ആരാധികേ: ഭാഗം 29

aradhika abhirami

രചന: അഭിരാമി ആമി

സോജയും വീട്ടുകാരും പോയ പുറകെ മകനെയൊന്ന് നോക്കിയിട്ട് നിഷ അകത്തേക്ക് കയറിപ്പോയി. റൂമിലെത്തി ബാത്‌റൂമിലേക്ക് കയറുമ്പോൾ തന്നെ അതുവരെ പെയ്യാൻ വെമ്പി നിന്നിരുന്ന സങ്കടങ്ങൾ മുഴുവനും കൂടി ഒരു പേമാരി പോലെ പെയ്തു തുടങ്ങിയിരുന്നു. ഒന്നലറി കരയാൻ , നെഞ്ചിലെ ഭാരമൊന്നിറക്കി വയ്ക്കാനായി അവരോടി അകത്തേക്ക് കയറി വാതിലടച്ചു. ഉള്ളിലെത്തി ടാപ്പുകൾ തുറന്നിട്ട്‌ , തുറന്ന ഷവറിനടിയിലേക്ക് കയറി നിന്ന് നിഷ അലറിക്കരഞ്ഞു. " ഈശ്വരാ ഇതിനും വേണ്ടി ശിക്ഷിക്കാൻ മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്. എന്റെ മോൻ...... എന്റെ മാധു..... അവൻ...... ഈ അമ്മ മരിച്ചാൽ പോലും പൊറുക്കാൻ കഴിയില്ല എന്റെ മോനെന്നോട്...... അത്രയ്ക്ക് അവനെ ഇല്ലാതാക്കി ഞാൻ...... ജീവനോടെ ശ്വാസം മുട്ടിച്ചു കൊന്നു ഞാനെന്റെ മോനെ കൊണ്ട്......

സോജ..... മോളെ...... ഈ ഗതികെട്ട അമ്മയോട് നീ പൊറുക്കണേ മോളെ.... നിന്നെ...... നിന്നെ എനിക്ക് വിധിച്ചിട്ടില്ല മോളെ...... ദൈവമേ...... എന്റെ ചങ്ക് പൊട്ടുവണല്ലോ..... " ചുവരിലേക്ക് ചാരിയിരുന്ന് സമനില തെറ്റിയവളെ പോലെ പദംപറഞ്ഞ് കരഞ്ഞിട്ടും ഹൃദയം ശൂന്യമാകാത്തത് പോലെ തോന്നിയ അവർ സ്വന്തം നെഞ്ചിൽ ആഞ്ഞാഞ്ഞിടിച്ചു. പക്ഷേ എത്രയൊക്കെ ശക്തിയോടെ ഇടിച്ചിട്ടും തപിക്കുന്ന ഹൃദയത്തിന്റെ നൊമ്പരത്തിനിടയിൽ ആ വേദനയൊന്നും അവരറിഞ്ഞില്ല. കുറേ നേരമൊന്ന് കരഞ്ഞു കഴിഞ്ഞപ്പോൾ അല്പമൊന്നടങ്ങിയ നിഷ പതിയെ പിന്നിലെ ചുവരിലേക്ക് തല ചായ്ച്ച് ഇരുന്നു. മണിക്കൂറുകൾ മുൻപ് സംഭവിച്ച , എല്ലാമെല്ലാം മാറ്റിമറിച്ച ആ കൂടിക്കാഴ്ചയുടെ ഓർമ്മകളിലേക്ക് തളർച്ചയോടവർ വഴുതി വീണു. എത്രയും വേഗം മാധുന്റെയും സോജയുടെയും വിവാഹം നടത്തുന്നതിനെക്കുറിച്ച് ശങ്കരേട്ടനോട്‌ സംസാരിക്കുമ്പോൾ ഹൃദയം അത്രമേൽ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.

