ആരാധികേ: ഭാഗം 19 New

രചന: അഭിരാമി ആമി
ഒരു നിമിഷം അപ്പാവുടെയും അമ്മാവുടെയും ചിരിക്കുന്ന മുഖം മനസ്സിലേക്കോടിയെത്തി. കൈത്തണ്ടയിൽ വച്ച ബ്ലേഡിന്റെ മൂർച്ചയറിയുന്നത് അവിടെയല്ല ഹൃദയപാളികളിലാണെന്ന് തോന്നിപ്പോയി. അത്രമേൽ നീറുന്നു. വല്ലാത്തൊരു നൊമ്പരം ഹൃദയത്തിൽ നിന്നും തലച്ചോറിലേക്ക് കുതിച്ചുകയറുന്നു. നേരം പുലരുമ്പോൾ ചേതനയറ്റ മകളുടെ ശരീരം കണ്ട് പൊട്ടിക്കരയുന്ന ആ അപ്പാവുടെയും അമ്മാവുടെയും നനഞ്ഞ മുഖം നെഞ്ച് പിളർക്കുന്നു. അപ്പാവുടെ നെഞ്ചിന്റെ പിടച്ചിൽ ഹൃദയത്തിലൊരു ഭാരം സൃഷ്ടിക്കുന്നു.... അമ്മാവുടെ നിലവിളികൾ കാതിലേക്കൊരു പെരമഴ പെയ്ത്ത് പോലെ ഇരമ്പിക്കയറുന്നു. വയ്യ അവരെ വിട്ട് പോകാൻ വയ്യ.... അവരെ കരയിക്കാൻ വയ്യ..... സോറി അപ്പാ...... കയ്യിലിരുന്ന ബ്ലേഡ് തറയിലേക്ക് വലിച്ചെറിഞ്ഞു. കിടക്കയിലേക്ക് തന്നെ കമിഴ്ന്നുവീണു. പക്ഷേ അപ്പോഴും മനസ്സിലെ ആ ചോദ്യത്തിന് മാത്രം ഉത്തരം കിട്ടുന്നുണ്ടായിരുന്നില്ല. ദേവ് ഇല്ലാതെങ്ങനെ....??? അവനല്ലാതെ മറ്റൊരാൾക്കൊപ്പം ഒരു ജന്മം മുഴുവൻ....
ഓർക്കാൻ പോലും കഴിയാതെ തൊണ്ടക്കുഴിയിലൊരു നൊമ്പരം തടഞ്ഞിരുന്ന് വിങ്ങി. പക്ഷേ എന്തൊക്കെ സംഭവിച്ചാലും , എന്തൊക്കെ നഷ്ടപ്പെട്ടാലും അപ്പാവേം അമ്മാവേം നഷ്ടപ്പെടുത്താൻ വയ്യ. അവരെ വിട്ട് പോകാനും വയ്യ. വരുന്നത് വരട്ടെന്ന് ചിന്തിച്ചുകൊണ്ട് കിടക്കയിൽ മലർന്ന് കിടന്നു. മുകളിൽ കറങ്ങിക്കോണ്ടിരുന്ന ഫാനിലേക്ക് നോക്കിക്കിടന്ന് കണ്ണുകൾ മെല്ലെ അടച്ചു. പുലർച്ചെ നേരത്തെ എണീറ്റ് ബാത്‌റൂമിലേക്ക് നടക്കുമ്പോൾ രാത്രി ഉറങ്ങിയിരുന്നോ എന്ന് തന്നെ സംശയമായിരുന്നു. കണ്ണിനൊക്കെ വല്ലാത്തൊരു വരൾച്ചയും പുളിപ്പും പോലെ.... ബക്കറ്റിൽ നിറച്ചുവച്ചിരുന്ന തണുപ്പേറിയ വെള്ളം ശിരസിലൂടെ വീണിട്ടും ഒട്ടും തന്നെ തണുപ്പ് തോന്നിയില്ല. ആത്മാവും ശരീരവും ഒരുപോലെ ചുട്ടുപൊള്ളിക്കൊണ്ടിരിക്കുമ്പോൾ എങ്ങനെ തണുപ്പ് തോന്നുമെന്ന് അവൾ വെറുതേയോർത്തു.
