അനന്തിക: ഭാഗം 44

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

തിയേറ്റർ ന്റെ മുൻപിൽ എത്തിയപ്പോഴേ തിരക്ക് കണ്ടു.... മഹിയുടെ കൈയിൽ മുറുക്കെപ്പിടിച്ചാണ് ഇറങ്ങിയത്.. ഇടിച്ചുതള്ളി ആളുകൾ ക്യു നിൽക്കുന്നുണ്ട്... ബഹളങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നു.... അലങ്കാരബൾബുകളിൽ മുങ്ങി നിൽക്കുന്ന തിയേറ്റർ സമുച്ചയത്തിലേക്ക് അവൾ അതിശയത്തോടെ നോക്കി നിന്നു.... തിളങ്ങുന്ന മിഴികളോടെ.... ""സ്വപ്നം കണ്ടു നിന്നാൽ മതിയോ.... പടം തുടങ്ങാറായി...."" മഹി പറഞ്ഞതും ചമ്മിയ ചിരിയോടെ അവനോടൊപ്പം മുന്നോട്ട് നടന്നു.. മുൻകൂട്ടി ബുക്ക്‌ ചെയ്തവർക്ക് വേറെ കൗണ്ടർ ആയതിനാൽ ക്യുവിൽ നിന്ന് സമയം കളയാതെ അകത്തേക്ക് കയറാൻ പറ്റി... അകത്തേക്കുള്ള വാതിൽ തുറന്നിട്ട് സെക്യൂരിറ്റി നിൽക്കുന്നുണ്ട്...

അയാളെ ഫോണിലെ ടിക്കറ്റ് കാണിച്ചു മഹി അവളെയും കൂട്ടി അകത്തേക്ക് നടന്നു... വാതിൽ കടന്നു അകത്തേക്ക് കയറിയതും ഒന്ന് കുളിർന്നു..... AC യുടെ തണുപ്പ്.... ചുരിദാറിന്റെ ഷാൾ ഇരുവശത്തുമായി വിടർത്തി ഇട്ടു... എന്നിട്ടും തണുപ്പ്.... ചിരി വന്നു... ഏറ്റവും പിന്നിലായുള്ള സീറ്റാണ്....ബാൽക്കണിയാണത്രെ... പടികളിലും ഒക്കെയും ഇരുട്ടാണ്... നിലത്തേക്ക് സൂക്ഷിച്ചു നോക്കി നടക്കണം... വരിയുടെ ഏറ്റവും അറ്റത്തായുള്ള സീറ്റിൽ അവളെ ഇരുത്തി അടുത്തതിലേക്ക് ഇരുന്നു മഹി..... ഇരുന്നതും പെട്ടെന്ന് ഉച്ചത്തിൽ പാട്ട് മുഴങ്ങി.... നന്ദു ഞെട്ടി സ്ക്രീനിലേക്ക് നോക്കി... അതിൽ വെളിച്ചം വന്നു തുടങ്ങുന്നു.... ഇത്ര വേഗം തുടങ്ങിയോ... ആളുകളൊക്കെ വരുന്നതല്ലേ ഉള്ളൂ....

