ആരാധികേ: ഭാഗം 22

aradhika abhirami

രചന: അഭിരാമി ആമി

അവളുടെ പെട്ടന്നുണ്ടായ ആ സമ്മതം അവനെ പോലും അത്ഭുതപ്പെടുത്തിയിരുന്നു. " പക്ഷേ.... പക്ഷേ ഒന്നുണ്ട്. ഈ ലോകത്തിന് മുന്നിൽ മുഴുവൻ നിങ്ങളുടെ കാമുകിയായ് എന്നേ കൊണ്ടാടാൻ കഴിയില്ല. കാരണം എനിക്കൊരു കുടുംബമുണ്ട്. അച്ഛനമ്മമാരുണ്ട്. അവർക്കിതൊന്നും അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ട് നിങ്ങളുടെ പ്രണയത്തിന് മുന്നിൽ മാത്രം ഞാൻ നിങ്ങൾ പറഞ്ഞ വേഷം ആടിത്തീർക്കും. " ശാന്തമായ് തന്നെ അവൾ പറഞ്ഞു. ദേവിന്റെ മുഖം സന്തോഷം കൊണ്ട് തിളങ്ങി. " എഗ്രീഡ്...... മതി സോജാ മതി...... അവൾക്ക് മുന്നിൽ മാത്രം മതി. " അവൻ സന്തോഷത്തോടെ അവളുടെ കൈകൾ ചേർത്ത് പിടിച്ചു. പക്ഷേ അപ്പോഴും തന്നെയോർത്ത് ഓരോ നിമിഷവും എരിഞ്ഞടങ്ങിക്കൊണ്ടിരിക്കുന്നവളുടെ ഹൃദയത്തിലേക്കാണ് താൻ വീണ്ടും എണ്ണ പകർന്നതെന്ന് അവനറിഞ്ഞില്ല.

" ഇതിന് പകരമായ് തനിക്ക് ഞാനെന്തും തരും സോജാ..... എന്തും ചോദിക്കാം തനിക്ക്..... " അവൻ ആവേശത്തോടെ പറഞ്ഞു. പക്ഷേ അപ്പോഴും അവളൊരു വാടിയ ചിരി ചിരിക്കുക മാത്രം ചെയ്തു. " എനിക്ക് വേണ്ടതൊന്ന് മാത്രമാണ് ദേവ്..... അത് തന്നെയാണ് ഞാനിന്ന് ഇവിടെ ഉപേക്ഷിക്കുന്നതും. " അവളുടെ ഹൃദയം മുറവിളി കൂട്ടി. " മോളേ...... " കവിളിൽ തട്ടിയുള്ള ആ വിളിയിൽ അവൾ ഞെട്ടിയുണർന്നു. ആദ്യം കണ്ടത് പഞ്ഞിക്കെട്ട് പോലെ നരച്ച മുടിയിഴകളായിരുന്നു. അവ ശക്തമായ കാറ്റിൽ പാറിപ്പറക്കുന്നുണ്ടായിരുന്നു.. " എന്തുപറ്റി മോളേ.....??? " വീണ്ടും ആ സ്വരം. കണ്ണുകൾ പതിയെ ആ ചോദ്യത്തിന്റെ ഉറവിടം തേടി ആ മുഖത്തേക്ക് പാഞ്ഞു. നെറ്റിയിലെ ചുവന്ന കുങ്കുമപ്പൊട്ടും ഫ്രെയിം ലെസ് കണ്ണടയുമൊക്കെ വച്ച് അധരങ്ങളിൽ അലിവ് നിറഞ്ഞ പുഞ്ചിരിയൊഴുക്കിക്കൊണ്ട് ഒരു മുത്തശ്ശി. ആ മുഖം കാണെ പെട്ടന്ന് ഓർമ്മ വന്നത് പാട്ടിയെ ആയിരുന്നു. പാട്ടിയും ഇതുപോലെ തന്നെയായിരുന്നു. കണ്ണാ....

