ആരാധികേ: ഭാഗം 13

aradhika abhirami

രചന: അഭിരാമി ആമി

 " അയ്യോ എന്റെ മാധവിനെന്ത് പറ്റി.....??? " അവൻ പറഞ്ഞ് തീരും മുന്നേ വൈദേഹി കരച്ചിലിന്റെ വക്കോളമെത്തി. അവളുടെ നെഞ്ച് പിടഞ്ഞു. " വൈദൂ നീയൊന്നടങ്ങ്..... അവനിപ്പോ കുഴപ്പമൊന്നുമില്ല. വീട്ടിൽ തന്നെയുണ്ട്. ഒന്ന് വീണു അത്രേയുള്ളൂ. അല്ലാതെ നീയിങ്ങനെ ഭയക്കാൻ വേണ്ടിയൊന്നുമില്ല. " അവളിലെ പിടച്ചിലറിഞ്ഞിട്ടെന്നപോലെ ജെറി ആശ്വസിപ്പിക്കാനായി പറഞ്ഞു. പക്ഷേ അവനെയൊന്ന് കാണാതെ ഒരു കുഴപ്പവുമില്ലെന്ന് തൊട്ടുനോക്കിയുറപ്പ് വരുത്താതെ അവൾക്ക് സമാധാനം കിട്ടുമായിരുന്നില്ല. അവളുടെ അപ്പോഴത്തേ അവസ്ഥ വിളിച്ചുപറയും പോലെ ആ മിഴികൾ തുളുമ്പിയൊഴുകി. " ജെറീ..... " " പറഞ്ഞില്ലേ വൈദൂ..... അവന് കുഴപ്പമൊന്നുമില്ല. നൗ ഹീ ഈസ്‌ ആൾ റൈറ്റ്..... നീ ഒന്ന് സമാധാനപ്പെട്. എന്നിട്ട് ചെന്ന് ഡ്രസ്സ്‌ മാറ്റി വാ. ഞാൻ വെയിറ്റ് ചെയ്യാം. അവനെ കണ്ട് കഴിയുമ്പോൾ ഈ ടെൻഷനൊക്കെ മാറും. ചെല്ല്..... " ഒന്ന് ചലിക്കാൻ പോലും കഴിയാതെ ഒരിടത്ത് തന്നെ തറഞ്ഞുനിന്നവളെ റെഡിയാവനായി നിർബന്ധിച്ച് അകത്തേക്ക് പറഞ്ഞയക്കുമ്പോൾ ജെറിയുടെ മനസും വിങ്ങുകയായിരുന്നു.

അപ്പോഴൊക്കെയും അമല പറഞ്ഞത് അവർ എല്ലാം മറന്ന് പരസ്പരം ഒന്നാവുന്ന നിമിഷത്തിനായി ഉള്ള് കൊണ്ട് പ്രാർത്ഥിക്കുകയായിരുന്നു അവൻ. അധികസമയം കാത്തിരിപ്പിക്കാതെ തന്നെ വൈദേഹി റെഡിയായി വന്നു. പതിവ് ചമയങ്ങളൊന്നും തന്നെ അവളിൽ അവന് കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. ഒരു സാധാരണ ചുരിദാർ ആയിരുന്നു വേഷം. മുടി ഓപ്പൺ സ്റ്റൈലിൽ ഇട്ടിരുന്നു. കണ്ണുകളിൽ മഷിക്കറുപ്പ് പടർന്നിരുന്നില്ല. നെറ്റിയും അധരങ്ങളും ഒഴിഞ്ഞുതന്നെ കിടന്നു. മിഴികൾ പെയ്യാൻ വെമ്പി നിന്നു. " പോകാം .... " ധൃതിയിൽ ജെറിയുടെ അരികിലേക്ക് വന്ന് അവൾ ചോദിച്ചു. " മ്മ്ഹ്..... " അവളെയൊന്ന് നോക്കി അവൻ തലയനക്കി സമ്മതമറിയിച്ചു. പിന്നെ കയ്യിലിരുന്ന ഫോൺ പോക്കറ്റിലേക്ക് തിരുകി എണീറ്റ് പുറത്തേക്ക് നടന്നു. പിന്നാലെ തന്നെ വൈദേഹിയും. പോകും വഴിയൊക്കെയും ജെറി എന്തൊക്കെയൊ പറയുന്നുണ്ടായിരുന്നെങ്കിലും അവൾ മൗനമായി തന്നെ ഇരിക്കുകയായിരുന്നു. വണ്ടിക്ക് ഒട്ടും വേഗത പോരെന്ന് പോലും തോന്നുന്ന നിമിഷങ്ങൾ....