സംശയത്തിൽ നെറ്റിയൊന്ന് ചുളിഞ്ഞു... മഹിയെ നോക്കിയപ്പോൾ ഫോണെടുത്തു എന്തൊക്കെയോ നോക്കുന്നു.. വീണ്ടും സ്ക്രീനിലേക്ക് നോക്കി.... കണ്ണ് മിന്നുന്ന പ്രകാശത്തിൽ പരസ്യങ്ങൾ വന്നു തുടങ്ങി.. ഇനിയും ഇറങ്ങാൻ പോകുന്ന സിനിമകളുടെ ട്രൈലെർ ഉൾപ്പെടുന്ന പരസ്യങ്ങൾ.... ആകാംഷയോടെ നോക്കിയിരുന്നു... ചുറ്റുമുള്ളതൊന്നും അറിഞ്ഞില്ല... പെട്ടെന്ന് സ്ക്രീനിലെ വെളിച്ചം കെട്ടു.... ചുറ്റും ഇരുട്ട് നിറഞ്ഞു.... പകപ്പോടെ മഹിയെ നോക്കിയപ്പോൾ ഫോണെടുത്തു തിരികെ പോക്കറ്റിൽ വയ്ക്കുന്നു... നന്ദുവിന്റെ നോട്ടം കണ്ടവൻ വാതിലിന്റെ നേർക്ക് വിരൽ ചൂണ്ടി.... സെക്യൂരിറ്റി ഡോർ അടച്ചതിന്റെ ഇരുട്ടാണ്... ചമ്മലോടെ വീണ്ടും സ്ക്രീനിലേക്ക് നോക്കി....

അവിടെ ഓരോന്നായി എഴുതിക്കാണിച്ചു തുടങ്ങിയിരുന്നു... സിനിമ തുടങ്ങിയതും ആവേശത്തോടെ അതിലേക്ക് മിഴി നട്ടു..... നേരിൽ കാണുന്നത് പോലെ... വീട്ടിലെ ടീവിയിൽ കാണുമ്പോൾ ഇങ്ങനെയൊന്നുമല്ല... ചുറ്റും ഉയരുന്ന പൊട്ടിച്ചിരികളും കൈയ്യടികളും ആർപ്പ് വിളികളും ആവേശം കൂട്ടി.... കുറച്ചു കഴിഞ്ഞപ്പോഴാണ് മഴയുടെ ശബ്ദം.... ഇടിയും മുഴങ്ങുന്നു.... സ്ക്രീനിലേക്ക് നോക്കി... അവിടെയാണോ..... ഏയ്.... വീടിന്റെ അകത്തുള്ള സീനല്ലേ കാണിക്കുന്നത്... അപ്പോൾ പിന്നേ മഴ എന്തിനാ.... മഹിയുടെ അടുത്തേക്ക് ഒന്ന് കൂടി ചേർന്നിരുന്നു.....""" പുറത്തു നല്ല മഴ പെയ്യുന്നുണ്ടോ മഹിയേട്ടാ.... ഇടിയുടെ ശബ്ദമൊക്കെ കേൾക്കുന്നു...""" മറുപടി പറയാതെ അവനൊരു നിമിഷം ആ പെണ്ണിനെ ഉറ്റ് നോക്കി...

ആകാംഷയോടെ നോക്കിയിരിക്കുകയാണവൾ... ഇടയ്ക്കിടെ മുകളിലേക്കും വാതിലിലേക്കുമൊക്കെ നോക്കുന്നു.... അവനവളോട് വാത്സല്യം തോന്നി.... ഇഷ്ടം തോന്നി.... പ്രണയം തോന്നി.... നെറ്റിയിലേക്ക് വീണു കിടക്കുന്ന അവളുടെ മുടി പിന്നിലേക്ക് മാടി വച്ചു... """അത് ബാക്ക്ഗ്രൗണ്ട് ഇൽ പെയ്യുന്ന മഴയാണ് നന്ദു..... സ്‌ക്രീനിൽ കാണിക്കണം എന്നില്ല.... പുറത്ത് മഴ പെയ്യുന്നതിന്റെ ശബ്ദം നമ്മളെ കേൾപ്പിക്കുന്നതാണ്..""". ശബ്ദം താഴ്ത്തി അവളുടെ കാതോരം പതുക്കെ പറഞ്ഞു... മനസ്സിലായെന്നത് പോലെ തലയാട്ടി വീണ്ടും സ്ക്രീനിലേക്ക് നോട്ടം മാറ്റി... തണുപ്പ് കൂടി കൂടി വരുന്നു.... ഷാളെടുത്തു പൊതിഞ്ഞു പിടിച്ചിട്ടും തണുക്കുന്നു.... മഹിയേട്ടന് തണുക്കുന്നില്ലേ ആവോ...

