ആരാധികേ: ഭാഗം 20 New

രചന: അഭിരാമി ആമി
" മാധു......എന്താ ഇതൊക്കെ....." അമ്പരപ്പ് നിറഞ്ഞ നിഷയുടെ വിളിയായിരുന്നു അവരിരുവരെയും ബോധമണ്ഡലത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അതോടെ അവരിരുവരും ഒന്ന് ഞെട്ടി ചുറ്റുപാടും നോക്കി. ചുറ്റും ഉണ്ടായിരുന്ന കണ്ണുകളിലെയൊക്കെ ഭാവമെന്തെന്ന് തിരയുകയായിരുന്നു സോജയപ്പോൾ. പൊടുന്നനെ ദേവ് അവളെ വിട്ടു. അപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നതൊക്കെ സത്യമോ മിഥ്യയോ എന്നറിയാതെ കുഴങ്ങി നിൽക്കുക തന്നെയായിരുന്നു സോജ. അവളുടെ നനഞ്ഞ മിഴികൾ അവനിൽ തന്നെ തറഞ്ഞു നിന്നു. ചുറ്റും നിന്നവരെയാരെയും അവൾ കണ്ടില്ല. ആരുടെയും സാന്നിധ്യം അവളറിഞ്ഞില്ല. അരികിലുണ്ടായിരുന്ന അച്ഛനമ്മമാരെ പോലും അവൾ പാടെ വിസ്മരിച്ചിരുന്നു ആ നിമിഷത്തിൽ. അവളുടെ കണ്ണിലും മനസിലും അപ്പോൾ അവൻ മാത്രമേ ഉണ്ടായിരുന്നുള്ളു.
ദേവ്..... നാളുകൾക്ക് ശേഷം അവനെ നോക്കി കാണുകയായിരുന്നു അവൻ. ആ രൂപം ആവോളം കണ്ട് കൊതി തീർക്കുകയായിരുന്നു. ആ മുഖം ഹൃദയത്തോട് ചേർത്ത് വയ്ക്കുകയായിരുന്നു. വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ അവനിൽ വന്ന മാറ്റങ്ങൾ ആ പെണ്ണിന്റെ ഹൃദയം കീറി മുറിച്ചു. കണ്ണുകൾ കുഴിഞ്ഞ് താടിയും മുടിയും നീണ്ട് വല്ലാത്തൊരു രൂപമായിരുന്നു അവൻ. കണ്ണുകളിൽ ദയനീയത നിഴലിച്ചിരുന്നു. വസ്ത്രധാരണത്തിൽ അത്രത്തോളം ശ്രദ്ധ ചിലത്തുമായിരുന്ന അവന്റെ അപ്പോഴത്തെ വേഷം പോലും അവളെ വല്ലാതെ നോവിച്ചു. " ഇതെന്ത് കോലമാണ് ദേവ്..... ഈ രൂപത്തിൽ ഞാനെങ്ങനെ സഹിക്കും.... വേദനിപ്പിക്കാതിരിക്കാനായിരുന്നു രായ്‌ക്ക് രാമാനം അവിടുന്ന് ഇവിടേക്കുള്ള ഈ ഒളിച്ചോട്ടം. എന്നിട്ട്...... എന്നിട്ടും ഇതൊക്കെയാണോ എനിക്ക് വേണ്ടി കാത്തുവച്ചത്..... "
മൗനമായി അവനെ തന്നെ നോക്കി നിൽക്കുമ്പോൾ അവളുടെ ഉള്ള് പിടഞ്ഞു. " മാധു..... " നിഷ വീണ്ടും വിളിച്ചു. അപ്പോൾ മാത്രമായിരുന്നു അവിടെയുണ്ടായിരുന്നവരെ എല്ലാം സോജ ശ്രദ്ധിച്ചത്. ദേവിന്റെ ഒപ്പമുണ്ടായിരുന്ന അമ്മാവനെന്ന് പരിചയപ്പെടുത്തിയ ആളെ അറിയുമായിരുന്നില്ലെങ്കിലും ജെറിയെയും നിഷയെയും അവൾക്കറിയായിരുന്നു. " അമ്മേ.....'' ദേവ് പെട്ടന്ന് ചെന്ന് നിഷയെ കെട്ടിപ്പിടിച്ചു. " എനിക്ക്..... എനിക്ക് സോജയേ വേണമമ്മേ..... ഞാൻ..... ഞാനവളെ അത്രയ്ക്ക് സ്നേഹിക്കുന്നു. ഇനിയും ഇവളില്ലാതെ വയ്യെനിക്ക്..... " അവന്റെയാ വാക്കുകൾ കേട്ട് സോജയുടെ അച്ഛനമ്മമാർ പോലും അമ്പരന്ന് നിൽക്കുകയായിരുന്നു. ദേവ് മാധവിനെ പോലൊരാൾ തങ്ങളുടെ മകളേ വിവാഹമാലോചിച്ച് വന്നു എന്നത് പോലും അവർക്ക് ഒരു അത്ഭുതമായിരുന്നു. കാരണം ബ്രോക്കറും നല്ല പയ്യനും കുടുംബവും എന്നതിനപ്പുറം വരൻ യൂത്ത് ഐക്കൺ ദേവ് മാധവ് ആണെന്ന് പറഞ്ഞിരുന്നില്ല.
