ആരാധിക: ഭാഗം 7

aradhika

രചന: അഭിരാമി ആമി

" ഞാൻ..... ഞാൻ പൊക്കോട്ടെഡീ.... എനിക്കാരോടും ഒരു വിഷമവുമില്ല. എന്റെ വിധി ഇങ്ങനെയായിപ്പോയി. ചിലപ്പോൾ ഈ ജന്മം ദേവിനെ എനിക്ക് വിധിച്ചിട്ടുണ്ടാവില്ല. പക്ഷേ..... പക്ഷേ എനിക്ക് വയ്യെടി ഇങ്ങനെ തൊട്ടടുത്ത്.... എത്രയൊക്കെ അടക്കിപിടിച്ചാലും ഞാൻ ചിലപ്പോൾ ഓടി ചെന്നുപോകും. അത്ര..... അത്രയ്ക്ക് എന്റെ നെഞ്ച് വിങ്ങുവാ ആദി..... " ഒരു ഭ്രാന്തിയെപ്പോലെ പദം പറഞ്ഞുകരയുന്നവളോട് എന്ത് സമാധാനം പറയണമെന്നറിയാതെ അവൾക്കൊപ്പം കണ്ണ് നിറച്ച് മരവിച്ച അവസ്ഥയിൽ അവളുമിരുന്നു. എങ്കിലും അവളുടെ മനസും പറഞ്ഞുകൊണ്ടിരുന്നു നീ പോണത് തന്നെയാ സോജാ നല്ലത്.....അല്ലെങ്കിൽ ചിലപ്പോൾ നീയൊരു ഭ്രാന്തിയായി മാറുന്നത് എനിക്ക് കാണേണ്ടി വരും. വയ്യ മോളേ അത് കാണാൻ...... ഇവിടുന്ന് നീ പോയാൽ ചിലപ്പോൾ ആ മാറ്റം കൊണ്ട് പതിയെ എങ്കിലും നിന്റെ മനസും പാകപ്പെട്ടേക്കാം. അതുകൊണ്ട് ദേവിന്റെ കണ്ണെത്താത്തിടത്തേക്ക് നീ പോണം.... " മ്മ്ഹ് പൊക്കോ..... അ...... അതാ നല്ലത്. അല്ലാതെ ഇനിയുമിവിടെ കിടന്നിങ്ങനെ വിഡ്ഢി വേഷം കെട്ടണ്ട..... "

ചിന്തകൾ ശക്തി പ്രാപിച്ചപ്പോൾ ആർദ്ര പറഞ്ഞു. രാത്രി തന്നെ അവരിരുവരും ചേർന്നായിരുന്നു ബാഗൊക്കെ പാക്ക് ചെയ്തുവച്ചത്. സാധനങ്ങളോരോന്നായി ബാഗിലെക് അടുക്കി വയ്ക്കുമ്പോൾ ഇടയ്ക്കിടെ സോജയ്ക്കൊപ്പം ആദിയുടെ മിഴികളും സജലങ്ങളായി. അ വീട്ടിൽ തങ്ങൾ ആറുപെൺകുട്ടികൾ ചേർന്നായിരുന്നു താമസമെങ്കിലും സോജയും രേഷ്മയുമായിട്ടായിരുന്നു അവൾക്കേറ്റവും അടുപ്പം. അതിൽ തന്നെ സോജയോട് ഒരുപടി കൂടുതൽ ഇഷ്ടമുണ്ടായിരുന്നു എന്നതും ഒരു നഗ്ന സത്യം തന്നെയായിരുന്നു. അത് പറഞ്ഞ് ഇടയ്ക്കിടെ രേഷ്മയുടെ വക പരിഭവം പറച്ചിലും ആ വീട്ടിൽ പതിവായിരുന്നു. തങ്ങൾ മൂന്നുപേരുടെയും സന്തോഷങ്ങൾ നിറഞ്ഞ ആ ദിവസങ്ങൾ ഓർത്തെടുക്കവേ ആദിയുടെ മിഴികൾ വീണ്ടും തുളുമ്പി. പക്ഷേ എങ്കിൽ പോലും സോജയെ തടയാൻ കരിങ്കല്ല് പോലെ പരുവപ്പെടുത്തി വച്ച അവളുടെ മനസ് മുതിർന്നില്ല. കാരണം ദേവിന്റെ കയ്യിൽ നിന്നും അവൾ രക്ഷപെടണം എന്ന് മാത്രമായിരുന്നു അവളിലേ അപ്പോഴത്തെ ചിന്ത. " അവളുമാരോടൊക്കെ എന്ത് പറയും.....???? "

