അനന്തിക: ഭാഗം 51

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

""ആഹ്..... യക്ഷി...."" ദ്രുവിക് അവള് പോയ വഴിയേ നോക്കി കൈ തിരുമ്മി... നഖത്തിന്റെ പാട് തെളിഞ്ഞു കാണാം... പിന്നെ അവൾ സെലക്ട്‌ ചെയ്ത ആലിലത്താലി കൊടുത്തു അതിൽ കിച്ചു എന്ന് തീരെ ചെറുതായ് എഴുതാൻ ഏൽപ്പിച്ചു.... പെണ്ണിനെ തിരിഞ്ഞു നോക്കുമ്പോഴൊക്കെ അവൾ പിണക്കത്തോടെ നോട്ടം മാറ്റിക്കൊണ്ടേയിരുന്നു.... കടയിൽ നിന്നും ഇറങ്ങുന്നത് വരെ അവൻ പലവട്ടം നോക്കിയിട്ടും അവൾ മുഖം കൊടുത്തിരുന്നില്ല. പാർക്കിംഗ് ഗ്രൗണ്ടിൽ എത്തിയപ്പോഴും അവനെ നോക്കി പുച്ഛിച്ചു കടന്നു പോകുന്ന ലച്ചുവിനെ നോക്കി ചിരിയടക്കി നിൽക്കുകയായിരുന്നു ദ്രുവിക്. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""മ്മ്...."" രാത്രി വിളിച്ചപ്പോൾ കനപ്പിച്ചൊരു മൂളൽ കേട്ടപ്പോൾ ചിരി വന്നു. സാധാരണ ഇങ്ങോട്ട് വിളിക്കുന്നവളാണ്. ഇന്നിപ്പോൾ ഷോപ്പിംഗ് കഴിഞ്ഞതിൽ പിന്നെ വിളിയും ഇല്ല മിണ്ടലും ഇല്ല. ""ഇതിപ്പോൾ എനിക്ക് പകരം വേറെ ചിലരൊക്കെ പിണങ്ങാൻ തുടങ്ങിയെന്നു തോന്നുന്നല്ലോ...."" കേട്ടിട്ട് ചിരി വന്നെങ്കിലും ചിരിച്ചില്ല. പിന്നെയും എന്തൊക്കെയോ അവൻ പറയുന്നുണ്ടായിരുന്നു എങ്കിലും മൂളൽ അല്ലാതെ ഒന്നും പറഞ്ഞില്ല. പിണക്കമൊക്കെ അപ്പോൾ തന്നെ മാറിയിരുന്നു..... എങ്കിലും വെറുതെ പറ്റിക്കാൻ ഒരു രസം... കുറച്ചു കഴിഞ്ഞപ്പോൾ പിന്നെ ഒന്നും കേൾക്കാതെയായി.... കാൾ കട്ട്‌ ആയിട്ടില്ല....

പിന്നെയും നോക്കിയിട്ടും നിശബ്ദത തന്നെയാണെന്ന് കണ്ടതും ഒന്ന് സംശയിച്ചു... ""ഹലോ....."" ""പോയോ.."" രണ്ടു മൂന്ന് തവണ ചോദിച്ചതും ചിരി കേട്ടു. മനപ്പൂർവം മിണ്ടാതിരുന്നതാണ്... എന്ത് പറയുമെന്ന് നോക്കാൻ വേണ്ടി... ചമ്മലോടെ കാൾ കട്ട്‌ ചെയ്തു... അപ്പോഴും ചിരി കേൾക്കാനുണ്ടായിരുന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ദിവസങ്ങൾ ആർക്ക് വേണ്ടിയും കാത്ത് നിൽക്കാതെ കടന്നു പോകുമ്പോൾ പരസ്പരമുള്ള ഇഷ്ടങ്ങൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചു... നീല സാരിയുടുത്തു കതിർ മണ്ഡപത്തിൽ തനിക്കരികിലായിരിക്കുന്ന ലച്ചുവിന്റെ രൂപം സങ്കല്പിക്കുമ്പോഴൊക്കെ ആദ്യമാദ്യം പരിഭവത്താൽ നെറ്റി ചുളിയുമെങ്കിലും പതിയെ പതിയെ അവളെയതിൽ തന്നെ സങ്കല്പിച്ചു നോക്കി....

