അനന്തിക: ഭാഗം 9

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

""എന്നെയാണോ നോക്കിയത്....."" അത്രമേൽ പതിഞ്ഞൊരു ശബ്ദം കാതോരം മുഴങ്ങി..... ഞെട്ടലോടെ കണ്ണ് തുറന്നു മുഖമുയർത്തി നോക്കിയത് ആ മുഖത്തേക്കാണ്.... അത്രമേൽ അടുത്ത്... ഒരു ശ്വാസത്തിന്റെ മാത്രം അകലത്തിൽ... ഉള്ളിലാകെയൊരു വെപ്രാളം നിറഞ്ഞു.... വേഗത്തിൽ തന്നെ മുഖം വെട്ടിച്ചു പിന്നിലേക്കാക്കി.... ""ഹേയ്..... ഞാൻ വെറുതെ ചുറ്റും നോക്കിയതാ..."". മുഖത്തേക്ക് നോക്കാതെ പറഞ്ഞൊപ്പിച്ചു.. കൈകളപ്പോഴും മേശയുടെ മുകളിലുള്ള ഫയലുകൾക്കിടയിലൂടെ വെറുതെ എന്തൊക്കെയോ ധൃതിയിൽ തേടുന്നുണ്ടായിരുന്നു... ""ശേ..... ഞാൻ വിചാരിച്ചു എന്നെയാണെന്ന്.... എന്നാലും താൻ എന്തൊരു മനുഷ്യനാടോ..... ഒന്നുമില്ലെങ്കിലും എന്നും രാവിലെ കാണുന്ന ആളല്ലേ ഞാൻ... അപ്പോൾ പിന്നെ കാണാതിരിക്കുമ്പോൾ വെറുതെയെങ്കിലും ഒന്ന് നോക്കുമെന്ന് വിചാരിച്ചു..... ഹാ..... പോട്ടെ.....""

വിഷമം അഭിനയിച്ചു താടിക്ക് കൈ കൊടുത്തിരിക്കുന്നവനെ ഒരു നിമിഷത്തേക്ക് ഒന്ന് പാളി നോക്കി... ""എന്നാലും...."" വീണ്ടും താടിക്ക് കൈ കൊടുത്തു ഇരിപ്പ് തന്നെ... ഇടയ്ക്കിടയ്ക്ക് ഒന്ന് നോക്കും... മുഖത്തെ വ്യസനം ഇത്തിരി കൂടി കൂട്ടും... ""ഞാൻ.... ഞാൻ നോക്കിയിരുന്നു വന്നപ്പോൾ......"" എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് ഇപ്പോഴും അറിയില്ല.... ഇടയിലെപ്പോഴോ അറിയാതെ നാവിൽ വന്ന് പോയതാണ്... പെട്ടെന്നവൾക്ക് ചമ്മൽ തോന്നി.... ഇടയ്ക്കെപ്പോഴോ ഒന്ന് മുഖമുയർത്തി നോക്കിയപ്പോൾ അതേ കുസൃതി നിറഞ്ഞ ചിരിയോടെ മഹി മുന്നിൽ തന്നെ ഇരിപ്പുണ്ട്.... ""സർ..... ചെയറിലേക്ക് പോകുന്നില്ലേ.... ഓഫീസ് ടൈം ആണ്.....""

വീണ്ടും അല്പനേരം കൂടി കാത്തിട്ടും മഹി വീണ്ടും അവിടെ തന്നെ ഇരിക്കുന്നത് കണ്ടപ്പോൾ മടിച്ചു മടിച്ചു ചോദിച്ചു.... ""എന്തേ ഞാനിവിടെ ഇരിക്കുന്നതിൽ തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ.."".. മുഖത്തെ പുഞ്ചിരിക്ക് പകരമായി ഒരല്പം ഗൗരവം കലർന്നിരുന്നു. പിന്നെയൊന്നും പറയാൻ പോയില്ല... പതിവിന് വിപരീതമായി ശ്രദ്ധ പലപ്പോഴും പാളി തുടങ്ങി.... പിന്നീട് മുഖമുയർത്തി നോക്കിയില്ലെങ്കിലും പലവട്ടമായി പലരുടെയും നോട്ടം ഇങ്ങോട്ടേക്കു കൗതുകകാഴ്ച ആസ്വദിക്കും പോലെ വീഴുന്നത് അറിയുന്നുണ്ടായിരുന്നു. ടീ ബ്രേക്ക്‌ ന്റെ സമയമായതും വേഗം എഴുന്നേറ്റു.... ""ആഹാ.... പതിവില്ലാതെ ചിലരൊക്കെ ക്യാന്റീനിൽ പോകാനുള്ള ഒരുക്കത്തിലാണല്ലോ.....""

