അനന്തിക: ഭാഗം 7

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

നന്ദുവിനെ നോക്കിയപ്പോൾ ചിരിയടക്കാനായി വിരൽ ചേർത്തിരിപ്പുണ്ട് ചുണ്ടിൽ.... എന്നിട്ടും അടക്കി നിർത്താൻ പറ്റാതെ പുറത്തേക്ക് നോക്കി ചുണ്ട് കൂട്ടിപ്പിടിച്ചിരിപ്പുണ്ട്.... അവനാ പെണ്ണിനെ തന്നെ കണ്ണിമയ്ക്കാതെ നോക്കി നിന്നു..... ആദ്യമായി അവളിൽ കാണുന്ന പുഞ്ചിരി വീണ്ടും വീണ്ടും ഹൃദയത്തിലേക്ക് ആവാഹിച്ചു.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""അനൂ......."" ആരോ തട്ടി വിളിക്കുന്നത് കേട്ടിട്ടാണ് കണ്ണ് തുറന്നത്. ചുണ്ടിൽ ഇപ്പോഴും അതേ പുഞ്ചിരി നിറഞ്ഞു നിൽപ്പുണ്ടായിരുന്നു... കണ്ണിലേക്കു അരിച്ചു കയറിയ വെയിൽ നോക്കാൻ പറ്റാതെ മിഴികൾ ഒന്ന് കൂടി ചിമ്മിയടച്ചു... ലച്ചുവിനെയാണ് ആദ്യം കണ്ടത്... പകപ്പോടെ ചുറ്റും നോക്കി.... ഇന്നലെ ഇവിടേക്ക് വന്നതൊന്നും പെട്ടെന്ന് ഓർമ്മ വന്നില്ല....

""സമയം പത്തായി.... എന്തൊരുറക്കാ എന്റെ അനുവേ..."". ലച്ചു താടിയിലേക്ക് കൈയൂന്നി അതിശയത്തോടെ പറഞ്ഞതും അവളൊരു മങ്ങിയ ചിരി നൽകി... പുലർച്ചെ എപ്പോഴോ ആയിട്ടുണ്ടായിരുന്നു ഒന്ന് മയങ്ങിയപ്പോൾ... കണ്ണൊന്നു പൂട്ടുമ്പോഴേക്കും ഉള്ളിൽ തെളിയുന്നത് ആ മുഖമാണ്... കുസൃതി നിറഞ്ഞ മിഴികളാണ്... ""ഹേയ്.... വീണ്ടും പോയോ സ്വപ്നലോകത്തിലേക്ക്... താനൂടെ വന്നിട്ട് കഴിക്കാൻ നോക്കിയിരിക്കുവാ... ഇപ്പൊ തന്നെ വിശന്നിട്ടു വയറൊരു പരുവമായി.."". വയറ്റിൽ മൊത്തത്തിലൊന്ന് തടവി ചിണുങ്ങലോടെ പറയുന്ന ലച്ചുവിനെ കണ്ടതും അവൾ പതിയെ എഴുന്നേറ്റു... ""എനിക്ക് വേണ്ടി കാത്തിരിക്കുവൊന്നും വേണ്ട ചേച്ചി.... വിശക്കുമ്പോൾ കഴിച്ചോളൂ... ""

ലച്ചുവിനെ ഒന്ന് നോക്കി പറഞ്ഞുകൊണ്ടവൾ ഷീറ്റ് മടക്കി നേരെ വച്ചു... ""അതൊക്കെ ഞാൻ നോക്കിക്കോളാം... ഇപ്പൊ എന്റെ അനുമോള് പോയി പല്ലൊക്കെ തേച്ചു മിടുക്കിയായിട്ട് പോരെ... നല്ല ചൂട് അപ്പവും മുട്ട റോസ്റ്റും ഉണ്ടാക്കി വച്ചിട്ടുണ്ട്....."" അവളുടെ രണ്ടു കവിളിലും പിടിച്ചു കൊഞ്ചിക്കുന്നതായി ഭാവിച്ചു ലച്ചു ചിരിയോടെ പറഞ്ഞു.. പുറത്തോട്ട് നടക്കുമ്പോഴും അവളിൽ ആ ചിരിയുണ്ടായിരുന്നു. മഹിയുടെ ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമാണ് അപ്പവും മുട്ട റോസ്റ്റും എന്ന് മുത്തശ്ശിയോട് ചോദിച്ചു പഠിച്ചതാണ്.... ആ പേര് കേട്ടപ്പോൾ തന്നെ നന്ദുവിന്റെ കണ്ണുകളിൽ തെളിഞ്ഞ തിളക്കം അവൾക്കുള്ളിൽ അലയടിച്ചുകൊണ്ടിരുന്ന ആയിരം ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു...