ഇഷ്ടങ്ങൾക്ക് മാറ്റം വന്നുവോ..... ഇല്ല..... പകരം അവളുടെ ഇഷ്ടങ്ങൾ കൂടി അതിനോട് ചേർത്ത് വച്ചു തുടങ്ങിയിരിക്കുന്നു... അവൾക്കായി വാങ്ങിയതൊക്കെ അലമാരയിൽ അടുക്കി വച്ചു വിവാഹതലേന്ന് മുറി ഒരുക്കുമ്പോൾ ഉറക്കമില്ലാത്ത രാത്രിയായിരുന്നു മുന്നിൽ ഉണ്ടായിരുന്നത്.... കൂട്ടുകാരുടെയും കസിൻസിന്റെയും ഒക്കെ കൂടെയിരുന്നു.... കളിയാക്കലുകൾ കേട്ട് രാവിനെ പകലാക്കി മാറ്റി... ഒടുവിൽ നേരം പുലരാൻ കുറച്ചു മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് മുറിയിൽ എത്തിയത്..... അവിടെയും തിരക്കായതിനാൽ ലച്ചുവിന്റെ ഗുഡ് നൈറ്റ്‌ മെസ്സേജ് ഉണ്ടായിരുന്നു... അതിലേക്ക് നോക്കി dp യിലെ അവളുടെ ചിരിക്കുന്ന മുഖത്തേക്ക് നോക്കി കിടന്നു കുറച്ചു നേരം.

കഴിഞ്ഞ ഒന്നര വർഷമായി കാത്തിരുന്ന ദിവസം.... ഉറക്കം വരുന്നുണ്ടായിരുന്നില്ല... ലച്ചുവിനെ വിളിക്കാൻ തോന്നി..... പക്ഷേ ഉറക്കമായിരിക്കും എന്ന് ഉറപ്പായിരുന്നു... മിക്കവാറും ഇന്ന് എല്ലാവരുടെയും ഒപ്പമായിരിക്കും കിടന്നിട്ടുണ്ടാകുക.... ദീർഘനിശ്വാസത്തോടെ കണ്ണുകൾ അടച്ചു കിടന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 മണ്ഡപത്തിൽ ഇരിക്കുമ്പോൾ നെഞ്ചിടിപ്പ് സ്വയം കേൾക്കാമെന്ന് തോന്നി അവന്... എങ്കിലും മുഖത്തൊരു ചിരി വരുത്തി ഇരുന്നു. ""പെണ്ണിനെ വിളിച്ചോളൂ....."" വിളിച്ചു പറയുന്നത് കേട്ടപ്പോൾ വിരലുകളൊക്കെ കൂട്ടിപ്പിടിച്ചു. മണ്ഡപത്തിന്റെ സൈഡിലായുള്ള മേക്കപ്പ് റൂമിൽ നിന്നും അച്ഛന്റെ കൈയിൽ പിടിച്ചു നടന്നു വരുന്ന ലച്ചുവിനെ കണ്ണിമയ്ക്കാതെ നോക്കി നിന്നു ദ്രുവിക്. അവളുടുത്തിരിക്കുന്ന മന്ത്രകോടിയിലേക്ക് നോട്ടം എത്തിയതും മുഖമൊന്നു കൂർത്തു....

പറ്റിച്ചതാണല്ലേ എന്നൊരു ഭാവം ആ മുഖത്ത് നിറഞ്ഞു.... ചുറ്റുമുള്ളവരെ നോക്കിയപ്പോഴാണ് എല്ലാവർക്കും നേരത്തെ അറിയാമായിരുന്നു എന്ന് മനസ്സിലായത്. അമ്മയെ ഒന്ന് കനപ്പിച്ചു നോക്കി.... ഇന്നലെ കൂടി ലച്ചുവിന് നീല സാരി ചേരുമെന്ന് പറഞ്ഞു കളിയാക്കിയതാണ്..... എന്നിട്ടിപ്പോൾ... അടുത്ത് വന്നിരുന്നതും അവളെയൊന്ന് നോക്കി വേഗം നോട്ടം മാറ്റി... ""അതേ ജാഡ എടുക്കാതെ വേണേൽ നോക്കിക്കോ.... ഇല്ലേൽ പിന്നെ ഫുൾ ഫിൽറ്റർ എഫക്ട് ഇട്ട വീഡിയോയും ഫോട്ടോയും നോക്കി ഇരിക്കാനെ പറ്റൂ..."" ""മുഖം വീർപ്പിച്ചു ഇരുന്നാൽ ഫോട്ടോ ബോറാകുകയും ചെയ്യും....."" അവസാനത്തെ വാചകം പതിയെ അവൾ പറഞ്ഞതും മുഖത്ത് ചിരി വരുത്തി...