ചാരി കിടന്നു സ്ക്രീനിലേക്ക് നോക്കുന്നു... ഷാളിന്റെ ഇത്തിരി ഭാഗമെടുത്തു അവന്റെ കൈയിലേക്കും ചുറ്റി... പെട്ടെന്ന് ആളൊന്ന് ഞെട്ടി.. """തണുക്കുന്നില്ലേ മഹിയേട്ടാ....""" ഇടത് കൈയാലേ അവളെ ചുറ്റി ദേഹത്തോട് ചേർത്ത് പിടിച്ചു മഹി... തണുത്തു മരവിച്ചിരിക്കുന്ന രണ്ടു കൈകളും കൂടി പൊതിഞ്ഞു പിടിച്ചു... ""ഇനി തണുപ്പ് കുറഞ്ഞോളും..."" ഞെട്ടൽ മാറിയപ്പോൾ ചിരിയോടെ അവന്റെ തോളിലേക്ക് തല ചായ്ച്ചു... ഇടവേള എന്നെഴുതി കാണിച്ചതും ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങി തുടങ്ങിയിരുന്നു.. ""ഇവിടെ ഇരിക്കണേ... ഇപ്പോ വരാം.."". മഹി എഴുന്നേറ്റതും ആ കൈയിൽ ചുറ്റിപ്പിടിച്ചു കൂടെ എഴുന്നേറ്റു.. ""ഞാൻ... ഞാനും വരാം..."" ""വേണ്ട നന്ദു.... ഞാൻ കഴിക്കാനെന്തെങ്കിലും വാങ്ങി വേഗം വരാം...

അവിടെ ആകെ തിരക്കാകും.. വന്നാലും ഒരാൾക്കേ ക്യു നിൽക്കാൻ പറ്റൂ...."" മനസ്സില്ലാമനസ്സോടെ കൈ എടുത്തു... ""വാഷ് റൂമിൽ പോണോ...."" വേണ്ടെന്ന് തലയാട്ടി വീണ്ടും സീറ്റിലേക്ക് ഇരുന്നു... സിനിമ തുടങ്ങാൻ എന്നത് പോലെ വീണ്ടും പരസ്യം കാണിച്ചു തുടങ്ങിയിട്ടാണ് മഹി തിരിച്ചു വന്നത്.... നടന്നു വരുമ്പോഴേ കണ്ടു ആകാംഷയോടെ വാതിലിലേക്ക് നോക്കിയിരിക്കുന്നവളെ... അവൻ ചിരിയോടെ വാങ്ങിയതൊക്കെ അവളുടെ കൈയിലായി കൊടുത്തു... ഒരോ രംഗങ്ങളിലും നന്ദുവിന്റെ മുഖത്തായി വരുന്ന ഭാവങ്ങൾ ഇമ ചിമ്മാതെ നോക്കുകയായിരുന്നു മഹി.... അവർ കരയുമ്പോൾ കൂടെ കരയുന്നുണ്ട്.... ചിരിക്കുമ്പോൾ ചിരിയും...

ആകാംഷയോടെ കണ്ണ് പോലും ചിമ്മാതെ സ്ക്രീനിലേക്ക് തന്നെ നോക്കിയിരിക്കുകയാണ് ആശാട്ടി... ""ഇവിടെ നിന്നോ.... ഞാൻ പോയി കാർ എടുത്തിട്ട് വരാം..."" സിനിമ കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയതും നന്ദുവിനെ തിരക്കില്ലാത്ത ഒരു ഭാഗത്തേക്ക് നിർത്തി മഹി കാറെടുക്കാൻ പോയി... ഫോണെടുത്തു നോക്കിയപ്പോൾ ഓഫ്‌ ആകാനെന്നത് പോലെ വെട്ടം മങ്ങി ചാർജിന്റ ഭാഗത്തു ചുവന്ന നിറം കാട്ടുന്നു.. അമ്മയുടെയും പ്രിയയുടെയും മിസ്സ്ഡ് കാൾ കണ്ടതും നെറ്റി ചുളിഞ്ഞു... രാവിലെ വിളിച്ചതാണ് വീട്ടിലേക്ക്.. തിരികെ വിളിക്കാനായി തുടങ്ങുമ്പോഴേക്ക് ഫോൺ ഓഫ് ആയിപ്പോയിരുന്നു... ""ശേ.... എന്തിനാണാവോ വിളിച്ചത്...""

