ആരാധികേ: ഭാഗം 42

രചന: അഭിരാമി ആമി
വൈകുന്നേരം നാലുമണിയോടെയായിരുന്നു ജെറി നിഷയുടെ ഫോണിലേക്ക് വിളിച്ചത്. " ഹലോ.... " " നിഷാമ്മേ ഇപ്പൊ ഒരു സംഭവമറിഞ്ഞു. ഉള്ളതാണോന്നറിയില്ല. " " എന്താ......??? " " അത് വൈദു വീട്ടിലേക്ക് ചെന്നയുടനെ മഹേന്ദ്രനങ്കിള് തളർന്ന് വീണു. ഇപ്പൊ കിംസിൽ അഡ്മിറ്റാണെന്ന്. " " ഈശ്വരാ...... " നിഷയറിയാതെ നെഞ്ചിൽ കൈ വച്ചുപോയി. " നമുക്കൊന്ന് പോണ്ടേ നിഷാമ്മേ....?? " " പിന്നെ വേണ്ടേ..... നിനക്കിപ്പോ എന്റെ കൂടെ വരാൻ പറ്റുമോ.... ഇല്ലെങ്കിൽ ഞാൻ സിബിയെ വിളിച്ചോണ്ട് പോകാം.... " " അതൊന്നും വേണ്ടമ്മേ ഞാൻ ദാ വരുന്നു. അമ്മ റെഡിയായിക്കോ.... " അവൻ ഫോൺ കട്ട് ചെയ്തതും നിഷ ധൃതിയിൽ മുറിയിലേക്ക് പോയി. അവർ സാരി മാറ്റി റെഡിയായി വന്നപ്പോഴേക്കും പുറത്ത് ജെറിയുടെ കാറും വന്നിരുന്നു. " പോകാം..... " അവൻ കാറിൽ നിന്നും ഇറങ്ങും മുൻപ് തന്നെ വാതിൽ പൂട്ടി കാറിലേക്ക് വന്നുകയറിക്കൊണ്ട് നിഷ പറഞ്ഞു.
കാർ ഹോസ്പിറ്റലിലേക്ക് പാഞ്ഞു. ഹോസ്പിറ്റലിൽ എത്തി അകത്തേക്ക് നടക്കുമ്പോഴും നിഷ ചിന്തിച്ചത് വൈദേഹിയേക്കുറിച്ച് മാത്രമായിരുന്നു. അവൾ തനിച്ച് ഈ വിഷമങ്ങളെല്ലാം കൂടി എവിടെക്കൊണ്ടൊതുക്കും എന്നോർത്തപ്പോൾ അവർക്കാ പെണ്ണിനോട് വല്ലാത്ത അലിവ് തോന്നി. " എക്സ്ക്യുസ് മീ...... ഇവിടെ അഡ്മിറ്റ് ആയിട്ടുള്ള ഒരു മഹേന്ദ്രവർമ ഏത് റൂമിലാണ്..... " " വൺ സെക്കന്റ് സാർ.... ............................. ആഹ് സാർ തേർഡ് ഫ്ലോറിൽ റൂം നമ്പർ ത്രീ സിറോ ടൂ.... " " താങ്ക്‌യൂ......" മഹേന്ദ്രനെ അഡ്മിറ്റ് ചെയ്തിരുന്ന മുറിയിലേക്ക് അവർ കയറി ചെല്ലുമ്പോൾ അവിടെ അയാളും വൈദേഹിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. " അകത്തേക്ക് വരാമോ..... " വാതിൽക്കൽ നിന്ന് ചോദിച്ചിട്ട് ഉള്ളിലേക്ക് കയറിയ നിഷയെ കണ്ടതും പ്രത്യേകിച്ച് ഭാവഭേദമൊന്നും കൂടാതെ വൈദേഹി ഒരു സൈഡിലേക്ക് നീങ്ങി. " വാ ഇരിക്ക്.... " മഹേന്ദ്രൻ പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു. " ഇപ്പൊ എങ്ങനുണ്ട്.....??? " " കുഴപ്പമില്ല..... ഒന്നുല്ലെന്നേ ബിപിയൊന്ന് കൂടിയതാ. ഇവള് വെറുതേ പേടിച്ചു.
