ആരാധികേ: ഭാഗം 25

aradhika abhirami

രചന: അഭിരാമി ആമി

വാതിലിൽ നിന്നും മഹേന്ദ്രന്റെ വിളി കേട്ടതും ഞെട്ടിയിട്ടെന്ന പോലെ വൈദേഹി അങ്ങോട്ട് നോക്കി. അയാളുടെ തലവെട്ടം കണ്ടതും വെപ്രാളപ്പെട്ട് മുഖം തുടച്ചുകൊണ്ട് എണീറ്റു. " ആഹ് അച്...... " എന്തോ ചോദിക്കാൻ ശ്രമിച്ചുവെങ്കിലും ശബ്ദം ചിതറിപ്പോയി. ഹൃദയത്തിൽ ആരോ കൂടം കൊണ്ടടിക്കുന്ന നൊമ്പരം. ശ്വാസം വിടാൻ പോലും ഭയം തോന്നുന്നു. അയാളുടെ കണ്ണുകളെ നേരിടാൻ കഴിയാതെ അവൾ മിഴികൾ തറയിലുറപ്പിച്ച് നിന്നു. അവയിൽ നിന്നും പുറത്തേക്ക് കുതിക്കാൻ വെമ്പി നിൽക്കുന്ന മിഴിനീരിനെ ഏതോ അദൃശ്യ നൂലിനാൽ ബന്ധിച്ച് നിർത്തി. കൈവിരലുകൾ ഒരു ബലത്തിനെന്ന പോലെ സാരിയിൽ അമർന്നു. പക്ഷേ എത്രയൊക്കെ ഒളിച്ചാലും ഇരുപത്തിയാറ് വർഷം ഹൃദയത്തിൽ ചുമന്ന മകളുടെ ഒരനക്കം പോലും തിരിച്ചറിഞ്ഞിരുന്ന ആ പിതാവിനെ മറയ്ക്കാൻ മാത്രമുള്ള അഭിനയ പാഠവമൊന്നും വൈദേഹി വർമയെന്ന അഭിനേത്രിയും കൈ വരിച്ചിരുന്നില്ല.

തന്റെ സാന്നിധ്യത്തിൽ ഒന്ന് പൊട്ടിക്കരയാൻ പോലും ഭയന്ന് നിൽക്കുകയായിരുന്ന മകളേ നോക്കി നിൽക്കുമ്പോൾ മഹേന്ദ്രനിലെ പിതൃ ഹൃദയം തേങ്ങി. " മോളെ...... " ആ വിളി മാത്രം മതിയായിരുന്നു ഒരു പൊട്ടിത്തെറിയിലേക്ക് ആ പെണ്ണിനെ വലിച്ചെറിഞ്ഞു കളയാൻ. " അച്ഛാ....... " ഒരു കൊടുങ്കാറ്റ് പോലെ പാഞ്ഞു ചെന്നയാളെ വരിഞ്ഞു മുറുക്കുമ്പോൾ , ആ നെഞ്ചിലെ പിടപ്പിലേക്ക് ചേർന്ന് നിന്ന് അലറി കരയുമ്പോൾ അവൾ സർവവും മറന്നുപോയിരുന്നു. മഹേന്ദ്രനും അവളേ തടയാൻ ശ്രമിച്ചതേയില്ല. പെയ്യാൻ മടിച്ച മാനം പോലെ കാർമേഘം തിങ്ങി നിന്നിരുന്ന അവളുടെ ഹൃദയ താളം പിഴച്ചു പോകാതിരിക്കാൻ , സമനില തെറ്റിയൊരു ഭ്രാന്തിയായി മകൾ മാറാതിരിക്കാൻ അവൾ വേണ്ടുവോളം കരഞ്ഞോട്ടെന്ന് അയാളും കരുതി. വെറുതേ ആ മുടിയിഴകളിൽ തലോടി അവളേ ചേർത്തു പിടിച്ചങ്ങനെ നിന്നു.

അവളുടെ ഓരോ കണ്ണീർ തുള്ളികളും തന്റെ നെഞ്ചിനെ പൊള്ളിക്കുന്നതും ഏങ്ങലുകൾ ഹൃദയ പാളികൾ തുളയ്ക്കുന്നതും അറിയുന്നുണ്ടായിരുന്നുവെങ്കിലും മഹേന്ദ്രനൊന്ന് ചലിക്കുക കൂടെ ചെയ്തിരുന്നില്ല. നിമിഷങ്ങൾ കടന്നുപോയി. ഒടുവിൽ പെയ്തു തോർന്ന മാനം പോലെ വൈദേഹിയിലെ തേങ്ങലുകൾ നിലച്ചു. ആ ശരീരം ഭാരമേറി നിലത്തേക്കൂർന്ന് വീണു. " മോളെ...... " മഹേന്ദ്രൻ വേപഥുവോടെ വിളിച്ചു. വാടിയ ചേമ്പിൻ തണ്ട് പോലെ നിലത്ത് വീണ് കിടന്നവളേ വാരിയെടുത്ത് കിടക്കയിലേക്ക് കിടത്തി. മേശ മേലെ ഇരുന്നിരുന്ന ജഗ്ഗിലെ വെള്ളമെടുത്ത് അവളുടെ മുഖത്തേക്ക് തളിച്ചു. ഒന്ന് രണ്ട് വട്ടം അതാവർത്തിച്ചപ്പോൾ വൈദേഹിയുടെ മിഴികൾ പതിയെ അനങ്ങി. ഒരു ഞരക്കത്തോടെ അവൾ പതിയെ കണ്ണുകൾ തുറന്നു. " അച്ഛാ..... " ആ വരണ്ട അധരങ്ങൾ ചലിച്ചു.

