ആരാധികേ: ഭാഗം 12

aradhika abhirami

രചന: അഭിരാമി ആമി

 ആരോടെങ്കിലും ഒന്ന് മനസ് തുറക്കാൻ വെമ്പി ദേവിനെ വീട്ടിൽ കൊണ്ടാക്കിയത് വരെയുള്ള കാര്യങ്ങളെല്ലാം അമലയോട് തുറന്നുപറഞ്ഞതും ജെറിക്ക് വല്ലാത്തൊരു ആശ്വാസം പോലെ തോന്നി. " ഇച്ചായനീ വെള്ളം കുടിക്ക് ..... എന്നിട്ട് ഒന്ന് സമാധാനപ്പെട്. ഞാനൊന്ന് പറയട്ടേ...... " അവനൊരുഗ്ലാസ്‌ വെള്ളം എടുത്തോണ്ട് വന്ന് കൊടുത്തിട്ട് അമല പറഞ്ഞു. " എങ്ങനെ സമാധാനപ്പെട്ടിരിക്കും.....???? ഇതിലിപ്പോ ഏത് പെണ്ണിന്റെ പ്രാക്കാ എന്റെ തലേൽ വീഴാൻ പോകുന്നതെന്ന് കർത്താവിന് പോലും അറിയുകേലാ..... നിന്റെ വയറ്റിൽ കിടക്കുന്ന നമ്മുടെ കുഞ്ഞിനെ പോലും ആ പെങ്കൊച്ചുങ്ങളുടെ കണ്ണീര് പൊള്ളിക്കും..... " ജെറി വീണ്ടും അസ്വസ്ഥപ്പെട്ടു. " എന്റിച്ചായാ എനിക്കിതിലത്ര കാര്യമൊന്നുമുണ്ടെന്ന് തോന്നുന്നില്ല. " " നീയെന്തുവാ അമലേ ഈ പറയുന്നേ...... ഇത്രെയൊക്കെ കേട്ടിട്ടും നിനക്ക് ഇതൊക്കെയൊരു തമാശയായിട്ടാണോ തോന്നുന്നേ.....??? എടീ അവനിപ്പോ ഇത്രേം നാളും പ്രേമിച്ച വൈദേഹിയേ വേണ്ട പകരം അവന്റെയാ ആരാധികേ മതിന്നാ പറയുന്നേ...."

" ഓഹ് അതിലൊന്നും വല്യ കാര്യമില്ല ഇച്ചായാ..... ഇതിപ്പോ വൈദേഹിയുമായി പിണങ്ങിയിട്ട് കുറേ നാളായില്ലേ. ദേവേട്ടൻ കോംപ്രമൈസിന് ശ്രമിച്ചപ്പോഴൊക്കെ ആ പെണ്ണ് മുഖം തിരിക്കുകയുമല്ലേ ചെയ്തത്. ആ സമയത്ത് അഭിനയമാണെങ്കിൽ പോലും ഒപ്പമുണ്ടായിരുന്ന സോജയെന്ന പെൺകുട്ടിയോട് സ്വാഭാവികമായും ദേവേട്ടന് ഒരു ഇഷ്ടം തോന്നിയിരിക്കാം. ആ ഇഷ്ടം ഒരു പക്ഷേ തന്നെ അവഗണിച്ച വൈദേഹിയോടുള്ള ഫ്രസ്ട്രേഷനിലേക്കോ മാറിയിരിക്കാം. മാത്രമല്ല ഇപ്പൊ ഇതുവരെ കൂടെയുണ്ടായിരുന്ന സോജ നാളെ മുതൽ ഈ സ്ഥാനത്ത് ഇല്ലെന്നറിയുകയും ചെയ്തപ്പോൾ പെട്ടന്ന് ഒരു വിഷമവും തോന്നിക്കാണും. ചിലപ്പോൾ വൈദേഹിയേയും സോജയേയും ഒന്ന് താരതമ്യം ചെയ്തു നോക്കുകയും ചെയ്തിട്ടുണ്ടാകും. അപ്പോൾ ഒരു കാമുകിയെന്ന നിലയിൽ വൈദേഹിയേക്കാൾ ബെറ്റർ സോജയാണെന്നും എടുത്തുചാടിയുള്ള ഒരു തോന്നൽ ഉണ്ടായിക്കാണും.

