ആരാധികേ: ഭാഗം 21

രചന: അഭിരാമി ആമി
വണ്ടി മുന്നോട്ട് നീങ്ങും തോറും ഹൃദയം വിങ്ങും പോലെ.... നെഞ്ച് ഇപ്പൊ പൊട്ടിപ്പോകുമോ എന്ന് പോലുമവൾ ഭയന്നു. " ദൈവമേ ഞാൻ..... ഞാൻ പോവാ..... ഇനി.... ഇനിയൊരുപക്ഷേ എനിക്കിങ്ങോട്ടൊരു മടക്കമില്ല. ദേവ്...... അവനെ ഞാനെങ്ങനെ കാണും......??? ദേവില്ലാതെ സോജയെങ്ങനെ ജീവിക്കും...???? ഈശ്വരാ ഞാൻ ശ്വാസം മുട്ടി മരിച്ചുപോകുമല്ലോ. എന്റെ നെഞ്ച് പൊട്ടിത്തെറിച്ച് പോകും. " സീറ്റിൽ ചാഞ്ഞുകിടക്കുമ്പോൾ വല്ലാത്ത വെപ്രാളം തോന്നിയ അവൾ തിടുക്കത്തിൽ ഇടനെഞ്ചമർത്തി തടവി. അടിവയറ്റിൽ നിന്നുമൊരു വേദന ഹൃദയത്തിലേക്ക് പാഞ്ഞുകയറി. അതൊരു കൊള്ളിയാനെപ്പോലെ അവിടെ പിടഞ്ഞുകയറി. സിരകളിൽ രക്തയോട്ടത്തിന്റെ വേഗതയേറി. ബോധം മറയുകയാണോ.....??? കാറ്റിന്റെ വേഗത്തിൽ ചീറിപ്പാഞ്ഞുകൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും എടുത്തുചാടിയാലോ എന്ന് പോലും ചിന്തിച്ചുപോയ നിമിഷങ്ങൾ. നെഞ്ചിലെ വെപ്രാളമേറുന്നതിനനുസരിച്ച് അവളവിടെ അമർത്തി തടവി. കൈകൾ കൊണ്ട് സീറ്റിൽ അള്ളിപ്പിടിച്ചു.
കാൽവിരലുകൾ തറയിൽ ചവിട്ടിപ്പിടിച്ചു. '' ദൈവമേ ഞാൻ മരിക്കാൻ പോവാണോ....???? ഇത്രമേൽ...... ഇത്രമേലിങ്ങനെ നോവാൻ മാത്രം.... ഇത്രയും ഞാനവനെ സ്നേഹിച്ചോ ദൈവമേ...... പക്ഷേ..... ഇനിയാ മനുഷ്യനില്ലല്ലോ എന്റൊപ്പം. എങ്ങനെ ആളില്ലാതെ ഞാൻ തള്ളി നീക്കും ദൈവമേ..... " കരയിൽ പിടിച്ചിട്ട മത്സ്യത്തേപ്പോലെ ശ്വാസം കിട്ടാതെ പിടയുമ്പോൾ അവൾ ചുറ്റുപാടും കണ്ണുകളോടിച്ചു. ഇല്ല ആരും തന്നെ നോക്കുന്നില്ല. എല്ലാരും അവരവരുടെ കാര്യങ്ങളിൽ തിരക്കിലാണ്. അതിനിടയിൽ ആരും തന്നിലേക്ക് ശ്രദ്ധിക്കുന്നില്ല. ആശ്വാസത്തോടെ ഓർത്തുകൊണ്ട് സ്കാർഫ് കൊണ്ട് മുഖം മൂടി അവൾ വീണ്ടും സീറ്റിലേക്ക് ചാരികിടന്നു. അപ്പോഴേക്കും പിന്നിലേക്കോടി മറയുന്ന കാഴ്ചകൾക്കൊപ്പം തന്നെ അവളുടെ ഓർമ്മകളും പിന്നിലേക്കോടിമറഞ്ഞുകൊണ്ടിരുന്നു. ***************
