ആരാധികേ: ഭാഗം 33

രചന: അഭിരാമി ആമി
ഇനിയും ഒന്നും വൈകിച്ചുകൂടാ..... എത്രയും വേഗം സോജയേയും കൂട്ടി ഇവിടുന്ന് മറ്റെവിടേക്കെങ്കിലും പോണം. അല്ലെങ്കിൽ അവളെ എന്നുന്നേക്കുമായി നഷ്ടമായിപ്പോകുമെന്നോർത്തുകൊണ്ടായിരുന്നു ദേവ് ഫോണെടുത്ത് സോജയുടെ നമ്പറിലേക്ക് ഡയൽ ചെയ്തത്. പക്ഷേ മറുവശത്ത് നിന്നും കേട്ട സ്വിച്ച് ഓഫ് എന്ന മറുപടി അവനെ വല്ലാതെ തളർത്തുന്നതായിരുന്നു. നിരാശയോടെ ഫോൺ കിടക്കയിലേക്കിട്ട് മുകളിലേക്ക് നോക്കി മലർന്ന് കിടക്കുമ്പോൾ ഭ്രാന്ത് പിടിപ്പിക്കുന്ന ഏതൊക്കെയോ ചിന്തകളായിരുന്നു അവന്റെ തലച്ചോറിനെ ഭരിച്ചിരുന്നത്. " ഛേ ഇവളെന്താ ഫോൺ ഫോൺ ഓഫാക്കി വച്ചക്കുന്നത്.....
ഇനി..... ഇനി മനഃപൂർവം എന്നേ ഒഴിവാക്കാൻ വേണ്ടി ഫോൺ ഓഫാക്കി വച്ചതായിരിക്കുവോ....??? അതോയിനി വേറെന്തെങ്കിലും.....???? " ചിന്തകൾ തലയുടെ ഭാരമേറ്റിയപ്പോൾ അവൻ വീണ്ടും ഫോൺ കയ്യിലെടുത്തു. കോൺടാക്ട് ലിസ്റ്റിൽ പരതി മുത്തുസ്വാമിയെന്ന നമ്പറിലേക്ക് ഡയൽ ചെയ്യുമ്പോൾ അവന്റെ ഹൃദയം വല്ലാതെ മിടിച്ചിരുന്നു. " ഹലോ...... മുത്തുസ്വാമി ഇത് നാ താൻ.... കേരളാവിൽ നിന്ന് ദേവ് മാധവ്.... " " എനിക്ക് തെരിയും സാർ....സൊള്ളുങ്ക് സാർ..... എന്ന ഇന്ത ടൈമിൽ കാൾ പണ്ണിറുക്ക്.....??? ഏതാവത് പ്രചനമിരുക്കാ.....???? "
" ആഹ്..... അത്..... അതുവന്ത്..... " " സൊള്ളുങ്ക് സാർ..... എന്നാച്ചാലും നമുക്ക് സോൾവ് പണ്ണലാം..... " " എനിക്ക്..... എനക്കൊരു വീട് കിടയ്ക്കുമാ അങ്കെ.....???.... പെരിശൊന്നും വേണാ..... ഒരു ചിന്ന വീട് താ വേണം.... " " എന്ന സാർ ഉങ്കള മാതിരി ഒരാളുക്ക് ഏത്ക്ക് സാർ ഏ ഹെല്പ്....??? നീങ്ക നെനച്ചാ ഇന്ത ചെന്നൈല് ഒരു വീടോ ഫ്ലാറ്റോ ഒക്കെ ഒരു വിഷയം താനെ.....??? " അയാളുടെ അത്ഭുതം വാക്കുകളിൽ തുളുമ്പിയിരുന്നു. " അതെല്ലാം നിജം താൻ . ആനാ ഇപ്പൊ എന്റെ അവസ്ഥ അപ്പിടി താൻ മുത്തുസാമി..... അതിനാലെ താൻ നാ ഇപ്പടിയൊരു....." അവൻ വാക്കുകൾ പാതിയിൽ നിർത്തി. " ഓക്കേ ഓക്കേ സാർ..... എനക്ക് പുരിഞ്ചിറുക്ക്..... നാ നാളെ കാലയിലെ ഉങ്കളെ അങ്ങോട്ട് കൂപ്പിടാം ...