പക്ഷേ ഇതൊന്നും ശാശ്വതമായ ഒരു തീരുമാനമല്ലല്ലോ ഇച്ചായാ.... കുറച്ചുകഴിയുമ്പോൾ ദേവേട്ടന് തന്നെ വൈദേഹിയുടെ സ്ഥാനം മനസ്സിലാകും. അല്ലെങ്കിലും ഇന്നലെ വന്നവൾക്ക് വേണ്ടി വലിച്ചെറിയപ്പെടേണ്ടവളല്ലല്ലോ വൈദേഹി. അതുകൊണ്ട് ഇച്ചായൻ ടെൻഷനാവാതിരിക്ക്...... " അമല നിസാരമായി . പറഞ്ഞു. " എടീ അപ്പോ ഇതിലൊന്നും ഒന്നുമില്ലെന്നാണോ നീ ഇപ്പോഴും പറയുന്നത്.....???? " സംശയം തീരാതെ ജെറി വീണ്ടും ചോദിച്ചു. " പിന്നല്ലാതെ..... ഇച്ചായാ ഈ മനുഷ്യന്റെ ഒരു സ്വഭാവം തന്നെ ഇങ്ങനെയല്ലേ.... ഇക്കരെ നിക്കുമ്പോ അക്കരപ്പച്ച അക്കരെ നിക്കുമ്പോ ഇക്കരപ്പച്ച..... ഇച്ചായനിപ്പോ തല്ക്കാലം വന്ന് സമാധാനമായിട്ട് വല്ലോം കഴിക്ക്. എന്നിട്ട് നാളെ വൈദേഹിയേം ദേവേട്ടനേം കൂടി ഒന്ന് സെറ്റാക്ക്. എല്ലാം ശെരിയാകും. അതോടെ ഇപ്പോഴത്തേ ഈ പ്രശ്നമൊക്കെ മാറി ദേവേട്ടൻ സോജയേ മറന്നോളും. "

അവൾ നിസാരഭാവത്തിൽ പറയുമ്പോഴും ഇതൊക്കെ നടക്കുമോ എന്ന കാര്യത്തിൽ ജെറിക്ക് സംശയം തന്നെയായിരുന്നു. അതവന്റെ മുഖത്ത് പ്രകടവുമായിരുന്നു. " എടീ എന്നാലും....." " ഒരെന്നാലും ഇല്ല..... എണീറ്റ് വന്നേ.... എനിക്ക് നല്ല ക്ഷീണമുണ്ട്. കിടക്കണം. " അതോടെ ജെറി ഇരുന്നിടത്ത് നിന്നും എണീറ്റ് ബാത്‌റൂമിലേക്ക് പോയി. 💞ആരാധികേ.... 💞 രാത്രിക്ക് വല്ലാത്ത കനം..... ശ്വസിക്കാൻ വേണ്ടത്ര വായു ഇല്ലാത്തത് പോലെ..... കരയിൽ പിടിച്ചിട്ട മത്സ്യത്തെ പോലെ പിടയുവാ ഉള്ള്.... ദേവ്...... ദേവിപ്പോൾ എവിടായിരിക്കും.....???? രാത്രി മുകളിലെ നീളൻ വരാന്തയിൽ അനന്തതയിലേക്ക് നോക്കിയിരിക്കുമ്പോൾ സോജ വെറുതേയോർത്തു. ഒന്ന് മാറി നിന്നപ്പോഴേക്കും ഈ ആരാധികയേ മറന്ന് കാണുമോ..... വൈദേഹി തിരികെ വന്നിരിക്കുമോ..... അതാകുമോ അഭിനയിക്കാൻ പോലും തന്നെ തിരക്കാത്തത്..... അവൾ വെറുതേ ഒന്നോർത്തു നോക്കി. വൈദേഹിയെന്ന ചിന്ത വന്നതും ഹൃദയം നിലച്ച് പോയത് പോലെ.....