ആലോചിച്ചു നിന്നപ്പോഴേക്ക് മഹി വരുന്നത് കണ്ട് വേഗം കാറിലേക്ക് കയറി... ""അമ്മ വിളിച്ചിരുന്നു മഹിയേട്ടാ.... തിരിച്ചു വിളിക്കുമ്പോഴേക്ക് ഓഫ് ആയിപ്പോയി..."" സങ്കടം പോലെ പറഞ്ഞു... ""അമ്മയിപ്പോ വിളിച്ചു വച്ചതേ ഉള്ളൂ നന്ദു.... നമ്മളോട് ഒന്നവിടെ വരെ ചെല്ലാൻ പറയാൻ വേണ്ടി വിളിച്ചതാ.... അച്ചു പിന്നെയും എന്തോ കുഴപ്പം കാട്ടിയെന്ന് തോന്നുന്നു..."" നന്ദുവിന്റെ മുഖം പെട്ടെന്ന് മാറി.... എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല പെണ്ണ്.... രാവിലെ അമ്മ വിളിച്ചപ്പോഴും കരച്ചിൽ ആയിരുന്നു.... കുറച്ചു ദിവസമായിട്ട് അമ്മയോടും വഴക്കാണ്... കാർ മുന്നോട്ട് നീങ്ങുന്നത് അനുസരിച്ചു കണ്ണടച്ച് സീറ്റിലേക്ക് ചാരി ഇരുന്നവൾ.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

പ്രിൻസിപ്പൽ ന്റെ റൂമിന്റെ മുൻപിൽ എത്തിയതും ഒന്ന് മുട്ടി അനുവാദം ചോദിച്ചിട്ട് മിസ്സ്‌ അകത്തേക്ക് നടന്നു... പിന്നാലെ നടക്കുമ്പോഴും കാലുകൾക്ക് ബലം പോരായിരുന്നു അച്ചുവിന് .... അകത്തേക്ക് കയറിയപ്പോൾ ആദ്യം കണ്ടത് ശ്രുതിയെയാണ്.... കവിളിൽ അടി കിട്ടിയത് പോലെ വിരൽ പാട് പതിഞ്ഞു കിടക്കുന്നു....തലയുയർത്തുന്നത് പോലുമില്ല.... വേറെയും രണ്ടു ആൺകുട്ടികൾ കൂടി അടുത്ത് തല താഴ്ത്തി നിൽക്കുന്നുണ്ട്... പ്രിൻസിയുടെ മുൻപിൽ ഇരിക്കുന്ന പോലീസ് യൂണിഫോം ധരിച്ച ചെറുപ്പക്കാരനിലേക്ക് നോട്ടം വീണതും ശരീരം തളർന്നു തുടങ്ങി.... ദ്രുവിക് സാർ.... ആ മുഖത്ത് പുച്ഛമാണ്... ""ആഹാ..... ഇതാരാ.... വരണം വരണം....