അവൾ സെലക്ട്‌ ചെയ്ത താലി കൈയിലെടുത്തു കുസൃതിയോടെ നോക്കിയപ്പോൾ പ്രതീക്ഷിച്ച ഞെട്ടൽ ആ മുഖത്ത് കണ്ടില്ല... ""എനിക്കറിയാരുന്നു ഞാൻ പറഞ്ഞതേ എടുക്കൂ എന്ന്.... പിന്നെ വെറുതെ ഒന്ന് പിണങ്ങി നോക്കിയതല്ലേ എങ്ങനെ ഉണ്ടാകുമെന്ന്...."" അതിശയത്തോടെ നോക്കുന്നത് കണ്ടിട്ടാണ് അവൾ പതിയെ പറഞ്ഞത്... ചിരിയോടെ അവൻ താലി കെട്ടുമ്പോൾ കൈകൾ കൂപ്പി പ്രാർത്ഥനയോടെ നിന്നു ലച്ചു.... നിറഞ്ഞ മനസ്സോടെ നന്ദു ആ കാഴ്ച കണ്ണ് നിറയെ നോക്കി കണ്ടു.. വിവാഹസമ്മാനം നൽകാനായി മഹിയുടെ ഒപ്പം വേദിയിലേക്ക് കയറി ചെന്നതും ലച്ചു കെട്ടിപിടിച്ചിരുന്നു... "" രണ്ടും നല്ല ആളാ.... ഞാൻ വിചാരിച്ചു എന്നേക്കാൾ മുൻപേ ഇങ്ങെത്തുമെന്ന്....

എന്നിട്ട് താലികെട്ടിന് തൊട്ട് മുൻപ് വന്നിരിക്കുന്നു...."" കപട ഗൗരവത്തോടെ പറഞ്ഞതും നന്ദു ചമ്മിയ ചിരി ചിരിച്ചു.... """അത്.... ഇത് ഫ്രെയിം ചെയ്തു കിട്ടാൻ വൈകി....""" ലച്ചുവിന്റെയും ദ്രുവിഖിന്റെയും പെയിന്റ് ചെയ്ത ചിത്രം അവർക്ക് നേരെ നീട്ടി.... ""ആഹാ....."" ലച്ചുവിന്റെ മിഴികൾ സന്തോഷതോടെ വിടർന്നു... ""ഇന്നലെ ഞാൻ കിച്ചുവേട്ടനോട് പറഞ്ഞതേ ഉള്ളൂ... ഇങ്ങനെ ഒരെണ്ണം ചെയ്യിക്കണമെന്ന്....."" ""ബാക്കി എല്ലാവരും എവിടെ..."". ചുറ്റും നോക്കി... ""ആശാമ്മേം പ്രിയയും ഇന്നലെ വന്നിട്ട് പോയി..... ഇന്ന് വരാൻ പറ്റില്ലെന്ന് പറഞ്ഞു..."" ""ദാ കാണാൻ ആഗ്രഹിച്ച ആളെ കൊണ്ട് വന്നിട്ടുണ്ട്....."" മഹി നിത്യയുടെ കൈ പിടിച്ചു അവൾക്ക് മുന്നിലായി നിർത്തി...

