അനന്തിക: ഭാഗം 52

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

മഹി അങ്ങോട്ടേക്ക് വരുന്നത് കണ്ടതും ചിരിയോടെ അവന് നേരെ കൈ നീട്ടി... ""ദ്രുവിക് വന്നില്ലേ.... ""അവൻ ചുറ്റും നോക്കി... ""ഏയ് ഡ്യൂട്ടിയാണ് മാഷേ.... സ്വന്തം കല്യാണം ആയിട്ടും കൂടി ആകെ നാല് ദിവസത്തെ ലീവാ കിട്ടിയത്....ലീവ് കിട്ടാത്തതിന് വരെ മുഖം വീർപ്പിച്ചു നടന്നോളും.... ഒരുവിധം സമാധാനിപ്പിച്ചു പറഞ്ഞു വിട്ടിരിക്കുവാ...."". ഒരു കണ്ണിറുക്കി അവൾ പറഞ്ഞതും അറിയാതെ ചിരിച്ചു പോയി... ""കഴിഞ്ഞു പോയതിലേക്ക് ഇനിയൊരു തിരിച്ചുപോക്ക് ഉണ്ടാകില്ല എന്നറിയാം... എന്നാലും ഇനിയും ഒന്നും ഓർത്ത് സങ്കടപ്പെടരുത്.... കേട്ടല്ലോ..."" നന്ദുവിന്റെ കവിളിലേക്ക് കൈ ചേർത്തു...

""ഈ ആഴ്ച കൂടി കഴിഞ്ഞാൽ രണ്ടു മൂന്ന് ദിവസം ലീവ് കിട്ടുമെന്ന കിച്ചുവേട്ടൻ പറഞ്ഞത്. എന്നിട്ട് വരാം വീട്ടിലേക്ക്.... ഇപ്പോ ചെല്ലട്ടെ.... Op നടക്കുന്ന സമയമാ... ഒരു മണിക്കൂർ പെർമിഷൻ ചോദിച്ചു ഇറങ്ങിയതാ..."" ലച്ചു യാത്ര പറഞ്ഞു ഇറങ്ങുന്നത് വരെയും ആ കൈകളിൽ വിടാതെ മുറുക്കെപ്പിടിച്ചു കൂടെ നിന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 വീട്ടിലേക്ക് ചെന്നപ്പോൾ തന്നെ കണ്ടു മുറ്റത്തു നിൽക്കുന്ന അമ്മയെയും പ്രിയേം... അടുത്തേക്ക് ചെന്നപ്പോൾ തന്നെ അമ്മ കൈയിലെ താലംകൊണ്ട് ആരതി ഉഴിഞ്ഞു... ""രണ്ടാളും ഇനിയെന്നും സന്തോഷമായിട്ടിരിക്ക്..."" ആശയുടെ കണ്ണ് നിറഞ്ഞിരുന്നു. അവളൊന്നും പറഞ്ഞില്ല.... അമ്മയെ കെട്ടിപ്പിടിച്ചു തോളിലേക്ക് മുഖം പൂഴ്ത്തി..

എത്ര മറക്കാൻ ശ്രമിച്ചിട്ടും ഇന്ന് ഓർമ്മകൾ മാത്രമാണ് മനസ്സിൽ... അന്ന് കോടതിയിൽ നിന്ന് വന്നപ്പോൾ ഇതേ മുറ്റത്തുവച്ചു അമ്മ പറഞ്ഞ വാക്കുകൾ ചെവിയിൽ മുഴങ്ങിയതും കണ്ണുകൾ ഇറുക്കെ അടച്ചു.. """""അവനോടുള്ള ഭ്രാന്ത്‌ കാരണം സ്വന്തം കുഞ്ഞിനെ വരെ കൊന്നു.... പിന്നെങ്ങനെ അവനിവളെ വീണ്ടും സ്വീകരിക്കണം എന്നാ അമ്മ പറയുന്നത്....""" ഇന്നും ആ മുറിവുകൾ വേദനിപ്പിക്കാറുണ്ട്... മുൻപത്തേത് പോലെ ശക്തമല്ലെങ്കിലും.... ""ചേച്ചീ...."" അമ്മയുടെ അടുത്ത് നിന്ന് അടർന്നു മാറിയപ്പോളേക്കും പ്രിയ ചുറ്റിവരിഞ്ഞിരുന്നു... ""അച്ചു ഇവിടെയില്ലേ....."" മഹി ചോദിച്ചതും ആശ മങ്ങിയ ചിരി നൽകി. ""അകത്തുണ്ട്... ഉറക്കമാകും.... കഴിച്ചിട്ട് പോയതേ ഉള്ളൂ..