സിനിമകൾ മുടങ്ങാതെ കാണുമായിരുന്നെങ്കിലും ആ വെള്ളിവെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന താരങ്ങളെ അതിരുകടന്ന് ആരാധിക്കുന്ന ശീലം അന്നും ഇന്നും ഉണ്ടായിരുന്നില്ല. പിന്നെങ്ങനെ ഇത്രയേറെ താരമൂല്യമുള്ള , എത്തിപ്പിടിക്കാൻ കഴിയാത്തത്ര ഉയരത്തിൽ നിൽക്കുന്ന ദേവ് മാധവിനോട് വെറുമൊരു സാധാരണ തമിഴ് ബ്രാഹ്മണ കുടുംബത്തിലെ അംഗമായ ഈ സോജാ വെങ്കിടാചലത്തിന് എങ്ങനെ പ്രണയമുണ്ടായി എന്നത് പ്രസക്തമായ ചോദ്യമാണ്. അതിനും വ്യക്തമായൊരു മറുപടി കാത്തിരിപ്പുണ്ട്. കോളേജ് ആർട്സ് ഡേയ്ക്ക് ഗസ്റ്റായി ആരെ കൊണ്ടുവരും എന്ന ചോദ്യത്തിന് വിമൻസ് കോളേജിലെ പിടക്കോഴികൾക്കെല്ലാം കൂടി ഒരേയൊരു ഉത്തരം മാത്രമേയുണ്ടായിരുന്നുള്ളു. അതായിരുന്നു..... ദേവ് മാധവ്.... 💞 ദി യൂത്ത് ഐക്കൺ..... അങ്ങനെ എല്ലാവരുടെയും താല്പര്യപ്രകാരം അതങ്ങനെ തന്നെ തീരുമാനിക്കപ്പെട്ടു. ഇരുത്തിയഞ്ചാം തീയതിയായിരുന്നു പരിപാടി തീരുമാനിച്ചിരുന്നത്. ഏകദേശം പത്ത് മണിയോടെ പരിപാടി തുടങ്ങി.
സദസിൽ ഉണ്ടായിരുന്ന പകുതിയോളം പേര് സംസാരിച്ച് കഴിഞ്ഞശേഷമായിരുന്നു അയാൾ വന്നത്. " ദേവ് മാധവ്...... " ഓർമ്മകൾ ഉള്ളിലേക്കൊരു കൊള്ളിമീൻ പോലെ പിടഞ്ഞുകയറിയപ്പോൾ അവളൊന്ന് ഏങ്ങി. പക്ഷേ ഓർമ്മകൾ ഇടമുറിഞ്ഞില്ല. അവ ഒഴുകിക്കൊണ്ടേയിരുന്നു. സദസിലേക്ക് അയാൾ വന്നത് മുതൽ പെൺകുട്ടികളുടെ മുഴുവൻ കണ്ണുകളും അവനെ കൊത്തിവലിച്ചുകൊണ്ടിരുന്നു. പക്ഷേ ആ വെള്ളാരം കണ്ണുകൾ കുസൃതിയോടെ എല്ലാവരെയും നോക്കി ചിരിച്ചു. അതേ പുഞ്ചിരിയോടെ തന്നെ മൈക്കിനരികിലേക്ക് വന്ന് സംസാരിക്കുമ്പോഴും വശ്യമാർന്ന ഒരു പുഞ്ചിരി അവന്റെ ചുണ്ടുകളെ വലയം ചെയ്തിരുന്നു. എന്തോ ആ ഓരോ നിമിഷവും തന്റെ നോട്ടം മുഴുവനും അവനിൽ മാത്രമായിരുന്നു. ജീവിതത്തിൽ ആദ്യമായി ഒരു പുരുഷനെ അത്യാവേശത്തോടെ ഞാൻ നോക്കി നിന്നു. അവന്റെ പുഞ്ചിരി..... വെള്ളാരം കണ്ണുകളുടെ തുടുപ്പ് ..... എന്തിനേറെ പറയുന്നു അവന്റെ ഒരു നിശ്വാസതിന്റെ ചലനം പോലും ഞാൻ സാകൂതം നോക്കി നിന്നു.