ഒരിക്കലും മഹിയെ മാറ്റി നിർത്തി നന്ദുവിനൊരു മാറ്റം ഉണ്ടാകില്ല.... അവനിലൂടെ മാത്രമേ അവളെ പുതിയൊരു നന്ദുവാക്കാൻ പറ്റൂ.... നേരിട്ടോ അല്ലാതെയോ മഹിയിലൂടെ തന്നെ വേണം അവളിലെ മാറ്റങ്ങൾക്ക് തുടക്കമിടാൻ.. നന്ദു ഫ്രഷ് ആയി പല്ലൊക്കെ തേച്ചു വന്നപ്പോളേക്കും ലച്ചു എല്ലാവർക്കും വിളമ്പി കഴിഞ്ഞിരുന്നു... പ്ലേറ്റിലേക്ക് വിളമ്പിയ പാലപ്പത്തിലേക്കും റോസ്‌റ്റിലേക്കും അവളൊരു നിമിഷം നോക്കി നിന്നു... കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.... ചെറുതായി മുറിച്ചു വായിൽ വച്ചപ്പോൾ രണ്ടു വർഷം മുൻപുണ്ടായിരുന്ന അതേ മധുരം നാവിൽ നിറയുന്നതായി തോന്നി.. 🌺🌺🌺🌺 സ്ഥിരം സ്ഥലമായ കാന്റീനിന്റെ ഓരത്തായി വന്നിരുന്നതായിരുന്നു നന്ദു....

മഹി ജോയിൻ ചെയ്തിട്ട് ഒന്നര മാസം കഴിഞ്ഞിരിക്കുന്നു.... അന്ന് ബസ്സിൽ ഒന്നിച്ചു പോയതിന് ശേഷം കാണുമ്പോൾ ഒരു ചെറിയ ചിരി നൽകും... എന്നും ബ്രേക്ക്‌ ടൈമിൽ ആള് ചായ വാങ്ങിക്കൊണ്ട് തരുന്നത് പതിവായപ്പോൾ ഒടുവിൽ മനസ്സില്ലാ മനസ്സോടെ കാന്റീനിലേക്ക് പോയി തുടങ്ങി... എങ്കിലും പരമാവധി വൈകിയാണ് പോകാറു... ചെല്ലുമ്പോഴേക്കും അവരൊക്കെ ബ്രേക്ക്‌ തീർന്നു തിരികെ വരാനുള്ള ഒരുക്കത്തിലായിരിക്കും... ആരോടും കൂടുതലൊന്നും പറയാതെ പെട്ടെന്ന് ഒരു കോഫി ഊതി കുടിച്ചു തിരിച്ചു വന്നിരിക്കും... മഹി പലപ്പോഴും ഓരോന്നൊക്കെ ചോദിച്ചു ചെല്ലാറുണ്ട് എങ്കിലും അവളെ സംബന്ധിക്കുന്ന ഒരു കാര്യവും ആരോടും പറയാൻ തയ്യാറായിരുന്നില്ല...

ഇന്നും പതിവ് പോലെ നന്ദു ഒരു മൂലയ്ക്കായുള്ള ടേബിളിൽ പോയിരിക്കുന്നത് കണ്ടപ്പോൾ മഹിയൊന്ന് നിശ്വസിച്ചു... കഴിഞ്ഞ രണ്ടാഴ്ചയായി എല്ലാവരുടെയും ഒപ്പമിരിക്കാൻ നിർബന്ധിക്കുന്നു... എന്നാലൊരു നോട്ടം പോലും ആരുടേയും നേരെ വന്നില്ല.... അന്ന് ബസ്സിൽ വച്ചു കണ്ടതല്ലാതെ നിറഞ്ഞൊരു പുഞ്ചിരി പോലും പിന്നെയും ആ മുഖത്ത് കണ്ടില്ല. ആർക്കോ വേണ്ടിയെന്നത് പോലെ വെറുതേ ഒരു ചിരി നൽകും... എത്രയൊക്കെ സംസാരിക്കാൻ ശ്രമിച്ചാലും ഓഫീസിലെ കാര്യങ്ങളോ മറ്റോ ആണെങ്കിൽ മാത്രമേ മറുപടി കിട്ടാറുള്ളൂ.... അവളുമായി ബന്ധപ്പെട്ട എന്ത് ചോദിച്ചാലും മൗനം മാത്രമാണ് ലഭിക്കുക... രാവിലെ ഇറങ്ങാൻ നേരമായപ്പോളേക്കും അരി വെന്തിട്ടുണ്ടായിരുന്നില്ല....