" എന്താടാ ഇതൊക്കെ..... എന്തൊക്കെ സംഭവിച്ചാലും അച്ഛനില്ലേ നിന്റെ കൂടെ.....???? പിന്നെന്തിനാ അച്ഛന്റെ മോള് പേടിക്കുന്നെ..... അച്ഛനുണ്ടെടീ...... ഇനി ആകാശമിടിഞ്ഞ് താഴേക്ക് വന്നാലും അച്ഛനുണ്ട് നിനക്ക്..... " അയാളുടെ സ്വരവും ഇടറിയിരുന്നു അപ്പോൾ. " അച്ഛാ...... " പിടഞ്ഞെണീറ്റ് അയാളുടെ മാറിലേക്ക് വീണ് അവൾ വീണ്ടും പൊട്ടിക്കരഞ്ഞു. " ഇതുവരെ എന്റെ മോൾടെ മനസൊന്ന് തണുക്കട്ടെന്ന് കരുതിയാ ചങ്ക് പൊട്ടിയിട്ടും നിന്നെ കരയാൻ ഞാൻ വിട്ടത്..... പക്ഷേ ഇനി മതി മോളെ..... എന്തിന്റെ പേരിലാണെങ്കിലും എന്റെ മോള് കരയരുത്. അച്ഛനുണ്ട് നിനക്ക്...... " മഹേന്ദ്രനവളെ മുറുകെ പിടിച്ചു. " അവന്...... അവനെന്നെ വേണ്ടച്ഛാ...... ദേവ്........ ദ്..... അവൻ...... ഞാൻ..... തെറ്റാ...... പക്ഷേ...... എനിക്ക്..... അവ..... ഇല്ലാതെ...... ഒന്ന്.... അച്ഛാ..... അവനോട് ഒന്ന് പറ..... അവൻ ഇല്ലാതെ...... ഞാൻ...... ഞ്..... ഞാൻ ചത്തുപോകും...... എന്റെ...... എന്റെ നെഞ്ച് പൊട്ടുവാ...... "

അവ്യക്‌തമായി എന്തൊക്കെയോ പദം പറഞ്ഞവൾ വിങ്ങി വിങ്ങി കരയുമ്പോൾ മഹേന്ദ്രനും നെഞ്ചുരുകുകയായിരുന്നു. പക്ഷേ അയാൾ ഒന്നും പറഞ്ഞില്ല. അവളുടെ ഉള്ളിലുള്ളതെല്ലാം പറയട്ടെന്ന് കരുതി. " അവൻ...... അവന് സോജയെ..... സോജയെ മതിന്ന് പറഞ്ഞു..... ഞ്..... ഞാനിപ്പോ ആരുമല്ല...... എന്നേ വേണ്ട..... " " മോൾക്ക് അച്ഛനില്ലേ..... കരയരുത്....... ദേവിനോട് അച്ഛൻ സംസാരിക്കാം..... എല്ലാം ശെരിയാകും. അച്ഛൻ പറഞ്ഞാൽ അവന് കാര്യം മനസിലാകൂ. എന്റെ മോള് കരയണ്ട..... അവൻ വരും..... എന്റെ മോളെ അങ്ങനൊന്നും കളയാൻ അവന് പറ്റില്ല.. നോക്കിക്കോ അവൻ വരും ഞാനൊന്ന് സംസാരിക്കട്ടെ. "

കണ്ണുകളിൽ ദേവിനോടുള്ള പകയെരിയുമ്പോഴും അയാൾ പറഞ്ഞു. പെട്ടന്ന് വൈദേഹി ആ മുഖത്തേക്ക് നോക്കി. അവളുടെ ഏങ്ങലുകൾ നിലച്ചു. " സത്യം...... സത്യാണോ അച്ഛാ.....???? " അവൾ വല്ലാത്തൊരു ഭാവത്തിൽ ചോദിച്ചു. " സത്യം..... എന്റെ മോളാണെ സത്യം.... ദേവ് വന്നിരിക്കും.... " അയാൾ ഗൂഡമായ് പുഞ്ചിരിച്ചു. " വിടില്ല ദേവ് മാധവ് നിന്നെ ഞാൻ. നിന്നെ എന്റെ മരുമകനാക്കാൻ എനിക്ക് താല്പര്യമില്ല. നിന്നോളം ഞാനാരെയും വെറുക്കുന്നുമില്ല. പക്ഷേ...... പക്ഷേ എന്റെ കുഞ്ഞിന്റെ ചങ്ക് പൊട്ടിയുള്ള കരച്ചിൽ കാണാൻ വയ്യെനിക്ക്. അവൾക്ക് നിന്നെ വേണം .... എന്ത് വില കൊടുത്തും നേടികൊടുത്തിരിക്കും ഞാനത്. " മകളേ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുമ്പോഴും അയാളുടെ മനസ് മന്ത്രിച്ചു. 💞 ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു മഹേന്ദ്രൻ.