" അയാൾ വീണ്ടും ചിരിച്ചു. കുറച്ചു സമയം ആരും പരസ്പരം ഒന്നും പറഞ്ഞില്ല. എന്തോ കനമേറിയ ഒരു നിശബ്ദത അവിടമാകെ തളം കെട്ടി നിന്നു. " നിഷാ..... നിങ്ങളന്ന് എന്നോടൊരുപാട് യാചിച്ചു. പക്ഷേ...... അപ്പോ ഞാൻ ഒരച്ഛൻ മാത്രമായിരുന്നു. എന്റെ മകളുടെ കണ്ണുനീര് മാത്രമേ ഞാൻ കണ്ടുള്ളു. അതിനപ്പുറം ഈ ബന്ധത്തിൽ കുരുങ്ങികിടക്കുന്ന മറ്റ് മനുഷ്യരേയൊന്നും ഞാൻ കണ്ടില്ല. എങ്ങനെയെങ്കിലും എന്റെ മകളേ ദേവിനോട് ചേർത്തു വച്ചാൽ എല്ലാം നേരെയാകും എന്ന് ഞാൻ വെറുതേ മോഹിച്ചു. അതിനുവേണ്ടി ഞാനെന്തൊക്കെയോ ചെയ്തു കൂട്ടി. പക്ഷേ..... പക്ഷേ ഇപ്പൊ എന്റെ മോള് തന്നെ എല്ലാം അവസാനിപ്പിച്ചപ്പോൾ ഞാൻ...... ഞാൻ തോറ്റുപോയി...... എന്റെ മനസും ചിന്തകളും എത്രത്തോളം ഇടുങ്ങിയതാണെന്നും ഞാൻ തിരിച്ചറിഞ്ഞു. എന്നോട്.... എന്നോട് ക്ഷമിക്ക് നിഷേ..... സ്വന്തം മകളുടെ കണ്ണീര് കണ്ട് സമനില തെറ്റിപ്പോയ ഒരച്ഛന്റെ വിവരക്കേടായി കണ്ട് ക്ഷമിക്കണം...... " ഒരക്ഷരം പോലും മറുപടി പറയാതെ നിൽക്കുകയായിരുന്ന നിഷയേ നോക്കിയിരുന്ന് മഹേന്ദ്രൻ ഇരുകൈകളും കൂപ്പി.
ആ അവസ്ഥയിൽ അയാളോടെന്ത് പറയണമെന്നറിയാതെ നിൽക്കുകയായിരുന്നു അപ്പോൾ നിഷയും. " ഇപ്പൊ അതൊന്നും സംസാരിക്കണ്ട സമയമല്ലല്ലോ.... റെസ്റ്റെടുക്ക്. ആദ്യം അസുഖമൊക്കെ മാറട്ടെ. ബാക്കിയൊക്കെ പിന്നാവാം.... " അയാൾ കാരണം മുറിവേറ്റ മനസിലെ നീറ്റലടങ്ങിയിരുന്നില്ലെങ്കിലും അവർ വെറുതേ പറഞ്ഞു. കുറച്ചു സമയം കൂടി ഹോസ്പിറ്റലിലൊക്കെ നിന്നിട്ട് ജെറിക്കൊപ്പം തിരികെ പോകാൻ തുടങ്ങുമ്പോൾ അവൾക്കതിന്റെ ആവശ്യമില്ലെന്നറിഞ്ഞിട്ടും എന്താവശ്യമുണ്ടെങ്കിലും വിളിക്കണമെന്ന് വൈദേഹിയോട് പറഞ്ഞിട്ടായിരുന്നു നിഷ പോന്നത്. അവളും അതിന് മൗനത്തിൽ പൊതിഞ്ഞൊരു പുഞ്ചിരി പകരം നൽകി അവരെ യാത്രയയച്ചു. 💞......................................... 💞 വയറ്റിൽ നിന്നെന്തോ ഒരു ഉരുണ്ട് കയറ്റം പോലെ തോന്നിയപ്പോൾ ആയിരുന്നു സോജ ഉറക്കം ഞെട്ടിയുണർന്നത്.