അച്ചൂനും പ്രിയക്കും സ്റ്റഡി ലീവ് തുടങ്ങിയതിനാൽ രാവിലെ എഴുന്നേൽക്കണ്ട എന്ന് അമ്മയോട് പറഞ്ഞിരുന്നു... രാവിലത്തെ അപ്പവും മുട്ട റോസ്റ്റും വാഴയിലയിൽ പൊതിഞ്ഞെടുത്തു.... അതിന്റ മണം മൂക്കിലേക്കടിച്ചപ്പോൾ അവൾക്ക് ചിരി വന്നു.... ""ആഹാ..... നമ്മളോടൊക്കെയേ ഉള്ളൂ അല്ലെ ചിരിക്കാൻ മടി.... അപ്പത്തിനോട്‌ ചിരിക്കുമല്ലേ...."" പെട്ടെന്നൊരു ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോളേക്കും മഹി തൊട്ടടുത്തായി വന്നിരുന്നു കഴിഞ്ഞിരുന്നു... പെട്ടെന്ന് എന്താണ് ചെയ്യേണ്ടത് എന്നറിയാനാകാതെ പകച്ചു നിന്ന് പോയി... പുറകിലേക്ക് നോക്കിയപ്പോൾ എല്ലാവരും അതേ അതിശയത്തോടെ മഹിയെ നോക്കുന്നുണ്ട്... അവൾക്ക് വല്ലാത്തൊരു പരവേശം തോന്നി....

ഇത്തിരി അകലേക്ക്‌ നീങ്ങിയിരിക്കാൻ തുടങ്ങിയതും മുൻപിലുരുന്ന ഇലപ്പൊതി അവൻ അവന്റെ അടുത്തേക്ക് നീക്കി വച്ചിരുന്നു... ""ആഹാ..... അപ്പോം റോസ്റ്റും.... ഞാനിന്ന് രാവിലെ കൂടി അമ്മയോട് പറഞ്ഞതേ ഉള്ളൂ നാളെയെങ്കിലും ഉണ്ടാക്കി തരണേ എന്ന്...."" പറഞ്ഞു തീർന്നതും അവൾ മുറിച്ചു കഴിച്ചതിന്റെ ബാക്കിയായ അപ്പത്തിൽ നിന്നും അടുത്തൊരു കഷ്ണം മുറിച്ചെടുത്തു അവൻ റോസ്‌റ്റിലേക്ക് മുക്കി വായിൽ വച്ചിരുന്നു..... ""മ്മ്മ്..... എന്റമ്മയുണ്ടാക്കുന്ന ടേസ്റ്റ് അല്ല.... എന്നാലും ഇഷ്ടപ്പെട്ടു...."" അടുത്തതും മുറിച്ചെടുക്കുന്നതിന്റെ ഇടയിൽ അവൻ ചിരിയോടെ പറഞ്ഞു... അപ്പോഴാണ് മിഴിച്ചു നോക്കിയിരിക്കുന്ന നന്ദുവിനെ കാണുന്നത്....

""എന്താടോ ഇങ്ങനെ നോക്കിയിരിക്കുന്നത്.... ഞാനിവിടെ ഇരുന്നത് ഇഷ്ടപ്പെട്ടില്ലേ... ഞങ്ങള് ഹൈദരാബാദിൽ ഫ്രണ്ട്സ് എല്ലാരും ഇങ്ങന... അപ്പവും റോസ്റ്റും ആര് കൊണ്ട് വന്നാലും ആദ്യം എനിക്ക് തരും... ഇനി താനും തരണം.... കേട്ടല്ലോ....."" അപ്പോഴും ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കിയിരിക്കുന്നവൾക്ക് മുന്നിലായി അവനൊന്നു വിരൽ ഞൊടിച്ചു... ""എന്തേ തനിക്ക് ബുദ്ധിമുട്ടുണ്ടോ എനിക്ക് തരുന്നതിൽ...."" അവൻ ചോദിച്ചതും ഇല്ലെന്ന് തലയാട്ടി... ""ആ.... എന്ന മിഴിച്ചിരിക്കാതെ കഴിക്കാൻ നോക്ക്.... ഇല്ലെങ്കിൽ ഇത് മുഴുവൻ ഞാൻ കഴിച്ചു തീർക്കും...."" അവൾക്ക് നേരെ ഒന്ന് ഗൗരവത്തിൽ നോക്കി പറഞ്ഞിട്ട് മഹി വീണ്ടും പാലപ്പത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു....