മഹിയുടെ പറച്ചിൽ കേട്ട് പകച്ചു നോക്കിയതും ഒരു പൊട്ടിച്ചിരിയോടെ ആളെഴുന്നേറ്റു.... ""എന്റെ നന്ദൂ..... തന്റെയൊരു കാര്യം.... മുന്നിലിങ്ങനെ ഒരാളിരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് പറഞ്ഞാലെന്താ കുഴപ്പം..... തന്റെ പ്ളേസിലേക്ക് ചോദിക്കാതെ വലിഞ്ഞുകേറി വന്നിരുന്നത് ഞാനാണ്.... തനിക്കതെന്നോട് പറഞ്ഞാൽ പോരെ.... ഞാനൊന്നും വിചാരിക്കില്ല.... സത്യത്തിൽ ഞാനൊന്ന് ടെസ്റ്റ്‌ ചെയ്തതാ താനിങ്ങനെ പ്രതികരിക്കാതെ എത്ര നേരം നിൽക്കുമെന്ന് അറിയണമല്ലോ....."" ""ഇനിയെന്തായാലും താനിവിടെ സമാധാനത്തോടെ ഇരിക്ക്....."" അവളുടെ തലയിൽ ചെറുതായൊന്നു കൊട്ടി മഹി എഴുന്നേറ്റു... പക്ഷെ അപ്പോഴും തരിച്ചു നിൽക്കുകയായിരുന്നു നന്ദു.

മഹി പറഞ്ഞതൊന്നും തന്നെ അവൾ കേട്ടിരുന്നില്ല.... ""എന്റെ നന്ദു...... ""വീണ്ടും അതേ സ്വരം ഓർത്തെടുത്തു..... ""എന്റെ നന്ദു......"" പതിയെ പറഞ്ഞു നോക്കി.... ""എന്റെ നന്ദു..."".. വീണ്ടും പറഞ്ഞു..... വീണ്ടും വീണ്ടും...... ആ പേരങ്ങനെ സ്വയം അലിഞ്ഞു ചേരും വരെ.... ""നന്ദു...."". ആദ്യമായിട്ടാണൊരാൾ വിളിക്കുന്നത്.... എല്ലാവർക്കും അനുവാണ്... ക്യാന്റീനിൽ നിന്നും പതിവ് പോലെ കപ്പൊരെണ്ണം മുന്നിൽ എത്തിയിരുന്നു... ഒരു പുഞ്ചിരി നൽകി ആള് തിരികെ സ്വന്തം സീറ്റിലേക്ക് പോയിരുന്നപ്പോഴും മനസ്സിൽ വീണ്ടും വീണ്ടും ആ പേരങ്ങനെ ഉരുവിട്ട് പഠിക്കുകയായിരുന്നു.... ""എന്റെ നന്ദു......"" 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""എടീ..... അച്ചൂ..... ഞാൻ പറയുന്നത് എന്തെങ്കിലും നീ കേൾക്കുന്നുണ്ടോ...."" ഇത്രയും നേരമായിട്ടും പറയുന്നത് ശ്രദ്ധിക്കാതെ ഫോണിൽ നോക്കിയിരിക്കുന്ന അച്ചുവിന്റെ കൈയിൽ ബലമായി പിടിച്ചുവലിച്ചു

പ്രിയ.... ഈ പീരീഡ് ഫ്രീയാണ്.... അതിനാൽ തന്നെ മൂന്നോ നാലോ കുട്ടികളെ ഉണ്ടായിരുന്നുള്ളൂ ക്ലാസ്സിൽ.... ""ഹാ.... എന്താ പ്രിയ നിനക്ക്......"" അച്ചുവിന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു... ""നിനക്കൊരു ടെൻഷനും ഇല്ലേ അച്ചൂ.... വൈകുന്നേരം ചേച്ചി വരുമ്പോൾ എന്ത് റെസിപ്റ്റ് എടുത്തു കാണിക്കും.... ഒന്നും രണ്ടുമല്ല അഞ്ഞൂറ് രൂപയാ അധികം വാങ്ങിയത്...."" ""ഓഹ് പിന്നെ.... തൂക്കി കൊല്ലുവൊന്നും ഇല്ലല്ലോ..... അമ്മേടെ കൈയിൽ നിന്ന് എത്രയോ തവണ പൈസ വാങ്ങിയിരിക്കുന്നു.... ഇന്ന് വരെ അമ്മയിങ്ങനെ കണക്ക് ചോദിച്ചിട്ടുണ്ടോ..."". പുച്ഛമായിരുന്നു വാക്കുകളിൽ.... ""എടി കൊടുത്തില്ലെങ്കിൽ ഇനി മേലിൽ ചേച്ചി പൈസ തരില്ല..... ""