അവൾ പെട്ടന്ന് ചാടിപ്പിടഞ്ഞെണീറ്റ് ബാത്‌റൂമിലേക്കൊടുമ്പോഴേക്കും വായിൽ നിറയെ ഉപ്പ് രസം നിറഞ്ഞിരുന്നു. വയറിൽ അമർത്തിപ്പിടിച്ച് മുന്നോട്ടാഞ്ഞതും കൊഴുത്ത മഞ്ഞ വെള്ളം പുറത്തേക്ക് ചാടി. ശരീരം ബലം നഷ്ടപ്പെട്ട് വീണുപോകുമൊ എന്ന അവസ്ഥയിലും നിലത്ത് വീണുകിടന്ന ആ മഞ്ഞ വെള്ളത്തിലേക്ക് നോക്കിയ അവളുടെ നെഞ്ചിലൊരു കുളിർ കാറ്റ് വീശി..... കണ്ണുകൾ ഈറനണിഞ്ഞു. കൈകളറിയാതെ ഉദരത്തെ പൊതിഞ്ഞു. " എന്നേ...... എന്നേ തനിച്ചാക്കിയില്ലല്ലോ ദേവ്..... " അവളുടെ അധരങ്ങൾ വിതുമ്പി..... കണ്ണുകൾ അടഞ്ഞുപോയി...വാതിൽപ്പടിയിലെ പിടിത്തം വിട്ട് ശരീരം വേച്ചുപോയി. പക്ഷേ നിലത്തേക്ക് വീഴും മുന്നേ രണ്ട് കൈകൾ അവളെ താങ്ങിപ്പിടിച്ചു. " സോറീപ്പാ..... " ബോധം മറയും മുന്നേ അവളുടെ അധരങ്ങൾ അവസാനമായി മൊഴിഞ്ഞു. " ഒന്നും ചെയ്യാൻ കഴിയില്ലേ ഡോക്ടർ....??? എന്റെ മോൾടെ ഭാവി....." ബോധത്തിനും അബോധത്തിനും ഇടയിലുള്ള നൂൽപ്പാലത്തിൽ വച്ച് വെങ്കിടിയുടെ ദീനത നിറഞ്ഞ സ്വരം അവളുടെ കാതിലേക്ക് തുളഞ്ഞുകയറി.
" മകളുടെ ഭാവിയെക്കുറിച്ച് ഇപ്പൊ ഓർത്തിട്ട് കാര്യമില്ല മിസ്റ്റർ..... മകൾ ഇത്രെയൊക്കെ ഒപ്പിച്ച് വച്ചിട്ട് നിങ്ങളറിഞ്ഞില്ലാരുന്നോ..... ??? ഇനിയും ഒന്നും ചെയ്യാൻ കഴിയില്ല. ഈ പെൺകുട്ടിയുടെ ഹെൽത് കണ്ടീഷൻ വച്ച് ഒരു അബോർഷൻ എന്നത് പോസിബിൾ അല്ല. അത് ഈ കുട്ടിയുടെ ജീവന് തന്നെ ആപത്താണ്. പിന്നെ നിങ്ങൾക്ക് നിയമമൊന്നും അറിയില്ലേ..... എവിടെങ്കിലും പോയി ഒരു ഗർഭവും ഉണ്ടാക്കിക്കൊണ്ട് വന്നാൽ ഉടനെ ഭാവി കരുതി അബോർട്ട് ചെയ്തു കൊടുത്താൽ ഉണ്ടാകുന്ന ഭവിഷത്ത് നിങ്ങൾക്കറിയുമോ..... അതുകൊണ്ട് നിങ്ങൾ വന്ന കാര്യമെന്തായാലും ഇവിടെ നടക്കില്ല. നിങ്ങൾക്ക് മകളേ കൊണ്ടുപോകാം..... " " ക്...... കൊല്ലല്ലേ അപ്പാ..... എന്..... എന്റെ കുഞ്ഞിനെ കൊല്ലല്ലേ..... എന്റെ ദേവിന്റെ കുഞ്ഞാ..... കൊല്ലല്ലേ.... എനിക്കിനി ആകെയുള്ളത് എന്റെ കുഞ്ഞാ..... കൊല്ലല്ലേ അപ്പാ..... " അബോധാവസ്തയിലും അവളുടെ അധരങ്ങൾ വിതുമ്പി മിഴികൾ തുളുമ്പിയൊഴുകുന്നത് നോക്കിയിരുന്ന് പദ്മ പൊട്ടിക്കരഞ്ഞു.
