ആരാധികേ: ഭാഗം 28

aradhika abhirami

രചന: അഭിരാമി ആമി

ഗേറ്റ് കടന്ന് വന്ന വണ്ടി കണ്ടതും ദേവിനൊപ്പം ഉമ്മറത്ത്‌ തന്നെ ഇരിക്കുകയായിരുന്ന സോജയുടെ നെഞ്ചിടിപ്പേറി. " അപ്പ...... " കാറിൽ നിന്നിറങ്ങിയ വെങ്കിയെ കണ്ടതും അവൾ പിടഞ്ഞെണീറ്റു. ഒരു കുതിപ്പിനോടി ചെന്ന് ആ നെഞ്ചിലേക്ക് ഒട്ടി ചേർന്നു. " മന്നിക്കണം അപ്പ.... നാ..... " അവൾ വിങ്ങി വിങ്ങിക്കരഞ്ഞു. പക്ഷേ മകളേ ഒന്ന് ചേർത്തു പിടിക്കാനോ ആശ്വസിപ്പിക്കാനോ ആ പിതാവ് തുനിഞ്ഞില്ല. നിറഞ്ഞ മിഴികളോടെ തന്നെ അയാളവിടെ നിന്നു. അപ്പോഴേക്കും വണ്ടിയുടെ ശബ്ദം കേട്ട് നിഷയും പുറത്തേക്കിറങ്ങി വന്നു. " ഞങ്ങളോട് ക്ഷമിക്കണം ചേച്ചി..... ഇവളിങ്ങനൊരു...... " " മതി മാപ്പ് പറഞ്ഞതും കാല് പിടിച്ചതുമൊക്കെ.... ഇതോടെ മനസ്സിലായി നിങ്ങളുടെയും നിങ്ങടെ മകളുടെയും സംസ്കാരം.... അതുകൊണ്ട് കൂടുതൽ വാചകമൊന്നും വേണ്ട..... ഇതുപോലെ ഒരുമ്പെട്ട് നടക്കുന്ന ഇങ്ങനത്തെ മക്കളൊക്കെ ഉണ്ടായാൽ ഇതുപോലെ ഓരോ വീടുകളുടെയും മുന്നിൽ പോയി അവിടെയുള്ളവരുടെ കാല് പിടിക്കേണ്ടി വരും തള്ളയ്ക്കും തന്തക്കും..... പോകും വഴി ഇവൾ വീണ്ടും വേറെ ഏതേലും നല്ല ആൺപിള്ളേരുടെ ചുമലിലോട്ട് ചാടാതെ നോക്കി പിടിച്ചോണ്ട് പൊക്കോ...... "

ഒട്ടും മനസാക്ഷിയില്ലാത്ത നിഷയുടെ ആ വാക്കുകൾ കേട്ട് വെങ്കിയ്ക്കും പദ്മയ്ക്കും ചങ്ക് പൊട്ടും പോലെ തോന്നി. പദ്മ സാരിത്തുമ്പുയർത്തി വായ അമർത്തിപ്പിടിച്ച് കരച്ചിലടക്കി നിന്നു. വെങ്കിടി നിസഹായത നിറഞ്ഞ മിഴികളോടെ മകളുടെ മുഖത്തേക്ക് പാളി നോക്കി. അവളും തകർന്നടിഞ്ഞു നിൽക്കുക തന്നെയായിരുന്നു അപ്പോൾ . പെണ്ണ് കാണാൻ വന്ന ദിവസം സ്നേഹത്തോടെ ചേർത്തു പിടിച്ച നിഷാമ്മയുടെ ഈ മാറ്റം അവൾക്കൊട്ടും തന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. സ്നേഹവും വാത്സല്യവും നിറഞ്ഞ ആ മുഖത്ത് ഇന്ന് തന്നോടുള്ള വെറുപ്പ്‌ മാത്രം നിറഞ്ഞ് നിൽക്കുന്നത് അവൾക്ക് താങ്ങാൻ കഴിയുന്നേയുണ്ടായിരുന്നില്ല. " അമ്മേ....." സഹികെട്ടത് പോലെ ദേവ് വിളിച്ചു. " എന്താടാ.....??? " " അമ്മയെന്തൊക്കെയാ ഈ വിളിച്ചു കൂവുന്നതെന്ന് വല്ല ബോധവുമുണ്ടോ.... അമ്മയിങ്ങനൊന്നും പറയാത്തതാണല്ലോ..... എന്നിട്ട്..... എന്നിട്ടിപ്പോ എന്താ ഇങ്ങനെ.....???. " " നേരാടാ അമ്മ ഇങ്ങനൊന്നും അല്ലായിരുന്നു.....

