ആരാധികേ: ഭാഗം 32

aradhika abhirami

രചന: അഭിരാമി ആമി

" ആഹാ ഇവിടിരിക്കുവാണോ......??? " പിന്നിൽ നിന്നും മഹേന്ദ്രന്റെ ശബ്ദം കേട്ടതും വൈദേഹി പെട്ടന്ന് നിറഞ്ഞ മിഴികൾ വിരൽ കൊണ്ടൊപ്പി തിരിഞ്ഞു നോക്കി. താൻ കാരണം കുറച്ചുനാളായി ഒന്ന് ചിരിച്ചുപോലും കണ്ടിട്ടില്ലാത്ത അച്ഛൻ നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്നത് കണ്ട് അവളും അറിയാതെ പുഞ്ചിരിച്ചു. മഹേന്ദ്രൻ നടന്നുവന്നവളുടെ അരികിലേക്കിരുന്നവളെ തന്നോട് ചേർത്തു പിടിച്ചു. വൈദേഹിയും എതിർക്കാതെ അയാളുടെ മാറിലേക്ക് ചാഞ്ഞിരുന്നു. " അതേ ഇനിയും ഈ ഇരുപ്പ് വേണ്ടാട്ടോ..... ഞാൻ കമലയോട് പറഞ്ഞിട്ടുണ്ട് ഇന്ന് മോൾക്കിഷ്ടമുള്ള ഫുഡെല്ലാം ഉണ്ടാക്കണമെന്ന്. അതുകൊണ്ട് അച്ഛന്റെ പൊന്നുമോള് പോയി ഒന്ന് കുളിച്ചിട്ടൊക്കെ വാ.... വരുമ്പോ ഈ മൂഡും തീർത്ത് മാറിയിരിക്കണം. " അയാൾ പറയുന്നത് കേട്ട് ഒന്നും മനസിലാകാതെ വൈദേഹി തല ഉയർത്തി അയാളെ നോക്കി. " ഇന്ന് അച്ഛനൊരുപാട് സന്തോഷമുള്ളൊരു ദിവസമാ....." കാര്യം പിടികിട്ടിയില്ലെങ്കിലും അവൾ വെറുതേ ചിരിച്ചു.

" അച്ഛന് മാത്രല്ല..... കാര്യം കേട്ടുകഴിഞ്ഞാൽ മോൾക്കും സന്തോഷമാകും..... ഇങ്ങനെ ചടഞ്ഞുകുത്തിയിരിക്കില്ല. ഈ മൂഡ് ഒക്കെ മാറും. " " എന്താ കാര്യമെന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ ഉപകാരമായിരുന്നു.... " നേർത്തൊരു ചിരിയോടെ വൈദേഹി പറഞ്ഞു. " ഇനി സസ്പെൻസ് ഇടുന്നില്ല. ഞാനിന്നെന്റെ മരുമകനെ കണ്ടിട്ടാ വരുന്നത്..... " " മരുമകനോ..... അതാരാ.....??? " " വേറാരാടി പൊട്ടീ..... നിന്റെ ദേവിനെ തന്നെ..... " " അച്ഛാ....." അയാൾ പറഞ്ഞതിന്റെയൊന്നും പൊരുൾ പിടികിട്ടാതെ അവൾ വിളിച്ചു. " അതേ മോളെ..... ഞാനിന്ന് ദേവിനെ കണ്ടിരുന്നു. അവനെ മാത്രല്ല അവന്റമ്മയും ഉണ്ടായിരുന്നു. " " എനിക്കൊന്നും മനസിലാവുന്നില്ല...... അവരെന്തിനാ അച്ഛനെ കാണാൻ വന്നേ.....???? " ഹൃദയം പെരുമ്പറ കൊട്ടുമ്പോൾ അവൾ വെപ്രാളത്തോടെ ചോദിച്ചു. " വേറെന്തിനാ നിങ്ങൾ തമ്മിലുള്ള വിവാഹക്കാര്യം സംസാരിക്കാൻ...... വന്നു..... സംസാരിച്ചു..... എല്ലാം പറഞ്ഞുറപ്പിച്ചിട്ടാ പോയത്. എത്രേം വേഗം കാര്യങ്ങൾ നടത്തണമെന്നാ അവര് പറയുന്നത്..... "