എന്തോ വെള്ളാരം കണ്ണുകളിൽ അടിമപ്പെട്ടത് പോലെ.... " ഇവൻ...... ഇവനല്ലേ സോജാ നിന്റെ പ്രണയം......???? " ഹൃദയം ആർത്തുവിളിച്ചു. ഒപ്പം അവളുടെ ചൊടികളും.. " ദേവ്...... ദേവ്..... " സ്വയമറിയാതെ കയ്യടിച്ച് അവളുടെ അധരങ്ങൾ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അത്രമേൽ ആവേശത്തോടെ. പ്രോഗ്രാമൊക്കെ കഴിഞ്ഞിട്ടും ദേവ് പോയിട്ടും അവനെന്ന ലഹരി എന്നേ വിട്ടൊഴിഞ്ഞില്ല. അതായിരുന്നോ ലവ് അറ്റ് ഫസ്റ്റ് സൈറ്റ്...... അറിയില്ല.... ഒന്ന് മാത്രമറിയാം ദേവിനോട് വല്ലാത്തൊരു ഇഷ്ടം..... ദിനം തോറും ആ ഇഷ്ടം കൂടിക്കൂടിവരുന്നു. ആദ്യമൊക്കെ കരുതിയത് അത് വെറുമൊരു നടനോട് തോന്നിയ ആരാധനയെന്ന് മാത്രമായിരുന്നു. പക്ഷേ പോകെപ്പോകെ അറിഞ്ഞു അതിനും അപ്പുറം എന്തൊക്കെയോ ആയി ആ വികാരം മാറുകയാണ്. ഷൂട്ടിങ്ങായാലും അവൻ പങ്കെടുക്കുന്ന പൊതു ചടങ്ങുകളായാലും എല്ലാം വിടാതെ ഫോളോ ചെയ്തുതുടങ്ങി. അങ്ങനെ ഒരു ഉത്ഘാടനസ്ഥലത്ത് വച്ചായിരുന്നു അവനോട് ആദ്യമായി മിണ്ടിയത്..... ഫോട്ടോയെടുത്തത്....
. ആ കൈപ്പടയിൽ ഒരു വരി കുറിച്ച് വാങ്ങിയത്...... " താനെന്റെ പുറകെ തന്നെയാണല്ലോടോ......??? " ഓട്ടോഗ്രാഫ് ഒപ്പിട്ട് നൽകിയിട്ട് മനോഹരമായ് പുഞ്ചിരിച്ചുകൊണ്ടുള്ള ആ ചോദ്യം ആദ്യമെന്നെ വല്ലാതൊന്ന് അമ്പരപ്പിച്ചു. പിന്നെ ഹൃദയം നിറഞ്ഞു തൂവുകയായിരുന്നു സന്തോഷം. പുറകെ അലയുന്ന ഇത്രയേറെ ഫാൻസിന്റെ ഇടയിൽ എന്നേ ആള് ശ്രദ്ധിച്ചു എന്നതിനും അപ്പുറം എനിക്ക് മറ്റൊന്നും വേണ്ടായിരുന്നു. ആ പരിചയം വളർന്ന് ഏത് ആൾക്കൂട്ടത്തിന് നടുവിൽ വച്ചായാലും ദേവ് മാധവ് സോജയെന്ന ആരാധികയെ 💞 തിരിച്ചറിയുന്നതോളം വളർന്നത് അതിവേഗമായിരുന്നു. അങ്ങനെ അവൻ പങ്കെടുത്ത ഒരു പൊതുപരിപാടിക്കിടയിൽ വച്ചായിരുന്നു അതും സംഭവിച്ചത്. " സോജാ നിനക്കെന്നേ പ്രണയിക്കാൻ കഴിയുമോ.....???? " ആ വാക്കുകൾ കേട്ടതോടെ ആൾക്കൊപ്പം നിന്ന് സെൽഫിയെടുക്കാനായി ഉയർത്തിയ കൈകൾ പതിയെ താഴ്ന്നു.
