ആരാധികേ: ഭാഗം 16

രചന: അഭിരാമി ആമി
അത്താഴമൊക്കെ കഴിഞ്ഞ് സോജ തന്റെ റൂമിലേക്ക് പോയതിന് ശേഷമായിരുന്നു പദ്മയുടെ ഫോൺ റിങ് ചെയ്തത്. അപ്പോൾ സമയം പത്ത് കഴിഞ്ഞിരുന്നു. " ആരാ പദ്മ ഇന്ത നേരത്തില്.....??? " " തെരിയാത്ങ്കേ..... ഏതോ ഒരു പുതു നമ്പർ..... " ഫോൺ കയ്യിൽ വച്ച് ആ നമ്പർ ശ്രദ്ധിച്ചുകൊണ്ട് പദ്മ പറഞ്ഞു. " മ്മ്ഹ്..... എടുത്ത് യാരെന്ന് കേള്..... " " മ്മ്ഹ്..... ഹലോ..... " " ആഹ് ആന്റി ഞാൻ രേഷ്മയാ സോജയെവിടെ.....??? " മറുപുറത്ത് നിന്നും രേഷ്മയുടെ സ്വരം കേട്ടതും പദ്മയ്ക്ക് വല്ലാത്തൊരു ആശ്വാസം തോന്നി. " ആഹ് മോളായിരുന്നോ.... എന്താടാ ഈ നേരത്ത്....???? " " സോജയുടെ ഫോണിനെന്ത് പറ്റി...... ഇന്നലെ മുതൽ സ്വിച് ഓഫ് എന്നാണല്ലോ പറയുന്നേ..... അവളെന്തിയെ ഉറങ്ങിയോ.....???? " " ഇല്ല മോളെ..... അവള് റൂമിലുണ്ട്. ഉറങ്ങിക്കാണില്ല. ഞാൻ കൊടുക്കാം. " പറഞ്ഞിട്ട് പദ്മ എണീറ്റ് മുകളിലേക്ക് പോയി.
" ഫോണിനെന്തേലും കുഴപ്പമുണ്ടെന്ന് അവളിവിടെ പറഞ്ഞില്ല മോളെ.... ചിലപ്പോൾ ചാർജ് തീർന്ന് ഓഫായി പോയതായിരിക്കും. " നടക്കുന്നതിനിടയിൽ തന്നെ പദ്മ പറഞ്ഞു. പക്ഷേ രേഷ്മ അതിന് മറുപടിയൊന്നും പറയാതെ ഒന്ന് മൂളുക മാത്രം ചെയ്തു. " ജാനി..... മോളെ..... വാതില് തുറന്നെ... ഉന്നെ ദാ രേഷ്മ കൂപ്പിട്റാങ്കേ..... " പദ്മ ഫോൺ കയ്യിൽ പിടിച്ചു കൊണ്ട് പദ്മ വാതിലിൽ തട്ടി സോജയേ വിളിക്കുന്നത് ഫോണിൽ കൂടി രേഷ്മ കേട്ടു. " എന്താടീ.....??? " അവൾ മിണ്ടാതെ ഇരിക്കുന്നത് കണ്ട് അരികിൽ ഇരിക്കുകയായിരുന്ന ആർദ്ര ആകാംഷയോടെ ചോദിച്ചു. " ഒന്നടങ്ങിയിരിക്ക് ആദി..... അവൾ ഫോണെടുത്തില്ല..... " സ്പീക്കർ കൈ കൊണ്ട് പൊത്തിപ്പിടിച്ച് അവൾ പറഞ്ഞു. " എനമ്മാ.... നീങ്ക തൂങ്ക വിടമാട്ടെ....??? " ഉറക്കത്തിൽ നിന്ന് എണീറ്റ് വന്നത് പോലെ വാതിൽ തുറന്ന സോജ ചോദിച്ചു. " ഇത്ര പെട്ടന്ന് തൂങ്കിട്ടിയാ....??? ഉനക്ക് താ ഫോൺ.... " " യാരമ്മ....??? " " രേഷ്മ..... ഉങ്ക ഫ്രണ്ട്..... " പറഞ്ഞിട്ട് ഫോൺ അവൾക്ക് കൊടുത്തിട്ട് പദ്മ താഴോട്ട് പോയി. ഫോൺ കയ്യിൽ വാങ്ങിയിട്ടും അത് ചെവിയിൽ വയ്ക്കണോ , സംസാരിക്കണോ എന്നറിയാത്തൊരു സംശയത്തിൽ അവൾ കുറച്ചുസമയം ആ ഫോണിലേക്ക് തന്നെ നോക്കി.