ഓരോ നിമിഷങ്ങളും സ്വപ്നങ്ങളും പേറി കടന്നുപോകുന്ന ദിവസങ്ങളായിരുന്നു കഴിഞ്ഞു പോയതൊക്കെയും. മാധു സോജയുടെ കഴുത്തിൽ താലി അണിയിക്കുന്നതും നിലവിളക്കും പിടിച്ച് സുമംഗലിയായി അവളീ വീടിന്റെ പടി കടന്ന് വരുന്നതും ഒക്കെയായിരുന്നു ഓരോ നിമിഷവും മനസ് നിറയെ. ആ സന്തോഷം വാക്കുകളിലും നിറഞ്ഞിരുന്നു. " നീയൊന്നടങ്ങ് നിഷേ..... ഒരു കല്യാണമെന്നൊക്കെ പറഞ്ഞാൽ എത്ര ചെറിയ തോതിൽ നടത്തിയാലും അതിന്റെതായ എല്ലാ കാര്യങ്ങളും അടുപ്പിക്കണ്ടേ..... അതിന് കുറച്ച് സമയമെടുക്കും. ഇതിപ്പോ നീയിങ്ങനെ കിടന്ന് ധൃതി പിടിക്കുന്നത് പോലെ കാര്യം നടക്കുവോ....??? അവർക്കും ആഗ്രഹങ്ങളില്ലേ.... അവരുടെ ഒരേയൊരു മോളാ.... അതിനേ ഒരാളുടെ കയ്യിൽ പിടിച്ചേൽപ്പിക്കുമ്പോൾ അവർക്കും കുറച്ച് സാവകാശമൊക്കെ വേണ്ടേ.... അതെന്താ നീ മനസ്സിലാക്കാത്തത്.....??? "

ശങ്കരന്റെ സ്വരത്തിൽ അല്പമൊരു ശാസന കൂടി കലർന്നിരുന്നു. " എനിക്കൊന്നുമറിയാഞ്ഞിട്ടല്ല ഏട്ടാ.... പക്ഷേ സന്തോഷം കൊണ്ടെന്തോ കാല് നിലത്ത് തൊടുന്നില്ല ഇപ്പൊ..... ഇനി ഇതൊന്ന് നടന്ന് കിട്ടിയാലേ എനിക്ക് സമാധാനമാകൂ..... " അവരുടെയാ വാക്ക് കേട്ട് ശങ്കരൻ പതിയെ ചിരിച്ചു. " എന്റെ നിഷേ നിന്റൊരു കാര്യം.... " " ആ ഏട്ടൻ ഒന്നിങ്ങോട്ട് വരണം..... ഇവിടെ കുറച്ച് ഒരുക്കങ്ങൾ ഒക്കെയുണ്ട്..... മീഡിയക്കാർ അറിയുമെന്ന് പറഞ്ഞിട്ടാ മാധു അധികം ആരേം ഒന്നും വിളിക്കണ്ടാന്ന് പറയുന്നത്. എന്നാലും ഒരു കല്യാണം നടക്കുമ്പോൾ നമ്മുടെ അടുത്ത ബന്ധുക്കളേയെങ്കിലും വിളിക്കാതെ പറ്റുവോ.... " " ആ അത് ഞാനും പറയാൻ ഇരിക്കുവാരുന്നു അത് വേണം നിഷേ..... " ശങ്കരനും സഹോദരിയെ അനുകൂലിച്ചു. അതേ സമയം തന്നെയായിരുന്നു ഫോണിൽ മറ്റൊരു കാൾ വരുന്നതിന്റെ ബീപ് ശബ്ദം കേട്ടത്. നിഷ പെട്ടന്ന് ഫോൺ കാതിൽ നിന്നുമെടുത്ത് സ്‌ക്രീനിൽ തെളിഞ്ഞ നമ്പർ നോക്കി.

