അനന്തിക: ഭാഗം 6

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

പാടില്ല.... കരയരുത്.... അതിനുള്ള അവകാശവും ഇല്ല.... സ്വപ്നങ്ങളുള്ളവൾക്കെ കരയാനും അവകാശമുള്ളൂ.... അടുത്ത പ്രഭാതം തനിക്കായി കരുതി വച്ച നിറമുള്ള സ്വപ്നങ്ങളെപ്പറ്റി അറിയാതെ ആ പെണ്ണപ്പോഴും സ്വയമൊരു മരുഭൂമിയായി മാറുകയായിരുന്നു... ഋതകളില്ലാത്ത വസന്തം വിരുന്നെത്താത്ത വറ്റി വരണ്ട് ജീവനറ്റ മരുഭൂമി.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 രാവിലെ ഓഫീസിലേക്ക് ഒരുങ്ങി ഇറങ്ങിയപ്പോഴാണ് പ്രിയ മുറിയിലേക്ക് വന്നത്. ""ചേച്ചി....."" അവൾ വിളിച്ചതും മുടി ചീകുന്നത് നിർത്തി ബാഗിൽ നിന്നും രണ്ടായിരം എടുത്തു കൊടുത്തു... പ്രിയ മടിയോടെ പൈസയിലേക്കും അവളെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു.... നന്ദു അത് ശ്രദ്ധിക്കാതെ മുടി കെട്ടി.. ഷാൾ പിൻ ചെയ്യാൻ തുടങ്ങി... ഇനിയും മടിച്ചു നിന്നിട്ട് പ്രയോജനമൊന്നും ഇല്ലെന്ന് തോന്നിയതും അവൾ പതിയെ വീണ്ടും വിളിച്ചു... ""ചേച്ചി.... അച്ചു.... അവൾടെ കിട്ടിയില്ല...

."" നന്ദു അത് ശ്രദ്ധിക്കാതെ ഷാൾ പിൻ ചെയ്തു. ""നിന്റെ പേര് അച്ചു എന്നാണോ... അവൾക്ക് വേണമെങ്കിൽ അവളോട്‌ വന്നു ചോദിക്കാൻ പറ...നിന്റെ കൈയിൽ തന്നു വിട്ടു എന്ന് വിചാരിച്ചു പൈസയുടെ പകർച്ച കുറയില്ല...."" നന്ദുവിന്റെ മുഖത്തെ ഗൗരവം കണ്ടതും പിന്നൊന്നും പറയാൻ നിൽക്കാതെ പ്രിയ വേഗം പുറത്തേക്ക് നടന്നു. അഞ്ച് മിനിറ്റിനുള്ളിൽ ഇറങ്ങിയാലെ ബസ്സ് കിട്ടൂ... അവൾ പോകുന്നതും നോക്കി നന്ദു ഒരു നിമിഷം നിന്നു.... സാധാരണ എപ്പോഴും മറുത്തൊന്നും പറയാതെ എല്ലാം അമ്മ ചോദിക്കുമ്പോൾ കൊടുക്കുന്നതാണ്... പക്ഷേ തോന്നിയില്ല ഇത്തവണ.... ഇന്നലെ അച്ചുവിൽ നിന്നും കേട്ട വാക്കുകൾ അത്രത്തോളം മനസ്സിനെ മുറിവേൽപ്പിച്ചിരുന്നു...

