ആരാധികേ: ഭാഗം 30

aradhika abhirami

രചന: അഭിരാമി ആമി

" ഇനിയും നിങ്ങളെ ഒളിച്ചുവയ്ക്കുന്നില്ല...... ഞാൻ മഹേന്ദ്ര വർമ. എന്നേ നിങ്ങളറിയില്ല പക്ഷേ എന്റെ മോളെ നിങ്ങളറിയും. നിങ്ങളേക്കാൾ നന്നായി നിങ്ങളുടെ മകനും. വൈദേഹി വർമ.... " വൈദേഹിയുടെ പേര് കേട്ടതും ദേഹം തളരുന്നത് പോലെ തോന്നി നിഷയ്ക്ക്. അയാളുടെ ഭാവമെന്താണെന്നറിയാതെ ആ മുഖത്തേക്കൊന്ന് നോക്കാൻ പോലും ഭയന്നിട്ടെന്ന പോലെ അവരിരുന്നു. ഹൃദയം അത്രമേൽ പിടയുകയായിരുന്നു. " ഇത്ര ടെൻഷനാവുന്നതെന്തിനാ മിസ്സിസ് മാധവ്...... ഞാൻ മറ്റൊന്നിനും വന്നതല്ല. പിന്നെ കാര്യങ്ങളൊക്കെ ഇപ്പൊ നിങ്ങൾക്കും അറിയാവുന്നത് തന്നെയാണല്ലോ. നിങ്ങളുടെ മകനും എന്റെ മോളും...... " ബാക്കി പറയാൻ മടിച്ചിട്ടോ എന്തോ അയാളൊന്ന് നിർത്തി. " ആഹ് അതൊക്കെ പോട്ടെ...... ഇപ്പൊ വിഡ്ഢിയായത് എന്റെ മോള് മാത്രാ...... അവളെ സ്നേഹിച്ചിരുന്നവൻ , വിവാഹം കഴിക്കുമെന്ന് വാക്ക് കൊടുത്തിരുന്നവൻ പെട്ടന്നൊരു നിമിഷം കാല് മാറി.... മറ്റൊരുത്തിയോട് ദിവ്യ പ്രേമവും ഉദിച്ചു. അതിന് കുടപിടിച്ച് കൊടുത്തവരല്ലേ നിങ്ങൾ....???

അപ്പൊ ഇനിയെനിക്ക് പറയാനുള്ളതും നിങ്ങളോട് തന്നെയാണ്......" വളരെ ശാന്തമായിരുന്ന് ചായയിൽ ഷുഗറിട്ട് മിക്സ്‌ ചെയ്യുന്നതിനിടയിൽ മഹേന്ദ്രൻ പറയുമ്പോൾ ഇരിപ്പിടത്തിലിരുന്ന് ഉരുകിത്തീരുകയായിരുന്നു നിഷ. ( ശെരിയല്ലേ അയാൾ പറഞ്ഞതൊക്കെ....???? ഒരു പെണ്ണായിരുന്നിട്ട് കൂടിയും മറ്റൊരു പെണ്ണിന്റെ നെഞ്ചിലെ നീറ്റലറിയാതെ പോയ താനും തെറ്റുകാരിയല്ലേ. പക്ഷേ ഈ കാര്യത്തിൽ എന്തുകൊണ്ടോ മാധുവിന്റെ ഇഷ്ടത്തിനൊപ്പം നിൽക്കാനേ കഴിഞ്ഞുള്ളു. എപ്പോഴൊക്കെയൊ ഒരു സ്ത്രീ എന്നതിനപ്പുറം ഒരമ്മ മാത്രമായി ചിന്തിച്ചു പോയി. അവിടെ തന്നിലേ സ്വാർത്ഥത തല പൊക്കി. മകനേക്കാൾ തിരക്കുള്ള , അവനേക്കാൾ താമസിച്ച് വീട്ടിൽ വരുന്ന മരുമകളെ ഉൾക്കൊള്ളാൻ എന്തോ മനസ് തയ്യാറായിരുന്നില്ല. ഒപ്പം സോജ മോളോടുള്ള താല്പര്യവും ഏറെയായിരുന്നു ....