പെട്ടന്ന് എന്തോ അടുക്കിപ്പെറുക്കുന്നതിനിടയിൽ തന്നെ ആദി ചോദിച്ചു. " രേഷുനോട് പതിയെ നീ കാര്യങ്ങൾ പറഞ്ഞാൽ മതി... മറ്റവളുമാരോട് ഒന്നും പറയണ്ട. പിന്നെ പതിയെ എന്തേലും നുണ പറയാം. " അതിനവൾ മറുപടിയൊന്നും പറഞ്ഞില്ല. എങ്കിലും ആ മുഖം വാടിത്തന്നെയിരുന്നു. ആ രാത്രിക്ക്‌ വല്ലാത്ത വേഗതയാണെന്ന് തോന്നിക്കും പോലെ വേഗത്തിൽ തന്നെ അത് പുലർച്ചയെ വരവേറ്റു. തന്റെ മടിയിൽ തല വച്ച് കിടന്നിരുന്ന ആദിയെ ബെഡിലേക്കിറക്കി കിടത്തി സോജ ഫ്രഷായി വന്നപ്പോഴേക്കും അവൾ പോയി കാപ്പിയിട്ട് രേഷുനേം വിളിച്ചോണ്ട് വന്നിരുന്നു. " അല്ല നീയെന്നാടി പെട്ടന്ന് നാട്ടിലോട്ടോടുന്നേ.....??? എന്തേലും വിശേഷമുണ്ടോ.....???? " രേഷ്മ മുറിയിലേക്ക് വന്ന പാടെ ചോദിച്ചു. " ഒന്നുല്ലെടി അമ്മേം അപ്പേം ഒക്കെയൊന്ന് കാണാൻ തോന്നുവാ..... ഞാൻ പോയിട്ട് വരാം.. " ഒരൊഴുക്കൻ മട്ടിൽ പറഞ്ഞിട്ട് അവളെയൊന്ന് കെട്ടിപ്പിടിച്ചിട്ട് ബാഗുമെടുത്ത് പുറത്തേക്ക് നടക്കുമ്പോൾ കരഞ്ഞുപോകാതിരിക്കാൻ അവൾ നന്നേ പണിപ്പെട്ടു. ആദിയുടെ അവസ്ഥയും മറിച്ചായിരിന്നില്ല.

രേഷ്മ മാത്രം ഒന്നും മനസിലാകാതിരുന്നത് കൊണ്ട് സാധാരണ പോലെ തന്നെ നിന്നു. " സ്റ്റേഷനിലോട്ട് നിങ്ങള് വരണ്ട.... ഞാൻ തനിച്ച് പൊക്കോളാം. ഓട്ടോ വിളിച്ചിട്ടുണ്ട്. അതിപ്പോ വരും.... " ഗേറ്റിനരികിലെത്തി നിൽക്കുമ്പോൾ സോജ പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു. ആദിയാണെങ്കിൽ അവളിനി ഇങ്ങോട്ട് വരില്ലല്ലോ എന്നോർത്ത് വിതുമ്പാൻ വെമ്പി നിൽക്കുകയായിരുന്നു. രണ്ട് മിനിറ്റ് കഴിഞ്ഞതും ഓട്ടോ വന്ന് നിന്നു. " പോട്ടെടീ......'' അവരിരുവരെയും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞിട്ട് അവൾ ബാഗുമായി വണ്ടിയിലേക്ക് കയറി. അവൾ കയറിയുടനെ വണ്ടി മുന്നോട്ട് നീങ്ങി. അവസാനമായി ഒരിക്കൽക്കൂടി അവരെ കൈ വീശി കാണിച്ചിട്ട് സോജ സീറ്റിലേക്ക് ചാഞ്ഞുകിടന്നു. പിന്നെ അതുവരെ അടക്കി വച്ചിരുന്ന കണ്ണീര് മുഴുവൻ ധാര ധാരയായി പുറത്തേക്കൊഴുക്കി വിട്ടു. 💞ആരാധികേ.... 💞

