ആരാധികേ: ഭാഗം 27

aradhika abhirami

രചന: അഭിരാമി ആമി

" ദേവ്..... " പതർച്ചയോടെ വിളിച്ച ആ പെണ്ണിന്റെ മിഴികളിലേക്ക് നോക്കി നിന്നുകൊണ്ട് തന്നെ അവനാ താലി ചരടിലെ മൂന്നാമത്തെ കെട്ടും മുറുക്കി. സോജയൊരു തളർച്ചയോടെ ഒന്ന് ചലിക്കാൻ പോലും കഴിയാതെ അവനെ തന്നെ നോക്കി നിന്നു. പൊടുന്നനെ ആ മുഹൂർത്തത്തിന് മംഗളമരുളും പോലെ ക്ഷേത്രമണി ഉച്ചത്തിൽ മുഴങ്ങി. " സോറി സോജാ..... ഞാൻ പറഞ്ഞില്ലേ..... ഇപ്പൊ ഇതല്ലാതെ മറ്റൊരു വഴിയും ഞാൻ കണ്ടില്ല. കൈ വെള്ളയിൽ കിട്ടിയിട്ടും നഷ്ടപ്പെടുത്താൻ വയ്യെനിക്ക്....... " ഒരക്ഷരം മിണ്ടാതെ മിഴി നീർ പൊഴിച്ച് നിന്നിരുന്നവളേ ഒന്നുകൂടി മുറുകെ പുണർന്നു അവൻ. ആ ഹൃദയത്തിന്റെ മിടിപ്പ് തന്റെ നെഞ്ചിൽ അവനുമറിയുന്നുണ്ടായിരുന്നു. " കരയല്ലേ സോജാ..... എന്തൊക്കെ വന്നാലും നിനക്ക് ഞാനുണ്ട്.... "

അവളേ ആശ്വസിപ്പിച്ച് ആ മിഴികളിൽ ഉരുണ്ട് കൂടിയിരുന്ന നീർ മുത്തുകളെ അവൻ തന്റെ ചുണ്ടിനാൽ ഒപ്പിയെടുത്തു. സോജയുടെ കൈകളും അവനിൽ മുറുകിയിരുന്നു അപ്പോൾ. അവളവന്റെ നെഞ്ചിൽ മൃദുവായ് ചുംബിച്ചു. കാറിൽ ദേവിന്റെ വീട്ടിലേക്കുള്ള യാത്രയിൽ അവരിരുവരും പരസ്പരം ഒന്നും തന്നെ സംസാരിച്ചില്ല. ദേവാണെങ്കിൽ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച ഭാവത്തിൽ ഇരിക്കുകയായിരുന്നുവെങ്കിൽ സോജ ഇനിയുള്ള നിമിഷങ്ങളിൽ എന്ത് സംഭവിക്കും എന്ന ഭയത്തിലായിരുന്നു. ❤️ അപ്പായും അമ്മയും കാത്തിരിക്കും. അമ്പലത്തിലേക്കെന്ന് പറഞ്ഞിറങ്ങിയ മകൾ കഴുത്തിലൊരു താലിയുമായി മുന്നിലെത്തിയാൽ താങ്ങുമോ ആ പാവങ്ങൾ. അപ്പയുടെ വേദന നിറഞ്ഞ കണ്ണുകൾ ഹൃദയത്തേ കൊളുത്തി വലിക്കുന്നുണ്ട്. അമ്മാ ഉച്ചത്തിൽ നില വിളിക്കുമായിരിക്കും.... ശപിക്കുമോ തന്നേ....???