ഹാളിൽ നിന്നും പ്രിയയുടെയും അച്ചുവിന്റെയും സംസാരം കേൾക്കാം... പതുക്കെയായതിനാൽ വ്യക്തമല്ല.... ""എനിക്ക് വയ്യ അച്ചു...... നിനക്കെന്താ അനുവിനോട് ചോദിച്ചാൽ... ഇത്രയ്ക്കു അഹമ്മതി പാടില്ല... ചോദിക്കാൻ വയ്യെങ്കിൽ നീ ചെയ്യണ്ട പ്രൊജക്റ്റ്‌...."" അമ്മേടെ ദേഷ്യത്തിലുള്ള സ്വരം കേട്ടു.. അവൾക്ക് സ്വയം എന്തെന്നില്ലാത്ത പുച്ഛം തോന്നി..... സ്വയമണിഞ്ഞ വിഡ്ഢി വേഷം ഇന്ന് ശ്വാസം മുട്ടിക്കുന്നത് പോലെ... കുറച്ചു നേരം കഴിഞ്ഞതും വാതിലിൽ മുട്ട് കേട്ടു.... ""അത്...... പൈസ......"" തല താഴ്ത്തിയാണ് നിൽക്കുന്നത്... വേറൊന്നും അവളോട്‌ ചോദിക്കാനോ പറയാനോ ഇല്ലായിരുന്നു. ബാഗിൽ നിന്നും രണ്ടായിരം എടുത്തു ടേബിളിന്റെ മുകളിലേക്ക് വച്ചിട്ട് പുറത്തേക്ക് ഇറങ്ങി..

""അമ്മേ ഞാനിറങ്ങുവാ...."" ചെരുപ്പിടുന്നതിന്റെ ഇടയിൽ വിളിച്ചു പറഞ്ഞു... പ്രിയ വാതിലിന്റെ അടുത്ത് തന്നെ നിൽപ്പുണ്ടായിരുന്നു. '"നിൽക്ക് അനൂ... ഒന്നിച്ചു പൊയ്ക്കൂടേ ഒരഞ്ചു മിനിറ്റ് നിന്നാൽ... ""നനഞ്ഞ കൈ സാരിയുടെ തുമ്പിൽ തുടച്ചുകൊണ്ട് ആശ ചോദിച്ചു... ""എനിക്ക് നേരത്തെ പോണം.... ഓഫീസിൽ ചെന്നിട്ടു ജോലിയുണ്ട്..."" ആരുടേയും മറുപടി കേൾക്കാൻ നിൽക്കാതെ ഇറങ്ങി... മനപ്പൂർവം പടിയിറക്കിയ ഓർമ്മകൾ ഓരോന്നായി എത്തി നോക്കി വേദനിപ്പിക്കുന്നുണ്ടായിരുന്നു... ""അച്ചൂട്ടാ......"" നെഞ്ചോട് ചേർത്തു പിടിച്ച പഞ്ഞിക്കെട്ട് പോലെയുള്ള കുഞ്ഞിന്റെ കവിളിൽ അനു മെല്ലെ തൊട്ടു.... ""അച്ചൂട്ടാ..... ചേച്ചിയാടാ...."". ""എന്താ അനൂട്ടിയെ.... അച്ചു മോളെ മാത്രേ നീ കണ്ടുള്ളൂ....

എന്റെ പ്രിയക്കുട്ടിയെ കണ്ടില്ലേ നീ...."" അച്ഛമ്മേടെ മടിയിലിരുന്ന് പിണക്കത്തോടെ ഇങ്ങോട്ട് നോക്കി മുഖം പൊത്തി നിൽക്കുന്ന പെണ്ണിനെ ഒളിക്കണ്ണിട്ട് നോക്കി.... വീണ്ടും അച്ചുവിന്റെ കവിളിൽ ഒരുമ്മ കൊടുത്തു.... കൊടുത്തു തീർന്നതും ചെവി പൊട്ടും പോലെയുള്ള അലറി കരച്ചിൽ കേട്ടു.... ""എന്റെയാ...... അനു എന്റെയാ....."" അച്ഛമ്മേടെ മടിയിൽ നിന്നും ഇറങ്ങി ഓടി വന്നു കാലിൽ ചുറ്റിപിടിച്ചു കരയുന്ന കുഞ്ഞ് പെണ്ണിനേയും എടുത്തു മടിയിൽ വച്ചു.... വിതുമ്പലോടെ തോളിലേക്ക് മുഖം പൂഴ്ത്തി അവൾ..... രണ്ടാളെയും രണ്ടു കൈയിലുമായി ചേർത്ത് പിടിച്ചിരുന്നു.... ""അമ്മേ...... ഇത് നോക്കിയേ അമ്മേ..... എന്റെ കൈയിലെന്തോ....."" ""എന്റെ കൈയെന്താ അമ്മേ നിറം മാറുന്നെ....""