ഇങ്ങനൊന്നും സംസാരിച്ചും അമ്മയ്ക്ക് പരിചയമില്ല. പക്ഷേ..... എന്റെ മോനും ഇങ്ങനൊന്നും അല്ലാരുന്നു. നിനക്ക് മാറ്റം വന്നപ്പഴാ അമ്മയും മാറിയത്. നീ...... നീയെന്നേ കൊല്ലാതെ കൊല്ലുവല്ലേടാ ഇപ്പോ.....??? എന്നിട്ടും എനിക്ക് മാറിക്കൂടാ അല്ലേ....??? " " ഞാൻ...... ഞാനെന്ത് ചെയ്തെന്നാ അമ്മ പറയുന്നേ.....??? ഇങ്ങനൊക്കെ സംഭവിക്കാൻ അമ്മയും കാരണമല്ലേ....??? സോജയുടെ വീട്ടിൽ പോയി ഇവളെ പെണ്ണ് കണ്ട ശേഷം ഇവളെ തന്നെ മരുമകളായി വേണമെന്ന് പറഞ്ഞ് വാശി പിടിച്ചവളല്ലേ അമ്മ..... ആ അമ്മ തന്നെയല്ലേ പെട്ടന്ന് തീരുമാനം മാറ്റി സോജയേ മറന്ന് ഞാൻ വൈദേഹിയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞത്..... ഇന്നലെ വരെ വൈദേഹി ഈ വീടിനും എനിക്കും യോജിച്ച പെണ്ണല്ല എന്ന് പറഞ്ഞിരുന്ന , ആ സ്ഥാനത്ത് ഇവളെ കണ്ടിരുന്ന അമ്മയ്ക്ക് പെട്ടന്ന് എന്താ സംഭവിച്ചത്......???? എന്തായിരുന്നു ആ മാറ്റത്തിന്റെ കാരണം.....??? " തന്റെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കിയുള്ള മകന്റെ ചോദ്യത്തിന് മുന്നിൽ നിഷയൊരു നിമിഷമൊന്ന് പതറിപ്പോയി. താനണിഞ്ഞിരിക്കുന്ന മുഖംമൂടി തകർന്ന് വീണുപോകുമോ എന്ന് ഭയന്നിട്ടെന്ന പോലെ അവർ മുഖം അമർത്തി തുടച്ചു.