" എന്തിനാ കരയുന്നേ..... കരയണ്ട...... ആ ദുഷ്ടന്റെ വിത്തല്ലേ..... അവൻ തന്നെ വരട്ടെ.... വന്ന് ഇവളേം നമ്മളേം കൂടി കൊന്ന് തരാൻ ഞാൻ വിളിച്ചു പറയാം..... " നിറഞ്ഞ കണ്ണുകൾ ഷർട്ടിന്റെ കോളറിൽ തുടച്ച് ഒരു ഭ്രാന്തനെ പോലെ പറഞ്ഞുകൊണ്ട് വെങ്കിടി പുറത്തേക്കിറങ്ങി. കോറിഡോറിലേക്കിറങ്ങിയതും അയാൾ ഫോണെടുത്ത് ദേവിന്റെ ഫോണിലേക്ക് വിളിച്ചു. കുറച്ചു സമയം റിങ് ചെയ്ത ശേഷമാണ് മറുവശത്ത് കാൾ കണക്ട് ആയത്. " എടാ ദുഷ്ടാ നിനക്കിപ്പോ സമാധാനമായില്ലേ..... ഇനിയെങ്കിലും നിന്റെ പിടിയിൽ നിന്നും എന്റെ മോള് രക്ഷപെടുമെന്ന് ഞാൻ വെറുതേ ആഗ്രഹിച്ചു. പക്ഷേ ഈശ്വരൻ പിന്നെയും ഞങ്ങളേ തോൽപ്പിച്ചു.
നിന്റെ ജീവിതം സുരക്ഷിതമായല്ലോ..... ഇനിയും നിനക്ക് ദോഷമൊന്നും വരാതിരിക്കാൻ നീ ഒരു കാര്യം കൂടെ ചെയ്യ്..... എന്റെ മോളൊരുത്തിയെ ഇവിടെ ആശുപത്രിയിൽ കൊണ്ടിട്ടേക്കുവാ..... അവൾടെ വയറ്റിൽ നിന്റെ വിഷ സന്താനവുമുണ്ട്..... ഒന്നുവന്നവളേം പിന്നവൾക്ക് ജന്മം നൽകിയ ഞങ്ങളീ സാമദ്രോഹികളേം കൂടൊന്ന് കൊന്ന് താടാ...... " അത്രയും പറഞ്ഞപ്പോഴേക്കും ആ സാധുമനുഷ്യൻ പൊട്ടിക്കരഞ്ഞുപോയിരുന്നു. പൊടുന്നനെ മറുവശത്ത് നിന്നും ഒരു മുരടനക്കം കേട്ടു. അതൊരു സ്ത്രീ സ്വരമായിരുന്നു. " ഞാൻ..... ഞാൻ ദേവല്ല..... വൈദേഹിയാ..... ഞാൻ ദേവിന് കൊടുക്കാം ഫോൺ...... " ഇടറിയ സ്വരത്തിൽ പറഞ്ഞിട്ട് മറുപുറത്ത് ഫോൺ കട്ടായി. മുന്നിലെ ജീവിതം മുഴുവൻ ഇരുട്ട് വിഴുങ്ങിയത് കണ്ട് ഒരു കൊച്ചുകുഞ്ഞിന്റെ നിസഹായതയോടെ വെങ്കിടി കണ്ണീരോടെ പിന്നിലെ തണുത്ത ചുവരിലേക്ക് ചാരി..........തുടരും...🥂
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.