അപ്പോ ഉങ്കളുടെ വീട് റെഡി പണ്ണിടലാം.... എന്ന സാർ ഓക്കേ വാ.....??? " " ഓക്കേ..... താങ്ക്സ് മുത്തു.... " " അത് ഒന്നും വേണാ സാർ.... നീങ്ക നിമ്മതിയാ തൂങ്ക്..... നാ നാളെ കൂപ്പിടലാം.... " അപ്പുറത്ത് കാൾ കട്ടായതും ദേവ് ഫോൺ നെഞ്ചിലേക്ക് തന്നെ വച്ച് നാളെയേക്കുറിച്ചുള്ള ആലോചനകളിലേക്കാണ്ട് പോയി. 💞 രാവിലെ നിഷ പൂജാമുറിയിൽ നിന്നും ഇറങ്ങി വരും മുൻപ് തന്നെ ദേവ് റെഡിയായി പുറപ്പെട്ടു. തന്റെയീ തീരുമാനം ചെറുതല്ലാത്ത കോലാഹലങ്ങൾ തന്നെ സൃഷ്ടിക്കും.... മീഡിയക്കാർ മസാലക്കഥകൾ കൊണ്ട് ന്യൂസ് ഹെഡ്‌ലൈൻസ് പുഷ്ടിപ്പെടുത്തും. പക്ഷേ അതൊക്കെ ഓർത്ത് തളർന്നിരുന്നാൽ തന്റെ ജീവിതം എന്നുന്നേക്കുമായി നഷ്ടമാകും. സോജയെ മറവിക്ക് വിട്ടുകൊടുക്കേണ്ടി വരും....
. ഇനിയൊരിക്കലും യോജിക്കാൻ കഴിയാത്ത വൈദേഹിയ്ക്കൊപ്പം ഒരു ജീവിതം ജീവിച്ചു തീർക്കേണ്ടി വരും..... അത് പാടില്ല...... ഒന്നും ആഗ്രഹിക്കാതെ ഒഴിഞ്ഞുമാറിപ്പോയ സോജയെ കൈവിടാൻ കഴിയില്ല. മുന്നോട്ടുള്ള ജീവിതത്തിൽ കൂട്ടായി അവൾ വേണം..... ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവൻ ചിന്തിച്ചുകൊണ്ടേയിരുന്നു. ഒറ്റപ്പാലത്ത് എത്തുമ്പോൾ വെയിലുദിച്ചുതുടങ്ങിയിരുന്നു. തറവാട് വളപ്പിലൂടെ പൊടി പറത്തി പാഞ്ഞുവരുന്ന കാർ കണ്ടതും മുറ്റത്തെ കാന്താരിയിൽ നിന്നും മുളക് പൊട്ടിച്ചുകൊണ്ട് നിന്നിരുന്ന പദ്മ വെപ്രാളത്തോടെ അകത്തേക്കൊടി. അവരകത്തേക്ക് വരുമ്പോൾ അകത്തളത്തിലിരുന്ന് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു വെങ്കിടി. "
എന്നെങ്കേ..... ആ പയ്യൻ തിരുമ്പി വന്തിര്ക്ക്..... " ഓടി വന്നുപറഞ്ഞു ഭാര്യയുടെ മുഖത്തെ ഭാവത്തിൽ നിന്നുതന്നെ ആഗതനെ ഊഹിച്ചെങ്കിലും ഒന്നുറപ്പിക്കാനെന്നപോലെ വെങ്കിടി ചോദിച്ചു. " അന്ത ദേവ് മാധവ്..... " " മ്മ്ഹ്..... നീ കവലപ്പെടാതെ വാ..... " ശാന്തമായ് തന്നെ പറഞ്ഞിട്ട് അയാൾ പദ്മയേയും കൂട്ടി ഉമ്മറത്തേക്ക് നടന്നു. അവരിരുവരും കൂടി പുറത്തേക്ക് ചെല്ലുമ്പോഴേക്കും ദേവ് പൂമുഖത്തേക്ക് കയറിയിരുന്നു. സോജയുടെ മാതാപിതാക്കളുടെ മുഖത്തെ കല്ലിപ്പ് വേദനിപ്പിച്ചെങ്കിലും അവരെ കുറ്റം പറയാൻ കഴിയില്ലെന്ന തിരിച്ചറിവിൽ അവൻ പുഞ്ചിരിക്കാൻ ശ്രമിച്ചു.