നെഞ്ച് പിടയുവാ..... മാധവിനെ ഒന്ന് കണ്ടാൽ മാത്രമേ ഈ പിടച്ചിൽ നിൽക്കൂ.... അവൾ ഓർത്തു. . ഈ സമയം കുത്തി മുറിവേൽപ്പിക്കുന്ന ഓർമ്മകളെ ചേർത്ത് പിടിച്ച് പരസ്പരമുള്ള സ്നേഹമറിയാതെ നെഞ്ച് നീറി കഴിയുകയായിരുന്ന അവനെയും അവന്റെ പ്രാണനേയും അവളറിഞ്ഞില്ല. " വൈദൂ നീ കുറച്ച് കണ്ട്രോൾ ചെയ്യണം. ഓക്കേ.....??? ഇവിടെ അവന്റെ അമ്മയുണ്ട്. അവർക്കറിയില്ല നിങ്ങൾ തമ്മിലുള്ള റിലേഷനൊന്നും. അതുകൊണ്ട് നീ കുറച്ചൊന്ന്..... " ദേവിന്റെ വീടിന്റെ ഗേറ്റ് കടക്കുമ്പോൾ കണ്ണുകൾ അമർത്തി തുടയ്ക്കുകയായിരുന്ന വൈദേഹിയേ നോക്കി ജെറി പറഞ്ഞു. അത് സമ്മതിക്കുകയോ വിസമ്മതിക്കുകയോ ചെയ്യാതെ അവൾ വെറുതേ അവനെയൊന്ന് നോക്കുക മാത്രം ചെയ്തു. കാർ പോർച്ചിൽ ചെന്ന് നിന്ന് അതിൽ നിന്നിറങ്ങുമ്പോഴും വൈദേഹിയുടെ നെഞ്ച് പിടഞ്ഞുകൊണ്ടിരിക്കുക തന്നെയായിരുന്നു. " വാ..... " വിളിച്ചിട്ട് ജെറി മുന്നേ അകത്തേക്ക് കയറി. " ആഹ് നീയാരുന്നോ.....??? " വണ്ടിയുടെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന ദേവിന്റെ അമ്മ നിഷ ജെറിയെ കണ്ടോണ്ട് ചോദിച്ചു.

" അവനെന്തിയെ നിഷാമ്മേ.....??? " " മുകളിലുണ്ട്..... " പറഞ്ഞുകഴിഞ്ഞപ്പോഴായിരുന്നു അവന്റെ പിന്നാലെ അകത്തേക്ക് കയറി വന്ന വൈദേഹിയേ അവർ കണ്ടത്. " എന്താ ജെറി പുതിയ വല്ല പടവും ആണോ....???? " അവളെ കൂടി കണ്ടപ്പോൾ വരവ് ജോലിയുടെ ഭാഗമാകും എന്ന് കരുതി അവർ ചോദിച്ചു. " ആഹ് ആലോചനയുണ്ട് നിഷാമ്മേ.... " അവൻ പറഞ്ഞു. വൈദേഹിയും അവരെ നോക്കിയൊന്ന് ചിരിച്ചു. നിഷ തിരിച്ചും. " നിങ്ങള് മോളിലോട്ട് ചെല്ല് ഞാൻ കുടിക്കാനെടുക്കാം.... " അവർ പറഞ്ഞിട്ട് അകത്തേക്ക് പോയി. ജെറിയും വൈദേഹിയും മുകളിലേക്കും. മുകളിലേക്ക് കയറിയിട്ടും കയറിയിട്ടും പടികൾ തീരാത്തത് പോലെ തോന്നി അവൾക്ക്. എത്രയും പെട്ടന്ന് അവനരികിലേക്ക് എത്താൻ അവൾ വെപ്രാളപ്പെട്ടു. മുകളിൽ ദേവിന്റെ റൂമിന് മുന്നിലെത്തിയതും വാതിൽ തുറക്കാനാഞ്ഞ ജെറിയെ തട്ടി മാറ്റി വൈദേഹി വെപ്രാളത്തോടെ ഉള്ളിലേക്ക് കയറി.