വെറുക്കുമോ തന്റെ പ്രാണനേ.....???? ചിന്തകൾ കാട് കയറിയപ്പോൾ അവൾ പതിയെ നെഞ്ചമർത്തി തടവി. ചുരിദാർ ഷോളിന് മുകളിൽ തിളങ്ങികിടക്കുന്ന ആ ചെറു ലോഹ കഷ്ണം കൈകളും നെഞ്ചകവും ഒരുപോലെ പൊള്ളിക്കും പോലെ. ഒരുപാട് മോഹിച്ചതാണിന്ന് എല്ലാം മറികടന്ന് തന്റെ നെഞ്ചോരമിങ്ങനെ.... ഒത്തിരി കൊതിച്ച ദിവസമാണിന്ന്.... പക്ഷേ.... പക്ഷേ ഇന്ന് സന്തോഷിക്കാൻ പറ്റുന്നില്ല. ഭയവും കുറ്റബോധവും ഹൃദയത്തേ അള്ളിപ്പിടിച്ചിരിക്കുന്നു.... ദേവിന്റെ അമ്മ ഒരുപാട് നല്ലതാണ്.... ഒത്തിരി സ്നേഹമുള്ള ഒരമ്മ.... പെണ്ണ് കാണാൻ വന്നപ്പോൾ തന്നെ ഒരുപാട് സ്നേഹം തന്ന , ഇപ്പൊ തന്നെ ഒപ്പം കൂട്ടിയാൽ മതിയെന്ന് പറഞ്ഞ അമ്മയാണ്. പക്ഷേ...... പക്ഷേ ഈ അവസ്ഥയിൽ..... ആ അമ്മയെങ്ങനെ പ്രതികരിക്കുമെന്നറിയില്ല...

നിറപറയും നിലവിളക്കും വച്ച് സ്വീകരിക്കാൻ കൊതിച്ച മരുമകൾ ഇങ്ങനെയൊരു അവസ്ഥയിൽ മകന്റെ ഒപ്പം കയറി ചെന്നാൽ ഏതൊരമ്മയേയും പോലെയല്ലേ ആ അമ്മയും പ്രതികരിക്കൂ...... എല്ലാം കൂടി ഓർത്തതും അവൾക്ക് ശ്വാസം മുട്ടും പോലെ തോന്നി. വരാൻ പോകുന്ന ഭൂകമ്പങ്ങൾ മുന്നിൽ കണ്ടിട്ടെന്ന പോലെ അവളുടെ മിഴികൾ തൂകിയൊഴുകി. ❤️ കാർ ഗേറ്റ് കടന്ന് ചെല്ലുമ്പോൾ ഉമ്മറത്ത് തന്നെ നിഷയുണ്ടായിരുന്നു. കാറിൽ നിന്നിറങ്ങിയ ദേവിനെ കണ്ടിട്ടും കാണാത്തത് പോലെ അവർ എങ്ങോട്ടോ നോക്കിയിരുന്നു. അത് ശ്രദ്ധിച്ചെങ്കിലും മൈൻഡ് ചെയ്യാതെ അവൻ കാറിന്റെ മറു വശത്തേക്ക് നടന്നു. പതിവില്ലാത്ത അവന്റെയാ നീക്കം ശ്രദ്ധിച്ചു കൊണ്ട് നിഷയും അങ്ങോട്ട് നോക്കി. " വാ..... " ഡോർ തുറന്നു പിടിച്ച് ഭയന്ന് വിറച്ചിരിക്കുകയായിരുന്ന സോജയേ നോക്കി അവൻ വിളിച്ചു. അവൾ പതിയെ അവന്റെ കൈ പിടിച്ച് പുറത്തേക്കിറങ്ങി. പൊടുന്നനെ ആ രംഗം കണ്ട് നിഷ ഇരുന്നിടത്ത് നിന്നും പിടഞ്ഞെണീറ്റു. " മാധു........!!!!! " ഒരലർച്ച തന്നെയായിരുന്നു അത്.