."" അകത്തേക്ക് കയറിയപ്പോഴേ അടഞ്ഞു കിടക്കുന്ന വാതിൽ കണ്ടു. അതിനി ഇവർ പോയിട്ടേ തുറക്കൂ എന്ന് ഉറപ്പായിരുന്നു ആശക്ക്... കഴിക്കാൻ ഇരുന്നപ്പോൾ തന്നെ അവളോടും പറഞ്ഞതാണ് നന്ദുവും മഹിയും കൂടി ഇങ്ങോട്ടേക്കു വരുന്നുണ്ടെന്ന്. പതിവിലും വേഗം കഴിച്ചെഴുന്നേറ്റ് മുറിയിലേക്ക് പോയി... അവൾക്ക് കാണേണ്ടത്രേ..... ഊണ് കഴിച്ചു കഴിഞ്ഞിട്ടും ആ വാതിൽ തുറക്കാതിരുന്നപ്പോൾ നന്ദു മഹിയെ നോക്കി... അവനൊന്നു കണ്ണ് ചിമ്മി അവളോട് ചെന്ന് നോക്കാൻ ആംഗ്യം കാണിച്ചു... ""അച്ചൂ..... വാതിൽ തുറക്ക്..."" വിളിച്ചിട്ടും മറുപടി കേൾക്കാതെ വന്നപ്പോൾ കൊട്ടി വിളിക്കാൻ തുടങ്ങി... ""കേട്ടില്ലേ നിന്നെ വിളിക്കുന്നത്.... വാതില് തുറക്ക് അച്ചൂ..... ""

ഒടുവിൽ ആശ ദേഷ്യത്തോടെ ഉച്ചത്തിൽ പറഞ്ഞതിന് ശേഷമാണ് വാതിൽ തുറന്നത്.... ",ഇവളിത്രയും നേരം നിന്നെ വിളിച്ചത് കേട്ടില്ല എന്നുണ്ടോ...."" ആശ ദേഷ്യത്തിൽ ചോദിച്ചതും അവളൊന്നും പറയാതെ തല താഴ്ത്തി... നന്ദു ആശയെ നോക്കി വേണ്ടെന്നത് പോലെ തലയാട്ടി അവളുടെ അടുത്തേക്ക് ഇരുന്നു... ""ഞങ്ങളിറങ്ങുവാ.... അത് പറയാൻ വിളിച്ചതാ..."" അവളൊന്ന് മൂളിയതേ ഉള്ളൂ... പിന്നെയും മൗനം നിറഞ്ഞപ്പോൾ നന്ദു പതിയെ മുറി വിട്ടിറങ്ങി... നന്ദു പോകുന്നത് നോക്കി വെറുതെ കട്ടിലിൽ തന്നെയിരുന്നു അവൾ. എന്താണ് മനസ്സിൽ.... അറിയില്ല.... പണത്തിന്റെ വില അറിഞ്ഞു തുടങ്ങിയിരിക്കുന്നു...

പകുതി ദിവസവും രാവിലത്തെ ജോലി കഴിയുമ്പോളേക്കും ക്ഷീണം കാരണം കിടന്നാൽ മതിയെന്നാകും.... കഴിച്ചിട്ട് ഉറങ്ങി എഴുന്നേൽക്കുമ്പോളേക്കും വീണ്ടും തിരക്കുകളിലേക്ക്... കൈപ്പത്തി മലർത്തി വച്ചു അതിലേക്ക് നോക്കി..... തഴമ്പ് കല്ലിച്ചു വേദനയാണ്.... ചിലതൊക്കെ പൊട്ടിയിട്ടും ഉണ്ട്.... കയർ ഉരഞ്ഞ പാടുകളും ചുവന്നു കിടക്കുന്നു... അമ്മ പറഞ്ഞ കഷ്ടപ്പാടുകളൊക്കെ മനസ്സിലാകുന്നുണ്ട്.... പക്ഷേ അംഗീകരിക്കാൻ കഴിയുന്നില്ല..... മനസ്സിൽ ഉറഞ്ഞു കൂടിയ ചിന്തകൾ മാറ്റാനും... അവളൊന്ന് ശ്വാസം നീട്ടിയെടുത്തു വാതിലടച്ചു വന്നു വീണ്ടും കിടന്നു.... ""മോൾക്ക് സങ്കടമായോ...."" ഇറങ്ങുന്നതിനു മുൻപ് നന്ദുവിന്റെ അടുത്തേക്ക് ചെന്ന് ആശ ചോദിച്ചു..