" ഹലോ.... " പെട്ടന്നായിരുന്നു മറുതലയ്ക്കൽ നിന്നും രേഷ്മയുടെ സ്വരം കേട്ടത്. പൊടുന്നനെ അവളുടെ ശബ്ദം കേട്ടതും സോജയ്ക്ക് തൊണ്ടയിലേതോ നൊമ്പരം തടഞ്ഞു നിൽക്കും പോലെ തോന്നി. " രേഷു..... " ഇരമ്പി വന്നൊരു പെരുമഴ പെയ്ത്തു പോലെ അവൾ വിളിച്ചു. " എന്താടാ ഇതൊക്കെ....??? നീയെന്താ ഫോൺ ഓഫ് ചെയ്തു വച്ചേക്കുന്നെ.... ഇന്നലെ മുതൽ വിളിക്കുവാ.... പേടിപ്പിച്ച് കളഞ്ഞല്ലോ മോളെ നീ..... " രേഷ്മ പറഞ്ഞത് മുഴുവൻ കേട്ട് സോജ വീണ്ടും വിതുമ്പി. " നീ കരയാണോ മോളെ.....??. " " മ്മ്ഹ്ഹൂം..... ഞാൻ..... ഞാൻ വെറുതേ..... ഇങ്ങനെ...... " " നീയിതുവരെ അതൊന്നും വിട്ടില്ലേ സോജാ..... അത് നിന്റെ ജീവിതത്തിലെ ഒരു ചീത്ത സ്വപ്നമായി കരുതിയാൽ മതിന്ന് ഞാൻ പറഞ്ഞില്ലേ .... " പറയുമ്പോൾ രേഷ്മയുടെ മിഴികളും നിറഞ്ഞിരുന്നു. " ഇങ്ങ് താ ഇരുന്നു മോങ്ങാതെ.... " ഫോൺ പിടിച്ച് വാങ്ങുമ്പോൾ ഒരു ശാസന പോലെ ആർദ്ര പതിയെ അവളെയൊന്ന് കൊട്ടി. എന്നിട്ട് അരുതെന്ന അർഥത്തിൽ തല കുലുക്കി. " സോജാ..... " " ആദി....." " നിന്റെ ഫോണെവിടെ സോജാ....??? "
" ഇവിടുണ്ടെടി.... ഞാൻ അന്നത്തെ പിന്നെ അത് കൈയിൽ എടുത്തിട്ടില്ല. എനിക്ക്..... എനിക്കൊന്നും അറിയണ്ടായിരുന്നു. ഫോണെടുത്താൽ..... ദേവ്..... ദേവിന്റെ മുഖമൊന്ന് കണ്ടാൽ ചിലപ്പോൾ നിയന്ത്രണം വിട്ട് ഞാൻ വിളിച്ചു പോകും. അതുമല്ലെങ്കിൽ വീണ്ടും ഓടി ചെന്ന് പോകും. " അവൾ അമർത്തിപ്പിടിച്ച് കരഞ്ഞു. " വേണ്ടടാ.... ഇനിയും വെറുമൊരു കോമാളിയാവാൻ നീ പോകണ്ട. അവരൊക്കെ വലിയ ആളുകളാ.... സ്നേഹം പോലും അവർ പണത്തിന്റെയും പ്രശസ്തിയുടെയും തൂക്കം കൊണ്ടാ അളക്കുന്നത്. അവിടെ നിന്റെ സ്നേഹം തോറ്റുപോകും.... വെറുതെ തിരസ്കരിക്കപ്പെടാനായി അവരുടെ ഇടയിലേക്ക് നീയിനി പോവണ്ടാ..... അവര് തന്നെയാ ചേരുക. എന്റെ പട്ടത്തിക്കൊച്ചിനുള്ളവൻ അയാളൊന്നുമല്ല. നിന്നെ കിട്ടാനുള്ള യോഗം അയാൾക്കില്ലെടി. എന്റെ കൊച്ചിന് ചേർന്ന നല്ലൊരാൾ വരും.... " " പ്..... പക്ഷേ..... ഞാൻ സ്നേഹിച്ചു പോയില്ലെടീ.... എനിക്ക്..... എനിക്ക് മറന്ന് കളയാൻ പറ്റണില്ല..... നെഞ്ച് പൊട്ടി തകരുവാ..... ഇപ്പോ ഓർക്കുവാ അവിടുന്ന് ഇങ്ങോട്ട് വരണ്ടാരുന്നുന്ന്. എനിക്ക്..... എനിക്ക് ദൂരെ നിന്നേലും ഒന്ന് കാണാരുന്നല്ലോ.... എന്റെയല്ലേലും , എനിക്ക് തൊടാൻ പറ്റിയില്ലേലും എന്റെയാണെന്ന് കരുതി അടുത്തുണ്ടെന്ന് കരുതി എനിക്കങ്ങനെ ജീവിക്കാരുന്നല്ലോ...... "