കുളിയൊക്കെ കഴിഞ്ഞിറങ്ങിയപ്പോഴേക്കും ഒച്ച വല്ലതും കേട്ടിട്ടാകും അമ്മ മുകളിലേക്ക് വന്നിരുന്നു. " ഇത്ര വെളുപ്പിനെ എത്ക്കമ്മാ കുളിച്ചേ......??? " രാസ്‌നാദി തപ്പുന്നതിനിടയിലായിരുന്നു ആ പരിഭവം. മറുപടി ഒരു പുഞ്ചിരിയിലൊതുക്കി. അലമാരയിൽ ഡ്രസ്സ് തിരയുന്നതിനിടയിൽ അമ്മാ നെറുകയിൽ രാസ്‌നാദിയിട്ട് നന്നായി തടവി. " അന്ത റെഡ് പുടവ ഉടുക്ക് ജാനി..... അതുനക്ക് റൊമ്പ അഴഹാർക്ക്..... " നേർത്ത ഒരു പുഞ്ചിരിയോടെ ആ സാരി തന്നെ എടുത്തു. അമ്മ പോയശേഷം ഭംഗിയായി ഞൊറിഞ്ഞുടുത്തു. നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ട് വച്ച് മുടിയൊന്ന് കോമ്പ് ചെയ്ത് പുറത്തേക്കിറങ്ങി. ക്ഷേത്രനടയിൽ ചെന്ന് നിക്കുമ്പോഴും മനസ് ശൂന്യം തന്നെയായിരുന്നു. പ്രാർത്ഥിക്കാനോ പരാതിപ്പെടാനോ ഒന്നും തന്നെയുണ്ടായിരുന്നില്ല. കണ്ണുകൾ മാത്രം ധാര ധാരയായി ഒഴുകിക്കൊണ്ടേയിരുന്നു. തിരികെ വീട്ടിൽ വരുംമ്പോഴേക്കും സമയമൊന്നും ആയിരുന്നില്ലെങ്കിലും അമ്മ വരുന്നവർക്ക് ചായ കൊടുക്കാൻ വേണ്ടതൊക്കെ റെഡിയാക്കി വച്ചിരുന്നു.
എന്തോ അതൊന്നും ശ്രദ്ധിക്കാൻ പോലും തോന്നുന്നുണ്ടായിരുന്നില്ല. വെറുതേയൊന്ന് പാളി നോക്കി അകത്തേക്ക് പോന്നു. മുറിയിൽ വന്ന് വെറും നിലത്തേക്ക് പടഞ്ഞിരുന്നു. മിഴികൾ വീണ്ടും പെയ്തുതുടങ്ങി. " ജാനീ..... മോളെ...... " വാതിലിൽ തട്ടി അമ്മ വിളിച്ചപ്പോഴായിരുന്നു ഇരുന്നിടത്ത് നിന്നും എണീറ്റത്. ഒരു പാവയെപ്പോലെ ചെന്ന് വാതിൽ തുറന്നു. " ഉറങ്ങുവാരുന്നോ മോളെ..... മുഖമൊക്കെ ഒന്നൊതുക്കി വേഗം വാ അവരൊക്കെ എത്തി..... എന്റെ പൊന്നുമോൾടെ ഭാഗ്യാ ഈ ബന്ധം..... നല്ല സുന്ദരനാ പയ്യൻ. ആരും കൊതിച്ചുപോകും അവനെപ്പോലൊരാളെ..... ആ വർത്താനമൊക്കെ പിന്നെ പറയാം.... എന്റെ മോള് വേഗം വാ.... ചായ കൊടുക്കണം. " മുടിയിലൂടെ വിരലോടിച്ച് സന്തോഷത്തിൽ പറഞ്ഞ ആ പാവത്തിന്റെ മുഖത്ത് നോക്കി ചിരി വന്നില്ലെങ്കിലും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അത്രമേൽ ആ മുഖത്തും വാക്കുകളിലും സന്തോഷം നിറഞ്ഞു നിന്നിരുന്നു. പക്ഷേ ഉള്ളിലൊരു കടലിരമ്പുന്നുണ്ടായിരുന്നു അപ്പോഴും.