അപ്പോൾ റാഗിംഗും ഗുണ്ടായിസവും മാത്രമല്ല... ഡ്രഗ്സ് ഉം ഉണ്ടല്ലേ കൈയിൽ..."" അച്ചു നാണക്കേടോടെ തല താഴ്ത്തി... മിസ്സിന്റെ കൈയിൽ നിന്നും ബാഗ് വാങ്ങി തുറന്നു നോക്കി ദ്രുവിക്. വർണ്ണക്കടലാസിൽ പൊതിഞ്ഞ മിട്ടായിയുടെ പൊതി കൈയിലേക്ക് എടുത്തു... ""ആൽബി... ഇതെല്ലാം പരിശോധിച്ചു സീൽ വച്ചേരെ...."" ശേഷം പ്രിൻസിപ്പാളിന്റെ നേരെ തിരിഞ്ഞു.. ""നാല് പേരെയും ഞങ്ങൾ കസ്റ്റഡിയിൽ എടുക്കുകയാണ് സാർ.... ഇവരെ ഇപ്പോൾ തന്നെ സ്റ്റേഷനിൽ കൊണ്ട് പോകുകയാണ്... ബഹളം വയ്ക്കാത്തതുകൊണ്ട് വിലങ്ങൊന്നും വേണ്ടല്ലോ...""" """ഓക്കേ സർ..... നാല് പേരും സൗകര്യം പോലെ വന്നു ടിസി വാങ്ങിക്കോളൂ...ഇപ്പോൾ തന്നെ തയ്യാറാക്കി വച്ചേക്കാം....

ഇതുപോലുള്ള തോന്നിവാസമൊന്നും ഈ കോളേജിൽ അനുവദിച്ചു തരാൻ പറ്റില്ല.... പഠിക്കാൻ വന്നാൽ പഠിച്ചിട്ട് പോണം... ഇതിന് വേണ്ടിയാണോ നിന്നെയൊക്കെ ഒരോ സെമ്മിലും പത്ത്പതിനായിരം രൂപ സെമെസ്റ്റർ ഫീസും കൊടുത്തു പഠിപ്പിക്കാൻ വിടുന്നത്.... ഇതൊക്കെ തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറിയിട്ടുള്ള അഹങ്കാരമാണ്.... വീട്ടിൽ ഇരിക്കുന്നവരെയെങ്കിലും ആലോചിക്കാൻ നോക്ക്.... ""'പുച്ഛത്തോടെ നാല് പേരെയും നോക്കി പ്രിൻസിപ്പൽ പറഞ്ഞു.. അച്ചു തല ഉയർത്തിയതേയില്ല... നാണക്കേട്കൊണ്ട് തൊലി ഉരിയുന്നതായി തോന്നി അവൾക്ക്... വനിതാ പോലീസിന്റെ അകമ്പടിയോടെ പുറത്തേക്ക് നടക്കുമ്പോഴേക്ക് കുട്ടികൾ തടിച്ചു കൂടിയിരുന്നു....

പലരും കൂകി വിളിക്കുന്നുണ്ട്....എങ്ങനെയൊക്കെയോ വിഷയം കോളേജിൽ മുഴുവൻ അറിഞ്ഞിരിക്കുന്നു.... ടീച്ചേർസ് വിരട്ടി ഓടിച്ചതും കുറച്ചു പേരൊക്കെ മാറി നിന്നു... സ്റ്റെപ് ഇറങ്ങുന്നതിന്റെ ഇടയ്ക്കാണ് തറഞ്ഞു നിൽക്കുന്ന പ്രിയയെ കാണുന്നത്.... വിശ്വസിക്കാൻ കഴിയാത്തത് പോലെ നിറഞ്ഞ കണ്ണുകളോടെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു അവൾ... ഒരു നോട്ടം മാത്രം അവളെ നോക്കി... വേറൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ല ആ നിമിഷം.... നാണക്കേട് മാത്രം.... ജീപ്പിൽ കയറിയപ്പോൾ കണ്ടു മിസ്സിനെ കെട്ടിപ്പിടിച്ചു കരയുന്നവളെ...