അവൾക്ക് വല്ലാത്ത മടിയും ചമ്മലും പരവേശവും ഒക്കെക്കൂടി തോന്നി.... എല്ലാവരുടെയും കണ്ണുകൾ ഇവിടേക്ക് തന്നെയാണ്.... പക്ഷേ കഴിക്കാതിരിക്കാനും പറ്റില്ല... ഇപ്പോൾ കഴിച്ചില്ലെങ്കിൽ മഹി വിചാരിക്കില്ലേ ആള് വന്നത് ഇഷ്ടപ്പെടാഞ്ഞിട്ടാണ് കഴിക്കാതിരുന്നത് എന്ന്... ഒടുവിൽ മടിച്ചു മടിച്ചവൾ ഒരപ്പം എടുത്തു അവളുടെ വശത്തേക്ക് ഇത്തിരി നീക്കി വച്ചിട്ട് കഴിച്ചു തുടങ്ങി.... ടെൻഷൻ കാരണം ഇടയ്ക്കിടെ മുഖത്തെയും കഴുത്തിലെയും വിയർപ്പൊപ്പിക്കൊണ്ട് കഴിക്കുന്നവളെ മഹി ഇടംകണ്ണാൽ ഒരു ചിരിയോടെ നോക്കി.... പോകെ പോകെ അതേ നേർമ്മയുള്ള ചിരി അവളിലേക്കും പടർന്നിരുന്നു.... ചെറുതായി പൊടിഞ്ഞ കണ്ണീരിന്റെ ഉപ്പ് രസത്തെ പോലും മധുരത്താൽ അലിയിച്ചു കളയുന്നത് പോലെയൊരു പുഞ്ചിരി.... 🌺🌺🌺🌺 ""ആഹാരത്തിന്റെ മുൻപിലിരുന്ന് സ്വപ്നം കാണാതെ കഴിച്ചിട്ട് എഴുന്നേറ്റു പൊ കുട്ട്യേ...... ""

അമ്മമ്മയുടെ ശകാരം കേട്ടപ്പോളാണ് ഓർമ്മകളിൽ നിന്നും തിരിച്ചു വരുന്നത്... അന്നത്തേതിലും സ്വാദോടെ പിന്നീട് കഴിച്ചിട്ടില്ലെന്ന് തോന്നി.... മഹിയേട്ടന്റെ ഒപ്പം ഒരായിരം വട്ടം പിന്നീട് കഴിച്ചിട്ടുണ്ടെങ്കിലും ആദ്യമായി അറിഞ്ഞ ആ രുചി ഇപ്പോഴും നാവിൽ തങ്ങി നിൽക്കുന്നു..... നന്ദുവിന്റെ മുഖത്ത് ചെറുതായി വിരിഞ്ഞ പുഞ്ചിരി കണ്ടിട്ട് ലച്ചുവിന്റെ മുഖവും തെളിഞ്ഞു.... ""വേഗം കഴിച്ചിട്ട് വാട്ടോ അനൂ.... നമുക്കിവിടെയൊക്കെ ഒന്ന് നടക്കാം... അനുവിന് ഞങ്ങടെ നാടൊക്കെ ഒന്ന് കാട്ടി തരാം...."" ലച്ചു പറഞ്ഞത് എതിർക്കാനായി തുടങ്ങുമ്പോളേക്ക് പറഞ്ഞവസാനിപ്പിച്ചു എന്നത് പോലെ അവൾ പാത്രവും എടുത്തു പോയിരുന്നു.... പിണക്കത്തോടെ അവളുടെ മുഖമൊന്നു കൂർത്തു....