" അമ്മ പൊറുക്കണം..... ഇനിയും വലിച്ചെറിഞ്ഞു കളയാൻ വയ്യെനിക്ക് ഇവളെ..... വേറെ വഴിയൊന്നും കണ്ടില്ല ഞാൻ...... " " മിണ്ടരുത് നീ.....പെറ്റ തള്ളയുടെ ജീവനെടുക്കാൻ പിറന്ന വിത്താ നീ...." അവൻ പറഞ്ഞു മുഴുമിപ്പിക്കും മുന്നേ നിഷയുടെ കയ്യവന്റെ കവിളിൽ പതിഞ്ഞു. ആ കണ്ണുകൾ രണ്ട് അഗ്നി ഗോളങ്ങളെ പോലെ തിളങ്ങിയിരുന്നു അപ്പോൾ. " എനിക്ക് നിന്നെ കാണണ്ട.... ഈ നിമിഷം ഇവളെ ഇവിടുന്ന് ഇറക്കി വിടണം നീ..... പിന്നെ ഇവളുമായി ഒരു ബന്ധവും പാടില്ല നിനക്ക്. " " അത് നടക്കില്ലമ്മേ..... ഞാൻ താലി കെട്ടിയ പെണ്ണാ സോജ.... അവളെന്നെ വിട്ടെങ്ങോട്ടും പോവില്ല.. പോകാൻ ഞാൻ സമ്മതിക്കില്ല. " " താലി.... അത് നീ തന്നെ പൊട്ടിക്കും.... ഇല്ലെങ്കിൽ പിന്നെ നിനക്ക് ഇങ്ങനൊരു അമ്മയില്ല.... " ആ വാക്കുകൾ ദേവിനെയും സോജയേയും ഒരുപോലെ നോവിച്ചു. സോജയുടെ വിരലുകൾ ആ ഇത്തിരി പൊന്നിൽ പിടി മുറുക്കി. പെട്ടന്നായിരുന്നു നിഷയവൾക്ക് നേരെ തിരിഞ്ഞത്. " എടീ........ ഇതാണോ നിന്റെ തന്തേം തള്ളേം നിന്നെ പഠിപ്പിച്ച സംസ്കാരം.....

ഏതവന്റെ കൂടേം ഇറങ്ങി പുറപ്പെടുന്ന നിന്നെ പോലൊരു മൂദേവിയേ എന്റെ മോന്റെ പെണ്ണായി ഞാൻ വാഴിക്കുമെന്ന് കരുതിയോ നീ...... ഈ നിമിഷം ആ താലിയും വലിച്ചു പൊട്ടിച്ച് കളഞ്ഞിട്ട് നീയീ പടിക്ക് പുറത്തിറങ്ങണം...... " പുറത്തേക്ക് വിരൽ ചൂണ്ടി സോജയ്ക്ക് നേരെ ഒരു ഭ്രാന്തിയെ പോലെ അലറുകയായിരുന്നു നിഷ. അവരുടെയാ മാറ്റം അവളേ തീർത്തും തളർത്തിയിരുന്നു . അപ്പോഴേക്കും. പക്ഷേ ദേവ് അപ്പോഴും അവളേ ചേർത്തു പിടിച്ചിരുന്നു. " അമ്മേ..... " അവൾ തേങ്ങി. " വിളിക്കരുതങ്ങനെ..... കണ്ട തേവിടിച്ചികൾക്കൊന്നും അമ്മയാവേണ്ടേ ഗതി ഈ നിഷയ്ക്കില്ല. ഇറങ്ങെടി...... " ഹൃദയം വിണ്ടുകീറുമ്പോഴും മനസ്സിനേ കല്ലാക്കി അവർ പറഞ്ഞു. " അമ്മേ ഞാൻ.... " " നീ തനിച്ച് പോണ്ടാ...... നിന്നെ കൊണ്ടുപോകാനുള്ളവരെ ഞാൻ തന്നെ വരുത്താം..... " പറഞ്ഞിട്ടവരൊരു കാറ്റ് പോലെ അകത്തേക്ക് കയറി. ഉമ്മറത്ത് തന്നെ ഇരിക്കുകയായിരുന്ന ഫോണെടുത്ത് ആരെയോ വിളിച്ചു. അത് നോക്കി നിൽക്കുമ്പോൾ സോജയുടെ വിരലുകൾ ദേവിന്റെ കൈത്തണ്ടയിൽ അമർന്നു. നിനക്ക് ഞാനില്ലേയെന്ന് പറയാതെ പറഞ്ഞുകൊണ്ട് അവനവളെ ചേർത്തുപിടിച്ചു. ❤️