" എന്നേ ചോദ്യം ചെയ്ത് നിന്റെ തോന്നിവാസം ന്യായീകരിക്കാമെന്ന് നീ കരുതണ്ട മാധു..... മര്യാദക്ക് ഇവൾടെ കഴുത്തിൽ കിടക്കുന്ന ആ ചരട് പൊട്ടിച്ചെടുത്ത് അവളേയവരുടെ കൂടെ പറഞ്ഞ് വിട്ടേക്ക്..... " " ഇല്ലമ്മേ...... ഈ കാര്യത്തിൽ ഞാനമ്മേ അനുസരിക്കില്ല. ഞാൻ താലി കെട്ടിയ പെണ്ണാ സോജാ..... അവളേയിനി ആർക്ക് വേണ്ടിയും ഒന്നിന് വേണ്ടിയും കൈവിട്ട് കളയാൻ ഞാനൊരുക്കമല്ല. ആരൊക്കെ തള്ളിപറഞ്ഞാലും ഞാനവളെ വിട്ടുകളയില്ല..... പിന്നെ അമ്മ പറഞ്ഞ ഇവളുടെ സംസ്കാരം മനസ്സിലാക്കിയ പ്രവർത്തിയില്ലേ അത് ചെയ്തത് ഇവളല്ല..... അമ്മയുടെ ഈ മകനാണ്. അതിന്റെ പേരിൽ ഇവളെ ആരും തെറ്റുകാരി ആക്കണ്ട..... ആരൊക്കെ എന്ത് പറഞ്ഞാലും സോജയിനി എനിക്കൊപ്പം തന്നെ കാണും..... " ഉറച്ചതായിരുന്നു ദേവിന്റെ ശബ്ദം. ആ വാക്കിലെ ദൃഡത നിഷയെ പോലും ഒരു ഞൊടിയൊന്ന് തളർത്തിയത് പോലെ തോന്നി. പക്ഷേ പെട്ടന്ന് അവർ തിരിഞ്ഞകത്തേക്ക് പോയി. എന്താണവരുടെ ഭാവമെന്നറിയാതെ മുറ്റത്ത് നിന്നിരുന്നവരെല്ലാം പകച്ച് നിന്നു.

പക്ഷേ ആകാംഷയ്ക്ക് വിരാമമിട്ടുകൊണ്ട് ഒന്ന് രണ്ട് മിനുട്ടുകൾക്കുള്ളിൽ തന്നെ നിഷ തിരികെ വന്നു. അവർ ഉമ്മറത്തേക്ക് വന്നതും അവിടമാകെ മണ്ണെണ്ണയുടെ തീക്ഷണ ഗന്ധം പടർന്നു. അതിന്റെ ഉറവിടം തേടിയ എല്ലാവരുടെയും സിരകൾ പോലും മരവിച്ച് പോയ നിമിഷമായിരുന്നു അത്. ആകെ നനഞ്ഞു കുളിച്ചത് പോലെ വന്ന നിഷയുടെ ശരീരത്തിൽ നിന്നുമാണ് മണ്ണെണ്ണയുടെ ഗന്ധം വമിക്കുന്നതെന്നറിഞ്ഞതും ദേവോടി അവരുടെ അരികിലേക്ക് ചെല്ലാനൊരുങ്ങി. " നിക്കവിടെ.......!!!!!! നീ പറഞ്ഞില്ലേ ഇവളിനി നിനക്കൊപ്പം തന്നെ ജീവിക്കുമെന്ന്. അപ്പോ പിന്നെ നിനക്കിനി ഈ അമ്മയുടെ ആവശ്യമില്ല അല്ലേ മോനെ.....??? " " അമ്മേ...... " ദേവൊരാന്തലോടെ വിളിച്ചു. " കരയരുത്..... ഇന്ന് മുതൽ നീ ഇവളുടെ ഭർത്താവ് മാത്രമാണ് അമ്മയെ മറന്നേക്ക്..... " പറഞ്ഞതും നിഷ തന്റെ കയ്യിലിരുന്ന തീപ്പെട്ടി തുറക്കാനാഞ്ഞു. " അയ്യോ .വേണ്ടമ്മേ....... ഞാൻ..... ഞാൻ പൊക്കോളാം..... ഒരിക്കലും ദേവിന്റെ കണ്മുന്നിൽ പോലും വരാതെ ഞാൻ പൊക്കോളാം അമ്മേ....."

