ആരാധികേ: ഭാഗം 15

രചന: അഭിരാമി ആമി
" പക്ഷേ.... പക്ഷേ.... ഇപ്പോ..... എല്ലാം എന്റെ പിടി വിട്ട് പോയി കഴിഞ്ഞു. സോജയേ...... അവളെ എനിക്കിനി എന്ത് കാരണത്തിന്റെ പേരിലാണെങ്കിലും ഉപേക്ഷിക്കാൻ കഴിയില്ല. അവൾക്ക് പകരം മറ്റൊരാളെ സ്വീകരിക്കാനും കഴിയില്ല. " ദേവ് വേദനയോടെ പറയുമ്പോൾ തന്റെ മുന്നിലിരുന്ന് വിമ്മിഷ്ടപ്പെടുന്നവനെ ജെറി ആദ്യം കാണും പോലെ നോക്കി നിൽക്കുകയായിരുന്നു. ആ നിമിഷത്തെ അവന്റെ പെരുമാറ്റത്തിൽ നിന്നും എന്തൊക്കെയോ സംശയങ്ങൾ അവന്റെ മനസ്സിലേക്ക് അരിച്ചിറങ്ങി. " മാധു..... " " ----------- " " എന്താ ഇതിന്റെയൊക്കെ അർഥം.....???? സത്യം പറ നീ ഇത്രക്ക് വിഷമിക്കാൻ മാത്രം എന്താ ഉണ്ടായത്.......???? " സംശയഭാവത്തിൽ പുരികം ചുളിച്ച് അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നുകൊണ്ട് ജെറി ചോദിച്ചു. " എനിക്ക്..... എനിക്കൊരു തെറ്റ് പറ്റിയെടാ..... സോജയോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റ്..... പറ്റിപ്പോയി..... " ഒരപരാധിയേ പോലെ മുഖം കുനിച്ചിരുന്ന് അവൻ പറഞ്ഞു. " മാധു.......!!!! " ജെറിയൊരാന്തലോടെ വിളിച്ചു.
" അതേടാ..... അന്ന് രാത്രി ഞാനവൾടെ വീട്ടിൽ പോയിരുന്നു. കുടിച്ചത് കുറച്ച് ഓവറായപ്പോൾ എന്റെ മൂഡും മാറി.. ആ നിമിഷം ഞാൻ വൈദേഹിയേ മറന്നു. എനിക്കപ്പൊ സോജയേ വേണമെന്ന് തോന്നി. ഞാൻ രാത്രി തന്നെ ആ വീട്ടിൽ പോയി..... അവിടെ വച്ച് അവൾ...... എല്ലാ അർഥത്തിലും..... " " യൂ ബ്ലഡി.........!!!!!!! " അവനത് പൂർത്തിയാക്കും മുന്നേ നിയന്ത്രണം വിട്ട ജെറിയുടെ കയ്യവന്റെ കവിളിൽ പതിഞ്ഞിരുന്നു. അത്രമേൽ ദേഷ്യവും വെറുപ്പും അവനെ കീഴ്പ്പെടുത്തിയിരുന്നു അപ്പോൾ. " എന്നോട് ക്ഷമിക്കെടാ..... പറ്റിപ്പോയി..... " ഒരു കൊച്ചു കുട്ടിയെ പോലെ തന്നെ കെട്ടിപ്പിടിച്ച് തന്റെ വയറിൽ മുഖം പൂഴ്ത്തി കരയുന്നവനെ കണ്ട് വിഷമം തോന്നിയെങ്കിലും എന്തോ അവനെയൊന്ന് ചേർത്ത് പിടിക്കാൻ പോലും ജെറിക്കപ്പോൾ തോന്നിയില്ല. വല്ലാത്തൊരു പുച്ഛഭാവത്തിൽ അവനെയൊന്ന് നോക്കാൻ പോലും മെനക്കേടാതെ കല്ലുപോലെ നിൽക്കുകയായിരുന്നു അവനപ്പോൾ. " ഇതെന്നോടല്ലെടാ പറയേണ്ടത്..... അർഹതയൊട്ടുമില്ലെങ്കിൽ പോലും നീ മാപ്പ് പറയേണ്ടത് രണ്ട് പെണ്ണുങ്ങളോടാ.....