""ഈ ഗുളിക വേണ്ടമ്മേ..... കയ്പ്പാ.... അനൂന് ഇഷ്ടമല്ല....."" ""വേണ്ട....... അനു വാരി തരണ്ട അച്ചൂന്..... അച്ചൂന് പേടിയാ....... അമ്മ തന്ന മതി......"" ചെവി രണ്ടും ബലമായി അടച്ചു പിടിച്ചു കണ്ണടച്ചിരുന്നു..... അപ്പോഴും ചില മൂളലുകൾ തലയിൽ ബാക്കിയായിരുന്നു..... ജീർണിച്ച ഓർമ്മകൾ പോലെ..... അടുത്തിരിക്കുന്നവരൊക്കെ ശ്രദ്ധിക്കുന്നു എന്ന് തോന്നിയതും കൈയെടുത്തു മാറ്റി വഴിയിലെ കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""ഡോ...."". ഓഫീസിലേക്കുള്ള സ്റ്റോപ്പിൽ ഇറങ്ങിയപ്പോഴാണ് പിന്നിൽ നിന്നും ആരോ വിളിച്ചത്. ചിരിയോടെ മുന്നിൽ നിൽക്കുന്ന മഹിയെ കണ്ടതും അവളുടെ നെറ്റി ചുളിഞ്ഞു... ""ഹാ..... ഇതെന്താടോ ഇങ്ങനെ നോക്കുന്നത്....

ഞാനും ഈ ഓഫീസിൽ തന്നെയാ വർക്ക്‌ ചെയ്യുന്നത്...."" അവന്റെ മറുപടി കേട്ടതും പിന്നൊന്നും പറയാതെ കണ്ണൊന്നു മുകളിലേക്കുരുട്ടിയവൾ ഓഫീസിലേക്ക് നടന്നു... ""ഇതെന്താടോ ശത്രുക്കളോട് പെരുമാറുന്നത് പോലെ.... ഒന്നുമില്ലെങ്കിലും തന്റെ സുപ്പിരിയർ ഓഫീസർ അല്ലെ..... ""കുസൃതി കലർന്ന ചിരിയോടെ അവനത് പറഞ്ഞതും അവളൊന്ന് നിന്നു... ""ഇത് ഓഫീസ് അല്ലല്ലോ. ഇനി അല്ലെങ്കിലും വർക്ക്‌ സംബന്ധമായ എന്ത് കാര്യം വേണമെങ്കിലും സാറിന് ചോദിക്കാം...."" ഗൗരവത്തോടെ പറഞ്ഞു തിരിഞ്ഞു നടക്കുന്നവളിൽ തന്നെ കൊരുത്തിട്ടിരുന്നു അവന്റെ കണ്ണുകൾ. കപട ഗൗരവം അണിയുന്നവരെയും മറ്റും ഒരുപാട് കണ്ടിട്ടുണ്ട്... എങ്കിലും കണ്ണുകളിൽ പോലും പുഞ്ചിരിയില്ലാത്ത ഒരല്പ നേരത്തേക്ക് പോലും മുഖത്തെ ആ സ്ഥായീഭാവം മാറ്റാത്ത പെൺകുട്ടിയെ ആദ്യമായിട്ടാണ് കാണുന്നത്....