നെഞ്ച് പിടച്ച് പിടച്ച് പൊട്ടിത്തെറിച്ച് പോകുമോ എന്ന് പോലും തോന്നിപ്പോയി. ഒന്നലറിക്കരയാൻ വല്ലാത്ത കൊതി തോന്നുന്നുണ്ടായിരുന്നു. പക്ഷേ എന്തോ കണ്ണുകൾ നിറഞ്ഞതേയില്ല. ശരീരം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. വീണുപോകാതിരിക്കാൻ കട്ടിളപടിയിൽ മുറുകെ പിടിച്ചു നിന്ന് പതിയെ പുഞ്ചിരിച്ചു. " വാ മോളെ..... " അമ്മ വീണ്ടും വിളിച്ചു. ഒരു യന്ത്രം പോലെ പിന്നാലെ ചെന്നു. അടുക്കളയിൽ എല്ലാം റെഡിയായിരുന്നു. കപ്പുകളിൽ ചായയും പ്ളേറ്റുകളിൽ സ്നാക്സും എല്ലാം അമ്മ എടുത്തുവച്ചിരുന്നു. " ഇതാ പയ്യൻ...... പേര് പറഞ്ഞ് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ....." ഉമ്മറത്തു നിന്നും ആരുടെയൊക്കെയോ ചിരി കേട്ടു. ഒപ്പം അപ്പാവുടെയും. " ഇത് അമ്മ..... ഇത് അമ്മാവൻ..... അച്ഛൻ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. പിന്നെ ഇത് പയ്യന്റെ സുഹൃത്താ..... പുള്ളിക്കാരനും ഈ ഫീൽഡിൽ തന്നെയാ വർക്ക് ചെയ്യുന്നേ....." " ആഹ് ഇവിടെയും അധികം ആളുകളൊന്നും ഇല്ല ഞാനും വൈഫും മോളും മാത്രേ ഉള്ളു. " ഇരുകൂട്ടരും പരസ്പരം പരിചയപ്പെടുകയാണെന്ന് മനസിലാക്കുന്നതായിരുന്നു ആ വാക്കുകൾ.
" ദാ മോളെ ചായ എടുക്ക്..... " അമ്മ തോണ്ടി വിളിച്ചു. വിറയാർന്ന കൈകൾ കൊണ്ട് ട്രേയെടുക്കുമ്പോൾ ശരീരവും മനസും ഒരുപോലെ ആടിയുലയുകയായിരുന്നു. കാലുകൾ തളരുന്നു. കണ്ണിൽ ഇരുൾ പരക്കുന്നു. നെഞ്ചിലേതോ പറഞ്ഞറിയിക്കാൻ കഴിയാത്ത വെപ്രാളം. ഉമ്മറത്തേക്ക് നടക്കുമ്പോൾ കാലുകളിൽ ജീവനില്ലേ എന്ന് പോലും തോന്നുന്നുണ്ടായിരുന്നു. അവയിലും വല്ലാത്തൊരു മരവിപ്പ് ബാധിച്ചിരുന്നത് പോലെ. എങ്ങോട്ടെങ്കിലും ഇറങ്ങിയോടാൻ മനസ് വെമ്പൽ കൊള്ളുന്നുണ്ട്. പക്ഷേ..... പക്ഷേ കഴിയുന്നില്ല. " ഇതാ എന്റെ ജാനി മോള്..... " ഉമ്മറത്ത് ആളുകൾക്കിടയിലേക്കിറങ്ങി ചായ ടീപ്പോയിലേക്ക് വയ്ക്കുന്നതിനിടയിൽ അപ്പാവുടെ ആ വാക്കുകൾ എന്തോ വല്ലാത്തൊരു അരോചകമായി തോന്നി. " എടാ..... നോക്യേ...... " പെട്ടന്ന് പരിചിതമായ ഒരു പുരുഷസ്വരം കാതിലേക്ക് വീണു.
അതെന്തോ കണ്ട് ഭയന്നത് പോലെ ചിലമ്പിച്ചിരുന്നു. എന്നിട്ടും ഒന്ന് നിവർന്ന് നോക്കാൻ പോലും ശ്രമിച്ചില്ല. കാരണം അറിയേണ്ടായിരുന്നു...... ദേവ് അല്ലാത്ത മറ്റൊരാളെ കാണേണ്ടായിരുന്നു. തളർന്നു കുഴഞ്ഞ ഉടലിനെ വീണുപോകാതെ പിടിച്ചുനിർത്തുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. " സോജാ.........!!!!!!!!!!!!!! " പെട്ടന്നായിരുന്നു ആ വിളി. അത്രമേൽ പരിചിതമായ വിളി..... അത്രമേൽ ആർദ്രമായിരുന്നത്...... അത്രമേൽ നോവലിഞ്ഞത്...... ഇത്..... ഇതാ സ്വരമല്ലേ......??? ഹൃദയം ആർത്തുവിളിച്ചു. പക്ഷേ മുഖമുയർത്തി നോക്കാൻ ഭയം തോന്നി. ഒരുപക്ഷേ ഒരു ദിവാസ്വപ്നം പോലെ മാഞ്ഞുപോയാലോ..... പക്ഷേ നിവർന്നു നോക്കേണ്ടി വന്നില്ല. " സോജാ.... മോളെ......" വീണ്ടും ആ വിളി മുഴങ്ങി. അത്രമേൽ തകർന്ന സ്വരത്തിൽ. എന്തെങ്കിലുമൊന്ന് പ്രതികരിക്കും മുന്നേ ബലിഷ്ഠമായ രണ്ട് കൈകൾക്കുള്ളിലകപ്പെട്ട് പോയിരുന്നു.