ഏങ്ങിക്കരഞ്ഞുകൊണ്ട് ആ പെണ്ണ് മുഖം പൊത്തി നിലത്തേക്കിരുന്നു. നിഷ ഒരു നിമിഷം നിശ്ചലമായി നിന്നു. " അമ്മയോട് പൊറുക്ക് മോളെ.... അമ്മയ്ക്ക്..... അമ്മയ്ക്ക് വേറെ വഴിയില്ല.....എന്റെയും നിന്റെയും ജീവൻ എന്റെ മോനിലാ ഇപ്പൊ ഇരിക്കുന്നതെന്നറിയാഞ്ഞിട്ടല്ല. പക്ഷേ ഞാൻ...... ഞാനൊരമ്മയായി പോയില്ലേ മോളെ...... " നീറുന്ന നെഞ്ചിൽ അമർത്തി തടവുമ്പോൾ നിഷ മനസുകൊണ്ട് ആ പെണ്ണിനോട് മാപ്പിരക്കുകയായിരുന്നു. എങ്കിലും നെഞ്ചിലെ വിങ്ങൽ കണ്ണുനീരായി പുറത്തേക്ക് കുതിക്കാതിരിക്കാൻ അവർ പെടാപ്പാട് പെടുകയായിരുന്നു. " എങ്കിൽ ഈ നിമിഷം നീയീ പടിക്ക് പുറത്ത് കടക്കണം..... വൈദേഹി ഈ വീടിന്റെ മരുമകളായിക്കഴിഞ്ഞാൽ എന്റെ മകന്റെ സ്വപ്നത്തിൽ പോലും നീ വരാൻ പാടില്ല..... " " ഇ..... ഇല്ല...... ഞാൻ...... ഞാൻ പൊക്കോളാം...... " ഹൃദയം പൊട്ടുന്ന നൊമ്പരത്തിൽ അവളിൽ നിന്നും ശബ്ദം പോലും പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല. " കേട്ടില്ലേ നിങ്ങടെ മോള് പറഞ്ഞത്..... ഇനിയെങ്കിലും വിളിച്ചോണ്ട് പൊക്കൂടെ ഈ അശ്രീകരത്തിനെ...."

വെങ്കിടിക്കും പദ്മയ്ക്കും നേരെ തിരിഞ്ഞ നിഷയൊരു പുച്ഛത്തോടെ പറഞ്ഞതും അയാൾ നടന്നുചെന്ന് സോജയുടെ കയ്യിൽ മുറുകെ പിടിച്ചു. " വാ...... " ഒന്ന് ചലിക്കുക പോലും ചെയ്യാതെ നിസ്സഹായനായി നിൽക്കുകയായിരുന്ന ദേവിന്റെ മുന്നിൽ കൂടി വെങ്കിയുടെ കൈപ്പിടിയിലൊതുങ്ങി ഒരു യന്ത്രം പോലെ ആ പെണ്ണ് പുറത്തേക്ക് നടന്നു. ആ രംഗം നോക്കി നിൽക്കുമ്പോൾ ഹൃദയം നിന്ന് പോകുമോ എന്ന് പോലും തോന്നുന്നുണ്ടായിരുന്നു നിഷയ്ക്ക്. പക്ഷേ എല്ലാം ഉള്ളിലെവിടെയോ കുഴിച്ചുമൂടി ഒരു ശിലപോലെ അവർ നിന്നു. പക്ഷേ അതിലും തകർന്നടിഞ്ഞ് മറ്റൊരുവൻ കൂടി നിന്നിരുന്നു കുറച്ചപ്പുറം മാറി. ദേവ്..... വളരെ കുറച്ച് നാളുകളേയുണ്ടായിരുന്നുള്ളുവെങ്കിലും ഹൃദയത്തിൽ പേറിയവളാണ്..... ദേഹം പകുത്തവളാണ്.... ഇപ്പൊ തന്റെ താലി പേറുന്നവളാണ്..... ആ പെണ്ണാണ് ഒരനാഥയേപ്പോലെ തന്റെ മുന്നിൽ കൂടി കടന്നുപോകുന്നതെന്നോർത്തപ്പോൾ , ഒരു ചെറുവിരൽ പോലും അവൾക്ക് വേണ്ടി അനക്കാൻ കഴിഞ്ഞില്ലെന്നോർത്തപ്പോൾ ഈ നിമിഷം ശരീരത്തിൽ നിന്നും ആത്മാവ് വേർപെട്ടിരുന്നെങ്കിലെന്ന് മോഹിച്ചു പോവുകയായിരുന്നു ദേവ്.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story