പദ്മ അടുക്കളയിൽ എന്തോ പണിയിൽ നിൽക്കുമ്പോൾ ആയിരുന്നു ഉമ്മറത്തു നിന്നും വെങ്കിയുടെ ഫോണിന്റെ റിങ് ടോൺ കേട്ടത്. അയാൾ തൊടിയിലേക്ക് പോയത് കണ്ടത് കൊണ്ടു തന്നെ അവർ വേഗത്തിൽ കൈകൾ നേര്യതിൽ ഒപ്പിക്കൊണ്ട്‌ ഫോണെടുക്കാനായി ഓടി. സ്ക്രീനിൽ തെളിഞ്ഞ നമ്പർ കണ്ടതും നേർത്തൊരു പുഞ്ചിരിയോടെ ഫോണെടുത്ത് കാതിലേക്ക് ചേർത്തു. പക്ഷേ അപ്പുറത്ത് നിന്നും കേട്ട വാക്കുകൾ പൊടുന്നനെ ആ മുഖത്തെ പ്രകാശത്തേ കെടുത്തി. ഫോൺ അവരുടെ കയ്യിൽ നിന്നും ഊർന്ന് നിലത്തേക്ക് വീണു. കണ്ണുകൾ നിറഞ്ഞൊഴുകി. ചുണ്ടുകൾ പരസ്പരം കടിച്ചമർത്തി അവർ കരഞ്ഞു. പിന്നെ തളർച്ചയോടെ കസേരയിലേക്ക് ഇരുന്നു. കുറച്ചു സമയം കഴിഞ്ഞ് വെങ്കി കയറി വരുമ്പോഴും പദ്മ അതേയിരുപ്പ് തന്നെയായിരുന്നു. " എന്ന പദ്മ..... ഉനക്ക് എന്നാച്ച്....??? " അയാൾ വന്നവരെ തൊട്ടുവിളിച്ചുകൊണ്ട് ചോദിച്ചു. അതുവരെ പരിസര ബോധം പോലും നഷ്ടപ്പെട്ട് ഇരിക്കുകയായിരുന്ന പദ്മ നിറ കണ്ണുകളോടെ അയാളെ നോക്കി. " എന്ന പദ്മ.....??? "

ഭാര്യയുടെ ആ ഭാവം വെങ്കിടിയേ ആകെപ്പാടെ വെപ്രാളപ്പെടുത്തിയിരുന്നു. എങ്ങനെയൊക്കെയോ കേട്ട കാര്യങ്ങൾ ഭർത്താവിനോട് പറയുമ്പോൾ നിലവിട്ട് പൊട്ടിക്കരയുക തന്നെയായിരുന്നു പദ്മ. ഒപ്പം ആ പാവം മനുഷ്യനും. ❤️ പദ്മയേ വിളിച്ച് കാര്യം പറഞ്ഞ ശേഷം അകത്തെ മുറിയിൽ കയറി വായ പൊത്തിക്കരയുകയായിരുന്നു നിഷ. " ഈ ഗതികെട്ട അമ്മയോട് പൊറുക്ക് മക്കളെ....... എന്റെ നിവൃത്തികേടാണ് ഇതൊക്കെ.... എന്നെങ്കിലും നിങ്ങളിതൊക്കെ അറിയും.... അതുവരെ എന്നേ നിങ്ങള് ശപിക്കുമായിരിക്കും. പക്ഷേ..... പക്ഷേ സാരമില്ല..... അതിനും വിധിക്കപ്പെട്ടവളാകും ചിലപ്പോൾ ഞാൻ..... "... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story