ഇന്നലത്തെ ദിവസം ഒരു നിമിഷത്തേക്കെങ്കിലും അവളിൽ മിന്നി മാഞ്ഞ പതർച്ചയും അമ്പരപ്പും ഓർക്കേ അവനിൽ ഒരു ചിരി വിടർന്നു.... ഓഫീസിലെത്തിയിട്ടും ഇടയ്ക്കിടെ ഒരോ സംശയങ്ങൾ ചോദിക്കുന്ന മഹിയെ അവളൊന്ന് കണ്ണ് കൂർപ്പിച്ചു നോക്കി.... ലോകത്തിലെങ്ങും ഇല്ലാത്ത സംശയങ്ങളാണ് ചോദിച്ചു കൊണ്ട് വരുന്നത്.... കുറച്ചു മുൻപ് വന്നപ്പോൾ ഒടുവിൽ സഹികെട്ട് രൂക്ഷമായി നോക്കിയതുകൊണ്ടാകാം ഇപ്പോൾ വരുന്നില്ല.... ""താനെന്താടോ ബ്രേക്കിനു ക്യാന്റീനിൽ വരാത്തത്.... ഊണ് കഴിക്കാൻ മാത്രേ വരുള്ളോ....."" ചോദ്യം കേട്ട് മുഖമുയർത്തിയപ്പോൾ കൈയിൽ രണ്ടു മഗ്ഗുമായിരിക്കുന്ന മഹിയെയാണ് കാണുന്നത്. ""എനിക്ക് ജോലിയുണ്ട്...."" വീണ്ടും ഫയലിലേക്ക് മുഖം പൂഴ്ത്തി....

""ബ്രേക്ക്‌ പിന്നെ ജോലി ഇല്ലാത്തവർക്കാണോ തരുന്നത്...."" അവന്റെ ചോദ്യം ഇഷ്ടപ്പെടാത്തത് പോലെ അവളൊന്നും മിണ്ടിയില്ല.... ""എന്തായാലും ഞാൻ പോയപ്പോൾ രണ്ടു കോഫി വാങ്ങി... താൻ മാത്രമല്ലേ വരാതിരുന്നത്...."" ""ഞാൻ കോഫി കുടിക്കാറില്ല.... ചായയെ കുടിക്കൂ...."" എടുത്തടിച്ചത് പോലെ പെട്ടെന്നുള്ള അവളുടെ മറുപടി കേട്ട് അവന് ചിരി പൊട്ടി... ""എങ്കിൽ ചായ കുടിച്ചോ....."" കൈയിലിരുന്ന ഒരു മഗ് അവൾക്ക് അരികിലേക്ക് നീക്കി വച്ചു.... പകപ്പോടെ നോക്കുന്നവളെ നോക്കിയൊരു പുഞ്ചിരി നൽകി.... ""എനിക്ക് തോന്നിയിരുന്നു ഇതായിരിക്കും മറുപടിയെന്ന്..."" ഒന്നും സംഭവിക്കാത്തത് പോലെ സീറ്റിലേക്ക് പോയിരിക്കുന്നവനെ അമ്പരപ്പോടെ നോക്കിയിരുന്നു....

അവൻ കൊണ്ട് വച്ച മഗ്ഗിലേക്കും..... എടുക്കണോ വേണ്ടയോ എന്നുള്ള യുദ്ധത്തിലായിരുന്നു മനസ്സ്..... രണ്ടും വാങ്ങിക്കൊണ്ട് വരും എന്ന് വിചാരിച്ചില്ല.... അതാണ് കോഫി എന്ന് പറഞ്ഞപ്പോൾ കുടിക്കില്ല എന്ന് പറഞ്ഞത്... കുറച്ചു സമയം കൂടി നോക്കിയിരുന്ന ശേഷം മടിയോടെ പതിയെ കയ്യിലെക്കെടുത്തു..... കുറച്ചു ദൂരെ നിന്നും ഇത് നോക്കി നിന്നിരുന്ന മഹിയുടെ ചുണ്ടിലും ഒരു ചിരി വിടർന്നു.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 വൈകുന്നേരം ബസ്സിൽ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു.... പകുതി ദൂരം എത്തിയിട്ടാണ് സീറ്റ്‌ കിട്ടിയത്.... ഓരോന്നോർത്ത് പുറത്തേക്ക് നോക്കിയിരുന്നു....