അവൾക്കൊരു സംശയത്തിനുമിട നൽകാതെ മഹേന്ദ്രൻ പറഞ്ഞെങ്കിലും വൈദേഹിക്കൊന്നും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അവൾ താൻ സ്വപ്നം കാണുവാണോയെന്ന സംശയത്തിൽ നിശ്ചലമായിരിക്കുകയായിരുന്നു. " അ..... അപ്പൊ സോജാ.....??? ദേവിന്റമ്മ.... അമ്മ സമ്മതിച്ചോ.....???? " അവളുടെ ചുണ്ടുകൾ വിറച്ചു. " അവളൊരു ഫ്രോഡായിരുന്നെന്ന് ഇപ്പൊ ദേവിന് മനസിലായി. അല്ലെങ്കിൽ പിന്നെ നിങ്ങളുടെ ഇടയിലേക്ക് വരുമോ.....??? ആഹ് എന്തായാലും ഇപ്പൊ അവൾ നിങ്ങളുടെ ഇടയിലില്ല. ദേവിന്റെ മനസിലിപ്പോ എന്റെ മോള് മാത്രേ ഉള്ളു...... പിന്നെ അവന്റമ്മ...... അവർക്കാ ഇപ്പൊ എത്രേം വേഗം കല്യാണം കഴിഞ്ഞ് മോളാ വീടിന്റെ മരുമകളാകണമെന്ന വാശി.... " " സ്..... സത്യാണോ അച്ഛാ ഇതൊക്കെ....??? അതോ..... അതോ ഞാൻ സ്വപ്നം കാണുവാണോ.....??? അതോയിനി എന്നേ സന്തോഷിപ്പിക്കാൻ അച്ഛൻ വെറുതേ കള്ളം പറഞ്ഞെന്നെ പറ്റിക്കുവാണോ.....??? " ഇനിയും വിധിയുടെ എതാഴങ്ങളിലേക്കാണ് വലിച്ചെറിയപ്പെടാൻ പോകുന്നതെന്ന ഭീതിയോടെ അവൾ ചോദിച്ചു.

" അല്ലെടാ...... ഇതെല്ലാം സത്യമാ...... ഇനി നിങ്ങൾ ഒന്നാ..... അതുകൊണ്ട് ഇങ്ങനെ വിഷമിച്ചിരിക്കാതെ എന്റെ പൊന്നുമോള് ചെന്ന് കുളിച്ചിട്ട് വാ..... " " അച്ഛാ..... " പൊടുന്നനെ വൈദേഹി അയാളെ കെട്ടിപ്പിടിച്ച് ഒരു കൊച്ചു കുഞ്ഞിനെ പോലെ കരഞ്ഞു. പക്ഷേ ആ കണ്ണീരിനിടയിലും നഷ്ടമായത് തിരികെക്കിട്ടിയ കുഞ്ഞിനെ പോലെ അവൾ പുഞ്ചിരിച്ചു. 💞 മകളുടെ റൂമിൽ നിന്നും തിരികെ വന്ന മഹേന്ദ്രൻ തന്റെ ഫോണിൽ സേവ് ചെയ്തിരുന്ന ഒരു നമ്പറിലേക്ക് വിളിച്ചു. " ഹലോ സർ.....??? " " ആഹ് എന്തായെടാ.....???? " " സർ ഞാനങ്ങോട്ട് വിളിക്കാനിരിക്കുവായിരുന്നു. " " മ്മ്ഹ് എന്താ വിശേഷം.....???? അവിടെ എന്തെങ്കിലും കുഴപ്പമുണ്ടോ.....??? " " ഇപ്പൊ കുഴപ്പമൊന്നുമില്ല സർ..... പക്ഷേ നേരത്തെ ഇവിടൊരു സംഭവമുണ്ടായി..... അവൻ ആ പെണ്ണിനേം കൊണ്ട് ഇവിടെ കേറി വന്നു. അവളുടെ കഴുത്തിൽ അവൻ കെട്ടിയ താലിയുണ്ടായിരുന്നു....."

