ആരാധികേ: ഭാഗം 21 New

aradhika abhirami

രചന: അഭിരാമി ആമി

വണ്ടി മുന്നോട്ട് നീങ്ങുമ്പോൾ തലേദിവസം നടന്ന കാര്യങ്ങളൊക്കെയായിരുന്നു ജെറിയുടെ മനസ്. ഷൂട്ടിങ് കഴിഞ്ഞ് വന്ന ക്ഷീണം കൊണ്ട് നേരത്തെ കിടന്നിരുന്നു. ഒന്ന് മയങ്ങി വന്നപ്പോഴായിരുന്നു നിഷാമ്മ വിളിക്കുന്നെന്നും പറഞ്ഞ് അമല ഫോണും കൊണ്ട് വന്നത്. " ഇച്ചായാ എണീക്കാൻ ഇപ്പോ തന്നെ വിളിക്കാമെന്ന് പറഞ്ഞിട്ടാ ഞാൻ കാള് കട്ട് ചെയ്തേ....... നിഷാമ്മയവിടെ കാത്തിരിക്കുവായിരിക്കും. നിങ്ങളൊന്ന് വിളിക്ക്..... " കാര്യമറിഞ്ഞിട്ടും വീണ്ടും തിരിഞ്ഞുകിടന്നുറങ്ങാൻ തുടങ്ങുന്നത് കണ്ട ദേഷ്യത്തിൽ അമല നിന്ന് തുള്ളി. " എന്റമലേ നിനക്ക് വെളിവും വെള്ളിയാഴ്ച്ചയുമൊന്നുമില്ലെന്ന് എനിക്ക് പണ്ടേ അറിയാം എന്നാലും ചോദിക്കുവാ എന്താ നിന്റെ പ്രശ്നം.....??? " ഉറക്കം മുറിഞ്ഞതിന്റെ മുഷിച്ചിലോടെയുള്ള ആ ചോദ്യം കൂടിയായപ്പോൾ അവളുടെ ദേഷ്യം വീണ്ടും കൂടി. അവൾ നിലത്ത് ആഞ്ഞു ചവിട്ടി.

" എടീയെടീ അടങ്ങെടി..... ആ ഫോണിങ്ങോട്ട് താ..... ഞാൻ വിളിച്ചോളാം. എന്റെ കൊച്ച് വയറ്റിൽ കിടക്കുവാന്നൊരു ബോധമില്ലാതെയാ ഒട്ടകത്തെ പൊലിങ്ങനെ നിന്ന് തുള്ളുന്നത്........" പെട്ടന്ന് കയ്യെത്തിച്ച് ഫോൺ വാങ്ങിച്ചുകൊണ്ട് ജെറി പറഞ്ഞു. " പിന്നൊരു കാര്യം പറഞ്ഞിട്ട് നിങ്ങളെന്തോന്നാ ഈ കാണിക്കുന്നേ.....?? നിഷാമ്മേ വിളിച്ച് എന്താ കാര്യമെന്ന് ചോദിച്ചിട്ട് കിടന്നുറങ്ങിക്കൂടെ.....???? " അവൾ ചോദിച്ചു. " എടീ മരത്തവളേ...... വേറാരുമല്ലല്ലോ നമ്മുടെ നിഷാമ്മയല്ലേ.... അത് മനസ്സിലായപ്പോ നിനക്ക് കാര്യമങ്ങ് ചോദിച്ചൂടെ.....??? എന്നിട്ട് ഞാനെണീക്കുമ്പോ കാര്യം പറഞ്ഞാൽ പോരെ....???? " അവൻ കണ്ണുകൾ തിരുമ്മി ബെഡിൽ എണീറ്റിരുന്നുകൊണ്ട് ചോദിച്ചു. " അതിന് ഞാൻ ചോദിക്കാഞ്ഞിട്ടാണോ ഇച്ചായാ..... പറയണ്ടായോ.....

