ആരാധികേ: ഭാഗം 10

aradhika abhirami

രചന: അഭിരാമി ആമി

വൈദേഹി വീട്ടിലെത്തുമ്പോൾ അവളെ കാത്തെന്നത് പോലെ മഹേന്ദ്രനുമ്മറത്ത് തന്നെയിരുന്നിരുന്നു. " നീയിതെവിടെയായിരുന്നു മോളേ.....??? എന്താ നിന്റെ മുഖമൊക്കെ വല്ലാതെ.....??? " അകത്തേക്ക് വന്നവളുടെ മുഖഭാവം കണ്ടതും അയാൾ ചോദിച്ചു. " ഏയ് ഒന്നുല്ല ഡാഡി..... ഞാൻ ജെറിടെ ലൊക്കേഷനിൽ ഉണ്ടായിരുന്നു. " " ദേവിനെ കണ്ടോ....??? " " ഇ..... ഇല്ല ഡാഡി അവനെന്തോ തിരക്കിലാണെന്ന് തോന്നുന്നു. ഇന്ന് വന്നില്ല. " " മ്മ്ഹ്..... സാരമില്ലെടാ...... ബീ കൂൾ.... " അയാളവളേ ചേർത്തുപിടിച്ച് തലയിൽ തലോടി. പിതാവിന്റെ നെഞ്ചിലെ ആ സാന്ത്വനം അവൾക്കും വലിയൊരാശ്വാസം തന്നെയായിരുന്നു. അവളും അയാളെ ഒന്ന് പുണർന്നു. " ഞാനോക്കെയാ ഡാഡി..... " പറയുമ്പോൾ സ്വരമിടറാതിരിക്കാൻ അവൾ നന്നേ പണിപ്പെട്ടു. " മ്മ്ഹ് മോള് ചെന്ന് കുളിച്ചിട്ട് വാ.... വല്ലതും കഴിക്കാം.... " " മ്മ്ഹ്..... " അവൾ വെറുതേയൊന്ന് മൂളിയിട്ട് റൂമിലേക്ക് നടന്നു.

വാതിൽ തുറന്നകത്തേക്ക് കയറുമ്പോൾ തന്നെ എന്തോ മനസ് വല്ലാതെ തളർന്ന് പോകും പോലെ..... ചുവര് നിറച്ചിരുന്ന ദേവിന്റെയും തന്റെയും ചിത്രങ്ങളിലൊക്കെ എന്തോ നഷ്ടബോധമൊളിഞ്ഞു കിടക്കുന്നു. " നിനക്ക് വേറെ പണിയൊന്നുല്ലേ വൈദൂ..... എന്ന് ദേവൊരിക്കൽ ചോദിച്ചത് കാതിലിപ്പോഴും മുഴങ്ങുന്നു. അതൊരു ലഹരി തന്നെയായിരുന്നു. ദേവിനൊപ്പമെടുത്ത എല്ലാ ചിത്രങ്ങളുമിങ്ങനെ മനോഹരമായി ഫ്രെയിം ചെയ്തു വയ്ക്കണമെന്ന് വല്ലാത്തൊരു നിർബന്ധമായിരുന്നു. അവയാണ് ഈ ചുവരുകൾ നിറഞ്ഞിങ്ങനെ..... പക്ഷേ ഇപ്പൊ ഇതൊക്കെ കാണുമ്പോ ചങ്ക് പൊടിയുന്നു. അത്രയ്ക്കുണ്ട് അവന്റെ അവഗണനയുടെ നൊമ്പരം. അപ്പോ ഇതിലുമേറെയായിരിക്കില്ലേ ഇത്ര നാൾ ഞാനവനെ മാറ്റി നിർത്തിയപ്പോൾ അവനുമനുഭവിച്ചിരിക്കുക. " ഐ..... ഐ ആം സോറി ദേവ്..... എന്നോട് ക്ഷമിക്ക്.... എന്ത് ശിക്ഷ വേണേലും ഞാനേറ്റോളാം.