എന്തോ ഒരു മരവിപ്പ് സിരകളെ ബാധിച്ചത് പോലെ..... രക്തം പോലും ഉറഞ്ഞുപോയത് പോലെ..... " എന്താ...... എന്താ എന്റീശ്വരാ ഞാനീ കേട്ടത്... എന്റെ..... എന്റെ മോഹം...... പ്രാർഥനയിൽ പോലും ചേർത്തുവയ്ക്കാൻ ഞാൻ മടിച്ച എന്റെ സ്വപ്നം എന്റെ സ്വന്തമാവുകയാണോ....???? " ആലോചിച്ചതും ഹൃദയം പെരുമ്പറകൊട്ടി. കാലുകൾ നിലത്തുറയ്ക്കാത്തത് പോലെ..... പക്ഷേ എല്ലാ സന്തോഷങ്ങളും തച്ചുടയ്ക്കുന്നതായിരുന്നു പിന്നീടുള്ള അവന്റെ വാക്കുകൾ. " താൻ.... താൻ തെറ്റിദ്ധരിക്കല്ലേ സോജാ..... ആളുകൾക്കും മീഡിയക്കും മുന്നിൽ എനിക്കൊരു ഡ്യൂപ്ലിക്കേറ്റ് കാമുകിയെ വേണം. മറ്റൊന്നിനും അല്ല എന്റെ നഷ്ട തിരിച്ചു പിടിക്കാൻ വേണ്ടി മാത്രം....... " അവന്റെ വാക്കുകളുടെ അർഥം മനസ്സിലാവാതെ ആ കണ്ണുകളിലേക്ക് തന്നെ മിഴിനട്ട് ഒരു ശിലപോലെ നിന്നുപോയി ആ പെണ്ണ്.
അല്ലെങ്കിൽ തന്നെ അപ്പോൾ വേറെന്ത് ചെയ്യാൻ..... " എന്റെ......എനിക്കൊരു പ്രണയമുണ്ട് സോജാ.... ആളെ താനറിയും. നടി വൈദേഹി വർമ.... ലോകമറിയാത്ത എന്റെ പ്രണയം. മീഡിയക്ക് മുന്നിൽ ഞാനോ അവളോ ഇതുവരെ തുറന്നുകാട്ടാത്ത ഒന്നാണ് ഞങ്ങളുടെ പ്രണയം. സിനിമ ലോകത്തെ ഒരു ഫാന്റസി പ്രണയം ആയിരുന്നില്ല ഞങ്ങളുടേത്. ഞങ്ങളുടെ രണ്ടുപേരുടെയും കരിയർ ഒന്ന് സെറ്റായാൽ വിവാഹം കഴിക്കാൻ തന്നെയായിരുന്നു ഞങ്ങളുടെ തീരുമാനം.. അതുകൊണ്ട് തന്നെ ഞങ്ങളുടെ ബന്ധം മീഡിയാസ് ആഘോഷമാക്കുന്നതിനോട് എനിക്കോ അവൾക്കോ താല്പര്യമുണ്ടായിരുന്നില്ല അതുകൊണ്ടാണ് ഇതുവരെ ആരും ഈ ബന്ധത്തെക്കുറിച്ച് അറിയാതിരുന്നത്. പക്ഷേ ഇപ്പൊ ആ ബന്ധത്തിൽ ഉലച്ചിൽ തട്ടിയിരിക്കുന്നു. കാരണം പറയാൻ തല്ക്കാലം താനെന്നെ നിർബന്ധിക്കരുത്. ഇപ്പൊ ഞാനാലോചിച്ചിട്ട് അവളെ തിരിച്ചു പിടിക്കാൻ ഈയൊരു വഴി മാത്രെയുള്ളൂ. എന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണ് വന്നെന്ന് തോന്നിയാൽ തീർച്ചയായും എല്ലാം മറന്ന് അവളെന്നിലേക്ക് തിരികെയെത്തും.