ഇല്ലെന്ന് തലയാട്ടി."" എല്ലാവരും നമ്മളെ മനസ്സിലാക്കണമെന്ന് വാശി പിടിക്കാൻ പറ്റുവോ അമ്മേ.... ഞാനിപ്പോൾ ഒരുപാട് സന്തോഷിക്കുന്നുണ്ട്.... അത് മാത്രം മതി.... അടുത്ത വർഷം അവൾക്ക് ഇഷ്ടമുള്ള കോഴ്സ് നു ചേർക്കാം... ഇനിയെന്തായാലും അങ്ങനെയൊരു തെറ്റ് ചെയ്യില്ല എന്നുറപ്പാണ്.... ഇത്രയും വർഷം അകൽച്ച കാട്ടിയിട്ട് എന്നോട് കൂട്ടാകാൻ മാത്രേ ഉള്ളൂ മടി.... നിർബന്ധിക്കണ്ട..... പിടിച്ചു വാങ്ങുന്നതൊന്നും നിൽക്കില്ലമ്മാ...... ഏതെങ്കിലും ഒരു കാലത്ത് അവളായ്‌ സ്വയം തീരുമാനം എടുക്കട്ടെ...."" കൈയിൽ കൂട്ടിപ്പിടിച്ചു പറയുമ്പോൾ ആശയോടൊപ്പം നന്ദുവിന്റെ കണ്ണും നിറഞ്ഞിരുന്നു.... യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ വെറുതെ അടഞ്ഞു കിടന്ന വാതിലിലേക്ക് ഒരു വട്ടം കൂടി നോക്കി... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""എന്തേ..... അച്ചു മിണ്ടാത്തതിന്റെ വിഷമമാണോ..."" യാത്രയുടെ ഇടയിൽ ഡോറിൽ തല ചായ്ച്ചു പുറത്തേക്ക് നോക്കിയിരിക്കുന്ന നന്ദുവിനെ മെല്ലെ തട്ടിവിളിച്ചു മഹി... ""വിഷമമൊന്നുമില്ല..... ചെറിയൊരു സങ്കടം മാത്രം.... എന്നോട് ലച്ചു പറഞ്ഞിരുന്നു അച്ചു ഇങ്ങനെയൊക്കെ തന്നെയാകുമെന്ന്..... ചില ധാരണകൾ ഒക്കെ മാറ്റാൻ വർഷങ്ങൾ വേണ്ടി വരും.... അവൾക്ക് ഇപ്പോഴും വൃത്തിയുടെ അസുഖം ഇത്തിരി കൂടുതലാ.... പണ്ടത്തെ ദേഷ്യവും വാശിയും മാറിയത് തന്നെ വലിയ കാര്യം.... ഇപ്പോൾ ഒന്നിനും വഴക്ക് ഉണ്ടാക്കാറില്ല എന്ന അമ്മ പറഞ്ഞത്.... പൈസ അനാവശ്യമായിട്ട് ചിലവാക്കാറും ഇല്ല.....ഇങ്ങനെയങ്ങു പോയാൽ മതി....""

നെടുവീർപ്പോടെ പറഞ്ഞു നിർത്തുമ്പോൾ കൈകളിലേക്ക് ആയിരുന്നു നോട്ടം.... പക്ഷേ അച്ചു അറപ്പോടെ തട്ടി മാറ്റിയ ഓർമ്മകൾക്ക് പകരം ഇന്ന് അവയ്ക്കൊക്കെ അവന്റെ പ്രണയത്തിന്റെ ചൂടാണ്... വീട്ടിൽ ചെന്നപ്പോൾ അമ്മയുടെ വകയും ഉണ്ടായിരുന്നു ആരതി ഉഴിയലും മറ്റും. അകത്തേക്ക് ചെന്നപ്പോൾ ഹാളിൽ ഇരിക്കുന്ന ആളിനെ കണ്ടു ഒരു നിമിഷം തറഞ്ഞു നിന്നു.... കണ്ണൊന്ന് ചിമ്മി തുറന്നു.... അല്ല... സ്വപ്നമല്ല.... ""അമ്മമ്മേ.... ""കാറ്റ് പോലെ അടുത്തേക്ക് ഓടി ചെന്നിരുന്നു.... കെട്ടിപ്പിടിച്ചു ആ മാറിലേക്ക് തല ചായ്ക്കുമ്പോൾ വിറയ്ക്കുന്നുണ്ടായിരുന്നു..... ""അയ്യേ.... കരയുവാ....."" അമ്മമ്മ പുറത്ത് തട്ടി ചോദിച്ചതും ചിണുങ്ങിക്കൊണ്ട് വീണ്ടും കെട്ടിപ്പിടിച്ചു...