പക്ഷേ അവരിൽ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും തന്നെയുണ്ടാക്കാൻ ആ പുഞ്ചിരിക്ക് സാധിച്ചില്ലയെന്ന് മാത്രമല്ല വെങ്കിടിയുടെ മുഖം കൂടുതൽ കടുത്തു. " എന്നോട് ദേഷ്യം കാണുമെന്നറിയാം..... അച്ഛനോടും അമ്മയോടും എങ്ങനെ മാപ്പ് പറയണമെന്നെനിക്കറിയില്ല..... എല്ലാം എന്റെ തെറ്റ് കൊണ്ട് സംഭവിച്ചതാണ്. സോജയെ നിർബന്ധിച്ച് ആ കഴുത്തിലൊരു താലി കെട്ടുമ്പോൾ ഞാനവൾക്കൊരു വാക്ക് കൊടുത്തിരുന്നു. ഏതവസ്ഥയിലും അവളെ കൈവിട്ട് കളയില്ല എന്ന്.... പക്ഷേ....... പക്ഷേ ആ സമയത്ത് എനിക്കൊന്നും ചെയ്യാൻ കഴിയാതെ പോയി. താലികെട്ടിയ പെണ്ണ് കണ്ണീരോടെ എന്റെ വീടിന്റെ പടിയിറങ്ങി പോകുന്നത് കണ്ട് നിൽക്കേണ്ടി വന്നെനിക്ക്.
ആ സംഭവത്തിന് എങ്ങനെ മാപ്പ് പറയണമെന്നെനിക്കറിയില്ല..... " അവനത്രയൊക്കെ പറഞ്ഞിട്ടും വെങ്കിടിയോ പദ്മയോ ഒരക്ഷരം പോലും തിരിച്ച് പറയുന്നുണ്ടായിരുന്നില്ല. ഇരുവരുടെയും മുഖങ്ങൾ ഗൗരവമായ് തന്നെയിരുന്നു. " കഴിഞ്ഞതൊക്കെ കഴിഞ്ഞു..... ഇനി അതിനേകുറിച്ചൊന്നും സംസാരിക്കാനോ ഓർക്കാനോ പോലും ഇവിടെ ആർക്കും താല്പര്യമില്ല. അതുകൊണ്ട് ഒരു മാപ്പ് പറച്ചിലിന്റെ ആവശ്യമൊന്നും ഇല്ല. ഇപ്പൊ ദേവ് വന്നതെന്തിനാണെന്ന് പറയൂ..... " വെങ്കിടിയുടെ വാക്കുകളിൽ തുളുമ്പി നിൽക്കുന്ന അനിഷ്ടം മനസിലായതും ദേവിന്റെ മുഖം വിളറി. " ഞാൻ...... ഞാൻ വന്നത് സോജയെ ഒന്ന് കാണാൻ...... " " അത് നടക്കില്ല ദേവ്...... ഇനിയെന്റെ മോളെ ഒന്ന് കാണാൻ പോലും ഞാൻ നിന്നെ അനുവദിക്കില്ല. " അവന്റെ വാക്കുകൾക്ക് വിലക്കിട്ടുകൊണ്ട് വെങ്കിടി പറഞ്ഞു. " അച്ഛാ..... "