അത് അവർ വന്നപ്പോൾ മാത്രമായിരുന്നു വെങ്കിയും പദ്മയും പോലുമറിഞ്ഞത്. ആ ഒരു അമ്പരപ്പിൽ നിന്നും മുക്തി നേടും മുൻപായിരുന്നു ദേവിന്റെ തുറന്നുപറച്ചിൽ. അവനെ പോലൊരാൾക്ക് തങ്ങളുടെ മകളേ എങ്ങനെയാണ് പരിചയമെന്ന് ആലോചിക്കുകയായിരുന്നു അവരിരുവരും ആ നിമിഷത്തിൽ. " പക്ഷേ..... നീ...... " ദേവിനൊപ്പം സോജയേ കണ്ടിട്ടുള്ള പരിചയം കൊണ്ട് മാത്രം അവളെ മകന്റെ വധുവായി സ്വപ്നം കണ്ട നിഷയും ആശയക്കുഴപ്പത്തിൽ തന്നെയായിരുന്നു. അപ്പോൾ അവരുടെ മനസ്സിൽ വൈദേഹി ഒരു ചോദ്യചിഹ്നം തന്നെയായിരുന്നു. കാരണം അവളുമായുള്ള അവന്റെ ബന്ധം അവസാനിപ്പിക്കാൻ വേണ്ടിയായിരുന്നല്ലോ ധൃതിയിൽ ഈ വിവാഹത്തിലേക്ക് പോകാനൊരുങ്ങിയത്. എന്നിട്ടിപ്പോ ഒരു മാജിക് പോലെ അവൾക്കായി മകൻ വാശി പിടിക്കുന്നത് കണ്ടപ്പോൾ അവരാകെ കുഴങ്ങി. എങ്കിലും അതിനേകുറിച്ചൊന്നും ചോദിക്കേണ്ട ഇടമതല്ല എന്നറിയാവുന്നത് കൊണ്ട് തന്നെ അവർ പതിയെ ഒന്ന് പുഞ്ചിരിച്ചു. പിന്നെ മകന്റെ കവിളിൽ ഒന്ന് തലോടി.
" ഒന്നും വിചാരിക്കരുത് കേട്ടോ..... സോജമോളുടെ കോളേജിലെ ഏതോ ഒരു ഫങ്ക്ഷനിൽ വച്ച് പരസ്പരം കണ്ട് പരിചയപ്പെട്ടതാ ഇവര് രണ്ടാളും. ആ പരിചയം വളർന്ന് സൗഹൃദമായതും പ്രണയമായതും എന്റെയീ പൊന്നുമോൻ എന്നോട് പറഞ്ഞില്ലെങ്കിലും ഞാനിവന്റെ അമ്മയല്ലേ..... മക്കളുടെ മനസ് നമ്മളറിയാതിരിക്കുമോ അല്ലേ പദ്മേ.....??? " അത് കേട്ട് പദ്മ എങ്ങനെയൊക്കെയോ ബദ്ധപ്പെട്ട് ഒന്ന് ചിരിച്ചെന്ന് വരുത്തി. " ആഹ്.... പിന്നെ ഇതൊന്നും കണ്ട് നിങ്ങള് അന്തംവിടണ്ട..... പെണ്ണ് കാണാനാ പോണതെന്നെ ഞാൻ ഇവനോട് പറഞ്ഞുള്ളു. അതുകൊണ്ട് വരാൻ ഒട്ടും താല്പര്യവും ഇല്ലായിരുന്നു. പെണ്ണാരാണെന്ന് ഇവിടെ വന്നപ്പഴാ കേട്ടോ കക്ഷി അറിഞ്ഞത്. പ്രതീക്ഷിക്കാതെ മോളെ കണ്ടതിന്റെ വെപ്രാളത്തിൽ പറ്റിപ്പോയതാ. "
ചിരിയോടെ നിഷ പറഞ്ഞത് കേട്ട് വെങ്കിയിലും പദ്മയിലും ആശ്വാസം പടർന്നെങ്കിലും ദേവും ജെറിയും ശങ്കരനും അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയായിരുന്നു. കാരണം അങ്ങനെയൊരു കാര്യത്തെക്കുറിച്ച് അവരാരും അറിഞ്ഞിട്ടേയുണ്ടായിരുന്നില്ല. സോജയാണെങ്കിൽ ബോധത്തിനും അബോധത്തിനും ഇടയിൽ പകച്ചു നിൽക്കുക മാത്രമായിരുന്നു അപ്പോഴും. " മോളിങ്ങുവാ..... " ആരെയും ശ്രദ്ധിക്കാതെ സോജയേ നോക്കി നിഷ വിളിച്ചു. അവൾ ഒരു പാവയെപ്പോലെ അവരുടെ അരികിലേക്ക് ചെന്നു. " അമ്മയ്ക്കൊത്തിരി ഇഷ്ടമായിട്ടോ മോളെ..... " നിഷയവളെ ചേർത്തു നിർത്തി നെറുകയിൽ ചുംബിച്ചു. അവളാണെങ്കിൽ ഒരു ചലനവുമില്ലാതെ അവരെ തന്നെ നോക്കി നിന്നു. " എനിക്ക്..... എനിക്കിപ്പഴും ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല. ഇത്...... ഇതൊക്കെ സത്യം തന്നെയാണോ..... അതോ ഞാൻ സ്വപ്നം കാണുവാണോ..... ഒന്നുറങ്ങി തെളിയുമ്പോൾ എല്ലാം മാഞ്ഞുപോകുവോ....??? വീണ്ടും...... വീണ്ടുമെനിക്ക് ചങ്ക് പൊട്ടി നിലവിളിക്കേണ്ടി വരുമോ ദേവ്.....???"