വീണ്ടും ഫോണിലേക്ക് നോക്കിയിരിക്കുന്ന അച്ചുവിന്റെ അടുത്തേക്ക് ഒന്ന് കൂടി നീങ്ങിയിരുന്നു പ്രിയ പറഞ്ഞു.... """തരുന്നില്ലെങ്കിൽ വേണ്ട.... ഞാൻ അമ്മേടെ അടുത്ത് നിന്ന് വാങ്ങിക്കോളാം.... അല്ലെങ്കിൽ ജോലിക്ക് പൊയ്ക്കോളാം.... അല്ലാതെ ഇല്ലാത്ത പൈസേടെ റെസിപ്റ്റ് കൊടുക്കാൻ പറഞ്ഞാൽ ഞാനെന്ത് ചെയ്യാനാ.... നാശം..."" പിറുപിറുത്തുകൊണ്ടവൾ തലയിലേക്ക് കൈയൂന്നി കണ്ണടച്ചിരുന്നു.... പ്രിയയുടെ മുഖത്ത് അപ്പോഴും പരിഭ്രമം നിറഞ്ഞു നിന്നിരുന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഉച്ചക്ക് കഴിക്കാൻ പാത്രവുമെടുത്തു നടന്നു തുടങ്ങിയപ്പോഴാണ് മഹി വീണ്ടും മുന്നിലേക്ക് വരുന്നത്. മനസ്സാ പേരിൽ തന്നെ കുടുങ്ങിക്കിടക്കുന്നത് കൊണ്ടാകാം പെട്ടെന്ന് ഇതുവരെയില്ലാത്ത വിധം ഉച്ചത്തിൽ നെഞ്ചിടിക്കും പോലെ തോന്നി നന്ദുവിന്....

ഒരുവേള അവനാ ശബ്ദം കേൾക്കുമോ എന്ന് പോലും ഭയം തോന്നി.... തലയുയർത്താതെ പതിയെ മിഴികൾ മാത്രം ഉയർത്തി നോക്കിയപ്പോൾ കണ്ടു ഇരു കൈകളും മാറിൽ പിണച്ചു മുന്നിൽ നിൽക്കുന്നത്. മുഖത്ത് എപ്പോഴും കാണുന്ന കുസൃതിയുടെ അംശം ഉണ്ടെങ്കിലും ഗൗരവം മുന്നിട്ട് നിൽക്കുന്നു.... ""എങ്ങോട്ടാ......."" പെട്ടെന്നെന്തേ ഇങ്ങനെ ചോദിച്ചതെന്ന് മനസ്സിലായില്ല.... സംശയത്താൽ നെറ്റിയൊന്ന് ചുളിഞ്ഞു.... ""ഇന്നലത്തെ പോലെ ഇന്നും ഞാനെടുക്കും എന്ന് വിചാരിച്ചാണോ ഓടി പോകുന്നത്...."" മുഖം കൂർപ്പിച്ചുള്ള അവന്റെ ചോദ്യത്തിന് മുന്നിൽ വെപ്രാളത്തോടെ അല്ലെന്ന് തലയാട്ടി.... പേടിയായിരുന്നു..... തെറ്റിദ്ധരിച്ചു കാണുമോ എന്ന്..... തള്ളി പറയുമോ എന്ന്....