" ഇനിയങ്ങനെ വിളിക്കണമെന്നില്ല ദേവ്...... ആ ബന്ധമൊക്കെ ഇന്നലെ കൊണ്ട് അറ്റു....." " പക്ഷേ അച്ഛനോ അമ്മയോ വിചാരിച്ചാൽ അറുത്തുമാറ്റാൻ കഴിയാത്ത ഒരു ബന്ധം ഞാനും അച്ഛന്റെ മകളും തമ്മിലുണ്ട്..... " അല്പം ഹുങ്കോടെ തന്നെ അവൻ പറഞ്ഞത് കേട്ട് വെങ്കിടി പുച്ഛത്തോടെ ഒന്ന് ചിരിച്ചു. " അച്ഛൻ ചിരിച്ചുതള്ളണ്ട..... ഈ ചിരിച്ചു തള്ളിയ എളുപ്പത്തിൽ മുറിച്ചു കളയാൻ കഴിയുന്ന ബന്ധമല്ല അത്. ഞാൻ കെട്ടിയ താലിയാണ് അച്ഛന്റെ മകളുടെ കഴുത്തിൽ കിടക്കുന്നത്...... ആ ബന്ധം മുറിച്ചു മാറ്റാൻ നിങ്ങളിൽ ആർക്ക് കഴിയും.....???? അവൾ എന്റെ പെണ്ണാണ്...... " " അത് ഇന്നലെ വരെ...... ഇന്നവൾ എന്റെ മകൾ മാത്രമാണ്. നാളെ മറ്റൊരുവന്റെ ഭാര്യയാവേണ്ടവൾ......
അതുകൊണ്ട് ദേവ് കൂടുതൽ അവകാശവാദമൊന്നും ഉന്നയിക്കണ്ട അവളുടെ മേല്..... പിന്നെ നീയവളുടെ കഴുത്തിൽ കെട്ടിയ താലിയുടെ മാഹാത്മ്യം വിളമ്പുന്നത് ഈ മുറ്റത്ത് വച്ച് വേണ്ട.... അതിന്റെ മഹത്വമൊക്കെ ഇന്നലെ മനസ്സിലായി. ഏത് ആണുങ്ങളെ കണ്ടാലും അവന്റെ തോളിൽ ചായുന്നവളാണ് എന്റെ മകളെന്ന് നിന്റെ അമ്മ പറഞ്ഞത് നീയീ പറയുന്ന നിന്റെ ഭാര്യയേക്കുറിച്ചായിരുന്നു. എന്നിട്ട് എന്ത് ചെയ്യാൻ കഴിഞ്ഞു ഭർത്താവായ നിനക്ക്.....??? "
അതിലുണ്ട് നിന്റെ കഴിവ്..... സിനിമയിൽ ഹീറോ കളിക്കുന്നത്ര എളുപ്പമല്ല ദേവ് ജീവിതത്തിൽ ഒരു പെണ്ണിനെ സംരക്ഷിക്കുന്നതും അവളെ മാനമായി പോറ്റുന്നതും. അതുകൊണ്ട് അവിടെ ഉയരാതെ പോയ നിന്റെ ശബ്ദം എന്റെ മുറ്റത്തും ഉയരാൻ പാടില്ല. ആരും അറിയാതെ എന്റെ മോളെ വിളിച്ചിറക്കി കൊണ്ട് പോയി അവളുടെ കഴുത്തിലൊരു കൊലക്കയറും കെട്ടി നിന്റെ വീട്ടിൽ കൊണ്ടുപോയി വെറുമൊരു മൂന്നാംകിട പെണ്ണിനെ പോലെ കണ്ണീരോടെ ചവിട്ടിയിറക്കിയതല്ലേ എന്റെ മോളെ...... എന്നിട്ട് താലിയുടെ മഹത്വം പറയാൻ വന്നേക്കുന്നു. വെറുതേ നിന്ന് സമയം കളയാതെ പോകാൻ നോക്ക്...." " പോകാൻ തന്നെയാ വന്നത്.... പക്ഷേ ഒറ്റയ്ക്കല്ല.... സോജയും എന്റൊപ്പം കാണും..... " തുടരും...🥂
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.