ഇച്ചായനോട് തന്നെ സംസാരിക്കണമെന്ന് പറഞ്ഞാൽ പിന്നെ അത് പറ്റത്തില്ല ആദ്യം എന്നോട് പറഞ്ഞാലേ എന്റെ കെട്ടിയോനോട് സംസാരിക്കാൻ പറ്റൂന്ന് പറയണമാരുന്നോ ഞാൻ.....??? " " ഓഹ്ഹ്ഹ് മതി..... നീയൊന്ന് മിണ്ടാതിരി ഞാൻ വിളിക്കാം. ഏത് നേരോം കലപില കലപില തന്നെ......" ജെറി ചെവിയിൽ വിരൽ കടത്തി തല കുടഞ്ഞുകൊണ്ട് പറഞ്ഞു " ഓഹ് പണ്ട് പ്രേമിക്കുന്ന സമയത്ത് പാതിരാത്രി ഉറങ്ങാൻ പോലും സമ്മതിക്കത്തില്ലാരുന്നു എന്നേ.... പറാ പറാന്നും പറഞ്ഞോണ്ടിരിക്കുമായിരുന്നു ഇച്ചായൻ..... അന്നൊക്കെ കുറച്ചു നേരം എന്റെ ശബ്ദം കേട്ടില്ലേ നിങ്ങക്ക് പ്രാന്ത് വരുമായിരുന്നു..... " അവൾ പരിഭവത്തോടെ പറയുന്നത് കേട്ട് ജെറിക്കും ചിരി പൊട്ടി. " ആഹ് ഇപ്പോ നിന്റെ ശബ്ദം കേട്ടാലാ എനിക്ക് പ്രാന്ത് പിടിക്കുന്നത്.... " പതിയെ പറഞ്ഞുകൊണ്ട് അവൻ അടക്കിപ്പിടിച്ച് ചിരിച്ചു. അതുകൂടി കണ്ടതും അമലയുടെ ദേഷ്യം കൂടി. ഒപ്പം കണ്ണുകളും നിറഞ്ഞു.

" ഓഹ് അല്ലേലും അതങ്ങനാ...... നിങ്ങളാണുങ്ങൾക്ക് കയ്യിൽ കിട്ടും വരെയുള്ള ആവേശവും കൗതുകവുമൊക്കെയല്ലേ ഉള്ളു..... അത് കഴിഞ്ഞാൽ പിന്നെ പെണ്ണുങ്ങൾ പുറത്തല്ലേ..... ഇനിയിപ്പോ കൊച്ചിനെ കൂടി കയ്യിൽ കിട്ടി കഴിഞ്ഞാൽ ഭാര്യക്കൊട്ടും മാറ്റ് പോരെന്ന് തോന്നും. " അവൾ മൂക്ക് തുടച്ചുകൊണ്ട് പറഞ്ഞത് കേട്ടതും കളി കാര്യമായെന്ന് ജെറിക്ക് മനസ്സിലായി. അവന്റെ ചുണ്ടിലെ ചിരി മാഞ്ഞു. അല്ലേലും പ്രെഗ്നന്റ്സിയുടെ പകുതിയോളമായത് മുതൽ അവളിങ്ങനെയാണ്. പഴയത് പോലെ എന്തെങ്കിലും പറഞ്ഞാൽ തന്നോട് വഴക്കുണ്ടാക്കാൻ നിൽക്കാറില്ല. പകരം ചെറിയ കാര്യങ്ങൾക്ക് പോലും കരച്ചിലും പിഴിച്ചിലുമാണെന്നോർത്തുകൊണ്ട് ജെറി പെട്ടന്നവളേ ചേർത്ത് പിടിച്ചു. " അയ്യേ ഇച്ചായന്റെ കൊച്ച് കരയുവാണോ..... എന്നതാടി പൊട്ടീ ഇത്.... ഞാൻ ചുമ്മാ നിന്നെ ഒന്ന് വട്ടാക്കാൻ പറഞ്ഞതല്ലേ....