അല്ലെത്തന്നെ അവരുടെ ജീവിതത്തിൽ വെറുതേ വേഷം കെട്ടിയാടാൻ മാത്രം വിധിക്കപ്പെട്ട താനെന്തിന് കരയണം.....??? ദേവ് വൈദേഹിക്ക് സ്വന്തമാകുന്ന ദിവസം വിദൂരമല്ല.... ഇന്നല്ലെങ്കിൽ നാളെ അത് സംഭവിക്കും. അന്ന് താനത് . അംഗീകരിച്ചേ മതിയാകൂ. അതേ ദേവ് മാധവ് വൈദേഹിയുടേതാണ്..... അല്ലാതെ..... അല്ലാതെ സോജയുടേതല്ല..... " മനസ്സിനെ എന്തൊക്കെയൊ പറഞ്ഞുപഠിപ്പിക്കാൻ അവളൊരു പാഴ്ശ്രമം നടത്തി നോക്കി. പക്ഷേ അവിടെയും പരാജയം തന്നെയായിരുന്നു ഫലം. ഹൃദയം ആ സത്യത്തേ ഉൾക്കൊള്ളാൻ വിമുഖപ്പെടുക തന്നെയായിരുന്നു അപ്പോഴും ചെയ്തത്. " പ..... പക്ഷേ...... ഞാൻ ദേവിന് ആരുമല്ലെന്ന് എങ്ങനെ വിശ്വസിക്കും.....???? അങ്ങനെ ആരുമല്ലായിരുന്നെങ്കിൽ എന്തിനായിരുന്നു കഴിഞ്ഞ രാത്രി..... എന്തിനായിരുന്നു ആ വരവ്....??? എന്തിനായിരുന്നു എന്നിലെ പെണ്ണിനെ.....???? ആ സംഗമത്തിന്റെ ഓർമ്മയിൽ അവൾ അറിയാതെ പുഞ്ചിരിച്ചു. ഇപ്പോഴും എവിടെയൊക്കെയൊ സുഖമുള്ളൊരു വേദന തങ്ങി നിൽക്കുന്നു.

എങ്കിലും ഓർക്കുമ്പോ ഓർക്കുമ്പോ ശരീരം ആദ്യസംഗമത്തിന് ശേഷമുള്ള ഒരു പുതുപ്പെണ്ണിനെ പോലെ എന്തിനൊക്കെയൊ വേണ്ടി ദാഹിക്കുന്നു. വരണ്ട അധരങ്ങൾ അവന്റെ ചുണ്ടുകളിലെ നനവ് കൊതിക്കുന്നു.... മാറിടങ്ങളും അണിവയറും അവന്റെ സ്പർശവും ചുംബനവും കൊതിക്കുന്നു. ഇപ്പോഴും ചോര പൊടിയുന്നുവോ എന്ന് തോന്നിപ്പിക്കുന്ന സംഗമബിന്ദു വീണ്ടും അവനെന്ന പുരുഷന് വേണ്ടി തുടിക്കുന്നു. എല്ലാത്തിലുമുപരി ഹൃദയം പിടയുന്നു. ഒന്നുമില്ലെങ്കിലും ആ നെഞ്ചിലേക്ക് പാഞ്ഞുവീഴാൻ..... ആ ഹൃദയത്തിന്റെ മിടിപ്പ് പോലും നീയാണ് സോജ എന്ന് വെറുതേ സ്വപ്നം കാണാൻ.... അങ്ങനെയങ്ങനെ എന്തിനൊക്കെയൊ വേണ്ടി. രാത്രിയേറി വന്നതോ പാതിരാക്കിളി കൂവിയതൊ തൊടിയിലെ മരക്കൊമ്പിലെവിടെ നിന്നോ കൂമൻ മൂളിയതോ അവളറിഞ്ഞില്ല.