കൗതുകത്തോടെ നോക്കുന്ന പെൺകുട്ടിയുടെ മുടിയിൽ മെല്ലെ തലോടി ലച്ചു... ""കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.... മിടുക്കിയാട്ടോ..... വിശദമായി വീട്ടിൽ വരുന്നുണ്ട് ഞങ്ങൾ രണ്ടാളും കൂടി... അപ്പോൾ പരിചയപ്പെടാം...."" പെണ്ണിനേയും ചെക്കനെയും കാണാനുള്ള തിരക്ക് കൂടി വന്നതും യാത്ര പറഞ്ഞു ഇറങ്ങി....... രണ്ടാളെയും വീട്ടിലേക്ക് ക്ഷണിക്കാൻ മറന്നില്ല... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""ഉറങ്ങിയില്ലേ നന്ദൂ....."" വെറുതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞുകിടന്ന് ഉറങ്ങാൻ ശ്രമിക്കുന്നവളെ നോക്കി മഹി. ""മ്മ്ഹ്ഹ്...."" മൂളലിനു ബലം പോരായിരുന്നു. അടുത്തേക്ക് നീങ്ങി കിടന്നു ഒരു കൈ കുത്തി തലയതിൽ താങ്ങി അവളുടെ മുഖത്തേക്ക് നോക്കി.

ബെഡ് ലാമ്പിന്റെ വെളിച്ചത്തിലാണെങ്കിലും മുഖത്തെ ടെൻഷൻ എടുത്തറിയാമായിരുന്നു. ""പേടിയാ...???.. "" പതിയെ ചോദിച്ചപ്പോൾ അതേയെന്ന ഭാവത്തിൽ മുഖം ചലിപ്പിച്ചു. ""കോടതിയിൽ എന്താ പറയേണ്ടത് എന്നോർത്തിട്ടാണോ.... അതോ ഞാൻ തീരുമാനം മാറ്റുമെന്നോ...."" ചോദിച്ചു തീരും മുൻപേ വിരലുകൾ അവന്റെ ചുണ്ടിലേക്ക് തടസ്സമായി വച്ചിരുന്നു. ""ഞാനെന്തിനാ മഹിയേട്ടനെ സംശയിക്കുന്നെ.... ""ചോദ്യത്തിൽ നേരിയ പരിഭവവും കലർന്നിരുന്നു. ""പിന്നെന്താ പേടി..... ""ആ വിരലുകളിൽ പതിയെ ചുംബിച്ചുകൊണ്ട് ചോദിച്ചു.. ""അറിയില്ല..... ആകെയൊരു ടെൻഷൻ പോലെ..... നാളെ.... നാളെ അവിടെ എന്തൊക്കെയാ പറയേണ്ടതെന്ന്...""

""അവിടെന്ത് പറയാൻ.... തീരുമാനത്തിൽ മാറ്റമുണ്ടോന്ന് ചോദിക്കുമ്പോൾ അതത്പോലെയങ്ങു പറഞ്ഞാൽ മതി. ഞാനും ഇല്ലേ കൂടെ... പിന്നെന്തിനാ ടെൻഷൻ.... ഹ്മ്മ്.... ""ചുറ്റിപ്പിടിച്ചു പറഞ്ഞതും ചെറിയ ആശ്വാസം തോന്നി... ""ഇപ്പോ കിടന്നു ഉറങ്ങാൻ നോക്കിക്കേ.... ഇല്ലെങ്കിൽ നാളെ മിക്കവാറും അവിടുന്ന് തീരുമാനം ചോദിക്കുമ്പോൾ പാതി ഉറക്കത്തിൽ വേണമെന്നുള്ളത് വേണ്ടെന്നാകും പറയുന്നത്..."" ചുണ്ടൊന്ന് കടിച്ചു ചിരിയമർത്തി അവൻ പറഞ്ഞതും കണ്ണ് മിഴിച്ചു നോക്കി... ""കാര്യായിട്ട് പറഞ്ഞതാ... മണി രണ്ടായി.... ഇനിയും ഉറങ്ങിയില്ലെങ്കിലേ ശെരിയാകില്ല... ഓഫീസിലും പോയിട്ട് വന്നതല്ലേ...""". ഇത്തവണ ഇത്തിരി ഗൗരവം കൂടി കലർന്നിരുന്നു.