അതിനിങ്ങനെ കണ്ണ് നിറയ്ക്കണോ. ആരൊക്കെ വന്നാലും നിനക്ക് പകരമാവുമോ..... നമ്മുടെ രണ്ടാൾടെയും ജീവനല്ലെടി നമ്മുടെ കുഞ്ഞ്.... അതിന്റെ പേരിൽ നീയിങ്ങനെ പിണങ്ങുന്നതെന്തിനാ...../??? " ജെറിയവളെ ചേർത്തു പിടിച്ച് നെറുകയിൽ ചുംബിച്ചു. അതോടെ അമല പതിയെ പുഞ്ചിരിച്ചു. " എന്താ നിഷാമ്മേ പറയാനുണ്ടെന്ന് പറഞ്ഞത്.....???? " നിഷ ഫോണെടുത്തപ്പഴേ ജെറി ചോദിച്ചു. " ആഹ് നിനക്ക് നാളെ ഷൂട്ടുണ്ടോ.....???? " " ഇല്ലമ്മേ..... ഇവിടുത്തെ കഴിഞ്ഞു. ഇനി രണ്ട് സോങ്‌ ഉണ്ട്. അത് ചെന്നൈലാ..... പോകാനുള്ള കുറച്ചു കാര്യങ്ങൾ കൂടി സെറ്റാവാനുണ്ട്. അതൊക്കെ റെഡിയായിട്ടേ ഇനി ഷൂട്ടുള്ളു..... " " മ്മ്ഹ് ..... എന്നാ നാളെ രാവിലെ രാവിലെ നീ ഇങ്ങ് വായോ... ഒരിടം വരെ പോകാനുണ്ട്. അമല മോളെ കൂട്ടണ്ട. ഈ അവസ്ഥയിൽ യാത്ര വേണ്ട...... " " മ്മ്ഹ്..... അല്ല എങ്ങോട്ടാ നിഷാമ്മേ.....??? "

" മാധുന് ഒരു പെണ്ണ് കാണാൻ..... ഞാനും ശങ്കരേട്ടനും കാണും എന്നാലും അവനൊരു ധൈര്യത്തിന് നീ കൂടി വേണം..... " നിഷയത് പറഞ്ഞതും ജെറിയുടെ മുഖം മങ്ങി. ഉള്ളിലൊരുകൊള്ളിയാൻ മിന്നി. സോജയുടെയും ദേവിന്റെയും വൈദേഹിയുടെയും മുഖങ്ങൾ മനസ്സിലേക്ക് ഓടിയെത്തി. ദേവ് കാരണം തകർന്നവരാണ് ആ രണ്ട് പെൺകുട്ടികളും. ഇനി നിഷാമ്മേടെ ഇടപെടല് കൊണ്ട് മൂന്നാമതൊരു പെൺകുട്ടികൂടി..... അങ്ങനെയൊരു കാര്യത്തെക്കുറിച്ച് അവന് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല അപ്പോൾ. " ജെറീ നീ കേൾക്കുന്നില്ലേ ഞാൻ പറയുന്നത്..... " നിഷയുടെ ചോദ്യം കേട്ട് അവനൊന്ന് ഞെട്ടി. " ആഹ് നിഷാമ്മേ കേൾക്കുന്നുണ്ട്.... " " കേട്ടാൽ പോരാ..... മറുപടി കൂടെ പറ..... നീ വരുവോ....??? " " മ്മ്ഹ് ഞാൻ....... ഞാൻ രാവിലെ ഒന്ന് പളളിൽ പോയിട്ടങ്ങ് വന്നേക്കാം.... " " മ്മ്ഹ് എന്നാ ശെരി..... നീ വച്ചോ..."