അവിടെ മകൻ തകർത്തെറിഞ്ഞ വൈദേഹിയെന്ന പെണ്ണ് ഒന്നുമായിരുന്നില്ല. ) " വിവാഹമൊക്കെ ഉറപ്പിച്ചു കഴിഞ്ഞല്ലേ.....???? " മഹേന്ദ്രന്റെ ചോദ്യമായിരുന്നു സ്വയമൊരു ആത്മ പരിശോധന നടത്തിക്കൊണ്ടിരിക്കുകയായിരുന്ന നിഷയെ ഉണർത്തിയത്. ചോദിച്ചത് കേട്ടെങ്കിലും അവർ മറുപടിയൊന്നും പറഞ്ഞില്ല. പറയാൻ നാവ് പൊന്തിയില്ല എന്ന് പറയുന്നതാകും ശെരി. " ഞാനറിഞ്ഞിരുന്നു..... അതുകൊണ്ടാണ് ഇപ്പൊ ഇങ്ങനെയൊരു കൂടിക്കാഴ്ചയ്ക്ക് ഞാനൊരുങ്ങിയത്. " ചെയ്തു കൊണ്ടിരുന്ന പ്രവർത്തിയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അയാൾ പറയുന്നത് ശ്രദ്ധിച്ചിരിക്കുമ്പോഴും എന്തിലേക്കാണ് അയാൾ വളഞ്ഞു ചുറ്റി വരുന്നതെന്ന ചിന്തയായിരുന്നു നിഷയിൽ മുഴുവൻ. " പിന്നെ ഞാൻ പറഞ്ഞുവന്നതെന്താണെന്ന് വച്ചാൽ..... ഈ വിവാഹം എന്നൊക്കെ പറഞ്ഞാൽ എല്ലാവർക്കും സന്തോഷമുള്ള ഒരു ചടങ്ങാകണം എന്നാണ് എന്റെയൊരു പക്ഷം..... എന്താ അങ്ങനെയല്ലേ മിസ്സിസ് മാധവ് വേണ്ടത്....???? " " ........................ "

" ഇവിടുത്തെ സ്ഥിതി അങ്ങനല്ലല്ലോ...." അപ്പോഴേക്കും നിഷയുടെ ക്ഷമ തീർത്തും നശിച്ചിരുന്നു. " നിങ്ങളെന്താണ് മിസ്റ്റർ ഉദ്ദേശിക്കുന്നത്.....??? എന്റെ മകന്റെ വിവാഹം നടക്കുന്നതിൽ എനിക്കില്ലാത്ത സന്തോഷക്കുറവ് വേറാർക്കാ ഉള്ളത്....???? " പെട്ടന്ന് മഹേന്ദ്രന്റെ മുഖം മങ്ങി. അതുവരെ പണിപ്പെട്ട് മുഖത്തണിഞ്ഞിരുന്ന പുഞ്ചിരിയുടെ മുഖപടം പൂർണമായും അഴിഞ്ഞുവീണു. കണ്ണുകൾ കുറുകി..... മുഖം ചുവന്നു..... " അറിയില്ലേ നിങ്ങൾക്ക്..... എങ്കിൽ ഞാൻ തന്നെ പറഞ്ഞു തരാം. നിങ്ങള് കല്യാണതിരക്കിൽ ആറാടുമ്പോൾ എന്റെ വീട്ടിൽ ശവം പോലൊരു പെണ്ണിരുപ്പുണ്ട്. എന്റെ മോള്..... ജീവിതം കൈ വിട്ട് പോയതറിയാൻ ഒരുപാട് വൈകിപ്പോയവളാ എന്റെ കുഞ്ഞ്..... ഒന്ന് പ്രതികരിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ തകർന്നടിഞ്ഞുപോയി എന്റെ മോള്..... അതുകൊണ്ടാ അവൾക്ക് വേണ്ടി ഞാൻ തന്നെ ഇറങ്ങിയത്..... എനിക്കൊന്നേ പറയാനുള്ളു...... ഈ വിവാഹം നടക്കാൻ പാടില്ല. സോജ നിങ്ങളുടെ മകന്റെ ഭാര്യയാവാൻ അനുവദിക്കില്ല ഞാൻ..... " " നിങ്ങളെന്തൊക്കെയാണ് ഈ പറയുന്നത്.....