അതെനിക്കുറപ്പാണ്. കാരണം അത്രയ്ക്ക് അവൾക്കെന്നെ ഇഷ്ടമാണ്. " അവൻ പറഞ്ഞത് മുഴുവൻ കേട്ട് നിൽക്കുമ്പോൾ ചങ്ക് പിടയുകയായിരുന്നു. പക്ഷേ മറുപടിയൊന്നും തന്നെ പറഞ്ഞില്ല. അല്ലെങ്കിൽ തന്നെ എന്ത് പറയാൻ......???? ഈ നിമിഷം വരെ നിശബ്ദമായ് ഹൃദയത്തോട് ചേർത്തുവച്ച് പ്രണയിച്ചവനാണ് മറ്റൊരുവളുടെ പ്രണയം തിരികെ നേടാനായി വേഷം കെട്ടിയാടാൻ പറയുന്നത്. മറുത്തൊന്നും പറഞ്ഞില്ല. പക്ഷേ വെറുതേയൊന്ന് പുഞ്ചിരിച്ചു. പിന്നെ പതിയെ ആ കൈകൾ ചേർത്തുപിടിച്ചു.. " ഞാൻ...... ഞാനൊരുക്കമാണ് ദേവ്. " അവളുടെ പെട്ടന്നുണ്ടായ ആ സമ്മതം അവനെ പോലും അത്ഭുതപ്പെടുത്തിയിരുന്നു. " പക്ഷേ.... പക്ഷേ ഒന്നുണ്ട്. ഈ ലോകത്തിന് മുന്നിൽ മുഴുവൻ നിങ്ങളുടെ കാമുകിയായ് എന്നേ കൊണ്ടാടാൻ കഴിയില്ല. കാരണം എനിക്കൊരു കുടുംബമുണ്ട്. അച്ഛനമ്മമാരുണ്ട്. അവർക്കിതൊന്നും അംഗീകരിക്കാൻ കഴിയില്ല.
അതുകൊണ്ട് നിങ്ങളുടെ പ്രണയത്തിന് മുന്നിൽ മാത്രം ഞാൻ നിങ്ങൾ പറഞ്ഞ വേഷം ആടിത്തീർക്കും. " ശാന്തമായ് തന്നെ അവൾ പറഞ്ഞു. ദേവിന്റെ മുഖം സന്തോഷം കൊണ്ട് തിളങ്ങി. " എഗ്രീഡ്...... മതി സോജാ മതി...... അവൾക്ക് മുന്നിൽ മാത്രം മതി. " അവൻ സന്തോഷത്തോടെ അവളുടെ കൈകൾ ചേർത്ത് പിടിച്ചു. പക്ഷേ അപ്പോഴും തന്നെയോർത്ത് ഓരോ നിമിഷവും എരിഞ്ഞടങ്ങിക്കൊണ്ടിരിക്കുന്നവളുടെ ഹൃദയത്തിലേക്കാണ് താൻ വീണ്ടും എണ്ണ പകർന്നതെന്ന് അവനറിഞ്ഞില്ല. " ഇതിന് പകരമായ് തനിക്ക് ഞാനെന്തും തരും സോജാ..... എന്തും ചോദിക്കാം തനിക്ക്..... " അവൻ ആവേശത്തോടെ പറഞ്ഞു. പക്ഷേ അപ്പോഴും അവളൊരു വാടിയ ചിരി ചിരിക്കുക മാത്രം ചെയ്തു. " എനിക്ക് വേണ്ടതൊന്ന് മാത്രമാണ് ദേവ്..... അത് തന്നെയാണ് ഞാനിന്ന് ഇവിടെ ഉപേക്ഷിക്കുന്നതും. " അവളുടെ ഹൃദയം മുറവിളി കൂട്ടി..... തുടരും...🥂
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.