ആരാധികേ: ഭാഗം 24

aradhika abhirami

രചന: അഭിരാമി ആമി

" ഡീ നാളെയൊന്ന് കാണാൻ പറ്റുമോ....??? " പെട്ടന്ന് ദേവ് ചോദിച്ചത് കേട്ടപ്പോൾ നെഞ്ചിലൊരു കുളിർ മഴ പെയ്തത് പോലെ തോന്നി സോജയ്ക്ക്. അവളുടെ അധരങ്ങൾ വിടർന്നു. എങ്കിലും ആ സന്തോഷം പുറത്ത് കാണിക്കാതെ അവൾ ചോദിച്ചു... " എന്തിനാ.....???? " " എന്തിനാന്നറിഞ്ഞാലേ നീ വരത്തൊള്ളോ....??? " ആ ചോദ്യത്തിലെ പരിഭവം തിരിച്ചറിഞ്ഞതും സോജയൊന്നൂറി ചിരിച്ചു. " എന്നല്ല..... എന്നാലും അറിയണമല്ലോ....." " ഓഹ് അപ്പൊ ഞാൻ വിളിച്ചാൽ കാര്യം അറിയാതെ നീയിറങ്ങി വരില്ലല്ലേ.....??? എങ്കിൽ പിന്നെ വേണ്ട..... ശെരിയെന്നാൽ....." " യ്യോ വെക്കല്ലേ വെക്കല്ലേ....." " എന്താ.....??? " " ഞാൻ വരാം..... " അവളത് പറഞ്ഞതും ദേവ് അരിയാതെ ചിരിച്ചുപോയി. " മ്മ്ഹ്...... ഉച്ചക്ക് ഞാനെത്തും.... " " എന്തേ ഉച്ചക്ക്......???? " " രാവിലെ ഒരാളേ കാണാനുണ്ട്..... ചിലതൊക്കെ അവസാനിപ്പിക്കാനുണ്ട്. അതുകഴിഞ്ഞ് അങ്ങെത്തിക്കോളാം.... "

" ............ " ആരെയാ കാണാനുള്ളത് എന്താ അവസാനിപ്പിക്കാനുള്ളത് എന്നൊക്കെ അറിയാതെ ഉള്ളൊന്ന് പാറിയെങ്കിലും സോജ മിണ്ടിയില്ല. " ഡീ...... " " മ്മ്ഹ്......???? " " നീയെന്താ ഒന്നും ചോദിക്കാത്തത്......??? നിനക്കറിയണ്ടേ ഞാനെങ്ങോട്ടാ പോണതെന്ന്.....???? " അവൾ മറുപടിയൊന്നും പറഞ്ഞില്ല. " ഡീ..... " " അത്രയ്ക്കൊക്കെ...... അത്രയ്ക്കൊക്കെ അവകാശം എനിക്കായോ ദേവ്......??? " ആ സ്വരം നേർത്തിരുന്നു. ഇപ്പോഴും അർഹതയില്ലാത്ത സ്ഥാനത്താണ് താൻ നിലകൊള്ളുന്നതെന്ന തോന്നലാണ് അവളുടെയാ ചോദ്യത്തിന് പിന്നിലെന്ന് ദേവിനും നല്ലത് പോലെയറിയാമായിരുന്നു. അതുകൊണ്ട് തന്നെ അവനൊരു നിമിഷം ഒന്നും പ്രതികരിച്ചില്ല. " എന്നിൽ നിന്നോളം അവകാശം ഇപ്പൊ മറ്റാർക്കും ഇല്ല സോജ...... എനിക്ക് മനസിലാകും നിന്റെ പ്രയാസം..... വൈദേഹിയുടെ സ്ഥാനത്ത് വലിഞ്ഞുകയറി വന്നതാണ് നീയെന്നൊരു തോന്നൽ നിനക്കുണ്ട്.....