ആദി ക്ലാസിലേക്ക് എത്തുമ്പോൾ രേഷു അവളെ കാത്ത് വാതിലിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. " കോപ്പിയെടുക്കാനെന്നും പറഞ്ഞ് നീ പോയിട്ടിതെത്ര നേരായെടീ....???? " അവൾ ദേഷ്യപ്പെട്ടു. " ഞാനപ്പതന്നെ വന്നെടീ..... പക്ഷേ ഗേറ്റിൽ എത്തിയപ്പോൾ അവിടെ വലിയൊരു ട്വിസ്റ്റ്‌ നമ്മുടെ സൂപ്പർ സ്റ്റാർ അവിടെ നിക്കുന്നു. " " ഏഹ് ആര് ദേവ് മാധവോ....??? " അത്ഭുതം കൊണ്ട് വികസിച്ച മുഖത്തോടെ രേഷു ചോദിച്ചു. " പിന്നല്ലാതെ....???? " " അയാളെന്തിനാ വീണ്ടും വന്നത്....??? നമ്മുടെ കൊച്ചിനെ ഇത്രയൊക്കെ കൊല്ലാക്കൊല ചെയ്തത് പോരെ അയാൾക്ക്...... ഒടുവിൽ പഠിപ്പ് പോലും നിർത്തി അവൾ പോയിട്ടും മതിയായില്ലേ അയാൾക്ക്.... ഇനിയെന്ത് വേഷമാ അവളെക്കൊണ്ട്‌ കെട്ടിക്കേണ്ടത്.....??? " അപ്പോഴേക്കും ആദിയിൽ നിന്നും എല്ലാം അറിഞ്ഞുകഴിഞ്ഞിരുന്ന അവൾ വെറുപ്പോടെ ചോദിച്ചു. " ആവോ എനിക്കറിയില്ല. അവളുടെ നമ്പർ വേണം അഡ്രെസ്സ് വേണം എന്നൊക്കെ പറഞ്ഞു. " " എന്നിട്ട് നീ കൊടുത്തോ.... " അവൾ ആകാംഷപ്പെട്ടു. " എവിടുന്ന്...... എനിക്കറിയില്ലെന്ന് പറഞ്ഞു..

പക്ഷേ എടീ അയാൾക്കെന്തോ ഒരു വിഷമം ഉള്ളത് പോലെനിക്ക് തോന്നി. " " പിന്നേ..... കോപ്പാണ്. അയാൾക്ക് വിഷമം കാണും പക്ഷേ അത് അവൾ പോയൊണ്ടല്ല ഇനിയിതുപോലെ വേഷം കെട്ടിക്കാൻ ഫ്രീയായിട്ടൊരാളെ കിട്ടില്ലല്ലോന്നോർത്തിട്ടാകും. " രേഷ്മ ദേഷ്യപ്പെട്ട് പറഞ്ഞിട്ട് അകത്തേക്ക് നടന്നു. 💞ആരാധികേ.... 💞 കോളേജിൽ നിന്ന് ദേവ് നേരെ തന്റെ ഗസ്റ്റ്‌ ഹൗസിലേക്കായിരുന്നു പോയത്. അതിനിടയ്ക്ക് പലപ്പോഴായി ജെറിയും പിന്നെ വൈദേഹിയും വിളിച്ചെങ്കിലും അവൻ ഫോണെടുക്കാനേ പോയില്ല. ഗസ്റ്റ്‌ ഹൗസിലെത്തി ആര് വിളിച്ചാലും താനിവിടുണ്ടെന്ന് പറയരുതെന്ന് ജോലിക്കാരനെ ചട്ടം കെട്ടി അകത്തേക്ക് പോകുമ്പോൾ സോജയുടെ ഓർമ്മകൾ വരാത്തത്ര ബോധം നശിക്കും വരെ മദ്യപിക്കണം എന്ന് മാത്രമായിരുന്നു അവന്റെ ചിന്ത. അതുകൊണ്ട് തന്നെ അവൻ നേരെ പോയത് ഒരു മിനി ബാർ പോലെ സെറ്റ് ചെയ്തിരുന്നിടത്തേക്കായിരുന്നു. ഫോൺ ഓഫ് ചെയ്തുവച്ച് ഗ്ലാസിലേക്ക് മദ്യവും ഐസ് ക്യൂബ്സും സോഡയും പകർന്ന് മിക്സ്‌ ചെയ്ത് സിപ് ചെയ്യുമ്പോഴും സോജയുടെ മുഖമവനെ കൊല്ലാതെ കൊന്നുകൊണ്ടിരുന്നു.