ഒടുവിൽ വേറെ വഴിയില്ലാത്തത് പോലെ കഴിച്ചിട്ട് എഴുന്നേറ്റു.... വഴിയിലൂനീളം ലച്ചു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു എങ്കിലും നന്ദുവിന്റെ ശ്രദ്ധ കൂടുതലും പച്ചപ്പ് പടർന്നു കിടക്കുന്ന പാടങ്ങളിലും മുന്നിലായി കാണുന്ന മൺറോഡുകളിലുമായിരുന്നു.... തന്റെ നാട്ടിലെ പോലെ ടാർ ചെയ്തതോ കോൺക്രീറ്റ് ഇട്ടതോ ആയ റോഡുകളല്ല.... പക്ഷേ മണ്ണാണെങ്കിൽ കൂടി റോഡിന്റെ നടുക്കായി ചെടികളോ കാടോ ഒന്നും വളർന്നിട്ടില്ലായിരുന്നു.... റോഡിന്റെ ഇരു വശങ്ങളിലുമായി വീടുകളുണ്ട്...... ഓടിട്ട വീടുകളാണ് അധികവും... ടൈൽ ഇടാതെ റെഡ് ഓക്സൈഡ് അടിച്ച തറകളും വരാന്തയുമുള്ള വീടുകൾ.... മിക്ക വീടുകൾക്കും മതിലില്ല... പകരം വേലിയാണ്...

അതില്ലങ്ങനെ പൂക്കൾ നിറഞ്ഞ ചെടികൾ പടർന്നു പന്തലിച്ചു കിടക്കുന്നു.... അവൾക്ക് മനസ്സിന് വല്ലാത്ത കുളിർമ്മ തോന്നി... ""എന്റെ അനൂ... ഞാൻ പറയുന്നത് എന്തെങ്കിലും കേൾക്കുന്നുണ്ടോ നീയ്...."" ലച്ചു പിണക്കം നടിച്ചു ചോദിച്ചതും അവൾ ചമ്മലോടെ ചിരിച്ചു കാട്ടി... തോടിന്റെ കൈവരിയോട് ചേർന്നുള്ള കലുങ്കുകളിൽ ഒന്നിൽ ലച്ചുവിന്റെ അടുത്തേക്ക് ഇരുന്നു.... ""മഹിയെ ഒരുപാട് ഇഷ്ടമാ അല്ലെ അനൂന്...."" പെട്ടെന്നായിരുന്നു ലച്ചു ചോദിച്ചത്... അവളൊന്ന് ചിരിച്ചു.... വീണ്ടും വിരലുകളിലേക്ക് നോക്കിയിരുന്നു.... ""മഹിക്കും അനൂനെ ഒത്തിരി ഇഷ്ടമല്ലേ.... പിന്നെന്തിനാ മഹിയെ വിഷമിപ്പിച്ചത്.... ഹ്മ്മ്...."" ലച്ചു പതിയെ താടി തുമ്പിൽ പിടിച്ചു മുഖമുയർത്തി നന്ദുവിന്റെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി.... ""ഇഷ്ടം കൊണ്ടാ....."" ചെറിയ കുട്ടികളെപ്പോലെ ഒന്ന് ചിണുങ്ങി കണ്ണ് തുടച്ചുകൊണ്ടവൾ പറഞ്ഞു....

""മഹിക്കും നന്ദൂനെ ഇഷ്ടമല്ലേ.... എന്നിട്ട് മഹിയങ്ങനെ കാട്ടിയില്ലല്ലോ...."" ലച്ചു ചോദിച്ചതും തെറ്റ് ചെയ്ത കുട്ടികളെപ്പോലെ അവൾ തല താഴ്ത്തി ഇരുന്നു... ""നന്ദൂന് വേറാരും ഇല്ലാത്തോണ്ടല്ലേ....."" അപ്പോഴവളിൽ നിറഞ്ഞു നിന്നത് പഴയ ആറാം ക്ലാസ്സുകാരിയുടെ പരിഭവം മാത്രമായിരുന്നു.... ലച്ചുവൊന്ന് ചിരിച്ചു... മെല്ലെ അവളുടെ മുഖം തോളിലേക്ക് ചായ്ച്ചു വച്ചു... മെല്ലെ മുടിയിലായി തലോടി കൊടുത്തു.... സ്നേഹം.... ഒരേ സമയം തന്നെ ഒരായിരം ആകാശം കാണിച്ചു കൊടുക്കാനും ആയിരം കാരാഗ്രഹത്തിനുള്ളിൽ അടച്ചിട്ടത് പോലെ ക്രൂരമായി വേദനിപ്പിക്കാനും കഴിവുള്ള വികാരം....വെറുപ്പിനാൽ സൃഷ്ടിക്കപ്പെടുന്ന തടവറയെക്കാൾ ആയിരം മടങ്ങു നോവിക്കും സ്നേഹത്തിന്റെ ബന്ധനങ്ങൾ.... ഒരുപക്ഷേ മരണത്തെക്കാളും അധികം.......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story