. അതിന്റെയൊന്നും ആവശ്യമില്ല സോജാ..... നമ്മുടെ ബന്ധത്തിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് എന്റെ ഭാഗത്ത് നിന്ന് മാത്രമാണ്...... ഞാനാണ് നിങ്ങളെ രണ്ട് പേരെയും ഒരുപോലെ...... അവിടെ നിങ്ങൾ രണ്ടാളും ഒരു തെറ്റും ചെയ്തിട്ടില്ല. അതുകൊണ്ട് നീ വിഷമിക്കരുത്. " " എന്നാലും ദേവ്...... " " ഒന്നുല്ല പെണ്ണേ..... നാളെ ഞാൻ വരും. അതിന് മുന്നേ എനിക്ക് വൈദേഹിയെ ഒന്ന് കാണണം. തെറ്റുകൾ ഏറ്റുപറയണം. കാര്യങ്ങൾ അവളേ ബോധ്യപ്പെടുത്തണം. " അവനത് പറഞ്ഞപ്പോൾ സോജയിൽ നിന്നുമൊരു നെടുവീർപ്പുതിർന്നു. കാരണമറിയാത്തൊരു നൊമ്പരം അവളുടെ ഹൃദയത്തിലേക്ക് പിടഞ്ഞുകയറി. അധരങ്ങൾ വിതുമ്പി. " സോജാ.... " അവളുടെ നോവറിഞ്ഞത് പോലെ അവൻ വിളിച്ചു. . " മ്മ്ഹ്..... " " കരയല്ലേ പെണ്ണേ..... നിനക്ക് ഞാനുണ്ട്..... എന്നും..... എന്നും നിനക്ക് ഞാനുണ്ട്. " അവൻ പറഞ്ഞു. " മ്മ്ഹ്..... " ❤️

പിറ്റേദിവസം രാവിലെ കുടുംബക്ഷേത്രത്തിൽ പോയി തൊഴുതിട്ടായിരുന്നു ദേവ് വൈദേഹിയെ കാണാൻ വേണ്ടി പോയത്. രാവിലെ തന്നെ അവളേ വിളിച്ച് ബീച്ചിലേക്ക് വരാൻ പറഞ്ഞിരുന്നു. ദേവ് എത്തുമ്പോൾ മുൻപേ എത്തിയ വൈവേദി തന്റെ കാറിൽ ചാരി കടലിലേക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഇളം റോസ് നിറത്തിലൊരു സാരിയും സ്ലീവ് ലെസ്സ് ബ്ലൗസും ആയിരുന്നു അവളുടെ വേഷം. മുടി ഓപ്പൺ സ്റ്റൈലിൽ വിടർത്തിയിട്ടിരുന്നു. ഡ്രൈവിംഗ് സീറ്റിട്ടിലിരുന്ന് തന്നെ അവളേ അല്പനേരം നോക്കിയിരുന്നിട്ട് അവൻ പതിയെ പുറത്തേക്കിറങ്ങി അവളേ ലക്ഷ്യമാക്കി നടന്നു. " വൈദു..... " അരികിലേക്ക് എത്തി അവൻ പതിയെ വിളിച്ചു. " ആഹ് ദേവ്..... " അവന്റെ സ്വരം കേട്ടതും വല്ലാത്തൊരു ആവേശത്തോടെ തിരിഞ്ഞ് നോക്കിയ അവൾ പുഞ്ചിരിച്ചു. നാളുകൾക്ക് ശേഷം അവളിൽ വിരിഞ്ഞ ആ പുഞ്ചിരി അവളേ കൂടുതൽ സുന്ദരിയാക്കിയിരുന്നു. " എനിക്ക്....... എനിക്കറിയാമായിരുന്നു ദേവ് നിനക്കെന്നെ അങ്ങനെ മറന്നുകളയാൻ കഴിയില്ലെന്ന്. " പറഞ്ഞതും അത്യാഹ്ലാദത്തോടെ വൈദേഹി അവനെ കെട്ടിപ്പിടിച്ചു.