സ്റ്റേഷനിൽ എത്തിയതും ആൺകുട്ടികളെ രണ്ടു പേരെയും ലോക്കപ്പിലേക്കും അച്ചുവിനെയും ശ്രുതിയെയും ദ്രുവിക്കിന്റെ കാബിന്റെ പുറത്തുള്ള ബഞ്ചിലേക്കും ഇരുത്തി... ""എന്നാലും നിന്റെയൊക്കെ ധൈര്യം.... കണ്ടാൽ നല്ല വീട്ടിലെ പിള്ളേരെയൊക്കെ പോലെ തന്നെയാണല്ലോടി.... ഇതിനൊക്കെ ഇറങ്ങും മുൻപ് വീട്ടിൽ ഇരിക്കുന്നവരെ എങ്കിലും ആലോചിച്ചൂടെ.... മയക്കുമരുന്ന് മാത്രേ ഉള്ളോ... അതോ ഇതുപോലെ വേറെയും ബിസ്സിനെസ്സ് ഉണ്ടോ.....""" വനിതാ പോലീസ് ചോദിച്ചതും മുഷ്ടി ചുരുട്ടി കണ്ണിറുക്കിപ്പിടിച്ചു..... ഭൂമി പിളർന്നു പോകാൻ പറ്റിയിരുന്നെങ്കിൽ... വരുന്നവരും പോകുന്നവരുമൊക്കെ തുറിച്ചു നോക്കുന്നുണ്ട്....

ആരെയും മുഖമുയർത്തി നോക്കിയില്ല... ""സാറെ..... എന്റെ മോള്‌..."". ആശയുടെ ശബ്ദം കേട്ടിട്ടാണ് നോക്കുന്നത്... ""ദാ ഇരിക്കുന്നു... അകത്ത് എഫ്. ഐ. ആർ എഴുതുന്നുണ്ട്... മയക്കുമരുന്ന് കൈവശം വച്ചതും അത് മിട്ടായി രൂപത്തിൽ കുട്ടികൾക്ക് വിതരണം ചെയ്യാൻ ശ്രമിച്ചതുമാണ് കേസ്.... പണം ഉണ്ടാക്കാൻ മോള്‌ കണ്ട എളുപ്പവഴി... നല്ലോണം ഒന്ന് കണ്ടോ മോളെ... ജാമ്യം ഒന്നും പ്രതീക്ഷിക്കണ്ട...""" പുച്ഛത്തോടെയുള്ള വാക്കുകൾ കേട്ട് അച്ചു വീണ്ടും തല കുനിച്ചു... അമ്മയെന്താകും ചെയ്യുന്നത്... ഒന്ന് കൂടി നോക്കാനുള്ള ധൈര്യം വന്നില്ല... കൈയിൽ അടി വീണപ്പോഴാണ് ഞെട്ടി നോക്കുന്നത്.... ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന ആശയെ കണ്ടതും ഞെട്ടി എഴുന്നേറ്റു....

അപ്പോഴേക്കും അടുത്ത അടി കവിളിൽ വീണിരുന്നു... ""ഇതിലും ഭേദം നിനക്ക് ചത്തൂടായിരുന്നോടി.... ഏഹ്.... എന്ത് തെറ്റാ ഞാൻ ചെയ്തത് നിന്നോട്..... മനുഷ്യനെ ഇങ്ങനെ ഇഞ്ചിഞ്ചയി കൊല്ലുന്നതിനു പകരം നീ വല്ല വിഷവും വാങ്ങി താ എനിക്ക്....."" തലങ്ങും വിലങ്ങും തല്ലുന്നതിന്റെ ഇടയ്ക്ക് അവർ അലമുറയിട്ട് കരഞ്ഞു.... """ഹേയ്..... ഇതെന്താ നിങ്ങള് കാണിക്കുന്നേ... ഇവിടെ വന്നിരുന്നേ....""" വനിതാ പോലീസ് പിടിച്ചു മാറ്റിയതും തലയ്ക്കു ശക്തിയായി രണ്ടു കൈകൊണ്ടും അടിച്ചു വിലപിച്ചു കൊണ്ടവർ നിലത്തേക്ക് ഇരുന്നു.... ""ഇതെന്താ ബഹളം... ചന്തയാണോ ഇത്...."" എഫ്. ഐ. ആർ പറഞ്ഞു കൊടുക്കുന്നതിന്റെ ഇടയ്ക്ക് ബഹളം കേട്ടതിന്റെ ദേഷ്യത്തിൽ ദ്രുവിക് പുറത്തേക്ക് വന്നു എല്ലാവരെയും രൂക്ഷമായി നോക്കി...