ഒരു പരിചയവുമില്ലാത്ത നമ്പറായിരുന്നു അത്. " ആഹ് ഏട്ടാ ഞാൻ വിളിക്കാം.... വേറാരൊ വിളിക്കുന്നു.. ഞാനൊന്ന് നോക്കട്ടെ...... " " ആഹ് ശെരി..... " അയാൾ പെട്ടന്ന് കാൾ കട്ട് ചെയ്തു. നിഷ അപ്പോഴും വന്നുകൊണ്ടിരുന്ന ആ കാൾ എടുത്ത് ഫോൺ കാതോട് ചേർത്തു. " ഹലോ ആരാ....???? " " ദേവ് മാധവിന്റെ അമ്മയല്ലേ.....???? " ഘനഗംഭീരമായ പുരുഷസ്വരം ആരുടേതാണെന്ന് തിരിച്ചറിയാൻ പോലും നിഷയ്ക്ക് ആകുന്നുണ്ടായിരുന്നില്ല. " അതേ നിങ്ങളാരാ.....??? " " ഞാനാരാണെന്ന് തല്ക്കാലം പറയുന്നില്ല. നമുക്കൊന്ന് നേരിൽ കാണാൻ പറ്റുമോ.....???? " " ബുദ്ധിമുട്ടാണ്..... ആരാണെന്നോ കാര്യമെന്താണെന്നോ പോലുമറിയാതെ ഞാനെന്തിന് നിങ്ങളെ കാണണം....???. " " ഹഹഹ...... " അയാൾ പതിഞ്ഞ സ്വരത്തിൽ ചിരിച്ചു. " ഞാനാരാണെന്നറിഞ്ഞില്ലെങ്കിലും നമുക്ക് മീറ്റ് ചെയ്തേ മതിയാകൂ മിസ്സിസ് മാധവ്....

ഇനിയതിന് നിങ്ങൾ തയാറായില്ല എങ്കിൽ..... നഷ്ടം നിങ്ങൾക്ക് മാത്രമായിരിക്കും. കാരണം എനിക്ക് സംസാരിക്കാനുള്ളത് നിങ്ങളുടെ മകന്റെ കാര്യമാണ്..... അല്ലല്ല...... അവന്റെ ജീവന്റെ കാര്യം..... ആ ജീവൻ എപ്പോ പൊലിയുമെന്ന് ഇപ്പൊ എനിക്ക് മാത്രമേയറിയൂ..... " വളരെ സൗമ്യമായ് അയാൾ പറഞ്ഞതും നിഷയുടെ ഹൃദയമൊന്നുലഞ്ഞു. ഒരു നിമിഷം ദേവിന്റെ മുഖം അവരുടെ കണ്ണിൽ മിന്നി മാഞ്ഞു. " എ..... എന്താ നിങ്ങൾ പറയുന്നത്.....??? എന്റെ... മോൻ..... അവനെന്താ..... ആരാ നിങ്ങൾ......???? " അവരിലെ അമ്മ മനം പിടഞ്ഞു. " അതൊന്നും തല്ക്കാലം നിങ്ങളോട് പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. പിന്നെ അറിയാൻ താല്പര്യമുണ്ടെങ്കിൽ ഇന്ന് മൂന്നുമണിക്ക് ന്യൂയോർക്ക് റെസ്റ്റോറന്റിലേക്ക് വരൂ.... ഞാനവിടെയുണ്ടാകും. " " ഹലോ.... ഞാൻ..... " " വരാനാണ് തീരുമാനമെങ്കിൽ എത്തിയിട്ട് ഈ നമ്പറിൽ വിളിക്കൂ.... " നിഷയെ തുടരാനനുവദിക്കാതെ അയാൾ ഫോൺ കട്ട് ചെയ്തു. " ദൈവമേ എന്റെ മോൻ.... അയാൾ...... അയാളെന്തൊക്കെയാ പറഞ്ഞത്..... മാധുനെ...." അവർ വേപഥുവോടെ നെഞ്ചിൽ അമർത്തി തടവി. ❤️

കൃത്യം മൂന്ന് മണിക്ക് തന്നെ നിഷ ന്യൂയോർക്ക് പാർക്കിന് മുന്നിലെത്തി. " ഞാൻ പെട്രോളടിച്ചിട്ട് വരാമമ്മേ.... " " മ്മ്ഹ്..... " സിബി പറഞ്ഞത് കേട്ട് വെറുതേയൊന്ന് മൂളിയിട്ട് അവരകത്തേക്കുള്ള പടവുകൾ കയറി. മെയിൻ ഡോറിനരികിലെത്തും മുൻപ് തന്നെ ഫോണെടുത്ത് ആ അജ്ഞാതന്റെ നമ്പറിലേക്ക് വിളിച്ചു. " ഹലോ...... എനിക്കറിയാമായിരുന്നു മിസ്സിസ് മാധവിന് വരാതിരിക്കാൻ കഴിയില്ല എന്ന്. അകത്തേക്ക് വന്നോളു. ഞാനിവിടെ ലോൺ പൂൾ സൈഡിലുണ്ട്. ടേബിൾ നമ്പർ സിക്സ്..... " മറുവശത്ത് കാൾ കട്ടായി. വിറയാർന്ന കാലുകൾ മുന്നോട്ട് വച്ച് നിഷ ഉള്ളിലേക്ക് പോയി. എന്താണ് നടക്കുന്നതെന്നും ആരെയാണ് താൻ കാണാൻ പോകുന്നതെന്നും എന്താണ് അയാൾക്ക് പറയാനുള്ളതെന്നും ഓർത്തിട്ട് അവർക്കൊരെത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല.