അകത്തേക്ക് കയറിയതും ബെഡിൽ കിടക്കുകയായിരുന്ന രൂപത്തെ കണ്ട് അവളുടെ നെഞ്ച് പൊള്ളി. ഒരു ത്രീ ഫോർത്ത് മാത്രം ധരിച്ച് കിടക്കുകയായിരുന്നവന്റെ നെഞ്ചിലും വയറ്റിലുമായി ഒന്നിലധികം മുറിവുകൾ ബാൻഡേഡ് ചെയ്തിരിക്കുന്നു. ശരീരം അല്പം ക്ഷീണിച്ചത് പോലെ. എപ്പോഴും വെൽഡ്രസ്സ്‌ഡായി മാത്രം കണ്ടിട്ടുണ്ടായിരുന്നവനാണ് ആ പ്രാകൃതം പിടിച്ച കോലത്തിൽ കിടക്കുന്നതെന്ന് അവൾക്ക് വിശ്വസിക്കാനെ കഴിഞ്ഞില്ല. " മാധവ്..... " ഒരേങ്ങലോടെ വിളിച്ച അവളുടെ സ്വരം കേട്ടതും കണ്ണടച്ച് കിടക്കുകയായിരുന്ന ദേവ് ഒരു ഞെട്ടലോടെ കണ്ണുകൾ തുറന്നു. ഒരു നിമിഷം അവളെ അവിടെ കണ്ടതും അവനൊന്ന് പകച്ചു. പക്ഷേ അവളുടെ പിന്നിൽ തന്നെ നിൽക്കുകയായിരുന്ന ജെറിയെ കണ്ടതും ഇത് അവന്റെ കളിയാകുമെന്ന് മനസിലാക്കിയ അവൻ പല്ല് ഞെരിച്ചു. " മാധവ്..... " പിന്നീടൊന്നും ഓർക്കാൻ ഇല്ലാത്തത് പോലെ അവൾ പാഞ്ഞുചെന്നവനെ കെട്ടിപ്പിടിച്ചു. ആ നിമിഷം ഒന്ന് ചലിക്കാൻ പോലും കഴിയാതെ ഇരുന്നുപോയി ദേവ്.

ജെറിയാണെങ്കിൽ തല്ക്കാലം അവർക്കിടയിൽ താൻ വേണ്ടെന്ന് കരുതി പുറത്തേക്ക് മാറി നിന്നു. " മാധവ് എന്താ ഇതൊക്കെ.....??? " " ഒ..... ഒന്നുല്ല.... " ഒരു നിമിഷം വൈദുവിന്റെ സ്ഥാനത്ത് സോജയായിരുന്നു ഉണ്ടായിരുന്നതെങ്കിലോ എന്നോർത്തുകൊണ്ട് അവൻ പറഞ്ഞു. " ഐ.... ഐ ആം..... സോറി മാധവ്..... എന്നോട് ക്ഷമിക്ക് നീ..... ഞാൻ..... ഞാൻ നിന്നോടങ്ങനൊന്നും പെരുമാറാൻ പാടില്ലായിരുന്നു. സോറി മാധവ്.... " അവന്റെ മുഖം കയ്യിലെടുത്ത് അവൾ പറഞ്ഞു. പക്ഷേ അവനൊരക്ഷരം പോലും മറുപടി പറയാതെ ഒരു ശില പോലങ്ങനെയിരുന്നു. " നീയൊരുപാട് വൈകിപ്പോയി വൈദു..... നിന്റെ സ്ഥാനം ഇന്നെന്റെ ഹൃദയത്തിൽ നിന്നും ഒരുപാട് അകലെയായിക്കഴിഞ്ഞു. അതൊരിക്കലും എന്റെ തെറ്റല്ല. നീ തന്നെയാണ് എന്നേ വിട്ട് പോയത്. അതെന്നെ ഒരുപാട് തളർത്തി. നിന്നെ തിരിച്ചുപിടിക്കാൻ ഞാനൊരുപാട് ശ്രമിച്ചു. പക്ഷേ.....