""എന്തേ പറഞ്ഞില്ല വരുന്ന കാര്യം.... മിനിഞ്ഞാന്ന് കൂടി വിളിച്ചതല്ലേ...."" പരിഭവത്തോടെ ചോദിച്ചതും അവർ വാത്സല്യത്തോടെ അവളുടെ നെറുകയിൽ കൂടി വിരലോടിച്ചു... ""വരണമെന്ന് തീരുമാനിച്ചിരുന്നില്ല അപ്പോൾ.... ഇന്നലെ രാത്രി തോന്നി നിന്നെയൊന്നു കാണണമെന്ന്... വെളുപ്പിനുള്ള ട്രെയിൻ കയറി ഇങ്ങ് പോന്നു.... ഈ വഴി ടെ കാര്യത്തിൽ സംശയം ഉണ്ടായിരുന്നു... പിന്നെ മോനെ വിളിച്ചപ്പോൾ സ്റ്റേഷനിൽ നിന്ന് ഇങ്ങോട്ടേക്കു വണ്ടി ഏർപ്പാടാക്കി തന്നു..."" അമ്മമ്മ പറയുന്നത് കേട്ട് മഹിയെ ഒന്ന് കണ്ണ് ചുരുക്കി നോക്കിയെങ്കിലും അവിടെ ചിരിയാണ്... വീണ്ടും അമ്മമ്മയുടെ തണലിലേക്ക് പറ്റിക്കൂടി..... ആരും ഇല്ലാതിരുന്നപ്പോൾ ചേർത്തു നിർത്തിയ കൈകളാണ്...

തന്നെ ലച്ചുവിനെ ഏൽപ്പിച്ച കൈകൾ.... പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചു ഉയർത്തിയ കരങ്ങൾ.... ആ മടിയിലേക്ക് മുഖം പൂഴ്ത്തി പതിയെ കണ്ണടച്ചു... അപ്പോഴേക്കും അമ്മമ്മയുടെ മറുവശത്തായി മഹിയും വന്നിരുന്നിരുന്നു... ""അമ്മമ്മ എന്തിനാ അവിടെ പോയി ഒറ്റക്ക് താമസിക്കുന്നത്. ആശാമ്മേടെ കൂടെയോ ഇവിടെയോ നിന്നൂടെ ഇനിയെങ്കിലും.... എത്ര വർഷമായി അവിടെ ഒറ്റയ്ക്ക്...."" അവൻ ചോദിച്ചതും അവർ ചിരിച്ചു... ""വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടാകും എങ്കിലും അവളോട് ക്ഷമിക്കാൻ എനിക്കിനിയും കഴിഞ്ഞിട്ടില്ല. ഒറ്റ മകളായിരുന്നു.. സ്നേഹിച്ചു തന്നെ വളർത്തി. എന്നേക്കാൾ കൂടുതൽ അവളെ സ്നേഹിച്ചത് അവളുടെ അച്ഛനായിരുന്നു.....

എന്തിനുമുള്ള സ്വാതന്ത്ര്യം കൊടുത്തു വളർത്തി....അവനെ വിവാഹം ചെയ്യുന്ന കാര്യം മാത്രമായിരുന്നു അദ്ദേഹം എതിർത്തത്. അവന്റെ സ്വഭാവം ശെരിയല്ലെന്ന് അവളോട് തന്നെ പറഞ്ഞതുമാണ്. മറ്റൊരു ആലോചന വന്നപ്പോൾ അതിനും അവൾ സമ്മതം മൂളി. പറഞ്ഞതൊക്കെ മോള്‌ മനസ്സിലാക്കിയല്ലോ എന്ന സന്തോഷത്തിൽ ആയിരുന്നു അദ്ദേഹം. പക്ഷേ അതെന്തിനായിരുന്നു എന്ന് മനസ്സിലായത് കരുതി വച്ച പൊന്നും കൊണ്ട് വിവാഹതലേന്ന് ആരും അറിയാതെ അവനോടൊപ്പം ഇറങ്ങി പോയപ്പോൾ ആയിരുന്നു. കാര്യം അറിഞ്ഞയുടൻ കുഴഞ്ഞു വീണതാ.... പോയി...... """പറയുമ്പോൾ ഇപ്പോഴും അവരുടെ ശബ്ദം വിറച്ചു.