പക്ഷേ നിന്റെയീ അവഗണന.... നീയെന്നേ മാറ്റി നിർത്തുന്നത് സഹിക്കാൻ പറ്റുന്നില്ലെനിക്ക്. " ചുറ്റുപാടുമുണ്ടായിരുന്ന അവന്റെ പല ഭാവങ്ങളിലൂടെ കണ്ണോടിച്ചുകൊണ്ട് അവൾ വിങ്ങിപ്പൊട്ടി. 💞ആരാധികേ...💞 നൈറ്റ്‌ ഷൂട്ട്‌ കഴിഞ്ഞ് ജെറി അന്നല്പം വൈകിയിരുന്നു ലൊക്കേഷനിൽ നിന്നും പുറപ്പെടാൻ. നാളത്തേക്കുള്ള കാര്യങ്ങളൊക്കെ അറേഞ്ച് ചെയ്യാൻ പറഞ്ഞേല്പിച്ച് ഒരു സിഗരറ്റിന് തീ കൊളുത്തിക്കൊണ്ട്‌ പുറത്തേക്ക് നടക്കുമ്പോഴായിരുന്നു അവൻ പിന്നീട് ദേവിനെ കുറിച്ചോർത്തത്. വൈദേഹി പോയ ശേഷം ഷൂട്ടിന്റെ ഇടവേളകളിൽ പല തവണ അവന്റെ നമ്പറിലേക്ക് വിളിച്ചെങ്കിലും അത് സ്വിച് ഓഫ്‌ എന്നുള്ള മറുപടിയായിരുന്നു കിട്ടിയിരുന്നത്. അതുകൊണ്ട് തന്നെ പിന്നീടുള്ള തിരക്കുകളിൽ മനഃപൂർവം ദേവിനെക്കുറിച്ച് മറന്നുകളയുകയായിരുന്നുവെന്ന് തന്നെ പറയേണ്ട വരും.

ഒന്നുകൂടി അവന്റെ നമ്പറിലേക്ക് വിളിക്കാമെന്നോർത്തുകൊണ്ട് പുറത്തേക്ക് നടക്കുമ്പോഴായിരുന്നു ഫോൺ റിങ് ചെയ്തത്. സിബിയായിരുന്നു. ദേവിന്റെ ഡ്രൈവർ. ഇവനെന്താ ഈ നേരെത്തെന്നോർത്തുകൊണ്ടായിരുന്നു ജെറി ഫോണെടുത്തത്. " ആ എന്നാടാ സിബി....??? " " ഇച്ചായാ...... ഞാനിവിടെ മറീന ഹോസ്പിറ്റലിന്നാ. " " നീയെന്നാ ഈ നേരത്തവിടെ....??? വണ്ടി വല്ലോം എവിടേലും കൊണ്ടക്കേറ്റിയോ....??? " ജെറിയുടെ വായിൽ പെട്ടന്നന്നങ്ങനെയാണ് വന്നത്. " അതൊന്നുമല്ലിച്ചായാ..... ദേവേട്ടൻ ഇവിടെ അഡ്മിറ്റാ.... " സിബിയത് പറഞ്ഞതും ജെറിയുടെ ഉള്ളൊന്ന് കത്തി. വിരലുകൾക്കിടയിൽ തിരുകിയിരുന്ന സിഗരറ്റവന്റെ പിടി വിട്ട് നിലത്തേക്ക് വീണ് തീപ്പൊരി ചിതറിച്ചു. " അവനെന്നാ പറ്റി.....??? " " എനിക്കറിയത്തില്ലിച്ചായാ..... ഇന്ന് രാവിലെ ഞാൻ വരുന്നേന് മുന്നേ വീട്ടീന്ന് തന്നത്താനെ കാറെടുത്തോണ്ട് പോയാരുന്നു. ഉച്ചകഴിഞ്ഞിട്ടും കാണാതെ വന്നപ്പഴാ ഞാൻ തപ്പിയിറങ്ങിയേ. ഞാൻ ചെന്നപ്പോ ഗസ്റ്റ്‌ ഹൌസിൽ ഉണ്ടായിരുന്നു. നല്ലപോലെ കുടിച്ചിട്ടുണ്ടായിരുന്നു. കാല് തെറ്റി വീണതാന്ന് തോന്നുന്നു.