എന്താണ് പറയേണ്ടത് എന്നറിയാതെ വാക്കുകൾ തൊണ്ടക്കുഴിയിൽ തന്നെ കിടന്നു ശ്വാസം മുട്ടുന്നു..... ഇന്നലെയാണ് ഏറ്റവും രുചിയോടെ ആഹാരം കഴിച്ചതെന്നോ...... അതോ ഇതുവരെ ഉണ്ടായതിൽ ഏറ്റവും പ്രിയപ്പെട്ട ഓർമ്മയാണെന്നോ.... ഒരു വാക്ക് പോലും പുറത്തേക്ക് വരുന്നില്ല..... ആദ്യമായി അവൾക്കവളോട് ദേഷ്യം തോന്നി..... പെട്ടന്ന് മറുപടി പറയാൻ പറ്റാത്തതിൽ..... വീടിന്റെ പുറത്തേക്കുള്ള ലോകത്തെ എന്നും അകറ്റി നിർത്തിയതിൽ.... ""അല്ല...... ഞാൻ...... ഞാനെന്നും അവിടെ....."". വിക്കി വിക്കി വാക്കുകൾ ഓരോന്നായി പെറുക്കിക്കൂട്ടുന്നതിനിടയിൽ പലവട്ടം അറിയാതെ ഒച്ചയിടറി.......

മുഖത്തെ ഗൗരവത്തിന് അയവ് വരുത്താതെ മഹി നിന്നപ്പോൾ പറഞ്ഞത് ഇനി വിശ്വസിച്ചിട്ടില്ലേ എന്ന് തോന്നി... ദയനീയതയോടെ നോക്കിയതും പതിയെ ആ മുഖത്തൊരു നേർത്ത ചിരി വന്നു തുടങ്ങിയിരുന്നു.... """എങ്കിലേ ഇനി അങ്ങനെ വേണ്ട...... ഞാൻ പറഞ്ഞില്ലേ എനിക്കെന്റെ എല്ലാ ഫ്രണ്ട്സ് ന്റേം കൂടെ ഒന്നിച്ചു ഇരുന്ന ശീലം.... ഇതിപ്പോൾ താൻ മാത്രം അവിടെ പോയിരുന്നാൽ ഞാൻ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ഓടണ്ടേ..... ഇന്നലെ കൂടി കഷ്ടപ്പെട്ട ഒരു പിണക്കം മാറ്റിയത്...""" പറഞ്ഞവസാനിപ്പിച്ചിട്ടും മഹിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു നന്ദു. ഒരുവേള അവനത് തന്നെയല്ലേ പറഞ്ഞത് എന്ന് സംശയിച്ചു പോയി.... ""വാടോ..... """

വീണ്ടും ചിരിയോടെ പറഞ്ഞപ്പോഴാണ് സ്ഥലകാലബോധം വീണത്.... ഇതിനകം മിക്കവരും അവരുടെ ഇരിപ്പിടം സ്വന്തമാക്കിയിരുന്നു.... പലരും കഴിക്കാൻ തുടങ്ങാതെ ഇങ്ങോട്ടേക്കു നോക്കി ഇരിക്കുന്നുണ്ട്.... """ചേച്ചി തരണ്ട...... അമ്മ തന്നാൽ മതി അച്ചൂന് ചോറ്....."""" വീണ്ടും വീണ്ടും ഓർമ്മകൾ.... ഓടിയൊളിക്കാൻ തോന്നി.... ആൾക്കൂട്ടത്തിന് നടുവിൽ തനിച്ചായത് പോലെ തോന്നി.... എല്ലാവരുടെയും തുറിച്ചുള്ള നോട്ടത്തിൽ നിന്നും രക്ഷപ്പെടണമെന്ന് തോന്നി.... കൈയൊക്കെ വല്ലാതെ വിറയ്ക്കും പോലെ..... ശ്വാസമെടുക്കാൻ പോലും മറന്ന് അങ്ങനെ തന്നെ നിന്നു... മനസ്സപ്പോഴും ഭ്രാന്ത്‌ പിടിപ്പിക്കുന്ന ചിന്തകളെ അകറ്റി മാറ്റാനായി വിഫലമായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു...

വിരലുകളോടൊപ്പം പാത്രവും വിറച്ചു തുടങ്ങിയപ്പോഴേക്കും മഹിയുടെ കൈകൾ തന്റേതിനെ പൊതിഞ്ഞിരുന്നു... ""താനിങ്ങനെ നെർവസ് ആകാതെടോ..... ഞാനല്ലേ കൂടെയുള്ളത്.... തനിക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ആരും ഉണ്ടാക്കില്ല..... ട്രസ്റ്റ്‌ മി....."" കൈകളെ വലയം ചെയ്തിരിക്കുന്ന ചൂടിനെക്കാൾ ഉഷ്ണം തോന്നി ഞാനല്ലേ കൂടെയുള്ളത് എന്ന വാക്കിന്..... തണുത്തു മരച്ചു മരിച്ചുകൊണ്ടിരിക്കുന്നവൾക്ക് മുന്നിലൊരു കുഞ്ഞുസൂര്യൻ ഉദിച്ചുയർന്നത് പോലെ... ""വാടോ....""" കൈയിൽ വിരൽ കോർത്തു പിടിച്ചു മഹി മുന്നോട്ട് നടക്കുമ്പോൾ യാന്ത്രികമായി അവനൊപ്പം ചലിച്ചു തുടങ്ങിയിരുന്നു.... ടേബിളിന്റെ അടുത്ത് എത്തിയപ്പോഴാണ് എല്ലാവരുടെയും മുഖത്തോട്ട് നോക്കുന്നത്.....