""അവനുപേക്ഷിച്ചു പോയി മൂന്ന് കുഞ്ഞുങ്ങളെയും കൊണ്ടവൾ അര പട്ടിണിയിൽ ജീവിക്കുന്നത് അറിഞ്ഞപ്പോഴാണ് വർഷങ്ങള്ക് ശേഷം ഇവരെ കാണുന്നത്. അമ്മ ചെയ്ത തെറ്റിന് ഒന്നുമറിയാത്ത കുഞ്ഞുങ്ങൾ എന്ത് ചെയ്തു.... വാടകയ്ക്ക് ഒരു വീടും തയ്യൽ പഠിപ്പിക്കുന്ന ഒരു കോച്ചിങ്ങിനു അഡ്മിഷനും എടുത്തു കൊടുത്തു.... ആദ്യം ഇവരുടെ വീട്ടിൽ പോയപ്പോളേ ഒരു കൊച്ചു മിടുക്കി ഓടി വന്നു കൈയിൽ തൂങ്ങി. ഇളയതുങ്ങൾ രണ്ടും അന്ന് നടന്നു തുടങ്ങിയിട്ടില്ല... പിന്നെ വല്ലപ്പോഴും ഇടയ്ക്ക് പോയി നിൽക്കും... കുഞ്ഞുങ്ങളെ കാണാൻ... പ്രത്യേകിച്ച് ഈ പെണ്ണിനെ....""" നന്ദുവിന്റെ നെറുകയിൽ വിരലോടിച്ചു.

""ഇവളെ കാണുമ്പോൾ അദ്ദേഹത്തെ ഓർമ്മ വരും.... ഇതേ മുഖഛായ ആയിരുന്നു.... പിന്നെ എന്റെ കുട്ടിയുടെ സങ്കടങ്ങളും ഒക്കെ അറിയുമ്പോൾ നെഞ്ച് പിടയ്ക്കും... അങ്ങനെ ഓടി വന്നു ഒരു ദിവസമൊക്കെ നിൽക്കുന്നതാ... അങ്ങോട്ട്‌ കൊണ്ട് പോകാൻ ഞാൻ പലവട്ടം തുനിഞ്ഞതാണ്.... പക്ഷേ അന്ന് ആശ സമ്മതിച്ചില്ല.... ഇവള് പോയാൽ പിന്നെ ജോലിയൊക്കെ ആര് ചെയ്യും.... പക്ഷേ അന്ന് നിങ്ങൾ പിരിയാനുള്ള തീരുമാനം എടുത്ത ദിവസം ഞാൻ വന്നപ്പോൾ എന്റെ കുഞ്ഞ് വല്ലാത്ത അവസ്ഥയിൽ ആയിരുന്നു.... ഒരാള് പോലും കൂടെ നിൽക്കാതെ..... ഞാൻ വരുമ്പോൾ ഇവള് വെറും നിലത്തു കിടക്കുവാ... അതിന് ശേഷം പോയില്ല ഞാൻ..... അവിടെ തന്നെ നിന്നു....

പോകുമ്പോൾ ഇവളെയും കൂടി കൊണ്ട് പോകുമെന്ന് ഉറപ്പിച്ചിരുന്നു.... ഇനി ആയാലും എനിക്ക് അവിടം വിട്ട് വരാൻ പറ്റില്ല.... അദ്ദേഹം ഉറങ്ങുന്ന മണ്ണാണ്..... കഴിഞ്ഞ ഇരുപത്തിഏഴു വർഷമായിട്ട്..... ആരൊക്കെ പോയെന്ന് പറഞ്ഞാലും എനിക്കറിയാം ഇന്നും എന്റെ കൂടെ തന്നെ ഉണ്ടാകും....""" മഹി അവരെ ചുറ്റിപ്പിടിച്ചു തോളിലേക്ക് തല ചായ്ച്ചു.... ""ഇനിയെന്തായാലും കുറച്ചു ദിവസം നിന്നിട്ട് ഇവിടുന്ന് പോയാൽ മതി...""" അവൻ കപട ഗൗരവത്തിൽ പറഞ്ഞതും സമ്മതം പോലെ അവന്റെ മുടിയിൽ വിരലോടിച്ചു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 അത്താഴം ബഹളമയമായിരുന്നു....