നിലത്ത് കിടക്കുവാരുന്നു. നെഞ്ചത്തൊക്കെ കുപ്പിച്ചില്ല് കൊണ്ട് കേറീട്ടൊണ്ട്. തരിമ്പും ബോധവും ഇല്ലാരുന്നു ഞാൻ ചെല്ലുമ്പോ. ജോലിക്കാരനോട് ആര് വന്നാലും അവിടുണ്ടെന്ന് പറയരുതെന്ന് പറഞ്ഞാരുന്നുന്ന അയാള് പറഞ്ഞത്. " അവൻ പറയുന്നതെല്ലാം ഒരു തരിപ്പോടെ കേട്ട് നിൽക്കുകയായിരുന്നു ജെറിയപ്പോഴും. " എന്നിട്ടവനിപ്പോ എങ്ങനുണ്ട്.....??? " " കുഴപ്പമൊന്നുല്ല ഇച്ചായാ.... മുറിവൊക്കെ ഡ്രസ്സ്‌ ചെയ്തു. പക്ഷേ പ്രശ്നമതൊന്നുമല്ല. ആ കോളേജിൽ പഠിക്കുന്ന പെങ്കൊച്ചില്ലേ.... ഈ രാത്രി തന്നെ അതിനേ കാണണമെന്നും പറഞ്ഞ് ബഹളം വെക്കുവാ ഇവിടെക്കിടന്ന്..... ഇച്ചായനൊന്ന് വരാവോ....??? " അവൻ ദയനീയമായ് ചോദിച്ചു. " ആ ഞാൻ ദാ വരുന്നു.... നീയവിടെ നിക്ക്. " പറഞ്ഞിട്ട് ഫോൺ വച്ചെങ്കിലും ജെറിയുടെ ചിന്തകളപ്പോഴും കുരുങ്ങികിടന്നത് സിബിയവസാനം പറഞ്ഞ വാക്കുകളിലായിരുന്നു. " സോജയേ കാണണോന്നോ.... ഇവനെന്താ പ്രാന്തോ.... " ഓർത്തുകൊണ്ട് അവൻ വേഗത്തിൽ കാറിലേക്ക് കയറി. " ഒരേപോലെ മൂന്ന് സിനിമകളാ അവന്റെ ഷൂട്ടിങ് നടന്നോണ്ടിരിക്കുന്നെ.

ആ സമയത്താ അവൻ കള്ളും കുടിച്ച് ഒളിച്ചു കളിക്കുന്നെ.... അതും പോട്ടെ.... ബാക്കിയൊള്ളോര് ആ വൈദേഹീടെ കയ്യും കാലും പിടിച്ചിട്ടാ എല്ലാമൊന്നൊതുക്കി തീർത്തത്. എന്നിട്ടവനിപ്പോ സോജേ കണ്ടോളാൻ മേല..... " ഡ്രൈവ് ചെയ്യുന്നതിനിടയിലും ജെറി സ്വയം പിറുപിറുത്തുകൊണ്ടിരുന്നു. അരമണിക്കൂർ കൊണ്ട് ഹോസ്പിറ്റലിലെത്തി കാർ പാർക്ക് ചെയ്ത് അകത്തേക്ക് നടക്കുമ്പോഴും ഈ വിവരം വൈദേഹിയെ വിളിച്ചറിയിക്കണോ എന്ന ചിന്തയാലുഴറുകയായിരുന്നു അവന്റെ മനസ്. ഒടുവിൽ സാഹചര്യമെന്താണെന്നറിഞ്ഞിട്ട് മതി ആ വശത്തേക്ക് ചിന്തിക്കുന്നതെന്നോർത്തുകൊണ്ട് അവൻ അകത്തേക്ക് നടന്നു. " എക്സ്ക്യൂസ്‌മീ..... ദേവ് മാധവിനെ അഡ്മിറ്റ് ചെയ്തേക്കുന്നത് എവിടാ....???? " അകത്തേക്ക് ചെല്ലുമ്പോൾ റിസപ്ഷനിൽ ഇരുന്നിരുന്ന പെൺകുട്ടിയോട് അവൻ ചോദിച്ചു. " സെക്കന്റ്‌ ഫ്ലോർ.... റൂം നമ്പർ ടൂ നോട്ട് സിക്സ് സാർ..... " അവൾ പറഞ്ഞതും. അവൻ വേഗത്തിൽ ലിഫ്റ്റിനരികിലേക്ക് പോയി. അധികം ബുദ്ധിമുട്ടാതെ തന്നെ റൂം കണ്ടുപിടിച്ച് അങ്ങോട്ട് ചെല്ലുമ്പോൾ തന്നെ അകത്തുനിന്നും ദേവിന്റെ സ്വരം കേട്ടു. " എടാ.... നീയൊന്ന് ചെല്ല്. ആ ഹോസ്റ്റലിലെ അവൾടെ കൂട്ടുകാരികൾക്ക് അഡ്രെസ്സറിയാമായിരിക്കും. നീയൊന്ന് പോ.....

