ആരാധികേ: ഭാഗം 41

രചന: അഭിരാമി ആമി
" നീ പറഞ്ഞത് നേരാ മോളെ..... ഇത് ചതിയാണ്. പക്ഷേ നീയോ എന്റെ മോനോ കരുതും പോലെ നിങ്ങളേ ചതിച്ചത് ഞാനല്ല.... " അവർ പറഞ്ഞത് കേട്ട് നനഞ്ഞ മിഴികൾ കൊണ്ട് അവരെ തന്നെ നോക്കി വൈദേഹി നിന്നു. നിന്റച്ഛൻ ഒരാളില്ലേ അയാളാ എല്ലാമറിഞ്ഞിട്ടും നിന്നെ ചതിച്ചത്..... കാല് പിടിച്ചു ഞാൻ പറഞ്ഞതാ എന്റെ മോനെ അവന്റെ വഴിക്ക് വിട് സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ലെന്ന്. പക്ഷേ അയാൾ കേട്ടില്ല. അയാൾക്ക് വാശിയായിരുന്നു. എല്ലാം വില കൊടുത്തു വാങ്ങാമെന്നുള്ള വാശി. അവിടെ സ്വന്തം മകളായ നിന്റെ ജീവിതം പോലും അയാൾക്ക് പ്രശ്നമായിരുന്നില്ല. ഇപ്പൊ എന്റെ മോൻ എന്നോടൊന്ന് മിണ്ടാറില്ല..... അവൻ ഈ ലോകത്തിൽ ഏറ്റവും വെറുക്കുന്നത് എന്നെയാ.... പക്ഷേ..... പക്ഷേ അവനറിയില്ല അവന് വേണ്ടിയാ അമ്മ ഇങ്ങനൊക്കെ..... മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കളുടെ ചിത കൊളുത്തേണ്ടി വരുന്ന വേദന നിനക്കറിയില്ല. അറിയണമെങ്കിൽ നീയും ഒരമ്മയാവണം. ആ അവസ്ഥയിൽ എന്നെ എത്തിച്ച് എന്റെ മോന്റെ ജീവൻ വച്ച് വില പേശിയാ മഹേന്ദ്രൻ എന്നേക്കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചത്. എന്നിട്ട്.... എന്നിട്ടയാളെന്ത് നേടി....?????
പിടിച്ചു വാങ്ങിയ ജീവിതം മോൾക്ക് ഉതകുമോ....??? മോളെ അമ്മ തടയില്ല..... ചെല്ല്...... സ്വന്തം കുഞ്ഞ് ജീവിതം നശിച്ച് കാൽ ചുവട്ടിലെ മണ്ണ് പോലും ഒലിച്ചു പോകുന്ന അവസ്ഥയിൽ മുന്നിൽ നിൽക്കുന്ന വേദന അയാൾക്കിതുവരെ അറിയില്ല. ഇന്ന് ഈ നിമിഷം വരെ ആ നീറ്റൽ ഉള്ളിൽ പേറുകയായിരുന്നു ഞാൻ. ഇന്ന് മുതൽ അത് അയാളും അറിയണം. അതുകൊണ്ട് മോള് ചെല്ല്...." അത്രയും പറഞ്ഞിട്ട് ഒന്ന് കരയാൻ വെമ്പി നിഷ അകത്തേക്ക് പോയി. അപ്പോഴും കൊടുങ്കാറ്റിൽ പെട്ട പായ് വഞ്ചി പോലെ ആ പെണ്ണവിടെ തന്നെ നിന്നു. മുറിയിലേക്ക് പോടയ നിഷ പിന്നീടെന്തോ പുറത്തേക്ക് വന്നതേയില്ല. പത്തുമണിയോടെ വൈദേഹി കുളിയൊക്കെ കഴിഞ്ഞു. വിവാഹം പ്രമാണിച്ച് വാങ്ങി വച്ചിരുന്ന ഡ്രസുകളിൽ ഒന്നെടുത്ത് ധരിച്ചു. പിന്നെ കണ്ണാടിക്ക് മുന്നിലേക്ക് വന്നുനിന്ന് തലേദിവസം ദേവ് അണിയിച്ച താലി അതിനേ പേറിയിരുന്ന കനത്ത മാലയോടെ തന്നെ ഊരിയെടുത്തു. ഒപ്പം വിരലിൽ അണിയിച്ച അവന്റെ പേര് കൊത്തിയ വിവാഹ മോതിരവും ഊരി.