" വാട്ട്‌......??? " ദേഷ്യം കൊണ്ട് ഭ്രാന്ത് പിടിക്കും പോലെ തോന്നിയ മഹേന്ദ്രൻ മുന്നിലുണ്ടായിരുന്ന ടീപ്പോ ഒറ്റ ചവിട്ടിന് ദൂരേക്കെറിഞ്ഞു കളഞ്ഞു. സിരകളിലെ രക്തയോട്ടം കൂടി..... ഞരമ്പുകൾ വലിഞ്ഞുമുറുകി..... തന്റെ പദ്ധതികൾ പാളിയെന്ന തിരിച്ചറിവിൽ കലി മൂത്ത അയാൾ മുഷ്ടി ചുരുട്ടി ചുവരിൽ ആഞ്ഞിടിച്ചു. " എന്നിട്ട് നീയെന്താടാ കഴുതേ ഇതൊന്നും എന്നേ അറിയിക്കാഞ്ഞത്..... ഇപ്പഴാണോ നിനക്ക് വിളിച്ചെഴുന്നള്ളിക്കാൻ തോന്നിയത്....??? എന്നിട്ടിപ്പോ അവളും അവനും കൂടി അവിടെ കേറി പൊറുതി തുടങ്ങിയോ.....??? " " സാറ് ഞാൻ പറയുന്നത് മുഴുവനൊന്ന് കേൾക്ക്. എന്നിട്ടെന്നെ ചീത്ത വിളിക്ക്..... " " പറഞ്ഞ് തുലയ്ക്ക്...... " " സാറ് വിചാരിക്കും പോലൊന്നും ഇവിടെ സംഭവിച്ചില്ല. അവന്റമ്മ അവരെ സിറ്റൗട്ടിലോട്ട് പോലും കേറ്റിയില്ലെന്ന് മാത്രമല്ല നിന്ന നിൽപ്പിൽ ആ പെണ്ണിന്റെ തന്തേം തള്ളേം വിളിച്ചു വരുത്തി മോനെ ഭീഷണിപ്പെടുത്തി അവളെ അവരുടെ കൂടെ അയച്ചു. എന്നിട്ട് അവരോട് തീർത്തു പറഞ്ഞു സാറിന്റെ മോളെ മാത്രേ ആ വീടിന്റെ മരുമകളാക്കാൻ സമ്മതിക്കൂന്ന്..... "

" ഹഹഹ....... കൊള്ളാം നിഷയ്ക്ക് വിവരം വച്ചു. അല്ലേ ഇന്ന് രാത്രിക്ക് മുന്നേ ആ കുടുംബത്തെ മൊത്തത്തിൽ ചുട്ട് കരിക്കേണ്ടി വന്നേനെ എനിക്ക്...... " എല്ലാം കേട്ടുകഴിഞ്ഞതും അതുവരെ ഉണ്ടായിരുന്ന ടെൻഷനൊക്കെ വിട്ട് അട്ടഹസിച്ച് ചിരിച്ചുകൊണ്ട് മഹേന്ദ്രൻ പറഞ്ഞു. " ആഹ് നീയവിടെ തന്നെ വേണം എന്തുണ്ടായാലും എന്നേ അപ്പൊ തന്നെ അറിയിക്കണം. ആ ദേവിന് ഒരെല്ല് കൂടുതലാ.... ഇപ്പൊ തന്നെ കണ്ടില്ലേ അവനവളുടെ കഴുത്തിൽ താലി കെട്ടിയിരിക്കുന്നു. ഇങ്ങനെയൊരു നീക്കം ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. " മഹേന്ദ്രൻ പല്ലുകൾ ഞെരിച്ചു. " അച്ഛാ..... " പെട്ടന്നായിരുന്നു താഴെ നിന്നും വൈദേഹിയുടെ വിളി കേട്ടത്. " ആ വരുന്നു മോളെ..... പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ..... നിന്റെ ശ്രദ്ധയെപ്പോഴും അവിടെ വേണം. എന്നാ ഫോൺ വച്ചോ..... " പറഞ്ഞിട്ട് ധൃതിയിൽ ഫോൺ കട്ട് ചെയ്ത് അയാൾ താഴേക്ക് പോയി. 💞 രാത്രിയേറെ കഴിഞ്ഞിട്ടും ദേവിനെ മുറിക്ക് പുറത്തേക്ക് കാണാഞ്ഞപ്പോഴായിരുന്നു നിഷയാ മുറിയുടെ വാതിലിൽ തട്ടിയത്. " മാധു..... മാധു..... വാതില് തുറക്ക്..... "