എനിക്ക് കാണണമെന്ന് പറഞ്ഞാൽ അവൾ വരാതിരിക്കില്ല. " " സാറൊന്നടങ്ങിക്കിടക്ക്.... ജെറി സാറിപ്പോ വരും. എന്നിട്ടെന്തേലും തീരുമാനിക്കാം. " " നീയിനിയൊന്നും തീരുമാനിക്കാൻ നിക്കണ്ട. തല്ക്കാലം ഞാൻ പറയുന്നതങ്ങോട്ടനുസരിച്ചാൽ മതി.... " " എന്നിട്ടോ..... " ജെറിയായിരുന്നു അത്. " ആഹ് ഇച്ചായൻ വന്നോ.... കുറേ നേരമായി ഇത് തന്നെ പറഞ്ഞോണ്ടിരിക്കുവാ..... " ജെറിയുടെ തലവെട്ടം കണ്ടതും സിബി പറഞ്ഞെങ്കിലും അവന്റെ ശ്രദ്ധ മുഴുവൻ ദേവിൽ തന്നെയായിരുന്നു. ദേവും എന്ത് പറയണമെന്നറിയാതെ വിളറിയിരിക്കുകയായിരുന്നു അപ്പോൾ. " എടാ..... ...... ...... ആഹ് നീ വീട്ടിലോട്ട് പൊക്കോ..... ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം..... " ദേവിനോടായി എന്തോ പറയാൻ വന്നപ്പോഴായിരുന്നു ജെറിക്ക് സിബിയേ ഓർമ്മ വന്നത്. അതുകൊണ്ട് തന്നെ അവനൊന്ന് നിർത്തി. തല്ക്കാലം ആ സംസാരത്തിനിടയിൽ അവൻ വേണ്ടെന്ന് തോന്നിയതിനാൽ അവനോടായി ജെറി പറഞ്ഞു. അപ്പോ തന്നെ അവൻ മറുത്തൊന്നും പറയാതെ പുറത്തേക്ക് പോയി.

അവൻ പോയെന്നുറപ്പാക്കിയതും ജെറി വീണ്ടും മുഖം കുനിച്ച് കട്ടിലിൽ ഇരിക്കുകയായിരുന്ന ദേവിനെ നോക്കി. അവനപ്പോൾ ഷർട്ടിട്ടില്ലായിരുന്നു. നെഞ്ചിലും വയറിലുമൊക്ക ചെറിയ ചെറിയ ഒട്ടിപ്പുകൾ കാണാമായിരുന്നു. ഇടതുകവിളിലും ചെറിയ പോറലുകൾ ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ അവന് വേറെ പരുക്കുകളൊന്നുമുണ്ടായിരുന്നില്ല. " പറയെടാ.... അവളെ വിളിച്ചുവരുത്തിയിട്ട് ഇനി എന്ത് ചെയ്യാനാ നിന്റെ ഭാവം....??? വൈദേഹി തിരിച്ചു വന്ന സ്ഥിതിക്ക് ഇനി ആരുടെ മുന്നിൽ വേഷം കെട്ടിക്കാനാ നിനക്കവളേ....???? " രൂക്ഷമായിരുന്നു ജെറിയുടെ ചോദ്യം. അത് ദേവിന് വ്യക്തമായി മനസ്സിലാവുകയും ചെയ്തു. പക്ഷേ അവൻ മറുപടിയൊന്നും പറഞ്ഞില്ല. " എടാ മാധു നിന്നോടാ ഞാൻ ചോദിച്ചത് എന്താ നിന്റെ ഉദ്ദേശമെന്ന്.....???? " " എനിക്ക്..... സോജ...... സോജയേ എനിക്ക് വേണം. " " വാട്ട്......???? " ഇപ്പോ പൊട്ടിത്തെറിക്കമെന്ന പോൽ ജെറി ചോദിച്ചു. " എനിക്ക്...... എനിക്കൊന്നുമറിയില്ലെടാ. പക്ഷേ..... പക്ഷേ എനിക്കിനിയവളില്ലാതെ വയ്യ..... അവളല്ലാതെ ഒരു പെണ്ണിനെ എനിക്ക്...... " ...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story