അത് രണ്ടും ഡ്രസിങ് ടേബിളിൽ വച്ചിരുന്ന കുങ്കുമ ചെപ്പിനരികിലേക്ക് വയ്ക്കുമ്പോൾ ഒരു തുള്ളി കണ്ണുനീർ പോലും അവളിൽ നിന്നും ഒഴുകിയില്ല. തലേദിവസം തന്നെ മഹേന്ദ്രൻ എത്തിച്ചിരുന്ന സ്വന്തം കാറിന്റെ കീ എടുത്തുകൊണ്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ എടുക്കാൻ ഒന്നുമുണ്ടായിരുന്നില്ല അവൾക്ക്. ആരോടും യാത്ര പറയാനുമുണ്ടായിരുന്നില്ല. കാറിലേക്ക് കയറി പുറത്തേക്ക് ഓടിച്ചു പോകുമ്പോൾ എന്തുകൊണ്ടോ ഹൃദയമൊന്ന് വിതുമ്പി. ജീവിക്കാൻ ഒത്തിരി ആഗ്രഹിച്ച വീട്ടിൽ നിന്നുമാണ് പടിയിറങ്ങുന്നത്. ഇനിയൊരിക്കലും ഇവിടേക്കൊരു മടക്കമില്ലെന്നും ഉറപ്പിച്ചു കഴിഞ്ഞു. കാർ നേരെ പോയത് ബീച്ചിലേക്കായിരുന്നു. ഇളകി മറിയുന്ന കടലിലേക്ക് നോക്കിയങ്ങനെ നിൽക്കുമ്പോൾ ആ ആഴിയേക്കാളും തിരകൾ പേറുന്നുണ്ടെന്ന് തന്റെ മനസെന്ന് അവൾക്ക് തോന്നി. കണ്ണുകളെന്തോ ഒന്ന് പെയ്യാൻ പോലും മടിച്ചു നിന്നു. ആരോടോ എന്തിനോടോ ഉള്ള വാശിയായിരുന്നു മനസ്സിൽ നിറയെ. കുറേസമയം ആർത്തിരമ്പുന്ന കടലിലേക്ക് നോക്കി നിന്ന് കഴിഞ്ഞപ്പോൾ ഇനിയും ഒന്നും ബാക്കി വയ്ക്കേണ്ട എന്ന തോന്നലിൽ അവൾ ഫോണെടുത്ത് ദേവിന്റെ നമ്പറിലേക്ക് കാൾ ചെയ്തു.
ഫോൺ റിങ് ചെയ്തു തുടങ്ങിയതും അവളുടെ ഉള്ളവും അതിനൊപ്പം തന്നെ വിറയ്ക്കുന്നുണ്ടായിരുന്നു. അത്രമേൽ പ്രിയമുള്ള ഒരുവനെ ഹൃദയത്തിൽ നിന്നും അടർത്തി മാറ്റാൻ പോകയാണ് എന്ന ചിന്തയിൽ അവളൊന്ന് തേങ്ങി. " ഹലോ..... " " ദേവ്..... " " ................. " " പേടിക്കണ്ട ഞാൻ വീണ്ടും ബുദ്ധിമുട്ടിക്കാൻ വേണ്ടിയോ ഒരു ഭാര്യേടെ അവകാശം സ്ഥാപിച്ചെടുക്കാനോ വേണ്ടി വിളിച്ചതല്ല. ഞാൻ..... ഞാനവിടുന്നിറങ്ങി. ഇനിയങ്ങോട്ടൊ നിന്റെ ലൈഫിലേക്കോ ഇല്ലെന്നുറപ്പിച്ചാ പോന്നത്. നമുക്കൊക്കെ ജീവിതം ഒന്നേയുള്ളു ദേവ്. അത് വെറുതേ ഇഷ്ടമില്ലാത്ത ഒരാളുടെ ഒപ്പം എന്നും കലഹിച്ചും വേദനിച്ചും കഴിയാനുള്ളതല്ലല്ലോ. എന്റെ സ്ഥാനത്ത് സോജയാ വീട്ടിൽ ഉണ്ടാകണം എന്നല്ലേ നീയും അമ്മയും ആഗ്രഹിച്ചത്. ആ നിലയ്ക്ക് ഞാനവിടെ കടിച്ചു തൂങ്ങി നിൽക്കുന്നതിലെന്തർഥം....???? അതുകൊണ്ട് എന്റച്ഛൻ സോജയിൽ നിന്നും പിടിച്ചു വാങ്ങി എനിക്ക് തന്ന നിന്റെ ഭാര്യയെന്ന സ്ഥാനം ഒഴിഞ്ഞു തന്നിട്ടാ ഞാനാ വീടിന്റെ പടിയിറങ്ങിയത്. അവകാശങ്ങളൊന്നും ഞാൻ കൂടെ കൊണ്ടുവന്നിട്ടില്ല. നീ കെട്ടിത്തന്ന താലി പോലും..... അത്..... അത് ബെഡ് റൂമിൽ തന്നെ വച്ചിട്ടുണ്ട്. " " വൈദു...... "