നിത്യയും ഇതിനകം അമ്മമ്മയെ ഏറ്റെടുത്ത മട്ടാണ്.... എന്തൊക്കെയോ നുറുങ്ങു വിദ്യകളും പൊടിക്കൈകളും പറഞ്ഞു ഇരിക്കുന്നുണ്ട് രണ്ടാളും കൂടി... വിശേഷങ്ങൾ ഒരുപാടായിരുന്നു എല്ലാവർക്കും പറയാൻ... രാത്രി അച്ഛൻ വിളിച്ചപ്പോഴും എന്നും ഒരു മണിക്കൂർ നീളുന്ന ഫോൺ സംഭാഷണങ്ങൾ ഇന്ന് മണിക്കൂറുകൾ നീണ്ടു പോയി... രാത്രിയിൽ അവന്റെ ചൂടേറ്റ് ആ നെഞ്ചിൽ മുഖമർത്തി കിടക്കുമ്പോൾ കഴിഞ്ഞു പോയ എല്ലാ സങ്കടങ്ങളും മായ്ക്കാൻ എന്നത് പോലെ നിറഞ്ഞ പുഞ്ചിരി ആ മുഖത്ത് സ്ഥാനം പിടിച്ചിരുന്നു.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""താങ്കൾ വിളിക്കുന്ന സബ്സ്ക്രൈബർ സ്വിച്ചഡ് ഓഫ് ചെയ്തിരിക്കുകയാണ്....

"" ഫോണിൽ കൂടി ശബ്ദം മുഴങ്ങിയതും ലച്ചു നിരാശയോടെ ഫോൺ കട്ട്‌ ചെയ്തു. സമയം പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു... അമ്മയും ഇരിപ്പുണ്ട് കൂടെ.... ദ്രുവ് കൂട്ടുകാരുടെ കൂടെ ട്രിപ്പിനു പോയിരിക്കുകയാണ്... നാളെയെ വരൂ... ""കിട്ടിയോ മോളെ..."". അമ്മ ചോദിച്ചതും ഇല്ലെന്ന് തലയാട്ടി. ""ചാർജ് തീർന്നിട്ടുണ്ടാകും അമ്മേ... അവിടുത്തെ ബഹളത്തിന്റെ ഇടയ്ക്ക് എങ്ങനെ ചാർജ് ചെയ്യാനാ..."" ""ഹ്മ്മ്... ""അവർ മൂളുമ്പോഴും ടെൻഷൻ മുഖത്ത് കാണാം... അമ്മേടെ ടെൻഷൻ മാറ്റാനായി അടുത്തിരുന്നു വെറുതെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു... അപ്പോഴും നോട്ടം ഇടയ്ക്ക് ക്ലോക്കിലേക്ക് പോകുന്നുണ്ടായിരുന്നു. വൈകുന്നേരം വിളിച്ചതാണ്....

ഏതോ അക്രമികളെ അറസ്റ്റ് ചെയ്യാൻ പോകുന്ന വിവരം പറഞ്ഞിരുന്നു..... അതിന് ശേഷം വിളിക്കുമ്പോളൊക്കെ സ്വിച്ചഡ് ഓഫ് എന്ന മറുപടിയും.... പന്ത്രണ്ടും കഴിഞ്ഞു സമയം ഒന്നിലേക്ക് എത്തിയതും സ്റ്റേഷനിലേക്ക് വിളിച്ചു ചോദിക്കാൻ തന്നെ തീരുമാനിച്ചു... നമ്പർ ഡയൽ ചെയ്യുന്നതിന്റെ ഇടയിലാണ് കാളിംഗ് ബെൽ മുഴങ്ങിയത്... ഓടി ചെന്ന് വാതിൽ തുറക്കുമ്പോൾ മുന്നിൽ കണ്ട കാഴ്ചയിൽ മുഖത്തെ രക്തം വറ്റി വിളറി വെളുത്തിരുന്നു.............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story