കുറേ തട്ടിയിട്ടും അകത്തുനിന്നും പ്രതികരണമൊന്നുമില്ലെന്ന് കണ്ടപ്പോൾ അവർ വിളിച്ചു പറഞ്ഞു. " അമ്മേടെ ആഗ്രഹം പോലെ എല്ലാം നടന്നില്ലേ...... ഇനിയും എന്ത് വേണം.....??? ഞാൻ പോയവളെ കൊന്നുകളയുക കൂടി വേണോ.....??? " വല്ലാതെ തളർന്ന് പോയിരുന്ന അവന്റെ ചോദ്യം നിഷയുടെ ഉള്ള് പൊള്ളിച്ചു. ചുണ്ടുകൾ കടിച്ചു പിടിച്ച് വേദനയെവിടെയോ ഒളിപ്പിക്കുമ്പോൾ നിയന്ത്രണം നഷ്ടമായത് പോലെ ഒരിറ്റ് മിഴിനീർ ആ കവിളിലൂടൊലിച്ചിറങ്ങി. " നീ ആരെയും കൊല്ലാനും വളർത്താനും ഒന്നും ഞാൻ പറയുന്നില്ല. എന്റെ ആവശ്യം നിനക്കറിയാലോ..... വൈദേഹി ഈ വീടിന്റെ മരുമകൾ ആവണം. ആ കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ ഞാൻ നാളെ അവളുടെ അച്ഛനെ കാണാൻ പോകുന്നുണ്ട്.

ഇനിയെല്ലാം പെട്ടന്ന് തന്നെ നടന്നേ മതിയാകൂ.... അല്ലെങ്കിൽ ഇന്നത്തെ പോലെ നടക്കാൻ പാടില്ലാത്തതൊക്കെ വീണ്ടും ആവർത്തിക്കപ്പെടും. അത് ഞാൻ സമ്മതിക്കില്ല. അതുകൊണ്ട് കഴിഞ്ഞതൊക്കെ എന്റെ മോനങ്ങ് മറന്നേക്ക്. എന്നിട്ട് പുതിയൊരു ജീവിതത്തിലേക്ക് പോകാൻ മനസുകൊണ്ട് ഒരുങ്ങിക്കോ..... " കഴിവതും മൂർച്ചയേറ്റിയ സ്വരത്തിൽ പറഞ്ഞതും പൊട്ടിക്കരഞ്ഞു പോകാതിരിക്കാൻ നിഷ വായ അമർത്തി പൊത്തി. പിന്നെ പതിയെ താഴേക്കുള്ള പടവുകൾ ഇറങ്ങി. മണിക്കൂറുകൾ കഴിഞ്ഞിട്ടും അവന്റെ അനക്കമൊന്നുമില്ലാതെ വന്നപ്പോൾ ആധി പെരുകിയിട്ടായിരുന്നു മുകളിലേക്ക് കയറി ചെന്നതും വാതിലിൽ മുട്ടിയതും. പക്ഷേ വീണ്ടും അവന്റെ മുറിവുകളിൽ മുളക് തേക്കുകയാണല്ലോ ഇപ്പോൾ ചെയ്തതെന്നോർത്ത് വിങ്ങിപ്പൊട്ടിക്കൊണ്ടായിരുന്നു നിഷ തിരികെ നടന്നത്....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story