ആരാധികേ: ഭാഗം 22 New

aradhika abhirami

രചന: അഭിരാമി ആമി

ഇന്ന് രാവിലെ പള്ളീലും പോയേച്ച് ദേവിന്റെ വീട്ടിലെത്തി അവർക്കൊപ്പം ഇവിടേക്ക് തിരിക്കുമ്പോഴും അറിയില്ലായിരുന്നു ഈ യാത്രയുടെ അവസാനം ഇങ്ങനെയായിരിക്കുമെന്ന്. സോജയുടെ വീട്ടിലേക്കാണ് വരവെന്നോ കാണാൻ പോണ പെണ്ണ് അവളാണെന്നോ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ എന്നാലും ഇങ്ങനെയൊരു ട്വിസ്റ്റ്‌..... നിഷാമ്മയെങ്ങനെ സോജയിലെത്തി....??? വൈദേഹിയെ മറികടന്ന് അവർ സോജയേ സ്വീകരിച്ചത് എന്തുകൊണ്ടാകും.....????? മാത്രമല്ല വൈദേഹിയും മാധുവും തമ്മിൽ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനാണ് പ്ലാനെന്നും വ്യക്തമായ് തന്നെ താൻ നിഷാമ്മയോട് പറഞ്ഞതുമാണല്ലോ..... എന്നിട്ടും..... സോജ..... " അവൻ ആലോചിച്ചു. പക്ഷേ ആരോടുമൊന്നും ചോദിച്ചുമില്ല പറഞ്ഞുമില്ല. വീട്ടിൽ തിരികെയെത്തിയ പാടെ പറമ്പിൽ പണിക്കാരുണ്ടെന്നും പറഞ്ഞ് ശേഖരൻ തിരികെപ്പോയി.

ജെറിയും ദേവും കൂടി മുകളിലേക്ക് പോയി. " എന്നാലും ഇതിനിടയിലിതെന്ത് സംഭവിച്ചു... അമ്മയെങ്ങനെ സോജയെ......???? " മുറിയിലേക്ക് കയറി ബെഡിലേക്കിരുന്ന് കാലിൽ കിടന്നിരുന്ന ഷൂ അഴിച്ചുമാറ്റുന്നതിനിടയിൽ ദേവ് ചോദിച്ചു. " അതാ എനിക്കും ചോദിക്കാനുള്ളത്..... ഇവിടിന്നലെ എന്ത് നടന്നു.....??? " " ഇവിടെന്ത്‌ നടക്കാനാ..... ഞാൻ വന്നപ്പോ എന്നോട് പറഞ്ഞു പെണ്ണ് കാണാൻ പോണം ഇനിയും സിനിമയുടെ പേരും പറഞ്ഞ് നടക്കാൻ പറ്റില്ലെന്ന്.... " " എന്നിട്ടോ.....??? " " എന്നിട്ടെന്താ വഴക്കായി..... അവസാനം അമ്മ കരച്ചിലും പിഴിച്ചിലുമായി. നാളെ വന്നില്ലേ അമ്മേ ജീവനോടെ കാണില്ലെന്നൊക്കെ പറഞ്ഞു. അങ്ങനാ ഞാൻ വന്നത്..... പക്ഷേ സോജ..... " " അതാ എനിക്കും മനസിലാവാത്തത്..... കഴിഞ്ഞ ദിവസം ഇവിടുന്ന് പോകുമ്പോൾ നീയും വൈദേഹിയും തമ്മിൽ റിലേഷനിൽ ആണെന്നൊക്കെ ഞാൻ പറഞ്ഞിരുന്നു. "