'' നീയെന്ത് ഭ്രാന്താ ഈ പറയുന്നേ സോജേ..... ഇത് നിന്റെ അമ്മ വീടൊന്നും അല്ല. നിനക്ക് കാമുകനേം സ്വപ്നം കണ്ടിങ്ങനെ ജീവിക്കാൻ. നമ്മൾ സ്റ്റുഡന്റ്സാണ്. ക്ലാസ്സ് കഴിഞ്ഞാൽ പിറ്റേന്ന് തന്നെ ഈ വീടും നമ്മളൊഴിഞ്ഞുകൊടുക്കണം. പിന്നെ നമ്മളിപ്പോ ഫൈനലിയേഴ്‌സ് ആണെന്നും എന്റെ മോൾക്ക് ഓർമ്മയുണ്ടല്ലോ. കുറച്ച് മാസങ്ങൾ കൂടി കഴിഞ്ഞാൽ നമ്മളെല്ലാം ഇവിടം വിടണം. നീ കുറച്ചുകൂടി മുന്നേ അത് ചെയ്തു എന്ന് മാത്രം. അതുകൊണ്ട് നിന്നെ വേണ്ടാത്തവനെ ഓർത്തിരുന്ന് കണ്ണീര് പൊഴിക്കാതെ സ്വപ്നലോകത്തുന്നിറങ്ങി പോയിരുന്ന് പഠിക്കാൻ നോക്ക്. ക്ലാസ്സിൽ പോയില്ലേലും എക്സാം എഴുതണം. നോട്സ് ഒക്കെ ഞാൻ അയച്ചേക്കാം.... " " പറ്റുന്നില്ലെടീ..... മറക്കാൻ ശ്രമിക്കും തോറും ഹൃദയത്തിൽ കൂടുതൽ കൂടുതൽ ആഴ്ന്നിറങ്ങിക്കോണ്ടിരിക്കുവാ..... ആ മുഖം.... ആ ശബ്ദം ഒന്നും..... ഒന്നുമെന്നെ വിട്ട് ഒരിക്കലും പോവില്ലെടി. എന്റെ ശ്വാസം നിലയ്ക്കും വരെ ദേവ് മാധവ് എന്നിൽ ജീവിക്കും. ആ സ്ഥാനത്ത് മറ്റൊരാൾ..... " " സോജാ നിർത്തുന്നുണ്ടോ നിന്റെയീ ഭ്രാന്ത്..... "
ദേഷ്യവും സങ്കടവും എല്ലാം കൂടി കുഴഞ്ഞ് വല്ലാത്തൊരു അവസ്ഥയിൽ എത്തിയിരുന്നു അർദ്രയപ്പോൾ അതുകൊണ്ട് തന്നെ അവളുടെ സ്വരം വല്ലാതെ ഉയർന്നിരുന്നു. " പോട്ടെടീ അവൾ സ്നേഹിച്ചതല്ലേ.... " അവരിരുവരെയും മനസ്സിലകുമായിരുന്നിട്ടും രേഷ്മ ആദിയുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു. അത് സോജയും കേൾക്കുന്നുണ്ടായിരുന്നു. " എന്ന് വച്ച്.....???? സ്നേഹിച്ചുപോലും..... സ്നേഹിച്ചത് ഇവള് മാത്രല്ലേ..... അയാൾക്ക് അതിന്റെ ഒരംശം സ്നേഹം ഇവളോടുണ്ടായിരുന്നോ. എങ്കിൽ ഒരു പെണ്ണിനെക്കൊണ്ട് ഇങ്ങനൊരു വേഷം കെട്ടിക്കുമൊ....??? എന്നിട്ടൊടുവിൽ...... " പറഞ്ഞുവന്നത് മുഴുവനാക്കാതെ അവൾ ദേഷ്യം കടിച്ചമർത്തി. അപ്പോഴും മറുതലയ്ക്കൽ വിങ്ങിപ്പൊട്ടുവായിരുന്നു സോജ. " എടാ കരയിക്കാൻ പറഞ്ഞതല്ല..... നിന്നെ ഇങ്ങനെ കാണാൻ വയ്യാഞ്ഞിട്ടാ ഞാൻ...... " കുറച്ചുസമയം കഴിഞ്ഞപ്പോൾ അവൾ വീണ്ടും പറഞ്ഞു. " എനിക്കറിയാടാ..... പക്ഷേ......... " അത്രയും പറഞ്ഞിട്ട് ഒന്നലറിക്കരഞ്ഞില്ലെങ്കിൽ ഇനി ചങ്ക് പൊട്ടിപ്പോകുമെന്ന് തോന്നിയ സോജ ഫോൺ കട്ട് ചെയ്തു.
