെ ഭാര്യേടെ കൂടെ കാണട്ടെ.... അവരെയും കൂട്ടി അടുത്ത ദിവസം പോകാം.... ഞാൻ അമ്മയെ വിളിച്ചു പറഞ്ഞിട്ടുണ്ട്...."" തിയേറ്റർ ന്റെ മുൻപിൽ എത്തിയപ്പോഴേ തിരക്ക് കണ്ടു.... മഹിയുടെ കൈയിൽ മുറുക്കെപ്പിടിച്ചാണ് ഇറങ്ങിയത്.. ഇടിച്ചുതള്ളി ആളുകൾ ക്യു നിൽക്കുന്നുണ്ട്... ബഹളങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നു.... അലങ്കാരബൾബുകളിൽ മുങ്ങി നിൽക്കുന്ന തിയേറ്റർ സമുച്ചയത്തിലേക്ക് അവൾ അതിശയത്തോടെ നോക്കി നിന്നു.... തിളങ്ങുന്ന മിഴികളോടെ.......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story