ആരാധികേ: ഭാഗം 26

aradhika abhirami

രചന: അഭിരാമി ആമി

വൈകുന്നേരം ദേവ് വീട്ടിലേക്ക് വരുമ്പോൾ അവനെ കാത്തിട്ടെന്ന പോലെ നിഷ ഉമ്മറത്തിരിക്കുന്നുണ്ടായിരുന്നു. " ആഹാ നിഷക്കൊച്ചെന്നെ കാത്തിരിക്കുവായിരുന്നോ.....??? " അവൻ കയറി വന്നപാടെ അവരുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു. അവർ പക്ഷേ മറുപടിയൊന്നും പറഞ്ഞില്ല. ആ മുഖമൊട്ട് തെളിഞ്ഞതുമില്ല. ഏതൊക്കെയോ ചിന്തകളുടെ ഭാരം പേറിയിരുന്ന നിഷയുടെ മുഖം കല്ലിച്ച് തന്നെ കാണപ്പെട്ടു. അപ്പോഴാണ് ദേവും അവരുടെ മുഖം ശ്രദ്ധിച്ചത്. കണ്ണുകൾ വല്ലാതെ ചുവന്ന്‌ കലങ്ങിയിരുന്നു. കവിൾ തടങ്ങളിൽ കണ്ണീരുണങ്ങിപ്പിടിച്ചിരുന്നു. " ഏഹ് അമ്മ കരയുവാരുന്നോ....??? " അവരുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട്‌ അവൻ ചോദിച്ചു. അപ്പോൾ അതുവരെ അവനിൽ ഉണ്ടായിരുന്ന പുഞ്ചിരി പാടെ മാഞ്ഞിരുന്നു.

" ഞാൻ....... ഞാൻ കരയുവൊന്നുമല്ലായിരുന്നു..... ഞാനെന്തിനാ കരയുന്നേ.....??? " " പിന്നെന്താ അമ്മേടെ മുഖം വല്ലാണ്ടിരിക്കുന്നത്.....???? " എന്തോ ഒളിക്കാൻ ശ്രമിക്കും പോലെ നോട്ടമവനിൽ നിന്നും മാറ്റിക്കൊണ്ട്‌ നിഷ പറഞ്ഞിട്ടും സംശയം തീരാതെ ദേവ് വീണ്ടും ചോദിച്ചു. നിഷയപ്പോഴും നിഷേധാർഥത്തിൽ " അമ്മയ്ക്ക് വയ്യേ.... ഹോസ്പിറ്റലിൽ പോണോ....??? " അവനവരുടെ നെറ്റിയിൽ കൈ വച്ച് ചോദിച്ചു. " എനിക്കെങ്ങും പോകണ്ട മാധു.... എനിക്കൊരു കുഴപ്പവുമില്ല..... നിഷയുടെ സ്വരമല്പം കൂടി ഉയർന്നു. അതോടെ അവരുടെ മൂഡ് നേരെയല്ലെന്ന് മനസ്സിലായ ദേവ് അകത്തേക്ക് പോകാൻ തുടങ്ങി. " മാധു...... " പെട്ടന്നായിരുന്നു നിഷ വിളിച്ചത്. അകത്തേക്ക് കയറിയ ദേവ് ചോദ്യഭാവത്തിൽ തിരിഞ്ഞുനിന്നു. " എന്താമ്മേ......???? " " അത്....... എനിക്ക്......" അവർ നിന്ന് വിക്കി. " എന്താമ്മേ....??? കാര്യം പറ..... അമ്മക്കിതെന്ത് പറ്റി....?? " ദേവിന്റെ കണ്ണുകൾ കുറുകി. " നീ...... നീ വൈദേഹിയെ തന്നെ വിവാഹം കഴിക്കണം....."