കുറച്ചു ദൂരം കൂടി മുന്നോട്ട് പോയപ്പോളാണ് സൈഡിലായി കമ്പിയിൽ പിടിച്ചു നിൽക്കുന്ന മഹിയെ കാണുന്നത്. അവൻ തന്നെ കണ്ടിട്ടില്ല എന്ന് തോന്നുന്നു ഇതുവരെ... ധൃതിയിൽ മുഖം തിരിച്ചു പുറത്തേക്ക് നോക്കുമ്പോളേക്കും മഹിയവളെ കണ്ടിരുന്നു.... അവനൊരു ചിരിയോടെ അടുത്തേക്ക് ഇരുന്നു.... ""ഞാൻ കാണാതിരിക്കാനാണോ പുറത്തേക്ക് നോക്കിയിരിക്കുന്നത്...."" ചിരിയടക്കിപ്പിടിച്ചു ചോദിക്കുന്ന മഹിയെ കണ്ടപ്പോൾ അല്ലെന്ന് തലയാട്ടി... വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു.... ""താനെന്നും ഈ ബസ്സിനാണോ..... ഞാനിന്ന് മാത്രേ ഉള്ളൂ.....ബൈക്കിന്നലേ വൈകിട്ട് സർവീസിനു കൊടുത്തു.... അതെടുക്കാൻ പോകുന്ന വഴിയാ..."" അവളായി ഒന്നും ചോദിക്കില്ല എന്ന് അറിയാവുന്നതുകൊണ്ട് അവൻ മെല്ലെ പറഞ്ഞു... വീണ്ടും എന്തൊ പറയാൻ വന്നപ്പോഴാണ് ആരോ തോണ്ടി വിളിച്ചത്....

അവനെ രൂക്ഷമായി നോക്കുന്ന സ്ത്രീയെ കണ്ടതും അവനവരെ സംശയത്തോടെ നോക്കി.... ""ഇങ്ങോട്ട് എണീക്ക് കൊച്ചനെ.... ഇത് പെണ്ണുങ്ങടെ സീറ്റ്‌ ആണെന്ന് മോളിൽ വെണ്ടയ്ക്ക വലിപ്പത്തിൽ എഴുതി വച്ചിട്ടില്ലേ...."" അവരുറക്കെ പറഞ്ഞതും അവൻ ചമ്മലോടെ മുകളിലേക്ക് നോക്കി.... ശെരിയാ സ്ത്രീകൾക്ക് മുൻഗണന എന്നെഴുതി വച്ചിട്ടുണ്ട്.... ""ചേച്ചി ഇരുന്നോ....."" ബാഗ് പെട്ടെന്ന് നന്ദുവിന്റെ മടിയിലേക്ക് വച്ചിട്ട് എഴുന്നേറ്റു... ""അല്ലെങ്കിലും ഞാനിരിക്കാനാ വന്നത്...."" അവർ പിറുപിറുത്തുകൊണ്ട് സീറ്റിലേക്ക് ഇരുന്നതും അവൻ ചുറ്റും നോക്കി... പലരും ചിരിയടക്കി ഇരിപ്പുണ്ട്.... എല്ലാവരെയും നോക്കി ചമ്മലോടെ തലയ്ക്കൊന്ന് കൊട്ടി... നന്ദുവിനെ നോക്കിയപ്പോൾ ചിരിയടക്കാനായി വിരൽ ചേർത്തിരിപ്പുണ്ട് ചുണ്ടിൽ.... എന്നിട്ടും അടക്കി നിർത്താൻ പറ്റാതെ പുറത്തേക്ക് നോക്കി ചുണ്ട് കൂട്ടിപ്പിടിച്ചിരിപ്പുണ്ട്.... അവനാ പെണ്ണിനെ തന്നെ കണ്ണിമയ്ക്കാതെ നോക്കി നിന്നു..... ആദ്യമായി അവളിൽ കാണുന്ന പുഞ്ചിരി വീണ്ടും വീണ്ടും ഹൃദയത്തിലേക്ക് ആവാഹിച്ചു......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story