അതുവരെ അവളേ പൊതിഞ്ഞു നിന്നിരുന്ന പെർഫ്യൂമിന്റെ തീക്ഷണ ഗന്ധം ആ നിമിഷം അവനെയും പൊതിഞ്ഞു. ഒരു നിമിഷം എന്ത് ചെയ്യണമെന്ന് പോലുമറിയാതെ അവനും അങ്ങനെ തന്നെ നിന്നു. പക്ഷേ ഒന്നാശ്വസിപ്പിക്കാൻ വേണ്ടി പോലും അവളേയൊന്ന് ചേർത്തണയ്ക്കാൻ ദേവിന്റെ കൈകൾ വഴങ്ങിയില്ല. " ജെറി എന്നോടെല്ലാം പറഞ്ഞു.... സോറീ ദേവ്..... എല്ലാം എന്റെ തെറ്റാ.... ഞാനാ നിന്നെ ..... ജെറിയെല്ലാം എന്നോട് പറഞ്ഞു. പാവം സോജയേം വെറുതേ നമ്മുടെ പ്രശ്നത്തിലോട്ട് വലിച്ചിട്ടും. സാരമില്ല ഇപ്പൊ എല്ലാം ശെരിയായല്ലോ...... നീ വന്നല്ലോ..... നാളെ തന്നെ നമുക്കൊരുമിച്ച് സോജയെ പോയി കാണണം. അവളോട് എനിക്കും സോറി പറയണം..... " " നീയിതെന്തൊക്കെയാ വൈദേഹി ഈ പറയുന്നത്......???? " പെട്ടന്നായിരുന്നു സഹികെട്ടത് പോലെയുള്ള ദേവിന്റെ പ്രതികരണം. " എന്താ..... എന്താ ദേവ്......??? " അവളമ്പരന്ന് ചോദിച്ചപ്പോൾ ആ മുഖത്തേക്ക് നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ദേവിന്. അവൻ നോട്ടം അലറിക്കുതിക്കുന്ന തിരകളിലേക്ക് മാറ്റി.

" ഞാൻ..... ഞാൻ നീ കരുതും പോലെ വീണ്ടും പഴയ ദേവായി തിരിച്ചുവന്നതല്ല വൈദു..... " " പ്..... പിന്നേ.....???? " അവളുടെ സ്വരം വിറച്ചു. കണ്ണുകൾ തുറിച്ചു. " നിന്നോട്..... മാപ്പ് പറയാനാ ഞാൻ വന്നത്. " " എന്തിന്.....???? " ഇളകിമറിയുന്ന ആ കടലിനെക്കാൾ അലകൾ പേറിയിരുന്നെന്ന് തോന്നി അപ്പോഴവളുടെ ചോദ്യത്തിൽ. " എനിക്ക്...... എനിക്കിനി സോജയെ ഒഴിവാക്കാൻ കഴിയില്ല വൈദു...." " വാട്ട്........!!!!!!!!!!!!! " " സത്യം....... വെറുതേ നിന്റെ മുന്നിലൊരു നാടകം കളിക്കാൻ മാത്രായിരുന്നു ഞാൻ സോജയെ ഒപ്പം കൂട്ടിയത്. പക്ഷേ...... പക്ഷേ..... പിന്നീട് എപ്പോഴോ ഞാനവളെ സ്നേഹിച്ചുപോയി. കുടിച്ച് ബോധം നശിച്ച ഒരു രാത്രി ഞാനവളേ...... " " സ്റ്റോപ്പ്‌ ഇറ്റ് ദേവ്......!!!!!! " ഇനിയും കേൾക്കാൻ ശക്തിയില്ലാത്തത് പോലെ അവളലറി. " ഇനി...... ഇനി ഞാനെന്ത് ചെയ്യണം ദേവ്.......???? നിന്നെ.... നിന്നെ മാത്രം കാത്തിരുന്ന ഞാനിനി എന്താടാ ചെയ്യേണ്ടത്.....???? " പാഞ്ഞുവന്നവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് അവളൊരു ഭ്രാന്തിയെപ്പോലെ അലറി. " വൈദു...... "