അതിനനുസരിച്ച് മദ്യം നിറയുകയും ഒഴിയുകയും ചെയ്തുകൊണ്ടിരുന്ന ഗ്ലാസുകളുടെ എണ്ണവും കൂടി. പക്ഷേ തന്റെ സിരകളിൽ പ്രണയത്തിന്റെ അഗ്നി നിറച്ച ആ പെണ്ണിന്റെ ഓർമ്മകളിൽ നിന്നും മുക്തി നേടാൻ ആ മദ്യത്തിന്റെ ലഹരിയൊന്നും പോരായിരുന്നു അവന്. " സോജാഹ്ഹ്ഹ്ഹ്ഹ്......... എവിടെയാ നീ...... " മദ്യത്തിനും മുകളിൽ നുരഞ്ഞു പൊന്തിക്കൊണ്ടിരുന്ന വിരഹാഗ്നിയിൽ പൊള്ളിപ്പിടഞ്ഞിട്ടെന്നപോൽ അവനലറി വിളിച്ചു. " ഒന്ന് വാ സോജാ എന്റടുത്തേക്ക്...." നിലത്ത് മുട്ടുകുത്തിയിരുന്ന് ഇരുകൈകളും വായുവിൽ വിടർത്തിവച്ച് അവൻ കേണു. പക്ഷേ താൻ ഏറ്റവും കൂടുതൽ കേൾക്കാൻ കൊതിച്ച വാക്കുകൾ അവനിൽ നിന്നും വന്നുകൊണ്ടിരുന്നിട്ടും അത് കേൾക്കാനുള്ള ഭാഗ്യമില്ലാതെ പോയ ആ പെണ്ണ് മൈലുകൾക്കപ്പുറമിരുന്ന് അതൊന്നുമറിയാതെ അവനായ് നെഞ്ച് പിടഞ്ഞ് കരയുകയായിരുന്നു

അപ്പോഴും. " എങ്ങനെ നിന്നോട് മാപ്പിരക്കണമെന്ന് എനിക്കറിയില്ല സോജാ.... ഞാൻ..... ഞാനൊന്നുമറിഞ്ഞില്ല സോജാ..... നീയൊപ്പമുണ്ടായിരുന്നപ്പഴും എന്റെ പ്രാണനാണ് എന്റെ ചാരത്തുള്ളതെന്ന് ഞാനറിഞ്ഞില്ല പെണ്ണേ..... പൊറുക്കെടീ എന്നോട്.... പൊറുക്കാൻ പറ്റില്ല നിനക്കെന്നോട്..... എനിക്കറിയാം...... ഇത്ര നാളും ഒരു നാടകക്കാരിയെപ്പോലെ നിന്നെ വേഷം കെട്ടിച്ചിട്ടൊടുവിൽ ഞാൻ നിന്നെ..... " ആ രാത്രിയുടെ ഓർമ്മയിൽ അവൻ വെന്തുരുകി. ചാടിയെണീറ്റ് ടേബിളിൽ ഉണ്ടായിരുന്ന മദ്യക്കുപ്പികളും ഗ്ലാസും എല്ലാം കൂടി അവൻ നിലത്തേക്ക് തട്ടിയെറിഞ്ഞു. എന്നിട്ടും മനസ് പിടി തരാതെ വന്നപ്പോൾ അവിടെയുണ്ടായിരുന്ന സാധനങ്ങളൊക്കെയും തല്ലിത്തകർത്തു. അത്രമേൽ വൃത്തിയായി വച്ചിരുന്ന ആ മുറിയൊരു നിമിഷം കൊണ്ട് കുപ്പിച്ചീളുകൾ നിറഞ്ഞ ഒരു ശ്മശാനം പോലെ തോന്നിച്ചു. അത്രയുമായപ്പോൾ തളർന്നുപോയ അവൻ പുറത്തേക്ക് നടക്കാൻ തുനിയുമ്പോഴായിരുന്നു പെട്ടന്ന് കാൽ സ്ലിപ്പായി നിലത്തേക്ക് വീണത്. " ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്......... ".. തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story