ഒരു വെള്ളിടി പോലെയായിരുന്നു ആ വാക്കുകൾ ദേവ് കേട്ടത്. ഒരു നിമിഷം നെഞ്ചിലെ പിടപ്പ് നിലച്ചത് പോലെ അവൻ വെമ്പലോടെ അവരെ നോക്കി. തന്നെ ആദ്യം കാണും പോലെ അതിലുപരി നെഞ്ചുപൊട്ടി തന്നെ ഉറ്റുനോക്കുന്ന മകന്റെ മുഖത്തേക്ക് നോക്കാൻ പോലും ധൈര്യം ഇല്ലാത്തത് പോലെ നിഷ നോട്ടം മറ്റെവിടേക്കോ മാറ്റി. " എത്രയും വേഗം ഈ വീടിന്റെ മരുമകളായി വൈദേഹി ഈ പടി കടന്ന് വരണം..... " മകന്റെ മുഖത്തേക്ക് നോക്കിയില്ലെങ്കിലും ഉറച്ച ശബ്ദത്തിൽ നിഷ പറഞ്ഞു. " അമ്മേ...... " ഒന്ന് രണ്ട് നിമിഷങ്ങൾ അനക്കമറ്റത് പോലെ നിന്ന ദേവ് പെട്ടന്ന് വിളിച്ചു.. നിഷ പക്ഷേ വിളി കേട്ടില്ല. അതിനുള്ള ധൈര്യം അവൾക്കുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം. " നിന്നെ എനിക്ക് മനസ്സിലാകും മാധു..... സത്യമാണ് വൈദേഹി എന്റെ മരുമകളാകരുത് എന്ന് തന്നെയായിരുന്നു എന്റെ വിചാരം... പക്ഷേ........ പക്ഷേ ഇപ്പൊ ആലോചിച്ചപ്പോൾ എന്റെ തീരുമാനം തെറ്റായിരുന്നു എന്നെനിക്ക് മനസ്സിലായി..... " " അമ്മയെന്തൊക്കെയാ അമ്മേ ഈ പറയുന്നത് .....????

അപ്പോ സോജ...... അവളല്ലേ..... " അവൻ വാക്കുകൾ പാതിയിൽ മുറിച്ചു. " ശെരിയാണ് മാധു..... പക്ഷേ..... ഞാൻ പറഞ്ഞില്ലേ ആലോചിച്ചപ്പോൾ ഇത് തന്നെയാണ് ശെരി. അവളോട് എന്റെ മകൻ ചെയ്ത തെറ്റ് തിരുത്താൻ ഇതല്ലാതെ മറ്റൊരു വഴിയും എന്റെ മുന്നിലില്ല. ഒരു പെണ്ണിന്റെയും ശാപം എന്റെ മകന്റെ തലയിൽ വീഴാൻ ഞാൻ സമ്മതിക്കില്ല...... അതുകൊണ്ട് എല്ലാം മറന്ന് എന്റെ മോൻ അവളേ സ്വീകരിക്കണം. " അവർ പറഞ്ഞത് കേട്ട് നിൽക്കുമ്പോൾ തന്റെ അമ്മ തന്നെയാണോ മുന്നിലീ നിൽക്കുന്നതെന്ന് പോലും തോന്നിപ്പോയി ദേവിന്. ആ നേരമൊക്കെയും സോജയുടെ മുഖവും അവന്റെ ഹൃദയത്തേ കീറി മുറിച്ചു കൊണ്ടിരുന്നു. " അമ്മേ..... എന്റെ...... " " മറന്നിട്ടല്ല മാധു...... സോജ...... അവളേ ഞാൻ എന്റെ മരുമകളായി , എന്റെ മകന്റെ പെണ്ണായി , ഈ വീടിന്റെ വിളക്കായ് സ്വപ്നം കണ്ടിരുന്നു. പക്ഷേ പാടില്ല മോനെ...... എന്റെ മോന്റെ സ്വാർത്ഥയ്ക്കായ് വൈദേഹിയെ ഞാനും മറന്നാൽ അവളുടെ ശാപം എന്റെ മോന്റെ തലയിൽ വീഴും..... അതെനിക്ക് താങ്ങാൻ കഴിയില്ല മാധു.... "