എന്നൊരൊറ്റവിളിയിൽ സങ്കടങ്ങളെല്ലാം ഉരുക്കിക്കളയുമായിരുന്നു. പാട്ടിയുടെ മുഖം ഓർമ്മയിൽ വന്നതും യാന്ത്രികമായി ആ മാറിലേക്ക് തല ചായ്ച്ചുപോയി. യാതൊരു അസ്വസ്ഥതയും കൂടാതെ അവരും അവളെ വാത്സല്യത്തോടെ അണച്ച് പിടിച്ചു. ആ മാറിൽ ചേർന്നിരിക്കുമ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി സോജയ്ക്ക്. പാട്ടി ചേർത്തണയ്ക്കും പോലെ തന്നെ. ആ ഉടലിൽ നിന്നും പുറപ്പെടുന്ന ചന്ദനമണത്തിൽ മയങ്ങി കുറേ നേരം അവളെങ്ങനെ ഇരുന്നു. " കരയല്ലേ മോളേ...... എന്തിനാ ന്റെ കുട്ടിയിങ്ങനെ കരയണേ......???? " " നിക്ക്..... നിക്കറിയില്ല പാട്ടി..... " എന്തോ അപ്പോ അങ്ങനെ വിളിക്കാനാണ് തോന്നിയത്. അവരൊട്ട് തടഞ്ഞതുമില്ല. വാത്സല്യത്തോടെ തഴുകുക മാത്രം ചെയ്തു. " എന്റെ നെഞ്ച് പൊട്ടുവാ പാട്ടി.... ദേവ്...... ദേവില്ലാതെ ഈ സോജയില്ല. എനിക്കൊന്ന് മരിക്കണം..... പക്ഷേ..... പക്ഷേ അപ്പാവുടെ മുഖം ഓർക്കുമ്പോൾ...... " ചങ്കിലെന്തോ കൊളുത്തി വലിച്ചിട്ടെന്നപോലെ അവൾ വാക്കുകൾ പാതിയിൽ നിർത്തി.

" അരുത് കുഞ്ഞെ...... നീയാരാണെന്നോ നീയീ പറഞ്ഞത് ആരെക്കുറിച്ചാണെന്നോ എനിക്കറിയില്ല. പക്ഷേ മോളേ ഒന്ന് മനസ്സിലായി. നിന്റെ നെഞ്ച് പിടയുവാ അവനെയോർത്ത്. നീയെന്നെ ആദ്യം വിളിച്ചത് പാട്ടിന്നല്ലേ..... ആ സ്ഥാനത്ത് നിന്ന് തന്നെ പറയുവാ..... മക്കള് കരയണ്ട..... കടുത്ത തീരുമാനങ്ങളും എടുക്കണ്ട. അവൻ നിനക്കുള്ളതാണേൽ നിന്റടുത്ത് തന്നെ വരും.... നെഞ്ച് നീറിയുള്ള എന്റെ മോൾടെ കണ്ണീര് ഈശ്വരൻ കാണും. അതുകൊണ്ട് കരയരുത്...... ബാ..... " അലിവോടെ അവളെ ആശ്വസിപ്പിച്ചുകൊണ്ട് സ്വന്തം മടിയിലേക്കവളെ ചായ്ച്ചുകിടത്തിയവർ. ഉറങ്ങിക്കോ..... എല്ലാം നേരെയാകും.... " മുടിയിഴകളിലൂടെ ഒഴുകുന്ന ആ വിരലുകളുടെ തണുപ്പേറ്റ് അവൾ പതിയെ കണ്ണുകളടച്ചു. ************* " മോളേ...... " വീണ്ടും പാട്ടിയുടെ സ്വരമായിരുന്നു ദേവെന്ന സ്വപ്നത്തിൽ മാണ്ട് കിടന്നിരുന്ന അവളെ ഉണർത്തിയത്. കണ്ണുകൾ വലിച്ചുതുറക്കുമ്പോൾ അതേ പുഞ്ചിരിയോടെ തന്നെ അവർ അരികിലുണ്ടായിരുന്നു.