" വിളിക്കരുത് ആ പേര്..... ഒടുവിൽ..... ഒടുവിൽ ഞാൻ..... " " വൈദു..... " " തൊടരുത് നീയെന്നേ....." സർവം തകർന്ന് പൊട്ടിത്തുറന്ന് കരയുന്നവളുടെ നേർക്ക് നീണ്ട അവന്റെ കൈകളെ അവൾ തട്ടി മാറ്റി. ഇരുകൈകൾ കൊണ്ടും മുഖം പൊത്തി പൊട്ടിക്കരഞ്ഞുകൊണ്ട് ആ മണ്ണിലേക്കവൾ ഊർന്നിരുന്നു. " വൈദു..... " " വേണ്ടാ ദേവ്..... പൊയ്ക്കോ..... പൊയ്ക്കോ എന്റെ മുന്നിന്ന്...... ഞാൻ നിന്നെ ശപിക്കൊന്നും ഇല്ല. വെറുപ്പും ഇല്ല. ഇനിയും വിഡ്ഢിവേഷം കെട്ടിക്കാതെ തുറന്നുപറഞ്ഞല്ലോ. അതിന് നന്ദിയുണ്ട്. ഇനി വൈദേഹിയുടെ ജീവിതത്തിൽ ദേവ് മാധവ് ഇല്ല. " അവസാനവാക്കുകൾ പറയുമ്പോൾ വാക്കുകൾ തൊണ്ടയിൽ കുരുങ്ങിയിട്ടെന്നപോലെ അവൾ നെഞ്ചമർത്തി തടവി. " വൈദു ഞാൻ.... " " പേടിക്കണ്ട ദേവ്..... ഈ വേദന താങ്ങാൻ കഴിയാതെ ഞാൻ ആത്മഹത്യ ചെയ്യൊന്നുമില്ല. ഞാൻ ജീവിക്കും. ജീവിക്കും....... പൊയ്ക്കോ...... "

തന്നേത്തന്നെ നോക്കി നിസ്സഹായനായി നിൽക്കുന്നവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവളാ ആഴിക്കഭിമുഖമായി ഇരുന്നു. അവളുടെ ഉള്ളിലെ കൊടുങ്കാറ്റിന്റെ തീവ്രതയറിഞ്ഞിട്ടെന്നപോലെ ആ കടലപ്പോഴും ഭ്രാന്തമായി തീരത്തേക്ക് പാഞ്ഞുകയറിക്കൊണ്ടേയിരുന്നു. പക്ഷേ അതൊന്നും വൈദേഹി അറിഞ്ഞില്ല. അവൾ ഒരു ശിലകണക്കങ്ങനെയിരുന്നു. ഇടയ്ക്കിടെ ശക്തിയേറിയ തിരമാലകൾ വന്ന് അവളേ സമാശ്വസിപ്പിക്കും പോലെ ആ പാദങ്ങളെ തഴുകിത്തലോടിക്കോണ്ടിരുന്നു. ❤️ വൈകുന്നേരം മഹേന്ദ്രൻ വീട്ടിലേക്ക് മടങ്ങി വരുമ്പോൾ വൈദേഹിയുടെ കാർ പോർച്ചിൽ കിടക്കുന്നുണ്ടായിരുന്നു.

അവളിന്നും പോയില്ലേ എന്നോർത്തുകൊണ്ട് അയാൾ നേരെ അകത്തേക്ക് കയറി. " മോള് വന്നോ ശ്രീജേ..... " അകത്തേക്ക് വരുമ്പോൾ ഡൈനിംഗ് ഹാളിൽ നിന്നെന്തോ ചെയ്തുകൊണ്ട് നിൽക്കുകയായിരുന്ന വീട്ടുജോലിക്ക് വരാറുണ്ടായിരുന്ന സ്ത്രീയോട് അയാൾ ചോദിച്ചു. " മുകളിലുണ്ട് സാറെ..... ഇതുവരെ തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല. വന്നനേരം മുതൽ കരച്ചില് തന്നെയായിരുന്നു. പതിവ് തലവേദനയും ഉണ്ടെന്ന് തോന്നുന്നു. അത്രയും പറഞ്ഞതും ബാക്കി കേൾക്കാനുള്ള ക്ഷമയില്ലാത്തത് പോലെ മഹേന്ദ്രൻ ധൃതിയിൽ മുകളിലേക്കുള്ള സ്റ്റെപ്പുകൾ ഓടിക്കയറി. " മോളെ..... " മുറിയുടെ വാതിൽക്കൽ ചെന്ന് അകത്തേക്ക് നോക്കിയതും മകളുടെ കോലം കണ്ട് നെഞ്ച് പൊട്ടും പോലെ തോന്നിയ അയാൾ വിളിച്ചു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story