അയാളുടെ മുന്നിലെ ടീ പ്പോയിൽ വില കൂടിയ മദ്യത്തിന്റെ ബോട്ടിലും ഐസ് ക്യൂബ്സും ജഗ്ഗിൽ വെള്ളവും ഒക്കെ ഇരിക്കുന്നുണ്ടായിരുന്നു. ചൂണ്ടുവിരലും തള്ളവിരലും തമ്മിൽ കൂട്ടിയുരസി എന്തോ ചിന്തിച്ചു കൊണ്ട് കസേരയിൽ പിന്നിലേക്ക് ചാരി കണ്ണുകളടച്ച് കിടക്കുകയായിരുന്നു അയാൾ. " സാർ...... " ആ വിളി കേട്ടുകൊണ്ടായിരുന്നു അയാൾ കണ്ണുകൾ തുറന്നത്. മുന്നിൽ നിന്നിരുന്ന തന്റെ എസ്റ്റേറ്റ് മാനേജർ കൂടിയായ ജെഫിനെ കണ്ട് അയാൾ കസേരയിൽ നിവർന്നിരുന്നു. " എന്തായി ജെഫി..... " " സാർ...... ദേവ് മാധവിന്റെ വിവാഹം ഉറപ്പിച്ച മട്ടാണ്. പാലക്കാടുള്ള ഒരു പട്ടരുടെ മോളാണ് പെണ്ണ്. അവന്റെ വീട്ടുകാരൊക്കെ ചേർന്ന് ഉടനെ തന്നെ കെട്ട് നടത്താനാ പ്ലാൻ. പെങ്കൊച്ച് ഇവിടെ സെന്റ് മേരിസിലാ പഠിക്കുന്നെ. ഇപ്പൊ കല്യാണം ആയോണ്ടായിരിക്കും കോളേജിൽ വരുന്നില്ല. വല്യ മീഡിയ പബ്ലിസിറ്റിയൊന്നും കൊടുക്കാതെ കുടുംബക്കാരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് കല്യാണം നടത്തനാ പ്ലാൻ. " " മ്മ്ഹ്...... നീ പൊക്കോ...... ഞാൻ പറയാം. "

" മ്മ്ഹ്..... " അവൻ താഴേക്ക് പോയതും മുന്നിലിരുന്ന ഗ്ലാസിലെ മദ്യം മഹേന്ദ്രനൊറ്റവലിക്ക് അകത്താക്കി. " നീ മിടുക്കനാണ് ദേവ്..... സ്നേഹിച്ച പെണ്ണിനെ ചതിച്ച് മറ്റൊരുത്തിയെ കെട്ടാനുള്ള നിന്റെ പ്ലാൻ ഇതുവരെ വിജയിച്ചു. പക്ഷേ...... പക്ഷേ ഇനിയത് തകരും ദേവ്. നടക്കില്ല നിന്റെ മോഹം..... നടത്തില്ല ഈ മഹേന്ദ്രൻ. നീയൊരു പെണ്ണിനെ സ്വീകരിക്കുന്നെങ്കിൽ അത് എന്റെ മകൾ വൈദേഹിയെ തന്നെയായിരിക്കും.. അത് ഞാനവൾക്ക് കൊടുത്ത വാക്കാണ്. അത് ഞാൻ നടത്തിയിരിക്കും. എന്ത് വില കൊടുത്തും..... ഇനി നിന്റെ ശവം എന്റെ മോൾക്ക് കാണിക്കയിടേണ്ടി വന്നാൽ അതും ഞാൻ ചെയ്യും....." അയാളൊരു ഭ്രാന്തനെ പോലെ പിറുപിറുത്തു. ഇതൊന്നുമറിയാതെ പരസ്പരമൊരു സ്വപ്നകൂടാരം തന്നെ പണിഞ്ഞു കഴിഞ്ഞിരുന്നു ദേവും സോജയും.. അച്ഛൻ വാക്ക് നൽകിയത് പോലെ അവൻ വരുമെന്ന അവസാന പ്രതീക്ഷയിൽ തകർന്നടിഞ്ഞ മറ്റൊരു പെണ്ണ് മറുവശത്തും കാത്തിരിക്കുന്നുനടയിരുന്നു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story