" എണീക്ക് മോളേ പാലക്കാട്‌ അടുത്തു..... " അവർ പുഞ്ചിരിച്ചു. തിരികെയൊരു പുഞ്ചിരിയെങ്കിലും നന്ദി സൂചകമായി നൽകണമെന്ന് മോഹിച്ചെങ്കിലും ഉള്ളിലെ എരിയുന്ന കനലവളെ അതിനനുവധിച്ചില്ല. നിർവികാരമായി തന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്നവളുടെ കവിളിൽ അവർ അലിവോടെ തഴുകി. " പാട്ടിയുടെ പ്രാർഥനകളിൽ എന്നും മോളുണ്ടാകും. ഈ കണ്ണീര് തോരുമ്പോ വരില്ലേ നീ ഈ പാട്ടിയെ കാണാൻ....???? " അവർ ചോദിക്കുമ്പോൾ യാന്ത്രികമായി തലയനക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളു. " ഇതാണ് എന്റെ അഡ്രെസ്സ്..... വരണം. പാട്ടി കാത്തിരിക്കും. " ചെറിയൊരു തുണ്ട് പേപ്പർ അവൾക്ക് നീട്ടി അവർ പറഞ്ഞു. അത് വാങ്ങി അവരുടെ മാറിലേക്ക് ചൊതുങ്ങുമ്പോൾ അതുവരെ ചേർത്തണച്ചതിന് പകരമായി അതിലുമപ്പുറമൊന്നും നൽകാനുണ്ടായിരുന്നില്ല അവളിൽ. " എന്റെ വീടും പാലക്കാട്‌ തന്നാ..... എനിക്കൊരു കൊച്ചുമോൻ മാത്രേ ഉള്ളു. അവൻ കൊച്ചാ പ്ലസ്ടു കഴിഞ്ഞു. " ചോദിക്കാതെ തന്നെ അവർ പറയുമ്പോൾ അവൾ വെറുതേ കേട്ടിരുന്നു.

അപ്പോഴേക്കും ട്രെയിൻ പാലക്കാട്‌ സ്റ്റേഷനിൽ നിന്നിരുന്നു. " പോട്ടെ കണ്ണാ..... " അവളെ ചേർത്ത് പിടിച്ച് ആ നെറുകയിൽ ഒന്ന് മുത്തി അവസാനമായ് പറഞ്ഞിട്ട് അവർ തന്റെ കുഞ്ഞ് ബാഗുമായി പുറത്തേക്ക് നടന്നു. പിന്നാലെ സോജയും. ************** ഒരോട്ടോയിൽ പടിപ്പുരക്ക്‌ മുന്നിൽ വന്നിറങ്ങുമ്പോൾ തന്നെ കണ്ടു. മുറ്റത്ത് നിന്ന് നിരത്തിയിട്ട കൊപ്ര കാലുകൊണ്ട് ഇളക്കിയിടുന്ന പദ്മയെ. " അമ്മാ..... " വിളിച്ചുകൊണ്ട് ഓടിചെന്ന് പുണരുമ്പോൾ ആ മുഖം അമ്പരപ്പിൽ വികസിച്ചിരുന്നു. " നീ എത്ക്ക്‌ ജാനി സൊല്ലാതെ വന്തിര്ക്ക്....??? " അവർ അതിശയത്തോടെ ചോദിക്കുമ്പോൾ ആ കരങ്ങൾക്കുള്ളിലൊതുങ്ങി നിന്ന് കരയാതിരിക്കാൻ പെടാപ്പാട് പെടുകയായിരുന്നു സോജ. " ഒന്നുല്ലമ്മാ..... കുറച്ച് ദിവസം ഇവിടെ വന്ന് ഉങ്കള് കൂടെ നിക്കാൻ തോന്നിടിച്ച്. അപ്പോ താ കലമ്പീട്ടേ...... " അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു. പക്ഷേ ചുണ്ടുകളെന്തോ വിചാരിക്കുന്നിടത്തേക്ക് വഴങ്ങാത്തത് പോലെ. " അപ്പാ എങ്കെ....??? " " തൊടിയിൽ എങ്കെയോ ഉണ്ട്. എന്നാലും ഉനക്ക് ഒരു കാൾ പണ്ണകൂടാതാ ജാനി....???? "