വെറുതേ പറഞ്ഞാൽ പോരാ..... കാല് പിടിച്ചുതന്നെ മാപ്പ് പറയണം. " " എനിക്ക്...... എനിക്കറിയാടാ..... ഒരു പെണ്ണിനോടും ചെയ്യാൻ പാടില്ലാത്ത തെറ്റാണ് ഞാൻ ചെയ്തത്.... പക്ഷേ..... പക്ഷേ പറ്റിപ്പോയി..... ഇപ്പോ അതെങ്ങനെ തിരുത്തുമെന്ന് പോലും എനിക്കറിയില്ല. എന്ത് പറഞ്ഞിട്ടാ , എങ്ങനാ ഞാനിതൊക്കെ വൈദേഹിയേ പറഞ്ഞ് മനസ്സിലാക്കിക്കുന്നത്....??? അവളെങ്ങനെ പ്രതികരിക്കും....??? ഒന്നും..... ഒന്നുമെനിക്കറിയില്ല ജെറീ... " അവൻ വീണ്ടുമൊരു കൊച്ചുകുട്ടിയേപ്പോലെ വിങ്ങിക്കരഞ്ഞു. " എന്നിട്ട് സോജയെവിടെ.....???? " പെട്ടന്ന് എന്തോ ഓർത്തത് പോലെ ജെറി ചോദിച്ചു. " എനിക്കറിയില്ലെടാ..... ഞാനവളെ വിളിച്ചു. പക്ഷേ ഫോണെടുക്കുന്നില്ല. കോളേജിൽ ചെന്ന് അവൾടെ ഫ്രണ്ട്സിനോട് അന്വേഷിച്ചപ്പോ അവൾ നാട്ടിലേക്ക് പോയിന്ന് പറഞ്ഞു. " " ച്ചേ ഇനിയിപ്പോ എന്ത് ചെയ്യും.....???" " അറിയില്ലെടാ..... എനിക്കൊന്നും അറിയില്ല. പക്ഷേ എനിക്കവളെ വേണം..... " അവനൊരു കൊച്ചു കുട്ടിയേപ്പോലെ പറഞ്ഞു. അത് കണ്ട് നിൽക്കുമ്പോൾ ജെറിക്കും അവനോട് വല്ലാത്ത അലിവ് തോന്നി.
" പക്ഷേ..... പക്ഷേ..... നിന്റെ ഇതേ ഫീൽ അവൾക്ക് നിന്നോടില്ലെങ്കിലോ....???? " പെട്ടന്നായിരുന്നു ജെറിയുടെ ചോദ്യം. " വാട്ട്......???? " പൊടുന്നനെ ചാടിയെണീറ്റ ദേവ് പിടഞ്ഞുപോയിരുന്നു. " അതേടാ..... നീയവളെ സ്നേഹിക്കുന്നു. പക്ഷേ അതേ സ്നേഹം അവൾക്ക് നിന്നോടില്ലെങ്കിൽ നീയെന്ത് ചെയ്യും.....??? " " അങ്ങനെ..... അങ്ങനൊരിക്കലും വരില്ലെടാ..... അവൾക്ക്..... അവൾക്കെന്നെ ഇഷ്ടമാണ്. അവളെന്നെ സ്നേഹിക്കുന്നുണ്ട്. അത്..... അതന്നാ കണ്ണുകളിൽ നിന്ന് ഞാൻ തിരിച്ചറിഞ്ഞതാ....." പിടഞ്ഞുകൊണ്ടിരിക്കുകയായിരുന്ന നെഞ്ചിനെ അമർത്തി തടവി സാന്ത്വനിപ്പിച്ചു കൊണ്ട് ദേവ് പുലമ്പി. " അങ്ങനെയവൾ നിന്നെ സ്നേഹിക്കുന്നുണ്ടായിരുന്നെങ്കിൽ എല്ലാ അർഥത്തിലും നിന്റേത് മാത്രം ആയിക്കഴിഞ്ഞിട്ടും ഇപ്പോൾ ഇങ്ങനെയൊരു പോക്ക് എന്തിന് വേണ്ടിയാണ്......?????