മഹിയെ ബോധിപ്പിക്കാൻ വേണ്ടി വേഗം കണ്ണുകളടച്ചു കിടന്നു. ആ വിരലുകൾ ടെൻഷൻ കുറയ്ക്കാനെന്നത് പോലെ പതിയെ നെറ്റിയിൽ ഉഴിയുന്നത് അറിയുന്നുണ്ടായിരുന്നു.... പതിയെ പതിയെ ഉറക്കം പൂർണ്ണമായും കീഴ്പ്പെടുത്തി... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 വിവാഹമോചനത്തിനുള്ള അപേക്ഷ പിൻവലിക്കാനുള്ള ഫോമിൽ ഒപ്പ് വയ്ക്കുമ്പോൾ കൈ വിറയ്ക്കുന്നുണ്ടായിരുന്നു അവളുടെ... മാസങ്ങൾക്ക് മുൻപ് ഇതേ വരാന്തയിൽ ഇരു വശങ്ങളിലായി മുഖത്തേക്ക് പോലും നോക്കാൻ കഴിയാതെ നിന്ന രംഗം കാറ്റ് പോലെ മനസ്സിലേക്ക് ഇരച്ചെത്തി. അമ്മമ്മയുടെ തോളിൽ മുഖമമർത്തി കരഞ്ഞു തീർത്ത നിമിഷങ്ങൾ... കണ്ടിട്ടും കാണാതെ പോയവനിൽ തന്നെ തറഞ്ഞിരുന്ന പ്രതീക്ഷ വറ്റിയ മിഴികൾ..

ഒക്കെയും ഒരിരമ്പലോടെ മനസ്സിലേക്ക് കടന്നു വന്നപ്പോൾ എത്രയൊക്കെ തടയാൻ ശ്രമിച്ചിട്ടും ഒരു തുള്ളി കണ്ണുനീർ ഒപ്പിന് മുകളിലായി വീണു ചിതറിയിരുന്നു. അവളുടെ ചിന്തകളുടെ ദിശ മനസ്സിലാക്കിയെന്നത് പോലെ മഹി ഒന്നും പറയാതെ മറുകൈയിലേക്ക് വിരൽ കൊരുത്തു പിടിച്ചു... ""ഇനിയിപ്പോ രണ്ടാളുടെയും വിഷമങ്ങൾ ഒക്കെ തീർന്നല്ലോ. """മജിസ്‌ട്രേറ്റ് പറഞ്ഞതും നിറഞ്ഞൊഴുകിയ കണ്ണുകൾ രണ്ടും അമർത്തിത്തുടച്ചു പുഞ്ചിരിച്ചു... """സന്തോഷമായിട്ടിരിക്ക്..... കഴിഞ്ഞുപോയതൊക്കെ തിരുത്തി ജീവിക്കാൻ ലോകത്തിലെ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല. സ്നേഹം വെറുപ്പിനെക്കാൾ പ്രശ്നങ്ങൾ സൃഷ്ടിക്കും അമിതമായാൽ....

സ്നേഹിച്ചു ശ്വാസംമുട്ടിക്കുന്നു എന്നൊക്കെ പറയാൻ കൊള്ളാം....അനുഭവിക്കുന്നവർക്ക് മാത്രേ ആ ശ്വാസം മുട്ടൽ എത്ര തീവ്രമാണെന്ന് മനസ്സിലാകുകയുള്ളൂ. രണ്ടാളും പരസ്പരം ഇനിയും കൂടുതൽ മനസ്സിലാക്കി സ്നേഹിക്കൂ.....ഇനിയും കാണാൻ ഇടവരാതിരിക്കട്ടെ....""" വാത്സല്യത്തോടെ അവർ പറഞ്ഞതും നന്ദിയോടെ പുഞ്ചിരിച്ചു പുറത്തേക്ക് ഇറങ്ങി... പുറത്തേക്ക് ഇറങ്ങിയ ഉടനെ അവനെ ചുറ്റിപ്പിടിച്ചു നെഞ്ചിലേക്ക് മുഖമമർത്തി ഏങ്ങലടിച്ചു പോയിരുന്നു... '"കഴിഞ്ഞില്ലേ നന്ദു...... പോട്ടെ...."" അവളൊന്ന് ശാന്തമാകുന്നത് വരെ ചുമലിൽ പതിയെ തട്ടിക്കൊടുത്തു... ഫോൺ ബെല്ലടിക്കുന്നത് കേട്ടിട്ടാണ് അകന്ന് മാറിയത്. അമ്മയാണ് വീട്ടിൽ നിന്നും...