നിഷ ഫോൺ വച്ചിട്ടും ജെറിയുടെ മരവിപ്പ് മാറിയിരുന്നില്ല. അതിന്റെ തെളിവ് പോലെ അവൻ കുറേ നേരം കൂടി ഫോൺ അങ്ങനെ തന്നെ വച്ചുകൊണ്ട് നിന്നു. " എന്തുവാ ഇച്ചായാ..... എന്നാത്തിനാ വിളിച്ചെ.....?? " അവന്റെ ഭാവം കണ്ട് അമല ചോദിച്ചു. " ഒന്നുല്ല കാലത്തെ അങ്ങോട്ടൊന്ന് ചെല്ലണമെന്ന് പറഞ്ഞു..... മാധുന് ആകെയൊരു മൂടാപ്പാണെന്ന്.... " " അത്രേയുള്ളോ..... അതാണോ നിങ്ങളോടെ പറയൂന്ന് പറഞ്ഞത്. അതെന്നോട് പറഞ്ഞാൽ പറ്റൂലേ.....???? " ചുണ്ടുകൾ കോട്ടി അവൾ ചോദിച്ചെങ്കിലും കാര്യമറിഞ്ഞാൽ അവളിനി സ്വൈര്യം കെടുത്തുമെന്നോർത്ത് ജെറി കൂടുതലായൊന്നും പറയാൻ നിൽക്കാതെ മുകളിലത്തെ മുറിയിലേക്ക് നടന്നു. മുകളിലെത്തി ദേവിന്റെ നമ്പറിലേക്ക് വിളിക്കുമ്പോഴും എന്താണിനിയവന്റെ ജീവിതത്തിൽ നടക്കാൻ പോകുന്നതെന്ന ചിന്തയവന്റെ ഹൃദയത്തെ വരിഞ്ഞുമുറുക്കിയിരുന്നു.

" ഹലോ...." " എന്താടാ ഞാനീ കേൾക്കുന്നേ..... നിഷാമ്മ പറഞ്ഞത്..... " " സത്യമാണ്..... " അവന്റ വാക്കുകളെ പൂർത്തിയാക്കും പോലെ ദേവ് പറഞ്ഞു. ശാന്തമായിരുന്നു അവന്റെ സ്വരം. " വാട്ട്‌.....!!!!!! " " അമ്മയെല്ലാം തീരുമാനിച്ചു കഴിഞ്ഞു. നാളെ ആ പെണ്ണിനെ കാണാൻ പോയെപറ്റു..... " " എന്തൊക്കെയാ മാധു നീയീ പറയുന്നത്.....???? നീ കാരണം തകർന്നുപോയവരാ സോജയും വൈദേഹിയും. ആ കൂട്ടത്തിലേക്ക് ഇനിയൊരു പെണ്ണിനെ കൂടി വലിച്ചിടാനാണോ നിന്റെ ഭാവം....???? " ജെറിയുടെ സ്വരം വല്ലാതെ കനത്തിരുന്നു. " ഇല്ലെടാ അങ്ങനെ നീ പേടിക്കണ്ട.... ഞാൻ കാരണം ഇനിയൊരു പെണ്ണും കരയില്ല. അത് ഞാൻ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ നാളെ അമ്മേടെ കൂടെ പോയെ പറ്റു..... അത് ഞാൻ അമ്മക്ക് കൊടുത്ത വാക്കാ..... പക്ഷേ ആരെയെങ്കിലും സ്വീകരിക്കണോ അതോ സ്വയം ഒഴിഞ്ഞുമാറണോ എന്നുള്ള തീരുമാനം എന്റേത് മാത്രമാണ്. " " മാധു..... " " നീ വച്ചോ..... രാവിലെ ഇറങ്ങ്..... " അവന്റെ മറുപടിക്ക് കാക്കാതെ ദേവ് ഫോൺ കട്ട് ചെയ്തു. " എന്റെ പിതാവേ ഇവനിതെന്ത് ഭാവിച്ചാ.....???? " ജെറി കഴുത്തിലെ കുരിശിലൊന്ന് തൊട്ടുകൊണ്ട് സ്വയം പറഞ്ഞു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story