എല്ലാത്തിലുമുപരി ഏകമകനെയോർത്തുള്ള ആധി അവരിലെ അമ്മയെ പൂർണമായും പിടി മുറുക്കിക്കഴിഞ്ഞിരുന്നു. നിഷ പൂൾ സൈഡിലേക്ക് ചെല്ലുമ്പോൾ തന്നെ കണ്ടു ആറാം നമ്പർ ടേബിളിൽ ഇരുന്നിരുന്ന അപരിചിതനെ. ഏകദേശം ആറടിയിൽ കൂടുതൽ ഉയരമുണ്ടായിരുന്നു അയാൾക്ക്. ഇതുവരെ ഇങ്ങനെയൊരാളെ കണ്ടിട്ട് പോലുമില്ലല്ലോ എന്നോർത്തുകൊണ്ട് നിഷ പതിയെ അയാൾക്കരികിലേക്ക് ചെന്നു. " വരണം മിസ്സിസ് മാധവ്....ഇരിക്കൂ..... " അവരെ കണ്ടതും അയാൾ ക്ഷണിച്ചു. തികച്ചും സൗഹൃദ പരമായ ആ ക്ഷണം കൂടിയായപ്പോൾ ആകെപ്പാടെ അമ്പരന്ന് പോയെങ്കിലും അവർ പതിയെ അയാൾ ചൂണ്ടിയ കസേരയിലേക്കിരുന്നു. " പണ്ട് മുതലേ ആറ് എന്റെ ലക്കി നമ്പറാണ്..... " അയാൾ ചിരിച്ചുകൊണ്ട് തന്റെ മുന്നിലിരുന്നത് കൂടാതെ മറ്റൊരു കപ്പിലേക്ക് കൂടി ചായ കൂട്ടാൻ തുടങ്ങി. " ഷുഗർ ആവാല്ലോ അല്ലേ......??? " ഭയത്തോടെ അയാളുടെ ചെയ്തികളൊക്കെ നോക്കിയിരിക്കുകയായിരുന്ന നിഷായോടായി അയാൾ വീണ്ടും ചോദിച്ചു.

" എനിക്ക്...... ഞാൻ..... ഞാനിതിനൊന്നുമല്ല വന്നത് ആരാ നിങ്ങൾ..... എന്താ നിങ്ങൾക്ക്....??? " " ചായ കുടിക്കൂ....." അയാൾ പുഞ്ചിരിച്ചു. " പ്ലീസ്..... എന്താ നിങ്ങൾക്ക് വേണ്ടത്.....???? ആരാ നിങ്ങൾ.....??? എന്നേ ഭ്രാന്ത് പിടിപ്പിക്കാതെ ദയവുചെയ്ത് ഒന്ന് പറ..... " അപ്പോഴേക്കും സഹികെട്ടത് പോലെ ഒരു കരച്ചിലിന്റെ സ്വരത്തിൽ നിഷ പറഞ്ഞു. അതുകേട്ട് അപരിചിതൻ പതിയെ ചിരിച്ചു. അതിലൊരു പുച്ഛത്തിന്റെ ധ്വനിയൊളിഞ്ഞിരിക്കുന്നത് പോലെ അവർക്ക് തോന്നി. " ഇനിയും നിങ്ങളെ ഒളിച്ചുവയ്ക്കുന്നില്ല...... ഞാൻ മഹേന്ദ്ര വർമ. എന്നേ നിങ്ങളറിയില്ല പക്ഷേ എന്റെ മോളെ നിങ്ങളറിയും. നിങ്ങളേക്കാൾ നന്നായി നിങ്ങളുടെ മകനും. വൈദേഹി വർമ........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story