രാവിലെ അമ്മയും വിദ്യയും കൂടി വരാൻ തയ്യാറായതാണ്.... മഹിയേട്ടനാണ് വിലക്കിയത്.... വീട്ടിൽ നിന്നും അമ്മ വിളിച്ചപ്പോഴും വേണ്ടെന്ന് പറഞ്ഞു... ""ഒക്കെ കഴിഞ്ഞമ്മേ.... ഞങ്ങള് ദാ ഇറങ്ങാൻ തുടങ്ങുവാ.... നന്ദൂന്റെ വീട്ടിലൊന്നു കയറിയിട്ട് അങ്ങോട്ട്‌ വരാം...."" മഹി പറയുന്നത് കേട്ടുകൊണ്ട് നിൽക്കുന്നതിന്റെ ഇടയ്ക്കാണ് വരാന്തയുടെ അറ്റത്തായി കൈകൾ രണ്ടും പിണച്ചു കെട്ടി ഇങ്ങോട്ടേക്കു നോക്കി.... ഒരു ചെറിയ ചിരിയോടെ തൂണിൽ ചാരി നിൽക്കുന്ന രൂപത്തെ കാണുന്നത്... അവിശ്വസനീയതയോടെ കണ്ണ് ചിമ്മിത്തുറന്നു നോക്കി.... ഇല്ല... തോന്നലല്ല.... ഇപ്പോഴും അവിടെ തന്നെ ഒരു പുഞ്ചിരിയോടെ നിൽക്കുന്നു.... ""ലച്ചൂ..... ""

പതിയെ പറഞ്ഞുകൊണ്ട് അവളുടെ അടുത്തേക്ക് നടക്കുമ്പോൾ കാലിന് വേഗം പോരെന്നു തോന്നി.... ""ഞാൻ..... വിചാരിച്ചു.... വരില്ലെന്ന്....."" അവൾക്ക് മുൻപിൽ എത്തിയപ്പോഴേക്കും അണച്ചു പോയിരുന്നു.... മുറിഞ്ഞു പോകുന്ന വാക്കുകളാൽ പറഞ്ഞൊപ്പിച്ചു... ""വരാതെ പിന്നെ...."" മൈലാഞ്ചി ചുവപ്പ് മായാത്ത കൈകളാൽ അവളെ ഇറുക്കെപുണർന്നു ലച്ചു... ""ദാ..... ഇവിടെ വച്ചായിരുന്നു അന്ന് ഞാൻ ചോദിച്ചത് രണ്ടാമത് ഒരവസരം കിട്ടിയാൽ എന്ത് ചെയ്യുമെന്ന്.... അന്ന് എന്റെ മുൻപിൽ നിന്ന അനുവിന്റെ പക്കൽ അതിനുള്ള ഉത്തരം ഉണ്ടായിരുന്നില്ല.... എന്നാലിപ്പോൾ അതിനുള്ള ഉത്തരമായി സ്വയം എന്റെ മുൻപിൽ നിൽക്കുന്നു....

അത് കാണാൻ വന്നില്ലെങ്കിൽ പിന്നെ എങ്ങനെയാ.... ഹ്മ്മ്..... """അവളുടെ കവിളിലേക്ക് കൈ ചേർത്ത് ചോദിച്ചു... മഹി അങ്ങോട്ടേക്ക് വരുന്നത് കണ്ടതും ചിരിയോടെ അവന് നേരെ കൈ നീട്ടി... ""ദ്രുവിക് വന്നില്ലേ.... ""അവൻ ചുറ്റും നോക്കി... ""ഏയ് ഡ്യൂട്ടിയാണ് മാഷേ.... സ്വന്തം കല്യാണം ആയിട്ടും കൂടി ആകെ നാല് ദിവസത്തെ ലീവാ കിട്ടിയത്....ലീവ് കിട്ടാത്തതിന് വരെ മുഖം വീർപ്പിച്ചു നടന്നോളും.... ഒരുവിധം സമാധാനിപ്പിച്ചു പറഞ്ഞു വിട്ടിരിക്കുവാ...."". ഒരു കണ്ണിറുക്കി അവൾ പറഞ്ഞതും അറിയാതെ ചിരിച്ചു പോയി...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story