അതൊന്നും വിജയിച്ചില്ല എന്ന് മാത്രമല്ല അതിനുള്ള ഒരു ശ്രമം ഇന്നെന്നേ തിരുത്താൻ കഴിയാത്ത വലിയൊരു തെറ്റിന്റെ പടുകുഴിയിലേക്ക് വലിച്ചിട്ട് കഴിഞ്ഞു. അതിലൊക്കെയുമുപരിയായി നിനക്ക് പകരം ഒരു നാടകക്കാരിയായി എന്നിലേക്ക് വന്ന മറ്റൊരു പെണ്ണ് ഇന്നെന്റെ പ്രാണനുമായിക്കഴിഞ്ഞു. ഇനി..... ഇനിയവളില്ലാതെ വയ്യ വൈദു എനിക്ക്.... " അങ്ങനെയൊക്കെ അവളോട് പറയണമെന്ന് തോന്നിയെങ്കിലും തകർന്നടിഞ്ഞ ആ പെണ്ണിനോട് അതൊന്നും പറയാൻ അവന്റെ നാവ് പൊന്തിയില്ല. എങ്കിലും സോജയേ പേറിയിരുന്ന ആത്മാവിന് വൈദേഹിയുടെ സാന്നിധ്യം വല്ലാതെ അരോചകം സൃഷ്ടിക്കുന്നത് അവനറിയുന്നുണ്ടായിരുന്നു. " എനിക്ക്.... എനിക്കൊന്നുല്ല വൈദു.... നീയിപ്പോ ഇങ്ങോട്ട് ഓടി വരേണ്ട കാര്യമൊന്നും ഇല്ലായിരുന്നു. " അവളെ നോക്കാതെ അവൻ പറഞ്ഞു.

" മാധവ് ഇപ്പോഴും നിനക്കെന്നോട് വെറുപ്പാണോ...?? " " എനിക്കാരോടും വെറുപ്പൊന്നും ഇല്ല വൈദു..... നീ വെറുതേ വിഷമിക്കണ്ട..... " അവൻ പറഞ്ഞു. " ഞാൻ..... ഞാൻ കാരണമല്ലേ മാധവ് നിനക്കെങ്ങനെയൊക്കെ.....??? " " ആരും കാരണമൊന്നുമല്ല.... എന്റെ അശ്രദ്ധ അത്രേയുള്ളൂ.... ഇട്സ് ഓക്കേ..... " " ഞാൻ വല്ലാതെ പേടിച്ചു...." " അതിന്റെ കാര്യമൊന്നും ഇല്ല. നീ ഇപ്പോ തന്നെ പൊക്കോ.... നമുക്ക് പുറത്തുവച്ച് കാണാം. വെറുതേ അമ്മക്ക് ഒരു സംശയത്തിനിട കൊടുക്കണ്ട. " അവളെ ഒന്നൊഴിവാക്കാനുള്ള വ്യഗ്രതയിൽ അവൻ പറഞ്ഞു. " നിനക്ക് ഇതുവരെ എന്നോടുള്ള പിണക്കം മറിയില്ല അല്ലേ മാധവ്.... സാരമില്ല.....

ഇത് ഞാൻ അർഹിക്കുന്നത് തന്നെയാ. പക്ഷേ ഞാൻ കാത്തിരിക്കും. എന്നോടുള്ള നിന്റെ ദേഷ്യം മാറും വരെ. ഇപ്പോ ഞാൻ പൊക്കോളാം....." അവന്റെ നീരസം മാറിയിട്ടില്ലെന്ന് ആ വാക്കുകളിൽ നിന്ന് തന്നെ മനസിലാക്കിയ വൈദേഹിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പൊടുന്നനെ വിങ്ങിപ്പൊട്ടിക്കൊണ്ട് അവനെ കെട്ടിപ്പിടിച്ച് ഇരുകവിളിലും ചുണ്ടമർത്തി അവൾ. ഈ രംഗം കണ്ടുകൊണ്ടായിരുന്നു നിഷ മുറിയിലേക്ക് വന്നത്. അകത്തെ രംഗം കണ്ടതും അവർ സ്വിച്ചിട്ടത് പോലെ അവിടെ തന്നെ നിന്നു. പിന്നെ എന്തോ ഓർത്തുകൊണ്ട് പെട്ടന്ന് തിരിഞ്ഞ് താഴേക്ക് പോയി. അല്പം മാറി നിന്ന് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്ന ജെറിയും ഇതൊന്നും കണ്ടിരുന്നില്ല.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story