'' വേണ്ട ദേവ്..... എനിക്ക്..... എനിക്ക് വിഷമമൊന്നുമില്ല. വെറുതേ സംസാരിച്ച് പരസ്പരം താഴണ്ട. ഒരുമിച്ച് പോകാൻ കഴിയില്ല എന്ന് തോന്നിയപ്പോൾ നമ്മൾ മാന്യമായി പിരിയുന്നു അത്രേയുള്ളൂ. ഇന്നലെ നമ്മുടെ പ്രണയവും വിവാഹവും ആഘോഷമാക്കിയ മീഡിയാസ് കുറേ നാൾ നമ്മുടെ ഡിവോഴ്‌സും ആഘോഷിക്കും. സിനിമാക്കാർ ഇന്ന് കെട്ടും നാളെ കളയും എന്നൊക്കെ ആളുകൾ പറയും. പക്ഷേ അതും ഭയന്നിരുന്നാൽ ജീവിതം നമ്മുടെയല്ലേ. സോ നമ്മുടെ തീരുമാനം നമ്മളെടുത്തു. അത്രേയുള്ളൂ. ഡോണ്ട് ഫീൽ ബാഡ്.... ഓക്കേ ദേവ്....." പറഞ്ഞിട്ട് അവനെന്തെങ്കിലും പറയാൻ അവസരം കൊടുക്കാതെ അവൾ ഫോൺ കട്ട് ചെയ്തു. വീണ്ടും വീണ്ടും ജീവിതം കണ്ണീർ കടലിൽ മുങ്ങിത്താഴുകയാണല്ലോ എന്നോർത്തുകൊണ്ട് ദേവ് തളർച്ചയോടെ പിന്നിലേക്ക് ചാഞ്ഞ് കണ്ണുകളടച്ചു. പുറത്തൊരു കാർ വന്നുനിന്ന ശബ്ദം കേട്ടുകൊണ്ടായിരുന്നു മഹേന്ദ്രൻ പുറത്തേക്ക് വന്നത്. പോർച്ചിലേക്ക് വന്നുനിന്ന വൈദേഹിയുടെ കാർ കണ്ടതും അയാളുടെ മുഖം സന്തോഷം കൊണ്ട് തെളിഞ്ഞു. " ദേവ് എവിടെ മോളെ....??? " കാറിൽ നിന്നും മകൾ മാത്രം ഇറങ്ങിയത് കണ്ട് അയാൾ ചിരിയോടെ തന്നെ ചോദിച്ചു. " വന്നില്ല..... ഇനി വരികയുമില്ല. "
അത്ര മാത്രം പറഞ്ഞിട്ട് അകത്തേക്ക് കയറിപ്പോയ മകളേ നോക്കി നിൽക്കുമ്പോൾ മഹേന്ദ്രന്റെ ഉള്ളമൊന്ന് കത്തി. " മോളെ..... എന്താ നീയീ പറയുന്നത്....??? " " അറിയില്ലേ....???? അച്ഛനൊന്നുമറിയില്ലേ....??? എങ്കിൽ ഞാൻ തന്നെ പറഞ്ഞു തരാം. ദേവിന്റെ അമ്മേ ഭീഷണിപ്പെടുത്തി അച്ഛൻ എനിക്ക് വാങ്ങിത്തന്ന ഒരു ഭർത്താവുദ്യോഗസ്ഥനല്ലേ ദേവ്. എന്നാ ഞാനിപ്പോ അവനെ ഞാനെന്ന ബന്ധനത്തിൽ നിന്നും മോചിപ്പിച്ചിട്ടാ ഞാനിങ്ങോട്ട് പോന്നത്.... " " മോളെ അച്ഛൻ...... " " വേണ്ടച്ഛാ..... എല്ലാമറിഞ്ഞിട്ടും ഇത്രേം വല്യൊരു ചതിയിലേക്ക് അച്ഛനെന്നെ തള്ളി വിടുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ലച്ഛാ..... മതിയായി..... എല്ലാരും കൂടി ചെയ്തു തന്ന എല്ലാ ഉപകാരങ്ങൾക്കും നന്ദിയുണ്ട്. ഇനി എന്റെ ജീവിതം ഞാൻ തന്നെ നോക്കിക്കോളാം..... കളിപ്പാട്ടം പോലെ അച്ഛനെനിക്ക് വില കൊടുത്ത് വാങ്ങിത്തരണമെന്നില്ല ഇനിയൊന്നും..." പറഞ്ഞിട്ട് ഒഴിഞ്ഞ കഴുത്തുമായി അകത്തേക്ക് കയറിപ്പോയ മകളേ നോക്കി നിൽക്കുമ്പോൾ മഹേന്ദ്രന് ദേഹം തളരുന്നത് പോലെ തോന്നി. അയാൾ നെഞ്ചിൽ കൈ വച്ചുകൊണ്ട് സോഫയിലേക്കിരുന്നു........തുടരും...🥂
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.