പുറത്തെ മാവിൻ ചുവട്ടിൽ ദേവിനൊപ്പം നിൽക്കുമ്പോൾ സോജ പതറി ചോദിച്ചു. " ഇല്ല മോളെ..... ഇനി...... ഇനിയൊന്നും മാഞ്ഞുപോവില്ല. പോകാൻ ഞാൻ സമ്മതിക്കില്ല. നിന്നെ ഞാൻ വിട്ടുപോവില്ല. " ദേവ് ഒരു ഞൊടി കൊണ്ടവളെ കൈക്കുള്ളിലൊതുക്കി മാറോട് ചേർത്തമർത്തി. ഒരുനിമിഷം താൻ സ്വർഗത്തിലാണോ എന്ന് പോലും സോജ സംശയിച്ചു. അകലത്തെ അമ്പിളിയെന്ന് കരുതിയവൻ തന്റെ ഹൃദയത്തോട് ചേർന്ന് ഒരു ശ്വാസദൂരം പോലുമില്ലാതെ തന്നോടൊപ്പം നിൽക്കുന്നത് അവൾക്ക് വിശ്വസിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. അവളും അവനെ മുറുകെ പുണർന്നു. ആ വിരിമാറിൽ ചുണ്ടുകൾ ചേർത്തുവച്ചു. മതിവരാത്തത് പോലെ ചുംബനങ്ങൾ ചേർത്തു. " ദേവ്...... " നിമിഷങ്ങൾ കടന്നു പോയ്ക്കൊണ്ടേയിരുന്നു. " അ..... അപ്പൊ വൈദേഹി.....???? " പെട്ടന്നായിരുന്നു സോജയത് ചോദിച്ചത്. ഒരു നിമിഷം ദേവ് ഒന്ന് ഞെട്ടി. പിന്നെ അവളിൽ നിന്നും പിടിവിട്ടു. " അറിയില്ല...... ഒന്നും എനിക്കറിയില്ല ..... ഒന്ന് മാത്രമേയറിയൂ....
ആകാശമിടിഞ്ഞ് വീണാലും ഇനി നിന്നെ കൈവിടാൻ വയ്യ സോജാ..... " അവൻ വീണ്ടും അവളെ പൊതിഞ്ഞു. ഒരു പെണ്ണിനെ സംബന്ധിച്ച് ഏറ്റവും ആനന്ദം നൽകുന്ന വാക്കുകളായിരുന്നു അവനിൽ നിന്നും കേട്ടതെങ്കിലും സോജയ്ക്ക് ആ മറുപടി ഒട്ടും തൃപ്തി തോന്നിച്ചില്ല. വീണ്ടും നഷ്ടമാകുമോ എന്ന ഭയം അവളെ വരിഞ്ഞുമുറുക്കുന്നതിന്റെ തെളിവ് പോലെ അവളുടെ വിരലുകൾ അവന്റെ പുറത്ത് ഇറുക്കെ പിടിച്ചു. അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ എല്ലാവരും സന്തോഷത്തിൽ തന്നെയായിരുന്നു. നിഷയും പദ്മയും വെങ്കിയും ശങ്കരനുമെല്ലാം ചേർന്ന് വിവാഹവും അധികം വൈകാതെ നടത്തണമെന്ന തീരുമാനത്തിൽ തന്നെയായിരുന്നു. ദേവും സോജയുമാണെങ്കിലും സ്വയമറിയാതെ സ്വപ്നങ്ങൾ നെയ്തു തുടങ്ങിയിരുന്നു. പക്ഷേ ജെറിക്ക് മാത്രം എന്തുകൊണ്ടൊ പൂർണമായും സന്തോഷിക്കാൻ കഴിഞ്ഞില്ല. കാരണം ദേവിന്റെ സന്തോഷം തന്നെയായിരുന്നു പ്രധാനമെങ്കിലും അവരൊന്നിച്ചതിൽ ആശ്വാസമുണ്ടായിരുന്നുവെങ്കിലും വൈദേഹിയെന്ന പെണ്ണ് അവന്റെ ഉള്ളിലൊരു കനലായി തന്നെ കിടന്നു..... തുടരും...🥂
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.