നിഷയുടെ മിഴികൾ നിറഞ്ഞൊഴുകുന്നത് നോക്കി ദേവ് ഒരു ശില പോലെ നിൽക്കുകയായിരുന്നു അപ്പോഴും. " പക്ഷേ എല്ലാം അറിഞ്ഞിട്ടും ആദ്യമൊന്നും അമ്മ ഇങ്ങനെയല്ലല്ലോ പറഞ്ഞത്..... അപ്പോൾ വൈദേഹി അമ്മയ്‌ക്കൊരു വിഷയമേയായിരുന്നില്ലല്ലോ..... എന്നിട്ടിപ്പോ എന്തുപറ്റി.....??? എന്നോട് സത്യം പറ അമ്മേ..... എന്താ അമ്മയ്ക്ക് സംഭവിച്ചത്.....???? " ഒരാണിന്റെ പരിമിതികൾ പോലും മറന്ന് കണ്ണീരോടെയായിരുന്നു അവന്റെ ചോദ്യം. ആകെ തകർന്നുപോയിരുന്ന സ്വന്തം മകന്റെയാ ഭാവം നിഷയുടെ ഹൃദയത്തിലുമൊരു കൊടുങ്കാറ്റ് സൃഷ്ടിച്ചിരുന്നു. പക്ഷേ എല്ലാം നെഞ്ചിലൊളിപ്പിച്ച് അവർ കല്ല് പോലെ നിന്നു. " എനിക്കൊന്നും സംഭവിച്ചിട്ടില്ല മാധു.... പക്ഷേ ഇപ്പൊ ഇതാണ് . എന്റെ ശെരി..... സോജയ്ക്ക് വേണ്ടതെല്ലാം ഞാൻ ചെയ്തോളാം. നീ വൈദേഹിയെ നിന്റെ ജീവിതത്തിലേക്ക് കൈ പിടിക്കാൻ മനസിനെ പാകപ്പെടുത്താൻ നോക്ക്....." " അവൾക്ക് വേണ്ടത് കൊടുക്കാൻ ഒരിക്കലും അമ്മയ്ക്കാവില്ലമ്മേ....

കാരണം അവൾക്കീ ഭൂമിയിൽ ആവശ്യം ഒന്ന് മാത്രമാണ്. അത്..... അതീ ഞാൻ മാത്രമാണ്. അതാണ് അമ്മയവളിൽ നിന്ന് തട്ടി മാറ്റാൻ നോക്കുന്നത്..... " നിയന്ത്രണം വിട്ട് അലറുകയായിരുന്നു ദേവ്. " മതി മാധു..... അത് ഒരിക്കലും നടക്കില്ല. നിനക്ക് മുന്നിൽ രണ്ട് വഴികളുണ്ട് ഇനി. ഒന്ന്.... സോജയെ മറന്ന് വൈദേഹിയുടെ കഴുത്തിൽ താലി ചാർത്താം. രണ്ട്..... വൈദേഹിയെ മറന്ന് സോജയെ സ്വന്തമാക്കാം. പക്ഷേ.....ഒപ്പം ഈ അമ്മയേം നിനക്ക് മറക്കേണ്ടി വരും.... എന്നുന്നേക്കുമായി....." " അമ്മേ.......!!!! " ❤️ പൊയ്കയിൽ ശ്രീമഹാദേവർ ക്ഷേത്രസന്നിധി..... " എന്താ ദേവ് ഇങ്ങോട്ട് വരാൻ പറഞ്ഞത്.....???? " ഭഗവാന്റെ തിരുനടയിൽ നിന്ന് ഒരുമിച്ച് തൊഴുത ശേഷം അരികിൽ നിന്നവനോട് സോജ ചോദിച്ചു. " എനിക്ക്...... എനിക്കൊന്നുമറിയില്ല മോളെ..... എന്തൊക്കെയോ എന്നേ വല്ലാതെ ഭയപ്പെടുത്തിക്കോണ്ടിരിക്കുവാ ഇപ്പൊ...." " അതിനും മാത്രം ഇപ്പോ എന്തുണ്ടായി ദേവ്.....??? " അവന്റെ ഭാവം കണ്ട് സോജയിൽ ആകാംഷ പെരുകി.. " എനിക്കറിയില്ല..... പക്ഷേ...... പക്ഷേ നിന്നെ എനിക്ക് നഷ്ടപ്പെടുമെന്ന് ആരോ എന്റെ ഉള്ളിലിരുന്ന് പറയും പോലെ..... വല്ലാത്തൊരു ഭയം ഓരോ നിമിഷവും മനസ്സിൽ പിടി മുറുക്കിക്കൊണ്ടിരിക്കുവാ..... "