ഇത്രയൊക്കെ ആയ സ്ഥിതിക്ക് നിന്നോട് ചേർന്ന് നിൽക്കാനല്ലേ അവൾ ശ്രമിക്കുക.....???? സാധാരണ ഏതൊരു പെണ്ണാണെങ്കിലും ചെയ്യുന്നത് അങ്ങനെയായിരിക്കില്ലേ.....???? " ജെറി വീണ്ടും ചോദിച്ചു. അതിനൊരു മറുപടി പറയാൻ ദേവിനും അറിയുമായിരുന്നില്ല. അവൻ നിസ്സഹായനായി അങ്ങനെയിരുന്നു. " ഞാനിറങ്ങുന്നു. " " എടാ..... " " -------------------" " നീ..... നീയവളെക്കുറിച്ച് ഒന്ന് തിരക്കുവോ....??? എനിക്ക് തോന്നുന്നത് അവളുടെ ഫ്രണ്ട്സ് മനഃപൂർവം അവളെ എന്നിൽ നിന്ന് മറച്ചുവയ്ക്കുകയാണെന്നാ..... അതുകൊണ്ട്..... നീയൊന്ന് തിരക്കുവോ....???? " ദയനീയമായുള്ള അവന്റെ ചോദ്യം കേട്ട് ജെറിക്ക് അലിവ് തോന്നി. അല്പനേരത്തെ ആലോചനയ്ക്ക് ശേഷം അവൻ പതിയെ തല കുലുക്കി. " മ്മ്ഹ്..... ഞാൻ നോക്കാം. പക്ഷേ..... അവൾ മനഃപൂർവം മറഞ്ഞു നിൽക്കുകയാണെങ്കിൽ ആര് അന്വേഷിച്ചിട്ടും ഒരു കാര്യവുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. " " എടാ..... " " നീ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല.... നീ കൂടുതൽ പ്രതീക്ഷ വയ്ക്കാതിരിക്കാൻ പറഞ്ഞുന്ന് മാത്രം. ഞാൻ പോട്ടെ..... "
അവൻ പുറത്തേക്കിറങ്ങി നടന്നു. മനസ് പിടിവിട്ട് പോകുമെന്ന് തോന്നിയ ദേവ് വീണ്ടും കസേരയിലേക്കിരുന്നു. " ജെറി പറഞ്ഞത് പോലെയായിരിക്കുമോ....??? സോജ..... സോജയെന്നെ വെറുത്തിട്ടുണ്ടാകുമോ....??? അതുകൊണ്ട് അവൾ മനഃപൂർവം എന്നിൽ നിന്നും മറഞ്ഞ് നിൽക്കുകയായിരിക്കുമോ.....?? " അങ്ങനെയൊരു ചിന്ത തലച്ചോറിലേക്ക് വന്നതും ദേവിന് എന്തൊക്കെയോ നഷ്ടമാകും പോലെ തോന്നി. " ഇല്ല..... അവൾക്കൊരിക്കലും അവളുടെ ദേവിനെ വെറുക്കാൻ കഴിയില്ല..... അവളെന്നെ സ്നേഹിക്കുന്നുണ്ട്. അത്...... ആ രാത്രി അവളുടെ മിഴികളിൽ ഞാൻ കണ്ടതാണ്. ആ നിമിഷങ്ങളിലൊക്കെയും അവളുടെ പ്രണയമൊളിപ്പിക്കാൻ പെടാപ്പാട് പെടുകയായിരുന്നില്ലേ അവൾ...... പക്ഷേ..... പക്ഷേ ജെറി പറഞ്ഞതും.... അതും ശരിയാണ്..... അല്ലെങ്കിൽ എവിടാ അവൾ...???? " വെറുത്തോ സോജാ നീയെന്നേ.....??? " ആ പെണ്ണ് വീണ്ടും ഉള്ളിൽ നിറഞ്ഞതും അവൻ ഫോണെടുത്ത് വീണ്ടും ഒരിക്കൽ കൂടി അവളുടെ നമ്പറിലേക്ക് വിളിച്ചു.