അവർക്ക് പരിഭവമൊഴിയുന്നേയുണ്ടായിരുന്നില്ല. " ഞാനെന്താമ്മാ ചിന്ന കുഴന്തയാ....??? " " ആമാ.....നീ എങ്കളുക്ക് എപ്പൊതുമേ ചിന്ന കുഴന്ത താ..... " മുഖം വീർപ്പിച്ചുപിടിച്ചുകൊണ്ട് പദ്മ അകത്തേക്ക് നടന്നു. " നീങ്ക സൊല്ല മാതിരി ചിന്ന കുഴന്ത ആയാ പോതുമമ്മാ എപ്പോവുമേ.... അങ്ങനെ ആയിരുന്നെങ്കിൽ എനിക്ക് ഇത്രമേൽ നോവില്ലാരുന്നമ്മാ..... ഉയിര് വലിക്കിറമ്മാ..... " നെഞ്ച് അമർത്തി തടവി അവൾ സ്വയം മന്ത്രിച്ചു. പിന്നെ ഒരു ശവം പോലെ മുകളിലേക്കുള്ള മരകോവണി കയറി. മുറിയിലെത്തി കിടക്കയിലേക്ക് കുഴഞ്ഞൂവീഴുമ്പോഴും ഉള്ളിൽ നിറയെ അവൻ മാത്രമായിരുന്നു. ദേവ്.... " എന്നേ തിരയുന്നുണ്ടാകുമോ.....??? " അവൾ വെറുതേയോർത്തു. " ഉണ്ടാകും...... ചെയ്തുപോയ തെറ്റോർക്കുമ്പോൾ ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടാകും. എന്നോട് അഭിനയിക്കാൻ പറഞ്ഞ നിമിഷത്തേ ശപിക്കുന്നുണ്ടാവും.

പക്ഷേ..... പക്ഷേ ദേവ്..... എനിക്ക് വിഷമമില്ല..... സന്തോഷമേയുള്ളൂ. അത്ര..... അത്ര നേരം മാത്രമെങ്കിലും നിങ്ങളെന്റെ മാത്രമായിരുന്നല്ലോ..... അത്രമേൽ പ്രണയത്തോടെ സോജാന്ന് വിളിച്ചല്ലോ..... നെഞ്ചിൽ ചേർത്ത് പിടിച്ചല്ലോ..... ചുംബിച്ചല്ലോ..... പ്രാണൻ പകുത്തല്ലോ..... മതി ദേവ്..... ഇത്രയുമേ ഈ പെണ്ണിന് വിധിച്ചിട്ടുണ്ടാവൂ..... അതുമതി...... അതുമതിയെനിക്ക്......" പക്ഷേ എങ്ങനെയൊക്കെ അടക്കാൻ ശ്രമിച്ചിട്ടും നെഞ്ചിലെ ഭാരമിറങ്ങുന്നുണ്ടായിരുന്നില്ല. കണ്ണുകൾ ചോർന്നൊലിച്ചുകൊണ്ടുമിരുന്നു.. മരിച്ചുപോകുമോ എന്ന് പോലും ഒരു നിമിഷം അവൾ ഭയന്നു. അത്രമേൽ ഹൃദയം പിടയുന്നു. ശ്വാസം പോലും വിലങ്ങി നിൽക്കുന്നു. അവനെയൊന്ന് കാണാൻ ആ നെഞ്ചിൽ വീണൊന്ന് അലറിക്കരയാൻ അവളുടെ നെഞ്ചം വല്ലാതെ മോഹിച്ചു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story