അവ ഉടലിനെ വരിഞ്ഞു മുറുക്കുന്നു. ആ മാറിലേക്ക് ശരീരം കുഴഞ്ഞുവീണുപോയി. മുഖം ആ ഇടിക്കുന്ന ഹൃദയത്തിലേക്ക് ചേർന്ന് നിന്നു. അതിന്റെ താളം തെറ്റിയ മിടിപ്പുകൾ കാതിലേക്ക് തുളഞ്ഞുകയറി. അത്രമേൽ പ്രിയമേറിയ ആ ഉടലിന്റെ ഗന്ധം നാസിക തുളച്ചു. അതേസമയം തന്നെയായിരുന്നു കവിളിൽ എന്തോ ഒരു തണുപ്പറിഞ്ഞത്. ബദ്ധപ്പെട്ട് അതിലേക്ക് നോക്കി. " ദേവ്......!!!!!!! " ഇംഗ്ലീഷ് അക്ഷരങ്ങൾ ഭംഗിയിൽ അടുക്കി വച്ച ആ പേര് വായിച്ചതും തല കറങ്ങും പോലെ തോന്നി. " ദേവ്........!!!!!! " അധരങ്ങൾ വിറച്ചു. നീർഗോളങ്ങളായ മിഴികളുയർത്തി ആ മുഖത്തേക്ക് നോക്കി. " മാഞ്ഞുപോകുന്ന വെറുമൊരു സ്വപ്നമല്ല..... അവൻ...... പച്ചജീവനോടെ ഒരു ശ്വാസദൂരത്തിൽ അവൻ...... ദേവ് മാധവ്..... തന്റെ പ്രാണൻ..... ആ കരങ്ങൾക്കുള്ളിലാണ് താനിപ്പോ..... ആ നെഞ്ചോട് ചേർന്ന്..... അവന്റെ കണ്ണുകൾ കലങ്ങിയൊഴുകുന്നു. അവ തന്നിൽ തന്നെ ഉടക്കികിടക്കുകയായിരുന്നു. "
" ദേവ്..... " " എന്തിനാടി എന്നേ വിട്ട് പോയെ......???? " അവൻ കരയുകയായിരുന്നു.. അവളും. ഒരു മറുപടി നൽകാനില്ലാതെ ആ പെണ്ണിന്റെ അധരങ്ങൾ വിറച്ചു. മിഴികൾ പെയ്തുകൊണ്ടേയിരുന്നു. ആ നിമിഷത്തിൽ ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കുകയായിരുന്ന ചുറ്റുമുണ്ടായിരുന്ന മിഴികളേയൊന്നും അവരിരുവരും കണ്ടില്ല. അമ്പിളി മാമനെ കൈവെള്ളയിൽ കിട്ടിയ ഒരു കുഞ്ഞിന്റെ വെപ്രാളത്തോടെ വീണ്ടും വീണ്ടും അവനിൽ വിരലുകൾ മുറുക്കി സോജ. ഒരു അപ്പൂപ്പൻ താടി പോലെ പറന്നകലാതിരിക്കാനെന്ന പോലെ.... " ഇനിയും എന്നേ വിട്ട് പോകല്ലേ മോളെ...... എന്റെ...... എനിക്കിനിയും നീയില്ലാതെ വയ്യ സോജാ...... പോകല്ലേടീ...... " അവളെ വീണ്ടും ഹൃദയത്തിലേക്കമർത്തി ഒരു ഭ്രാന്തനെപ്പോലെ ദേവ് പുലമ്പി..... തുടരും...🥂
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.