" എഹ് നീ അതും പറഞ്ഞോ.....???? " ദേവ് ഞെട്ടലോടെ ചോദിച്ചു. " പിന്നെ പറയാതെ..... അവളിവിടുന്ന് കരഞ്ഞോണ്ട് ഇറങ്ങിപോകുന്നതും നിങ്ങടെ സംസാരവുമൊക്കെ നിഷാമ്മ കേട്ടായിരുന്നു. എന്നിട്ട് എന്നോട് ചോദിച്ചു. വേറെ വഴിയില്ലാതെ ഞാൻ സത്യം പറഞ്ഞു. " " ഛെ...... " എന്തോ ഓർത്തുകൊണ്ട് ദേവ് കയ്യിൽ തന്നെ പിടിച്ചിരിക്കുകയായിരുന്ന ഷൂ റൂമിന്റെ മൂലയിലേക്ക് വലിച്ചെറിഞ്ഞു. " ഹാ നീയതൊക്കെ വിട്..... ഇപ്പോ ഏതായാലും നിന്റെ ഇഷ്ടം പോലെ എല്ലാം നടന്നല്ലോ. ബാക്കിയൊക്കെ വരുന്നിടത്ത് . വച്ച് കാണാം.... " വൈദേഹിയുടെ ഓർമ്മകൾ ഏതോ ആപൽസൂചന പോലെ ഹൃദയത്തെ മഥിച്ചുകൊണ്ടിരിക്കുമ്പോഴും ജെറി പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോൾ നിഷ ഡ്രസൊക്കെ മാറ്റിയിട്ട് അവർക്കുള്ള ജൂസുമായി മുകളിലേക്ക് വന്നു. " എന്താ നായകനും ഡയറക്ടറും കൂടിയൊരു കുശുകുശുപ്പ്.....???

ഇനിയെന്ത് നാടകമാടാ നിനക്ക് ഡയറക്ട് ചെയ്യാനുള്ളത്.....?? " അല്പം ഗൗരവത്തിൽ തന്നെ ജെറിയോടായി നിഷ ചോദിച്ചു. " അയ്യോ അമ്മേ ഞാനൊന്നും ചെയ്തില്ല.... " അവൻ നിഷ്കളങ്ക ഭാവത്തിൽ പറഞ്ഞു. " ചെയ്തില്ലേ...... നീയല്ലെടാ എന്നോട് പറഞ്ഞത് ഇവനും ആ നടിയും തമ്മിൽ പ്രേമത്തിലാ അവളെ കെട്ടിയെ ഇവനടങ്ങൂന്ന്..... " അവരത് പറയുമ്പോൾ ദേവും പല്ല് കടിച്ചുകൊണ്ട് അവനെ തന്നെ നോക്കി ഇരിക്കുവായിരുന്നു. " യ്യോ നിഷാമ്മേ ചുമ്മാ ഓരോന്ന് പറയല്ലേ..... എടാ മാധു അവളേയേ കെട്ടൂന്നൊന്നും ഞാൻ പറഞ്ഞില്ല. പ്രേമത്തിലാണെന്ന് മാത്രേ പറഞ്ഞുള്ളു. " കള്ളത്തരം പിടിക്കപ്പെട്ട ഒരു കൊച്ചുകുട്ടിയുടെ വെപ്രാളത്തോടെ ജെറി അവരിരുവരോടുമായി പറഞ്ഞു. " എന്നിട്ടിപ്പോ എന്തായെടാ....... ഇവനിപ്പോ ഇതിലാരെയാ വേണ്ടത്....??"

നിഷ വീണ്ടും ദേഷ്യപ്പെടുന്നത് കണ്ടതും അതുവരെ ഒരക്ഷരം പോലും മിണ്ടാതെ ഇരിക്കുകയായിരുന്ന ദേവ് പതിയെ എണീറ്റു. " അമ്മേ...... ഞാൻ പറയാം..... " " നീയും പറയണം..... ഇപ്പഴല്ല...... ഇത് കഴിഞ്ഞിട്ട്..... " അവനെ അവഗണിക്കും പോലെ ജെറിയിലേക്ക് തന്നെ നോക്കി നിന്നുകൊണ്ട് അവർ പറഞ്ഞു. " ഇപ്പോ തന്നെ പറയണം അമ്മേ. കാരണം അമ്മയുടെ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരങ്ങളും എന്റെ കയ്യിൽ തന്നെയാണ് ഉള്ളത്..... " അവനത് പറഞ്ഞതും നിഷ പതിയെ അവന്റെ നേരെ തിരിഞ്ഞു. അവന് പറയാനുള്ളത് കേൾക്കാൻ തയാറാണെന്ന് പറയാതെ പറയും പോലെ ആ കണ്ണുകളിലേക്ക് തന്നെ നോക്കി കൈകൾ മാറിൽ പിണച്ചുകെട്ടി നിന്നു. " ഇവൻ...... ഇവൻ പറഞ്ഞതെല്ലാം സത്യമായിരുന്നു..... " " എന്നുവച്ചാൽ.....???? " " എന്ന് വച്ചാൽ....... ഞാൻ വൈദേഹിയെ സ്നേഹിച്ചിരുന്നു. സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നു.