പക്ഷേ അപ്പോഴും ആ നമ്പർ സ്വിച് ഡോഫ് തന്നെയായിരുന്നു. അതോടെ നിരാശയുടെ പടുകുഴിയിലേക്ക് വീണുപോയിരുന്ന അവൻ ഫോൺ എങ്ങോട്ടോ വലിച്ചെറിഞ്ഞുകളഞ്ഞു. ഇതേസമയം നിഷയും ഏതൊക്കെയോ കണക്കുകൂട്ടളുകളിൽ കൂടി കടന്നുപൊയ്ക്കോണ്ടിരിക്കുകയായിരുന്നു. " നിന്റെ ഏത് ആഗ്രഹത്തിനാ മാധു ഈ അമ്മ എതിര് നിന്നിട്ടുള്ളത്.....???? എന്നിട്ടും നിന്റെ ജീവിതത്തിലേ ഏറ്റവും പ്രധാനപ്പെട്ടൊരു തീരുമാനം നീയെടുത്തിട്ടും ഇതുവരെ അതൊന്നമ്മേ അറിയിക്കാൻ എന്റെ മോന് തോന്നിയില്ലല്ലോ..... " ചിന്തകൾ കാടുകയറിയപ്പോൾ അവരുടെ മിഴികളിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ കവിളിലേക്കൊഴുകിയിറങ്ങി. " പക്ഷേ നിന്നെ എന്നോളം മനസ്സിലാക്കിയിട്ടുള്ള മറ്റൊരാൾ വേറെയില്ലല്ലോ മാധു..... നിന്റെ ഇഷ്ടങ്ങളൊക്കെയും നീ പറയാതെ തന്നെ നിന്റെ കൈക്കുമ്പിളിലേക്ക് വച്ച് തന്നിട്ടുള്ളവളല്ലേ ഈ അമ്മ..... ഈ കാര്യത്തിലും ആ പതിവ് തെറ്റിക്കണ്ട.....''
നിഷ പതിയെ ഒന്ന് പുഞ്ചിരിച്ചു. പിന്നെ അരികിലിരുന്ന ഫോണെടുത്ത് ആരെയോ വിളിച്ചു. " ആ ശങ്കരേട്ടാ.... നമുക്ക് ഒരിടം വരെ പോണം.... " " ................. " " നമ്മുടെ മാധുന്റെ ഒരു കാര്യത്തിനാ..... അവനെ ഇനിയിങ്ങനെ വിട്ടാൽ പോരല്ലോ..... നാള് കുറേ ആയില്ലേ സിനിമ , കരിയർ എന്നൊക്കെ പറഞ്ഞിട്ട് അവനിങ്ങനെ ഒഴിഞ്ഞുമാറി നടക്കുന്നത്. ഇനി പക്ഷേ ഇതങ്ങനെ വിട്ടാൽ പറ്റില്ല. നമുക്കവനെയൊന്ന് പിടിച്ചു കെട്ടണം." " ------------------ " " അതൊക്കെ നേരിട്ട് പറയാം..... ചേട്ടനൊന്നിവിടെ വരെ വായോ..... " " ................ " " ആഹ് ശെരി ചേട്ടാ..... " പറഞ്ഞിട്ട് ഫോൺ വയ്ക്കുമ്പോൾ നിഷയുടെ ഹൃദയത്തിലെവിടെയോ ഒരു നാദസ്വരമേളം മുഴങ്ങിത്തുടങ്ങിയിരുന്നു.... തുടരും...🥂
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.