" ഒന്നുല്ല ദേവ്.... ഞാൻ..... ഞാനെന്നും ദേവിന്റെ കൂടെ തന്നെ ഇല്ലേ..... ഞാനീ നെഞ്ചോരം വിട്ട് ഇനിയെങ്ങും പോവില്ല.... സമാധാനമായിരിക്ക്.... " അവളവന്റെ നെഞ്ചിലേക്ക് ചാഞ്ഞു നിന്നു. " അത് മാത്രം പോരാ സോജാ.... നീയെന്നേ വിട്ട് പോവില്ലെന്ന് നിന്നെക്കാൾ നന്നായി എനിക്കറിയാം മോളെ..... പക്ഷേ നമ്മളെത്ര ചേർന്ന് നിന്നാലും നമ്മളെ പിരിക്കാൻ ഒരുപാട് പേരുണ്ട്..... അതുകൊണ്ട്..... " " അതുകൊണ്ട്.....???? " " അതുകൊണ്ട്.....നിന്നെ നഷ്ടപ്പെടുത്താതിരിക്കാൻ ഇപ്പൊ എന്റെ മുന്നിൽ ഇതല്ലാതെ മറ്റൊരു വഴിയുമെന്റെ മുന്നിലില്ല സോജാ..... " പറഞ്ഞതും അവന്റെ ഭാവമെന്താണെന്ന് അവൾ മനസ്സിലാക്കും മുന്നേ അവനൊരു ആലില താലി അവളുടെ കഴുത്തിൽ ചാർത്തിയിരുന്നു. " ദേവ്..... " പതർച്ചയോടെ വിളിച്ച ആ പെണ്ണിന്റെ മിഴികളിലേക്ക് നോക്കി നിന്നുകൊണ്ട് തന്നെ അവനാ താലി ചരടിലെ മൂന്നാമത്തെ കെട്ടും മുറുക്കി. സോജയൊരു തളർച്ചയോടെ ഒന്ന് ചലിക്കാൻ പോലും കഴിയാതെ അവനെ തന്നെ നോക്കി നിന്നു. പൊടുന്നനെ ആ മുഹൂർത്തത്തിന് മംഗളമരുളും പോലെ ക്ഷേത്രമണി ഉച്ചത്തിൽ മുഴങ്ങി. തുടരും...

. ദേവിന് കാലം മറുപടി നൽകുമെന്ന് പറഞ്ഞപ്പോൾ സോജയും അതേ ശിക്ഷ തന്നെ അർഹിക്കുന്നു എന്ന് പലരും പറഞ്ഞു. പക്ഷേ അതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല. കാരണം സോജയുടേത് ആത്മാർത്ഥ പ്രണയമായിരുന്നു. എന്നിട്ടും താനൊരിക്കലും അവനെ അർഹിക്കുന്നില്ല എന്ന് വിശ്വസിച്ച് മാറി നിന്നവളാണ് അവൾ. പക്ഷേ വിധിയവളെ അവനിൽ കൊണ്ടെത്തിച്ചു. താൻ ജീവനിൽ പേറുന്ന പുരുഷൻ കുറച്ചു നാളത്തേക്കെങ്കിലും തന്റെ ഒപ്പമുണ്ടാകും എന്ന് കണ്ടപ്പോൾ ഏതൊരു മനുഷ്യനേയും പോലെ ഒരു നിമിഷം അവളും സ്വാർത്ഥയായിപ്പോയിരിക്കാം.

അതായിരിക്കാം അവന്റെ പ്രണയനാടകത്തിലെ നായികയാകാൻ അവളേ പ്രേരിപ്പിച്ചത്. പിന്നെ മറ്റൊരവസരത്തിൽ താൻ ഹൃദയം കൊടുത്തവന്റെ സാമിപ്യത്തിൽ ശരീരം കൊണ്ടും അവളവന് അടിമപ്പെട്ട് പോയതിന് പിന്നിലും ഒരുപക്ഷേ അതെ സ്വാർത്ഥതയായിരിക്കാം. പക്ഷേ അവളൊരിക്കലും ദേവിനും വൈദേഹിക്കും ഇടയിൽ വരാൻ മോഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെയായിരുന്നുവല്ലോ അവളുടെ ഒളിച്ചോട്ടവും. പക്ഷേ വിധിയുടെ വിളയാട്ടത്തിൽ വീണ്ടും അവന്റെ നെഞ്ചോരമെത്തിയപ്പോൾ , ഒരിക്കലും സ്വന്തമാവില്ലെന്ന് കരുതിയിരുന്ന സ്വന്തം പ്രണയം കൈക്കുമ്പിളിൽ കിട്ടിയപ്പോൾ ഒരു സാധാരണ പെണ്ണിനെപ്പോലെ അവളും വൈദേഹിക്കും മുകളിൽ തന്നേത്തന്നെ സ്നേഹിച്ചുപോയിരിക്കാം. ആ ഒരു തെറ്റിന് ദേവിന്റെയത്ര തീവ്രമേറിയ ശിക്ഷ അവളും അർഹിക്കുന്നുണ്ടോ....???? തീരുമാനം എന്റെ പ്രീയപ്പെട്ടവർക്ക് വിടുന്നു. എന്തായാലും നമുക്ക് കാത്തിരിക്കാം.... ആര് നേടും ആര് നഷ്ടപ്പെടുത്തുമെന്നറിയാൻ 🥰.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story