കാരണം അപ്പോഴൊക്കെയും അവളുടെ ഹൃദയം ദേവ് മാധവിൽ മാത്രം കുരുങ്ങികിടക്കുകയായിരുന്നില്ലേ... 💞ആരാധികേ....💞 പിറ്റേദിവസം ഷൂട്ട് തുടങ്ങാൻ സമയമാകും മുൻപ് തന്നെ ജെറി വീട്ടിൽ നിന്നുമിറങ്ങി. പോകുമ്പോൾ ഉദ്ദേശം ഒന്ന് മാത്രമേയുണ്ടായിരുന്നുള്ളു. വൈദേഹിയേ കാണണം. ദേവിന്റെ ആക്‌സിഡന്റിന്റെ കാര്യം പറയണം. അമല പറഞ്ഞത് പോലെ പിന്നീടെല്ലാം അവൾ നോക്കിക്കോളും.. എല്ലാം ശെരിയാകും. വണ്ടിയിൽ ഇരിക്കുമ്പോൾ ആ ചിന്തയിൽ അവൻ ആശ്വസിച്ചു. ജെറിയുടെ കാർ നേരെ പോയത് വൈദേഹിയുടെ വീട്ടിലേക്കായിരുന്നു. " എന്റെ കർത്താവെ എല്ലാമൊന്ന് നേരെയായാൽ മതിയായിരുന്നു. " കാളിങ് ബെല്ലമർത്തി കാത്തുനിൽക്കുമ്പോൾ അവൻ മനസ്സിൽ ഓർത്തു. " വൈദേഹി എവിടെ....??? " " മാഡം അകത്തുണ്ട്..... ആര് വന്നുന്ന് പറയണം....??? "

" ജെറി വന്നെന്ന് പറഞ്ഞാൽ മതി.... " " മ്മ്ഹ്..... ഇരിക്കൂ..... " അവരകത്ത് പോയി പത്ത് മിനുട്ട് കഴിഞ്ഞതും വൈദേഹി പുറത്തേക്ക് വന്നു.. ഒറ്റദിവസം കൊണ്ട് തന്നെ അവളൊരു കോലമായിരുന്നു. ശരീരം പകുതിയാക്കി കീറിയെടുത്തത് പോലെ തോന്നിച്ചു. മുഖം വല്ലാതെ കരുവാളിച്ച് കണ്ണുകൾ കുഴിഞ്ഞിരുന്നു. " എന്താടി ഇത്....???? നിനക്കിതെന്ത് പറ്റി.....???? ' ജെറി അമ്പരന്ന് ചോദിച്ചു. " ഒന്നുല്ലടാ..... എന്തോ മാധവ് ഇല്ലാതെ എനിക്ക്..... " ചുണ്ടുകൾ കടിച്ച് പിടിച്ച് അടക്കാൻ ശ്രമിച്ചെങ്കിലും അവളറിയാതെ വിതുമ്പിപ്പോയി. " എടീ നീയിങ്ങനെ കൊച്ചുപിള്ളേരെ പോലെ തുടങ്ങിയാലോ...." " എനിക്കറിയില്ല ജെറി.... മാധവിന്റെ കാര്യത്തിൽ ഞാനിന്നും ഒരു കുട്ടി തന്നെയാണ്. ആഗ്രഹിച്ച കളിപ്പാട്ടം മറ്റാർക്കും വിട്ടുകൊടുക്കാത്ത ഒരു കുട്ടി...... "

" എടീ അവൻ മനഃപൂർവം നിന്നെ അവോയ്ഡ് ചെയ്തതൊന്നും അല്ല. അവസ്ഥ അതായിരുന്നു. " " എന്തവസ്തയാ ജെറി.....??? ഒന്ന് ഫോൺ പോലും അറ്റൻഡ് ചെയ്യാൻ കഴിയാത്ത എന്തവസ്ഥയാ അവന്....??? എന്നെ..... എന്നേയവനത്ര വെറുത്തുപോയൊ.....???? " അങ്ങനൊന്നുമല്ല കാര്യം. നിന്നെ വെറുത്തതൊന്നുമല്ല. അവന്..... അവനിന്നലെ ചെറിയൊരു ആക്‌സിഡന്റ് ഉണ്ടായി. നീ വിളിച്ചപ്പോഴൊക്കെ മാധു ഹോസ്പിറ്റലിൽ ആയിരുന്നു ഉണ്ടായിരുന്നത്. ഫോൺ അവന്റെ ഡ്രൈവർ സിബിടെ കയ്യിലും. " " അയ്യോ എന്റെ മാധവിനെന്ത് പറ്റി.....??? " അവൻ പറഞ്ഞ് തീരും മുന്നേ വൈദേഹി കരച്ചിലിന്റെ വക്കോളമെത്തി. അവളുടെ നെഞ്ച് പിടഞ്ഞു... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story