പക്ഷേ ഇടക്കാലത്ത് ഒരു പ്രൊജക്റ്റിന്റെ കാര്യത്തിൽ വന്ന അഭിപ്രായവ്യത്യാസം കാരണം ഞങ്ങൾ തമ്മിൽ പിണങ്ങി. അവൾ ഞാനുള്ള സിനിമ ചെയ്യില്ല എന്ന അവസ്ഥയിലേക്ക് വരെ പോയി കാര്യങ്ങൾ..... പക്ഷേ അപ്പോഴും അവളേ അത്രയേറെ സ്നേഹിച്ചുപോയ എനിക്കവളേ കൈവിട്ട് കളയാൻ മനസില്ലായിരുന്നു. അങ്ങനെയിരിക്കെ ഒരു സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു ഫങ്ക്ഷന് പോയപ്പോഴായിരുന്നു അവിടെ വന്ന കുറേ കോളേജ് പിള്ളേരുടെ കൂട്ടത്തിൽ ഞാൻ സോജയേ കണ്ടത്. എന്നോടുള്ള അവളുടെ ആരാധന പിന്നെയും പലയിടത്തും വച്ച് ഞങ്ങളേ കൂട്ടിമുട്ടിച്ചു. ഓർമ്മയിൽ പതിഞ്ഞ മുഖങ്ങളിലൊന്നായി അവളും മാറി. അങ്ങനെയിരിക്കെ ഒരു ദിവസമായിരുന്നു വൈദേഹിയുടെ പിണക്കം മാറ്റാൻ ഞാനൊരു വഴി കണ്ടുപിടിച്ചത്. അതിന്റെ ഭാഗമായി എന്റെ കാമുകിയായി അഭിനയിക്കാൻ ഞാൻ സോജയോട് ആവശ്യപ്പെട്ടു.

തന്റെ സ്ഥാനത്ത് മറ്റൊരാൾ വരുമ്പോൾ അത് നോക്കി നിൽക്കാൻ കഴിയാതെ എല്ലാം മറന്ന് വൈദേഹി തിരിച്ചുവരുമെന്ന് കരുതിയായിരുന്നു ഞാൻ അങ്ങനെയൊരു മണ്ടത്തരത്തിനൊരുങ്ങിയത്. അതിന്റെ ഭാഗമായി ഞാൻ മറ്റൊരു റിലേഷനിൽ ആയിക്കഴിഞ്ഞു അത് സോജയാണെന്ന് പല വഴികളിലൂടെയും ഞാൻ വൈദേഹിയിൽ എത്തിച്ചു. പക്ഷേ....... ഞാൻ പ്രതീക്ഷിച്ചത് പോലൊന്നും നടന്നില്ലെന്ന് മാത്രമല്ല കുറച്ചുദിവസം മുൻപ് സോജ കോളേജിൽ പോക്ക് നിർത്തി അവൾടെ വീട്ടിലേക്ക് തിരികെ പോയി. അതോടെ കാര്യങ്ങളാകെ തകിടമറിഞ്ഞു. ഞാൻ വൈദേഹിയേ പൂർണമായും മറന്നു. സോജയേ കണ്ടുപിടിച്ച് എന്റെ ഇഷ്ടം അവളേ അറിയിക്കുക മാത്രമായി പിന്നീടുള്ള ലക്ഷ്യം. അതുവരെ കൂടെയുണ്ടായിരുന്നവൾ പെട്ടന്ന് എങ്ങോട്ടെന്ന് പോലുമറിയാതെ അപ്രത്യക്ഷമായപ്പോൾ മാത്രമായിരുന്നു