അമ്പരപ്പും സംശയവും മാത്രമാണ് നിറഞ്ഞു നിൽക്കുന്നത്.... സ്വരുക്കൂട്ടുന്ന ധൈര്യം വീണ്ടും നഷ്ടപ്പെടുമോ എന്ന പേടി ഉള്ളിൽ നിറഞ്ഞു.... കൈ വിടീക്കാൻ ശ്രമിക്കുംതോറും പൂർവ്വാധികം ശക്തിയോടെ മഹിയാ കൈകൾ കോർത്തു പിടിച്ചു... ""ഇന്ന് മുതൽ അനന്തികയും നമ്മുടെ കൂടെ കാണും.... "" അവനായി മാറ്റിയിട്ട കസേരയിലേക്ക് അവളെ നിർബന്ധിച്ചു ഇരുത്തി അടുത്തായി മറ്റൊരു കസേര വലിച്ചിട്ടിരുന്നുകൊണ്ട് മഹി പറഞ്ഞു.... എല്ലാവരെയും ഒന്ന് നോക്കി വെറുതെ ചിരിക്കാൻ ഒരു ശ്രമം നടത്തിയിട്ട് നന്ദു പാത്രത്തിലേക്ക് മുഖം പൂഴ്ത്തി.... അവളെ അപ്പോഴും വിയർക്കുന്നുണ്ടായിരുന്നു..... വിറയ്ക്കുന്നുണ്ടായിരുന്നു....

""എല്ലാരും ഇതെന്താ നോക്കിയിരിക്കുന്നെ.... ഇനി അര മണിക്കൂർ കൂടിയേ ഉള്ളൂ.... ""മഹിയുടെ ശബ്ദം മുഴങ്ങിയപ്പോൾ ഒരോരുത്തരായി പാത്രം തുറന്നു.... ആദ്യത്തെ അപരിചിതത്വം പതിയെ മാറിയിരുന്നു.... നന്ദു ഒന്നും തന്നെ മിണ്ടിയില്ലെങ്കിലും എല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു.... ഇത്രയധികം വിഭവങ്ങൾ കൂട്ടിയൊരു ഊണ്..... ഓരോന്നിനും ഒരോ രുചിയാണ്.... പക്ഷെ അവയ്‌ക്കെല്ലാം ഒരേ ഗന്ധമാണെന്ന് തോന്നി..... സ്നേഹത്തിന്റെ.... ഏറ്റവും പ്രിയപ്പെട്ട മാമ്പഴപുളിശ്ശേരി കൊണ്ട് വന്നിട്ടും കഴിക്കാൻ പറ്റാത്തതിൽ അന്നാദ്യമായി വിഷമം തോന്നിയില്ല.... അതാസ്വദിച്ചു കഴിക്കുന്ന അവരെക്കാൾ രുചി തന്റെ നാവിനാണെന്ന് തോന്നി....

ഇടയിലെപ്പോഴോ മഹിയെ നോക്കിയപ്പോൾ അവനപ്പോഴും ഒരു ചിരിയോടെ കഴിക്കുന്നുണ്ടായിരുന്നു... അവൾ നോക്കിയതറിഞ്ഞപ്പോൾ വെറുതെയൊന്ന് കണ്ണ് ചിമ്മി ചിരിച്ചു കാണിച്ചു.... അതിലുണ്ടായിരുന്നു എല്ലാം.... പതിയെ പതിയെ അതേ പുഞ്ചിരി അവളിലേക്കും പടർന്നു.... ഒരുപക്ഷേ ഇതുവരെ ചിരിച്ചതിൽ നിന്നേറെ വ്യത്യസ്തമായ അത്രമേൽ മനോഹരമായൊരു പുഞ്ചിരി........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story