""സോറി സാർ.... പെട്ടെന്ന്....."". ഷീബ തലകുനിച്ചു പറഞ്ഞതും ഒന്നമർത്തി മൂളിയവൻ... ""ബാക്കിയുള്ളവരുടെ വീട്ടിൽ അറിയിച്ചില്ലേ..."" ""വിളിച്ചു പറഞ്ഞിട്ടുണ്ട് സാർ.... ഉടനെ എത്തും..."" ""ഹ്മ്മ്... നാലിന്റെയും വന്നാലുടൻ എന്നേ അറിയിക്ക്.... ഇവളുടെ അവരുടെ കൂടെ വിടണ്ട.... ചേച്ചിയും ഭർത്താവും വരാമെന്ന് പറഞ്ഞിട്ടുണ്ട്.... അവര് കൂടി വന്നിട്ട് എന്നേ അറിയിക്ക്....ഞാൻ പറയുമ്പോൾ പ്രത്യേകം വിട്ടാൽ മതി....""" അച്ചുവിനെ ചൂണ്ടി പറഞ്ഞു... നന്ദു വരുന്നുണ്ട് എന്ന് മാത്രമേ അവൾ കേട്ടുള്ളൂ.... രണ്ടു കൈയിലേക്കും മുഖം അമർത്തിപ്പിടിച്ചു..... അനുഭവിക്കുന്ന സംഘർഷത്തിന്റെയും അപമാനത്തിന്റെയും ഫലമെന്നത് പോലെ ഉടൽ വിറച്ചുകൊണ്ടിരുന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

പോലീസ് സ്റ്റേഷൻ എന്ന ബോർഡ് കണ്ടതും നന്ദു മഹിയെ സംശയത്തോടെ നോക്കി.... '""ഇതെന്താ മഹിയേട്ടാ ഇവിടെ.... ഏഹ്.... വീണ്ടും കോളേജിൽ പ്രശ്നം ഉണ്ടാക്കിയോ അവൾ...."" ""രാത്രി ആയല്ലോ..... ഇതുവരെ വിട്ടില്ലേ.... അമ്മ പേടിച്ചു കാണുമല്ലോ...."" നിർത്താതെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് മഹിയുടെ ഷർട്ടിൽ കൈ ചുറ്റിപ്പിടിച്ചു... അവന്റെ മുഖത്തും ടെൻഷൻ നിറഞ്ഞിരുന്നു... """ഇത്തവണ പ്രശ്നം ഇത്തിരി കൂടുതലാണ് നന്ദു.... ഡ്രഗ്സ് കൈയിൽ വച്ചതിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്..."" അവനെ ചുറ്റിപ്പിടിച്ച കൈകൾ അപ്പോഴേക്കും ഊർന്നു നിലത്തേക്ക് വീണിരുന്നു.... വിശ്വാസം വരാത്തത് പോലെ അവനെ തുറിച്ചു നോക്കി... ""വാ..... നോക്കാം നമുക്ക്...."" അവനോടൊപ്പം പുറത്തേക്ക് ഇറങ്ങുമ്പോൾ ഇതുവരെ ഇല്ലാത്തത് പോലെ മുഖം വലിഞ്ഞു മുറുകിയിരുന്നു അവളുടെ........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story