ഞാൻ വൈദേഹിയേക്കാൾ അവളേ സ്നേഹിച്ചിരുന്നുവെന്നും അവളില്ലാതെ പറ്റില്ലെന്നും മനസിലായത്. പക്ഷേ ആ സമയത്ത് തന്നെ ഇവൻ ഇതൊന്നുമറിയാതെ വൈദേഹിയോട് സംസാരിച്ച് ആ പ്രശ്നം സോൾവ് ചെയ്തു. അതോടെ അവൾ എന്നോടടുക്കാൻ ശ്രമിച്ചെങ്കിലും എന്റെ മനസ്സിൽ മുഴുവൻ സോജ മാത്രമായിരുന്നു. അതുകൊണ്ട് തന്നെ വൈദുവിനോട് അടുക്കാൻ എനിക്ക് കഴിഞ്ഞില്ല. ആ കാര്യം അവളേയെങ്ങനെ പറഞ്ഞുമനസിലാക്കുമെന്നും സോജയേ എങ്ങനെ കണ്ടെത്തുമെന്നും ഒന്നുമറിയാത്ത ടെൻഷനിൽ ഞാൻ മദ്യത്തിൽ അഭയം തേടി. പക്ഷേ അപ്പോഴും സോജ പെട്ടന്നൊരു നിമിഷം എല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് പോയത് എന്തിനായിരുന്നുവെന്ന് എനിക്ക് ഇന്ന് അവിടെ വച്ച് അവളേ കാണും വരെ മനസിലായിരുന്നില്ല. " " അയ്യോ പാവം...... രാത്രി ചെന്ന് അവൾടെ കൂടെക്കിടന്ന് കുത്തിമറിയാൻ അറിയാരുന്നു..... "

അമ്മക്ക് മുന്നിൽ മകനൊളിപ്പിച്ച ആ രാത്രിയുടെ ഓർമ്മയിൽ ജെറി മനസ്സിൽ പറഞ്ഞു. ദേവ് പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ തുടർന്നു. " പക്ഷേ ഇന്ന് അവളോട് നേരിട്ട് സംസാരിച്ചപ്പോൾ എന്റെ ആ ചോദ്യത്തിനുള്ള ഉത്തരവും എനിക്ക് കിട്ടി. സോജയ്‌ക്കെന്നോട് ആരാധനയ്ക്കും അപ്പുറം പ്രണയമായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത് ഇന്ന് അവളുടെ വീട്ടിൽ വച്ചാണ്. സ്വന്തമെന്ന് കരുതി ചേർത്തു പിടിച്ചിട്ട് ഒടുവിൽ നഷ്ടമാകുന്നത് കണ്ട് നിൽക്കാൻ വയ്യാന്ന് മനസിലായപ്പോഴായിരുന്നു അവൾ വീട്ടിലേക്ക് പോയത്. എന്നേ മാത്രം ഉള്ളിൽ കൊണ്ടുനടന്ന പെൺകുട്ടിക്കാണ് ഒരു നാടകകാരിയുടെ വേഷം കെട്ടിച്ച് ഞാൻ മോഹം കൊടുത്തത്..... " ഒടുവിൽ ആ വാക്കുകൾ പറയുമ്പോൾ ദേവിന്റെ സ്വരം വല്ലാതെ ഇടറിപ്പോയിരുന്നു. കണ്ണുകൾ നിറഞ്ഞു. പക്ഷേ പൊടുന്നനെ നിഷയുടെ വലതുകൈ അവന്റെ കവിൾ പുകച്ചു. " ഇത് ഞാൻ തരേണ്ടതല്ല.... പക്ഷേ ഇപ്പോ ഇത് തന്നില്ലെങ്കിൽ ഞാനെങ്ങനെ ഒരു പെണ്ണാണെന്ന് പറയും..... " അമ്പരന്ന് നിന്നവന്റെ മുഖത്ത് കടുപ്പിച്ച് നോക്കിക്കൊണ്ട്‌ നിഷ പറഞ്ഞു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story