" ഹലോ..... ഹലോ..... " " വച്ചോ..... " " മ്മ്ഹ്....... " രേഷ്മയുടെ ചോദ്യത്തിന് അവൾ പതിയെ ഒന്ന് മൂളി. " എടീ..... നീയെന്താ അയാള് കോളേജിൽ വന്ന കാര്യം പറയാഞ്ഞത്.....??? " " എന്നിട്ടെന്തിനാ.....??? ഇപ്പോ തന്നെ അവളവിടെ പിടിച്ചുനിൽക്കുന്നതെങ്ങനെയെന്ന് ഓർത്തിട്ട് എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല. അപ്പഴാ ഇനി കോളേജിൽ വന്ന കാര്യം കൂടി...... ഇനി അതൂടെ കേട്ടിട്ട് വേണം അവള് ഇങ്ങോട്ട് ചാടിപ്പോരാൻ.... " ആർദ്ര ദേഷ്യപ്പെട്ടു. ഫോൺ കട്ട് ചെയ്തതും ഒരു കുത്തൊഴുക്ക് പോലെ കിടക്കയിലേക്ക് കിടന്ന് നെഞ്ചുരുകി കരയുകയായിരുന്നു സോജ. ഇതേസമയം താഴെ..... " നീയെന്ന എതുവും മിണ്ടാതെ.....??? " " ഉനക്ക് ഇപ്പോഴും ഏതും തോന്നുന്നില്ലേ....??? " " എന്ന പദ്മ....??? " " ജാനിക്ക് എന്തോ കവലയിറുക്കെന്ന് നാ ചൊല്ലിയില്ലേ.....
നീങ്ക മൈൻഡ് കൂടെ സെയ്യാത്...... പക്ഷേ അത് നിജം താ..... അല്ലെങ്കിൽ ഏത് നേരോം ഫോണിൽ കുത്തുന്ന പെണ്ണാ..... ആ അവള് ഫോൺ ഓഫ് ചെയ്തു വച്ചേക്കുന്നു. ക്ലാസ്സിൽ പോകാതെ ഇവിടിങ്ങനെ ഇരിക്കുന്നതെന്തിനാ എന്ന് പോലും എനിക്കറിയില്ല. " " നീ കവലപ്പെടാതമ്മാ..... അവളുക്ക് ഏതും ഇല്ലൈ..... " " എപ്പടി കവലയില്ലാമ ഇറുക്ക മുടിയും എനക്ക്..... അവളൊരു പ്രായം തികഞ്ഞ പൊണ്ണ് താനെ.....??? അവള്ക്ക് എന്നതെന്ന് അറിയില്ലെനിക്ക്.... " പദ്മ വീണ്ടും ആകുലപ്പെട്ടു. അവരെ സമാധാനിപ്പിക്കാൻ എല്ലാം നിസാരമായ് കാണും പോലെ ഭാവിച്ചെങ്കിലും വെങ്കിയുടെ ഉള്ളിലും നേർത്ത ഭയം കൂടുകൂട്ടിയിരുന്നു..... തുടരും...🥂
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.