നിങ്ങൾ പറഞ്ഞതൊക്കെ ശെരിയാണ്. എന്റെ മകൻ നിങ്ങളുടെ മകളേ സ്നേഹിച്ചിരുന്നു. പക്ഷേ അവർ തമ്മിൽ അകലാനുള്ള കാരണം അവൾ തന്നെയാണെന്നാണ് ഞാൻ മനസിലാക്കിയത്. എന്നിട്ടും എന്റെ മോൻ ഒരുപാട് അലഞ്ഞു അവളുടെ പിന്നാലെ.... അവളെ അനുനയിപ്പിക്കാൻ , എല്ലാം മറന്നൊപ്പം കൂട്ടാൻ...... അപ്പോ അവളതിന് തയ്യാറായില്ല. എന്നിട്ടിപ്പോ എന്റെ മോൻ മറ്റൊരു ജീവിതത്തിലേക്ക് തിരിഞ്ഞപ്പോൾ അസൂയ മൂത്ത് വീണ്ടും വലിഞ്ഞുകയറി വരുന്നതിൽ എന്ത് ന്യായമാ നിങ്ങൾക്ക് പറയാനുള്ളത്.....???? " ദേഷ്യമടക്കാൻ കഴിയാതെ നിഷ ചീറി. " ഇതുവരെ ഞാൻ നിങ്ങളോട് മാന്യമായി സംസാരിച്ചത് നിങ്ങളൊരു സ്ത്രീയാണെന്ന് കരുതിയാണ്. പക്ഷേ ഇപ്പൊ അത് തെറ്റാണെന്നെനിക്ക് മനസിലായി. നിങ്ങളൊരു സ്ത്രീയാണോ......??? ഒരു പെണ്ണിന്റെ മനസ് മനസിലാക്കാതെ ഇങ്ങനെ സംസാരിക്കാൻ നിങ്ങൾക്കെങ്ങനെ കഴിയുന്നു. " ആ ചോദ്യം നിഷയെ ഒന്ന് നിശബ്ദയാക്കിയെങ്കിലും തോൽവി സമ്മതിക്കാൻ അവർക്ക് ആദ്യമായിരുന്നില്ല.

" നിങ്ങളെന്തൊക്കെ പറഞ്ഞാലും ഇനിയൊരു കാര്യവുമില്ല മിസ്റ്റർ...... ഇതുവരെ ഞാൻ നിങ്ങളെ കേട്ടിരുന്നത് കുറച്ചൊക്കെ തെറ്റ് എന്റെ മോന്റെ ഭാഗത്തും ഉണ്ടായിരുന്നത് കൊണ്ടാണ്. പക്ഷേ...... ഇനിയും എനിക്കതിന് സമയമില്ല. ഞാൻ പോകുന്നു..... എന്റെ മകന്റെ വിവാഹമാണ്. അതിന്റെ തിരക്കുകൾ ഒരുപാടുണ്ട്. മകളുടെ കാമുകൻമാരുടെയൊക്കെ അമ്മമാർക്ക് ചായയിട്ട് കൊടുത്തു നടക്കാതെ മകളെയും അവൾക്ക് ചേർന്ന ഒരാളുടെ കയ്യിൽ പിടിച്ചുകൊടുക്കാൻ നോക്ക്..... " പറഞ്ഞതും നിഷ ഇരുപ്പിടത്തിൽ നിന്നും എണീറ്റു. " ഒരു നിമിഷം മിസിസ് മാധവ്.... " അവർ പോകാൻ തിരിയുമ്പോൾ ആയിരുന്നു മഹേന്ദ്രൻ വീണ്ടും വിളിച്ചത്. നിഷ ചോദ്യഭാവത്തിൽ തിരിഞ്ഞു നിന്നയാളെ നോക്കി. " നിങ്ങളുടെ വാക്കുകൾ കൊള്ളാം.... അതിന് വേണ്ടി തന്നെയാണ് ഞാനും നിങ്ങളേ ഇവിടെ വിളിച്ചു വരുത്തി ഇങ്ങനെയൊരു കൂടികാഴ്ച ഒരുക്കിയത്. "

" മനസിലായില്ല...... " " വളച്ചു ചുറ്റുന്നില്ല...... നിങ്ങളുടെ മകൻ ദേവ് മാധവും എന്റെ മോളും തമ്മിലുള്ള വിവാഹക്കാര്യം സംസാരിച്ചുറപ്പിക്കാൻ വേണ്ടിയാണ് ഞാൻ വന്നത്... " അയാൾ പറഞ്ഞത് കേട്ട് നിഷയൊരു നിമിഷം തരിച്ചു നിന്നു. പിന്നെ അയാളെ തുറിച്ചു നോക്കി. " എന്റെ മകന്റെ വിവാഹം തീരുമാനിക്കാൻ തല്ക്കാലം അവന്റെ അമ്മയായ ഞാനിവിടെ ജീവനോടെ ഉണ്ട് മിസ്റ്റർ...... ആ തീരുമാനം പിഴവ് കൂടാതെ ഞാനെടുത്തിട്ടുമുണ്ട്. ഞാൻ നിശ്ചയിക്കുന്ന മുഹൂർത്തത്തിൽ തന്നെ എന്റെ മകൻ സോജയുടെ കഴുത്തിൽ താലി ചാർത്തും..... " " അത് നടക്കില്ല നിഷാ..... നടക്കാൻ ഞാൻ സമ്മതിക്കില്ല. പിന്നെ നടത്തിയേ തീരു എന്ന് നിങ്ങൾക്ക് വാശിയുണ്ടെങ്കിൽ നടക്കട്ടെന്ന് ഞാനുമങ്ങ് വിചാരിക്കും. പക്ഷേ വിവാഹം കഴിഞ്ഞ് വരനും വധുവും വീട്ടിലെത്തില്ല അടുത്ത ദിവസം പുലരുന്നത് യൂത്ത് ഐക്കൺ ദേവ് മാധവും ഭാര്യയും വിവാഹിതരായി മണിക്കൂറുകൾക്കുള്ളിൽ അപകടത്തിൽ പെട്ട് മരിച്ചു എന്ന വാർത്തയുമായിട്ടായിരിക്കും.

ഇനിയും മനസ്സിലായില്ലെങ്കിൽ പച്ച മലയാളത്തിൽ പറയാം..... മകനെയും മരുമകളെയും മണിയറയിലേക്ക് അയക്കില്ല ഈ മഹേന്ദ്ര വർമ..... കൊന്ന് തള്ളിയിരിക്കും..... അവനെ ഒട്ടും ഇഷ്ടമുണ്ടായിട്ടല്ല..... പക്ഷേ എന്റെ മോൾടെ കണ്ണുകൾ തോർന്നിട്ടില്ല ഇതുവരെ. അവളുടെ കണ്ണീര് കാണുമ്പോ ചങ്ക് പിടയ്ക്കുവാ..... അപ്പോ തീരുമാനിച്ചതാ അവനെ ജീവനോടെ അല്ലെങ്കിൽ ചത്തുമലച്ച ശവമായിട്ടെങ്കിലും എന്റെ മോൾക്ക് നേടി കൊടുക്കണമെന്ന്.... അതുകൊണ്ട് എന്റെ തീരുമാനത്തിൽ മാറ്റമൊന്നും വരില്ല. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്..... സോജയെന്നത് മരണമാണ്..... വൈദേഹിയെന്നത് ജീവിതവും..... ഇതിലേത് വേണം സ്വന്തം മകനെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ആലോചിക്ക്..... നല്ലത് പോലെ..... ഞാനിറങ്ങുന്നു..... " ആ വാക്കുകൾ കേട്ട് സ്ഥലകാലബോധം പോലും നഷ്ടപ്പെട്ട് ഒരു ശിലപോലെ നിൽക്കുകയായിരുന്ന ആ സ്ത്രീയെ കടന്ന് അയാളൊരു നേർത്ത പുഞ്ചിരിയോടെ പുറത്തേക്ക് നടന്നു....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story